സീത
(രചന: Rajitha Jayan)
തൊഴുകൈയുമായ് ദേവീ നടയിൽ നിൽക്കുമ്പോൾ സീതയുടെ മനസ്സിലൊരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ. ..ഇന്ന് പെണ്ണുകാണാൻ വരുന്നവർക്ക് ഡിമാന്റ്റുകളൊന്നും ഉണ്ടാവരുതേ ദേവീന്ന്….
വയസ്സ് ഇരുപത്തഞ്ച് ആവാറായി… കൂടെപഠിച്ചവരിൽ ഭൂരിഭാഗം പേരും വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിതം നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. …
താൻ മാത്രം….ഓർമ്മയിലവളുടെ മിഴികൾ ഈറനണിഞ്ഞൂ…
എന്താ സീതേ ഇന്നും തന്നെ പെണ്ണുകാണാനാരോ വരുന്നുണ്ട് എന്ന് തോന്നുന്നുവല്ലോ..?
തൊട്ടു മുന്നിൽനിന്ന് ആരോ ചോദിച്ചപ്പോൾ അവൾ കണ്ണുകൾ തുറന്നു. ..
ചെറിയ തിരുമേനി.
ആ മുഖത്തെ ചിരിയിലൊരു പരിഹാസമുണ്ടോ….?
തിരുമേനിയോടൊന്നും പറയാതെ പുഷ്പാഞ്ജലിയും വാങ്ങി സീത വേഗം വീട്ടിലേക്ക് നടന്നു. …അവളുടെ തിടുക്കത്തിലുളള പോക്ക് നോക്കിയൊരു നിമിഷം നിന്ന ചെറിയ തിരുമേനി വീണ്ടും പ്രാർത്ഥനയോടെ ശ്രീകോവിലിനുളളിലേക്ക് കയറി. ..
ഇന്നും സീതക്കുട്ടി അമ്പലത്തിൽ നിന്നാണല്ലോ…?
എന്തേ ആരെങ്കിലും കാണാൻ വരുന്നുണ്ടോ..?
വീടിനടുത്തുള്ള ശാരദേച്ചിയാണ്…അവരുടെ മുഖത്ത് നോക്കിയാലറിയാം കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടുളള ചോദ്യം ആണെന്ന്.
വരുന്നുണ്ട്..
എന്നവരോട് പറഞ്ഞു സീത വേഗം വീടിനു നേരെ നടന്നു.
എല്ലാവരും തന്നെ പരിഹസിക്കാനായി മാത്രം തന്നോട് മിണ്ടുന്നതുപോലെ തോന്നി സീതയ്ക്ക്….
കുറച്ചു വർഷങ്ങളായി താൻ കെട്ടിച്ചമഞ്ഞൊരുങ്ങി ഓരോരുത്തരുടെ മുന്നിൽ പോയി നിൽക്കുന്ന തുടങ്ങീട്ട്
വിവാഹമെന്ന ചിന്തയൊരു സ്വപ്നമായി മനസ്സിൽ കയറിക്കൂടിയ കാലം മുതൽ നെയ്തുകൂട്ടിയ ഒരായിരം സ്വപ്നങ്ങളുണ്ട് മനസ്സിൽ…
എന്നും രാവിലെ കുളിച്ച് ഭർത്താവിന് കണിയാവണം….വൈകുന്നേരം ജോലികഴിഞ്ഞു ക്ഷീണിച്ചു വരുന്നവനൊരു സ്വാന്തനമാവണം. ..
ഒരു കൊച്ചു വീട്ടിൽ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി ഒരു യഥാർത്ഥ വീട്ടമ്മയാവണം…അങ്ങനെ ഒരുപാടൊരുപാട് സ്വപ്നങ്ങൾ..
പക്ഷേ കാണാൻ വരുന്ന ഓരോരുത്തരും ആവശ്യപ്പെടുന്ന സ്ത്രീ ധനതുകയിൽ തട്ടി തന്റ്റെ സ്വപ്നങ്ങളോരോന്നായി തകർന്നു വീണു.
മനസ്സിൽ പ്രതീക്ഷകൾ നിറച്ച് പടിയിറങ്ങി പോവുന്ന ഓരോ ചെറുപ്പക്കാരനും തനിക്ക് പിന്നീട് സമ്മാനിച്ചത് കണ്ണുനീർ മാത്രമാണ്.
ഇപ്പോൾ മനസ്സിലൊരൊറ്റ പ്രാർത്ഥനയേയുളളൂ ആരെങ്കിലും തന്നെയൊന്ന് കല്ല്യാണം കഴിച്ചിരുന്നെങ്കിൽ “കെട്ടാചരക്കെന്ന” പേരിൽ നിന്നൊന്നു രക്ഷപ്പെടാമായിരുന്നു….
മകളുടെ വിവാഹം നടക്കാത്തതിൽ മനസ്സ് വേദനിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീരൊന്ന് തോർന്നു കാണാമായിരുന്നു…
“മോളെ അവരിപ്പോഴെത്തും, കുട്ടി ഈ ഉമ്മറത്തിരിക്കാതെ അകത്ത് പോയിരിക്കൂ…..
ഓരോന്നാലോച്ചിച്ച് ഉമ്മറത്തിരുന്ന സീത അച്ഛന്റെ വാക്കുകൾ കേട്ട് വേഗം അകത്തേക്ക് നടന്നു. ..
കയ്യിലെ പുഷ്പാഞ്ജലി അകത്തെ നിലവിളകിനരികെ വെച്ച് തിരിഞ്ഞ സീത പെട്ടെന്നൊരു ഞെട്ടലോടെ വീണ്ടും ആ പുഷ്പാഞ്ജലിയെടുത്ത് നോക്കി. ..
