വിശക്കുന്നു ഉമ്മിച്ചി, വയറു പൊത്തി അവള് പറയുന്നത് കേട്ട് സുബൈദ നെഞ്ചുപൊട്ടി കരഞ്ഞു..

നിവേദ്യം
(രചന: Gaurilekshmi S)

ഉമ്മിച്ചി.. എനിക്ക് വിശക്കുന്നു… ആമിമോളുടെ ചോദ്യത്തിന് അന്നും തോർന്നിട്ടില്ലാത്ത മിഴികളുയർത്തി സുബൈദ അവളെ നോക്കി..

ഇന്നലെ പെയ്ത തോരാ മഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്ന അടുപ്പ് നോക്കി അവള് കണ്ണ് തുടച്ചു..

വാപ്പ എപ്പോ വരും ഉമ്മിച്ചി.. ആമിമോള് ഇത്തവണ സുബൈദയ്ക്ക് തൊട്ടരികിൽ വന്നിരുന്നാണ് ചോദിച്ചത്..

സുബൈദ വീണ്ടും അനുസരണയില്ലാതെ നിറഞ്ഞു വരുന്ന മിഴികളെ ശാസിച്ചു നിർത്തി ആമിമോളുടെ ഉരുണ്ട കൈകൾ പിടിച്ച് തൻ്റെ കവിളിൽ വെച്ച് പുഞ്ചിരിച്ചു..

വാപ്പ ഇനി വരൂല്ല ആമി.. അത് പറയുമ്പോൾ സുബൈദയുടെ വാക്കുകൾ ഇടറി.. കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി..

അതെന്താ ഉമ്മിച്ചി.. വാപ്പാക്ക് നമ്മളെ ഇഷ്ടമല്ലേ.. ആമി മോള് നിഷ്കളങ്കമായി ചോദിച്ചു..

മോള് വാപ്പായോട് ഒന്നും പറഞ്ഞില്ലല്ലോ . അനുസരണക്കേടും കാണിച്ചില്ലല്ലോ.. ആമി ആലോചനയോടെ പറഞ്ഞു..

സുബൈദയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി.. വാപ്പയ്ക്ക് എൻ്റെ ആമിയോട് പിണങ്ങാൻ പറ്റുമോ..

ഇല്ലെ..

ആമി ചോദിച്ചു..

മ്മ് ഹും… എൻ്റെ ആമിയോട് വാപ്പായ്ക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാട്ടോ..

എന്നിട്ടെന്താ വാപ്പ ഇനി വരാത്തെ.. അവള് ചോദിച്ചു..

വാപ്പ പടച്ചോൻ്റെ അടുത്തു പോയതല്ലേ ആമി..

അതെന്തിനാ ഉമ്മിച്ചി.. ആമി ചോദിച്ചു..

അതോ.. പടച്ചോന് വാപ്പായെ ഒരുപാട് ഇഷ്ടമായിരുന്നു.. അതുകൊണ്ട് പടച്ചോൻ വാപ്പയെ മൂപ്പരുടെ അടുക്കലേക്ക് കൊണ്ടോയി..

നെഞ്ച് പറിഞ്ഞു പോകുന്ന വേദനയിലും കണ്ണീരുണങ്ങാത്ത കവിൾ ആമിയുടേതിനോട് ചേർത്തുവെച്ച് സുബൈദ പറഞ്ഞു..

ആമി കേട്ടിരുന്നു..

അവൾക്ക് അപ്പോഴും ഒന്നും മനസിലായില്ല… എങ്കിലും വാപ്പ ഇനി വരില്ല എന്ന് മനസ്സിലായി.. പണി കഴിഞ്ഞു വരുമ്പോ വാപ്പയുടെ കയ്യിൽ ഉണ്ടാകുന്ന എണ്ണ മണമുള്ള വാഴയില പൊതികൾ ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് അവൾക്ക് മനസ്സിലായി..

വാപ്പയുടെ സ്നേഹമുള്ള ഉമ്മകളും ആമി കുട്ടി എന്നുള്ള നീട്ടിവിളിയും കേട്ടിട്ട് തന്നെ ദിവസങ്ങൾ ആയിരിക്കുന്നു..

