പേരിലെന്തിരിക്കുന്നു?
(രചന: ഗ്രീഷ്മ)
ഒന്നാം ക്ലാസ്സിൽ ചേരാൻ പോകുന്ന ഉന്മേഷത്തിലായിരുന്നു രണ്ടുപേരും. ഇരട്ടകളാണെങ്കിലും അവൻ അവളുടെ പകുതി പോലും ഉണ്ടായിരുന്നില്ല .
ജനിച്ചപ്പോളും അങ്ങനെ തന്നെ .മെലിഞ്ഞ് എല്ലും തോലുമായ അവനെ ആരാണ് ആദ്യം ‘കൊട്ടൻ’ എന്ന് വിളിക്കാൻ തുടങ്ങിയത് ആവൊ. ഏതായാലും ഇപ്പൊ അവൻ അറിയപ്പെടുന്നത് കൊട്ടൻ എന്നാണ് .
സ്കൂളിൽ എത്തിയപ്പോൾ അച്ഛൻ മോൾക്ക് ‘മാളവിക രാംദാസ്’ എന്നും മോന് ‘ മൃണാൾ രാംദാസ്’ എന്നും പേര് ചേർത്തു .
തൻ്റെ പേര് കേട്ട മാത്രയിൽ അവൻ “എനിക്ക് ‘കൊട്ടൻ’ മതി “എന്നും പറഞ്ഞു തറയിൽ കിടന്ന് ഉരുണ്ട് കരയാൻ തുടങ്ങി .എങ്ങനെയോ പിടിച്ചു വലിച്ചു വീട്ടിൽ എത്തിച്ചു . നാല് പെട കിട്ടിയപ്പോൾ തല്ക്കാലം ഒന്ന് അടങ്ങി .
സ്കൂൾ തുറന്നു ,അറ്റന്റൻസ് എടുക്കുമ്പോൾ മൃണാൾ എന്ന് വിളിക്കുമ്പോൾ അവൻ ഹാജർ പറയില്ല . .വേറെ വഴിയില്ലാതെ കൊട്ടൻ എന്നത് അവൻ്റെ ഒഫീഷ്യൽ നെയിം ആക്കി .
പത്താം ക്ലാസ് ഒക്കെ ആകുമ്പോൾ നാണക്കേട് കാരണം ആ പേര് മാറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും വളരുന്തോറും അവ൯ കൂടുതൽ അത് ഇഷ്ട്ടപ്പെടുകയാണ് ഉണ്ടായത് .
MBBS ന് ചേർന്നപ്പോഴേക്കും മെലിഞ്ഞുങ്ങിയദേഹമൊക്കെ പോയി അവൻ നീളവും വണ്ണവും ഒക്കെ ഉള്ള ഒരു സുന്ദരനായി മാറിയിരുന്നു.
പെൺകുട്ടികളൊക്കെ കണ്ടാൽ ഇഷ്ടപ്പെടുന്ന രൂപമുണ്ടായിട്ടുകൂടി പേര് കേൾക്കുമ്പോളേക്കും അവരുടെയെല്ലാം പ്രണയം കെട്ടുപോയിരുന്നു. എന്നാൽ സഹോദരി മാളവിക വളരെ അഭിമാനത്തോടെയാണ് അവനെ കൂട്ടുകാർക്ക് പരിചയപ്പെടുത്തിയിരുന്നത് .
പ്രശസ്തമായ ഹോസ്പിറ്റലിൽ കാർഡിയാക് സർജനായി ചാർജ് എടുത്തു എന്ന് അറിഞ്ഞത് മുതൽ വിവാഹാലോചനയുമായി ബ്രോക്കർമാരുടെ പ്രവാഹമായിരുന്നു. മാളവികയുടെ വകയും എത്തി അവളുടെ ഭർത്താവിൻറെ ചില ബന്ധുക്കളുടെ ആലോചനകൾ.
കൊട്ടൻ എന്ന പേര് പെൺകുട്ടികളുടെ ചെവിയിൽ എത്തേണ്ട ആയുസ്സേ അതിനൊക്കെ ഉണ്ടായിരുന്നുള്ളൂ എന്ന് മാത്രം .പേര് മാറ്റാൻ പലരും അപ്പോഴും ഉപദേശിച്ചിട്ടും അയാൾ ചെവിക്കൊണ്ടില്ല .
വർഷങ്ങൾ പലതു കഴിഞ്ഞു .കൂടെ ഉള്ളവർക്കൊക്കെ കുടുംബമായി.മുടിയിഴയിൽ അങ്ങിങ്ങായി കാണുന്ന വെള്ളിയിഴകൾ അയാൾ മറച്ചുവെച്ചതും ഇല്ല .
ഒരു ദിവസം റൂട്ടീൻ റൗണ്ടസ് കഴിഞ്ഞു റൂമിൽ കയറാൻ നേരം പിറകെനിന്ന് വിളികേട്ടു .ഡോക്ടർ ഹരിതയാണ്.കൂടെ ഇതുവരെ അവിടെ കണ്ടിട്ടില്ലാത്ത മറ്റൊരു ലേഡി ഡോക്ടറും .
ഹരിതയുടെ ഫ്രണ്ട് ആണത്രേ. പുതിയ അപ്പോയിന്റ്മെൻറ് ആണ്. ഡോക്ടർ ശ്രേയ .ഡോക്ടർ കൊട്ടൻറെ കീഴിലാണ് പ്രാക്ടീസ് ചെയ്യേണ്ടത്.
