കല്യാണം കഴിഞ്ഞാലും നമ്മൾ ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്. നീ ഒന്ന് സമ്മതിക്ക് മോളെ.”

“രവിയേട്ടൻ ഇനി എന്നാ വരാ.” അവന്റെ നെഞ്ചിൽ പതുങ്ങി കിടന്ന് കൊണ്ട് ഭാമ ചോദിച്ചു.

“ഇനി മൂന്നു മാസം കഴിഞ്ഞേ വരുള്ളൂ പെണ്ണേ.”“ഇങ്ങനെ കാണാതിരിക്കാൻ എനിക്ക് പറ്റുന്നില്ല ട്ടോ.”

“എനിക്കും… അത് കൊണ്ടല്ലേ ആരും കാണാതെ ആരോടും പറയാതെ നിന്നെ കാണാൻ വേണ്ടി ഞാൻ ഇന്നിങ്ങോട്ട് വന്നത്.”

“അടുത്ത വരവിലെങ്കിലും എന്നെ കല്യാണം കഴിക്കോ. കാത്തിരുന്നു മടുത്തു ഞാൻ. രവിയേട്ടന്റെ താലി ഏറ്റ് വാങ്ങുന്ന ദിവസത്തിനായി എത്ര വർഷായി ഞാൻ കാത്തിരിക്കുന്നു എന്നറിയോ?

“അടുത്ത വരവിൽ അമ്മാവനെ കണ്ട് സംസാരിക്കുന്നുണ്ട് ഞാൻ. വാക്കുറപ്പിച്ചു വച്ചിട്ട് വരുന്ന ചിങ്ങത്തിൽ താലികെട്ട് നടത്താം. പോരേ.”

“അതുമതി… എന്നാപ്പിന്നെ മോൻ വേഗം പോകാൻ നോക്ക്. രാത്രി വണ്ടിക്ക് തിരിച്ചു പോവാനുള്ളതല്ലേ.” രവിയുടെ നെഞ്ചിൽ നിന്നെഴുന്നേറ്റ് മാറി അവൾ.

“അങ്ങനെ അങ്ങ് പോകാനാല്ലല്ലോ പെണ്ണേ ഞാൻ വന്നത്. ഇങ്ങോട്ട് വാടി പെണ്ണേ… നിന്നെ ഞാനൊന്ന് ശരിക്ക് കാണട്ടെ.” ഭാമയുടെ കൈയിൽ പിടിച്ചു വലിച്ച് അവനവളെ ഉറുമ്പടക്കം കെട്ടിപിടിച്ചു.

“രവിയേട്ടാ… വേണ്ട ട്ടോ… ഞാൻ സമ്മതിക്കില്ല… ഒക്കെ കല്യാണം കഴിഞ്ഞു മതി. അതിന് മുൻപ് ഒന്നും വേണ്ട. അച്ഛനും അമ്മയും വരുന്നതിന് മുൻപ് വേഗം പോവാൻ നോക്ക്.”

“അമ്മാവനും അമ്മായിയും ഗുരുവായൂർ കല്യാണം കൂടി രാത്രിയേ എത്തുള്ളു എന്ന് നീ തന്നെയല്ലേ പറഞ്ഞത്. അതുവരെ എന്റെ ഭാമ കുട്ടിയെ ഞാൻ മതിവരുവോളം ഒന്ന് കാണട്ടെ.” ഭാമയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു അവൻ അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി.

പിന്നെ പതിയെ അവളുടെ കവിളിൽ ചുണ്ടമർത്തി. മെല്ലെ മെല്ലെ അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തും കഴുത്തിലുമൊക്കെ പരതി നടന്നു. അവന്റെ താടിരോമങ്ങൾ അവളെ ഇക്കിളിപ്പെടുത്തി.

“മതി രവിയേട്ടാ… ഇതൊന്നും വേണ്ടാട്ടോ… എനിക്ക് പേടിയാവാ.”