ദിവസങ്ങൾക്ക് മുൻപ് ഉറങ്ങിക്കിടന്ന വാപ്പയേ ആരൊക്കെയോ ചേർന്ന് പട്ട് കൊണ്ട് പൊതിഞ്ഞ മഞ്ചലിൽ എടുത്തുകൊണ്ട് പോയിരുന്നല്ലോ..

അന്ന് ഉമ്മിച്ചി ഒത്തിരി കരഞ്ഞു..

എന്നിട്ടും വാപ്പ കേട്ടില്ല..

ആ പരിഭവം ഇപ്പോഴും ആമി മോളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണ്..

ആലോചനയോടെ ഇരിക്കുമ്പോഴെയ്ക്കും വിശപ്പ് കൊണ്ട് ആമിയുടെ ഉരുണ്ട കണ്ണുകളിലെ പ്രകാശത്തിന് മങ്ങൽ ഏറ്റിരുന്നു..

വിശപ്പ്.. എന്തൊരു വിശപ്പാണ്.. ഉമ്മിച്ചി ഒന്നും ഉണ്ടാക്കിയില്ല.. അടുക്കളയിൽ തീയും കത്തിച്ചില്ല..

ഒഴിഞ്ഞ അരിയുടെ പാത്രത്തിൽ നോക്കി ആമിമോള് സുബൈദയ്ക്ക് അരികിലേക്ക് വീണ്ടും ചെന്നു..

ഉമ്മിച്ചി..

സുബൈദ അവളെ നോക്കി..

മോൾക്ക് വയറ് വേദനിക്കുന്നു.. വിശക്കുന്നു ഉമ്മിച്ചി..

വയറു പൊത്തി അവള് പറയുന്നത് കേട്ട് സുബൈദ നെഞ്ചുപൊട്ടി കരഞ്ഞു.. എൻ്റെ റബ്ബേ.. നീയെനിക്ക് ഇങ്ങനെ ഒരു വിധി തന്നല്ലോ.. അവള് നെഞ്ച് നീറി കരഞ്ഞു…

പിന്നെ അടുക്കളയിൽ ചെന്നു നോക്കി.. എല്ലാം കഴിഞ്ഞിരിക്കുന്നു.. ഒരു മണി അരി പോലും ഇല്ല.. ആരോടും ചോദിക്കാനും ഇല്ല . കഴിഞ്ഞ വട്ടം അരി കഴിഞ്ഞപ്പോ അടുത്ത വീട്ടിൽ നിന്നൊക്കെ സഹായിച്ചിരുന്നു..

ഇനിയും എങ്ങനെയാണ് ചോദിക്കുക.. അല്ലെങ്കിൽ തന്നെ എത്രയെന്ന് വെച്ചിട്ടാണ്.. ഒരു ജോലി തരപ്പെടുത്തിയില്ലെങ്കിൽ മോള്.. ആകെ ഇനി ബാക്കി അവളാണ്.. അതോർക്കവേ അവളിലെ അമ്മയ്ക്ക് വല്ലാതെ നൊന്തു..

അമ്മേ.. വീണ്ടും കുഞ്ഞിൻ്റെ വിളി..

സുബൈദ കണ്ണ് തുടച്ചു. പിന്നെ മുട്ടുകുത്തി കുഞ്ഞിനരികിൽ ഇരുന്നു..

മോള് പോയി കളിച്ചോ.. കുഞ്ഞിനോട് അത് പറയുമ്പോൾ അവളുടെ അമ്മ മനസ്സ് പൊട്ടികീറി ചോര ഒഴുകുന്നുണ്ടായിരുന്നു..

വിശക്കുന്നു.. വീണ്ടും കുഞ്ഞ് പറഞ്ഞു..

സുബൈദ കഷ്ടത്തിലായി..

അമ്മേ..

അവള് കുഞ്ഞിനെ നോക്കി..

6 വയസ്സ് തികയാത്ത ആ പൊന്നോമന അമ്മയെ നോക്കി നിൽക്കുകയാണ്..

അവളൊന്നു പുഞ്ചിരിച്ചു..

എൻ്റെ മോള് പടച്ചോനോട് നന്നായി പ്രാർത്ഥിക്ക്.. അപ്പോ പടച്ചോൻ ഭക്ഷണം കൊണ്ട് തരുമല്ലോ..

