അമ്മയെയും ആ മുതലാളിയെയും ചേർത്ത് നാട്ടിൽ പല കഥകളും ഉണ്ടായി. അമ്മയുടെ കൂടെ ജോലി ചെയ്യുന്ന പെണ്ണുങ്ങളും..

കാലം സാക്ഷി
രചന: നിഷാ സുരേഷ്കുറുപ്പ്

അയാൾ ആ സമയം പുണ്യപുരാതന ഭൂമിയായ രാമേശ്വരത്തായിരുന്നു. അവിടത്തെ കടൽതീരത്തെ നല്ല തിരക്കു മുകളിൽ നിന്നേ അയാൾക്ക് കാണാമായിരുന്നു. സന്ധ്യാ സമയം ആകാറായെങ്കിലും കഠിനമായ ചൂടനുഭവപ്പെട്ടു. ഇത്രയും ചൂടത്തും കരയിലും കടലിലുമായി കളിച്ചും രസിച്ചും ആളുകൾ നിറഞ്ഞിരുന്നു.

മുകളിൽ നിന്ന് തീരത്തേക്ക് എത്തുവാനുള്ള പടവുകൾ ഇറങ്ങി പൊള്ളുന്ന മണലിൽ കൂടി ചെരുപ്പുകൾ
അമർത്തി നടക്കുമ്പോൾ തിളങ്ങുന്ന സമുദ്രപരപ്പിന് നല്ല നീല നിറമാണ്. അശാന്തമായ അയാളുടെ മനസിനു അതൊന്നും ആസ്വദിക്കാൻ കഴിയാതെ
തിരക്കുകളിൽ നിന്ന് മാറി മുന്നോട്ട് നടന്നു. കുറച്ചു ദൂരം
നടന്നപ്പോൾ ആൾത്തിരക്ക് കുറഞ്ഞ ഇടമെത്തി. അവിടെ ഇടുങ്ങിയ പടവുകൾ കണ്ടു അത് വഴി താഴേക്കിറങ്ങി തീരത്തുള്ള പാറയിലിരുന്നു .

തിരമാലകൾ അയാളുടെ കാൽപ്പാദങ്ങളെ തഴുകി കടന്നു പോയി. പരന്ന് കിടക്കുന്ന സമുദ്രത്തിന്റെ അങ്ങേ തലയ്ക്കൽ കണ്ണുപായിച്ചിരുന്നു അയാൾ. ചിന്തകൾ വലിഞ്ഞു മുറുക്കി. നിറഞ്ഞു വരുന്ന കണ്ണുകളെ തുടയ്ക്കാൻ പോലും ശ്രമിയ്ക്കാതെ അങ്ങനെയിരുന്നു. ചെയ്തു പോയ തെറ്റുകൾ അത്രയും വലുതായിരുന്നല്ലോ അയാൾക്ക് .

അമ്മ, തന്നെ സ്നേഹിക്കുക മാത്രം ചെയ്ത
അമ്മ അവസാനം ഒന്നു മാപ്പു പോലും പറയാൻ കഴിയാതെ …… ഓർമകൾ അയാളെ വീണ്ടും വീണ്ടും കുത്തി നോവിച്ചു കൊണ്ടേയിരുന്നു .
എത്രയൊക്കെ ശ്രമിച്ചിട്ടും
കഴിഞ്ഞതൊക്കെ ഓരോ അധ്യായങ്ങളായി കൺമുന്നിൽ തെളിഞ്ഞു വന്നു.

അച്ഛൻ ഉപേക്ഷിച്ചു പോയ ശേഷം അമ്മ പിടിച്ചു നിന്നത് തനിക്കു വേണ്ടിയായിരുന്നു. വാടക വീട്ടിൽ തങ്ങൾക്കായി ഒന്നും കരുതി വയ്ക്കാതെ അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം ജീവിയ്ക്കാൻ പോയപ്പോൾ പട്ടിണിയാകുന്ന , കയറി കിടക്കാൻ കിടപ്പാടം നഷ്ടമാകുന്ന രണ്ട് ജീവനുകളെ ഓർത്തില്ല.

മൂന്ന് വയസു മാത്രം പ്രായമുള്ള തന്റെ കൈയ്യും പിടിച്ച്
സ്വന്തം വീട്ടിൽ കയറി ചെല്ലുമ്പോൾ ആ വീടിന്റെ ഭരണം ഏറ്റെടുത്തിരുന്ന അമ്മാവനും അമ്മാവനെ തന്റെ
ചൊൽപ്പടിയിൽ നിർത്തുന്ന അമ്മായിക്കും തങ്ങൾ അധിക പറ്റായി.

രോഗങ്ങളാൽ ക്ഷീണിതനായ മുത്തശ്ശൻ ഉമ്മറത്തെ മൂലയിലെ ചാരു
കസേരയിൽ ഒന്നും
ചെയ്യാനാവാതെയിരുന്നു വളരെ നേരത്തെ മരിച്ചു പോയ മുത്തശ്ശി എത്ര ഭാഗ്യവതിയെന്ന് ആത്മഗതം പുറപ്പെടുവിച്ചു. അന്നു വരെ പുറം ലോകവുമായി അത്ര ബന്ധമില്ലാത്ത അമ്മ ,സ്വന്തം അച്ഛന്റെയും ആങ്ങളയുടെയും ശിക്ഷണത്തിലും, അത് കഴിഞ്ഞ് ഭർത്താവിനെ അനുസരിക്കുന്നവളുമായി കഴിഞ്ഞിരുന്ന അമ്മ, തന്നെ വളർത്താനായി അടുത്തുള്ള കയർ ഫാക്ടറിയിൽ ജോലിക്ക് പോയി തുടങ്ങി. ആരും തടഞ്ഞില്ല.