“നിന്റെ രവിയേട്ടനല്ലേ ഭാമേ. എന്നായാലും നീ എനിക്കുള്ളതല്ലേ. ഇതൊന്നും ആരും അറിയാൻ പോവുന്നില്ല. അല്ലെങ്കിൽ തന്നെ കല്യാണം കഴിഞ്ഞാലും നമ്മൾ ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത്. നീ ഒന്ന് സമ്മതിക്ക് മോളെ.”

“രവിയേട്ടൻ എന്നെ കല്യാണം കഴിച്ചിട്ട് എന്ത് വേണോ ചെയ്തോ?”“അപ്പോൾ നിനക്കെന്നെ വിശ്വാസമില്ല അല്ലേ.”“വിശ്വാസ കുറവുണ്ടായിട്ടല്ല രവിയേട്ടാ പേടിച്ചിട്ടാ… ഇതൊക്കെ തെറ്റാ.”

“ആരു പറഞ്ഞ് നിന്നോട് ഇതൊക്കെ തെറ്റാന്ന്.”“അമ്മ പറഞ്ഞ് തന്നിട്ടുണ്ട്.”കല്യാണം കഴിക്കാൻ പോകുന്ന ആളുമായി ഒരു തെറ്റുമില്ല പെണ്ണേ. ഇതൊക്കെ ഇപ്പൊ എല്ലാരും ചെയ്യും. നീയീ നാല് കെട്ട് വിട്ട് എങ്ങോട്ടും പോവാറില്ലല്ലോ.

കോളേജിലും പഠിച്ചിട്ടില്ല. അതുകൊണ്ട് നിനക്കൊന്നുമറിയില്ല. എന്നോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം നീ സമ്മതിച്ചാൽ മതി. അത്രയ്ക്ക് നിന്നെ ഇഷ്ടമുണ്ടായിട്ടാടി പെണ്ണേ. മോഹിച്ചു പോയി ഞാൻ. നിന്നെ കാണാതിരിക്കാൻ പറ്റാത്തത് കൊണ്ടല്ലേ ആരും അറിയാതെ ഓടി വന്നത്. നീ എന്നും എന്റെ പെണ്ണല്ലേ.”

“കല്യാണത്തിന് ഇനി ചിങ്ങം വരെ കാത്തിരിക്കണ്ട. അടുത്ത വരവിൽ കെട്ടാമെങ്കിൽ എനിക്ക് സമ്മതാ.” മുഖം താഴ്ത്തി അവളത് പറയുമ്പോ രവി അവളെ പൊക്കിയെടുത്തു കട്ടിലിൽ കൊണ്ട് കിടത്തി.

“മിക്കവാറും നിന്നെ ഞാൻ നാളെ തന്നെ കെട്ടികൊണ്ട് പോകും പെണ്ണേ. അത്രയ്ക്ക് മോഹിപ്പിക്കുന്നുണ്ട് നീയെന്നെ.”

ആദ്യത്തെ ഭയമൊന്ന് മാറിയപ്പോ ഭാമയും അവന്റെ കരലാളനങ്ങൾ ആസ്വദിച്ചു തുടങ്ങി.

എല്ലാം കഴിഞ്ഞു രവി മടങ്ങി പോകുമ്പോൾ ഒരു തുള്ളി കണ്ണുനീർ മാത്രം ഭാമയുടെ മിഴികളിൽ ബാക്കിയായി.

ഭാമയുടെ മുറച്ചെറുക്കനാണ് രവി. ഡൽഹിയിൽ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ മാനേജർ ആണ്. കൗമാര പ്രായം തൊട്ടേ ഇരുവരും പ്രേമത്തിലാണ്.

മൂന്നു മാസം കൂടുമ്പോ രവി നാട്ടിൽ ലീവിന് വരാറുണ്ട്. ഇത്തവണ ഭാമയെ കാണാനായി മാത്രമാണ് അവൻ വന്നത്. പോകുമ്പോൾ അവളുടെ കുറച്ചു സ്വർണ്ണവും അവൻ വാങ്ങികൊണ്ട് പോയി.