ആണോ അമ്മെ..

മമ..

കണ്ണീര് മനസ്സിലടക്കി സുബൈദ പറഞ്ഞു..

പിന്നെ വേഗം ഒരുങ്ങി ഇറങ്ങി..

മോള് പോയി തൽക്കാലം കളിക്ക്.. ഉമ്മിച്ചി ആ വടക്കേതിലെ ആമിനത്താത്തയെ കണ്ടിട്ട് വേഗം വരാട്ടോ..

ഉമ്മിച്ചിയുടെ വാക്കുകൾക്ക് തലകുലുക്കി സമ്മതം പറയുമ്പോഴും ആമിമോളുടെ മനസ്സിൽ അവരുടെ വാക്കുകൾ നിറഞ്ഞു നിൽക്കുകയായിരുന്നു..

വിശക്കുമ്പോൾ പടച്ചോൻ ഭക്ഷണം കൊണ്ട് തരുമോ..

അതും ആലോചിച്ചവൾ പറമ്പിലൂടെ നടന്നു.. കളിക്കാൻ തോന്നിയില്ല.. ആരേം കണ്ടുമില്ല.. മുൻപോട്ട് നടക്കുംതോറും ആമിമോളുടെ വിശപ്പ് കൂടി വന്നു..

പടച്ചോൻ എന്താ ആമിമോൾക്ക് വിശന്നിട്ട് അറിയാത്തെ.. അതോ ആമിമോളെ മറന്നോ.. അവള് സ്വയം ചോദിച്ചു നടന്നു.. ആ കുഞ്ഞു കാലുകൾക്ക് തളർച്ച തോന്നി തുടങ്ങി..

നേരം ഉച്ചയാകുന്നു.. ഇതുവരെ ഒന്നും കഴിച്ചിട്ടില്ല.. അവൾക്ക് സങ്കടം വന്നു.. പടച്ചോൻ ആമിമോളെ മറന്നു എന്ന് തോന്നി . ആ വിചാരത്തിൽ നടന്നു തളർന്നു ഒരു മതിലിനു അരികിലേക്ക് ഇരുന്നു..

വാപ്പാ.. പടച്ചോൻ്റെ അടുത്തല്ലേ വാപ്പ.. ഒന്ന് പറയോ ആമിമോൾക്ക് വിശക്കുന്നു എന്ന്..

കുഞ്ഞി ചുണ്ടുകളാൽ അവള് പറയുമ്പോൾ അവളുടെ ഉരുണ്ട കണ്ണുകളിൽ ഇളം ചോപ്പ് നിറം പടർന്നിരുന്നു.. കണ്ണുനീർ മെല്ലെ അതിൽ നിറഞ്ഞിരുന്നു..

അവളുടെ കുഞ്ഞു നൊമ്പരം ഇഷ്ടമില്ലാത്ത വണ്ണം മാനമൊട്ടാകെ ഇരുണ്ട് മൂടി കെട്ടിയിരുന്നു..

വാപ്പാ.. അവള് വീണ്ടും വിളിച്ചതും എങ്ങുനിന്നോ ഒരു മണിയൊച്ച കേട്ടു..

ആമിമോള് എഴുന്നേറ്റു..

താൻ ചാരി ഒരുക്കുന്ന ചെങ്കല്ല് ഭിത്തിക്ക് അപ്പുറത്ത് നിന്ന് കേട്ട ആ മണിയൊച്ച എവിടെനിന്നാണ് എന്ന് നോക്കി..

മതിൽ അൽപ്പം ഉയരത്തിലാണ്.. അവള് ആകാംഷയോടെ മുൻപോട്ട് നടന്നു.. കുറച്ചു മുൻപായി മതിലിനു ഉയരം കുറഞ്ഞ ഭാഗത്തേക്ക് ചെന്നതും ആ കുഞ്ഞി കണ്ണുകൾ വിടർന്നു..

ഒരു പൊതി.. അവള് ചുറ്റും നോക്കി.. ആരുമില്ല അവിടെ..

ആ വാഴയില പൊതിക്ക് അരികിലേക്ക് അവള് ചെന്നു.. ഒന്ന് മണം പിടിച്ചു നോക്കി.. വല്ലാത്ത മണം.. ഉള്ളിലെ വിശപ്പ് ആളി കത്തിയതും അവള് ആ പൊതി എടുത്തു തുറന്നു നോക്കി..