ശ്രേയയെ പരിചയപ്പെടുത്തി ഹരിത തിരിച്ചു പോയി.ഡോക്ടർ കൊട്ടൻ ശ്രേയയെ റൂമിലേക്ക് ക്ഷണിച്ചു.
ടേബിളിൽ വച്ച നെയിംപ്ലേറ്റിലെ പേരുവായിക്കാൻ പാടുപെട്ടുകൊണ്ട് ശ്രേയ ചോദിച്ചു “ഡോക്ടറുടെ പേരെന്താ?”
” കൊട്ടൻ”
“ഇത് ഡോക്ടറുടെ സർനെയിം ആണോ ?”
“അല്ലല്ലോ ഇതുതന്നെയാണ് എൻറെ പേര് “
“ആണോ ?എന്താ ഇതിൻറെ മീനിങ്?” കൗതുകത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അയാൾ പുഞ്ചിരിച്ചു .
“കൊട്ട് എന്നാൽ അസ്ഥി.ഞാൻ ചെറുപ്പത്തിൽ വളരെ മെലിഞ്ഞിട്ടായിരുന്നു “
“ക്യൂട്ട് നെയിം “
“ആദ്യമായാണ് ഒരാൾ ഇങ്ങനെ പറയുന്നത്.ഇത് ശരിക്കും എൻ്റെ പെറ്റ് നെയിം ആയിരുന്നു” പഴയ കഥ ചുരുക്കി പറഞ്ഞപ്പോൾ ഒരു കുഞ്ഞിൻറെ നിഷ്കളങ്കതയോടെ അത് കേട്ടിരിക്കുന്ന ഒരു മുപ്പത്തഞ്ചുകാരിയെ അയാൾ സാകൂതം നോക്കി.
“എനിക്ക് ഈ പേര് ശരിക്കും ഇഷ്ടായി” അതുകേട്ടപ്പോൾ ഒരു രോമാഞ്ചം അയാളിൽ ഉണ്ടായി.
“ഡോക്ടർ എവിടെയാ താമസം?” അടുത്ത ചോദ്യം .ഇത്തിരി വായാടി തന്നെ.
“ഇവിടെ അടുത്ത് തന്നെ. ഡോക്ടറോ?”
“ഞാൻ ഒരു റൂം വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഹരിതയുടെ വീടിൻറെ അടുത്ത് .”
അവളെ കുറിച്ച് അറിയാൻ ചെറിയ ഒരു താത്പര്യം അയാളിൽ ഉണ്ടായി തുടങ്ങിയിരുന്നു.
‘വീട്ടിൽ ആരൊക്കെ ഉണ്ട് ‘ എന്ന് ചോദിക്കാൻ തുടങ്ങുമ്പോളേക്കും തിരിച്ച് അതേ ചോദ്യം വന്നു.
“അമ്മയും അച്ഛനും .സിസ്റ്ററുടെ കല്യാണം കഴിഞ്ഞു.”
“കുടുംബം?” ആ ചോദ്യം കേട്ടപ്പോഴേക്കും അയാൾ അറിയാതെ വാചാലനായി.
“ഇത്ര തന്നെയാണ് ഇപ്പൊ എൻ്റെ കുടുംബം. ഒരു പെൺകുട്ടിക്കും എൻ്റെ പേര് ഇഷ്ടപ്പെടാത്തതുകൊണ്ടു കല്യാണം ഇതുവരെ ശരിയായില്ല .
പേര് മാറ്റാൻ തയ്യാറായാൽ ഒരുപക്ഷെ നടന്നേനെ . അങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റിന് ഞാനില്ല.” ആ മറുപടി കേട്ട് ഡോക്ടർ ശ്രേയ സുന്ദരമായി പുഞ്ചിരിച്ചു
“ഞാനും ഇതുപോലെ ഒക്കെ തന്നെ . ” പകുതിയിൽ നിർത്തി അയാളുടെ മുഖത്ത് നോക്കാതെ തുടർന്നു
“ഇതുപോലെ എന്ന് പറയാൻ പറ്റില്ല കേട്ടോ .എൻ്റെ ദുർവാശി കാരണം പഠിപ്പും ജോലിയുമായി വരുന്ന കല്യാണമൊക്കെ ഞാൻ തന്നെ വേണ്ടെന്നു വച്ചു .
ഇനി ഒരു ജീവിതം ആകാമെന്ന് തോന്നിയപ്പോഴേക്കും,,, ഇപ്പൊ മുപ്പത്തഞ്ചു വയസ്സായി..”
അയാൾക്ക് ഉള്ളിൽ ഒരു ലഡ്ഡു പൊട്ടി.
ഡോക്ടർ ശ്രേയ നിറഞ്ഞ പ്രണയത്തോടെ തുടർന്നു “എനിക്ക് ഏതായാലും ഈ പേര് വളരെ ഇഷ്ടമായി.”
“ഹോ .എനിക്കിനി ധൈര്യമായി വീട്ടിൽ പറയാമല്ലോ എൻ്റെ പേര് ഇഷ്ടപ്പെടുന്ന ഒരാൾ ഉണ്ടെന്ന് .”
പ്രത്യാശയോടെ അത് പറഞ്ഞപ്പോൾ ഹൃദയം കൈമാറിയാതിൻറെ തെളിച്ചമുണ്ടായിരുന്നു അവരുടെ മുഖത്ത് .