എനിക്ക് വീട്ടിൽ കല്യാണ ആലോചനയൊക്കെ തുടങ്ങി. പലരും പെണ്ണ് കാണാൻ വന്ന് പോകുന്നുണ്ട്. ഇനിയും പിടിച്ചു നിൽക്കാൻ..

(രചന: ഹേര)

“രാമേട്ടാ… എനിക്ക് വീട്ടിൽ കല്യാണ ആലോചനയൊക്കെ തുടങ്ങി. പലരും പെണ്ണ് കാണാൻ വന്ന് പോകുന്നുണ്ട്. ഇനിയും പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല.” ഫോണിലൂടെ കരഞ്ഞു കൊണ്ടുള്ള സത്യഭാമയുടെ ശബ്ദം കേട്ട് രാമന് സങ്കടമായി.

“ഇപ്പോൾ നീയിങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും ഭാമേ. എനിക്ക് ലീവ് കിട്ടാൻ ഇനിയും ഒരു വർഷം എടുക്കും. നല്ലൊരു ജോലിയുണ്ടെങ്കിലേ നിന്റെ അച്ഛൻ നിന്നെ എനിക്ക് കെട്ടിച്ചു തരൂ. അതുകൊണ്ട് ഗൾഫിൽ പോ എന്ന് പറഞ്ഞു നീയെന്നെ നിർബന്ധിച്ചിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത്. ഒരു വർഷം കൂടെ നിനക്ക് പിടിച്ചു നിന്നൂടെ.”

“ഞാൻ എന്റെ മാക്സിമം ശ്രമിക്കുന്നുണ്ട് രാമേട്ടാ. എത്ര നാൾ ഇങ്ങനെ പറ്റുമെന്ന് എനിക്കറിയില്ല. എന്നെകൊണ്ട് പറ്റുന്ന പോലെ ഓരോ ആലോചന ഞാൻ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞു മുടക്കുന്നുണ്ട്.”

“എന്റെ അമ്മയെ പെണ്ണ് ചോദിക്കാൻ പറഞ്ഞു വിടട്ടെ ഞാൻ.”

“അയ്യോ അത് വേണ്ട. എനിക്ക് ആരെങ്കിലുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ ഏതെങ്കിലും കോന്തനുമായി അച്ഛനെന്റെ കല്യാണം നടത്തും.”

“ഞാൻ എത്രേം പെട്ടന്ന് ലീവിന് ശ്രമിക്കാം. ലീവ് കിട്ടിയ അപ്പൊത്തന്നെ നിന്നെ വന്ന് കൊണ്ട് പോകും ഞാൻ. നീ വിഷമിക്കാതിരിക്ക്. ഇങ്ങനെ ഒക്കെ കേക്കുമ്പോ എനിക്കും സങ്കടണ്ട് പെണ്ണെ  ”
“ഈ ജന്മം എനിക്ക് രാമേട്ടന്റെ പെണ്ണായി ജീവിച്ചാൽ മതി.”

“ഈ ജന്മം മാത്രം മതിയോ? എനിക്ക് എല്ലാ ജന്മത്തിലും ഭാര്യയായി നിന്നെ മതി.”

“ഒന്ന് പോ രാമേട്ടാ.” കുപ്പിവള കിലുങ്ങുന്നത് പോലെ ഭാമ ചിരിച്ചു.

“എന്റെ പെണ്ണിന്റെ ചിരി കേട്ടല്ലോ സമാധാനമായി.”

“പിന്നേ… രാമേട്ടാ… എനിക്ക് കുറച്ചു കാശ് വേണായിരുന്നു.”

“നിനക്കിപ്പോ എന്തിനാ കാശ്.”

“ഡ്രസ്സ്‌ എടുക്കാൻ. പിന്നെ കൂട്ടുകാരികളെ കൂടെ സിനിമയ്ക്ക് പോണം. വീട്ടിൽ ചോദിച്ചാൽ അച്ഛൻ തരില്ല.”

“അച്ഛനോടൊന്നും ചോദിക്കണ്ട. നിനക്ക് എന്ത് ആവശ്യത്തിനും എന്നോട് ചോദിച്ച മതി.”

“അതല്ലേ ഞാൻ ചോദിക്കണേ.”

“ഇപ്പോൾ അയക്ക ഞാൻ. നീ വച്ചോ. എനിക്ക് ഡ്യൂട്ടിയുണ്ട്.”