ഒരു പൊതി ചോറ്.. അവളുടെ കുഞ്ഞി കണ്ണുകൾ വികസിച്ചു.. അവൾക്ക് സന്തോഷമായി..

വിശന്നാൽ പടച്ചോൻ ഭക്ഷണം തരും എന്ന ഉമ്മിച്ചിയുടെ വാക്കുകൾ സത്യമായിരിക്കുന്നു.. വാപ്പ മോളുടെ വിളി കേട്ട് പടച്ചോനോട് പറഞ്ഞിട്ടുണ്ടാകും..

അവള് സന്തോഷത്തോടെ ആ പൊതിയുമായി വീട്ടിലേയ്ക്ക് നടന്നു.. ഉമ്മിച്ചി വന്നിട്ടില്ല..

അവള് ചാണകം മെഴുകിയ ആ തറയിലേക്ക് ഇരുന്നു.. പിന്നെ പൊതി തുറന്നു.. ചൂട് ചോറിൻ്റെ ഗന്ധം അവിടമാകെ നിറഞ്ഞു..

അവള് മെല്ലെ അതിൽ നിന്ന് ഒരുപിടി കഴിച്ചു.. വല്ലാത്ത രുചി.. വീണ്ടും വീണ്ടും പശപശപ്പുള്ള അ ചോറ് അവള് കഴിച്ചു..

ഉള്ളിലെ വിശപ്പ് കുറയുന്നുണ്ട്.. അവള് മനസ്സ് നിറഞ്ഞു പടച്ചോനോട് നന്ദി പറഞ്ഞു.. ഉമ്മിച്ചിക്കുള്ള ഭക്ഷണം മാറ്റിവെച്ച് കഴിച്ച ശേഷം അവള് ഉമ്മിച്ചിയെ കാത്തിരുന്നു..

സുബൈദ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടാണ് വീട്ടിലേയ്ക്ക് കയറിയത്..

ഉമ്മിച്ചി..

അമിമോളുടെ വിളി കേട്ടതും കണ്ണ് തുടച്ചവൾ അകത്തേയ്ക്ക് നടന്നു..

ഒഴിഞ്ഞ കയ്യുമായി അകത്തേയ്ക്ക് ചെന്ന് കുറ്റബോധത്തോടെ മോളെ നോക്കിയ അവളെ ആമിമോളു സന്തോഷത്തോടെ കെട്ടിപ്പുണർന്നു..

എന്താ മോളെ..

ഉമ്മിച്ചി പടച്ചോൻ മോൾക്ക് ചോറ് തന്നല്ലോ..

സുബൈദ ഞെട്ടിപ്പോയി..

എ എന്താ..

സുബൈദ മോളെ പിടിച്ചു ചോദിച്ചു.. പടച്ചോൻ മോൾക്ക് ചോറ് തന്നു ഉമ്മിച്ചി..

അവള് കണ്ണുകൾ വിടർത്തി പറഞ്ഞതും സുബൈദ അവിശ്വസനീയതയോടെ കുഞ്ഞിനെ വീണ്ടും നോക്കി..

പിന്നെ ഒന്ന് തഴുകി.. കുഞ്ഞ് അവളെയും വിളിച്ചു കൊണ്ടുപോയി ചോറ് കാട്ടി കൊടുത്തു.. പിന്നെ ഉണ്ടായതെല്ലാം പറഞ്ഞു..

സുബൈദയ്ക്ക് എന്ത് പറയണം എന്ന് പോലും അറിയില്ലായിരുന്നു.. പക്ഷേ അവൾക്ക് മറ്റെന്തിലും വലുത് കുഞ്ഞിൻ്റെ വിശപ്പായിരുന്നു..

ഒരു ജോലി തേടി ഇറങ്ങിയിട്ട് ദിവസങ്ങളായി..

ഇതുവരെ ഒന്നും ശരിയായിട്ടില്ല.. അടുക്കളയിൽ ഒരു മണി അരി പോലും ഇല്ല . കുഞ്ഞിനെ ഇനിയും പട്ടിണിയ്ക്ക് ഇടുന്ന കാര്യം ഓർക്കാൻ കൂടെ അവൾക്ക് പറ്റില്ലായിരുന്നു..

ഉമ്മിച്ചി..

മോള് വീണ്ടും വിളിച്ചതും അവള് കുഞ്ഞിനെ നോക്കി..

പടച്ചോനല്ലേ മോൾക്ക് ചോറ് തന്നത്..

നിഷ്കളങ്കമായ ആ ചോദ്യത്തിന് മുൻപിൽ സുബൈദയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല..

അല്ലേ ഉമ്മിച്ചി..

ഹാ..

മറ്റൊന്നും അവള് പറഞ്ഞില്ല.. കുഞ്ഞിനെ ഒന്ന് തഴുകി..

അവള് കഴിച്ചതിൻ്റെ ബാക്കി ഒരു വറ്റ് തനിക്ക് നേരെ ഉരുട്ടി കുഞ്ഞ് നോക്കവേ സുബൈദ അത് സ്വീകരിച്ചു.. അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അപ്പോഴേയ്ക്കും ഒഴുകി ഇറങ്ങിയിരുന്നു..

അത്താഴ നേരത്തേയ്ക്ക് അടുത്ത വീട്ടിൽ നിന്ന് കൊണ്ടുവന്ന ഒരു പിടി അരിയിട്ട് കഞ്ഞി വെച്ച് കുഞ്ഞിന് കൊടുക്കുമ്പോഴും അടുത്ത ദിവസം എന്ത് എന്ന ചിന്ത അവളിലെ അമ്മയെ ഭയപ്പെടുത്തി കൊണ്ടിരുന്നു..

പിറ്റേന്ന് ഉച്ചയ്ക്കും ആമിമോൾക്കായി അ മതിലിൽ ഒരു പൊതി ചോറ് പ്രത്യക്ഷപ്പെട്ടു.. മുഴു പട്ടിണിയിലേക്ക് വീണു പോകാതെ ഇരിക്കാൻ സുബൈദയ്ക്കും ആമിക്കും കിട്ടിയ പിടിവള്ളി ആയിരുന്നു ആ പൊതി..

ദിവസങ്ങൾ പൊഴിഞ്ഞു നീങ്ങി..

അന്ന് മുതൽ എന്നും ആമിമോൾക്ക് വേണ്ടി ആ മതിൽകെട്ടിൽ ഒരു വാഴയില പൊതി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു..

സുബൈദയ്ക്ക് ഒരു ജോലി ആയിട്ടും വാപ്പച്ചി പടച്ചോനോട് പറഞ്ഞു കൊടുക്കുന്ന ചോറിനായുള്ള മോളുടെ കാത്തിരിപ്പിനെ അവള് ഒരിക്കലും വിലക്കിയില്ല..

കാലം മുൻപോട്ട് പോയി.. ആമി മോള് 6 വയസ്സുകാരിയിൽ നിന്ന് വളർന്നു 9 വയസ്സുകാരിയായി.. വലിയവീട്ടിൽ മുഹമ്മദ് ഹാജിയുടെ അടുക്കളക്കാരിയായി സുബൈദയ്ക്ക് സ്ഥിര ജോലിയായി.. വീട്ടിലെ പട്ടിണി ഒരു വിധം മാറി..

അന്നും ഉഷ്ണകാലത്തെ ഒരുച്ചയെ മൂടി മഴക്കാറ് നിൽക്കുന്ന ദിവസമായിരുന്നു… ചെങ്കല്ല് കൊണ്ടുള്ള ആ മതിൽ കെട്ടിന് മുൻപിലേക്ക് പതിവ് പോലെ ആമി ചെന്നു..

പക്ഷേ പതിവിന് വിപരീതമായി അന്ന് അ മതിൽപുറം ശൂന്യമായിരുന്നു.. ആമിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി..

ഇത്രനാളും കാത്തിരിക്കുന്ന ആ പൊതിച്ചോറിന് തൻ്റെ വാപ്പയുടെ ഗന്ധമായിരുന്നു എന്നവൾ തിരിച്ചറിഞ്ഞു.. അവള് അന്ന് മുഴുവൻ സങ്കടത്തിലായിരുന്നു..