ആ ഇലചീന്തിലൊരു വെളള ചെമ്പകപൂ….
നെഞ്ചിലൂടൊരു മിന്നൽ പാഞ്ഞതുപോലെ…. അവൾ വേഗം ഭസ്മത്തട്ടിനരികെ വെച്ചിരുന്ന തളികയെടുത്തു, അമ്പലത്തിൽ പോയാൽ പതിവായി പുഷ്പാഞ്ജലി കഴിച്ചു കിട്ടുന്ന പ്രസാദമാ തട്ടിലാണ് കൊണ്ട് വയ്ക്കുക.
ഉണങ്ങി കരിഞ്ഞപോയ ഒരുപാട് ചെമ്പകപൂവുകളോരോ ഇലചീന്തിലും ഉണ്ടായിരുന്നത് കണ്ട സീതയുടെ ശരീരമാകെയൊരു വിറയൽ കയറി. …
അമ്പലത്തിലെ ചെറിയ തിരുമേനിയാണോരോ പ്രാവശ്യവും തനിക്ക് പ്രസാദം തന്നിരുന്നത്… താനൊരിക്കലും അതൊന്ന് തുറന്നു നോക്കീലല്ലോ ദേവീ…..
മനസ്സിലിഷ്ടപ്പെടുന്ന പെൺകുട്ടിയെ സ്വന്തമായി ലഭിക്കാൻ കാവിലെ ദേവിക്ക് വെളള ചെമ്പക പൂ വഴിപാട് കഴിച്ച് ആ പ്രസാദം പെൺക്കുട്ടിക്ക്നൽകിയാൽ മതിയെന്നൊരു വിശ്വാസം ഗ്രാമത്തിലുണ്ട്. .. പലരും പലപ്പോഴും അങ്ങനെ ചെയ്യാറുമുണ്ട്.
അപ്പോൾ തന്നെ സ്വന്തമാക്കാനാഗ്രഹിച്ച് ചെറിയ തിരുമേനി നടത്തിയ പുഷ്പാഞ്ജലികളാണദ്ദേഹം ഓരോ പ്രാവശ്യവും തന്റെ കയ്യിൽ തന്നു വിട്ടിരുന്നത്….
താൻ പക്ഷേ ഒരിക്കലും അതൊന്നും കണ്ടില്ല. .. ഓരോ പ്രാവശ്യം തന്നെ കാണുമ്പോഴും ആ കണ്ണുകൾ തിളങ്ങിയിരുന്നതെന്തിനാണെന്ന് തനിക്ക് മനസ്സിലാക്കാൻ പറ്റിയില്ലല്ലോ ദേവീ….
നിറയുന്ന കണ്ണുകൾ തുടച്ച് ഉമ്മറത്തേക്ക് ചെന്ന സീതയെ അവളുടെ അച്ഛനൊന്ന് നോക്കി
കയ്യിലെ ഇലചീന്തവൾ അച്ഛനുനേരെ നീട്ടി പിടിച്ചു. ..
മോളെ. ..ഇത്. ..?
കാവിലെ തിരുമേനി തന്നതാണച്ഛാ… അദ്ദേഹത്തിന്റെ മനസ്സ് മനസ്സിലാക്കാൻ കഴിയാതെ പോയി എനിക്ക്. ..
എന്നെ കാണാനായി ഓരോരുത്തർ വരുന്നുണ്ട് എന്നറിയുമ്പോഴും ആ മനസ്സെത്ര വേദനിച്ചിട്ടുണ്ടാവും അച്ഛാ …ആ സ്നേഹം ഞാൻ തിരിച്ചറിയുന്നില്ലല്ലോ എന്നോർത്ത്. ..
മോളെ സീതേ നീ എന്തൊക്കെയാണീ പറയുന്നത്.? …
ഒന്നും ഇല്ല അച്ഛാ …ഞാൻ കാവിലേക്ക് പോവ്വാണ്….ഞാനിതുവരെ തിരിച്ചറിയാതെ പോയ ആ ഇഷ്ടം ഇന്നെനിക്കറിയാമെന്ന് തിരുമേനിയെ അറിയിക്കണം….
മോളെ അപ്പോൾ നിന്നെ കാണാൻ വരുന്നവരൊടെന്ത് പറയും ഞാൻ. …?
അച്ഛൻ കൂടുതൽ ഒന്നും പറയണ്ട. …ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളുടെ അടുത്തേക്ക് പോയീന്ന് മാത്രം പറഞ്ഞാൽ മതി….സ്ത്രീയെ ധനമായി കാണുന്ന തിരുമേനിയുടെ അടുത്തേക്ക് ഞാൻ പോയീന്ന് പറയൂ…
അതും പറഞ്ഞ് സീത കാവിനെ ലക്ഷ്യമാക്കി നടന്നു പോകവേ അവളെ തനിക്ക് തന്നെ തിരിച്ചു തരണേയെന്ന പ്രാർത്ഥനയോടെ ചെറിയ തിരുമേനി ശ്രീക്കോവിലിനുളളിൽ പ്രാർത്ഥനയിലായിരുന്നു….
ആത്മാർത്ഥമായി ആഗ്രഹിച്ചത് തന്നെ തേടിവരുന്നുണ്ടെന്നറിയാതെ..
അവരുടെ പ്രണയസാക്ഷാത്ക്കാരത്തിന്റ്റെ സന്തോഷം പങ്കുവെക്കാനെന്നപോലെ കാവിലാകെ അപ്പോൾ ചെമ്പക പൂ മണം പടർന്നു. ..