ഒരു കുഞ്ഞുണ്ടായാൽ വിദ്യയുടെ ഇപ്പോഴത്തെ ശരീര വടിവ് പോകുമെന്ന് പറഞ്ഞു ഗർഭിണി ആകാൻ പോലും അനുവദിച്ചിട്ടില്ല..

(രചന: ഹേര)

“ഞാൻ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ എന്റെ മോനോട് പറഞ്ഞു നിന്നെ മര്യാദ പഠിപ്പിക്കാൻ എനിക്കറിയാം. മര്യാദക്ക് ഇവിടുത്തെ പണിയെടുത്തു മിണ്ടാതെ ഇരുന്നോണം.” ശാരദ ഉറഞ്ഞു തുള്ളിക്കൊണ്ട് മരുമകളെ നോക്കി.

“അമ്മേ… ഞാനൊന്ന് എന്റെ വീട്ടിൽ പൊയ്ക്കോട്ടേ എന്നല്ലേ ചോദിച്ചത്. എന്റെ അമ്മയ്ക്ക് തീരെ വയ്യെന്ന് അച്ഛൻ വിളിച്ചു പറഞ്ഞു. ഈ സമയത്ത് ഞാൻ അവിടെ വേണ്ടതല്ലേ.”

“കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടിലാണ് പെണ്ണുങ്ങൾ നിൽക്കേണ്ടത്. ഞാൻ പറയുന്നതാണ് നീ അനുസരിക്കേണ്ടതും. കെട്ടിക്കേറി വന്നിട്ട് കൊല്ലം രണ്ട് കഴിഞ്ഞിട്ടും മച്ചിയായ നിന്നെ എന്റെ മോൻ പോറ്റുന്നത് തന്നെ വലിയ കാര്യം. നിന്നെ ഉപേക്ഷിക്കാൻ ഞാൻ പറഞ്ഞാൽ അവൻ അതും ചെയ്യും. രണ്ട് അറ്റാക്ക് കഴിഞ്ഞ നിന്റെ തന്തയ്ക്ക് മോള് ബന്ധം വേർപ്പെടുത്തി വീട്ടിൽ വന്നുവെന്ന് കേട്ടാൽ പിന്നെ ചാകാൻ അതുമതി.”

“കുട്ടികൾ ഉണ്ടാവാത്തത് എന്റെ കുഴപ്പം കൊണ്ടല്ല. അമ്മേടെ മോൻ തന്നെയാ ഇപ്പൊ കുട്ടികൾ വേണ്ടെന്ന് പറഞ്ഞത്.”

“അത് നീ പറയുന്നതല്ലേ. അല്ലാതെ എന്റെ മോൻ അങ്ങനെ പറഞ്ഞിട്ടില്ല. നിന്റെ കുഴപ്പം കൊണ്ടാ വിശേഷം ആവാത്തതെന്ന് അവനെന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നീ വലിയ ശീലാവതി ചമയണ്ട.”

“എനിക്കിപ്പോ തർക്കിക്കാൻ നേരമില്ല. എന്റെ അമ്മയ്ക്ക് ഒട്ടും വയ്യ. നല്ല ശ്വാസം മുട്ടുണ്ട്. വയ്യാത്ത എന്റെ അച്ഛന് അമ്മയെ ഒറ്റയ്ക്ക് ആശുപത്രിയിൽ കൊണ്ടോവാനും നോക്കാനുമൊന്നും കഴിയില്ല. അതുകൊണ്ടാ എന്നോട് കൂടെ വരുവോന്ന് ചോദിച്ചു വിളിച്ചത്. കല്യാണം കഴിഞ്ഞു ഇന്നേവരെ നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് ഒരു കാര്യത്തിനും അച്ഛൻ എന്നെ വിളിച്ചു ബുദ്ധിമുട്ടിച്ചിട്ടില്ല. ഇപ്പോൾ ആ പാവം ഗതികേട് കൊണ്ടാ എന്നോട് കൂടെ ചെല്ലാൻ വിളിച്ചത്. ഞാനൊന്ന് പോയി വന്നോട്ടെ അമ്മേ. ഏട്ടനോട് ചോദിച്ചപ്പോൾ അമ്മ സമ്മതിച്ച പൊയ്ക്കോന്ന് ആണ് പറഞ്ഞത്.”