എന്താ ഉമ്മിച്ചിയുടെ ആമിമോൾക്ക് ഇന്നൊരു സങ്കടം..

അന്ന് വൈകീട്ട് ജോലി കഴിഞ്ഞെത്തുമ്പോഴും പതിവ് കട്ടൻചായ കിട്ടാത്ത വന്നപ്പോൾ സുബൈദ കമഴ്ന്നു കിടക്കുന്ന ആമിയുടെ അരികിൽ ചെന്നിരുന്നുകൊണ്ട് ചോദിച്ചു..

വാപ്പ എന്നേ മറന്നുമ്മിച്ചി എന്നും പറഞ്ഞു തൻ്റെ വയറിൽ ചുറ്റിപ്പിടിച്ച് കരയുന്ന മോളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ സുബൈദ ഇരുന്നു..

അന്ന് മുതൽ പതിവായി കാണുന്ന പൊതിച്ചോറ് ആമിയിൽ നിന്ന് അകന്നു.. രണ്ടു ദിവസത്തിന് ശേഷം ഒരുച്ചയ്ക്ക് വീണ്ടും ആമി ആ മതിൽകെട്ടിൽ ചെന്ന് നോക്കി..

ഇല്ല.. ആ പൊതിച്ചോറ് അവിടെയെങ്ങുമില്ല.. അവള് ചുറ്റും നടന്നു നോക്കി.. മുൻപോട്ട് നടന്നതും രണ്ടുമൂന്ന് ആളുകൾ അ വഴി വരുന്നത് കണ്ടവൾ പറമ്പിലേക്ക് മാറി നിന്നു..

കഷ്ടം.. നല്ലൊരു തിരുമേനി ആയിരുന്നു..

അതെയതെ.. എന്ത് ചെയ്യാം.. പെട്ടെന്നായിരുന്നു മരണം.. പൂജ കഴിഞ്ഞ് ആഹാരവും കഴിച്ച് കിടന്നതാണത്രെ.. പിന്നെ എഴുന്നേറ്റില്ല.. സുഖ മരണം…

ആ.. അദ്ദേഹം പോയേ പിന്നെ പൂജ തുടങ്ങിയിട്ടില്ലല്ലോ.. നാളെ മുതൽ പുതിയ ശാന്തി വരുമത്രേ..

അതും പറഞ്ഞു പോകുന്നവരെ നോക്കി ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ നിൽക്കുമ്പോഴും അവളുടെ കണ്ണിൽ അവ്യക്തമായ ഒരു മുഖം നിറഞ്ഞു..

ആദ്യ ദിവസം വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ എടുത്തുവെച്ച നേദ്യച്ചോറും കൊണ്ട് പോകുന്ന ഒരു കുഞ്ഞു പെണ്ണിനെ അവിശ്വസനീയതയോടെ നോക്കി നിന്ന ഒരു രൂപം..

അന്ന് മുതൽ ഓരോ ദിവസവും അവൾക്കായി ഒരു പൊതിച്ചോറ് കൊണ്ട് വെയ്ക്കുന്ന ഒരു രൂപം നിറഞ്ഞു..

ഇനി കരുതലോടെ ആ പെണ്ണിന് ഒരു പൊതി ചോറ് പൊതിഞ്ഞു വെയ്ക്കാൻ അവ്യക്തനായ ആ ഈശ്വരൻ ഇല്ല.. അരങ്ങൊഴിഞ്ഞു ആ ഈശ്വരൻ ഭൂമിയിൽ നിന്ന് പോയിരിക്കുന്നു..

ആ തിരിച്ചറിവ് നൽകിയ വേദനയിൽ അവള് ഇടറുന്ന കാലുകളുമായി വീട്ടിലേയ്ക്ക് നടന്നു.. അപ്പോഴും ആ കണ്ണുകൾ ഒരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ പടച്ചോനായി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

എന്നിട്ട് എന്തായി ആമിത്താത്താ..

ആകാംഷയോടെ കുഞ്ഞു കണ്ണുകൾ വിടർത്തി കിങ്ങിണി ചോദിക്കുന്നത് കേട്ടതും ആ 60 വയസ്സുകാരിയുടെ ഉരുണ്ട കണ്ണുകൾ വിടർന്നു.. ചുളിവ് വീണ മുഖത്തെ ഭംഗി വീണ്ടും കൂട്ടി ഒരു പുഞ്ചിരി അതിൽ വിരിഞ്ഞു..

