വിവാഹം കഴിഞ്ഞ അന്ന് രാത്രിയിൽ റൂമിൽ ഏട്ടനെയും കാത്തിരിക്കുമ്പോൾ ആണ്..

കൂട്ട്
(രചന: ദേവാംശി ദേവ)

“അച്ചു….സീറ്റ് ബെൽറ്റ് ഇട്…” രാജീവ് ആവർത്തിച്ച് പറഞ്ഞിട്ടും അശ്വതി അത് കേട്ടില്ല..

അവളുടെ അവസ്‌ഥ മനസ്സിലാക്കിയത് കൊണ്ട് തന്നെ രാജീവ് അവൾക്ക് സീറ്റ് ബെൽറ്റ് ഇട്ട് കൊടുത്തു.. അശ്വതി,രാജീവിനെ ഒന്ന് നോക്കിയിട്ട് സീറ്റിലേക്ക് ചാഞ്ഞ് കണ്ണുകൾ അടച്ചു..

മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കിരണിന്റെ മുഖം ആയിരുന്നു.. അവളുടെ മാത്രം കിച്ചു… മുന്നോട്ട് പായുന്ന കാറിനെകാൾ  വേഗതയിൽ അവളുടെ മനസ്സ് പിന്നിലേക്ക് പാഞ്ഞു..

ആറ് വർഷങ്ങൾക്ക് മുൻപ് ആദ്യമായി പ്ലസ് വൺ ക്ലാസ്സിലേക്ക് പോയ ദിവസം.

“അച്ചു….ടി എഴുന്നേൽക്കാൻ ..”

“കുറച്ച് കൂടി കിടന്നോട്ടേ അമ്മേ..”

“ദേ. പെണ്ണേ ആദ്യ ദിവസമെങ്കിലും നേരത്തെ സ്കൂളിലേക്ക് പോ” അമ്മ പറഞ്ഞപ്പോൾ ആണ് ഞാനും അത് ഓർത്തത്… ഇന്ന് സ്കൂൾ തുറക്കുവാണ്…

വേഗം എഴുന്നേറ്റ് കുളിച്ച്  പുതിയ യൂണിഫോമൊക്കെ ഇട്ട്  റെഡിയായി.. പൗഡറും ക്രീമും കരിമഷിയും പൊട്ടും ചന്ദന കുറിയും പെർഫ്യൂമും ഒന്നും കുറച്ചില്ല. പത്താം ക്ലാസ് വരെ ഗേൾസ് സ്‌കൂളിൽ ആയിരുന്നു… ഇനി മുതൽ മിക്സഡ് സ്കൂളിൽ ആണ്…

“കഴിഞ്ഞില്ലെടി നിന്റെ ഒരുക്കം..”

“കഴിഞ്ഞമ്മേ..”

“എന്നാൽ വന്ന് വല്ലതും കഴിക്ക്.”

“ഇനി ഇപ്പൊ കഴിക്കാൻ ഒന്നും സമയം ഇല്ല…ഇപ്പോ തന്നെ താമസിച്ചു.. വിഷ്ണു പോയോ ആവോ.”

“വിഷ്ണുവോ…അത് ആരാടി… തോന്നിവാസം കാണിച്ചാൽ അതോടെ തീരും നിന്റെ പഠിത്തം..കയ്യും കാലും തല്ലി ഒടിച്ച്  വീട്ടിനകത്ത് ഇടും.”

“എന്റെ അമ്മേ വിഷ്ണു ഒരു പ്രൈവറ്റ് ബസ് ആണ്..

രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ..
ഞാൻ പോണു….” അമ്മയോട് യാത്ര പറഞ്ഞ് ബസ്റ്റോപ്പിൽ എത്തിയതും ഒരു ജാഥയുടെ ആളുണ്ട് അവിടെ…

ബസ് വന്നതും എല്ലാവരും കൂടി ബസിനടുത്തേക്ക് ഓടി.. തീരക്കിനിടയിൽ എളുപ്പത്തിൽ കയറാനായി ബാഗ് വിൻഡോ വഴി ഇരിക്കുന്നവരുടെ കയ്യിൽ ഇട്ടു കൊടുക്കുന്നത് പതിവാണ്..