ക്ഷീണിച്ചു തളർന്ന് തന്നെയും കെട്ടിപ്പിടിച്ചു കിടക്കുന്ന അമ്മയുടെ നെടുവീർപ്പുകളും കണ്ണുനീരും ഉറക്കങ്ങളിൽ തനിക്ക്
കൂട്ടായി. വീട്ടിലെ ജോലികളും തന്റെ കാര്യങ്ങളും ഫാക്ടറി ജോലിയുമായി അമ്മ ഓടി നടന്നു. കുറേ വർഷങ്ങൾ കടന്നു പോയി.
തന്റെ എട്ടാമത്തെ വയസിൽ
ഫാക്ടറിയിൽ വെച്ചുണ്ടായ വീഴ്ചയിൽ അമ്മ കുറേ നാൾ കിടപ്പിലായി.

ആശുപത്രിയിലെ ചെലവും വീട്ടിൽ വന്നിട്ടുള്ള ആവശ്യങ്ങൾക്കും ആ ഫാക്ടറിയിലെ മുതലാളി അമ്മയെ സഹായിച്ചു. ആറു മാസത്തോളം ഭാരിച്ച ജോലികൾ ചെയ്യാനാവാതെ ചികിത്സയും വിശ്രമിക്കേണ്ട അവസ്ഥയും വന്നു . ആ മാസങ്ങളിലൊക്കെയും ചികിത്സക്കും മറ്റും സഹായിച്ചത് മുതലാളിയായിരുന്നു. ഭാര്യ മരിച്ചു ഒരു മകളുമായി ജീവിയ്ക്കുന്ന ആളായിരുന്നു ആ മുതലാളി.

അമ്മയെയും ആ മുതലാളിയെയും ചേർത്ത് നാട്ടിൽ പല കഥകളും ഉണ്ടായി. അമ്മയുടെ കൂടെ
ജോലി ചെയ്യുന്ന പെണ്ണുങ്ങളും, അമ്മയെ വശത്താക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഫാക്ടറിയിലെ ജോലിക്കാരായ ആണുങ്ങളും
പരദൂഷണം പറഞ്ഞുണ്ടാക്കുന്നതിൽ
മുന്നിലായിരുന്നു.

ഇത്രയും സൗന്ദര്യമുണ്ടായിട്ടും അമ്മയെ അച്ഛൻ ഉപേക്ഷിച്ച് പോയത് ഈ സ്വഭാവദൂഷ്യം കൊണ്ടാണെന്നു പോലും പറഞ്ഞു പരത്തി. കിട്ടിയ അവസരത്തിൽ അമ്മായിയും മോശക്കാരിയായ സ്ത്രീയായി അമ്മയെ ചിത്രീകരിച്ചു. അമ്മാവൻ അമ്മയെ ശകാരങ്ങൾ കൊണ്ട് മൂടി. നടുവിടിച്ച് വീണു കിടന്ന അമ്മ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതല്ലാതെ ആരോടും ഒരു പരാതിയും പറഞ്ഞില്ല.

ഒടുവിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ജോലിക്കു പോകുന്ന അവസ്ഥയിൽ എത്തും വരെ അമ്മയും താനും നേരെ ആഹാരം പോലുമില്ലാതെ നരകയാതന
അനുഭവിച്ചു. ആരോഗ്യ സ്ഥിതി നേരയായപ്പോൾ അമ്മ വീണ്ടും ജോലിക്ക് പോകാൻ തയ്യാറെടുത്തു. “അവിടെ ജോലിക്ക് പോകണ്ടെന്നും
കേട്ട നാണക്കേടുകൾ ഒന്നും
പോരാഞ്ഞിട്ടാണോ വീണ്ടും അങ്ങോട്ട് തന്നെ ജോലിക്ക് പോകുന്നതെന്നും ” ചോദിച്ചു അമ്മാവൻ ചൂടായി.

“എന്റെ മകനെ വളർത്താൻ ഞാൻ ജോലിക്ക് പോകുമെന്നും തെറ്റ് ചെയ്യാത്തിടത്തോളം ഞാൻ ആരെയും ഭയക്കുന്നില്ലെന്നും ” അമ്മ അമ്മാവന്റെ മുഖത്ത് നോക്കി പറഞ്ഞു.

“തന്റെ പേരിലുള്ള വീട്ടിൽ തോന്നിയ പോലെ ജീവിയ്ക്കാൻ പറ്റില്ലെന്ന് ” അമ്മാവനും ഉറപ്പിച്ചു പറഞ്ഞു. നിസഹായയായി മുത്തശ്ശനെ നോക്കിയ അമ്മയെ നേരിടാനാവാതെ മൗനത്തെ കൂട്ടുപിടിച്ച് മുത്തശ്ശൻ പുറത്തേക്ക് നോക്കി ചാരു കസേരയിൽ അതേയിരുപ്പിരുന്നു. എതിർക്കാൻ
കഴിയാതെ അമ്മ നിറകണ്ണുകളാൽ നിന്നു

ദുരിത പൂർണ്ണമായ ജീവിതമായിരുന്നു പിന്നെയങ്ങോട്ട്
അമ്മായിയുടെ ആട്ടും തുപ്പും സഹിച്ച്
നേരാവണ്ണം ആഹാരം പോലും കഴിക്കാനില്ലാതെ ആ വീട്ടിലെ ജീവിതം ദുസ്സഹമായിരുന്നു. വിവാഹം കഴിച്ചയച്ചപ്പോൾ സ്വർണ്ണവും വസ്തുവുമൊക്കെ കൊടുത്തിരുന്നു. അമ്മയുടെ പിടിപ്പുകേടുകൊണ്ടാണ് എല്ലാം നശിപ്പിച്ചു അച്ഛൻ പോയതെന്ന് എപ്പോഴും കുറ്റപ്പെടുത്താനും അമ്മാവൻ മറന്നില്ല.

അന്നത്തെ കാലത്ത് കരയാനല്ലാതെ തന്റേടത്തോടെ നില്ക്കാനുള്ള കഴിവൊന്നും ഇല്ലാതിരുന്ന അമ്മയ്ക്ക് തന്നെ ചേർത്തുപ്പിടിച്ച് കണ്ണീർ പൊഴിക്കാനേ കഴിഞ്ഞുള്ളു. ഈ സമയത്താണ് അമ്മയുടെ അവസ്ഥയൊക്കെ അറിഞ്ഞ് ഫാക്ടറി മുതലാളി അമ്മയെ
വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നറിയിച്ചത്…
അയാളുടെ ഓർമകളെ മുറിച്ചു കൊണ്ട് ഒരു തിര ആഞ്ഞടിച്ചു ….

