കറുമ്പന്റെ പെണ്ണ്
(രചന: Bibin S Unni)
” ടാ കറുമ്പാ.. ” ജന്മനാ അൽപ്പം ഇരുണ്ട തന്നെ കളിയാക്കി വിളിക്കുന്ന പേര് കേട്ട് അമ്പല കുളത്തിന്റെ കരയിലിരുന്നു അരുൺ,
അയാളെ എറിയാനായി ഒരു കല്ലുമായി തിരിഞ്ഞതും വിടർന്ന കണ്ണുകളോടെ തനിക്കടുത്തെയ്ക്കു വരുന്ന അതി സുന്ദരിയും അമ്മാവന്റെ മകളുമായ ആതിരയെ കണ്ടു ഒരു നിമിഷം അവൻ മതിമറന്നു നിന്നു…
അപ്പോഴേക്കും അവന്റെ കൈയിൽ നിന്നും ആ കല്ലുകൾ അറിയാതെ തന്നെതാഴേക്ക് വീണീരുന്നു…
” ആരാടി എന്റെ ചങ്കിനെ കളിയാകുന്നത്.. ”
അമ്പല കുളത്തിൽ കുളിച്ചു കൊണ്ടിരിന്നു അരുണിന്റെ കൂട്ടുകാരൻ അനന്ദു പുറകിലേക്ക് തിരിഞ്ഞു നോക്കി കൊണ്ടു ചോദിച്ചപ്പോഴാണ് അരുൺ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്…
അവൻ പെട്ടന്ന് അനന്ദുവിനെ നോക്കിയപ്പോഴും അനന്ദുവിന്റെ കണ്ണ് ഒരു ചിരിയോടെ തങ്ങളുടെ അടുത്തേക്ക് വരുന്ന അനിയത്തി ആതിരയിലായിരുന്നു,…
” ടി നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്.. ഇവനെ കറുമ്പാന്ന് വിളിക്കരുതെന്ന്… ”
” പിന്നെ ഈ കറുമ്പനെ കറുമ്പാന്നല്ലാതെ വെളുമ്പാന്നു വിളിക്കാൻ പറ്റുവോ…” ആതിര കളിയോടെ തന്നെ അരുണിനെ നോക്കി അനന്ദുവിനോട് ചോദിച്ചതും…
” നിനെക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ.. ”
അനന്ദു ഇതും പറഞ്ഞു അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു…
“ഹാഹ്. ഏട്ടാ… വിട് വിട്… വേദനിക്കുന്നു… ”
അനന്ദുവിന്റെ കൈയിൽ കിടന്നു ആതിര ചിണുങ്ങികൊണ്ടു പറഞ്ഞു…
” ടാ… അനന്ദു അവളെ വിട്.. ”
” അങ്ങനെ വിട്ടാൽ പറ്റില്ല ഇതിപ്പോൾ കുറെയായി ഞാനിവളോട്… ”
” ആഹ്… അതിന് ഞാൻ ചേട്ടനെയല്ലല്ലോ കറുമ്പാന്നു വിളിക്കുന്നത്.. ഈ കറുമ്പനെയല്ലേ… ”
അനന്ദുവിന്റെ കൈയിൽ നിന്നും പിടി വിട്ടവൾ കുറുമ്പോടെ പറഞ്ഞതും അത് കേട്ടു അരുൺ കുളത്തിൻ കരയിൽ നിന്നും എണീറ്റു പൊയി…
” എടി വെള്ളപ്പാറ്റേ.. നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുള്ളതാ അവനെ അങ്ങനെ വിളിക്കരുതെന്ന്.. അല്ലെ തന്നെ സ്വന്തം അച്ഛനും ചേട്ടന്മാരും പോലും അവനെ അങ്ങനെയാണ് വിളിക്കുന്നത്…
ഒരാളുടെ ശരിരത്തിന്റെ നിറം നോക്കിയല്ല മനസ്സിന്റെ നിറം നോക്കിയാണ് സ്നേഹിക്കേണ്ടത്.. അതൊന്നും നിനക്കിപ്പോൾ മനസ്സിലാകില്ല…
ഇനി എന്റെ മുന്നിൽ വെചെങ്ങാനും അവനെ അങ്ങനെ വിളിക്കുന്നത് കേട്ടാൽ സ്വന്തം പെങ്ങളാണന്നൊന്നും ഞാൻ നോക്കില്ല.. കേട്ടോടി വെള്ളപ്പാറ്റേ.. ”
ഇതും പറഞ്ഞു കൊണ്ടു അരുൺ പോയ വഴിയെ ആതിരയെ ദേഷ്യത്തോടെ നോക്കി അനന്തുവും കയറി പോയി.. അത് കണ്ടൊരു ചിരിയോടെ അവൾ അവരുടെ പോക്ക് കണ്ടു അവിടെ തന്നെ നിന്നു… ശേഷം അവളും തിരിച്ചു വീട്ടിലേക്ക് പോയി….
