ഇരുട്ടു വീഴാൻ തുടങ്ങിയാൽ അമ്മയ്ക്കു വെപ്രാളം കേറും, പിന്നെ അച്ഛൻ വീട്ടിൽ എത്തും വരെ അച്ഛനെ ഫോണിൽ വിളിച്ചു..

അവശേഷിപ്പുകൾ
(രചന: ഹരിത രാകേഷ്)

ലാപ്ടോപ്പിന്റെ വെളുത്ത സ്ക്രീനിൽ നോക്കിയിരുന്ന് കണ്ണ് വേദനിച്ചു തുടങ്ങിയിരുന്നു…

പെട്ടെന്നു ചെയ്തു തീർത്തു മറ്റുള്ളവരോടു കുറച്ചു കുശലം പറഞ്ഞിരിക്കാമെന്ന വ്യാമോഹം വെറുതെ ആയി… ഉച്ചയായിട്ടും കാര്യമായിട്ട് ടാസ്ക് ഒന്നും ചെയ്തു തീർക്കാൻ കഴിഞ്ഞില്ല…

ഈയിടെയായി എപ്പോഴും ഒരു ഉറക്കം തൂങ്ങിയ അവസ്ഥയാണ്… പഴയ പ്രസരിപ്പൊക്കെ പ്രസവത്തോടെ തീർന്ന പോലെ!!…

അപ്പോഴാണ് ജീൻസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ശബ്ദിച്ചു തുടങ്ങിയത്…

നിശബ്ദമായ ഓഫീസ് മുറിയിൽ ഒരു നിമിഷം തന്റെ മൊബൈലിന്റെ ശബ്ദം മാത്രം… ജീൻസിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ പണിപ്പെട്ടു പുറത്തെടുത്തു,  ഒരു വിധത്തിൽ സൈലന്റ് ആക്കി ഡിസ്പ്ലേയിൽ തെളിഞ്ഞ പേരു വായിച്ചു..

ലത ചേച്ചിയാണ്…

ബന്ധം കൊണ്ട് തന്റെ ഏക കൂടപ്പിറപ്പ്…
ചേച്ചിയെന്താ ഈ നേരത്ത്?  അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ അവൾ ഈ സമയത്തു വിളിക്കാറുള്ളൂ…

ഒരു നിമിഷം ചെമന്ന മണ്ണു പറക്കുന്ന തന്റെ നാടും, വീടും, അമ്മയും ഒക്കെ മുന്നിൽ തെളിഞ്ഞു വന്നു…

ആർക്കെങ്കിലും വല്ല അത്യാഹിതവും??……

ധൃതിപ്പെട്ട് മൊബൈലുമെടുത്തു ബാത്ത്റൂമിലേക്കു നടന്നു … വെളുത്ത ടൈലുകൾ വിരിച്ച നിലത്തു അനേകം ചെരുപ്പടയാളങ്ങൾ കാണാം…

പല വലുപ്പത്തിലും ആകൃതിയിലുമുള്ളവ… നിലം തൂത്തു തുടയ്ക്കാൻ വരുന്ന സുനിത ചേച്ചിയുടെ മൂത്ത മകളുടെ കടിഞ്ഞൂൽ പ്രസവമായിരുന്നു ഇന്നലെ..

പാൽ മണമുള്ള  ഒരു കുഞ്ഞു ഇപ്പോൾ അവളെ പറ്റി കിടക്കുന്നുണ്ടാകും… ഇനി അങ്ങോട്ടു സുനിത ചേച്ചിക്ക് ഉറക്കമില്ലാത്ത രാവുകൾ ആയിരിക്കും….

ആറു മാസം മുമ്പു താൻ കടന്നു പോയ അതേ അവസ്ഥ… കൂട്ടിനു കൊറോണയും…തന്റെ മകൾക്ക് പരമാവധി വിശ്രമം കൊടുക്കാൻ സ്വയം എരിയുന്ന ഒരമ്മ ….

അമ്മയുടെ ഉറക്കമില്ലാത്ത ആ രാവുകളിൽ കൂട്ടായി തൊട്ടിലിന്റെ അറ്റം പിടിച്ചിരിക്കുന്ന ഒരച്ഛൻ… ഒരു കുഞ്ഞു ജനിക്കുമ്പോൾ എത്ര പേരാണ് കൂടെ ജനിക്കുന്നത്… അമ്മ!! അച്ഛൻ!! അമ്മമ്മ!! അങ്ങനെ അങ്ങനെ!!