കുറച്ചു കടമുണ്ടെന്നും അത് വീട്ടാൻ അവളുടെ സ്വർണം പണയം വച്ച് പൈസ എടുത്തിട്ട് അടുത്ത വരവിൽ തിരിച്ചു എടുത്ത് തരാമെന്ന് പറഞ്ഞപ്പോൾ തന്റെ അരയിൽ കിടന്ന മൂന്ന് പവന്റെ അരഞ്ഞാണവും കാശ് മാലയും അവൾ അവന് നൽകി.

ദിനങ്ങൾ കഴിഞ്ഞു പോയി. രവിയുടെ വരവും കാത്ത് ഭാമ ഇരുന്നു. ഇടയ്ക്കിടെ വരുന്ന അവന്റെ ഫോൺ കാൾ മാത്രമാണ് അവൾക്ക് ഏക ആശ്വാസം.

അതോടൊപ്പം മാസം രണ്ട് കഴിഞ്ഞിട്ടും ആർത്തവം വരാത്തത് ഭാമയെ പേടിപ്പെടുത്തി. താൻ ഗർഭിണി ആയോ എന്നോർത്ത് അവൾ ഭയന്ന് പോയിരുന്നു. എത്രേം വേഗം രവിയെ വിവരം അറിയിക്കാൻ അവൾ ശ്രമിച്ചുവെങ്കിലും രവിയുടെ ഡൽഹി നമ്പറിൽ വിളിച്ചിട്ട് കാൾ കിട്ടുന്നുണ്ടായിരുന്നില്ല.

അതോടെ അവൾക്കാകെ വെപ്രാളമായി. വീട്ടുകാർക്ക് നാണക്കേട് വരുത്തി വച്ചിട്ടുണ്ടെന്ന് അറിഞ്ഞാൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമെന്ന് അവൾക്ക് ഉറപ്പായി.

എന്ത് ചെയ്യണമെന്നറിയാതെ ഭാമയ്ക്ക് ആകെ പേടിയായി. മൂന്ന് ദിവസം കൂടി നോക്കിയിട്ട് രവിയെ കിട്ടിയില്ലെങ്കിൽ അമ്മയോട് എല്ലാം തുറന്ന് പറഞ്ഞ് അമ്മാവനോട് കല്യാണ കാര്യം സംസാരിപ്പിക്കണമെന്ന് അവൾ ഉറപ്പിച്ചു.

അങ്ങനെ ഇരിക്കെയാണ് പിറ്റേ ദിവസം ആ വാർത്ത കേൾക്കുന്നത്. രവി ഏതോ ഹിന്ദിക്കാരി പെണ്ണിനേം കൂട്ടി തറവാട്ടിൽ വന്നുവെന്ന്. കേട്ട പാതി ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭാമ അവിടേക്ക് ഓടിച്ചെന്നു.

സംഗതി ശരിയായിരുന്നു… രവിയുടെ കൂടെ ഒരു സുന്ദരിയായ ഹിന്ദിക്കാരി പെണ്ണുണ്ട്. ഒപ്പം പെണ്ണിന്റെ വയറും വീർത്തുന്തിയിട്ടുണ്ട്. കണ്ടാൽ അറിയാം ഗർഭിണിയാണെന്ന്.

രവി കുറേനാളായി അവൾക്കൊപ്പമായിരുന്നു താമസം. അവരുടെ ആചാര പ്രകാരം കല്യാണവും കഴിച്ചതാണ്. പെണ്ണ് ഗർഭിണി ആയപ്പോൾ മുതൽ അവനിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഒടുവിൽ പ്രസവം അടുത്ത് വരാറായപ്പോൾ പ്രസവ ചിലവിനെന്ന് പറഞ്ഞ് കുറേ പണം കൊടുത്തിട്ട് മുങ്ങാനുള്ള പരിപാടി ആയിരുന്നു.