“അവൻ എന്റെ മോനാ. അവൻ അങ്ങനെ പറയു. നീ ഇവിടുന്ന് പോയാൽ പിന്നെ ഇവിടുത്തെ ജോലിയൊക്കെ ആരു ചെയ്യും. എനിക്കൊന്നും വയ്യ കിടന്ന് നരകിക്കാൻ. നിന്റെ അച്ഛന് നോക്കാൻ വയ്യെങ്കിൽ വല്ല ഹോം നഴ്സിനെ വയ്ക്കാൻ പറയ്യ്. അല്ലാതെ കെട്ടിച്ചു വിട്ട മോളെ വിളിക്കയല്ല ചെയ്യേണ്ടത്.”

“അതിനുള്ള സാമ്പത്തികം ഉണ്ടായിരുന്നെങ്കിൽ അച്ഛൻ എന്നെ വിളിക്കില്ലായിരുന്നല്ലോ. കല്യാണം കഴിഞ്ഞു വിരുന്ന് പോയതല്ലാതെ ഈ രണ്ട് വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് കാരണം എനിക്കെന്റെ വീട്ടിൽ നിൽക്കാൻ പറ്റിയിട്ടില്ല. അതിലൊന്നും പരാതി പറയാതെ എന്റെ വീട്ടുകാർക്കും ഞാൻ കാരണം ഒരു വിഷമം വരണ്ടെന്ന് വിചാരിച്ചു നിങ്ങളുടെം നിങ്ങളെ മോന്റേം ആട്ടും തുപ്പും സഹിച്ചു ഒരു വേലക്കാരിയെ പോലെ ഞാനിവിടെ കഴിഞ്ഞില്ലേ.”

“കാൽക്കാശിന് ഗതിയില്ലാത്ത വീട്ടിൽ നിന്ന് വരുമ്പോ ഇങ്ങനെയൊക്കെ സഹിക്കേണ്ടി വരും.. പത്തു പവൻ സ്വർണം തികച്ചില്ലാതെ അല്ലെ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്. അതും കൊട്ടാരം പോലുള്ള വീട്. നിന്റെ പട്ടിക്കൂട് പോലത്തെ വീടല്ല ഇത്. കിടക്കാൻ പട്ടുമെത്ത, കഴിക്കാൻ ദിവസോം ഇറച്ചിയും മീനും, ഇരുന്ന് തൂറാൻ യൂറോപ്യൻ ക്ലോസറ്റ്, ഗവണ്മെന്റ് ഉദ്യോഗമുള്ള ഭർത്താവ്… ഇതിൽ കൂടുതൽ ദാരിദ്ര്യകുടിയിൽ കിടക്കുന്ന നിനക്ക് ന്തോ വേണം.” പരിഹാസത്തോടെയുള്ള അമ്മായി അമ്മയുടെ വാക്ക്

“അമ്മേ നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ കേട്ട് നിൽക്കാറേ ഉള്ളു. അമ്മ പറഞ്ഞു കൊടുക്കുന്ന കള്ളം കേട്ട് അമ്മേടെ എന്നെ തള്ളുമ്പോഴും മിണ്ടാതെ നിന്ന് കൊണ്ടിട്ടുണ്ട്. മറുത്തൊരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല.
ഇപ്പോൾ എന്റെ അമ്മേടെ അടുത്ത് ഞാൻ വേണ്ട സമയമാണ്. എനിക്ക് അങ്ങോട്ട്‌ പോയെ പറ്റു. അമ്മ സമ്മതിച്ചാൽ ഞാൻ വേഗം പോയി വരാം.” വിദ്യ കെഞ്ചി.

“എന്റെ സമ്മതത്തോടെ നീ ഇവിടുന്ന് എങ്ങോട്ടും പോവില്ല വിദ്യേ. എന്റെ വാക്ക് ധിക്കരിച്ചു പോയാൽ പിന്നെ ഈ വീടും ഇങ്ങനെയൊരു ഭർത്താവിനേം നീ മറന്നേക്ക്.” അവളോട് കലിതുള്ളി ശാരദ മുറിയിലേക്ക് പോയി.

സങ്കടത്തോടെ വിദ്യ അടുക്കള പടിയിലിരുന്നു.

പലചരക്കു കടക്കാരനായ ഭാർഗവന്റെയും വീട്ടമ്മയായ ലതയുടെയും ഒരേയൊരു മകളാണ് വിദ്യ. ഡിഗ്രി കഴിഞ്ഞു നിൽക്കുമ്പോഴാണ് വിദ്യയ്ക്ക് ശരത്തിന്റെ ആലോചന വരുന്നത്.

ഗവണ്മെന്റ്  ജോലിക്കാരനും പണക്കാരനുമാണ് ശരത്. അയാൾക്കൊരു ചേട്ടൻ കല്യാണം കഴിഞ്ഞു വേറെ താമസമാണ്.