” ആഹ്…നീ ഇവിടെ വന്നിരിക്കുവായിരുന്നോ.. ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ചു.. ”
മഞ്ചാടി മരത്തിനു കീഴെയിരിക്കുന്ന അരുണിനെ കണ്ടു അനന്ദു ഇതും പറഞ്ഞു അവന്റെ അടുത്തേക്ക് ചെന്നിരുന്നു,
” ഇവിടെയല്ലാതെ ഞാൻ പിന്നെ എവിടെ പോകാൻ.. ”
അരുൺ, അനന്ദുവിനെ നോക്കി ഒരു വിഷാദചിരിയോടെ പറഞ്ഞു…
” എടാ നീ ഇപ്പോഴും അവൾ പറഞ്ഞത് കേട്ട് വിഷമിച്ചിരിക്കുവാണോ… അവൾ ചുമ്മാ നിന്നെ… ”
” ഏയ് എന്ത് വിഷമം… അവൾ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലല്ലോ ഈ വിളി.. അതുമല്ല ഈ കറുമ്പാ കറുമ്പാന്നുള്ള വിളി എനിക്കോർമ്മ വച്ച നാൾ ഞാൻ മുതൽ കേട്ട് തുടങ്ങിയതല്ലേ …
അതും ആദ്യം വിളിച്ചത് സ്വന്തം അച്ഛൻ തന്നെ.. അതിന് ശേഷം എന്റെ പിറപ്പുകൾ… പിന്നെ ഞാൻ കൂട്ടുകൂടാൻ ചെന്നവരെല്ലാം.. അതിന് ശേഷം സ്കൂളിൽ ചെന്നപ്പോൾ അവിടെയുള്ളവരും… എന്റെ പേരിനെക്കാൾ എന്നെ വിളിച്ച പേര് കറുമ്പാന്നല്ലേ…
അവസാനം ഞാൻ അവിടെയുള്ളത് എന്റെ ചേട്ടന്മാർക്ക് നാണക്കെടാന്നു പറഞ്ഞു എന്റെ സ്കൂളുപോലും മാറ്റി അച്ഛനന്ന്…
പിന്നെ ആകെയുള്ളോരാശ്വാസം ഈ ഇരുപത്തിയഞ്ചു വർഷമായിട്ടും കറുമ്പാന്നു വിളിക്കാത്ത കുറച്ചു പേരിൽ എന്റെ അമ്മയും ചങ്ക് പോലെ കൂടെ നടക്കുന്ന നീയും അമ്മാവനും അമ്മായിയും പിന്നെ എന്റെ ഏട്ടത്തിയും മാത്രമാണ്,
സ്വന്തം കൂടെ പിറപ്പുകൾക്കില്ലത്ത സ്നേഹം കൂടെപിറപ്പിന്റെ ഭാര്യയ്ക്കുണ്ട്… ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടടാ സീതേടത്തി എന്റെ സ്വന്തം ചേച്ചിയായിരുന്നെങ്കിലെന്നു…
അത് കൊണ്ടു തന്നെ ഈ കറുമ്പാന്നുള്ള അവളുടെന്നല്ല ആരുടെ വിളിയും എനിക്കിപ്പോളൊരു പ്രശ്നമേയല്ല… ”
അരുൺ പറഞ്ഞു…
” പിന്നെ നീയെന്താ ഇവിടെ വന്നിരുന്നത്… അല്ല എന്തെങ്കിലും സങ്കടമുള്ളപ്പോഴാണല്ലോ നീ ഇവിടെ വന്നിരിക്കുന്നത്.. ”
അനന്ദു വീണ്ടും ചോദിച്ചു…
” എടാ അത്.. നിനക്കറിയാല്ലോ… നമ്മുടെ പഠിത്തം കഴിഞ്ഞിട്ടിപ്പോൾ വർഷം രണ്ടായില്ലേ… ഇതു വരെ എനിക്കൊരു ജോലിയുമായില്ല… കൈയിലാണേൽ അഞ്ചിന്റെ പൈസയുമില്ലാ..