പൊടുന്നനെ
ഞെട്ടിയ അയാൾ സ്ഥലകാല ബോധം
വീണ്ടെടുത്ത് അവിടെ നിന്ന് എഴുന്നേറ്റു പതിയെ ആ മണൽത്തരികളിൽ കൂടി നടന്നു വീണ്ടും മുകളിലെത്തി കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ അടുത്തടുത്തായി ചെറിയ ചെറിയ ചായ കടകൾ ഉണ്ട്. അവിടുന്ന് ഒരു ചായ വാങ്ങി കടയുടെ മുന്നിലെ ബഞ്ചിൽ ഇരുന്നു. ചായ മൊത്തി കുടിയ്ക്കവെ നിലക്കടല വില്ക്കാൻ നടക്കുന്ന പയ്യനെ കണ്ടു.

ഓരോ ആൾക്കാരുടെ മുന്നിലും കുമ്പിൾ കെട്ടിയ പേപ്പറിലെ നിലക്കടല നീട്ടുകയും , വാങ്ങാത്തവരുടെ മുന്നിൽ നിന്ന് നിരാശനവാതെ , അടുത്ത ആളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയും , വാങ്ങുന്നവരുടെ കൈയിൽ നിന്ന് പൈസ വാങ്ങി തിട്ടപ്പെടുത്തുകയും ,
ചെയ്യുന്ന മിടുക്കനായ പത്ത് വയസോളം തോന്നിക്കുന്ന ആ പയ്യൻ അയാളുടെ ചിന്തകളെ വീണ്ടും പുറകിലോട്ട് വലിച്ചു.

എല്ലാവർക്കും സമ്മതമായിരുന്നു
അമ്മയും മുതലാളിയുമായുള്ള വിവാഹം
അമ്മാവനും അമ്മായിയും ഏറെ സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി. അന്ന് നാട്ടിലെ അറിയപ്പെടുന്ന പണക്കാരനായിരുന്നു മുതലാളി.

ആ നാട്ടിൻപുറത്തുള്ള മിക്കവരുടെയും വരുവാന മാർഗമായിരുന്നു കയർ ഫാക്ടറി. താൻ കാരണം പേരുദോഷം കേട്ട സ്ത്രീ, ജീവിയ്ക്കാൻ മറ്റു മാർഗമില്ലാത്തവൾ ,തന്റെ മകൾക്ക് ഒരു അമ്മ , സഹതാപത്തിലുപരി അമ്മയുടെ നിഷ്കളങ്കമായ സ്വഭാവം, പെരുമാറ്റവുമെല്ലാം മുതലാളിക്ക് അമ്മയോട് ഇഷ്ടം തോന്നി ….എല്ലാവർക്കും സമ്മതമായിരുന്നു. അന്നാദ്യമായി മുത്തശ്ശന്റെ മുഖത്ത് ആശ്വാസത്തിന്റെ നിശ്വാസങ്ങൾ
ഉതിർന്നു. …

അയാൾ ചായ കുടിച്ച് കഴിഞ്ഞ് ഗ്ലാസും പൈസയും കടക്കാരനു കൊടുത്ത് വീണ്ടും അവിടത്തെ
തെരുവോരങ്ങളിലെ വഴികളിലൂടെ
നടന്നു. ചിന്തകൾ വീണ്ടും അയാളുടെ സ്വസ്ഥത നശിപ്പിച്ചു ……

താൻ അമ്മയുടെ മുഖത്ത് നോക്കി. അമ്മയിൽ എതിർപ്പ് കണ്ടില്ല. തന്റെ മനസിനത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അമ്മയോട് എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ , തനിക്ക് വയറു നിറച്ച് അഹാരം ,നല്ല രീതിയിൽ പഠിക്കാം ,രക്ഷപ്പെടാം അങ്ങനെയുള്ള പ്രതീക്ഷകളായിരുന്നു അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്.

ഒടുവിൽ അമ്മയും മുതലാളിയും തമ്മിലുള്ള വിവാഹം നടന്നു. എത്ര കഷ്ടപ്പാടാണെങ്കിലും അമ്മയും താനും അതായിരുന്നു തന്റെ ലോകം .വലുതായി ജോലി നേടി അമ്മയെ നല്ല രീതിയിൽ നോക്കണം അതായിരുന്നു
അന്ന് തന്റെ സ്വപ്നം അവിടേയ്ക്കാണ് ആ അച്ഛനും മകളും കടന്ന് വന്നത്. ….

തങ്ങളുടെ പ്രതീക്ഷകളെക്കാൾ ഉയർന്ന ജീവിത സാഹചര്യമായിരുന്നു . വലിയ വീടും പറമ്പും ജോലിക്ക് ഒരു സ്ത്രീയും എല്ലാമുണ്ടായിരുന്നു. മുതലാളിയെ ഇനി മുതൽ അച്ഛനെന്ന് വിളിയ്ക്കണമെന്നും തന്നെക്കാൾ രണ്ട് വയസിനിളയവളായ പെൺകുട്ടി തന്റെ അനിയത്തിയാണെന്നും അമ്മയും മുതലാളിയും തന്നെ പറഞ്ഞു പഠിപ്പിച്ചു.

ആ ജീവിത രീതികളുമായി അമ്മ പെട്ടന്ന് പൊരുത്തപ്പെട്ടു. നല്ലൊരു ഭാര്യയും , അമ്മയും ,കുടുംബിനിയുമൊക്കെയായി അമ്മ മാറി. മുതലാളി അല്ല പിന്നെയങ്ങോട്ട് അച്ഛനെന്നു വിളിച്ച മനുഷ്യൻ പാവമായിരുന്നു. അമ്മയെയും തന്നെയും ജീവനായിരുന്നു. തനിക്ക് വയറു നിറച്ചു ആഹാരം വിളമ്പി തരുമ്പോൾ വില കൂടിയ വസ്ത്രങ്ങൾ
മാറി മാറി തന്നെ അണിയിക്കുമ്പോൾ അനിയത്തിയുടെ കൂടെ തന്നെ സ്കൂളിലയക്കുമ്പോൾ സന്തോഷത്താൽ അമ്മയുടെ കണ്ണുകൾ
നിറയുന്നത് കണ്ടു.

അമ്മയ്ക്ക്
അനിയത്തി സ്വന്തം മകളായി മാറി. തിരിച്ചവൾക്കും എല്ലാത്തിനും അമ്മ മതിയായിരുന്നു . അങ്ങനെ സന്തുഷ്ട മായ ജീവിതം. പക്ഷെ താൻ മാത്രം അസംതൃപ്തി പേറുന്ന മനസുമായി മറ്റുള്ളവരുടെ സമാധാനം കൂടി നഷ്ടപ്പെടുത്തി .

തന്റെ സ്നേഹം അനിയത്തിക്കു കൂടി പകുത്തു കൊടുത്തപ്പോൾ തന്റെ ഉള്ളിൽ വാശിയുണ്ടായി. അന്നുവരെ അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന താൻ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടന്നപ്പോൾ അച്ഛനെന്ന( മുതലാളി) പുതിയ അവകാശി വന്നത് കൊണ്ടല്ലേ എന്ന ചിന്ത അച്ഛനെ വെറുത്തു.

ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ വാശിയും ദേഷ്യവും
എല്ലാവരോടും പ്രകടിപ്പിച്ചു. മോനും കൂടി തങ്ങളുടെ കൂടെ കിടന്നോളൂന്ന് അച്ഛൻ പറഞ്ഞപ്പോൾ ഔദാര്യം വേണ്ടണ് മട്ടിൽ നിഷേധിച്ചു. തന്റെ വാശിക്കു മുന്നിൽ
തളർന്നത് അമ്മയായിരുന്നു. അച്ഛനോട്
കയർത്ത് സംസാരിക്കുക , അനിയത്തിയോട് വഴക്കിടുക അങ്ങനെ വീട്ടിലെ സ്വസ്ഥത തകർത്തു കൊണ്ടിരുന്നു .

ഉപദേശിക്കാൻ വരുന്ന അമ്മയെ തിരിച്ച് കുത്തുവാക്കുകൾ പറഞ്ഞു രസിച്ചു. വിഷമിച്ച് നില്ക്കുന്ന അമ്മയെ അവൻ കുഞ്ഞല്ലേ വലുതാകുമ്പോൾ എല്ലാം ശരിയാകുമെന്ന് അച്ഛൻ ആശ്വസിപ്പിച്ചു എന്നാൽ തന്റെ സ്വഭാവം മാറിയില്ല. വളരും തോറും പകയും ദേഷ്യവുമായി അത് മാറി.

ആദ്യമാദ്യം അമ്മ തന്റെയാണെന്ന സ്വാർത്ഥതയായിരുന്നെങ്കിൽ അമ്മയ്ക്ക് മുതലാളിയോട് അടുപ്പം ഉണ്ടായിരുന്നെന്ന കൂട്ടുകാരുടെ
വാക്കുകൾ സത്യമല്ലന്ന് തനിക്കറിയാമായിരുന്നിട്ടു കൂടി സ്വന്തം മനസിനെ വിശ്വസിപ്പിച്ചു. അമ്മ സ്വന്തം സുഖം നോക്കിയതാണെന്ന് താൻ
തീരുമാനിച്ചു.

സ്നേഹവും സ്വാർത്ഥയും
മാറി പകയും വെറുപ്പുമായി അമ്മയോട് . പണമാണ് എല്ലാത്തിലും വലുതെന്ന് തോന്നലുണ്ടായി. ആവശ്യത്തിനും അനാവശ്യത്തിനും അച്ഛന്റെ കൈയ്യിൽ നിന്ന് പണം വാങ്ങി. എന്തിനെന്നു ചോദ്യം ചെയ്താൽ തിരിച്ച് വെറുപ്പുളവാക്കുന്ന രീതിയിൽ പ്രതികരിച്ചു. അമ്മയുടെ കണ്ണുനീരിൽ സന്തോഷം കണ്ടെത്തി.

എങ്കിലും വാശിയോടെ പഠിച്ചു . ജോലി നേടി. അതിനിടയിൽ അനിയത്തിയ്ക്കും ജോലിയും വിവാഹവും നടന്നു . ജോലിയായി സ്വന്തം കാര്യം നോക്കണമെന്ന തീരുമാനത്തിൽ തനിക്ക് ഓഹരി വേണമെന്ന് പറഞ്ഞു അമ്മയോട് വഴക്കിട്ടു.
“അച്ഛൻ തരുമെങ്കിൽ തരട്ടെ
ചോദിക്കാൻ നമ്മൾക്കർഹതയുണ്ടോ മോന് ജോലിയുണ്ടെല്ലോ എന്തിനാ സ്വത്ത് മോഹിക്കുന്നതെന്ന് ” അമ്മ ചോദിച്ചപ്പോൾ
” എന്താ അർഹതയില്ലാത്തത് നിങ്ങൾ അയാളുടെ കൂടെ കിടന്നിട്ടല്ലേന്ന് തിരിച്ചു ചോദിച്ചു ” . അമ്മ സംസാരശേഷി നഷ്ടപ്പെട്ടു നിന്നു.അതു കേട്ട് വന്ന അച്ഛൻ ആദ്യമായും അവസാനമായും തന്നെ തല്ലി.

“നിന്റെ അമ്മയാണ് പക്ഷെ അവൾ എന്റെ ഭാര്യയാണ് ഞാൻ അത്രയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീ “.

