എന്നാൽ നമുക്ക് കല്യാണം കഴിക്കാം നാളെ തന്നെ, കുറച്ചു ദൂരെ ഉള്ള ഒരു..

പ്രണയകാലം
(രചന: Jils Lincy)

കാർത്തു നിന്റെ പ്ലാൻ എന്താണ്?? എനിക്കൊരു മറുപടി കിട്ടണം… അല്ലാതെ ഇനി പ്രേമം…

സ്നേഹം മാങ്ങാത്തൊലി…എന്ന് പറഞ്ഞു നിന്റെ പുറകെ കളയാൻ എനിക്ക് സമയം ഇല്ല… അർജുൻ ദേഷ്യത്തിൽ പറഞ്ഞു..

കാർത്തിക അവന്റെ മുഖത്തേക്ക് നോക്കി.. നിരാശയുടെ വേദനയുടെ തന്നോടുള്ള സ്നേഹത്തിന്റെ, പിന്നെ ദേഷ്യത്തിന്റെ വികാരങ്ങൾ അവന്റെ മുഖത്തു മാറി മാറി തെളിയുന്നത് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു…

ഞാൻ എന്താണ് വേണ്ടത് അർജുൻ.. നീ പറ അതു പോലെ ചെയ്യാം!!!

ഒരു നിമിഷം വന്യമായൊരു തിളക്കം അവന്റെ കണ്ണിൽ തെളിഞ്ഞു….

ഞാൻ പറയുന്നത് നീ കേൾക്കുമോ? അവൻ ചോദിച്ചു…

മം… കാർത്തിക തലയാട്ടി….

എന്നാൽ നമുക്ക് കല്യാണം കഴിക്കാം നാളെ തന്നെ… കുറച്ചു ദൂരെ ഉള്ള ഒരു അമ്പലത്തിൽവെച്ച് കല്യാണത്തിന്റെ കാര്യങ്ങൾ എല്ലാം ശരിയാക്കാം എന്ന് എന്റെ ഫ്രണ്ട്‌സ് പറഞ്ഞിട്ടുണ്ട്…..

ഒരു നിമിഷം ഒന്നു ഞെട്ടിയപോലെ കാർത്തിക അവനെ നോക്കി…..

ഞാൻ എനിക്ക്… അച്ഛനും അമ്മയും… അവളുടെ സ്വരം ഇടറി!!

ങ്ഹാ നിനക്ക് എപ്പോഴും അവരുടെ കാര്യം മാത്രം…. നമ്മുടെ കാര്യം വീട്ടിൽ അറിഞ്ഞപ്പോൾ നിന്റെ അച്ഛൻ എന്നോട് പറഞ്ഞത് ഒന്നും നിനക്ക് പ്രശ്നമില്ല!!!

ആളുകളുടെയും എന്റെ ഫ്രണ്ട്സിന്റെയും മുന്നിൽ വെച്ച് പറഞ്ഞത് എനിക്ക് മറക്കാൻ പറ്റില്ല….

എന്നെ പോലെ ജോലിയും കൂലിയുമില്ലാത്തവനൊക്കെ പറ്റിയ പണിയല്ലത്രേ പ്രേമം!!! ഇനി അങ്ങേരുടെ മോളുടെ പുറകെ വന്നാൽ കേസ് കൊടുക്കുമത്രേ!!

പ്രേമിച്ചാൽ അയാൾ കേസ് കൊടുക്കും എന്നാൽ ഞാൻ കെട്ടാൻ പോകുവാ… നീന്റെ അച്ഛൻ എന്ത് ചെയ്യും എന്ന് നോക്കട്ടെ…..

അർജുൻ!!!അച്ഛൻ പാവമാണ് ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞതായിരിക്കും….

കാർത്തു!! പ്ലീസ്…. എന്റെ കൂട്ടുകാരുടെ മുന്നിൽ ഞാൻ നാണം കെട്ടു…

നിന്റെ അച്ഛൻ ഈ ജന്മത്തിൽ നിന്നെ എനിക്ക് കെട്ടിച്ചു തരില്ല…. പിന്നെ കുറച്ചു കഴിയുമ്പോൾ നിനക്കും ഞാൻ പോരെന്നു തോന്നും…..

നിന്റെ കോഴ്സ് കഴിഞ്ഞാൽ എഞ്ചിനീയറിംഗ് പഠിച്ച നിനക്ക് കേവലം പ്ലസ് ടു ക്കാരൻ ഭർത്താവായി വരുന്നത് താല്പര്യം ഉണ്ടാകുമോ???

പിന്നെ എനിക്ക്……എന്റെ ഭാര്യക്ക് വലിയ വിദ്യാഭ്യാസം വേണമെന്നില്ല പിന്നെ നീ എന്തിനു പഠിക്കണം??? ചെറിയ ജോലി ആണെങ്കിലും നിന്നെ നല്ല അന്തസ്സായി നോക്കാൻ എനിക്ക് കഴിയും…..