അതിന്റെ കൂടെ അച്ഛന്റ്റെയും ചേട്ടന്മാരുടെയും കുറ്റപെടുത്തലും പുച്ഛവും… അതിനും കാരണമുണ്ട്… എന്നേക്കാൾ പഠിപ്പിന് മോശമായ എന്റെ രണ്ടു ചേട്ടന്മാർക്കും ജോലിയായി.. ഒരുത്തന്റെ കെട്ടും കഴിഞ്ഞു അടുത്തവന്റെ കെട്ടിന്റെ കാര്യം ഇന്ന് രാവിലെ കൂടെ പറയുന്നത് കേട്ട്..
അതെല്ലാം കൂടി ആലോചിച്ചുകൊണ്ടിരുന്നപ്പോഴാ അവൾ വന്നത്… ”
ഇതും പറഞ്ഞുകൊണ്ടു അരുൺ അവിടെ കിടന്ന മഞ്ചാടികുരുക്കൾ പെറുക്കാൻ തുടങ്ങി…
” എല്ലാം ശെരിയാകുമെടാ.. ”
” ആഹ്.. അതു തന്നെയാണ് എന്റെയും ഒരാശ്വാസം… ”
പിന്നെയും കുറെ നേരം രണ്ടു പേരും അവിടെ സംസാരിച്ചിരുന്നു… നേരം സന്ധ്യയോടടുത്തതും അവർ പോകാനായി എണീറ്റു…
” ദാ ഇതു കൂടെ കൊണ്ടു പോയ്ക്കോ നീ … എന്തായാലും ഇതു കൊണ്ടൊരു പ്രേയോജനമെനിക്കില്ല… നിന്റെ കൈയിലിരിക്കട്ടേ..”
ഇതും പറഞ്ഞു തന്റെ കൈയിൽ ശേഖരിച്ച മഞ്ചാടി കുരുക്കൾ അരുൺ, അനന്ദുവിന്റെ കൈയിലേക്ക് കൊടുത്തു..
” മം.. ശെരിയന്നാൽ നാളെ കാണാം.. ”
ഇതും പറഞ്ഞു അനന്ദു അവന്റെ വീട്ടിലേക്കും അരുൺ അവന്റെ വീട്ടിലേക്കും നടന്നു… വീടിന് മുന്നിലെത്തിയപ്പോൾ അകത്തു നിന്നും അച്ഛൻറെയും അമ്മാവന്റെയും സംസാരം കേൾക്കുന്നുണ്ട്…
ഹാളിലെക്കെത്തിയതും അച്ഛനും അമ്മാവനുമൊപ്പം അവരുടെ അടുത്തായി അമ്മയും അമ്മായിയും ഏട്ടത്തിയും ഇരുപ്പുണ്ട്.. എല്ലാവരെയുമൊന്നു നോക്കി ചിരിച്ചുന്ന് വരുത്തികൊണ്ടവൻ മുകളിലെ തന്റെ റൂമിലേക്ക് ചെന്നു…
അൽപ്പ സമയം കഴിഞ്ഞതും അരുണിന്റെ ഏട്ടത്തി സീത, അവന്റെ മുറിയിലേക്ക് വന്നു അപ്പോഴേക്കും അരുൺ കുളിച്ചു ഫ്രഷായി മുറിയിലെ മേശയുടെ മുന്നിലിരുപ്പുണ്ടായിരുന്നു…
” എന്താണ് മോനെ പരിപാടി.. സ്ഥിരം പരിപാടി വര തന്നെയാണോ ഇന്നും.. ”
ഇതും പറഞ്ഞു കൊണ്ടവൾ അരുൺ പെൻസിൽ കൊണ്ടു വരച്ചു കൊണ്ടിരുന്ന അവന്റെ ഡയറി എടുത്തു…
” ഹ്മ്… ഇങ്ങനെ ഒരുത്തനെ ഞാൻ ആദ്യമായാണ് കാണുന്നത്.. ”
അവൾ ഡയറിയിലെയ്ക്ക് നോക്കികൊണ്ടു പറഞ്ഞു…
” സാധാരണ എല്ലാരും വല്ല ക്യാൻവാസിലോ… അല്ലേൽ ഡ്രോയിങ് ബുക്കിലോ ഒക്കെയാണ് വരയ്ക്കുന്നത്..
