അവളുടെ അച്ഛന് അയാൾക്ക് എന്നും അവളെ വേദനിപ്പിക്കാൻ മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ, അവളെ മാത്രമല്ല വയ്യാത്ത പാവം..

(രചന: J. K)

സ്വപ്ന നിനക്ക് ഒരു വിസിറ്റർ ഉണ്ട് എന്ന് റൂം മേറ്റ് വന്നു പറഞ്ഞപ്പോൾ ആരായിരിക്കും ഈ നേരത്ത് എന്ന് ഒരു പിടിയും ഇല്ലായിരുന്നു സ്വപ്നയ്ക്ക് എഴുന്നേറ്റ് വിസിറ്റെഴ്സ് റൂമിലേക്ക് പോയി അവിടെ ഒരു പരിചയവും ഇല്ലാത്ത ഒരാളെ കണ്ടു അവൾ അടുത്തേക്ക് ചെന്നു…

ഒരുപക്ഷേ അയാൾക്ക് ആള് മാറിപ്പോയതാവാം എന്ന് അവൾ വിചാരിച്ചു എന്നിട്ട് ചോദിച്ചു എന്നെ കാണാൻ തന്നെയാണോ നിങ്ങൾ വന്നത് എന്ന്..

” സ്വപ്ന മാധവ് അല്ലേ?? മാളിയേക്കലെ മാധവേട്ടന്റെ മകൾ?? “”

അതു പറഞ്ഞപ്പോൾ അത്രനേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരി മെല്ലെ മായുന്നുണ്ടായിരുന്നു… തീരെ ഇഷ്ടമില്ലാത്ത വിധം അവൾ ഒന്ന് മൂളി..

ഞാൻ നമ്മുടെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റ് ആണ് ഞാൻ കുട്ടിയോട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്… നാട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിൽ ഇടപെടുന്നത് ആണല്ലോ ഞങ്ങളെപ്പോലുള്ളവരുടെ ജോലി…

അയാൾ പറഞ്ഞു നിർത്തി എന്തിനാവും അയാൾ വന്നത് എന്ന് എത്ര ആലോചിച്ചിട്ടും സ്വപ്നക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അവർ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി അയാൾ പറഞ്ഞു തുടങ്ങി..

“” അതെ മാധവേട്ടന് ഇപ്പോൾ ഒട്ടും വയ്യ ആൾക്ക് ശരീരം കുഴഞ്ഞിട്ട് ഇതുപോലെയായി ഞങ്ങൾ നാട്ടുകാരായിരുന്നു എല്ലാ സഹായത്തിനും….

അറിയാലോ പൂർണ്ണമായി തളർന്ന ഒരാളെ നോക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് കുറെ ഞാൻ പല സംഘടനകളും ആയി ബന്ധപ്പെട്ടിരുന്നു അവരുടെ ചില ഫോർമാലിറ്റുകൾക്ക് അല്പം താമസം നേരിട്ടു.. അതുകൊണ്ടാണ് നാട്ടുകാർക്ക് ഏറ്റെടുക്കേണ്ടി വന്നത്..

ഇപ്പോൾ ഒരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാം എന്നാണ് കരുതുന്നത് പിന്നെ ഒരു മകൾ ജീവിച്ചിരിക്കുന്നുണ്ടല്ലോ അവളുടെ കൂടെ സമ്മതം വേണമല്ലോ എന്ന് ചോദിച്ചു ഇതിനെല്ലാം ചെറിയ ഫോർമാലിറ്റി ഉണ്ടെ “””

അത് പറഞ്ഞപ്പോഴേക്ക് അവളുടെ മുഖം ആകെ വീർത്തിരുന്നു… ഒട്ടും ദയയില്ലാതെ തന്നെ അവൾ പറഞ്ഞു എനിക്ക് അങ്ങനെ ഒരു അച്ഛനില്ല നിങ്ങൾ മറ്റാരോടെങ്കിലും പോയി സംസാരിക്കൂ എന്ന്…

അങ്ങനെ പോയാലോ എന്ന് പറഞ്ഞ് അയാൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അതൊന്നും കേൾക്കാൻ നിൽക്കാതെ വേഗം റൂമിലേക്ക് പോയി…

കുറെ നാളായി മനസ്സിനെ ഒരു കാര്യവും അലട്ടിയിരുന്നില്ല പക്ഷേ ഇപ്പോൾ അയാൾ വന്നത് മുതൽ താൻ ആകെ അസ്വസ്ഥയാണ് എന്നത് ഓർത്തു സ്വപ്ന….