രവി കമ്പനിയിൽ നിന്നും ചെന്നൈ ബ്രാഞ്ചിൽ ട്രാൻസ്ഫർ വാങ്ങിയത് പെണ്ണിന്റെ സഹോദരൻ കണ്ട് പിടിച്ചു. അങ്ങനെ നാട്ടിലേക്ക് മുങ്ങാൻ നോക്കിയവന്റെ ഒപ്പം അവളെയും കൊണ്ട് അവളുടെ ബന്ധുക്കൾ വന്നു.

എല്ലാം അറിഞ്ഞപ്പോൾ ഭാമയ്ക്കാകെ തല ചുറ്റുന്ന പോലെ തോന്നി. താൻ പ്രാണൻ കൊടുത്തു സ്നേഹിച്ച രവിയേട്ടൻ തന്നെ ചതിച്ചു വെന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി.

ഹിന്ദിക്കാരി പെണ്ണിന്റെ വീർത്ത വയറ് കണ്ടപ്പോൾ അവളുടെ കൈ അറിയാതെ സ്വന്തം വയറ്റിലേക്ക് നീണ്ടു. അടിവയറ്റിൽ നിന്നും സഹിക്കാൻ കഴിയാത്തൊരു വേദന അവൾക്ക് തോന്നി. അവൾ തിരിഞ്ഞു വീട്ടിലേക്ക് ഓടി.

വീട്ടിലെത്തി കട്ടിലിൽ വീണ് അവൾ മതിവരുവോളം കരഞ്ഞു. തന്റെ വയറ്റിലും ഇപ്പൊ ആ ചതിയന്റെ കുഞ്ഞ് വളരുന്നുണ്ടാകും എന്നോർത്ത് അവൾക്ക് പേടിയായി. പെട്ടെന്നാണ് അവളത് ശ്രദ്ധിച്ചത്.

വയർ വേദനയ്ക്കൊപ്പം ആർത്തവ രക്തം അടിവസ്ത്രത്തിൽ നിന്നും ഇട്ടിരുന്ന പാവാടയിൽ പുരണ്ടിരിക്കുന്നു. ഒരേ സമയം അവൾക്ക് സന്തോഷവും ആശ്വാസവും തോന്നിപ്പോയി.

“മോളെ.. നീ ഇവിടെ വന്നിരിക്കയാണോ…” അമ്മയുടെ ശബ്ദം കേട്ട് ഭാമ ഞെട്ടി തിരിഞ്ഞു നോക്കി.

കരഞ്ഞു കലങ്ങിയ അവളുടെ കണ്ണ് കണ്ടപ്പോൾ അമ്മയ്ക്ക് കാര്യം മനസ്സിലായി

” നിങ്ങൾ തമ്മിൽ ഇഷ്ടായിരുന്നു എന്ന് ഞങ്ങൾക്ക് അറിയായിരുന്നു. നിങ്ങളെ കല്യാണത്തെ കുറിച്ച് സംസാരിക്കാൻ ഇരിക്കുമ്പോഴാ ഇങ്ങനെയൊക്കെ നടന്നത്. ഒരു കണക്കിന് അവനെ പോലൊരു ചതിയനിൽ നിന്ന് മോള് രക്ഷപെട്ടല്ലോ എന്നോർത്ത് സമാധാനിക്ക്.”

“അമ്മേ…” ഏങ്ങി കൊണ്ട് അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.

തനിക്ക് സംഭവിച്ചതൊന്നും നഷ്ടങ്ങൾ അല്ലെന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു കൊണ്ട് ഭാമ അമ്മയുടെ നെഞ്ചിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. ചതിയനായ രവിക്ക് വിധി കാത്ത് വച്ച ശിക്ഷ എന്തായാലും കിട്ടും. അതോർത്തു താൻ ജീവിതം നശിപ്പിക്കാൻ പാടില്ലെന്ന് ഭാമ മനസ്സിൽ ഉറപ്പിച്ചു.