അതുപോലെ ഞാൻ ബാഗ് വിൻഡോ വഴി അകത്തേക്ക് ഇട്ടതും അതേ വേഗത്തിൽ അത് തിരിച്ചു വന്ന് എന്റെ പുറത്തേക്ക് വീണു.

ദേഷ്യത്തോടെ ഞാൻ നോക്കുമ്പോൾ അതിലും ദേഷ്യത്തോടെ എന്നെയും നോക്കി ഇരിക്കുന്ന ഒരുത്തൻ..

ഞങ്ങടെ സ്കൂളിലെ തന്നെ യൂണിഫോം ആണ്…ഇനി പ്ലസ് ടൂ ചേട്ടൻ വല്ലതും ആണെങ്കിൽ ആദ്യ ദിവസം തന്നെ നോട്ടപുള്ളി ആകേണ്ട എന്ന് കരുതി അവനെ പറയേണ്ടതൊക്കെ മനസ്സിൽ പറഞ്ഞു തീർത്തു..

സ്കൂളിൽ എത്തി ക്ലാസ് കണ്ടുപിടിച്ച് നമ്മുടെ പ്രിയ സ്ഥലം ആയ ബാക്ക് ബെഞ്ചിൽ ചെന്നിരുന്നു..
കൂടെ പഠിച്ച കുട്ടികളൊക്കെ ഉണ്ടായിരുന്നതിനാൽ അപരിചിതത്വം തോന്നിയില്ല.. ക്ലസ്സ് തുടങ്ങാനുള്ള ബെൽ അടിച്ചപ്പോൾ ആണ്  ബസിൽ വെച്ച് കണ്ട ആ സാധനം ക്ലാസ്സിലേക്ക് വരുന്നത് കണ്ടത്.

വന്നയുടനെ ബേക്ക് ബെഞ്ചിൽ പോയി ചുമരും ചാരി ഇരുന്നു.. ടീച്ചർ വന്ന് എല്ലാവരോടും സ്വയം പരിചയപ്പെടുത്താൻ പറഞ്ഞപ്പോൾ

“ഞാൻ കിരൺ” എന്ന് മാത്രം പറഞ്ഞ് ഇരുന്ന അവനെ ഒരു പുച്ഛത്തോടെ ആണ്  ഞാൻ നോക്കിയത്..

“അഹങ്കാരം പിടിച്ചവൻ..”  ഞാൻ മനസ്സിൽ പറഞ്ഞു. പിന്നീട് ഓരോ ദിവസവും ഞാൻ പോലും അറിയാതെ  കിരണിനെ ശ്രെദ്ധിച്ചു തുടങ്ങി..
ശ്രെദ്ധിക്കാൻ മാത്രം കാര്യങ്ങൾ ഉണ്ടായിരുന്നു..

അടുത്തിരുന്ന കുട്ടികളോട് പോലും കിരൺ മിണ്ടില്ലായിരുന്നു..ക്ലാസ്സിൽ ശ്രെദ്ധിക്കില്ല..ടീച്ചർ ചോദിക്കുന്ന ഒരു ചോദ്യത്തിന് പോലും ഉത്തരം പറയില്ല.. എങ്കിലും മിക്ക ദിവസവും അവൻ ക്ലാസ്സിൽ വരും..

ഒരു ശനിയാഴ്‌ച വല്യമ്മയുടെ വീട്ടിൽ പോയപ്പോൾ അടുത്ത് പുതിയ വീട് പണിയുന്നിടത്ത് ജോലി ചെയ്യുന്ന കിരണിനെ കണ്ടപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു…എന്നാൽ അവന്റെ മുഖത്ത് പരിചയ ഭാവം പോലും ഇല്ല.. തിങ്കളാഴ്ച ക്ലാസ്സിൽ വന്നപ്പോൾ ഞാൻ ആദ്യമായി അവനോട് മിണ്ടി…

“താൻ പണിക്ക് പോവോ..”

“തന്റെ കണ്ണിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ..ഞാൻ പണിക്ക് നിൽക്കുന്നത് താൻ കണ്ടതല്ലേ പിന്നെ എന്തിനാ ചോദിക്കുന്നെ…”

ഗൗരവത്തോടെയുള്ള അവന്റെ മറുപടി കേട്ടപ്പോൾ തന്നെ തൃപ്തിയായി.. അന്ന് ഇംഗ്ളീഷ് ടീച്ചർ ഹോംവർക്ക് ചോദിച്ചപ്പോൾ ആണ് ചെയ്തില്ല എന്ന കാര്യം ഓർത്തത്… രണ്ട് ദിവസം വല്യമ്മയുടെ വീട്ടിൽ അടിച്ചുപൊളിച്ചപ്പോ അത് അങ്ങ് മറന്നു പോയി.

ഹോംവർക്ക് ചെയ്യാത്തവർ പുറത്ത് പോകാൻ പറഞ്ഞപ്പോൾ ഞാനും കിരണും മാത്രമേ ഉണ്ടായിരുന്നുള്ളു.. ഒരു കൂസലും ഇല്ലാതെ പുറത്തേക്ക് ഇറങ്ങി പോയ കിരണിന്റെ പുറകെ ഞാനും ഇറങ്ങി…

“താൻ എന്താ ഹോംവർക്ക് ചെയ്യാത്തത്…”
കിരൺ ചോദിച്ചു..

“ഞാൻ മറന്നുപോയി.. താനോ..”

“എനിക്ക് പഠിച്ച് ഒരുപാട് മാർക്ക് വാങ്ങണം എന്ന് ആഗ്രഹം ഒന്നും ഇല്ല..”

“പിന്നെ താൻ എന്തിനാഡോ സ്കൂളിൽ വരുന്നത്..”

“പ്ലസ് ടൂ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഗൾഫിൽ കൊണ്ട് പോകാം എന്ന് ഒരു ചേട്ടൻ  പറഞ്ഞിട്ടുണ്ട്..”

“ജയിക്കണ്ടേ…”

“അതൊക്കെ ഞാൻ ജയിക്കും.”

“താൻ പണിക്ക് പോകുന്നതിൽ വീട്ടുകാർക്ക് പ്രശ്നം ഒന്നും ഇല്ലേ…”

അതിന് അവൻ കുറച്ചു നേരം ഒന്നും പറഞ്ഞില്ല..

“ചോദിക്കാനും പറയാനും എനിക്ക് ആരും ഇല്ല.. അമ്മ മരിച്ചുപോയി..അച്ഛൻ വേറെ വിവാഹാം കഴിച്ചു..”

“അപ്പൊ വീട്ടിൽ ഇപ്പോ ആരൊക്കെ ഉണ്ട്?”

“എന്നെയും ചേട്ടനെയും നോക്കിയത് അമ്മുമ്മയാണ്.രണ്ട് കൊല്ലം മുമ്പ് അമ്മുമ്മയും മരിച്ചു… ഇപ്പൊ ചേട്ടൻ വിവാഹം കഴിച്ചു… ചേട്ടത്തിയും കുഞ്ഞും ഉണ്ട്.”

വളരെ നിസ്സാരം ആയി ആണ് അവൻ അത് പറഞ്ഞ് നിർത്തിയതെങ്കിലും പിന്നെ അന്ന് അവൻ ക്ലാസ്സിൽ കയറിയില്ല. പിറ്റേ ദിവസം ബസ് വന്നപ്പോൾ വിൻഡോ വഴി ഒരു കൈ എനിക്ക് നേരെ നീണ്ടു..

കിരൺ.. “ബാഗ് താ..” ഞാൻ ബാഗ് കൊടുത്തു.. ബസ്സിറങ്ങിയിട്ടും സ്കൂളിലേക്ക് എന്നോടൊപ്പം ആണ് വന്നത്.

“താൻ എന്താ ഇന്നലെ ക്ലാസ്സിൽ കയറാത്തത്.”

“ഒരു മൂടില്ലാത്തത് കൊണ്ട്”

പിന്നീട് അങ്ങോട്ട് കിരണിനോട് ചെന്ന് സംസാരിക്കുന്നത് ഞാൻ പതിവാക്കി.. ഒന്നോ രണ്ടോ വാക്കിൽ മറുപടി തരും..

ക്ലാസ്സിൽ അവനോട് സംസാരിക്കുന്ന ഏക കുട്ടിയും അവൻ സംസാരിക്കുന്ന ഏകകുട്ടിയും ഞാൻ ആയി.. പതിയെ ഞങ്ങളുടെ സൗഹൃദം വളരുകയായിരുന്നു.. എല്ലാമാസവും പതിവായി വിരുന്നെത്താറുള്ള വയറുവേദന കാരണം ടീച്ചറിനോട് പെർമിഷൻ വാങ്ങി ഉച്ചക്ക് വീട്ടിലേക്ക് പോകാൻ ഇറങ്ങിയ ദിവസം.

“താൻ ഇന്ന് നേരത്തെ പോവാണോ?”

“നല്ല തലവേദന… ടീച്ചറിനോട് പറഞ്ഞപ്പോ പൊക്കോളാൻ പപറഞ്ഞ് ഞാൻ ബാസ്റ്റോപ്പിലെക്ക് നടക്കുമ്പോൾ പുറകെ കിരണും ഉണ്ടായിരുന്നു..

“താൻ ക്ലാസ്സിൽ കയറുന്നില്ലേ..”

“തനിക്ക് സുഖം ഇല്ല എന്നല്ലേ പറഞ്ഞെ…
ഒറ്റക്ക് പോകണ്ട..ഞാനും വരാം.”

അന്ന് വീട് വരെ അവനും വന്നു.. എത്ര വിളിച്ചിട്ടും വീട്ടിൽ കയറിയില്ല.. ഒരു ദിവസം ക്ലാസ്സിൽ വന്ന കിരൺ എനിക് കുറച്ച് കുപ്പിവളകൾ കൊണ്ടു തന്നു..

“ഇന്നലെ ഞങ്ങളുടെ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു.. കൂട്ടുകാർ എല്ലാം അവരുടെ ചേച്ചിമാർക്കും അനിയത്തിമാർക്കും ഒക്കെ വാങ്ങി..
എനിക്ക് വാങ്ങി കൊടുക്കാൻ ആരും ഇല്ല .
അപ്പോഴാ തന്നെ ഓർമ വന്നത്.. അതുകൊണ്ടാ വാങ്ങിയത്.”

“കിരണിന് ഏടത്തിയുണ്ടല്ലോ.”

“എങ്ങനെ എന്നെ പുറത്താക്കി ചേട്ടനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകാം എന്ന് ചിന്തിച്ചു നടക്കുന്ന അവർക്ക് തന്നെ വാങ്ങി കൊടുക്കണം.”

അവൻ വളകൾ ഡെസ്കിലേക്ക് വെച്ച് ദേശ്യത്തോടെ പുറത്തേക്ക് നടന്നു.. ഞാൻ ആ വളകൾ എടുത്തിട്ട് അവന്റെ അടുത്തേക്ക് ചെന്നു..

“കിച്ചു…” അവൻ അത്ഭുതത്തോടെ എന്നെ തിരിഞ്ഞു നോക്കി…

“താൻ എന്താ എന്നെ വിളിച്ചത്..”

“കിച്ചൂന്ന്…ന്തേ..ഇഷ്ടായില്ലെ.”

“എന്റെ അമ്മ മാത്രമേ എന്നെ അങ്ങനെ വിളിച്ചിട്ടുള്ളൂ..”

“എന്ന ഇനി ഞാനും വിളിക്കും..നീ എന്നെ അച്ചുന്ന് വിളിച്ചോ..” ഞാൻ വളയിട്ട കൈ അവനു മുന്നിൽ കിലുക്കി കൊണ്ട് ഞാൻ പറഞ്ഞു.

ക്ലാസ്സിലും സ്കൂളിലും പലർക്കും അസൂയ തോന്നുന്ന സൗഹൃദം ആയി ഞങ്ങളുടെ സൗഹൃദം വളർന്നു. പലരും ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നുപോലും പറഞ്ഞു.

ഞങ്ങൾ അതൊന്നും കാര്യം ആക്കീല..
ഞങ്ങളെ ഞങ്ങൾക്ക് അറിയാം. എല്ലാ ശനിയും ഞായറും അവൻ എന്തെങ്കിലും പണിക്ക് പോകും. തിങ്കളാഴ്ച ക്ലാസ്സിൽ വരുമ്പോൾ എനിക്ക് ആയി എന്തെങ്കിലും വാങ്ങിച്ചിട്ട് വരും..

അവന്റെ ഹോംവർക്കും റെക്കോഡും ഒക്കെ എഴുതുന്നത് ഞാൻ ആയിരുന്നു.. പ്ലസ് ടു വിലെ അവസാന പരീക്ഷയും കഴിഞ്ഞ് പിരിയുമ്പോൾ ഞാൻ നീട്ടിയ ഓട്ടോഗ്രാഫ് ബുക്കിൽ അവൻ ഒന്നും എഴുതിയില്ല..

“ഇതൊക്കെ എന്തിനാ അച്ചു…നമ്മൾ തമ്മിൽ പിരിയില്ലല്ലോ..”.

അവൻ അത് പറയുമ്പോൾ എനിക്കും തോന്നി അത് ശരിയാണെന്ന്… വെക്കേഷൻ സമയത്ത് അച്ഛന്റെ ഫോണിൽ നിന്നും ഇടക്ക് അവനെ വിളിക്കും. റിസൾട്ട് വന്നപ്പോൾ രണ്ടു പേരും ജയിച്ചു.. ആ സന്തോഷം അറിയിക്കാൻ അവനെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.. പലവട്ടം ശ്രമിച്ചെങ്കിലും കിട്ടിയില്ല..

ദിവസങ്ങൾ കടന്ന് പോയി .ഞാൻ ഡിഗ്രിക്ക് ചേർന്നു.. പുതിയ സൗഹൃദങ്ങൾ പലതും എന്നിലേക്ക് വന്നെങ്കിലും കിച്ചു എന്നും ഒരു നോവായി എന്നിൽ ഉണ്ടായിരുന്നു..

ഡിഗ്രി കഴിഞ്ഞതും വീട്ടിൽ വിവാഹം ആലോചിച്ച് തുടങ്ങി… രാജീവേട്ടനുമായുള്ള വിവാഹം കഴിഞ്ഞ അന്ന് രാത്രിയിൽ റൂമിൽ ഏട്ടനെയും കാത്തിരിക്കുമ്പോൾ ആണ് മേശപ്പുറത്ത് ഇരിക്കുന്ന ഗിഫ്റ്റുകൾ കണ്ടത്.. അത് ഒരോന്നായി പൊട്ടിച്ചു നോക്കുമ്പോൾ ആണ് കിച്ചുവിന്റെ ഗിഫ്റ്റ് കണ്ടത്…ഒരു കൃഷ്ണനും രാധയും.. കൂടെ ഒരു എഴുത്തും.

‘എന്റെ അച്ചുവിന്… ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ.
കിച്ചു..”

അതും നെഞ്ചോട് ചേർത്ത് വെച്ച് കരയുമ്പോൾ ആണ് രാജീവേട്ടൻ വന്നത്..

“എന്താടോ… എന്തിനാ താൻ കരയുന്നത്.”

എല്ലാ കാര്യങ്ങളും രാജീവേട്ടനോട് പറയുമ്പോൾ…

“എവിടെ ആണെങ്കിലും തന്റെ ഫ്രൻഡിനെ ഞാൻ കണ്ടു പിടിച്ചു തരും “എന്ന് രാജീവേട്ടൻ വാക്ക് തരുമ്പോഴും എനിക്ക് പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു..

രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസം കിച്ചുവിനെ കാണാൻ പോകാൻ  റേഡിയാകാൻ  പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്… രജീവേട്ടനോടൊപ്പം കാറിൽ പോകുമ്പോഴും വാ തോരാതെ ഞാൻ കിച്ചുവിനെ കുറിച്ച് പറഞ്ഞു കൊണ്ടെ ഇരുന്നു. കാർ ചെന്ന് നിന്നത് ഒരു ഹോസ്പിറ്റലിൽ ആണ്..

“നമ്മൾ എന്താ രാജീവേട്ട ഇവിടെ… കിച്ചുവിനെ കാണണ്ടേ.”

“താൻ വാ..” രാജീവേട്ടൻ എന്നെയും കൂട്ടി ഡോക്ടറുടെ റൂമിലേക്ക് പോയി..

“ഡോക്‌ടർ..”

“ആ…രാജീവ് വരു… ഇതാണ് അല്ലെ അശ്വതി..”

“അതേ ഡോക്ടർ.”

“താൻ കാര്യങ്ങൾ പറഞ്ഞോ.”

“ഇല്ല…ഡോക്ടർ തന്നെ പറയുന്നത് ആണ് നല്ലത്.”

