ജീവന്റെ പാതി
(രചന: Bibin S Unni)
“ടി പാറു നിക്കടി അവിടെ…” വഴിയിലൂടെ നടന്നു പോകുകയായിരുന്ന പാർവതിയുടെ മുന്നിലേക്ക് കയറി തടസ്സമായി നിന്നു കൊണ്ടു അരുൺ പറഞ്ഞതും അവൾ മുഖമുയർത്തി അവനെയൊന്നു നോക്കി…
” എനിക്കിന്ന് രണ്ടിലൊന്നറിയണം.. ” അരുൺ അവളോട് കൈ ചൂണ്ടി പറഞ്ഞതും അതു കേട്ടു തന്റെ കൈയിലിരുന്ന പുസ്തകങ്ങളെ നെഞ്ചോടു ചേർത്തു പിടിച്ചു അരുണിനെ രൂക്ഷമയോന്ന് നോക്കി…
” നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ നോക്കരുതെന്ന്…”
അല്ലെൽ തന്നെ ഒരു വിധത്തിലാണ് ഇവൾടെ മുന്നിലിങ്ങനെ ധൈര്യം സംഭരിച്ചു നിൽക്കുന്നത്.. അതിന്റെ ഇടയിൽ കൂടെ ഇങ്ങനെ നോക്കി പേടിപ്പിച്ചാൽ ഞാനെന്ത് ചെയ്യും.. ( അവൻ മനസിൽ പറഞ്ഞു..)
” അല്ല ചേട്ടന് എന്താ അറിയേണ്ടത്.. “
അവളല്പം ഗൗരവത്തോടെ തന്നെ ചോദിച്ചു…
” വീട്ടിൽ എന്റെ അമ്മയ്ക്കു ഒരു മകളെ വേണം കൂട്ടത്തിൽ എനിക്കിനി ജനിക്കാനിരിക്കുന്ന നാലു പിള്ളേർക്ക് അവരുടെ അമ്മയെയും… ഇതിന് രണ്ടിനും നിനക്ക് സമ്മതമാണോന്നാ എനിക്കറിയേണ്ടത് … “
അരുണൊരു ചിരിയോടെ ചോദിച്ചതും അതു കേട്ടു പാറുവിന്റെ തലയിൽ നിന്നും അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നു പോയി…
” പാറു.. ടി…പാറു.. “
അന്തം വിട്ടുള്ള അവളുടെ നിൽപ്പ് കണ്ടു അരുൺ പതിയെ അവളെ തട്ടി വിളിച്ചു…
” ഏഹ്… നിങ്ങളെന്താ… ചോദിച്ചേ… “
അവൾ പെട്ടന്നൊരു തപ്പലോടെ ചോദിച്ചു…
” ആഹാ ബെസ്റ്റ്…
എടി പെണ്ണെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്… കെട്ടി കൂടെ കൂട്ടാനെനിക്ക് താല്പര്യമുണ്ട്… നിനക്ക് സമ്മതമാണോ.. “
അരുൺ വീണ്ടും ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ അവനെ കടന്നു മുന്നോട്ടു നടന്നു..
” പാറു നീ എന്തെങ്കിലുമൊന്നു പറഞ്ഞിട്ട് പോ…
കാലം കുറേയായില്ലേ ഞാനിതും ചോദിച്ചു കൊണ്ടു നിന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നു….
ഈ സമയം കൊണ്ടു ഞാൻ വേറെ വല്ല പെണ്ണിന്റെയും പുറകെ നടന്നിരുന്നെങ്കിൽ എനിക്കിപ്പോൾ പിള്ളേര് രണ്ടായാനേ “
പാറു ഒന്നും മിണ്ടാതെ പോകുന്നത് കണ്ടു അരുൺ പറഞ്ഞു… എന്നിട്ടും അവളൊന്നു തിരിഞ്ഞു പോലും നോക്കാത്തത് കണ്ടു അരുൺ നിരാശയോടെ തിരിഞ്ഞു നടന്നു…
” അതെയ്.. “
പാർവതി കുറച്ചുമുന്നോട്ടു നടന്ന ശേഷം തിരിഞ്ഞു നിന്ന് അരുണിനെ വിളിച്ചു… അതു കേട്ടതും അവൻ പാറുവിനെ തിരിഞ്ഞു നോക്കി…
” ഇനി ഇമ്മാതിരി ചോദ്യവുമായി ഈ നാട്ടിലേ ഏതെങ്കിലുമൊരു പെണ്ണിന്റെ പുറകെയേങ്ങാനും നടന്നുന്ന് ഞാനറിഞ്ഞാൽ… “
പാർവതി പറഞ്ഞത് കെട്ട് അരുൺ ഒന്നും മനസിലാകാതെ നിന്നു…
” നിങ്ങളെയും കൊല്ലും ഞാനും ചാകും… “
” ഏഹ്.. “
പാർവതി അൽപ്പം ദേഷ്യത്തോടെ പറഞ്ഞതും അതു കേട്ടു വിശ്വസിക്കാനാകാതെ അരുൺ നിന്നു…
” നിങ്ങളുടെ അമ്മയുടെ മകളാൻ, നിങ്ങൾക്ക് ജനിക്കാനിരിക്കുന്ന പിള്ളേരുടെ അമ്മയാകാൻ ഞാൻ തയാറാണെന്ന്.. “
ഇതും പറഞ്ഞു ഒരു ചിരിയോടെ അവൾ അവിടെ നിന്നും ഓടി മറഞ്ഞു…. അവൾ പറഞ്ഞിട്ട് പോയത് കെട്ട് അതീവ സന്തോഷത്തോടെ അരുണും അവളൂടെയാ പോക്ക് നോക്കി നിന്നു ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി…
” അച്ഛാ.. അമ്മയുടെ ബോഡി എടുക്കാറായിന്നു..”
അരുണിന്റെ മൂത്ത മകൻ വന്നു അവനോട് പറഞ്ഞപ്പോഴാണ് പഴയ ഓർമ്മകളിൽ നിന്നും അരുൺ ഉണർന്നത്…
തൻറെ പാറു… നീണ്ട അമ്പത് വർഷം തൻറെ പ്രാണന്റെ നിഴലായി കൂടെയുണ്ടായിരുന്നവൾ, തന്റെ ഇഷ്ടം അറിയിച്ച അതെ നാണയത്തിൽ തിരികെ ഇഷ്ടമാണെന്ന് പറഞ്ഞവൾ..
മകളൊരു അന്യ ജാതിക്കാരനെ പ്രണയിക്കുന്ന കാര്യമറിഞ്ഞു മറ്റൊരു കല്യാണം അവളെ പോലും അറിയിക്കാതെ നടത്താൻ അവളുടെ വീട്ടുകാർ നോക്കിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ മരണത്തെ കൂട്ട് വിളിക്കാൻ നോക്കിയവൾ,
അന്ന് അവളുടെ അമ്മ കണ്ടത് കൊണ്ടു മാത്രം അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു, എനിക്കായി….
അന്നവൾ പറഞ്ഞത് പോലെ എന്റെ അമ്മയ്ക്കൊരു മകളായി. എന്റെ താലിയുടെ അവകാശിയായി… എന്റെ പിള്ളേരുടെ അമ്മയായി… അവരുടെ പിള്ളേരുടെ മുത്തശ്ശിയുമായി.. ഇപ്പോഴിതാ വെള്ള പുതച്ചു പൂമുഖ വാതിലിൽ കിടക്കുന്നു…
” അതെ അരുണേട്ടാ ഇനി മുതൽ ഞാനെവിടെ പോയാലും എന്റെ കൂടെ ഏട്ടനും വരുവോ… “
കല്യാണം കഴിഞ്ഞു ആദ്യ രാത്രിയിൽ അരുണിന്റെ നെഞ്ചോടു ചേർന്നു കിടക്കുമ്പോൾ പാറു അവനോട് ചോദിച്ചു…
” അതിനെന്താ.. ഞാനെന്നും നിന്റെ കൂടെ കാണും… എവിടെ പോയാലും അതു പോരേ..”
” മ്മ്.. “
” അല്ല എന്താ ഇപ്പോൾ ഇങ്ങനെയൊരു ആഗ്രഹം.. “
” ഒന്നുല്ല.. എപ്പോഴും എന്റെ ഏട്ടൻ എന്റടുത്തു വേണമെന്നു തോന്നി.. ” അവന്റെ നെഞ്ചോടു ചേർന്നു അവനെ ഇറുക്കെ പുണർന്നുകൊണ്ടു പറഞ്ഞു..
” അപ്പോൾ പിന്നെ നീ എന്തിനാ എന്നെ കൂടെ കൂട്ടാതെ മരണത്തെ കൂട്ടുപിടിക്കാൻ നോക്കിയത്..”
” അതു… അതു പിന്നെ ഏട്ടനെ എനിക്ക് നഷ്ട പെടുമെന്ന് തോന്നിയപ്പോൾ…. എനിക്ക്… “
അരുണിന്റെ ചോദ്യത്തിന് വാക്കുകൾ കിട്ടാതെയവൾ അവന്റെ നെഞ്ചിലേക്ക് അവളുടെ മുഖമോളിപ്പിച്ചു. ആ കണ്ണുകളിൽ നിന്നും ഉതിർന്ന ചുടു കണ്ണ് നേര് അവന്റെ നെഞ്ചിലേക്ക് വീണു…
” അങ്ങനെ നീ പോയാൽ ഇവിടെ ഞാനൊറ്റയ്ക്കാകുമെന്ന് നീ ഓർത്തില്ലേ പാറു…”
അരുൺ അവളെ തന്റെ ദേഹത്തെക്ക് അടർത്തി മാറ്റി അവളുടെ മുഖം കൈയിലെടുത്തു കൊണ്ടു ചോദിച്ചു….
” അന്ന് ഞാൻ അങ്ങനെ ചെയ്യാൻ നോക്കിയത് കൊണ്ടല്ലേ.. എന്റെ ഈ ഏട്ടനെ എനിക്ക് കിട്ടിയതും ഇപ്പോൾ ഈ നെഞ്ചിൽ ചേർന്നു കിടക്കാൻ പറ്റിയതും…
അതു കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെയൊരു ആഗ്രഹഹും എനിക്കു തോന്നിയത്.. “
അരുൺ പറഞ്ഞത് കേട്ടൊരു കുറുമ്പൊടെ പാറു പറഞ്ഞതും അതു കേട്ടു അരുണിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു…
” ഇനി ഞാൻ എവിടെ പോയാലും ഏട്ടനെയും കൊണ്ടേ പോകു… അതു മരണത്തിലേക്കായാൽ പോലും…
ഏട്ടനെ വിട്ടു ഒരു നിമിഷം അകന്നിരിക്കാൻ എനിക്കിപ്പോൾ സാധിക്കുന്നില്ല.. “
പാർവതിയുടെ ചിത കത്തി അമരുമ്പോഴും അരുണിന്റെ മനസിൽ അവൾ പറഞ്ഞ വാക്കുകളായിരുന്നു…
” നീ എന്നെ ഒറ്റയ്ക്കാക്കി എങ്ങും പോകില്ലാന്നു പറഞ്ഞിട്ടും.. എന്നെ ഒറ്റയ്ക്കാക്കി പോയല്ലേ പാറു നീ.. അതും ഒരു വാക്കും പോലും പറയാതെ…. “
അരുൺ എരിയുന്ന ചിതയെ നോക്കി നിശബ്ദമായി പാറുവിനോട് ചോദിച്ചു… അടുത്ത നിമിഷം അരുൺ നെഞ്ചിലെക്ക് കൈ ചേർത്തു പിടിച്ചു അവിടെ ബോധം കേട്ടു വീണു….
അരുൺ കണ്ണുതുറന്നതും തനിക്കു മുന്നിലേക്കായി ഒരു കൈ നീണ്ടു നിൽക്കുന്നത് കണ്ടു അവൻ ആ കൈകളുടെ ഉടമയെ നോക്കി…
” പാറു..”
വെള്ള പഞ്ഞി പോലുള്ള മേഘങ്ങൾക്ക് നടുവിലായി മുഖത്തെപ്പോഴുമുള്ള അതെ ചിരിയോടെ അരുണിന്റെ സ്വന്തം പാറു… അവൾ നിറഞ്ഞ ചിരിയോടെ നീട്ടിയ കൈയിൽ അവനും ഒരു ചിരിയോടെ തന്നെ അവന്റെ കൈകളും ചേർത്തു വെച്ചു…
ഭൂമിയിൽ ഒരു നിമിഷം പോലും പിരിയാൻ കഴിയാത്തവർ മരണത്തിലും വേർ പിരിയാതെ… അപ്പോഴും അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു….
” ഏട്ടനെ വിട്ടു ഒരു നിമിഷം പോലും അകന്നിരിക്കാൻ എനിക്ക് സാധിക്കില്ല… ” പ്രണയം ചിലപ്പോൾ ഇങ്ങനെയും…