തങ്ങൾ പറയുന്നതൊക്കെ കേട്ട് അനുസരണയോടെ കഴിയുന്നൊരു പെൺകുട്ടിയെയാണ് അവർ തേടികൊണ്ടിരുന്നത്. കാരണം മൂത്ത മരുമകൾ നല്ല കാശുള്ള വീട്ടിലെ പെണ്ണായിരുന്നു. അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞു മാസമൊന്ന് തികയുന്നതിനു മുൻപേ മൂത്ത മകനെയും കൊണ്ട് അവൾ മാറി താമസിച്ചത് ശാരദയ്ക്ക് ഇഷ്ടമായില്ല.

കാണാൻ സുന്ദരിയായിരുന്നു വിദ്യ. അത് തന്നെയാണ് അവളെ ശരത് കെട്ടാൻ കാരണവും. സ്ത്രീധനം ഒന്നും വാങ്ങിക്കാതെ മകളെ കെട്ടാൻ ഉദ്യോഗമുള്ള പയ്യൻ വന്നത് മോൾടെ ഭാഗ്യമാണെന്ന് കരുതി ഹൃദ്രോഗിയായ വിദ്യയുടെ അച്ഛൻ സന്തോഷിച്ചു.

കല്യാണം കഴിഞ്ഞു ശരത്തിന്റെ വീട്ടിൽ എത്തി ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ ഭർത്താവിന്റേം അമ്മായി അമ്മയുടെ തനിനിറം അവൾക്ക് മനസിലായി. അവളെ അവർ ഒരു അടിമയെ പോലെയാണ് കണ്ടിരുന്നത്.

രാവിലെ മുതൽ രാത്രി വരെ ആ വീട്ടിലെ സകല ജോലികളും ചെയ്യണം. രാത്രി ഭർത്താവിന്റെ രതി വൈകൃതങ്ങളും അവൾ സഹിക്കണം. പോൺ സൈറ്റിൽ കാണുന്നതൊക്കെ ശരത് വിദ്യയിൽ പരീക്ഷിക്കാറാണ് പതിവ്. എതിർത്താൽ അവളെ നന്നായി ഉപദ്രവിക്കും. വയറ്റിലും തോളിലും തുടയിലുമൊക്കെ സിഗരറ്റ് കൊണ്ട് പൊള്ളിയടർന്ന പാടുകളാണ്.

തന്റെ വീട്ടുകാരെ വിഷമിപ്പിക്കണ്ടെന്ന് കരുതി വിദ്യ ഒക്കെ സഹിച്ചു പോന്നു. രണ്ട് അറ്റാക്ക് കഴിഞ്ഞ അച്ഛന് മകളുടെ ജീവിതം നശിച്ചുവെന്ന് അറിഞ്ഞാൽ സഹിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്നോർത്ത് വിദ്യ തന്റെ വേദനകൾ ഉള്ളിലടക്കി. ഒരു കുഞ്ഞുണ്ടായാൽ വിദ്യയുടെ ഇപ്പോഴത്തെ ശരീര വടിവ് പോകുമെന്ന് പറഞ്ഞു ഗർഭിണി ആകാൻ പോലും അനുവദിച്ചിട്ടില്ല ശരത്. ഒരു കണക്കിന് അത് നന്നായെന്ന് അവക്കും തോന്നും.

കല്യാണം കഴിഞ്ഞു വർഷം രണ്ടായിട്ടും വിദ്യ സ്വന്തം വീട്ടിൽ പോയി നിന്നിട്ടില്ല. ശാരദ അവളെ അങ്ങോട്ട്‌ വിടാറില്ല. മരുമകനൊപ്പം മകൾ സന്തോഷത്തോടെ കഴിയുന്നല്ലോ എന്ന് ആശ്വസിച്ചു വയസ്സായ അച്ഛനും അമ്മയും ഇടയ്ക്കിടെ അവളെ ഇങ്ങോട്ട് വന്നു കണ്ട് പോകും.

സഹനത്തിന്റെ അങ്ങേ അറ്റത്താണ് ഇപ്പോൾ വിദ്യ എത്തി നിൽക്കുന്നത്. ഇനിയും ഈ ക്രൂരത സഹിക്കാൻ അവൾക്ക് വയ്യെന്ന് തോന്നി. ആ വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ മടങ്ങി വരാൻ കഴിയില്ല. അച്ഛനും അമ്മയും വിഷമിക്കുമല്ലോ എന്നോർത്താണ് ഇത്രേ നാൾ മിണ്ടാതെ നിന്നത്. ഇനിയും ഈ ജയിലിൽ കിടന്ന് വീർപ്പു മുട്ടാൻ അവൾക്ക് വയ്യ. മടുത്തിരിക്കുന്നു. അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്ന് വിദ്യ തീരുമാനിച്ചു. കാരണം തന്റെ ആരോഗ്യം മുഴുവനും ആ വീട്ടിലെ പണിയെടുത്തു നശിക്കും. അതെ സമയം ആ അധ്വാനം പുറത്ത് പോയി ചെയ്തിരുന്നെങ്കിൽ ശമ്പളം എങ്കിലും കിട്ടുമായിരുന്നു. അതുകൊണ്ട് അച്ഛനേം അമ്മേം സുഖമായി നോക്കാം.