എന്നാൽ ഇവിടെ ഒരുത്തൻ വരയ്കുന്നത് മുഴുവൻ ഡയറിയിലും… അതും കുട്ടിക്കാലം മുതൽ സ്നേഹിക്കുന്ന പെണ്ണിനെ മാത്രമേ വരയ്ക്കു… എന്നാലിത് അവളെ കാണിക്കുവോ.. അതുമില്ല…”
സീത അരുണിനെ നോക്കി പറഞ്ഞതും അവൻ അവളെ നോക്കിയൊന്നു ചിരിച്ചു… അരുണിന്, ആതിരയോടുള്ള ഇഷ്ട്ടം ആകെ അറിയാവുന്നത് സീതയ്ക്കു മാത്രമാണ്…
” എടാ… നിനക്ക് ഇനിയെങ്കിലും അവളോട് തുറന്നു പറയാൻ മേലെ… കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടക്കുന്ന നിന്റെ ഈ പ്രണയം.. ”
സീത ഡയറി മടക്കി കൊണ്ടു അവനോടു ചോദിച്ചതും…
” ഒരിക്കലും സഫലമാകാത്തൊരു പ്രണയമാണ് ഏട്ടത്തി എന്റെത്, അതെനിക് നന്നായിട്ടറിയം… അത് കൊണ്ടു എന്റെ ഈ പ്രണയം ദെ ഇവിടെ… ഹൃദയത്തിന്റെ ഏറ്റവും അടിയിൽ സുരക്ഷിതമായി ഇരുന്നോട്ടെ… ”
അരുണൊരു വിഷാദചിരിയോടെ തന്റെ നെഞ്ചിലേക്ക് കൈ ചേർത്ത് കൊണ്ടു അവളോട് പറഞ്ഞു…
” അതിന് നിന്റെയിഷ്ട്ടം തുറന്നു പറഞ്ഞാലല്ലേ അറിയൂ… ”
” എന്റെ ഏട്ടത്തി ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കണ്ടാൽ, നിലവിളക്കിന്റെ അടുത്തു വച്ച കരിവിളക്ക് പോലെയാണ്…
അതും പോരാഞ്ഞു എന്നെ കണ്ട നാൾ തൊട്ട് കറുമ്പാ കറുമ്പാ എന്നല്ലാതെ അവൾ വിളിച്ചിട്ടില്ല.. അരുണെന്ന എന്റെ പേര് പോലും അവൾക്കറിയോന്ന് സംശയമാണ്.. അങ്ങനെയുള്ള അവളോട് ഞാനെങ്ങനെ എന്റെ പ്രണയം തുറന്നു പറയും…
ഇനി അഥവാ ഞാനെങ്ങാനും അവളോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ, അവളെന്നെ കളിയാക്കി കൊല്ലും… പിന്നെ അവളുടെ സ്വഭാവത്തിന് ചിലപ്പോൾ ഞാൻ ഇഷ്ടം പറഞ്ഞ കാര്യം നാടുനീളെ പറഞ്ഞു നടക്കും..
പിന്നെ ഇതും പറഞ്ഞായിരിക്കും ഏട്ടത്തിയുടെ കെട്ടിയോനുൾപടെയുള്ളവർ എന്നെ കളിയാക്കാൻ വരുന്നത്…
അതിനെക്കാളൊക്കെ എന്നെ പുറകോട്ടു വലിക്കുന്ന മറ്റൊരു കാര്യമുണ്ട് ചേച്ചി… അവളുടെ ചേട്ടൻ… ന്റെ അനന്ദു… ചങ്കിനെ പോലെ കൂടെ നടന്നവന്റെ മനസിലിരുപ്പ് ഇതാണെന്ന് അവൻ അറിഞ്ഞാൽ പിന്നെ എനിക്കവന്റെ മുഖത്തു നോക്കാൻ പറ്റുവോ…
അഞ്ചാമത്തെ വയസ് മുതൽ എന്റെ കൂടെകൂടിയവനാ അവൻ, എന്നെ കറുമ്പാന്നു വിളിക്കുന്നവരുമായി എന്നെക്കാൾ കൂടുതൽ വഴക്കുണ്ടാക്കിയത് പോലും അവനാണ് … പിന്നെ അമ്മായിയും അമ്മാവനും അങ്ങനെ… ഒത്തിരി കാര്യങ്ങലുണ്ട്… ”
അരുൺ ഇതും പറഞ്ഞൊരു വിഷാദ ചിരിയോടെ സീതയെ നോക്കി…
” ആഹ്.. അതൊക്കെ പോട്ടെ… ഞാനിപ്പോളൊരു കാര്യം പറയാൻ കൂടിയാ ഇങ്ങോട്ട് വന്നത്.. ”
സീത അവനെ നോക്കി പറഞ്ഞതും.. എന്താന്നുള്ള ഭാവത്തിൽ അരുൺ അവളെ നോക്കി…
” താഴെ നീ അമ്മാവനെയും അമ്മായിയെയും കണ്ടിരുന്നല്ലോ.. അവർ ചുമ്മാ വന്നതല്ല… ”
” പിന്നെ.. ”
….ഭാഗം രണ്ട്….
” ആതിരയെ ഇവിടുത്തെ അനിയൻകുട്ടന് വേണ്ടി ആലോചിക്കാനാ അവർ വന്നത്… ”
സീത പറഞ്ഞതും അവൻ ചെറുതായൊന്നു ചിരിച്ചു…
” നിനക്കെന്താ ഇതു കെട്ടിട്ടൊരു ഞെട്ടൽ പോലുമില്ലാത്തത്.. ”
അരുണിന്റെ മുഖത്തെ ചിരി കണ്ടു സീത അത്ഭുതത്തോടെ ചോദിച്ചു…
” ഞാനിതു പ്രതീക്ഷിച്ചതാ ചേച്ചി ”
” ഏഹ്.. ”
അരുൺ പറഞ്ഞത് കേട്ട് സീത സംശയത്തോടെ അവനെ നോക്കിയതും അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു, വേദന നിറഞ്ഞൊരു ചിരി…
” മ്മ്മ്… ചെറുപ്പം മുതലേ അവർ മുന്ന് പേരും ഒരുമിച്ചായിരുന്നു… അതിപ്പോൾ കളിക്കാനാണെലും പഠിക്കാനാണേലും സ്കൂളിൽ പോകാനാണേലും…
മറ്റെന്ത് കാര്യത്തിനായാലും, അനിലെട്ടന് അവളെന്നും അവന്റെ കുഞ്ഞി പെങ്ങൾ തന്നെയായിരുന്നു…. എങ്കിലും അവൾ എപ്പോഴും അനിയേട്ടന്റെ കൈയിൽ തൂങ്ങിയെ നടക്കു…
ഈ കറുമ്പനെന്ന വിളി കാരണം അവരുടെ കൂടാതെ.. അല്ല അവർ കൂട്ടാതെ നടന്ന എന്റെ കൂടെ ഒരു നിഴൽ പോലെ ന്റെ അനന്ദു മാത്രമെ ഉണ്ടായിരുന്നുള്ളൂ…
വളർന്നു കഴിഞ്ഞും ഈ പതിവിന് വല്ല്യ മാറ്റമൊന്നുമില്ലായിരുന്നു…. അപ്പോൾ എനിക്കങ്ങനെ തോന്നി… എങ്കിലും വെറുതെ ആശിച്ചു… ഈ പൊട്ടന് ലോട്ടറി അടിക്കുന്ന പോലെ വല്ലതും നടക്കുമൊ എന്ന്… പക്ഷെ ഇപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചു…
അത് കൊണ്ടു ആതിര എന്ന അദ്ധ്യായം ഇവിടെ അവസാനിക്കുന്നു… എന്റെ ആദ്യ പ്രണയം ചിലപ്പോൾ അവസാനത്തെതും ഈ മനസിലും എന്റെയീ ഡയറിയലുമായി എരിഞ്ഞടങ്ങട്ടെ… ”
അരുൺ സീതയുടെ കൈയിൽ നിന്നും ഡയറി വാങ്ങി അതിലവൻ വരച്ച ആതിരയുടെ ചിരിച്ചമുഖത്തിലൂടെ വിരലോടിച്ചു കൊണ്ടു പറഞ്ഞു…
” ടാ ഞാൻ സംസാരിക്കട്ടേ… അവളോട്.. ”
” എന്തിന്…
അതൊന്നും വേണ്ട ചേച്ചി…. അവള്ക്ക് എന്നെക്കൾ ചേർച്ച അനിയേട്ടൻ തന്നെയല്ലേ… ആവളുടെയൊപ്പം നിൽക്കുന്നു സൗന്ദര്യവും അവളെ പൊന്നു പോലെ നോക്കാൻ നല്ലൊരു ജോലിയും ചിലപ്പോൾ അവർക്കും പരസ്പരമിഷടമായിരിക്കും…
അതു കൊണ്ടായിരിക്കുമല്ലോ അമ്മാവനിപ്പോൾ ഇങ്ങനെയൊരു ആലോചനയുമായി വന്നത് തന്നെ…..”
” അതിപ്പോൾ അവളോട് ചോദിച്ചാലല്ലെ അറിയൂ.. ”
അരുൺ പറഞ്ഞത് കേട്ട് സീത പറഞ്ഞു…
” എന്റെ ചേച്ചി…അവരെ രണ്ടുപേരെയും കൂടി ഒരുമിച്ചു കണ്ടാലും ആരും മോശമെന്ന് പറയില്ല…
പക്ഷെ ഞാനങ്ങനെയല്ല… സൗന്ദര്യവുമില്ല… ജോലിയുമില്ലാ… ഇത് രണ്ടുമില്ലാത്തവന്… എല്ലാം സ്വപ്നം കാണാൻ മാത്രമേ പറ്റു ചേച്ചി… ഞാൻ കണ്ടതും അങ്ങനെയൊരു സ്വപ്നം തന്നെയാണ്… ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം….
ചേച്ചി പൊക്കോ.. ഞാനൊന്ന് കിടക്കട്ടെ… ”
അരുൺ അവളെ നോക്കി പറഞ്ഞതും സീത അവനെയോന്നു നോക്കി മുറിയുടെ പുറത്തേക്കിറങ്ങി…
” അതേ ഓരോന്ന് സ്വയം ആലോചിച്ചുക്കൂട്ടി നടക്കുമ്പോൾ ഒന്നൂടെ ഓർത്തോ… ആ കല്യാണം നടന്നു കഴിഞ്ഞാൽ പിന്നെ അവളുടെ വീട് ഇതായിരിക്കും… പ്രണയിനിയായി കണ്ടയാൾ സ്വന്തം വീട്ടിൽ ചേട്ടന്റെ ഭാര്യയായി കഴിയുന്നതും അവളെ ഏട്ടത്തിയായി കാണുന്നതും കൂടെയൊന്നു ചിന്തിച്ചു നോക്ക്… ”
ഇത്രയും പറഞ്ഞു ദേഷ്യത്തോടെ വാതിൽ പുറത്തു നിന്ന് വലിച്ചടച്ചു….
