ജോണിപ്പാപ്പന്റെ കോഴി
(രചന: ശിവാനി കൃഷ്ണ)
ട്രെൻഡ്സ്ന്ന് ഒരു കൂപ്പൺ കിട്ടിയത് കൊണ്ടു അന്നാമ്മയ്ക്ക് ഡ്രസ്സ് എടുക്കാൻ പോണം ന്ന് പറഞ്ഞപ്പോ ആറ് പേരും കൂടി അങ്ങ് ഇറങ്ങി…
കാര്യം ഹോസ്റ്റലിൽ നിക്കാൻ തുടങ്ങിയിട്ട് ഒന്നര കൊല്ലമായെങ്കിലും ട്രന്റ്സിൽ പോണത് ആദ്യായിട്ടാ.. അതിപ്പോ നാട്ടിലായാലും ഇവിടെ ആയലും…
പിന്നെ കുറച്ച് പട്ടി ഷോ കാണിക്കാൻ വേണ്ടി എല്ലാരും ജീൻസും ഷർട്ടും പോണിടെയ്ലും…. മഞ്ഞ ചോപ്പ് റോസ് നീല…
അങ്ങനെ ഒരു വർണ്ണാഭമായ കാഴ്ച ഞങ്ങൾ കോളജിലെ സുന്ദരന്മാരായ ചേട്ടന്മാർക്ക് ഒരുക്കി കൊടുത്തു..sunday ഹോളിഡേ ആണെങ്കിലും ഫുട്ബോൾ ന്നും പറഞ്ഞു പോണ വഴിക്ക് കാണുമല്ലോ… ഹിഹി…
ഇനി ഹോസ്റ്റലിൽ ന്ന് അങ്ങ് stop വരെ എത്താൻ അര മണിക്കൂർ വേണം.. അപ്പോഴേക്കും ഇട്ട പൗഡർ ഒക്കെ ഒലിച്ചു പോകും..
ആ ഒരു പ്രശ്നമേ ഉള്ളു.. അതോണ്ട് ഞാൻ ന്റെ കർച്ചിഫിൽ കുറച്ച് കൂട്ടികൂറ എടുത്തു പോക്കറ്റിൽ തിരുകി വെച്ചിട്ടുണ്ട്… നമ്മളോടാ കളി…
എല്ലാരും റെഡി ആയി വന്നപ്പോഴേക്കും സംഭവം കളർ ആയിട്ടുണ്ട്… പോണ വഴിക്ക് എല്ലാരും നമ്മളെ തന്നേ നോക്കുന്നു… വൗ…ഇപ്പോ ഉള്ള ആ ഫീൽ ഉണ്ടല്ലോ.. പറഞ്ഞറിയിക്കാൻ പറ്റില്ല.. റൊമ്പ നല്ല ഫീലിംഗാ… കുളിർ കോരുത്…
തമിഴ് സീരിയൽ കണ്ട് കണ്ട് ഇപ്പോ വാ തുറന്നാൽ തമിഴ് മാത്രേ വരൂ…. താഴെ വന്നപ്പോ ദേ നിക്കുന്നു സേട്ടൻമാർ… പട്ടി ഷോ ഇടുന്നത് കൊണ്ടു വലുതായി സ്കാൻ ചെയ്യാനും പറ്റില്ല…
എങ്കിലും ഉള്ളത് കൊണ്ടു ഓണം പോലെ… അപ്പോഴല്ലേ കണ്ടത്… ഒരു വെറുവായ്ക്കൽകെട്ട അലവലാതി ഷോർട്സ് ഒക്കെ ഇട്ട് പെണ്ണുങ്ങളെ മയക്കാൻ നിക്കുന്നു…എന്റെ ഏതോ നശിച്ച നേരത്തിനു ഇങ്ങേരോട് എനിക്ക് കുറച്ച് പ്രേമം തോന്നി പോയി..