എല്ലാം വരുന്നിടത്തു വച്ചു കാണാമെന്നു കരുതി തന്റെ സാധനങ്ങളുമായി വിദ്യ ആ വീട് വിട്ടു. കാലങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ ചെന്ന് കേറിയപ്പോ അവൾക്ക് സമാധാനം തോന്നി.

അമ്മേടെ മടിയിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു.

“ഇനി എന്നെ അങ്ങോട്ട്‌ പറഞ്ഞു വിടരുത് അച്ഛാ… അമ്മേ. അത്രയ്ക്ക് ഞാൻ അനുഭവിച്ചു. അച്ഛന്റെ കട ഞാൻ നോക്കി നടത്തികൊള്ളാം. നിങ്ങളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം. ഇത്രേം നാൾ സുഖമില്ലാത്ത നിങ്ങളെ ഓർത്തു എല്ലാം സഹിക്കുവായിരുന്നു. ഇനിയും അവിടെ നിന്നാൽ മരിച്ചു പോകും ഞാൻ.”

ഭർത്താവ് എല്പിച്ച മുറിപ്പാടുകൾ അമ്മയ്ക്ക് മുന്നിൽ തുറന്ന് കാട്ടി വിദ്യ. മകളുടെ ദുരിതം നിറഞ്ഞ ജീവിതം മനസ്സിലാക്കി അവരവളെ ചേർത്ത് പിടിച്ചു.

“അച്ഛനേം അമ്മേം മനസ്സിലാക്കിയതിൽ മോൾക്ക് തെറ്റ് പറ്റി. ഞങ്ങളെ ഒരേയൊരു മോളല്ലേ നീ. നിനക്കവിടെ പറ്റില്ലെന്ന് തോന്നിയപ്പോ തന്നെ തിരിച്ചു പോന്ന മതിയായിരുന്നു. ഞങ്ങൾ നിന്നെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. കാരണം നിനക്ക് എന്ത് സംഭവിച്ചാലും നഷ്ടം ഞങ്ങൾക്കല്ലേ ഉണ്ടാവുക. കഴിഞ്ഞത് കഴിഞ്ഞു. ഇനി ആ ജീവിതം ഓർത്തു മോൾ വിഷമിക്കണ്ട. സ്ത്രീധനം ഒന്നും ചോദിക്കാതെ നിന്നെ മാത്രം മതിയെന്ന് പറഞ്ഞു കെട്ടികൊണ്ട് പോയപ്പോൾ നിന്നെ പൊന്നുപോലെ അവൻ നോക്കുന്നുണ്ടെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചു. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങു കൊണ്ട് പോന്നേനെ നിന്നെ. നിനക്ക് ഞങ്ങളുണ്ട് മോളെ.” മകളെ ചേർത്ത് പിടിച്ചു ആ അച്ഛൻ പറഞ്ഞു.

അച്ഛന്റേം അമ്മേടേം വാക്കുകൾ കേട്ടപ്പോൾ ആ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നുവെന്ന് വിദ്യയ്ക്ക് തോന്നി. എങ്കിലും ഇന്നവൾ സന്തോഷവതിയാണ്. അച്ഛന്റേം അമ്മേടേം തണലിൽ സുരക്ഷിതത്വ ബോധം അവൾക്കുണ്ടായി.

ധിക്കാരത്തോടെ ഇറങ്ങി പോയ ഭാര്യയെ അമ്മയുടെ വാക്ക് കേട്ട് ശരത് ഉപേക്ഷിച്ചു. വിദ്യക്കത് ആശ്വാസമാണ് നൽകിയത്. അച്ഛന്റെ കട ഏറ്റെടുത്തു നടത്തി അവൾ അന്തസ്സോടെ ജീവിച്ചു. അതേസമയം വിദ്യയെ പോലൊരു അടിമ മരുമകളെ തന്റെ മകന് വേണ്ടി അന്വേഷിക്കുന്ന തിരക്കിലായിരുന്നു ശാരദ.