ഒരുപാട് കാത്തിരുന്ന ആദ്യരാത്രിയിൽ അത്രേം ദിവസം ഫോണിൽ പോലും പറയാതിരുന്ന..

കുശുമ്പിപെണ്ണ്
(രചന: അനൂപ് കളൂർ)

“മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞു വന്നാൽ തിളച്ചവെള്ളം എടുത്ത് തലയിൽ ഒഴിക്കും ഞാൻ”

“അതുപിന്നെ മോളെ ഞാൻ “

“ഒരു പിന്നെയും ഇല്ല ,പൊക്കോണം ഇവിടുന്ന് കുടുംബം കലക്കാൻ ഓരോന്ന് വന്നോളും ,നിങ്ങള് പോയേ ഷീബേച്ചീ”

അയൽക്കാരി തലയും താഴ്ത്തി പോവുന്ന നേരത്താണ് അമ്മയുടെ വരവ്… “എന്തിനാ മോളെ ആ പാവത്തിനെ ചീത്ത പറഞ്ഞത് നിങ്ങൾ രണ്ടും ജോലിക്ക് പോയാൽ,  എനിക്ക് അത് വല്ലപ്പോഴും വരുന്നതാണ് ഏക നേരം പോക്ക്”

” പിന്നേ.. ദേ അമ്മേ വേണ്ട ട്ടോ, നമ്മൾ ഇവിടെ അമ്മായി അമ്മയും മരുമോളും ആയല്ലല്ലോ, അമ്മയും മകളും ആയല്ലേ കഴിയുന്നത്, അതിനിടക്ക് പരദൂഷണവും കൊണ്ട് വന്നാൽ പിന്നെ ഞാൻ എന്തുചെയ്യണം അമ്മ പറ”

“അതൊരു പാവം ആണ്… ഒരു ചെവിയിൽ കേട്ടു മറ്റേ ചെവിയിൽ അങ്ങു വിട്ടേക്കടി പെണ്ണേ,അത്രേ ഉള്ളു.”

അമ്മയും മോളും അടുക്കളയിൽ അവധി ദിനത്തിലെ സ്‌പെഷ്യൽ പാചകത്തിൽ ആണ്,അമ്മ ഒന്നകത്തോട്ട് പോയപ്പോ ഷീബേച്ചി എന്തോ അമ്മയുടെ കുറ്റം പറഞ്ഞതാണ് സംഭവം.

ഇത്രേം നേരം ഇതൊക്കെ ബെഡ് റൂമിൽ നിന്നും കേട്ട ഞാൻ ഇളിച്ചും കൊണ്ട് അടുക്കളയിൽ പതുക്കെ വലിഞ്ഞു കയറി,

“ദിവ്യപെണ്ണേ ഇന്ന് എന്താ സ്‌പെഷ്യൽ”

“ബാറിൽ പോയി ചോദിക്കായിരുന്നില്ലേ രാജാവിന്… തല പൊങ്ങിയോ ഇത്രേം നേരത്തെ തന്നെ”

“സോറിടാ ഇന്നലെ എന്തോ,  കഴിച്ച ഭക്ഷണം പിടിച്ചില്ല അതാ”

“ചുമ്മാ ഏതേലും ബാറിൽ  പോയി ബീയറും അടിച്ചിട്ട് നട്ട പാതിരായ്ക്ക് കേറി വന്നോളും വാള് വെക്കാൻ. ഹും… “

“ടീ… അമ്മ കേൾക്കും പതുക്കെ പറ”

“ഓഹ്… അമ്മയൊക്കെ അറിഞ്ഞു, കേൾക്കാൻ ഒന്നൂല്യ ഇനി.”

“അയ്യോ ,ചതിച്ചുല്ലേ ദ്രോഹീ .ഞാൻ ചോദിച്ചിട്ടല്ലേ   പാർട്ടിക്ക് പോയത്”

“ഞാൻ ഒന്നും പറഞ്ഞില്ല…. , ബോധം ഇല്ലാതെ എത്രവട്ടം നിങ്ങൾ രാത്രി ഛർദിച്ചുന്നറിയോ, മനുഷ്യാ”

“അയ്യോ എന്നിട്ട് അമ്മ എന്തു പറഞ്ഞു”

“രാത്രിയിൽ ഛർദിക്കുന്ന ശബ്ദം കേട്ടല്ലോ പെണ്ണേ…, നിന്റെ വിളർച്ചയും ക്ഷീണവും കണ്ടപ്പോളെ എനിക്ക് സംശയം ഉണ്ടായിരുന്നു.. നോക്കിയോ.. വിശേഷം ഉണ്ടോ മോളെ…?”

“എനിക്ക് ചിരിയാണ് വന്നത്, അത് കേട്ടപ്പോ”

“നീ ചിരിച്ചോട്ടാ, ജോലി കിട്ടിയിട്ട് കുട്ടികൾ മതീന്ന് പറഞ്ഞു നിന്നതല്ലേ ഇത്രേം കാലം, അല്ല,  ന്താ അമ്മയോട് പറഞ്ഞേ .

“അത് പിന്നേ… അമ്മേ ,എനിക്കല്ല അമ്മയുടെ മോനാണ് വിശേഷം എന്ന് “

“എടീ കാന്താരി നിന്നെ ഞാൻ ഉണ്ടല്ലോ ” തലക്കിട്ട് ഒരു കിഴുക്ക് കൊടുക്കാൻ നിൽക്കുമ്പോഴേക്കും പെണ്ണ് ഓടി. പിറകെ ഞാനും. കയ്യിലിരുന്ന പാത്രം കൊണ്ട് മ്മളെ ഒരേറ്  എറിഞ്ഞെങ്കിലും, മ്മള് പഴേ കളരി ആയത് കൊണ്ട് ഒഴിഞ്ഞു മാറി”

ശബ്ദം കേട്ട് തലയെത്തിച്ചു ന്യൂസ് പിടിക്കാൻ നോക്കിയ അയൽക്കാരി,  പാവം ഷീബേച്ചിയുടെ മുഖത്ത് ആയിരുന്നു അത് ചെന്നു കൊണ്ടത്. പിറകിൽ നിന്നും കേട്ട അലർച്ചയിൽ നിന്ന് അത് മനസ്സിലായതും അതേ ഓട്ടം രണ്ടും ഉള്ളിലോട്ട് തിരിച്ചും ഓടി.

ഒരിത്തിരി കാന്താരിയായ പെണ്ണിനെ കെട്ടണം എന്ന ഒരു ചെറ്യേ ആഗ്രഹം മാത്രേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കിട്ടിയത്‌ എന്നെക്കാൾ തലതെറിച്ച ഒന്നിനെ ആയിപ്പോയി.

ഇവിടെ വാടീന്ന് വിളിച്ചാൽ ആരും കേൾക്കാതെ നീ പോടാ എന്നു തിരിച്ചു വിളിക്കുന്നവളേ.. എന്തിരുന്നാലും സ്നേഹം കുന്നോളം ഉണ്ട് ട്ടാ. അവിളിത്തിരി കുശുമ്പി ആണെങ്കിലും..

കല്യാണത്തിന്റെ അന്ന് അതിരുകടന്ന കൂട്ടുകാരുടെ കോമാളിത്തരങ്ങൾക്ക് അതേ നാണയത്തിൽ മറുപടി കൊടുത്തുകൊണ്ടായിരുന്നു അവൾ എന്റെ ജീവിതത്തിലോട്ടു കടന്നു വന്നത്.

അടക്കം ഇല്ലായ്മയും വികൃതിത്തരങ്ങളും കുടുംബത്തിലെ പെണ്ണുങ്ങൾക്ക് തീരെ ഇഷ്ടം ആയില്ലെങ്കിലും അമ്മ അതിനൊക്കെ കൂടെ നിന്നു.

ഒരുപാട്  കാത്തിരുന്ന ആദ്യരാത്രിയിൽ അത്രേം ദിവസം ഫോണിൽ പോലും പറയാതിരുന്ന കുറേ നിബന്ധനകളും.. പകച്ചു പോയി ന്റെ യൗവനം ന്നൊക്കെ പറയാം ട്ടാ വേണേൽ..

സ്വന്തമായി ഒരു ജോലി അതു കഴിഞ്ഞേ അവൾ വേറെന്തും സമ്മതിക്കൂ എന്നത്  ആദ്യ പ്രസ്താവന.