“ങും… അശ്വതിക്ക് കിച്ചൂനെ കാണണ്ടേ…”.

“ഉവ്വ്…അവൻ എവിടെ ഉണ്ട്..”

“കിച്ചു ഇവിടെ ഉണ്ട്… അശ്വതിക്ക് കാണാം..പക്ഷെ അതിനു മുൻപ് താൻ കുറച്ച് കാര്യങ്ങൾ അറിയണം .” ഞാൻ ഒന്നും മനസ്സിലാവാതെ രാജീവേട്ടനെയും ഡോക്ടറേയും മാറി മാറി നോക്കി.

“അശ്വതി…. കിരൺ കഴിഞ്ഞ നാല് വർഷം ആയി എന്റെ പേഷ്യൻറ് ആണ്.”

“പേഷ്യന്റോ..എന്താ അവന്റെ അസുഖം.”

“കാൻസർ….

കിരൺ ഒരു കാൻസർ പേഷ്യൻറ് ആണ്..” വല്ലാത്തൊരു മരവിപ്പോടെ ആണ് ഞാൻ അത് കേട്ടിരുന്നത്..

“ജീവിതത്തിലേക്ക് ഒരു തിരിച്ച് വരവ്  കിരണിന് ഇനി ഉണ്ടാവില്ല…കൂടി പോയാൽ ആറ് മാസം.
ഞങ്ങൾ അത് അയാളോട് പറഞ്ഞിട്ടില്ലെങ്കിലും അയാൾക്ക് അത് അറിയാം…. എങ്കിലും കിരണിന്റെ മുന്നിൽ അത് അറിഞ്ഞതായി അശ്വതി പെരുമാറരുത്.”

ഡോക്ടർ പറഞ്ഞുതീർന്നതും ഒരു പൊട്ടികരച്ചിലൂടെ ഞാൻ താഴേക്ക് ഇരുന്നു. എന്നെ ചേർത്ത് പിടിച്ച് കൂടെ രാജീവേട്ടനും. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല.

“കിച്ചൂനെ കാണണ്ടേ..” രാജീവേട്ടന്റെ ശബ്ദം ആണ് എന്നെ ഉണർത്തിയത്…

“വേണം.”

രാജീവേട്ടനോടൊപ്പം കിച്ചുവിന്റെ അടുത്തേക്ക് നടന്നു.. അത് എന്റെ കിച്ചു ആണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം ആയിരുന്നു.. കണ്ണെല്ലാം കുഴിഞ്ഞ് മുടിയെല്ലാം പോയി ക്ഷീണിച്ച ഒരു രൂപം..

“ടാ കിച്ചു…”

“അച്ചു… നിന്നോട് ആരാടി  ഇങ്ങോട്ട് വരാൻ പറഞ്ഞെ…നിന്നെ കാണാതിരിക്കാൻ അല്ലെ ഞാൻ ഒളിച്ചു നടന്നത്.” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നിനക്ക് എന്നെ കാണണ്ടായിരിക്കും പക്ഷെ എനിക്ക് നിന്നെ കാണണം.. അതാ വന്നത്..” ഞാൻ അവന്റെ അടുത്തേക്ക് ചെന്നിരുന്നു.

പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു… സെക്കന്റുകൾ മിനിറ്റുകളായും മിനിറ്റുകൾ മണിക്കൂറുകളായും മാറി.. എല്ലാം കണ്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ രാജീവേട്ടൻ നിന്നു..

“എന്നാൽ ഞാൻ പോട്ടെ.. പിന്നെ വരാം.”

“പൊക്കോ…പക്ഷെ വരണ്ട…”

“ഞാൻ വരും.”

“എങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും.”

“ശരി.. ഞാൻ വരില്ല..പക്ഷെ എന്നും ഫോൺ ചെയ്യും.സമ്മതം ആണോ..”

“ങും.”

അവൻ ഒന്ന് മൂളിയതേ ഉള്ളു.. പിന്നെ എല്ലാ ദിവസവും ഞാൻ അവനെ വിളിക്കും.. കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ പോലും പറയും.. ആറുമാസം വളരെ വേഗം കടന്ന് പോയി.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവന്റെ ഫോൺ ഓഫ്‌ ആണ്..