തുടക്കത്തിലേ ഞാൻ പറഞ്ഞു വേണ്ട മോളെ വേണ്ട മോളെ ന്ന്… ആനാ ഏൻ മനസ്സ് കേട്ട മാട്ടാങ്കിളെ…
കുനിഞ്ഞിട്ട് കുപ്പ എടുക്കാത്ത ഞാൻ എത്ര നേരം ആണ് ഇങ്ങേരെ കാണാൻ വേണ്ടി ജിമ്മിൽ പോയി കിടന്ന് മറിഞ്ഞതെന്ന് അറിയാവാ.. എല്ലാം എന്റെ തലവിധി…
ഇങ്ങനെ വായിനോക്കി ദിവസങ്ങൾ കടന്നു പോയപ്പോ നിക്ക് ന്റെ പ്രേമം അങ്ങേരെ അറിയിക്കാതെ വയ്യന്നായി… പോയി പറഞ്ഞു…
ഒരു ദാക്ഷിണ്യവും ഇല്ലാതെ ഇത് പ്രായത്തിന്റെ ആണ്..നീ ഇപ്പോ കുഞ്ഞാണ് ന്ന് പറഞ്ഞു വിട്ടു ആ ഊള…
നിങ്ങൾ നോക്കീട്ട് പറ.. എന്നെ കണ്ടാ കൊച്ച്കുട്ടി ന്ന് പറയോ… പോത്ത് പോലെ വളർന്നു ന്ന് അമ്മ വരെ പറയും. അപ്പോഴാ കൊച്ച് കുട്ടി പോലും… ഹും…
എന്നും വച്ചു ഞാൻ വിട്ടിട്ട് ഒന്നുമില്ല… ഇവനെ വളച്ചൊടിച്ചു കുപ്പിയിലാക്കി ആ കുപ്പിടെ വാ കെട്ടി കടലിൽ കൊണ്ടേറിയും ഞാൻ… നോക്കിക്കോ.. ഈ നിയ ആരാന്നാ ഇങ്ങേർടെ വിചാരം…
അല്ലേ… നിങ്ങൾ പറ… എന്നെ പച്ചക്ക് reject ചെയ്തിട്ട് കണ്ട പെമ്പിള്ളേർക്ക് മുന്നിൽ ഈ കുട്ടി നിക്കറും ഇട്ടോണ്ട് വന്നു ഫുട്ബോൾ കാച്ചാൻ ഇങ്ങേർക്ക് നാണമില്ലേ..
നോക്കി പേടിപ്പിക്കുന്ന കണ്ടില്ലേ… പോടാർക്കാ… ഒരു പുച്ഛവും കൊടുത്തിട്ട് ഞാൻ എന്റെ പാട്ടിനു പോയി…ബസിൽ കേറുമ്പോപോലും ഇനി എത്ര പെണ്ണുങ്ങൾ ആണോ ഇതൊക്കെ കണ്ടിട്ട് എന്റെ കഞ്ഞിയിലെ പാറ്റ ആവുന്നത് എന്ന് ഓർത്ത് തല പെരുത്ത് പോയി…
“ആ ചേട്ടൻ കൊള്ളാം ല്ലേ…”
“ആര്..?”
“അവിടെ നിന്നത്..”
“എവിടെ?”
“എടി.. നമ്മൾ സ്റ്റെപ് ഇറങ്ങി വന്നപ്പോ താഴെ നിന്നില്ലേ… പച്ച ഷോർട്സ് ഇട്ടത്..”
ഇവളും പാറ്റ ആവോ ന്റെ പൊന്നുംകുരിശ്മുത്തപ്പാ…
“ഓഹ് ഞാൻ ഒന്നും കണ്ടില്ല…”
“അയ്യടാ.. നീ നല്ലോണം വാറ്റുന്നത് ഞാൻ കണ്ട് മോളെ..”
“ആരെ.. അങ്ങേരെയോ.. ഒന്ന് പോയെടി.. ഞാൻ കണ്ടു ന്ന് ഉള്ളത് ശരി തന്നെയാ.. പക്ഷേ അവനെ ഒക്കെ വാറ്റാൻ ഞാൻ ഒന്നൂടി ജനിക്കണം… ഫ്… പാഴ്ത്തടിയും ഉരുട്ടി കേറ്റി വെച് നടക്കുവാ…”
“നിനക്ക് ന്ത്രി… നല്ല രസണ്ട്.. നിക്ക് ഇഷ്ടായി..”
“ആണോ… ന്നാ പോയി ഐ ലവ് യു പറഞ്ഞു ഉമ്മ കൊടുക്”
“എനിക്ക് കൊടുക്കാൻ ഒക്കെ തോന്നുന്നുണ്ട്…”
ശവം…. ഇവളെയൊക്കെ ഞാൻ… ദേ നിങ്ങൾ ഇപ്പോ കണ്ടതാണ് എന്റെ ഹൃദയത്തിന്റെ ഒരു അറയിൽ കുത്തിയിരിക്കുന്ന എൽസുമോൾ… ആക്രിമോൾ ന്ന് ഞങ്ങൾ വിളിക്കും… ആക്രിമോൾ ന്ന് വിളിക്കാൻ ഒരു കാരണമുണ്ട്… എവിടെ ആക്രി കണ്ടാലും അവൾ പറക്കും.. അതിപ്പോ തറയിൽ കിടക്കുന്ന ഒരു പേന ആയാലും.. മുട്ടായി തൊലി ആയാലും…
അങ്ങേരെന്റെ ഹൃദയം ഇളക്കി മറിച്ച മനുഷ്യൻ ആണെന്ന് ആദ്യമേ ഈ കുരുപ്പിനോട് പറയേണ്ടത് ആയിരുന്നു…ഇനി എന്തൊക്കെ കാണേണ്ടി വരോ ആവോ…
അങ്ങനെ അര മണിക്കൂറത്തെ ബസ് യാത്ര താണ്ടി നോം ട്രണ്ട്സിൽ എത്തിയിരിക്കുകയാണ് സൂർത്തുക്കളെ…. എന്നാ തണുപ്പാന്നെ… കുളിരുത്…മ്മ് കൊള്ളാം കൊള്ളാം…. ഇതിന്റെ ഓണറിനു വല്ല സുന്ദരന്മാരായ ആമ്പിള്ളേരും ഉണ്ടാരുന്നേൽ ഒരു ജീവിതം കൊടുക്കരുന്നു…ഹാ… അവർക്കൊന്നും യോഗം ഇല്ല…. പാവങ്ങൾ..
സെയിൽസ്മാൻമാരൊന്നും ഒരു ഗും ഇല്ല…പക്ഷേ ഡ്രസ്സ് ഒക്കെ ഒരേ പൊളി…എല്ലാടത്തും ഒരു മഞ്ഞമയം ആണ്..എസ് എൻ ഡി പി കുടുംബം ആണോ ഇനി…
ആ ഏതായാലും നമുക്ക് എന്നാ… അകത്തോട്ടു ചെന്നപ്പോ ഒരു മൊട്ടച്ചി പ്രതിമയ്ക്ക് ഒരു ഉടുപ്പ് ഇട്ട് കൊടുത്തേക്കുന്നു. എന്നാ ഗ്ലാമറാ… അതുക്കും മേലെ സുന്ദരി ആയ ഒരു പെൺകുട്ടി ഇവിടെ നിക്കുമ്പോൾ ജീവനില്ലാത്ത ഈ ശവത്തിന് ഇത്രേം നല്ല ഉടുപ്പ് ഇട്ട് നിർത്താൻ ഇവർക്ക് ഒന്നും ഉളുപ്പില്ലേ…
വില നോക്കിയപ്പോ വെറും 500… വാങ്ങിയാലോ… സന്തോഷത്തോടെ ഒന്നൂടി നോക്കിയപ്പോ ഒരു പൂജ്യം കൂടി അതിൽ തെളിഞ്ഞു വരുന്നത് പോലെ.. അത് കുത്തിനു മുന്നോ പിന്നോ… മുന്നേ മുന്നേ തന്നേ തന്നേ…5000 രൂപയോ… 5000 രൂപയ്ക്ക് എന്തോരം മഞ്ച് വാങ്ങി തിന്നാം…5000 /5=1000… ഉയ്യോ…
മഞ്ച് കൊണ്ടൊരു വീട് തന്നേ പണിയാം.. നിക്ക് വേണ്ട ഈ ഉളുത്ത ഉടുപ്പ്.. പക്ഷേ കൊള്ളാം… ഒന്ന് ഇട്ട് നോക്കാം.. ഹിഹി
“ഹോയ് ചേട്ടാ… ഇതൊന്ന് എടുത്തു തരോ..”
“ഓക്കേ മാഡം…”
മാഡമാ… എന്നെ കണ്ടിട്ട് ഇവന് രണ്ട് പെറ്റതാണെന്ന് തോന്നിയോ… നിന്റെ മൂന്നിൽ ഒന്നല്ലേ ഉള്ളുല്ലോടാ നാറി ഞാൻ…
“ദാ മാഡം.. അവിടെ ആണ് ട്രയൽ റൂം..”
വീണ്ടും മാഡമാ… പ്ഫാ പ്ഫാ പ്ഫാ… അറിവ്കെട്ട മുണ്ടം.. ഇളിച്ചോണ്ട് നിക്കുന്ന കണ്ടില്ലേ..
“മ്മ്..”
ആഹ് പോട്ടെ.. എന്റെ നല്ലമനസ്സിന് ഞാൻ നിന്നെ വെറുതെ വിട്ടു… ട്രയൽ റൂമിൽ കേറീട്ട് നിക്ക് അത് അതേ പടി എടുത്തു വീട്ടിൽ കൊണ്ടു വെയ്ക്കാൻ തോന്നി… നാല് ചുറ്റും കണ്ണാടി.. അതിൽ നിറഞ്ഞു നിൽക്കുന്ന നിയമോൾ… വൗ.. ബൂട്ടിഫുൾ… ഞാൻ ഇത്രേം ഗ്ലാമർ ആണ് ന്ന് ഞാൻ അറിഞ്ഞില്ല..
മയങ്ങിപോയി ഞാൻ മയങ്ങി പോയി
എൻ മനോഹര സൗന്ദര്യത്തിൽ
ഞാൻ മയങ്ങി പോയി… ഈ പൊന്മാൻമഞ്ഞ… ഏഹ് പൊന്മാൻനീല അല്ലേ.. ആ എന്തോ ആവട്ടെ.. ആ പുതുവസ്ത്രത്തിൽ തിളങ്ങി നിൽക്കുന്ന നോമെ കണ്ട് നോം തുള്ളിചാടി…
തുള്ളി തുള്ളി മഴയായ് വന്താലേ… ഹോയ് ഹോയ്.. ലവള്മാരെ കാണിച്ചു കുറെ ഷോ കാണിക്കാംന്ന് കരുതി പുറത്തോട്ട് ഇറങ്ങി… ഇവള്മാര് ഇതെവിടെ പോയി… നോക്കിയപ്പോ അപ്രതെ റൂമിന്ന് ഒരു കുന്ന് ഇറങ്ങി വരുന്നു…
അതിനടിയിൽ അവള്മാരും..
“എന്തുവാടീ ഇത്..”
“ചുളുവിന് കിട്ടുന്നതല്ലേ… വെറുതെ ഒന്ന് ട്രൈ ചെയ്തു നോക്കിയതാ..”
“ഇത്രേമൊ..”
“ഹിഹി… യേഷ്…”
“പ്രാന്തികൾ…”
“പോടീ..”
“ആഹ് അത് വിട്… ഇതെങ്ങനെ ഉണ്ട്… കൊള്ളാമോ..”
“ആ തരക്കേടില്ല…”
“അല്ലടീ… അവൾക്ക് വട്ടാണ്.. നല്ല രസം ഇണ്ട്..”
“അതാണ് ന്റെ അന്നാമ്മ… ഉമ്മ…”
“ആഹ് നീ ഇവിടെ ഉമ്മിച്ചോണ്ട് നിന്നോ..ഞാൻ പോണു സെലക്ട് ചെയ്യാൻ ”
“ഇതുവരെ കഴിഞ്ഞില്ലേ..”
“ഇല്ല…ഇനീം ട്രൈ ചെയ്യാനുണ്ട്..”
“ഈ കട മുടിക്കുവോടെ…”
“ആഹ് ചിലപ്പോ.. മുടിച്ചാലും നിനക്ക് ന്ത്രി കൊരങ്ങി.. നിന്റെ അമ്മായി അപ്പന്റെ കടയൊന്നുമല്ലല്ലോ..”
“ഓഹ് ചെല്ല് ചെല്ല്…”
എന്നിട്ട് കയ്യിലിരുന്ന തുണി എല്ലാം കൂടി അവിടെ കണ്ണാടിടെ മുൻപിലുള്ള പെട്ടിയിൽ ഇട്ടിട്ട് അവള്മാര് പോയി.. കണ്ണാടിയിൽ എന്നെ കണ്ട് വീണ്ടും കുളിർ കോരുന്നത് മുന്നേ ഫോൺ എടുത്തു കുറച്ച് ഫോട്ടോസ് എടുക്കാന്നു വെച്ചു…
അങ്ങനെ ഇളിച്ചോണ്ട് ഒക്കെ എടുത്തോണ്ട് നിന്നപ്പോ ദേ എന്റെ ഫ്രെയിംൽ ഒരു ബിഫ്… അല്ലല്ല..കാണ്ടാമൃഗം…ആരാ ന്ന് ചോയ്ക്ക്… ഏഹ്…. ഒരു ഒന്നൊന്നര മണിക്കൂർ മുൻപേ കുട്ടി നിക്കറും ഇട്ടോണ്ട് നിന്ന് എന്നെ നോക്കി പേടിപ്പിച്ച ആ തടിയൻ…
“ചെ… നാണമില്ലേ നിങ്ങൾക്ക്.. പെമ്പിള്ളേർ ഡ്രസ്സ് മാറുന്നിടത്താണോ കേറി വരുന്നത്..”
“അതിനിവിടെ പെമ്പിള്ളേർ ഒന്നുമില്ലല്ലോ…
ഏഹ്…
“എന്നെ നിങ്ങക്ക് എന്താ കണ്ണിൽ പിടിക്കുന്നില്ലേ..”
“അമ്പോ… നീ പെണ്ണാ…”
കളിയാക്കുന്നോ… പ്ഫാ.. നിങ്ങടെ മുപ്പത്തിനാല് പല്ലും അടിച്ചു കൊഴിച്ചു ബണിൽ കുത്തി കേറ്റി നിന്നെ കൊണ്ടു തന്നെ ഞാൻ തീറ്റിക്കും.. പറഞ്ഞേക്കാം…
“അല്ല… എന്തൊ ആവട്ടെ… ഒരാൾ ഡ്രസ്സ് മാറുന്നിടത്താണോ ഇങ്ങനെ ചോദിക്കാതേം പറയാതേം കേറി വരുന്നത്… എവിടെ ഈ ഒണക്കകടയുടെ ഓണർമാർ…അത്രയ്ക്കായാലും കൊള്ളില്ലല്ലോ..”
ഞാൻ ഇവിടെ കിടന്ന് ഒച്ച ഇട്ടിട്ട് ആരും കേക്കാത്തൊണ്ടു വാതിലിന്റെ അവിടെ ചെന്ന് നിന്ന് പുറത്ത് നിന്ന ഒരു കുരുട്ട് പയ്യനെ വിളിച്ചോണ്ട് വന്നു..
“എന്തുവാടോ ഇത്.. ഏഹ്… പെമ്പിള്ളേർ ഡ്രസ്സ് മാറുന്നിടത്ത് ഇങ്ങനെ അലവലാതികൾ കേറി വരുന്നത് നോക്കികൊണ്ട് വെറുതെ നിക്കുവാണോ…”
“മാഡം.. അത് പിന്നെ സാർ…”
“സാറോ… തെണ്ടിതരം കാണിച്ചിട്ട് ഇയാളെ സാർന്നോ…”
“അത് മാഡം.. ”
“താനിനി ഒന്നും പണയണ്ട.. എവിടെ തന്റെ മാനേജർ… വിളിക്ക് അയാളെ…”
“ഓക്കേ മാഡം..”
അങ്ങേരെ ഒന്ന് നോക്കീട്ട് ആ ചെണുക്കൻ പോയി… ഇങ്ങേർക്ക് ഒരു കുണുക്കോം ഇല്ലല്ലോ ഭഗവാനെ…
“കിണിക് കിണിക്ക്… കാണിച്ചു തരുന്നുണ്ട് നിങ്ങൾക്ക് ഞാൻ ഇന്ന്..”
“വൊ…കാണിക്ക് കാണിക്ക്..”
“ഹും…”
അപ്പോഴേക്കും മാനേജർ വന്നു… മാനേജർ ആയിട്ട് ഷർട്ട് കൊരവളവരെ കുത്തികേറ്റി ടൈയും ഇട്ട് വന്ന് നിക്കുന്നത് ആരാന്നാ… പണ്ട് എന്നെ തേച്ചൊട്ടിച്ചിട്ട് പോയ വിവരദോഷി…
ഇപ്പോ എന്ന പണ്രുത്… ആഹ്… ഐഡിയ… ഞാൻ പോയി നമ്മുടെ സുന്ദരസല്ഗുണസമ്പന്നന്റെ കൈയിൽ കൈ കോർത്തു നിന്നു.. അങ്ങേര് ആണെങ്കി ഹിന്ദി സീരിയലിലെ പെണ്ണുങ്ങളെ പോലെ കൈ വിടാൻ നോക്കുന്നു.. അടങ്ങി നിക്കഡോ അവിടെ…
“നിങ്ങളാണോ ഇവിടത്തെ മാനേജർ..”
കുറെ നാൾക്ക് ശേഷം എന്നെ കണ്ടതിന്റെ ഒരു ടെൻഷൻ ആ തെണ്ടിക്കും ഉണ്ട്..
“അ.. അതേ മാഡം…”
“താൻ എന്തിനാടോ ഇവിടെ മാനേജർ എന്നും പറഞ്ഞിരിക്കുന്നത്.. ഏഹ്.. എന്റെ ഇച്ചായന് ഒരു ഷർട്ട് വാങ്ങാൻ വന്നിട്ട് ഇവിടെ ആകെ പെണ്ണുങ്ങൾക്ക് ഉള്ള മാക്സി മാത്രേ ഉള്ളു ല്ലോ..”
“അത്…”
“എന്ത് അത് ഇത്… ഏ സി യും വെച് വല്യ കെട്ടിടം ഉണ്ടാക്കി വെച്ചേക്കുന്നു.. ന്നിട്ട് ഒരു ഒണക്കപുല്ല് പോലും ഇവിടെ ഇല്ലല്ലോ..”
“മെൻസ് സെക്ഷൻ മുകളിലാണ് മാഡം..”
“എ… എന്നാ പിന്നെ ഒരു ബോർഡ് വെച്ചൂടെ…”
“വെച്ചിട്ടുണ്ട് മാഡം..”
നാശം… ഇവനോട് ആരാ ബോർഡ് വെയ്ക്കാൻ പറഞ്ഞത്…
“ങ്ങാ.. ങ്ങാ… വാ ഇച്ചായ.. പോകാം.. ഹും”
ഞാൻ അങ്ങേർടെ കയ്യും പിടിച്ച് മോളിലോട്ട് വെച് പിടിച്ചു… ഹാവു.. ന്താ സുഖം… ആ വിനിലിന്റെ മോന്തക്ക് ഇട്ട് ഒരെണ്ണം പൊട്ടിക്കാനും കൂടി പറ്റിയിരുന്നെങ്കിൽ എന്റെ ജന്മം സഭലമീ ജീവിതം ന്ന് പാടി നടക്കാർന്നു.. അല്ല ഇങ്ങേര് ഇതെവിടെ പോവാ… ഞാൻ അയാള്ടെ മുന്നിൽ ഷോ കാണിക്കാൻ ആണെന്ന് പറയാം..
“അതേ.. ഒന്ന് നിന്നെ…എവിടെ പോണു കുണുങ്ങി കുണുങ്ങി..”
“നീ അല്ലേ മോളിൽ പോകാം ന്ന് പറഞ്ഞത്..”
“അതിന്.. ഞാൻ ചുമ്മാ പറഞ്ഞതാ..ഞാൻ പോണു..”
“ഓഹോ.. എന്നാ ഞാൻ താഴെ പോയി ആ മാനേജരെ ഒന്ന് കാണട്ടെ..”
നാശം ഇങ്ങേർക്ക് ന്തിന്റെ കേടാ..
“അയ്യേ … അതെന്തിന്… ഇവിടത്തെ ഡ്രസ്സ് ഒന്നും കൊള്ളത്തില്ല ഇച്ചായ.. അതല്ലേ”
“കുഴപ്പമില്ല.. നിക്ക് ഇവിടന്ന് മതി..”
കാലൻ… ഇങ്ങേര് വല്ലോം പോയി പറഞ്ഞാൽ പാതി സഭലമായ ന്റെ ജീവിതത്തിലെ ഉള്ള വില കൂടി പോവോല്ലോ… ഹും
“മ്മ്….”
ഒരു അഞ്ഞൂർ കുലുവ ഉണ്ട്.. അയിന് വല്ലോം കിട്ടോന്ന് നോക്കാം… നോക്കിയപ്പോ രണ്ടായിരത്തിൽ കുറഞ്ഞ ഷർട്ട് ഇല്ല.. കാൾ ന്തൊ വന്നിട്ട് അങ്ങേര് പോയപ്പഴേക്കും ഞാൻ അവിടെ നിന്ന ചേട്ടനെ വിളിച്ചു..
“ചേട്ടോ.. വേഗം 500 ന്റെ കുറെ ഷർട്ട് ഇങ് എടുക്ക്.. വേഗം വേഗം..”
“ഓക്കേ മാഡം..”
ലങ്ങേര് വരുന്നതിന് മുന്നേ രണ്ടായിരം മാറി അഞ്ഞൂറാനെ കൊണ്ടു നിറഞ്ഞു…
“ദേ ഇത് കൊള്ളാം ല്ലേ…”
അതീന്ന് ഒരു നീല ഷർട്ട് എടുത്തു ഞാൻ കാണിച്ചു…
“മ്മ്.. എന്നാ ഇത് മതി ..”
ഹാവു… ഭാഗ്യം… വെറുതെ ഒന്ന് വില നോക്കിയപ്പോ 2999…. ഞാൻ അവിടെ നിന്ന ആ കൊടവയറനെ ഒന്ന് നോക്കി.. പരട്ടകിളവൻ… ഇങ്ങേരെ ഞാൻ ഇന്ന്… ഇനി എന്ത് ചെയ്യും ഈശോയെ…
“ഇത് ബില്ല് ചെയ് ചേട്ടാ…”ന്നും കൂടി അങ്ങേര് പറഞ്ഞപ്പോ കഴുത്തിന്റെ മുന്നിൽ ആരോ കത്തി കൊണ്ടു വെച്ചത് പോലെ തോന്നി.. ഇന്നെന്തെങ്കിലുമൊക്കെ നടക്കും..
“വാ .. താഴെ പോവാം ”
ആ കിളവനെ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ട് താഴെക്ക് നടന്നു…
“പോയി ഡ്രസ്സ് മാറി വാ..”
ഹും.. എന്തിനാ ഇനി ഞാൻ മാറുന്നെ. ഇതേ പടി കുഴീലിട്ട് മൂട്… ആ വിനിലിന്റെ മുന്നിൽ നാണം കെടും ന്ന് ഓർക്കുമ്പോഴാ… പോയി ഡ്രസ്സ് മാറിയിട്ട് വന്നപ്പോഴേക്കും അങ്ങേരെ കാണാനില്ല.. ബില്ല് എന്നെ കൊണ്ടു അടപ്പിക്കാനുള്ള സൈക്കിൾ ഓടിക്കൽ മൂവ്… എന്റെ തലവിധി… ബില്ല് സെക്ഷനിൽ ചെന്നപ്പോഴേക്കും അങ്ങേർടെ ഷർട്ട് കവറിലാക്കി തന്നു..
“അല്ല.. ബില്ല് ”
“ബില്ലോ.. എന്തിനാ മാഡം.”
“എടോ ഈ ഷർട്ടിന്റെ ബില്ല്..”
“അത് സാർ വാങ്ങിയതല്ലേ മാഡം..”
“ഏത് ചാർ…അങ്ങേർക്ക് ഞാൻ വാങ്ങിയതാണ്…”
“മാഡം… ജോർജ് സാറിനു വാങ്ങിയതല്ലേ..”
ജോർജ് സാറോ… ഏഹ്..
“അതേ.. എന്ത്..”
“സാർ വാങ്ങിയതിന് എങ്ങനെ പൈസ വാങ്ങും മാഡം..”
“അതെന്ത് നിങ്ങൾ ഫ്രീ ആയിട്ട് നടത്തുന്ന shop ആണോ ഇത് ..”
“അല്ല മാഡം.. ഓണർ ന്റെ കയ്യിന്ന് തന്നെ വാങ്ങുന്നത് എങ്ങനെയാ…”
“ഓണറാ …”
“അതേ മാഡം.. മാഡം വരുമ്പോ ഇത് കൂടി തരാൻ പറഞ്ഞു.. ആ റൂമിൽ ഉണ്ട്.. അവിടേക്ക് ചെല്ലാൻ പറഞ്ഞു..”
അങ്ങേര് എടുത്തു തന്ന കവർ നോക്കിയപ്പോ ഞാൻ ഇത്രേം നേരം ഇട്ട് പട്ടി ഷോ കാണിച്ച ഉടുപ്പ്…
ആ റൂമിൽ ചെന്നപ്പോ കസേരയിൽ ഇരുന്നു കറങ്ങി കളിക്കുന്നു…
“ടോ.. ന്താ ഇത്..”
“എന്ത്..”
“ഇത് നിങ്ങടെ കടയാണോ..”
“അല്ല..”
“ഏഹ്…പിന്നെ..”
“എന്റെ അപ്പന്റെ കടയാ… ന്തേ…”
“ഒന്നുമില്ലായെ.. വെറുതെ ആളെ പൊട്ടനാക്കാൻ.. ദാ നിങ്ങടെ ഷർട്ട്… പിന്നെ നിക്ക് എന്തിനാ ഇത്..”
“നിനക്ക് ഇഷ്ടായില്ലേ..”
“എനിക്ക് വേണോങ്കിൽ ഞാൻ പൈസ കൊടുത്തു വാങ്ങിക്കോളും കേട്ടോ..നിക്ക് വേണ്ട നിങ്ങടെ ദാനം…”
ഇഷ്ടോണന്നും പറഞ്ഞു ന്റെ ഈഗോ യെ തൊട്ടു കളിയ്ക്കുന്നോ… ഹും
“അതിന് ദാനം ആണെന്ന് ആര് പറഞ്ഞു.. നീ ബില്ല് അടച്ചിട്ടു പൊയ്ക്കോ..”
“പ്ഫാ.. ഞാൻ പറഞ്ഞോ ഇതെനിക്ക് വേണം ന്ന്..”
“നീ അല്ലേ ഇത്രേം നേരം അത് ഇട്ടോണ്ട് നടന്നതും ഫോട്ടോ എടുത്തതുമൊക്കെ..”
“അയിന്… നിങ്ങൾ ഒന്ന് പോയേ.. ഒരു കൊച്ച്മുതലാളി വന്നേക്കുന്നു..ഞാൻ പോണു..”
“അങ്ങനെ അങ്ങ് പോയാലോ.. ഇതും കൊണ്ടു നീ പോയാൽ മതി..”
“എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ.. നിങ്ങളെ പോലെ തോന്നുമ്പോ തോന്നുമ്പോ പൈസ പോലും നോക്കാതെ ഓരോന്നും വാങ്ങാനും വേണ്ടി അംബാനിടെ മോൾ ഒന്നുമല്ല.. ഒരു പാവം ജോണിടെ മോളാ.. നമ്മളെ വിട്ടേക്ക്..”
“ശ്ശെടാ… വരുംകാല മരുമകൾക്ക് ഇഷ്ടപെട്ട ഡ്രസ്സ് കൊടുക്കാതെ വിട്ടാൽ അമ്മച്ചി എന്നെ വെറുതെ വിടില്ല ന്ന്… അല്ലങ്കിലും ജോണിപാപ്പനോട് ഞാൻ ന്ത് പറയും..”
“ഏഹ്…,”
“മ്മ്…ന്തേ..”
“അയ്യോ അതൊന്നും ശരിയാവില്ല ”
“അതെന്ന…”
“ഞാൻ കുഞ്ഞ് കുട്ടിയല്ലേ ആട്ടാ…”
“അത് പണ്ട്.. ഇപ്പോ ആവശ്യത്തിന് വളർന്നു..”
“ചെ.. പോടാ..”
“നിക്കടീ അവിടെ…”
“എന്തോന്ന് വേണം നിങ്ങക്ക്…
“സമയം പോലെ വീട്ടിൽ നേരത്തെ തന്നേ പറഞ്ഞേക്ക്.. നിക്ക് പിന്നെ അപ്പോ പ്രേശ്നങ്ങൾക്ക് ഒന്നും വയ്യ..”
“എന്ത് പണയാൻ..”
“നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന്..”
“ഓഹോ അങ്ങനെയാണോ.. അപ്പോ ഇച്ചായന് എന്നോട് കാതലാ..”
“മ്മ്..”
ഹും.. നിക്കുന്ന കണ്ടില്ലേ.. എന്റെ ആത്മാവിവിടെ കിടന്നു ഡാൻസ് കളിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ സൂർത്തുക്കളെ…
“ഓക്കേ.. എങ്കിൽ ആദ്യം ഞാൻ പറയുന്ന മൂന്ന് കാര്യങ്ങൾ കേൾക്കണം..”
“ആഹ് എന്നതാ.. പറ..”
“ഓക്കേ… ഒന്നാമത്തെ… ഇനി മേലാൽ കുട്ടി നിക്കറും കയ്യില്ലാത്ത ഉടുപ്പും ഇട്ടിട്ട് വീടിന്റെ വെളിയിൽ നിങ്ങൾ കാലു കുത്തിയാൽ മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും..”
“ഏഹ്..”
“ആഹ്..ഇനി രണ്ടാമത്തെ… മേക്കപ്പ് ഇട്ടതും ഇടാത്തതുമായ പല കുടുക്കപെട്ടികളും വന്നു ചിരിച്ചു കാണിക്കും.. തിരിച്ചു ചിരിച്ചു കാണിക്കാൻ വല്ലോം ഉദ്ദേശോമുണ്ടെങ്കിൽ പല്ലിടിച്ചു കൊഴിക്കും ഞാൻ..”
“ഓഹോ.. അപ്പോ മൂന്നാമത്തെയോ.. ”
“ആഹ് അതാണ് മെയിൻ…”
“എന്താ..”
“ദയവ് ചെയ്തു ജിമ്മിൽ വന്നു കിടന്ന് പേക്കൂത്ത് കാണിക്കരുത്.. നിങ്ങൾ ചെയ്യുന്നതൊക്കെ ചെയ്തു ചെയ്തു നടു ഒടിഞ്ഞു ഞാൻ ചാവാറായി… നിങ്ങൾ മറ്റേ ആ വളഞ്ഞ കുന്ത്രാണ്ടത്തിൽ ഇരുന്നു ന്തൊ ചെയ്തിലെ.. അത് copy ചെയ്തിട്ട് മൂന്ന് ദിവസമാണ് ഞാൻ നടക്കാൻ പാട് പെട്ടത്…”
“കഴിഞ്ഞോ..”
“ആഹ്..”
“എന്നാ ഇനി എനിക്ക് ഒരു കണ്ടിഷൻ ഉണ്ട്…”
“എന്ത് കണ്ടിഷൻ..”
“Course കഴിയുന്നത് വരെ രാവിലെ ക്ലാസിൽ വരുമ്പോഴും വൈകിട്ട് പോകുന്നതിനു മുൻപ് ഓരോ ഉമ്മ തരണം ”
“ഉമ്മയോ.. ഇനി രണ്ടര കൊല്ലം.. അതിൽ 30 മാസം…900 ദിവസം… അപ്പോ 1800 ഉമ്മയോ…”
“ആഹ്..”
“അതൊന്നും പറ്റില്ല ..”
“ഞാൻ വാങ്ങിക്കോളാം..”
“പോടാ…”
“നീ പോടീ വരയാലേ..”
“നീ പോടാ കോങ്കണ്ണാ…”
“നീ പോടീ തവളകണ്ണി…”
“നീ പോടാ ഒറാങ്കുട്ടാ…”
“നീ പോടീ പാഷാണത്തിൽ കൃമി..”
“ടോ തന്നേ ഞാൻ..”ന്നും പറഞ്ഞു അങ്ങേരെ കൊരവളയ്ക്ക് പിടിക്കാൻ ചെന്നപ്പോ വിനിൽ സെർ കേറി വന്നു..
അതോണ്ട് കൈ കൊരവളയ്ക്ക് തൂക്കി ഇട്ട് അങ്ങ് നെഞ്ചിൽ ചാരി നിന്നു…
“ഇച്ചായാ…ഐ ലെവ് യു.. ഉമ്മ…. ”
ഹോയ് ഹോയ് അവൻ മൂഞ്ചി പാത്ത് നിക്ക് ഡാൻസ് വന്താച്ചു… ഡിങ്ക ഡിങ്കട ഡിങ്ക ഡിങ്ക..
“എന്താ വിനിൽ…”
“സാർ… അനിയത്തി വന്നിട്ടുണ്ട്..”
“അതിനെന്താ.. അവളോട് വരാൻ പറ..”
“ഓക്കേ സാർ..”
“നിനക്ക് അനിയത്തിയും ഉണ്ടോ..”
“നീ എന്നാ…”
“അല്ല… ഇച്ചായന് അനിയത്തീം ഉണ്ടാ..”
“മ്മ്..”
ഓഹോ.. അപ്പിടിയാ… അങ്ങോട്ട് കേറി വന്ന മുതലിനെ കണ്ട് എന്റെ കിളികളെല്ലാം പറന്നു പോയാച്… കഴിഞ്ഞാഴ്ച പൊട്ടു വാങ്ങാൻ ചന്തയിൽ പോയപ്പോ അടി ആയത് ഇവളോടെ താനെ…. അയ്യോ.. തായേ.. ഓടിട്ടാങ്കിളെ..