മാധവൻ ചെറുപ്പം മുതലേ ആ പേരിനോട് ഭയമായിരുന്നു. പിന്നീട് എപ്പോഴോ അത് വല്ലാത്തൊരു വെറുപ്പിന് വഴി മാറി ഇപ്പോൾ അങ്ങനെ ഒരാളെ ഈ ജന്മം കണ്ടുമുട്ടരുത് എന്ന് മാത്രമാണ് പ്രാർത്ഥന….

വന്നയാൾ പറഞ്ഞത് വീണ്ടും അവളുടെ ചെവിയിൽ തെളിഞ്ഞു കേൾക്കുന്നത് പോലെ തോന്നി…

മാധവേട്ടൻ ആകെ തളർന്നിരിക്കുകയാണ്.. വളരെ കഷ്ടമാണ് അയാളുടെ കാര്യം പരസഹായം ഇല്ലാതെ ജീവിക്കാൻ ആവില്ല നാട്ടുകാർക്ക് പോലും ബുദ്ധിമുട്ടാണ് എന്നൊക്കെ….

“”” ചെയ്തുകൂട്ടിയതിനുള്ളതാ അയാൾക്ക് ശിക്ഷ എന്ന് അവൾ മനസ്സിൽ കരുതി..

ഓർമ്മകൾ ഒരുപാടു മുന്നേയ്ക്ക് പോയി.

ഓർമ്മവച്ച കാലത്തേക്ക്… അവിടെ ഒരു ചെറിയ കൂരയിൽ ഷമ്മീസ് ഇട്ട് ഇരിക്കുന്ന ഒരു പാവം നാലു വയസ് കാരി കുട്ടി…

മിഴികളിൽ നിറയെ തിങ്ങിയ പീലിയുള്ള നല്ല വെളുത്ത നിറമുള്ള എല്ലാവരോടും നിറഞ്ഞ് ചിരിക്കുന്ന അവളെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു സ്നേഹമായിരുന്നു ഒരാൾക്ക് ഒഴികെ അയാൾക്ക്, അവളുടെ അച്ഛന് അയാൾക്ക് എന്നും അവളെ വേദനിപ്പിക്കാൻ മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ…

അവളെ മാത്രമല്ല വയ്യാത്ത പാവം അവളുടെ അമ്മയെയും.. കറുത്ത അയാൾക്കും അധിക നിറമില്ലാത്ത തന്റെ ഭാര്യക്കും ഇത്രയും നിറമുള്ള മകൾ എങ്ങനെയുണ്ടായി എന്നതായിരുന്നു അയാളുടെ സംശയം. അയാളുടെ മകളല്ല എന്നയാൾ തീർത്തും പറഞ്ഞു…

അടുത്ത വീട്ടിലെ കൂട്ടുകാർക്കേല്ലാം എടുത്തുകൊണ്ട് നടക്കുന്ന കൊഞ്ചിക്കുന്ന നിറയെ മുട്ടായികൾ വാങ്ങിച്ചു കൊടുക്കുന്ന അച്ഛന്മാരാണ് അവർക്ക് എല്ലാം ഉള്ളത്

പക്ഷേ തന്റെ അച്ഛനുമാത്രം താൻ മുന്നിൽ വന്നു നിൽക്കുന്നത് പോലും ഇഷ്ടമല്ല ചെറിയ കുഞ്ഞാണെന്ന് പോലും നോക്കാതെ മുഖമടച്ച് അടിച്ചു കളയും…

അത് പേടിച്ച് അമ്മേ പോയി നിൽക്കാൻ പോലും ധൈര്യമില്ല വന്നാൽ അമ്മയെയും എടുത്തിട്ട് അടിക്കും അമ്മ ഒരുപാട് കരയും ശ്വാസം കിട്ടാതെ പിടയും…

“” എന്താ നമ്മുടെ വീട്ടില് മാത്രം ഇങ്ങനെ എന്ന് ഒരുപാട് തവണ അമ്മയോട് ചോദിച്ചിട്ടുണ്ട് അപ്പോഴൊക്കെയും അമ്മ ഉത്തരം ഇല്ലാതെ അവളെയും കെട്ടിപ്പിടിച്ച് കരയും…

ഒരു ദിവസം അയാൾ വല്ലാതെ മദ്യപിച്ചാണ് വീട്ടിലെത്തിയത് അയാൾ അമ്മയെ അന്ന് ഒരുപാട് ഉപദ്രവിച്ചു സാധാരണയിൽ കവിഞ്ഞ്….

അതുകണ്ട് കരഞ്ഞു കരഞ്ഞു തളർന്ന് എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിയില്ല രാവിലെ എണീറ്റ് അമ്മേ എന്ന് വിളിച്ച് പോയി നോക്കുമ്പോൾ കണ്ടത് തളത്തിലെ കഴുക്കോലിൽ നിന്ന് തൂങ്ങിയാടുന്ന അമ്മയെയാണ്….

അന്ന് മനസ്സിലായില്ല തന്റെ അമ്മ എന്നന്നേക്കുമായി തനിക്ക് നഷ്ടപ്പെട്ടതാണ് എന്ന് പക്ഷേ ക്രമേണ മനസ്സിലായി താൻ ഒരു അനാഥയാണ് ഇനിമുതൽ എന്ന് ആരും തനിക്ക് കൂട്ടില്ല എന്ന്…

ആത്മഹത്യയായി അത് വിധിയെഴുതിയെങ്കിലും പ്രേരണ കുറ്റത്തിന് അയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു അമ്മയ്ക്ക് ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല ആകെ ഉണ്ടായിരുന്നത് വയസ്സായ ഒരു അമ്മയായിരുന്നു കുറച്ചു കാലം മുന്നേ ആ അമ്മയും മരിച്ചതോടെ ആണ് അയാൾ ഇത്രയ്ക്കും അമ്മയെ ദ്രോഹിക്കാൻ തുടങ്ങിയത്…

അകന്ന ബന്ധുക്കൾ ഒരുപാടുണ്ടെങ്കിലും ആരോരും ഒരു പെൺകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.. അതുകൊണ്ടുതന്നെ
ഒരു സംഘടന തന്നെ ഏറ്റെടുക്കുമ്പോൾ
അവരോട് ചോദിച്ചത് ഇനി അച്ഛൻ വരുമോ എന്നാണ്…

ഈ ലോകത്ത് വെച്ച് ഏറ്റവും ക്രൂരമായ മുഖം ഏതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയമില്ലാതെ പറയും അത് അയാളുടേതാണ് എന്ന് അത്രയ്ക്ക് ചെറുപ്പത്തിൽ അയാൾ എന്ന ഒരു ഭീകരരൂപം മനസ്സിൽ പതിഞ്ഞു പോയിരുന്നു…

“” സ്വപ്ന മാധവ് എന്നാണ് തനിക്ക് അമ്മ പേരിട്ടിരുന്നത് ..
അയാൾ അംഗീകരിച്ചിരുന്നില്ലെങ്കിലും എന്റെ പിതൃത്വം അയാളിൽ മാത്രം നിക്ഷിപ്തമാണെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു.

ആ പേര് കേൾക്കുമ്പോൾ ഒക്കെ പിന്നീട് വെറുപ്പ് ആകാൻ തുടങ്ങി.. ആ വെറുപ്പ് മുഴുവൻ ജീവിക്കാനുള്ള വാശിയാക്കി മാറ്റി നന്നായി പഠിച്ച് അത്യാവശ്യം നല്ല ഒരു ജോലി നേടിയെടുത്തു. ഇപ്പോൾ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ സ്വന്തം കാലിൽ നിൽക്കുമ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം തോന്നുന്നു…

പക്ഷേ അപ്പോഴും അനാഥ എന്ന സത്യം വേദനിപ്പിച്ചു കൊണ്ടിരിക്കും… അമ്മയ്ക്ക് കുറച്ചുനാൾ കൂടി പിടിച്ചുനിൽക്കാമായിരുന്നു അല്ലെങ്കിൽ സ്വന്തം കാലിൽ നിന്ന് എന്നെ കൂടെ കൂട്ടാമായിരുന്നു എന്നൊക്കെ തോന്നും…

തളർന്നുപോകും എന്ന് തോന്നുമ്പോഴൊക്കെ അയാളുടെ മുഖം ഓർക്കും അപ്പോ വല്ലാത്തൊരു വാശിയാണ് ജീവിക്കാൻ..