എന്നും ജോലിക്ക് ഇറങ്ങുമ്പോൾ പിറകിലൂടെ ചെന്നു അവളുടെ അവകാശം കവിളിൽ കൊടുക്കണമെന്നത് വേറൊന്ന്..

ഓഫീസ് ജോലികൾക്കിടയിൽ എത്ര തിരക്കിലാണെങ്കിലും ആരും കാണാതെ അവൾക്ക് ഫോണിലൂടെ ഉമ്മകൾ കൊടുക്കണമെന്നത്  വേറൊന്ന്… അങ്ങനെ അങ്ങനെ എന്റെ പൊട്ടി പെണ്ണിന്റെ ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ…

മ്മ്‌ടെ പോക്കിരിത്തരങ്ങൾക്ക് കട്ടക്ക് കൂട്ടുനിൽക്കുന്ന ഒരു ഭാര്യയെ കിട്ടിയതിൽ ഒരിത്തിരി അഹങ്കാരം ഒക്കെ ആവാം ല്ലേ..

അതും ജാതകമോ നാളോ പേരോ നോക്കാതെ വീട്ടുകാരുടെ സമ്മതത്തോടെ കൂടെ കൂട്ടിയവളിൽ നിന്ന്. അനാഥയായി പോയവൾക്ക് ഞാൻ എല്ലാമായി മാറിയപ്പോൾ അവളെനിക്കും  എല്ലാമായി തീരുകയായിരുന്നു…

ജന്മം നൽകി വേണ്ടെന്ന് വച്ചു പോയ അവളുടെ രക്ഷിതാക്കൾ നൽകാതെ പോയ സ്നേഹവും വാത്സല്യവും നൽകികൊണ്ട്, ഒരു ഏട്ടനായും അച്ഛനായും  സുഹൃത്തായും… അങ്ങനെ അങ്ങനെ ഒരുപാട് കരുതലുകളിലൂടെ…

“അയ്യോ മോനെ ഓടി വാ ദിവ്യ ഇതാ വീണു കിടക്കുന്നു” അമ്മയുടെ കരച്ചിൽ ആണ് ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നത്.

ബോധം ഇല്ലാതെ കിടക്കുന്ന അവളെയും എടുത്ത്  ആശുപത്രിയിലേക്ക് തിരിച്ചു. അവിടെ നിന്നും തിരിച്ചു വരുമ്പോൾ കിട്ടിയ രണ്ടു റിപ്പോർട്ടുകളിലൂടെ രണ്ടു സന്തോഷങ്ങൾ ആയിരുന്നു ന്റെ കാന്താരി പെണ്ണ് സമ്മാനിച്ചത്.

അവളുടെ ഭർത്താവ് എന്ന സ്ഥാനത്ത് നിന്നും കുട്ടികളുടെ അച്ഛൻ എന്ന സ്ഥാനത്തിലേക്കൊരു എനിക്കൊരു പ്രമോഷനും , പോലീസ് ജോലിയിൽ അവൾക്ക് മറ്റൊരു പ്രമോഷനും.

“അതേ ഏട്ടാ.. ഇനി ധൈര്യായി  ബിയർ കുടിച്ചോ ട്ടാ, വാള് വെച്ചാലും അമ്മ അറിയൂല്യ…..ന്റെ പേര് പറഞ്ഞാ മതി..” ഇത് കേട്ടതും അമ്മ വാപൊത്തി ചിരിക്കാൻ തുടങ്ങി.

“അച്ചോടാ….. ആരും കുടിയനായി ജനിക്കുന്നില്ല മോളെ , ഇതുപോലുള്ള ചില ഭാര്യമാർ ആണ്  അവരെ കുടിയൻമ്മാർ ആക്കുന്നത്”

ചിരിച്ചും കൊണ്ട് തുടരുന്ന ഈ ജീവിത യാത്രയിൽ എന്നെന്നും തണലായി….. സ്നേഹമായി… അവളെ ചേർത്തുനിർത്തുമ്പോൾ പ്രാർത്ഥന ഒന്നുമാത്രം ഒരിക്കലും…. മരണത്തിനു പോലും പിരിക്കാൻ കഴിയരുതെ ഈ ബന്ധത്തെ എന്ന്….

Leave a Reply

Your email address will not be published. Required fields are marked *