ദിവസങ്ങൾ പിന്നെയും പലതും കടന്നു പോയി… അതിനടിയൽ ഒരിക്കൽ പോലും അരുൺ ആതിരയുടെയോ അനന്ദുവിന്റെയോ മുന്നിലേക്ക് പോയിരുന്നില്ല…
അതിരാവിലെ എവിടെയ്ക്കോ പോകുന്നു രാത്രിയിൽ നേരം വൈകി വരുന്നു… ഇതു തന്നെയായിരുന്നു അരുണിന്റെ പതിവ്…. അനന്ദുവിന് ഒരു ജോലിയുണ്ടായിരുന്നത് കൊണ്ടു അവനും അരുണിനെ അതികം ശ്രെദ്ധിചിരുന്നില്ല…
അങ്ങനെ ഒരു ദിവസം അരുൺ വരുന്നതും നോക്കി അവന്റെ അച്ഛനുമമ്മയും അവനെ
കാത്തിരുന്നു.. പതിവുപോലെ നേരം വൈകി വന്ന അരുൺ പതിവില്ലാതെ തന്നെ നോക്കിയിരിന്ന അച്ഛനെയുമമ്മയെയും കണ്ടതും ഒന്നു പതറി…
” നീയൊന്നു നിന്നെ.. ”
അച്ഛനെ കണ്ടു മറു സൈഡിലൂടെ വീടിനുള്ളിലേക്ക് പോകാൻ നോക്കിയ അരുണിനെ അച്ഛൻ പുറകിൽ നിന്നും വിളിച്ചതും, അവൻ അവിടെ നിന്നു.
” നീയിപ്പോൾ കുറെയായി താമസിച്ചാണല്ലോ വരവ്.. അതു പോലെ രാവിലെ നേരെത്തെ പോകുന്നു…
നിന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയോട് ചോദിച്ചപ്പോൾ അവൾക്കും അറിയില്ല… അതാ പൊന്നു മോൻ വരുന്നവരെയും നിന്നെ നോക്കി ഞാനിവിടെ ഇരുന്നത്… എവിടെയ്ക്കാ നീയി പോകുന്നത്…”
” അ…തു ഞാ..ൻ ജോലി…ക്കായി… ”
അച്ഛൻ ചോദിച്ചതും അരുൺ പതറിച്ചയോടെ പറഞ്ഞു…
” എന്നിട്ട് വല്ലതും ശെരിയായോ… ”
അച്ഛൻ അവനെ നോക്കി പുച്ഛത്തോടെ ചോദിച്ചു…
” ഇല്ല നോക്കുന്നുണ്ട്.. ”
അരുൺ തല താഴ്ത്തി കൊണ്ടു പറഞ്ഞതും അതു കേട്ട് അച്ഛനെന്തോ പറയാൻ തുടങ്ങിയതും അമ്മ അയാളുടെ കയ്യിൽ പിടിച്ചു അരുതെന്ന് പറയാതെ പറഞ്ഞതും അയാൾ അവനെ നോക്കിയൊന്നു അമർത്തി മൂളി…
” നിന്റെ ചേട്ടന്റെ കല്യാണം ഞങ്ങൾ ഏകദേശം ഉറപ്പിച്ചു.. നാളെ അവനു പെണ്ണ് കാണാൻ പോകണം…
അവന്റെ മുറപ്പെണ്ണ് ആതിരയാണ് വധു … പെണ്ണിനെയും വീട്ടുകാരെയും നമ്മുക്കറിയാവുന്നവർ തന്നെയാണെങ്കിലും ചടങ്ങ് ചടങ്ങ് പോലെ തന്നെ വേണമല്ലോ…
ഈ കുടുംബത്തുന്ന് എല്ലാരും കൂടെയാണ് അവിടെയ്ക്കു പോകേണ്ടത്… അതു കൊണ്ടു നാളെ നീ മറ്റേവിടെയ്ക്കും പോകരുത്… ”
അച്ഛൻ ഗൗരവത്തോടെ പറഞ്ഞതും അതു കേട്ട് തലയാട്ടി കൊണ്ടവൻ വീടിനുള്ളിലേക്ക് കയറി…
അടുത്ത ദിവസം രാവിലെ തന്നെയവർ ആതിരയുടെ വീട്ടിലേക്ക് പോയി.. അച്ഛനും അമ്മയും അരുണിന്റെ രണ്ടു ചേട്ടന്മാരും സീതയും അരുണും കൂടെയായിരുന്നു പെണ്ണുകാണാനായി പോയത്…
അവർ ആതിരയുടെ വീട്ടിലേക്ക് ചെന്നതും അനന്ദുവും അച്ഛനും ചേർന്ന് അവരെ സ്വീകരിച്ചകത്തെക്കിരുത്തി… അവരുടെ സംസാരത്തിനൊടുവിൽ രാഘവൻ (ആതിരയുടെ അച്ഛൻ ) ആതിരയെ വിളിച്ചതും…
പഴുക്കാമഞ്ഞ കളർ ദവാണിയും കടും ചുവപ്പിൽ മഞ്ഞ പൊട്ടുകലുള്ള പട്ടുപവാടായും ബ്ലൗസുമണിഞ്ഞു… കണ്ണിൽ കരിമഷി കൊണ്ടേഴുതി നെറ്റിയിൽ ചന്ദന കുറിയും ചെറിയൊരു പൊട്ടും തൊട്ട് ഇരു കൈകളിൽ രണ്ടു വളകളുമിട്ടു… ഒരു ട്രെയിൽ വന്നവർക്കുള്ള ചായയുമായി അവരുടെ മുന്നിലേക്കവൾ വന്നു….