ആ ആളെ പറ്റിയാണ് ഇപ്പോൾ വന്നു പറഞ്ഞത് അയാളെ പറ്റി ഞാൻ അന്വേഷിച്ചിരുന്നില്ല എന്ത് ചെയ്യുന്നു എന്നുപോലും എനിക്കറിയുണ്ടായിരുന്നു ഇപ്പോൾ വന്നു പറഞ്ഞപ്പോൾ എന്തോ ഒരു മോഹം അവസാനമായി ഒന്ന് കാണണമെന്ന്..

വേഗം ഒരു തോന്നലിൽ അങ്ങോട്ട് പുറപ്പെട്ടു…

തടിച്ചുരുണ്ട് ആരോഗ്യവാനായിരുന്ന അയാൾ ഇപ്പോൾ ഒരു എല്ലിൻ കഷണം കണക്കെ ആയിട്ടുണ്ട്…
ചുണ്ടൊക്കെ ഒരു വശത്തേക്ക് കോടി സംസാരിക്കുന്നത് എന്താ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത വിധം ആയിട്ടുണ്ട്..

ഒരു കാലം ഒരു കൈയും വല്ലാതെ മെലിഞ്ഞ് ചുരുണ്ട് തുടങ്ങി…
ആർക്കും കണ്ടാൽ ഒറ്റനോട്ടത്തിൽ തന്നെ അലി പോരുന്ന ഒരു രൂപം പക്ഷേ അത് തന്നെ മനസ്സിൽ സൃഷ്ടിച്ചത് വല്ലാത്ത ഒരു ആനന്ദമാണ്…

“”” എന്നെ അറിയോ?? നിങ്ങൾ കാരണം ബാല്യ നഷ്ടപ്പെട്ട ഒരു പാവം പെൺകുട്ടി..

എനിക്കെന്റെ ബാല്യത്തെ ഓർക്കുന്നത് പോലും ഇപ്പോൾ പേടിയാണ് നിങ്ങൾ ഒന്ന് മനസ്സ് വച്ചിരുന്നെങ്കിൽ അത്രമേൽ മനോഹരമാവും ആയിരുന്നു എന്റെ ജീവിതം ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു മറ്റൊന്നും വേണ്ടായിരുന്നു അതുപോലും നിങ്ങൾ ചെയ്തില്ല എന്നോടും അമ്മയോടും ഒരല്പം കരുണ പോലും നിങ്ങൾ കാട്ടിയില്ല….

നിങ്ങൾക്കറിയോ ഓരോ ദിവസവും ഞാൻ എത്രമാത്രം പേടിച്ച് പേടിച്ചാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നതെന്ന് എന്റെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ…

ബാലവാടിയിൽ പോകുമ്പോൾ സമാധാനമായിരുന്നു അത്രയും നേരം നിങ്ങളെ കാണണ്ടല്ലോ നിങ്ങളുടെ തല്ലു കൊള്ളണ്ടല്ലോ എന്ന് തിരിച്ചു വരുമ്പോൾ പ്രാർത്ഥിക്കും നിങ്ങൾ ഇവിടെ കാണരുത് എന്ന് ഒരു കുഞ്ഞ് അങ്ങനെയൊരു മാനസികാവസ്ഥയിൽ എത്ര കാലം!!!! നിങ്ങൾക്ക് അതൊക്കെ മനസ്സിലാകാൻ കഴിയുന്നുണ്ടോ???”””

അതെല്ലാം പറയുമ്പോൾ അയാളുടെ മിഴിയിൽ നിന്ന് കണ്ണുനീറിട്ടു വീഴുന്നുണ്ടായിരുന്നു. മാപ്പ് എന്ന് അവ്യക്തതയോടെ പറയുന്നത് കേട്ടു…

“”മാപ്പൊ??? നിങ്ങൾക്കോ?? അതിജന്മം എനിക്ക് തരാൻ കഴിയും എന്ന് ഞാൻ കരുതുന്നുല്ല ഞാൻ പ്രാർത്ഥിക്കും നിങ്ങൾ ഇതുപോലെ നീറി നീറി ഇനിയും ഒരു പാട് നരകിച്ച് ചാവാൻ “”

അത്രയും പറഞ്ഞ തിരികെ പോകുമ്പോൾ അതിൽ രണ്ടു മിഴിയും ഇറുക്കി ചിമ്മി കരയുന്നുണ്ടായിരുന്നു അത് കാണുമ്പോൾ എന്തോ ഒരു സുഖം മനസ്സിന്..

അത് മതിയായിരുന്നു ഇനിയങ്ങോട്ടുള്ള നാളുകൾ എനിക്ക് സ്വസ്ഥത കിട്ടാൻ…