പറ ആമിത്താത്താ..

കാസിമും ഷമീറും ജോർജൂട്ടിയും പാറുവും ഒക്കെ വീണ്ടും ചോദിക്കവേ കയ്യിലിരുന്ന വാഴയിലയിൽ ചോറും കറികളും ശ്രദ്ധയോടെ പകർത്തി വാഴനാരിൽ അവ പൊതിഞ്ഞെടുത്ത് കയ്യിലിരുന്ന സഞ്ചിയിലാക്കി അവർ പുറത്തേക്കിറങ്ങി..

ആമിത്താത്താ..

ഹാ.. അവർ തിരിഞ്ഞു നോക്കി..

എന്നിട്ട് എന്തായി.. പിന്നെ വന്ന പൂജാരി ആമിക്ക് പൊതി കൊണ്ട് കൊടുത്തോ..

പാറുവാണ്.. അവർ ചിരിച്ചു..

പിന്നെ ഇല്ല എന്ന് തലയനക്കി..

എന്നിട്ട്..

എന്നിട്ടെന്താ… കുഞ്ഞാമി വളർന്നു.. ആമിയുടെ ഉമ്മിച്ചി കയ്യിലുള്ള കാശൊക്കെ സ്വരുക്കൂട്ടി ഒരു ചായക്കട തുടങ്ങി.. ആമിയെ നിക്കാഹ് ചെയ്ത് വിട്ടു..

എന്നിട്ടോ..

വീണ്ടും കുട്ടി പടയ്ക്ക് സംശയമാണ്..

എന്നിട്ടെന്താ.. ആമിയും കെട്യോനും ചേർന്ന് കട നോക്കി.. അതിനിടയിൽ ആമിയുടെ ഉമ്മിച്ചിയും വാപ്പയ്ക്ക് അടുക്കലേക്ക് പോയി.. പിന്നെ കുറെ കഴിഞ്ഞപ്പോ കെട്യോനും..

പിന്നെയും ആമി തനിച്ചായി..

എന്നിട്ട്..

എന്നിട്ടോ.. എന്നിട്ട് ആമി ആ കടയും നോക്കി അങ്ങനെ ജീവിച്ചു പോയി..

അതും പറഞ്ഞവർ ക്ഷേത്രത്തിന് മുൻപിലെത്തി.. ശേഷം കയ്യിലിരുന്ന പൊതികൾ ശ്രദ്ധയോടെ അതിനരികിലായി വെച്ചിരുന്ന ബെഞ്ചിൽ നിരത്തി വെച്ചു..

കുഞ്ഞുങ്ങളോട് യാത്ര പറഞ്ഞവർ തിരികെ നടക്കുമ്പോൾ അമ്പലത്തിന് അരികിലെ ഗവൺമെൻ്റ് ഏറ്റെടുത്ത സ്കൂളിലെ കുട്ടികൾ ഓരോരുത്തരായി വന്നാ സ്നേഹത്തിൽ ചാലിച്ച ചോറ് എടുത്തുകൊണ്ട് പോകുന്നുണ്ടായിരുന്നു..

വിറയ്ക്കുന്ന കാലുകളോടെ എന്നാൽ അതിലും ദൃഢതയോടെ ജീവിതത്തിൽ മുൻപോട്ട് നടക്കുമ്പോഴും അവരുടെ ആ കുഴിഞ്ഞ കണ്ണുകൾ പൊളിഞ്ഞു വീഴാറായ ആ ചെങ്കൽകെട്ടിലേയ്ക്ക് പാളി നോക്കുന്നുണ്ടായിരുന്നു അപ്പോഴും..

നന്മയും സ്നേഹവും ചാലിച്ച ഒരു പിടി ചോറ് അടങ്ങിയ ആ പൊതിയ്‌ക്കായി.. അപ്പോഴും ആ ക്ഷേത്ര നടയിലെ മണികൾ കാറ്റിൽ ചെറു ശബ്ദമുണ്ടാക്കി ആടുന്നുണ്ടായിരുന്നു.. അവർക്കായി മാത്രമെന്നപോലെ…

Leave a Reply

Your email address will not be published.