കാർത്തു…..എനിക്ക് നിന്നെ വേറെ ഒരാൾ കല്യാണം കഴിക്കുന്നത് കാണാൻ കഴിയില്ല…. എന്നോടുള്ള നിന്റെ സ്നേഹം സത്യമാണെങ്കിൽ നാളെ നീ ഇറങ്ങി വരണം….

നാളെ കോളേജിൽ പോകുന്ന വഴി ഞാൻ കാറും കൊണ്ട് വരാം നീ വരുമോ?? അവന്റെ ശബ്ദത്തിൽ യാചന നിഴലിച്ചിരുന്നു….

കാർത്തു!!! മറുപടി താ….

എനിക്കലോചിക്കണം അർജുൻ ഞാൻ രാത്രിയിൽ വിളിക്കാം….നീ പൊക്കോ…

വാ ഇന്നൊരു ദിവസം ഞാൻ നിന്നെ കൊണ്ടു വിടാം…

വേണ്ട അർജുൻ ഞാൻ നടന്നു പൊക്കോളാം….

അർജുന്റെ ബൈക്കിന്റെ ശബ്ദം അകന്നു പോകുന്നത് കാർത്തിക നോക്കി നിന്നു…

അർജുൻ!!!! കോളേജിലേക്ക് നടന്ന് പോകുന്ന വഴിയിലുള്ള മൊബൈൽ ഷോപ്പിലായിരുന്നു അവൻ ആദ്യം നിന്നിരുന്നത്…. ആദ്യത്തെ പരിചയം സൗഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്കും വഴി മാറി….

വാട്സാപ്പ് ചാറ്റ് കണ്ട അമ്മ അത് അച്ഛനോട് പറഞ്ഞു.. അച്ഛൻ തന്നെ വഴക്ക് പറഞ്ഞു ഉപദേശിച്ചു…. അർജുനോട് വഴക്കിട്ടു…..ഭീഷണി പെടുത്തി….

പക്ഷേ ഇപ്പോൾ താൻ ധർമ സങ്കടത്തിൽ ആയിരിക്കുന്നു വെറും തമാശ ആയി കണ്ട പ്രണയം സീരിയസ് ആയിരിക്കുന്നു… എന്തു ചെയ്യും അർജുനെ ഉപേക്ഷിക്കാൻ വയ്യ!!

ഹോസ്റ്റലിൽ എത്തി… റൂമിൽ വന്നു കിടന്നു..അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിച്ചു…. താൻ പോയെന്നറിയുമ്പോൾ എന്തായിരിക്കും അവരുടെ അവസ്ഥ….

അമ്മ അയൽവക്കത്തെ ചേച്ചിമാരുടെ ചോദ്യങ്ങൾ കേൾക്കാനാവാതെ വീട്ടിൽ തന്നെയിരിക്കും…. അച്ഛൻ ജോലി ചെയ്യുന്നിടത്തു അപമാനിതനായി തല താഴ്ത്തി ആരോടും ഒന്നും മിണ്ടാതെ നിൽക്കേണ്ടി വരും…

അനിയൻ മാത്രം തന്നെ കാണാതെ ഫോൺ പോലും വിളിക്കാനാവാതെ സങ്കടപെടും….

സങ്കടത്തിന്റെ കാലത്ത് അവർ തന്നെ വെറുക്കില്ലേ…. ശപിക്കില്ലേ…. സ്വർഗമായിരുന്ന തങ്ങളുടെ വീട് ഇനി ഒരിക്കലും പഴയത് പോലെ ആകില്ലല്ലോ….

ഒരു നിമിഷം സങ്കടം വന്നു കണ്ണ് നിറയുന്നത് കാർത്തിക അറിഞ്ഞു…

പിന്നെ എന്തോ ഉൾപ്രേരണയിൽ ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു….

ഫോൺ എടുത്തത് അച്ഛനായിരുന്നു…

എന്താ മോളെ സുഖമില്ലേ തന്റെ സ്വരം കേട്ടതും അച്ഛൻ ചോദിച്ചു…. അച്ഛൻ ഒന്ന് ഹോസ്റ്റൽ വരെ വരുമോ?? താൻ ചോദിച്ചു എന്തോ തന്റെ സ്വരം ഇടറിയിരുന്നു….

അച്ഛൻ അറിയാതെ ഒന്നും ഉണ്ടായിരുന്നില്ല ജീവിതത്തിൽ.. അർജുന്റെ കാര്യവും അച്ഛനോട് പറയാൻ ഇരിക്കുകയായിരുന്നു പഠിത്തം കഴിയട്ടെ എന്നാണ് വിചാരിച്ചിരുന്നത്… പക്ഷേ ഇപ്പോൾ..

എന്താ കാര്യം??? അച്ഛന്റെ സ്വരത്തിൽ ആശങ്ക നിറഞ്ഞു…

തന്റെ മറുപടി ഒരു കരച്ചിലായിരുന്നു… പിന്നെ താൻ പറഞ്ഞു അർജുനെ മറക്കാൻ പറ്റാത്തത്തിനെ കുറിച്ച്… നാളെ അവന്റെ കൂടെ ചെല്ലാൻ പറഞ്ഞതിനെ കുറിച്ച്…

അച്ഛനെയും അമ്മയെയും പിരിയാൻ പറ്റാത്തത്തിനെ കുറിച്ച്…. അവരെ അറിയിക്കാതെ പ്രണയത്തിൽ ചാടിയതിലുള്ള കുറ്റ ബോധത്തെ കുറിച്ച്…

ഫോണിലായത് നന്നായി അച്ഛന്റെ മുഖവും പ്രതികരണവും കാണേണ്ടി വന്നില്ല….

അച്ഛൻ എങ്ങനെ ഇതൊക്കെ ഉൾക്കൊണ്ടു എന്നറിയില്ല…. പകരം അച്ഛൻ പറഞ്ഞു … അച്ഛൻ വരാം അങ്ങോട്ട്…

അന്ന് രാത്രി അച്ഛൻ തന്നെ കൂട്ടാൻ വന്നു…അച്ഛന്റെ കൂടെ നിൽക്കുംമ്പോൾ തന്നെ അച്ഛൻ പറഞ്ഞു അവനെ ഫോൺ വിളിക്ക് എവിടെയാണെന്ന് ചോദിക്ക്… താൻ കുറെ വട്ടം വിളിച്ചു…

നമ്പർ ബിസി.

വാ കയറ്!!

അച്ഛൻ വണ്ടിയെടുത്തു…

എങ്ങോട്ട് എന്ന് ഞാൻ ചോദിച്ചില്ല.. പക്ഷേ പത്തു മിനിറ്റ് കൊണ്ട് ഒരു വീടിന്റെ മുൻപിൽ വണ്ടി നിർത്തി…. വലിയൊരു വീട്…. കാളിങ് ബെൽ അടിച്ചതും ഒരാൾ വന്നു കതക് തുറന്നു….

അർജുൻ എത്തിയോ അച്ഛൻ ചോദിച്ചു??

ഇല്ല അവൻ പാതിരാത്രി ആവാതെ എത്താറില്ല …. നിങ്ങൾ ഇരിക്ക്..ങ്ഹാ ഇപ്പോൾ വരുമായിരിക്കും….

പെട്ടന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു….
വാതിൽ തള്ളി തുറന്നൊരാൾ കയറി വന്നു….

അർജുൻ!!!

മ ദ്യത്തിന്റെ രൂക്ഷ ഗന്ധം അവിടെങ്ങും പരന്നു….

കാലുകൾ നിലത്തുറക്കുന്നില്ല… വേച്ചു പോകുന്നുണ്ട്… തന്നെയും അച്ഛനെയും കണ്ടോ എന്നറിയില്ല സ്വീകരണ മുറിയിൽ ഇരിക്കുന്നവരെ ശ്രദ്ധിക്കാതെ അകത്തേക്ക് കയറി പോയി….

കണ്ടോ!!! ഇതാണാവസ്ഥ എന്നും… അർജുന്റെ അച്ഛൻ പറഞ്ഞു
ക ള്ളും ക ഞ്ചാവും എല്ലാം ഉണ്ട്…..

മോളുടെ അച്ഛൻ മുൻപ് ഒരിക്കൽ ഇവിടെ വന്നിരുന്നു…. അർജുനെ കുറിച്ച് അന്വോഷിക്കാൻ…

ഞങ്ങൾ ഇവനെ കൊണ്ടിനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല!!!! ഇവന്റെ താഴെ രണ്ടു പെൺകുട്ടികളാണ് അവരെ ഓർത്ത് സഹിച്ചു ജീവിക്കുന്നു…

ഇനി മോൾക്കിവനെ മതിയെങ്കിൽ ആവാം…. ഞങ്ങൾക്ക് വിരോധമില്ല… പക്ഷേ പഠിച്ചു ജോലി നേടിയിട്ട് പോരെ…

അതാകുമ്പോൾ നാളെ ആരെയും ആശ്രയിക്കാതെ പിടിച്ചു നിൽക്കാമല്ലോ… എനിക്കുള്ളതും രണ്ടു പെൺകുട്ടികളാണ് അവരെ ഓർത്ത് പറഞ്ഞതാണ്… പിന്നെ എല്ലാം മോളുടെ ഇഷ്ടം…

ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി…

പിന്നെ പറഞ്ഞു പോകാം അച്ഛാ… വീട്ടിലേക്ക്….

പതിയെ അവിടെ നിന്നിറങ്ങി… ഫോൺ എടുത്ത് അർജുൻ എന്ന നമ്പർ എടുത്ത് ബ്ലോക്ക് ചെയ്തു ….

തോളോട് ചേർത്ത് നിർത്തിയ അച്ഛനെ കെട്ടി പിടിച്ചു താൻ പറഞ്ഞു സോറി അച്ഛാ!!!

ആ നിമിഷം അച്ഛന്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ പൊടിഞ്ഞു തന്റെ നെറുകയിൽ വീണു സ്നേഹമായി, കരുതലായി, ഒരിക്കലും കൈ വിടാത്ത കവചമായി….

Leave a Reply

Your email address will not be published. Required fields are marked *