കണ്ണാടിക്കു മുന്നിൽ വന്നുനിന്ന് ഫോട്ടോയും പ്രതിബിംബവും ഒന്ന് താരതമ്യം ചെയ്തു ഒരു..

കുപ്പായം
(രചന: ഗ്രീഷ്മ)

രാവിലെ എണീറ്റയുടൻ ഫേസ് ബ്യൂട്ടി മോഡിലിട്ട് മൊബൈലിൽ കുറേ ഫോട്ടോസെടുത്തു . തരക്കേടില്ലാത്ത മൂന്നാലെണ്ണം എഡിറ്റു ചെയ്തു.

ടെക്നോളജി എന്നെയൊരു മുപ്പതു കാരിയാക്കിയതോർത്ത്  ആശ്ചര്യപ്പെട്ടുകൊണ്ട്  അതൊക്കെ  പലതിലുമായി പോസ്റ്റ് ചെയ്തു .

വേറൊന്നിനും വേണ്ടിയല്ല ,ആൾക്കാരെ പറ്റിക്കുമ്പോൾ കിട്ടുന്ന ഒരുതരം  ആനന്ദം . അതേയുള്ളൂ ഒരു ലാഭം .

കണ്ണാടിക്കു മുന്നിൽ വന്നുനിന്ന് ഫോട്ടോയും പ്രതിബിംബവും ഒന്ന് താരതമ്യം ചെയ്തു  . ഒരു സാമ്യവും തോന്നുന്നില്ല.മുടിയിഴകൾ മുഴുവനായും കറുത്തതാണെന്ന് പറയാൻ വയ്യ .

മുഖത്തും കൈകളിലുമെല്ലാം ചുളിവുകൾ വരുന്നുണ്ടോ എന്ന് സംശയിക്കുന്നതുപോലെ പരിശോധിച്ച് സ്ഥിരീകരിച്ചു .

ധരിച്ചിരിക്കുന്ന ഒറ്റക്കുപ്പായം മാത്രം സ്വന്തമായുള്ള ദരിദ്രയായ ഒരു പെൺകുട്ടിയെപ്പോലെയാണ് തൊലിയാൽ പൊതിഞ്ഞു നിൽക്കുന്ന ദേഹവും .

കുറേക്കാലം , ഇസ്തിരിയിട്ടതും തിളങ്ങുന്നതുമായ വിലപിടിപ്പുള്ള മൃദുവായ ഒരു പട്ടുവസ്ത്രത്തിലെന്ന  പോലെ  നമ്മളതിൽ തിളങ്ങി നിൽക്കും .

കാലപ്പഴക്കത്താൽ അതിൻ്റെ നിറം മങ്ങുകയും പതിയെ അവിടവിടെ പിഞ്ഞാൻ തുടങ്ങുകയും ചെയ്യും .കൊച്ചു കൊച്ചു മിനുക്കു പണികൾ മതിയാവും ആരംഭത്തിൽ  ആ അഭംഗി മറയ്ക്കുവാൻ.

കാലം ചെല്ലുന്തോറും ശരീരം തുന്നൽ പണികൾ തകൃതിയാക്കും . ആദ്യമൊക്കെ കാഴ്ചക്കാരിൽ ചെറിയ അന്ധാളിപ്പ് നിറക്കുമെങ്കിലും പിന്നീട് അവർ തന്നെ അത് അംഗീകരിച്ചു തുടങ്ങും .

ഒടുവിൽ കുപ്പായത്തിൽ കീറാനും തുന്നാനും ഒരിടവും ബാക്കിയില്ലാതെ വരും. അന്നത് ഉപേക്ഷിക്കേണ്ടി വരുക തന്നെ ചെയ്യും .

അപ്പോഴും പ്രത്യാശിക്കാം , ഒരു പുതിയ കുപ്പായം കിട്ടുമെന്ന് .അതുവരെ ഇരുളിൽ മറഞ്ഞും മരത്തിൻറെ നിഴലുകളിൽ നാണം മറച്ചും ഒളിച്ചു കഴിയാമെന്ന്‌..

Leave a Reply

Your email address will not be published. Required fields are marked *