വീടൊന്നും മാറില ആളാ മാറിയെ, പിറകിലെ പെൺ ശബ്ദം കേട്ടു അവൻ തിരിഞ്ഞു..

ഹൃദയം തന്നോൾ
(രചന: Haritha Rakesh)

ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് എത്താറായപ്പോൾ അവൾ അവന്റെ കയ്യിലെ പിടുത്തം മുറുക്കി…

” എന്താ പെണ്ണേ…?”

” ഞാനും വരുന്നു കൂടെ…”

അവളുടെ കണ്ണിലെ നനവ് അവന്റെ കൈത്തണ്ടയിൽ പടർന്നു കയറി…

അവൻ അവളുടെ കൈകൾ വേർപെടുത്തി, പതിയെ നെറ്റിയിൽ തന്റെ ചുണ്ടമർത്തി…

” ഞാൻ വരും കൊണ്ടു പോകാൻ”…

” എപ്പോൾ ?” അവൾ ചിണുങ്ങി …

“നീ പറഞ്ഞ പോലെ വലിയ മുറ്റവും , പറമ്പുമുള്ള ഒരു വീടൊരുക്കിയിട്ട്”

അവളുടെ നീലക്കല്ലു മൂക്കുത്തിയിൽ മുഖം ചേർത്തു കൊണ്ടവൻ പറഞ്ഞു…

രണ്ടു വർഷത്തിനു ശേഷം…

” ഞാൻ ഇന്നു രാത്രി നാട്ടിലെത്തും” മെസെഞ്ചറിൽ മെസേജ് ഇട്ടു അവൻ അവളുടെ മറുപടി കാത്തിരുന്നു…

“നാളെ തന്നെ വീട്ടിലേക്കു വരണം, എന്നെ കൊണ്ടു പോകണം”… അവളുടെ മെസേജ് ഉടനടി വന്നു…

” അടങ്ങു പെണ്ണേ, രണ്ടു വർഷം കാത്തില്ലേ?, ഒന്നു വിളിക്കാൻ പറ്റുമോ?” അവൻ ആശയോടെ ചോദിച്ചു.

” ഇപ്പോ വേണ്ട, ഞാൻ അഡ്രസ് തന്നില്ലെ, നാളെ വാ വീട്ടിലേക്ക്…”

” രണ്ടു മാസായിട്ട് നീ ഒരു വിളി ഇല്ലല്ലോ? നിന്റെ വർത്താനം കേൾക്കാഞ്ഞിട്ടു നെഞ്ചിൽ കല്ലു കയറ്റി വെച്ച പോലെയാ …” അവൻ വേവലാതിപ്പെട്ടു…

” വീട്ടിൽ അറിഞ്ഞോണ്ടല്ലേ, അവരെങ്ങാൻ വേറെ കല്യാണം കൊണ്ടു വന്നാൽ ഗ ൾഫിൽ നിന്നും പറക്കാൻ പറ്റുവോ ഇങ്ങോട്ട്?”

” എന്റെ മൂക്കുത്തിപ്പെണ്ണിനെ കാണാൻ ഞാൻ പറന്നു വരില്ലേ”

“ഉവ്വ നിർത്തിക്കോ തമാശ .. വിളി ഇല്ലന്നല്ലെ ഉള്ളൂ, ഒരു ദിവസം പോലും ഞാൻ മെസേജ് മുടക്കുന്നുണ്ടോ?” അവൾ പരാതിപ്പെട്ടു.

“ഇല്ല, ഇനി പരിഭവം നാളെ നേരിൽ കാണുമ്പോഴാകാം…”

രാവിലെ തന്നെ അവളുടെ വീട്ടിലേക്കു കേറി ചെന്നു….

” അനു ഇല്ലേ”

അവളുടെ അച്ഛൻ എന്നു തോന്നുന്ന ഒരാൾ പുറത്തിറങ്ങി വന്നു…

” അനു ഭർത്താവിന്റെ വീട്ടിലാ, മോൻ ഏതാ?”

കണ്ണുകൾ നിറയുന്നതു ആ വയസൻ കാണാതിരിക്കാൻ മറച്ചു പിടിച്ചു, തിരിഞ്ഞു നടന്നു കൊണ്ടു പറഞ്ഞു…

” വീട് മാറിയതാ..”

” വീടൊന്നും മാറില, ആളാ മാറിയെ”

പിറകിലെ പെൺ ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കി …

18 വയസു തോന്നിക്കുന്ന ഒരു പെൺകുട്ടി നിൽക്കുന്നു…

” ഞാൻ അനുവിന്റെ അനിയത്തി, ആവണി രണ്ടു മാസം മുൻപ് ചേച്ചിയുടെ കല്യാണം കഴിഞ്ഞു, അന്നു മുതൽ ചേട്ടനു മെസേജ് അയക്കുന്നത് ഞാനാ”…

അവൻ ഒന്നും മനസിലാകാത്ത ഭാവത്തിൽ അവളെ നോക്കി…

” ചേച്ചീടെ 4 കാമുകൻമാരിൽ ഒരാൾ ചേട്ടനായിരുന്നു, കല്യാണം കഴിഞ്ഞു പോകുമ്പോൾ ഇവന്മാരെ എന്തെലും പറഞ്ഞു ഒഴിവാക്കു എന്നു പറഞ്ഞു അവൾ എനിക്ക് f b i d തന്നു…ചേട്ടന്റെ ആത്മാർത്ഥത കണ്ടപ്പോൾ എനിക്ക് വിടാൻ തോന്നിയില്ല…”

അവൻ സംശയ ഭാവത്തിൽ അവളെ നോക്കി…

” മറ്റു മൂന്നുപേരെ ഒഴിവാക്കിട്ടോ, ചേട്ടൻ ശരിക്ക് സൂപ്പറാ”…

അവൻ അറിയാതെ ചിരിച്ചു പോയി… അവൾ അച്ഛനെ നോക്കി.

“ഇതാണച്ഛാ അരുണേട്ടൻ” …

അവളുടെ അച്ഛൻ അവനെ നോക്കി പുഞ്ചിരിച്ചു…

” അരുണേട്ടാ, വണ്ടി എടുക്ക് നമുക്ക് ഒരിടം വരെ പോണം” അധികാര ഭാവത്തിൽ അവളവന്റെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി…

ബുള്ളറ്റു സ്റ്റാർട്ട് ചെയ്യുമ്പോൾ അവൾ പറഞ്ഞു…

“നമുക്കു അനുവിനെ ഒന്നു കണ്ടു വരാം, അവളുടെ മുഖം എനിക്കു ഒന്നു കാണണം”…

അവൻ അവളുടെ മുഖത്തു നോക്കിക്കൊണ്ടു പറഞ്ഞു:

” നിന്റെ മുഖത്തൊരു കുറവുണ്ട്”

” ഓ നീലക്കല്ലു മൂക്കൂത്തിയാവും” അവൾ അവനെ കളിയാക്കി.

കയ്യിൽ കരുതിയ പുഷ്പാഞ്ചലി പ്രസാദം അവളെ അണിയിച്ചു കൊണ്ടവൻ പറഞ്ഞു.

“ഇപ്പോൾ ശരിയായി” അവൾ പൊട്ടിച്ചിരിച്ചു…. അവനും അവളും ജീവിത യാത്ര ആരംഭിച്ചു..

Leave a Reply

Your email address will not be published. Required fields are marked *