” മോള് തന്നെ അവനു ചായ കൊടുത്തേര്, പിന്നെ ചെറുക്കനെ ശെരിക്കു നോക്കിയെക്കണ്ണണെ… ഇനി ചെറുക്കനെ കണ്ടില്ലാന്ന് പറയരുത്.. ”
അരുണിന്റെ അമ്മ ഒരു ചിരിയോടെ പറഞ്ഞതും ആ ചിരി അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ചുണ്ടുകളിലേക്കും പകർന്നു…
പക്ഷെ അരുണപ്പോഴും തല താഴ്ത്തിയിരിക്കുവായിരുന്നു… മറ്റുള്ളവരുടെ ചിരി അവനു അരോചകമായി തോന്നി… അവിടെ നിന്നും ഇറങ്ങി പോയാലൊന്നു വരെ ഒരു വെള അവനു തോന്നി….
പക്ഷെ അങ്ങനെ ചെയ്താൽ അതിന് പുറകെ വരുന്ന ചോദ്യങ്ങളും, സ്വന്തം വീട്ടുകാരുടെ മുന്നിലും തന്നെ ഇത്രയും നാളും ചേർത്തു നിർത്തിയ അമ്മാവനോടും അമ്മായിയോടും അനന്ദുവിനോടും ചെയുന്ന ഏറ്റവും വലിയ അപാരാതമായാലോന്നോർത്ത് അവൻ അവന്റെ സങ്കടവും ദേഷ്യവും കടിച്ചു പിടിച്ചിരുന്നു…
ഓരോ നിമിഷവും അടുത്തടുത്ത് വരുന്ന അവളുടെ പാദസാരത്തിന്റെ കിലുക്കം കാതിലടിക്കുന്നതിനനുസരിച്ചു അവന്റെ ഹൃദയം ഓരോ നിമിഷവും പതിവിൽ കൂടുതൽ മടിക്കുന്നതായും തൊണ്ട വരളുന്നതായും അവനു തോന്നി,
അതോടൊപ്പം ആതിരയെ തനിക്ക് എന്നേന്നക്കുമായി നഷ്ടപെടാൻ പോകുവാണന്നുള്ള സത്യം കൂടെ അവനെ പറഞ്ഞറിയിക്കാൻ കഴിയാത്തോരവസ്ഥയിൽ കൊണ്ടു ചെന്നെത്തിച്ചു,
ഒന്നും കാണാതെയും കേൾക്കാതെയുമിരിക്കാനായി അവൻ രണ്ടു കണ്ണുകളും ഇറുക്കെ അടച്ചു…. അവൻറെ അവസ്ഥ അറിഞ്ഞന്നോണം സീതയുടെ കരങ്ങൾ അവന്റെ കൈയെ പൊതിഞ്ഞു പിടിച്ചു…
കറുമ്പന്റെ പെണ്ണ് കഥ തുടർന്നു വായിക്കുവാൻ (ഭാഗം 3, 4)