“ഓക്കേ രാമേട്ടാ… ഉമ്മാ”

“ഉമ്മാ…”

രാമകൃഷ്ണന്റെയും ഭാമയുടെയും പ്രണയം തുടങ്ങിയിട്ട് വർഷം നാലു കഴിഞ്ഞു. രണ്ടാളും ഒരേ നാട്ടുകാരാണ്. നാട്ടിൽ വർക്ക്‌ ഷോപ്പിലെ മെക്കാനിക്ക് ആയിരുന്നു രാമൻ. ഭാമ കോളേജ് പോകുന്നത് അവൻ ജോലി ചെയ്യുന്ന വർക്ക്‌ ഷോപ്പിന് മുന്നിൽ കൂടിയാണ്. വഴിയിൽ വച്ച് മിക്കവാറും ദിവസം അവർ തമ്മിൽ കണ്ട് മുട്ടാറുണ്ട്. അങ്ങനെയാണ് ആ ബന്ധം പ്രണയത്തിൽ എത്തിയത്.

ആളൊഴിഞ്ഞ ഇടവഴിയിൽ വച്ച് താനെന്ത്ര തവണ അവളെ ചുംബിച്ചിരിക്കുന്നു. പല രാത്രികളിലും മതിൽ ചാടിക്കടന്ന് അവളുടെ വീട്ടിൽ പോയിട്ടുണ്ട്. ഇരുട്ടി വെളുക്കുന്നത് വരെ ഭാമയുടെ ചൂട് പറ്റി കിടന്നിട്ടുണ്ട്. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നായവരാണ് തങ്ങൾ. അതുകൊണ്ട് കെട്ടുന്നെങ്കിൽ അവളെ തന്നെ കെട്ടുള്ളു  വേറൊരു ആണിന് മുന്നിൽ അവളെ കഴുത്തു നീട്ടാൻ അനുവദിക്കുന്നത് തന്നെ പാപമാണ്. നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല സത്യഭാമേ.

രാമകൃഷ്ണൻ മനസ്സിൽ പ്രതിജ്ഞ എടുത്തു. തന്റെ അമ്മയോട് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട് അവൻ. ആളെ പറഞ്ഞിട്ടില്ല. ഭാമയുടെ അച്ഛൻ താൻ വരുന്നതിന് മുൻപ് അവളെ കല്യാണം കഴിപ്പിച്ചു വിടാൻ ശ്രമിച്ചാൽ അമ്മയെ പെണ്ണ് ചോദിക്കാൻ വിടാമെന്നും അവളെ തനിക്ക് തന്നില്ലെങ്കിൽ വിളിച്ചു വീട്ടിൽ കൊണ്ട് പോകാൻ അമ്മയോട് പറയാമെന്നും അവൻ തീരുമാനിച്ചു. ഇതൊന്നും ഭാമയെ അറിയിച്ചു അവളെ വിഷമിപ്പിക്കണ്ടെന്ന് കരുതി രാമകൃഷ്ണൻ അവളോട് തന്റെ തീരുമാനം ഒന്നും പറഞ്ഞില്ല.

രാമകൃഷ്ണൻ സത്യഭാമയെ എന്നും വിളിക്കും. വീഡിയോ കാളിൽ അവർ കുറെ നേരം സംസാരിക്കും. അങ്ങനെയാണ് ദിവസങ്ങൾ അവർ തള്ളി നീക്കുന്നത്. ജോലിയുള്ള തിരക്ക് കൂടിയപ്പോ രാമന് അവളെ വിളിക്കാൻ നേരം കിട്ടാതായി. മണിക്കൂറുകൾ നീണ്ട സംസാരം പത്തു പതിനഞ്ചു മിനിറ്റിൽ ഒതുങ്ങി. ആദ്യമൊക്കെ പരാതിയും പരിഭവവുമായി നടന്നിരുന്നവൾ പിന്നെ ഒന്നും പറയാതായി.

രാമന്റെ മനസ്സിൽ അന്നും ഇന്നും ഭാമ മാത്രമായിരുന്നു. ഭാമ പക്ഷേ മാറി തുടങ്ങിയത് അവനറിഞ്ഞില്ല.

അങ്ങനെ ഇരിക്കുമ്പോ ഒരു ദിവസം രാമകൃഷ്ണൻ സത്യഭാമയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. ഫോണിന് എന്തെങ്കിലും തകരാറു സംഭവിച്ചതാകുമെന്ന് കരുതി അവൻ സമാധാനിച്ചു.