എനിക്കെന്തോ വല്ലാത്ത പേടി തോന്നി..
രാജീവേട്ടനോട് പറഞ്ഞപ്പോൾ അല്പം തിരക്കാണ് അത് കഴിഞ്ഞ് അവനെ പോയി കാണാം എന്ന് പറഞ്ഞു.. ഇന്ന് നേരത്തെ വീട്ടിൽ എത്തിയ രാജീവേട്ടൻ എന്നോട് കിച്ചുവിനെ കാണാൻ പോകാൻ റേഡിയാകാൻ പറഞ്ഞു..

“രാജീവേട്ട എന്റെ കിച്ചു….”

“താൻ റെഡിയാക് നമുക്ക് പോകാം.”

ഒടുവിൽ ഞാൻ പേടിച്ച ആ ദിവസം എത്തിയിരിക്കുന്നു… ഇന്റെ കിച്ചു,എന്നെ വിട്ട് പോയി…

കാർ നിന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്..

“ഇറങ്ങ്.”

“വേണ്ട രാജീവേട്ട…എനിക്ക് കാണണ്ട..”

“താൻ എന്താ പറയുന്നേ..ഇതുവരെ വന്നിട്ട് കാണണ്ടാന്നോ..” രാജീവേട്ടൻ തന്നെ എന്നെ കാറിൽ നിന്നും പിടിച്ചിറക്കി… ഏട്ടനോടൊപ്പം കിച്ചുവിനടുത്തേക്ക് നടക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..

“അശ്വതി….” വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി..
ഡോക്ടർ ആണ്..

“എന്തുപറ്റി.. എന്തിനാ അശ്വതി കരയുന്നെ..”

“ഡോക്ടർ എന്റെ കിച്ചു…”

“തന്റെ കിച്ചു ദേ നിൽക്കുന്നു..” അദ്ദേഹം പുറത്തെ പൂന്തോട്ടത്തിലേക്ക് വിരൽ ചൂണ്ടി..

എന്റെ കിച്ചു… എന്റെ പഴയ കിച്ചു…

“തന്റെ കിച്ചു തന്നെ വിട്ട് ഒരിടത്തേക്കും പോയിട്ടില്ല.. ഇനി പോവുകയും ഇല്ല.. അയാൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നത് തന്നെ ഞങ്ങൾക്ക് അത്ഭുതം ആണ്… ഒരുപക്ഷേ അതിനു കാരണം അയാൾ ഈ ലോകത്ത് ഏറ്റവും ഇഷ്‌ടപ്പെടുന്നതും വിലമതിക്കുന്നതും ആയ നിങ്ങളുടെ സൗഹൃദം തന്നെ ആകാം..”

ഇപ്രാവശ്യം എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയത് സന്തോഷം കൊണ്ടായിരുന്നു. ഞാൻ രാജീവേട്ടനെ നോക്കി…

“കിച്ചു പറഞ്ഞിട്ടാണ് ഇങ്ങനെ ഒരു സർപ്രൈസ് തന്നത്..എന്നെ കൊല്ലരുത്..”.ഏട്ടനെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് ഞാൻ കിച്ചുവിനടുത്തേക്ക് നടന്നു..

“കിച്ചു…” ഇരു കൈകലിലും നിറയെ പൂക്കളുമായി അവൻ എന്റെ അടുത്തേക്ക് വന്ന് അത് എനിക്ക് തന്നു..

“ജീവിതത്തിലേക്ക് തിരിഞ്ഞു നടന്നു തുടങ്ങി എന്ന് അറിഞ്ഞപ്പോൾ മുതൽ ഞാൻ നാട്ടുവളർത്തിയതാണ് ഇതൊക്കെ..നിനക്ക് തരാനായി…

സൗഹൃദം എന്തെന്നും അതിന് ജീവന്റെ വിലതന്നെ ഉണ്ടെന്നും എന്നെ പഠിപ്പിച്ച പ്രിയ സുഹൃത്തിന് എന്റെ സമ്മാനം..” ഒരിക്കലും മായാത്ത ഞങ്ങളുടെ സൗഹൃദത്തിന്റെ മഴവില്ലിന് വീണ്ടും ഭംഗി കൂടുന്നത് ഞങ്ങൾ അറിഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *