കാറിൽ നിന്നിറങ്ങി സുനിലിന്റെ കൈ പിടിച്ചപ്പോൾ ഒരു വല്ലാത്ത പരിഭ്രമം..

ജീവിതത്തിലേക്കുള്ള ഒളിച്ചോട്ടം
(രചന: Jils Lincy)

“മായയ്ക്ക് ആരുടെ കൂടെ പോകാനാണിഷ്ടം? അച്ഛന്റെ കൂടെയോ…. അതോ സുനിലിന്റെ കൂടെയോ”??

സ്റ്റേഷനിൽ നിന്ന് എസ് ഐ ആ ചോദ്യം ചോദിക്കുമ്പോൾ ഒരു തെല്ലു പോലും തനിക്ക് ആലോചിക്കേണ്ടി വന്നില്ല…

സുനിലിന്റെ കൂടെ… അത് പറയുമ്പോഴും അച്ഛന്റെ അ ടി യാൽ ചുവന്നു പോയ ക വിൾ പുകയുന്നുണ്ടായിരുന്നു….

തന്റെ മറുപടി കേട്ടതും ഒരക്ഷരം പോലും മിണ്ടാതെ അച്ഛൻ തിരിഞ്ഞു നടന്നു….

സ്റ്റേഷന്റെ മുറ്റത്തു നിർത്തിയിട്ട ഓട്ടോ സ്റ്റാർട്ട്‌ ചെയ്ത് അച്ഛൻ പോയപ്പോൾ സത്യത്തിൽ ആശ്വാസമാണ് തോന്നിയത് ഇനി പ്രശ്നമൊന്നും ഇല്ലല്ലോ……

സുനിലിന്റെയും സുഹൃത്തുക്കളുടെയും കൂടെ ഇറങ്ങി പോരുമ്പോൾ തെല്ലും കുറ്റബോധം തോന്നിയേ ഇല്ല…..

മകളുടെ മനസ്സ് മനസ്സിലാക്കാത്ത അച്ഛനും അമ്മയും… ഒരിക്കലും തന്റെ ഇഷ്ടങ്ങൾ അവർ മനസ്സിലാക്കിയിട്ടേ ഇല്ല……

ഭംഗിയുള്ള വസ്ത്രങ്ങൾ…. മാലകൾ … വളകൾ… ഒരു കൗമാരക്കാരിയുടെ ആഗ്രഹങ്ങൾ ഒന്നും… ഒന്നും അവർ നടത്തി തന്നിട്ടില്ല…. ആദ്യമായി ഒരു വില കൂടിയ ചുരിദാർ വാങ്ങി തന്നത് സുനിൽ ആണ്…

അതിട്ടോണ്ട് കോളേജിൽ പോയ അന്ന് കൂട്ടുകാരികൾ അല്പം അതിശയത്തോടെ തന്നെ നോക്കിയപ്പോൾ ജീവിതത്തിൽ ആദ്യമായി അല്പം അഭിമാന ബോധം തോന്നി….

വീട്ടിലെ പണികളും .. പഠിപ്പും… പരീക്ഷകളും… കുറ്റപ്പെടുത്തലുകളും… എല്ലാം.. മതിയായി… സുനിലേട്ടന്റെ കൂടെയുള്ള ജീവിതം.. എന്ത് രസായിരിക്കും…സുനിലേട്ടന് തന്നോട് എന്ത് ഇഷ്ടമാണ്….

അതു മതി തനിക്ക്…… സുനിലിന്റെ തോളത്തു ചാരികിടന്ന് മായ തന്റെ പുതു ജീവിതത്തിന്റെ സന്തോഷത്തിലേക്ക് മയങ്ങി കിടന്നു….

ഹേയ് ഉറങ്ങുവാണോ? വീടെത്തി ഇറങ്ങ്… കാറിലിരുന്ന് പതുക്കെ പുറത്തോട്ട് നോക്കി ഒരു വലിയ വീട് ഈശ്വരാ ഇത്രയും വലിയ വീട്ടിലോട്ടാണോ താൻ വന്നു കയറുന്നത്

കാറിൽ നിന്നിറങ്ങി സുനിലിന്റെ കൈ പിടിച്ചപ്പോൾ ഒരു വല്ലാത്ത പരിഭ്രമം തന്നെ പിടി മുറുക്കുന്നത് പോലെ തോന്നി..

ഗേറ്റിന് നേരെ നടക്കുമ്പോൾ സുനിൽ പറഞ്ഞു ഹേയ് “””അങ്ങോട്ടല്ല ഇവിടെ… വീട്ടിലോട്ട് വണ്ടി പോകുല്ല.. അതാ ഇവിടെ നിർത്തിയെ…..

അപ്പോൾ സുനിലേട്ടൻ വണ്ടി എവിടെയാ ഇടുന്നത്?

ഏതു വണ്ടി???

അല്ല ഫേസ്ബുക്കിൽ എപ്പോഴും ഇടാറുള്ള ചുവന്ന ഒരു കാർ

എന്റെ പൊന്നു മോളേ അതെന്റെ വണ്ടിയല്ല …അത് നമ്മുടെ ബിജുവിന്റെ കാർ ആണ്….. പിന്നേ കുറച്ചു കഴിയട്ടെ…. നമുക്കെല്ലാം വാങ്ങാം….

ദാ വീടെത്തി…. ഓടിട്ട ഒരു ചെറിയ വീട്… തന്റെ വീടിനെക്കാൾ തീരെ ചെറുത്….

മാത്രവുമല്ല വീടിന്റെ മുറ്റമാകെ കരിയില വീണ് നിറഞ്ഞു കിടക്കുന്നു…… അയൽവക്കത്തെ വീടുകളിൽ നിന്ന് ചില തലകൾ ഒളിഞ്ഞു നോക്കുന്നതും അതുപോലെ തന്നെ പിൻവലിയുന്നതും മായ കണ്ടു….

ചേച്ചിയേ…. വേഗം അകത്തു പോയി ഞങ്ങൾക്ക് രണ്ട് ചായ ഇട്ടു താ….. രണ്ടു ദിവസമായി ഇതിന്റെ പുറകെ കറങ്ങുന്നു…

നല്ല ക്ഷീണം… സുനിലേട്ടന്റെ സുഹൃത്ത് അനിയാണ്….അല്ല … അച്ഛനും അമ്മയും എവിടെ …? എന്റെ മോളു …. അവര് ഞാനുമായി അത്ര രസത്തിലല്ല …

അതുകൊണ്ട് തന്നെ ഞാൻ അങ്ങോട്ട്‌ പോകാറുമില്ല…. അവർ ഇവിടെ കുറച്ചു മാറി വാടകക്ക് താമസിക്കുവാണ് ഇപ്പോൾ ഇവിടെ ഞാൻ മാത്രമേ ഉള്ളൂ…. ഇനി മുതൽ നീയും……

മായയ്ക്കെന്തോ വല്ലായ്മ തോന്നി…. ഫേ സ്ബുയ്ക്കിലൂടെ പ്രണയം തളിർത്തപ്പോൾ താനിതൊന്നും അറിഞ്ഞിരുന്നില്ല .. അല്ല.. ചോദിച്ചുമില്ല….

ചായ വെക്കാനായി അടുക്കളയിൽ ചെന്നപ്പോൾ ഒരു പൂച്ച ചാടി ഓടുന്നത് കണ്ടു….. മാറാല കെട്ടിയ അടുക്കളയും പിന്നേ കരിപിടിച്ചിരിക്കുന്ന ഏതാനും പാത്രങ്ങളും…

ഒരു പാത്രം കഴുകി ഇലക്ട്രിക് അടുപ്പിൽ ചായ വെച്ച് എല്ലാവർക്കും പകർന്നു കൊടുത്തപ്പോഴേക്കും വല്ലാത്ത ഒരു ഭയവും തളർച്ചയും തന്നിൽ വന്ന് നിറയുന്നത് അവളറിഞ്ഞു…

സന്ധ്യ മയങ്ങി തുടങ്ങുന്നു….
മോളൂ….. തോളത്തൊരു കരം പതിഞ്ഞു സുനിലേട്ടനാണ്…ഒരു നിമിഷം…..

പേടികൊണ്ട് തന്റെ ദേഹം വിറക്കുന്നത് അവളറിഞ്ഞു ഞാൻ ഒന്ന് കട വരെ പോയി വരാം അല്പം വീട്ടു സാധനങ്ങളും വൈകിട്ടത്തേക്ക് ഭക്ഷണവും വാങ്ങാം…. ആദ്യ ദിവസം തന്നെ നീ അടുക്കളയിൽ കയറണ്ട…

സുനിലേട്ടന്റെ മുഖത്ത് ഒരു വല്ലാത്ത ചിരി വിരിയുന്നത് അവളിലെ പതിനെട്ടു വയസ്സുകാരിയുടെ ഭയം ഇരട്ടിച്ചു … ങ്ഹാ..നീ കതകടച്ചിരുന്നോ…. ഞങ്ങൾ അല്പം വൈകും…

സുനിലേട്ടനും സുഹൃത്തുക്കളും ഇങ്ങിയപ്പോൾ തന്റെ ദേഹം ഭയം കൊണ്ട് വിറക്കുന്നപോലെ അവൾക്ക് തോന്നി….

റൂമിൽ അങ്ങിങ്ങായി കൂട്ടിയിട്ടിരിക്കുന്ന മ ദ്യ കുപ്പികളും പല നിറത്തിലുള്ള പേരറിയാത്ത ഹാ ൻ സിന്റെ പോലുള്ള കവറുകളും അവളുടെ ഭീതി വർധിപ്പിച്ചു….

എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപെട്ടോ എന്ന് ഉള്ളിൽ നിന്നാരോ വിളിച്ചു പറയുന്ന പോലെ തോന്നി…. പക്ഷേ….എങ്ങനെ?? ഈ സ്ഥലം പോലും തനിക്കറിയില്ല….

പരിചയമില്ലാത്ത നാട്.. നാട്ടുകാർ…ആര് സഹായിക്കും തന്നെ? നിസ്സഹായതയുടെ ഒരു കരച്ചിൽ തൊണ്ടയിൽ വന്ന് തടയുന്നത് അവൾ അറിഞ്ഞു….

ഫോണെടുത്തു ആദ്യം തന്നെ അച്ഛന്റെ നമ്പറിലോട്ട് വിളിച്ചു നോക്കി…. ആദ്യ ബെല്ലിൽ തന്നെ ഫോൺ എടുത്തു….

അച്ചേ എന്നൊരു നിലവിളിയാണ് ആദ്യം വന്നത്…. മോള് കരയണ്ട അച്ച ഇവിടെ തന്നെ ഉണ്ട് വേഗം എടുക്കാനുള്ളത് എടുത്ത് താഴത്തെ റോഡിലേക്ക് വാ….

ബാക്കിയെല്ലാം നമുക്ക് പിന്നെ നോക്കാം…. പിന്നെ ബാഗുമെടുത്തു ഓരോട്ടമായിരുന്നു….. താഴത്തെ റോഡിലെത്തിയതും കണ്ടു… ഒരു സൈഡിൽ മായമ്മു എന്ന് പേരെഴുതിയ ഓട്ടോ….

അച്ഛയെ കണ്ടതും ഒരു കരച്ചിലോടെ ആ നെഞ്ചിൽ വീണതും.. ഒരുമിച്ചായിരുന്നു….. സാരല്ല്യ…
അച്ചേടെ മായമ്മു വന്നല്ലോ… ഇനി അച്ച നോക്കി കൊള്ളാം എല്ലാം………. ആരും ഒന്നും അറിയില്ല….

കണ്ണീരിന്റെ നനവുമായി അച്ചേടെ ഓട്ടോയുടെ പിൻ സീറ്റിൽ ചാരികിടന്നവൾ തന്റെ ആദ്യത്തെയും അവസാനത്തെയും ഒളിച്ചോട്ടപ്രണയത്തിനെ മറവിക്ക് വിട്ടുകൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *