ഇന്നലെ വരെ തന്റെ ജീവന്റെ തുടിപ്പായിരുന്നവൾ ഇന്ന് തന്നിൽ നിന്നും മോചനം..

മൗനത്തിലേക്കൊരു യാത്ര
(രചന: Jolly Shaji)

നരേന്ദ്രന് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ ആണ് മുന്നിൽ നടക്കുന്നത്…

ഇന്നലെ വരെ തന്റെ ജീവന്റെ തുടിപ്പായിരുന്നവൾ ഇന്ന് തന്നിൽ നിന്നും മോചനം വേണമെന്ന് ആവശ്യപ്പെട്ടു പിരിഞ്ഞു പോയിരിക്കുന്നു…

അവളോട്‌ താൻ തെറ്റ് ചെയ്‌തോ… അവളെ ഞാൻ സ്നേഹിച്ചിട്ടല്ലേ ഉള്ളു… എത്ര സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു തങ്ങളുടേത്‌…

കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ആരുടെയും തടസ്സം ഇല്ലാതെ വിവാഹത്തിൽ വരെ എത്തിയപ്പോൾ ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം നിറഞ്ഞവർ തങ്ങൾ ആണെന്ന് അഹങ്കരിച്ചുവോ..

പിന്നീട് അങ്ങോടുള്ള യാത്രയിൽ യദൃശ്ചികമായി കടന്നുവന്ന സൗഹൃദങ്ങൾ… ജീവിതം അർഭാടത്തിലേക്ക് കടക്കുമ്പോൾ ആണ് നമീൻ മോളുടെ ജനനം..

കുഞ്ഞ് ജനിക്കുന്ന സമയം താൻ ഒരു ബിസിനസ് മീറ്റിങ്ങിൽ ആയിരുന്നു… മാനസയെ ഏറെ വേദനിപ്പിച്ച നിമിഷം ആയിരുന്നു അത്…

അവൾ പറഞ്ഞതാണ് “ഏട്ടാ ഡെലിവറി സമയത്ത് മറ്റ് പ്രോഗ്രാം ഒന്നും ഏറ്റെടുക്കല്ലേ “എന്ന്.

പക്ഷേ ഒരു അറേബ്യൻ കമ്പനി ആയുള്ള മീറ്റിംഗ് ആയിരുന്നതിനാൽ മാറ്റിവെക്കാൻ പറ്റിയില്ല..

പിറ്റേന്ന് കുഞ്ഞിനെ കാണാൻ വന്നപ്പോൾ അവൾ പറഞ്ഞൂ…

“ഇനി എങ്കിലും തിരക്കുകൾ അല്പം കുറക്കണം ഏട്ടാ… എനിക്കും മോൾക്കുമായി കുറച്ചു സമയം നീക്കി വെക്കണം…”

പക്ഷേ തിരക്കുകൾ കൂടി… പലപ്പോഴും മോൾക്കും മാനസ്സക്കും അടുത്തെത്താൻ പറ്റാതായി. സൗഹൃദങ്ങൾ കൂടിയപ്പോൾ ചില ദുശീലങ്ങളും കൂടെ കൂടി..

നമീൻ മോളുടെ ഒന്നാം പിറന്നാൾ വീട്ടിൽ വെച്ച് നടത്തിയാൽ മതിയെന്ന് അച്ഛനും അമ്മയും മാനസയുമൊക്കെ ഒരുപാട് പറഞ്ഞൂ…

സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് അന്ന് ആ റിസോട്ടിൽ പിറന്നാൾ ആഘോഷം നടത്തിയത്… മാനസയും താനും കുഞ്ഞും സുഹൃത്തുക്കളും മാത്രമുള്ള പ്രോഗ്രാം…

കേക്ക് മുറിക്കൽ കഴിഞ്ഞപ്പോൾ തന്നേ മ ദ്യ സൽക്കാരം തുടങ്ങി… അപ്പോഴൊക്കെ വാവിട്ടു കരയുന്ന കുഞ്ഞിനേയും കൊണ്ടവൾ ഒറ്റയ്ക്ക് കഷ്ടപ്പെടുകയായിരുന്നു..

മ ദ്യപാനത്തിനും കൂത്താട്ടത്തിനുമിടയില് താൻ മറന്നത് മാനസയെ മാത്രമല്ല തന്റെ മോളെയുമാണ്…

ഒടുവിൽ അവളും കുഞ്ഞുമായി കാറിനടുത്തേക്ക് പോകുമ്പോൾ അവൾ പറഞ്ഞു.

“ഏട്ടാ ഈ അവസ്ഥയിൽ വണ്ടി ഓടിച്ചു പോവണ്ട… നമുക്ക് ഒരു ടാക്സി വിളിച്ചു പോവാം..”

അപ്പോളത്തെ മ ദ്യാസക്തിയിൽ അവളുടെ വാക്കുകൾ പുജ്ജിച്ചു തള്ളി… വണ്ടിയുമെടുത്തു ഗേറ്റു വിട്ടു പുറത്തേക്കിറങ്ങിയതേ ഓർമ്മ ഉണ്ടായിരുന്നുള്ളു…

കണ്ണുതുറക്കുമ്പോൾ ഐ സി യു വിൽ ആയിരുന്നു…

ഡോക്ർ മോളുടെ മരണം അറിയിച്ചപ്പോൾ പാതി ജീവനുണ്ടായിരുന്ന തന്റെ മനസ്സ് പൂർണ്ണമായും മരിച്ചു… മാനസയും താനും ഗുരുതര പരുക്കുകളോടെ രക്ഷപെട്ടു…

വേണ്ടിയിരുന്നില്ല ഈ രക്ഷപെടൽ എന്നുതോന്നിയ ദിവസങ്ങൾ… മാനസയേ കാണണം എന്ന് പലപ്പോഴും ആവശ്യപ്പെട്ടു പക്ഷേ അവൾക്ക് തന്നേ കാണേണ്ടത്രേ…

നീണ്ട എട്ടുമാസത്തെ ആശുപത്രി വാസത്തിനൊടുവിൽ തനിക്ക് നഷ്ടമായത് തന്റെ കുടുംബവും താൻ സാമ്പാദിച്ച സ്വത്തുക്കളും തന്റെ വലതുകാലുമാണ്…

തന്റെ മോൾ എന്നേക്കുമായി നഷ്ടമായെന്ന വേദന എല്ലാത്തിലും ഏറെ വേദന ആയിരുന്നു…

അച്ഛനും അമ്മക്കുമൊപ്പം അഭയാർത്ഥിയെപോലുള്ള ജീവിതമാണ് പിന്നീട്…

തന്റെ ജീവിതം സംരക്ഷിക്കാൻ കഴിയാത്ത ഭർത്താവിൽ നിന്നും വിവാഹമോചനം വേണമെന്ന മാനസയുടെ ആവശ്യം കോടതി അംഗീകരിച്ചു…

പ്രായമായ അച്ഛന്റെ തോളിൽ തൂങ്ങി നരേന്ദ്രൻ നടന്നു പോയത് മൗനം കൊണ്ട് കൂടുകൂട്ടിയ ഒറ്റമുറിക്കുള്ളിലെ ചങ്ങലക്കൂട്ടത്തിലേക്കാണ്….

Leave a Reply

Your email address will not be published. Required fields are marked *