ചിന്തകളെ കാടു കേറാൻ അനുവദിക്കാതെ മൊബൈൽ എടുത്തു ലത ചേച്ചിയെ തിരിച്ചു വിളിച്ചു…

“ഹലോ, എന്തേ ചേച്ചി?”….

“മോളെ, നീ തിരക്കാണോ? അമ്മയുടെ കാര്യം പറയാൻ ആണു ഞാൻ വിളിച്ചേ!” അവളുടെ ശബ്ദത്തിൽ കിതപ്പ് തിരിച്ചറിഞ്ഞപ്പോൾ തന്റെ നെഞ്ചു പെരുമ്പറ കൊട്ടാൻ തുടങ്ങി….

“അമ്മയെക്കെന്താ,  ചേച്ചി എന്താ കിതയ്ക്കുന്നേ?”

“അമ്മ എന്തോ നോർമൽ അല്ലാത്ത പോലെ…”

“????”

“ഇന്നലെ അച്ഛൻ എന്നെ വിളിച്ചിരുന്നു, അമ്മയ്ക്കു എന്തോ പേടിയാണ് പോലും?” അവൾ നിശബ്ദമായി കരയാൻ തുടങ്ങി…

” പേടിയോ??? ആരെ? എന്തിനെ?”…

പിന്നീട് ലത ചേച്ചി പറഞ്ഞതൊക്കെ ഒരു കെട്ടു കഥ പോലെയാണ് തനിക്ക് തോന്നിയത്… സ്ഥിരം പുറം പണിക്ക് പോകാറുണ്ടായ അമ്മ കൊറോണ വന്നു പോയ ശേഷം വീട്ടിൽ കേറി  ഇരിപ്പായി…

ചെറിയ ജലദോഷപ്പനി പോലെ വന്നു നമ്മെ ഒന്നാകെ കീഴ്പ്പെടുത്തിയ, ആ വില്ലൻ അമ്മയുടെ ധൈര്യത്തെയും കൂടെ അപ്പാടെ വിഴുങ്ങിയിട്ടാണു പോയത്… അതു വന്നു പോയ ശേഷം അമ്മയ്ക്കു എല്ലാത്തിനേയും ഭയമായിത്തുടങ്ങി…

ഇരുട്ടു വീഴാൻ തുടങ്ങിയാൽ അമ്മയ്ക്കു വെപ്രാളം കേറും…പിന്നെ അച്ഛൻ വീട്ടിൽ എത്തും വരെ അച്ഛനെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തും…

പിന്നെ ജപിച്ച ചരടുകൾ ദേഹത്തു ധരിച്ചിട്ടും, തനിക്കെന്തോ പ്രേത ബാധയുണ്ടെന്നു പറഞ്ഞു നിലവിളിക്കുക, ഉടൻ ഏതെങ്കിലും ഒരു ആശുപത്രിയിൽ കൊണ്ടു പോയില്ലെങ്കിൽ താൻ മരിച്ചു പോകുമെന്നു ബഹളം വയ്ക്കുക…. അങ്ങനെ ആരോ നിയന്ത്രിക്കുന്ന പോലെ ഓരോ ചെയ്തികൾ…

ഇത്തരം പ്രവൃത്തികൾ കണ്ട് നിനക്കു ഭ്രാന്താണെന്നു അച്ഛൻ പറയുന്നുണ്ടെങ്കിലും, എന്തു ചെയ്തു അമ്മയെ ഒന്നു സമാധാനിപ്പിക്കുമെന്നു ആർക്കുമൊരു രൂപമില്ലാത്ത അവസ്ഥ..

“കൊറോണ വന്നപ്പോൾ ഒറ്റയ്ക്കു രണ്ടാഴ്ചയോളം ആയില്ലേ!!! ഒരു മുറിയിൽ, എന്തു വന്നാലും ആരും തിരിഞ്ഞു നോക്കാത്ത പോലെ, അതിന്റെയാവും!”….

” ചേച്ചി, ഞാൻ എന്തു പറയാനാ, ചുമ്മ  വീട്ടിൽ ചടഞ്ഞു കൂടുമ്പോൾ ഉള്ള തോന്നലാ! അച്ഛൻ ഇന്നലെ വിളിച്ചിട്ടും എന്നോട് ഇതൊന്നും പറഞ്ഞില്ലല്ലോ??…

“നിന്നെ കൂടെ പേടിപ്പിക്കേണ്ട എന്നോർത്തിട്ടാ, ഒരു സൈക്കാർട്ടിസ്റ്റിനെ കാണിച്ചാലോ? നിനക്കെന്താ തോന്നുന്നേ??”

” ഒരു അസുഖവുമില്ലാതെ അവരെ കാണിച്ച്, അവരുടെ മരുന്നു കഴിച്ചു ശരിക്കും ഭ്രാന്തിയാകാനോ?”…

“നിനക്കു പറയുമ്പോൾ മനസിലാകാഞ്ഞിട്ടാണ്, നേരിൽ സംസാരിച്ചാൽ നിനക്കും പേടി തോന്നും!” ലത കൂട്ടിച്ചേർത്തു…

” ഞാൻ ചേച്ചിയെ വൈകിട്ട് വിളിക്കാം”…. ആരോ ബാത്ത്റൂമിന്റെ ഡോറിന്റെ അരികിൽ ഉണ്ടെന്ന തോന്നലിൽ ഞാൻ ഫോൺ ഓഫ് ചെയ്തു…

സരിഗയാണ്, തന്റെ സഹപ്രവർത്തക, അതിലുപരി ഉറ്റ ചങ്ങാതി… തന്നെ കാണാത്തതിൽ ഒരു അന്വേഷണവുമായി വന്നതാണ്….

അവളോടു തന്റെ മനസിന്റെ ഭാരം ഇറക്കി വെച്ചപ്പോൾ ചെറിയൊരു സമാധാനം വന്നു നിറഞ്ഞു…

” വീട്ടിൽ കുത്തിയിരിക്കുമ്പോൾ ഉള്ള തോന്നലുകളാണ് ഇവയിൽ പകുതിയും, നമുക്കൊന്നു തുമ്മാൻ നേരമുണ്ടോ സരിഗേ!”… ഞാൻ വളരെ പ്രയാസത്തോടെ അവളെ നോക്കി…

” ലത ചേച്ചി പറഞ്ഞതിലും കാര്യമുണ്ടെടി, കൊറോണ ഓരോരുത്തരേയും ഓരോ തരത്തിലാ ബാധിച്ചിരിക്കുന്നത്!

അതു വന്നു പോയ ശേഷം മിക്കവർക്കും ഈ ഒരു പ്രശ്നം പറഞ്ഞു കേട്ടിട്ടുണ്ട്, പ്രത്യേകിച്ച അമ്മമാരുടെ ഒക്കെ പ്രായം ആയവർക്ക്, രോഗത്തേക്കാൾ രോഗം വന്നാലുള്ള ഒറ്റപ്പെടുത്തലിനെയാണു എല്ലാരും ഭയക്കുന്നത്!”….

” എന്നാലും!”

” നീ ലതചേച്ചിയെ തിരിച്ചു വിളിക്ക്, ഇന്നു തന്നെ അമ്മയെ ഒരു ഡോക്ടറെ കാണിക്കാൻ പറ, പറ്റുമെങ്കിൽ ഒന്നു രണ്ടു ദിവസം നീ കൂടെ പോയി നിൽക്ക്!

എത്ര മനസുറപ്പുള്ളത് ആണെന്നു പറഞ്ഞാലും മനുഷ്യൻ അങ്ങനെയാ! ഒരു രോഗം മതി, അവന്റെ എത്ര വലിയ തിരക്കുമൊഴിയാൻ, അവൻ വേരും വഴിയും തേടിപ്പോകാൻ!”…

ഒരാഴ്ചത്തെ ചികിത്സയും പിന്നെ ഞങ്ങൾ മക്കളുടെ സാന്നിധ്യവും കൂടെ ആയപ്പോൾ അമ്മ ഉഷാറായി…

“ജപിച്ച ചരടു ഒരെണ്ണം എടുക്കട്ടെ?” എന്ന അച്ഛന്റെ കളിയാക്കലിനു “നിങ്ങൾക്കും ഇതൊക്കെ വരും ” എന്ന അമ്മയുടെ പരാതി പറച്ചിലും കൂടെ ആയപ്പോൾ ഉറങ്ങിയ വീടു വീണ്ടും ഉണർന്നു, ഇനി ഒരിക്കലും ഉറങ്ങാതിരിക്കാൻ…