ഒരാഴ്ച കഴിഞ്ഞിട്ടും അവളെ കുറിച്ച് വിവരമൊന്നും കിട്ടാതായപ്പോ അവൻ ഭയന്നു. ചേച്ചിയുടെ പ്രസവത്തിന്റെ തിരക്കിൽ പെട്ട് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആയത് കൊണ്ട് സത്യഭാമയുടെ വീട് വരെ പോയി തിരക്കാൻ അമ്മയോട് പറയാൻ അവനു പറ്റിയില്ല. അങ്ങനെ നാട്ടിലുള്ള വർക്ക്‌ ഷോപ്പിൽ കൂടെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരനെ അവൻ അവളുടെ കാര്യം തിരക്കാൻ പറഞ്ഞു വിട്ടു. അവനിൽ നിന്നും രാമൻ സത്യ ഭാമയുടെ കല്യാണം ഒരാഴ്ച മുൻപ് കഴിഞ്ഞുവെന്ന് അറിഞ്ഞു ഞെട്ടിപോയി.

കേട്ട പാതി കേൾക്കാത്ത പാതി എമർജൻസി വിസ എടുത്തു രാമകൃഷ്ണൻ നാട്ടിലെത്തി. പ്രസവിച്ചു കിടക്കുന്ന പെങ്ങളെ പോലും കാണാൻ പോകാതെ അവൻ ആദ്യം പോയത് സത്യഭാമയുടെ വീട്ടിലേക്കാണ്.

ഒരു കല്യാണം കഴിഞ്ഞ വീടാണ് അവളുടെ എന്ന് കണ്ടാൽ തോന്നില്ലായിരുന്നു. വീട് പെയിന്റ് അടിക്കുകയോ കല്യാണ ആഘോഷത്തിന്റെ ശേഷിപ്പുകളോ ഒന്നും തന്നെ ആ വീട്ട് മുറ്റത്തു ഉണ്ടായിരുന്നില്ല.

“ആരാ അത്?” ഉമ്മറത്തു നിന്ന് ഭാമയുടെ അച്ഛന്റെ ശബ്ദം കേട്ടു.

“ഞാൻ രാമകൃഷ്ണൻ. ഇവിടുത്തെ ഭാമയും ഞാനും അഞ്ചു വർഷായി സ്നേഹത്തിലായിരുന്നു. അവളെ കല്യാണം കഴിക്കാൻ വേണ്ടിയാ ഞാൻ ഗൾഫിൽ പോയത്. എന്നിട്ടിപ്പോ എന്റെ പെണ്ണിനെ നിങ്ങൾ വേറെ കെട്ടിച്ചു വിട്ടല്ലേ. എന്റെ പെണ്ണ് ഇതെങ്ങനെ സഹിക്കും. നിങ്ങള് കണ്ടെത്തി കൊടുത്ത ഭർത്താവിന്റെ കൂടെ അവൾക്ക് ജീവിക്കാൻ കഴിയില്ല. അധികം വൈകാതെ തന്നെ മോള് ബന്ധം ഉപേക്ഷിച്ചു വീട്ടിൽ വന്ന് നിക്കും. അപ്പഴെങ്കിലും അവളെ എനിക്ക് തന്നേക്കണം. പൊന്നുപോലെ നോക്കിക്കോളാം ഞാൻ.” മുന്നിൽ നിന്ന് കരഞ്ഞു പറയുന്ന ചെറുപ്പക്കാരനെ നോക്കി അയാൾ മെല്ലെ എഴുന്നേറ്റു.

“എന്റെ മോള് സത്യഭാമയെ കുറിച്ചാണോ മോൻ പറയുന്നത്?”

“അതെ… അവളെ മാത്രേ ഞാൻ സ്നേഹിച്ചിട്ടുള്ളു. നിങ്ങൾ അവൾക്ക് കല്യാണം നോക്കുന്നുണ്ടെന്ന് എന്റെ പെണ്ണ് പറഞ്ഞതാ. ലീവ് കിട്ടാത്തോണ്ട് വരാൻ വൈകിപ്പോയി ഞാൻ.”

“എന്റെ മോൾക്ക് ഞാൻ കല്യാണം നോക്കിയെന്നത് ശരി തന്നെയാ. പക്ഷേ അവൾ കെട്ടിപ്പോയത് അവൾ സ്നേഹിച്ചവന്റെ കൂടെയാ. മോനെ പറ്റി എനിക്കറിയില്ലല്ലോ.”

“അവൾക്ക് ഞാനല്ലാതെ വേറെ കാമുകൻ ഒന്നുമില്ല. നിങ്ങൾ എന്നെ പറ്റിക്കാൻ നോക്കണ്ട. ഇത് കണ്ടോ ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോസ്.” ഭാമയുടെ അച്ഛൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവൻ അവൾക്കൊപ്പമുള്ള ഫോട്ടോസ് അയാൾക്ക് കാണിച്ചു കൊടുത്തു.

“ഇത് കണ്ടിട്ട് അവള് നിന്നേം ഞങ്ങളേം പറ്റിച്ചു എന്നാ എനിക്ക് തോന്നുന്നത്. അവളുടെ കൂടെ കോളേജിൽ പഠിച്ച അപ്പുറത്തെ വീട്ടിലെ ചെക്കനുമായ ഭാമയുടെ കല്യാണം കഴിഞ്ഞത്. ഒരു മകളും കാണിക്കാത്ത നെറികേട് ആണ് അവൾ കാട്ടിയത്.

രാത്രി മുകളിലെ അവളുടെ മുറിയിൽ നിന്ന് ഇറങ്ങി വരുന്നവനെ കള്ളനെന്ന് കരുതി നാട്ടുകാർ പിടിച്ചു. അങ്ങനെ പിറ്റേന്ന് തന്നെ അവരെ രെജിസ്റ്റർ മാര്യേജ് നടത്തി കൊടുത്തു. അവന്റെ കൂടെ ഇവളെ പാർക്കിലും ബീച്ചിലും സിനിമ തിയറ്ററിലും കണ്ടുവെന്ന് ചിലർ പറഞ്ഞു കേട്ടിട്ടാണ് ഞാൻ അവളെ ഒരു ചീത്തപ്പേര് ഒഴിവാക്കാൻ കെട്ടിക്കാൻ നോക്കിയത്. ഇത് പിന്നെ ആകെ നാണക്കേട് ആയപ്പോൾ നടത്തേണ്ടി വന്നു. കുറച്ചു നാളായി അവർ അടുപ്പത്തിലായിട്ട് എന്നാണ് അവനും അവളും പറഞ്ഞത്. എല്ലാരും അറിഞ്ഞു പോയൊണ്ട് അത് നടത്തി നാണക്കേട് മാറ്റാൻ. ഇനി അവന്റെ കൂടെ അവള് മര്യാദക്ക് ജീവിച്ച മതി.” തോർത്തു മുണ്ട് കൊണ്ട് കണ്ണീർ ഒപ്പി അയാൾ വീട്ടിലേക്ക് കയറി പോയി.

അപ്പോഴും സ്തംബ്ധനായി നിൽക്കുകയായിരുന്നു രാമകൃഷ്ണൻ. തൊട്ടടുത്ത വീട്ടിൽ നിന്നും തന്നെ ഉറ്റു നോക്കുന്ന സത്യ ഭാമയെ അവൻ പെട്ടന്ന് കണ്ടു. അവളെ കണ്ടതും അവന്റെ മുഖത്ത് വെറുപ്പ് നിറഞ്ഞു. മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി രാമൻ അവിടുന്ന് പോയി.

രാമകൃഷ്ണൻ പിന്നീട് ഗൾഫിൽ പോയില്ല. കൂട്ടിവച്ച സമ്പാദ്യം കൊണ്ട് പണിയെടുത്ത വർക്ക്‌ ഷോപ്പ് സ്വന്തമായി വാങ്ങി. അമ്മ കണ്ട് പിടിച്ച നല്ലൊരു പെൺകുട്ടിയെ കെട്ടി കുഞ്ഞുമൊക്കെയായി സുഖമായി ജീവിച്ചു.

സത്യഭാമയെ കെട്ടിയവൻ അവന് അവളെ മടുത്തു തുടങ്ങിയപ്പോൾ സംശയ രോഗം കാരണം ദിവസവും തല്ലും വഴക്കും തുടങ്ങി. സഹികെട്ടവൾ ബന്ധം ഉപേക്ഷിച്ചു സ്വന്തം വീട്ടിൽ തന്നെ നിൽപ്പായി.

സത്യഭാമയുടെ വിശേഷങ്ങൾ രാമകൃഷ്ണനും അറിഞ്ഞു. തന്നെ ചതിച്ചതിനുള്ള ശിക്ഷയാണ് അവൾ അനുഭവിക്കുന്നതെന്ന് അവൻ ഓർത്തു. എവിടെയെങ്കിലും വച്ച് അവളെ കണ്ടാൽ അറിയാതെ പോലും അവനവളെ നോക്കില്ല. ഭാര്യയും കുഞ്ഞുമായി രാമൻ സന്തോഷത്തോടെ ജീവിക്കുന്നത് അസൂയയോടെ കാണാനേ അവൾക്കും വിധിയുള്ളു.