പറഞ്ഞത് അല്പം കൂടിപ്പോയെന്ന് മനസ്സിലായത് അവന്റ കൈ കവിളിൽ പതിഞ്ഞപ്പോൾ ആയിരുന്നു, പക്ഷെ അതോടെ വാശി കൂടി..

(രചന: ദേവൻ)

കിടക്കുമ്പോൾ ഏറെ വൈകിയിരുന്നു. എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.

നാളെ എന്നൊരു ദിവസം….. എല്ലാം അവസാനിക്കുകയാണ് . ഓർക്കുമ്പോൾ നെഞ്ച് പിടയ്ക്കുന്നുണ്ട്.

മനസ്സ് പിന്നെയും പിന്നെയും ചോദിക്കുന്നുണ്ട് ” ഒരുപാട് ആലോചിച്ചിട്ട് തന്നെ ആണോ ഈ തീരുമാനം ” എന്ന്.

ആണോ…?? !

ആണെന്നോ അല്ലെന്നോ പറയാൻ കഴിയാത്ത അവസ്ഥ. നെഞ്ചിലൊരു ഭാരം കയറ്റിവെച്ചപ്പോലെ.

അടുത്ത് കിടന്ന ഫോൺ റിങ് ചെയ്ത് തുടങ്ങിയപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്.

അലസമായി ഫോൺ കയ്യിലെടുക്കുമ്പോൾ മനസ്സ് തുടിക്കുകയായിരുന്നു അത് ഏട്ടന്റെ കാൾ ആകണേ എന്ന്.

പക്ഷേ അമ്മാവനായിരുന്നു.

” മോളെ… ഇനി കുറച്ചു മണിക്കൂറുകൾ കൂടെ ഉളളൂ ജീവിതത്തിനിടയിലെ കെട്ടു പൊട്ടിക്കാൻ. പിന്നെ ഒരിക്കൽ കൂടെ അത് ഏച്ചുകൂട്ടാൻ പ്രയാസമാണ്. ഒരിക്കൽ കൂടി ആലോചിച്ചിട്ട് പോരെ ഈ…..

പരസ്പരം മനസ്സിലാക്കാൻ ഒരുപാട് അവസരം ഉണ്ടായിട്ടും ചെറിയ ചെറിയ കാര്യങ്ങളെ എടുത്തു പറഞ്ഞ് ഈ അവസ്ഥ വരെ എത്തിക്കുമ്പോൾ നിങ്ങൾക്ക് ഇടയിൽ ഒന്നുമറിയാത്തൊരു പെൺകുഞ് ഉണ്ടെന്ന് ചിന്തിച്ചിരുന്നെങ്കിൽ. ”

അമ്മാവന്റെ ഓരോ വാക്കും നെഞ്ചിൽ ആഴ്ന്നിറങ്ങുമ്പോൾ സ്വയം പഴിക്കുകയായിരുന്നു ഞാൻ മുന്കോപവും എടുത്തുചാട്ടവും ജീവിതത്തെ ഇവിടം വരെ എത്തിച്ചതോർത്ത്‌.

വിവാഹം കഴിഞ്ഞത് മുതൽ തൊട്ടതിനെല്ലാം കിട്ടുമായിരുന്നു. രാവിലെ എണീക്കണം, കുളിക്കണം എന്നൊക്കെയുള്ള അമ്മായയമ്മയുടെ നിർബന്ധങ്ങൾ ആയിരുന്നു ആദ്യം മനസ്സ് മുരടിപ്പിച്ചത്.

സ്വന്തം വീട്ടിൽ എട്ട് മണിക്ക് മാത്രം എഴുന്നേറ്റിരുന്നവൾ, അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ മാത്രം അടുക്കള കണ്ടവൾ… ഇന്നിപ്പോ അതല്ലല്ലോ അവസ്ഥ…

“നിനക്ക് അടുക്കളയിൽ അമ്മയെ ന്തേലും ഒക്കെ സഹായിച്ചൂടെ. അമ്മ ചെയ്‌തോളും ഏല്ലാം.

നീയൊന്ന് വെറുതെ ന്തേലും കാണിച്ചു കൂടെ അവിടെ പോയി നിന്നാൽ അമ്മയ്ക്ക് അതൊരു സന്തോഷം ആകും. ഒരു വീട്ടിലാകുമ്പോൾ സാന്നിധ്യം പോലും അമ്മയ്ക്ക് സന്തോഷം നൽകും ”

അയാൾ പറയുന്നത് കേട്ടപ്പോൾ മടുപ്പാണ് തോന്നിയത്.

“എനിക്ക് അടുക്കളപ്പണിക്കൊന്നും വയ്യ. അല്ലേലും അതിനാണോ എന്നെ ഇത്രേം പൊന്നും പണവും തന്ന് നിങ്ങടെ കൂടെ വിട്ടത്”

ചോദ്യം കേട്ട് അയാൾ പുഞ്ചിരിച്ചു.
“പൊന്നും പണവും കൂടുതൽ ഉള്ളവർ അടുക്കളയിൽ കേറാതിരിക്കാൻ പാടില്ല എന്നും ഇല്ലാട്ടോ ”

അയാളുടെ ചിരി പക്ഷെ ആ നിമിഷം പുച്ഛിക്കുന്നതായിട്ടാണ് തോന്നിയത്.

ഒരു ദിവസം പുറത്ത് പോകുമ്പോൾ അമ്മയെ കൂടെ കൂട്ടിയാലോ എന്നയാൾ ചോദിച്ചപ്പോൾ ദേഷ്യം അടക്കാൻ കഴിയുന്നില്ലായിരുന്നു

” എവിടെ പോകുമ്പോഴും അമ്മ വേണമെങ്കിൽ രാത്രി കിടക്കുമ്പോൾ നടുക്ക് കൊണ്ട് വന്ന് കിടത്തുക കൂടെ ചെയ്‌തോ. ഹോ ങ്ങനേം ഉണ്ടോ മനുഷ്യർ ”

പറഞ്ഞത് അല്പം കൂടിപ്പോയെന്ന് മനസ്സിലായത് അവന്റ കൈ കവിളിൽ പതിഞ്ഞപ്പോൾ ആയിരുന്നു.

പക്ഷെ, അതോടെ വാശി കൂടി. അച്ഛന്റെ പണവും പവറും അഹങ്കാരത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഒരു പെണ്ണിന്റ വാശി.

അന്ന് മുതൽ ആ വീട്ടിൽ അമ്മ ഉണ്ടാകുന്നതോന്നും കഴിക്കാറില്ല. പുറത്ത് നിന്ന് ഓർഡർ ചെയ്ത് വരുത്തും. റൂമിൽ ഇരുന്ന് തന്നെ കഴിക്കും.

പുറത്തിറങ്ങാനൊ ആരോടെങ്കിലും മിണ്ടാനോ തെയ്യാറായില്ല. അമ്മ പലപ്പോഴും വാതിലിൽ വന്ന് മുട്ടി വിളിക്കും.

പക്ഷെ, അവരോട് ആയിരുന്നു കൂടുതൽ ദേഷ്യം. ഒരു ശല്യം ആയാണ് തോന്നിയത്. അതെങ്ങനെ ഒഴിവാക്കും എന്ന ചിന്തയായിരുന്നു എപ്പോഴും. അതിനുള്ള വഴി അമ്മ തന്നെ ആണ് കൊണ്ടുവന്നു തന്നത്.

“രാവിലെ അമ്പലത്തിൽ പോവാൻ സ്‌കൂട്ടി ഒന്ന് എടുത്തോട്ടെ മോളെ ” എന്ന് ചോദിച്ചപ്പോൾ മൂളിയത് താല്പര്യം ഇല്ലാതെ ആണ്. പക്ഷെ പിന്നീട് തോന്നി ആ മൂളൽ എന്തായാലും നന്നായി എന്ന്.

രാത്രി എല്ലാവരും ഉറങ്ങിയെന്നു ഉറപ്പാക്കിയ ശേഷം പതിയെ പുറത്തിറങ്ങി സ്കൂട്ടിയുടെ ബ്രേക്ക് വയർ അഴിച്ചിടുമ്പോൾ ഒന്ന് ഓർത്തില്ല.. ഏല്ലാം ഒരാൾ കാണുന്നുണ്ടെന്ന്.

ആവേശവും ആരേലും കാണുമോ എന്ന ഭയവും കാരണം പെട്ടന്ന് ഏല്ലാം ചെയ്ത് ഉള്ളിലേക്ക് കയറുമ്പോൾ ഓർത്തില്ല ഉമ്മറത്തു CCTV ഉണ്ടെന്നും അത് ഭർത്താവിന്റെ മൊബൈലുമായി കണക്ടഡ് ആണെന്നും.

ദേഷ്യവും അഹങ്കാരവും തുലയ്ച്ചത് ജീവിതവും നഷ്ടപ്പെടുത്തിയത് സ്നേഹിക്കാൻ മാത്രം അറിയാവുന്ന രണ്ട് മനസ്സുകളെയും ആയിരുന്നു.

നാളെ പിരിയുകയാണ്. ഇത്ര നാൾ തോന്നാത്ത എന്തോ ഒരു സങ്കടം മനസ്സിനെ വല്ലാതെ അലട്ടുന്നു.

തെറ്റ് തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാൻ മനസ്സ് അനുവദിക്കാത്തിരുന്നതാണ് ഇവിടെ വരെ എത്തിച്ചത്. പക്ഷെ ഇനി…..

തിരിച്ചറിവ് വളരെ വൈകിയെന്ന് മനസ്സ് പറയുന്നുണ്ട്..

കഴുത്തിലെ താലി ആറ്റുവീഴുമുന്നേ ഒരിക്കൽ കൂടി സംസാരിക്കാൻ തോന്നി.

“മോളെ, അറുത്തെറിയാൻ എളുപ്പം ആണ്. ചേർത്തുപിടിക്കാനും ഉള്ളതിൽ സന്തോഷിക്കാനും ആണ് പ്രയാസം ”

അമ്മാവൻ പലപ്പോഴും പറഞ്ഞ വാക്കുകൾ ഇപ്പോൾ ശരിയാണെന്ന് തോന്നുന്നുണ്ട്.

പതിയെ ഫോൺ എടുത്ത് ചെവിയോട് ചേർത്തു. അപ്പുറത് ഒട്ടും ശാന്തമല്ലാത്ത സ്വരം കാത്തിലെത്തിയപ്പോൾ ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ മടിച്ചു.
പിന്നേ പതിയെ പറഞ്ഞു….

“മാപ്പ് !”

ഫോൺ വെക്കുമ്പോൾ ഒരു ആശ്വാസം തോന്നി. നഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ ആണ്.

പക്ഷെ, ഇപ്പോൾ മനസ്സിനൊരു സമാധാനം ഉണ്ട്. തെറ്റുകൾ മനസ്സിലാക്കാൻ മനസ്സ് പഠിക്കുന്നുണ്ട്.
ഇനി മാപ്പ് പറയേണ്ടത് ആ അമ്മയോടാണ്. വലിയൊരു സ്നേഹത്തെ ആണ് താൻ….

അമ്മയെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ പെട്ടന്ന് മൊബൈലിൽ ഇങ്ങോട്ട് വന്ന കാൾ, അത് ആ അമ്മയുടെ ആയിരുന്നു.

” അമ്മേ, സോറി…. ”

അത് പറയുമ്പോൾ ശരിക്കും കണ്ണുകൾ നിറഞ്ഞു.

” മോളെ, തെറ്റുകൾ ആർക്കും പറ്റും , അത് തിരുത്താനും മനസ്സിലാക്കാനുമുള്ള മനസ്സ് ഉണ്ടായാൽ മതി. പിന്നേ കെട്ടികൊണ്ടുവരുന്ന പെണ്ണ് അടുക്കളയിൽ ഒടുങ്ങുന്ന കാലം അല്ല ഇത്. അമ്മയ്ക്ക് അത് മനസ്സിലാക്കാൻ കഴിയും.

എന്ന് കരുതി അടുക്കളയിൽ കേറിയാൽ ഒരു കുറവും. വരാൻ പോകുന്നില്ല, അതൊരു കുറച്ചിലായി കാണുകയും വേണ്ട. നമുക്ക് വേണ്ട ഭക്ഷണം നമ്മൾ വെച്ചുണ്ടാക്കി കഴിക്കുന്നതിൽ എന്താണ് തെറ്റ്.

അതുകൊണ്ട് ഇനിയെങ്കിലും വാശിയൊക്ക കളഞ്ഞു നല്ല കുട്ടിയായി ഇരിക്കണം. ഇനി ഒരാൾ ജീവിതത്തിലേക്ക് വരുമ്പോൾ ഒരിക്കലും അതൊരു പരാജയം ആകരുത് ”

അമ്മ പറയുന്നത് കേട്ട് അവൾ ശരിക്കും ഞെട്ടി. എങ്ങനെ എങ്കിലും നഷ്ട്ടപ്പെട്ട ജീവിതം തിരികെ പിടിക്കാൻ ആണ് അമ്മയെ വിളിക്കാമെന്ന് കരുതിയത്. ആ സമയം നോക്കി അമ്മ ഇങ്ങോട്ട് വിളിച്ചിട്ട് വേറെ ജീവിതത്തെ കുറിച്ച് പറയുന്നു.

” അമ്മേ, ഞാൻ അങ്ങോട്ട് വന്നോട്ടെ…. ”

വളരെ വിനയത്തോടെ ചോദിക്കുമ്പോൾ ആണ് ആ അമ്മ ശരിക്കും ഒരമ്മയായത്.

” എന്റെ പൊന്ന് മോളെ… ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും… അതുകൊണ്ട് ഇനി ഒരു പരീക്ഷണത്തിന് അമ്മ ഇല്ല. പുകഞ്ഞത് പുറത്ത് കിടന്നാലേ ആകതു നിൽക്കുന്നവർക്ക് ഇച്ചിരി സമാധാനം കിട്ടൂ.

മോൾക്ക് നല്ലത് വരാൻ അമ്മ പ്രാർത്ഥിക്കാം … പക്ഷേ, മനസ്സിlൽ അരുതാത്ത ചിന്ത ഒന്നും വേണ്ടേ. എന്തിനാ ഈ അമ്മേടെ പ്രഷർ കൂട്ടുന്നത്. ”

അമ്മ അനുഗ്രഹം തന്ന് ഫോൺ വെച്ചപ്പോൾ ഒന്നുറപ്പായി. നാളത്തോടെ അത് തീർന്നു. ഇനി രണ്ടും രണ്ട് വഴിക്ക് തന്നെ….

ഇപ്പോൾ ഒരു കാര്യം മാത്രം ശരിക്കും മനസ്സിലായി… നൈസ് ആയിട്ട് ഒന്ന് താങ്ങാൻ വേണ്ടിയാണ് അമ്മ വിളിച്ചതെന്ന്…

അവസാനം അമ്മ പറഞ്ഞ വാചകം ഓർത്തപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ അത് ഒന്നുകൂടി ഓർത്തു…

“മോൾക്ക് നല്ലതേ വരൂ…