ദേഷ്യം തീരാതെ വീണ്ടും അച്ഛൻ തല്ലാനാഞ്ഞപ്പോൾ ഞാൻ കൈയ്യിൽ കയറി പിടിച്ചു. തന്നെയൊന്നു നോക്കി തലയും താഴ്ത്തി അകത്തേക്ക് അച്ഛൻ നടന്നപ്പോൾ നിന്റെ പുഴുത്ത നാവ് നീ നശിക്കുമെന്ന് പറഞ്ഞ അമ്മയുടെ കണ്ണിൽ നിന്നു കണ്ണുനീരിനു
പകരം ചോര പൊടിയുന്നുണ്ടോ എന്ന് തോന്നി ….
ആ രാത്രി അച്ഛൻ കുഴഞ്ഞ് വീണു. ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ
അമ്മ കരഞ്ഞപേക്ഷിച്ചു. താൻ കൂട്ടാക്കിയില്ല വേറെയാരെയെങ്കിലും കൂട്ടി പോകാൻ പറഞ്ഞു. അമ്മ അടുത്ത വീട്ടിൽ ഫോൺ വിളിച്ചു ആളിനെ വരുത്തി.

അനിയത്തിയെയും അറിയിച്ചു. അപ്പോഴേക്കും അച്ഛന്റെ
നില വഷളായി. തന്നെ അരുകിൽ വിളിച്ച് കൈയ്യിൽ മുറുകെ പിടിച്ചു ഒന്നു മാത്രമേ പറഞ്ഞുള്ളു
“അമ്മ പാവമാണ് നിനക്കു വേണ്ടിയാണ് ആ സാധു എല്ലാം സഹിച്ച് ജീവിക്കുന്നത് അമ്മയെ വേദനിപ്പിക്കരുത്. ഇനിയും അവളെ വേദനിപ്പിക്കരുത് ” .

ഒന്ന് ആഞ്ഞ് ശ്വാസമെടുത്ത് തന്റെ കൈയ്യിൽ ഒന്നു കൂടി മുറുകെ പിടിച്ച് അച്ഛൻ എന്നെന്നേക്കുമായി കണ്ണുകളടച്ചു. അച്ഛന്റെ നിശ്ചലമായ ശരീരമോ അമ്മയുടെ നിലവിളിയോ
തന്നെ തളർത്തിയില്ല. കല്ലു പോലെ നിന്നു …. ഇന്നോർക്കുമ്പോൾ കുറ്റബോധത്താൽ നീറി പിടയുന്നു.
തനിക്കു വേണ്ടിയാണ് ആ അച്ഛൻ ജീവിച്ചതും മരിച്ചതും ….എന്നിട്ടും താൻ ….ശപിയ്ക്കപ്പെട്ട ജന്മം …..

അപ്പോഴേക്കും അയാൾ നടന്നു തന്റെ വണ്ടിയുടെ അരികിൽ എത്തിയിരുന്നു. അവിടുന്ന് വണ്ടിയെടുത്ത് അയാൾ
ധനുഷ്കോടിയിലേക്ക് ഡ്രൈവ് ചെയ്തു. പോകുന്ന വഴിയ്ക്ക് ഇരുവശവുമായി ചുഴലികാറ്റിൽ തകർന്ന് കിടക്കുന്ന കെട്ടിടങ്ങളും മറ്റു അവശിഷ്ടങ്ങളും ശിഥിലമായ അയാളു ജീവിതത്തെ ഓർമിപ്പിച്ചു.

അച്ഛന്റെ മരണം അമ്മയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത് അമ്മ സ്വന്തം മുറിയിലെ കിടക്കയിൽ ആരോടും മിണ്ടാതെ നാൽപ്പത്തിയൊന്നു ദിവസം കഴിച്ചു കൂട്ടി അനിയത്തി നിർബന്ധിച്ച് കൊടുക്കുന്ന ആഹാരം കഴിയ്ക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മയെ ചേർത്ത് പിടിച്ച് അനിയത്തി വാവിട്ട് കരഞ്ഞു.

അതിനിടയിൽ വക്കീലും
മറ്റാരൊക്കെയോ വന്നു പോയി അമ്മ പറഞ്ഞിട്ട് .നാല്പത്തിയൊന്നാം ദിവസം അച്ഛന്റെ ബലിതർപ്പണം കഴിഞ്ഞുള്ള ചടങ്ങൊക്കെ കഴിഞ്ഞ് അമ്മ ഞങ്ങളെ മുറിയിലേക്ക് വിളിച്ചു . തന്റെ കൈയ്യിൽ ആ വീടിന്റെയും വസ്തുകളുടെയും
പ്രമാണവും , മറ്റൊരു പ്രമാണം അനിയത്തിയുടെ കൈയ്യിലും ഏല്പിച്ചു.എന്നിട്ട് തന്നോടായി പറഞ്ഞു

“ഇത് നിനക്കുള്ളതാണ് പണത്തെ മാത്രം സ്നേഹിച്ച നിന്നെ സ്നേഹിച്ചതാണ് ഞാനും അദ്ദേഹവും ചെയ്ത തെറ്റ്. നിന്നെ വളർത്താൻ നിന്റെ സുരക്ഷയ്ക്കും ഉയർച്ചക്കും വേണ്ടിയാണ് ഞാൻ എല്ലാം ചെയ്തത് .

എന്നിട്ടും എന്നെ മാത്രമല്ല നമ്മളെ പൊന്നു പോലെ സംരക്ഷിച്ച ആ
മനുഷ്യനെയും വേദനിപ്പിച്ചു. എന്നെങ്കിലും പണത്തെക്കാൾ ബന്ധങ്ങളുടെ മൂല്യം നിനക്ക്
മനസിലാകട്ടെ. എന്റെ പേരിലാണു അദ്ദേഹം എല്ലാം എഴുതി വെച്ചത്. അത് നിങ്ങൾക്കായി ഞാൻ പ്രമാണം ചെയ്തിട്ടുണ്ട്. ഇനി ഈ വീട്ടിൽ ഞാനുണ്ടാവില്ല ”

അനിയത്തി ഏങ്ങലോടെ അമ്മയെ കെട്ടിപ്പിടിച്ചു എങ്ങും പോകരുത് എന്റെ വീട്ടിൽ
അമ്മയ്ക്ക് ഒരു കുറവും വരില്ല. അമ്മ അവളുടെ നെറ്റിയിൽ മുത്തമേകി.

“എനിക്കറിയാം മോളെന്നെ ഒരുപാട് സ്നേഹിക്കുന്നു. മകളാകാൻ നൊന്ത് പ്രസവിക്കണമെന്നില്ല എന്റെ മോളെ പോലെ നല്ല മനസുണ്ടായാൽ മതി. ഈ ജന്മത്തിൽ അമ്മക്ക് കിട്ടിയ പുണ്യമാണ് നീയും നിന്റെ അച്ഛനും .

മോള് അമ്മയെ പോകാൻ അനുവദിക്കണം. ഇവിടെ ഈ
നാട്ടിൽ അദ്ദേഹമില്ലാതെ ജീവിച്ചാൽ എനിക്ക് സ്വയം ജീവനൊടുക്കാൻ തോന്നും. നല്ലൊരു മനുഷ്യന്റെ
ജീവിതത്തിൽ ഇതു പോലൊരു മകനെ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ മനസമാധാനം കൂടി നശിപ്പിച്ചതിന് പ്രായശ്ചിത്തമായി ദേശാടന പക്ഷിയെ പോലെ പുണ്യ സ്ഥലങ്ങളിൽ അലഞ്ഞു നടക്കണം “.

തടയാൻ അനിയത്തിക്ക് കഴിഞ്ഞില്ല അമ്മയും അവളും കെട്ടിപിടിച്ച് ഏറെ നേരം കരയുകയും തുരു തുരെ മുത്തം വെയ്ക്കുകയും
ചെയ്തപ്പോഴും നോക്കി നിന്നതല്ലാതെ ഒന്നു തടയാൻ പോലും തനിക്ക് തോന്നിയില്ല .അമ്മ പടിയിറങ്ങി പോകുമ്പോൾ തളർച്ചയോടെ അനിയത്തി കിടക്കയിലേക്ക് വീണു.

ജോലിയിൽ സ്ഥാനകയറ്റം കിട്ടാനും സ്വത്തുക്കൾ ഇനിയും ഇരട്ടിക്കാനുമുള്ള നെട്ടോട്ടമായിരുന്നു പിന്നെയങ്ങോട്ട്.
അതിനിടയിൽ കനത്ത സ്ത്രീധനം വാങ്ങി തന്നെ വിവാഹവും കഴിച്ചു. ഭാര്യ പാവമായിരുന്നു. പണത്തിന്റെ
അഹങ്കാരമൊന്നുമില്ലാത്ത സാധു. അമ്മയെ കുറിച്ച് മാത്രം അവളെപ്പോഴും ചോദിക്കുമായിരുന്നു. എല്ലാം ഉപക്ഷിച്ച് പോയിയെന്നല്ലാതെ കൂടുതൽ ഒന്നും ഭാര്യയ്ക്കോ വീട്ടുകാർക്കോ അറിയില്ലായിരുന്നു. നിരന്തരമായ അവളുടെ ചോദ്യത്തിനു മുന്നിൽ അന്നുവരെയുണ്ടായ എല്ലാ കാര്യങ്ങളും പറഞ്ഞു അവൾ തന്നെ കുറ്റപ്പെടുത്തി.

“മകനു വേണ്ടി ,അവനെ നന്നായി
വളർത്താൻ വേണ്ടിയല്ലെ അമ്മ മറ്റൊരു വിവാഹം കഴിച്ചത് . അന്നത്തെ കാലത്ത് ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് ഒരു പാട് പരിമിതികളുണ്ട് എന്നിട്ടും മകനെ അവർ ഉപേക്ഷിച്ചില്ല , കൊന്നില്ല ,സ്വയം മരിച്ചില്ല ആ അമ്മ മറ്റൊരു ജീവിതം തിരഞ്ഞെടുത്തുവെങ്കിൽ അത്
നിങ്ങളുടെ ഭാവിയ്ക്കു വേണ്ടിയല്ലേയന്ന് ” തന്നോട് ഭാര്യ വാദിച്ചു. അതൊന്നും മനസിലാക്കാൻ കഴിയാതെ താനും തിരിച്ചെന്തെക്കെയോ ന്യായങ്ങൾ പറഞ്ഞു അവളുടെ വായടപ്പിച്ചു …

വിവാഹം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞും മക്കളുണ്ടാകാതിരുന്നപ്പോൾ ഭാര്യ അമ്മയുടെ ശാപമാണെന്ന് ആവർത്തിച്ചു പറഞ്ഞു . തന്റെ മനസും ചെറുതായൊന്നുലഞ്ഞു.

നേരിയ കുറ്റ ബോധം തോന്നി തുടങ്ങി. എന്നാൽ അതൊക്കെ അസ്ഥാനത്താക്കി കൊണ്ട് അവൾ ഗർഭിണിയായി. മകൻ ജനിച്ചു. വീണ്ടും അഹങ്കാരത്തോടെ പണത്തിനു
പുറകെ പാഞ്ഞു. പുതുതായി വാങ്ങിയ കാറിൽ താൻ മകനുമൊത്ത് വരവെ എതിരേ വന്ന വണ്ടിയിടിച്ച് ആക്സിഡന്റുണ്ടായി.

കുഞ്ഞിന്റെ തലയ്ക്ക് ക്ഷതമേറ്റ് ഐസിയുവിലായി രക്ഷപ്പെടാൻ ചാൻസ് കുറവാണെന്നറിഞ്ഞ നിമിഷം താൻ
തളർന്നിരുന്നു. അന്ന് വരെ വിളിക്കാത്ത ദൈവത്തെ വിളിച്ചു. തനിക്ക് വലിയ പരിക്കുകൾ ഇല്ലായിരുന്നു. ഭ്രാന്തിയെ
പോലെ ഭാര്യ തന്റെ നേരെ പാഞ്ഞ് വന്നു തന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി അലറി.

“നിങ്ങൾ ചെയ്ത് കൂട്ടിയ പാപങ്ങൾ ആണ് എല്ലാത്തിനും കാരണം. അമ്മയുടെ കണ്ണീരാണ് ഈ ഗതി വരുത്തിയത്. നിങ്ങളുടെ അഹങ്കാരവും ആർത്തിയും മൂലം അനുഭവിക്കുന്നത് ഞാനും എന്റെ കുഞ്ഞുമാണ്. ഇനി ഒരു നിമിഷം നിങ്ങൾ എന്റെ മുന്നിൽ നിന്നാൽ ഞാനീ കെട്ടിടത്തിൽ നിന്ന് ചാടി ചാകും.

നിങ്ങളുടെ അമ്മയെ കൂട്ടി
വരൂ ആ അമ്മ നിങ്ങൾക്കു മാപ്പ് തന്നാൽ മാത്രമേ എനിക്കിനി നിങ്ങളെ കാണേണ്ടതുള്ളു “.
അലറി പരിസര ബോധം നഷ്ടപ്പെട്ട അവളെ അവളുടെ അച്ഛനമ്മമാർ താങ്ങി പിടിച്ചു. പൊയ്ക്കൂടെ ഞങ്ങളുടെ മകളുടെ അടുത്ത് നിന്നെന്ന് അവളുടെ അച്ഛനും ചൂടായി.

മകനെ ഒന്നു കൂടി കാണാൻ പോലും കഴിയാതെ
അവിടെ നിന്നും ഇറങ്ങി. കണ്ണീർ പാടയാൽ നിറഞ്ഞ കണ്ണുകളുമായി ചെന്നു കയറിയത് അനിയത്തിയുടെ വീട്ടിലാണ്. അനിയത്തി അനിഷ്ടമൊന്നും കാണിച്ചില്ല ഓടി വന്നു കൈയ്യിൽ പിടിച്ചു. നിയന്ത്രിക്കാൻ കഴിയാതെ അവളെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞു. അമ്മയെ കുറിച്ച് തിരക്കി.

ആദ്യമായി അമ്മ
പോയത് ഗുരുവായൂർ ആണെന്നും അവിടെ പോയി തിരക്കിയാൽ എന്തെങ്കിലും വിവരം അറിയാൻ പറ്റുമെന്നും അനിയത്തി പറഞ്ഞു. വിളിക്കാൻ നമ്പരൊന്നുമില്ല പോയതിന് ശേഷം ആദ്യമായി അമ്മ വിളിച്ചപ്പോൾ ഗുരുവായൂർ ആണെന്ന് പറഞ്ഞു പിന്നെ വിളിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ അവിടുന്ന് പോയെന്ന് അറിഞ്ഞു.

അന്ന്
അവരോട് ചോദിച്ചപ്പോൾ വേറെ വിവരങ്ങൾ ഒന്നും തന്നില്ല. അതിനു ശേഷം ഏകദേശം ഒന്നര മാസമാകും
വീണ്ടും ഒരിയ്ക്കൽ കൂടി വിളിച്ചിട്ട് . പ്രത്യേകിച്ച് അമ്മയന്ന് ഒന്നും പറഞ്ഞില്ല മോൾക്ക് നല്ലതേ വരൂന്ന് മാത്രം പറഞ്ഞു ഫോൺ വെച്ചു.അനിയത്തി അതും പറഞ്ഞ് വീണ്ടും കരയാൻ തുടങ്ങി. …

താൻ ഗുരുവായൂരേക്ക് പുറപ്പെട്ടു. അവിടെ ഒരു ആശ്രമമുണ്ട്. അവിടത്തെ സ്വാമിയെ കണ്ട് ചോദിച്ചു ഫോട്ടോയും കാണിച്ചു.

പല പുണ്യ സ്ഥലങ്ങളിലായി
കറങ്ങി നടക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടെന്നും എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് കാവിയുമുടുത്ത് നടക്കുന്നവരുടെ ആ കൂട്ടത്തിൽ അമ്മയും പോയെന്നും വർഷങ്ങളോളം പല സ്ഥലങ്ങൾ സന്ദർശിച്ചു ഇടയ്ക്കു ചെലപ്പോൾ മടങ്ങി വരും. രണ്ട് വർഷം മുൻപ് വന്നിട്ട് വീണ്ടും അവർ യാത്രയിലാണ്. ഇപ്പോൾ
രാമേശ്വരത്ത് ഉണ്ടെന്നറിയാൻ കഴിഞ്ഞു അവിടെ നിന്നും. അങ്ങനെയാണ് രാമേശ്വരത്ത് എത്തിച്ചേർന്നത് ….

അങ്ങനെയൊരു സന്ദർശന ഗ്രൂപ്പിനെ തിരക്കി പലയിടത്തും അലഞ്ഞു. കുറ്റബോധം അപ്പോഴേക്കും കാർന്ന് തിന്നാൻ തുടങ്ങി. ചെയ്തതൊക്കെ തെറ്റായിരുന്നു. അമ്മയെന്ന സ്വാർത്ഥത , എപ്പോഴാണ് വെറുപ്പിലേക്കും , പണത്തോടുള്ള ആർത്തിയിലേക്കും വഴിമാറിയത്.

തന്റെ ജീവനായ അമ്മ എങ്ങനെയാണ് തനിക്ക് വെറുക്കപ്പെട്ടവളായത്. കാലിൽ വീണു
മാപ്പ് ചോദിക്കണം അതിനുള്ള അർഹതയില്ലെങ്കിൽ പോലും അമ്മയല്ലെ മാപ്പ് തരും. തന്റെ നശിച്ച നാവു കൊണ്ട് ഞാനന്ന് പറഞ്ഞ വാക്കുകൾ ഓർക്കും തോറും തന്നോട് തന്നെ വെറുപ്പു തോന്നി.പഴയ പോലെ കൊച്ചു കുട്ടിയായി കരയണം അമ്മയുടെ നെഞ്ചിൽ വീണ് .

എന്റെ
കുട്ടിയല്ലേ നീയ് കരയണ്ടാട്ടോ അമ്മയ്ക്ക് അറിയാല്ലോ നിന്നെ അമ്മ പറയുന്നതെനിക്ക് കേൾക്കാം. എത്രയും
വേഗം അമ്മയ്ക്കരുകിലെത്തണം വീണ്ടും അന്വേഷിച്ചു നടന്നു. ഒടുവിൽ ഒരു ടാക്സിക്കാരൻ വഴി പറഞ്ഞു തന്നു.

രാമേശ്വരത്തിലെ ഏറ്റവും ശാന്തമായ പ്രദേശത്ത് താല്ക്കാലികമായി തങ്ങാനുള്ള ചെറിയ കുടിലുകൾ കണ്ടു. അവിടത്തെ കാവി വസ്ത്രധാരിയായ പുരുഷനോട് തന്റെ ആവശ്യമറിയിച്ചു. അയാൾ അകത്തേക്ക് കൂട്ടി കൊണ്ട് പോയി അതിലെ പ്രധാനിയായ
സന്യാസിയുടെ അരികിലെത്തിച്ചു. അയാൾ ശാന്തനായി തറയിലെ പായയിൽ ഇരിയ്ക്കാൻ പറഞ്ഞു.

പിന്നെ കൂട്ടികൊണ്ട് വന്ന ആളിനോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി. അയാൾ പുറത്തേക്ക് മറ്റൊരു കുടിലിലേക്ക് പോയി. സന്യാസി തന്നെ നോക്കി പറഞ്ഞു.
“വരാൻ ഒരു പാട് വൈകിയല്ലോ ”
സന്യാസിയെ നോക്കി താൻ കൈകൾ കൂപ്പി വിങ്ങലാൽ പുറത്തു വരാതെ
ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

“തെറ്റ് പറ്റി പോയി അമ്മയെ കാണണം മാപ്പ് ചോദിക്കണം കൂട്ടികൊണ്ടു പോകണം “.
സന്യാസി തന്റെ തോളിൽ കൈയ്യ് വെച്ചു പതിയെ പറഞ്ഞു
“എല്ലാം മനസിലാക്കി തെറ്റു ഏറ്റു പറയാൻ വന്നപ്പോഴേക്കും വൈകി പോയി. അമ്മയല്ലെ മാപ്പ് തന്നിട്ടുണ്ടാവും ”
അപ്പോഴേക്കും പുറത്തു പോയ ആൾ ഒരു ചെറിയ പൊതി കെട്ടുമായി വന്നു.

“അമ്മയുടേതെന്ന് പറഞ്ഞ് അവശേഷിക്കുന്നത് ഇതേയുള്ളു ഈ അസ്ഥികലശം ” കെട്ടഴിച്ച് സന്യാസി തന്നെയത് ഏല്പിച്ചു വീണ്ടും തുടർന്ന് പറഞ്ഞു

” അമ്മ പോയി നാളെ നാല്പത്തി ഒന്നു തികയും നാളെ വരെയും ആരെയും കണ്ടില്ലെങ്കിൽ ഇത് ഇവിടെ
സമുദ്രത്തിൽ അർപ്പിച്ചു വീണ്ടും യാത്ര തുടരാനായിരുന്നു പദ്ധതി.

നമ്മൾ ദേശാടനക്കിളികൾ അല്ലെ പ്രത്യേകിച്ച് ഒരു സ്ഥലത്ത് തങ്ങാൻ ആഗ്രഹമില്ല. എന്ത് കൊണ്ടോ പതിനാറിന് ഒഴുക്കാൻ തോന്നിയില്ല. ഏറ്റുവാങ്ങാൻ മകൻ വന്നാലോയെന്ന് ഒരു തോന്നൽ. തന്റെ മരണം പോലും ആരെയും അറിയിക്കരുതെന്ന് മുൻപേ അമ്മ പറഞ്ഞിട്ടുണ്ട്. രാത്രിയിൽ ഉറങ്ങാൻ
കിടന്നതാ പിന്നെ എഴുന്നേറ്റിട്ടില്ല. സുഖമരണം “.

സന്യാസി പറയുന്നതൊന്നും കേൾക്കാൻ കഴിയാതെ കാതുകൾ കൊട്ടിയടച്ചു. അസ്ഥികലശം കൈയ്യിലിരുന്നു വിറച്ചു. അമ്മ ക്ഷമ പറയാനൊരവസരം പോലും തരാതെ യാത്രയായി. ചേർത്ത് പിടിച്ചുറങ്ങിയ നാളുകൾ ,സ്വയം പട്ടിണി
കിടന്നാലും തന്റെ വയറു നിറയ്ക്കാൻ ഉരുളകൾ ഉരുട്ടി തന്ന അമ്മ.

അസ്ഥികലശം മാറോട് ചേർത്ത് താൻ
പൊട്ടിക്കരഞ്ഞപ്പോൾ എവിടെയോ അമ്മയുടെ താരാട്ട് കേൾക്കുന്നില്ലെ അമ്മയുടെ മണം ചുറ്റിനും നിറയുന്നില്ലെ. ആയിരം വട്ടം മാപ്പ് പറയുമ്പോഴും ഒന്നു കൂടി കാണാൻ താൻ അറിയാതെ കൊതിച്ചു. പിറ്റേന്ന് ബലിതർപ്പണം നടത്തി അസ്ഥികലശം കടലിലൊഴുക്കി അമ്മയോട് മാപ്പ് പറഞ്ഞെങ്കിലും മടങ്ങി പോകാൻ തോന്നിയില്ല. രാമനാഥ ക്ഷേത്രത്തിൽ കയറി തൊഴാൻ
തീരുമാനിച്ചു.

ആദ്യം അതിനോടനുബന്ധിച്ചുള്ള ഇരുപത്തിരണ്ട് കിണറുകളിലെ വെള്ളം തലയിലൊഴിച്ചു. പാപമോചനത്തിനായി കേണു. പിന്നെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റിയുടുത്ത് ക്ഷേത്രത്തിൽ കയറി മനമുരുകി പ്രാർത്ഥിച്ചു. കരിങ്കൽ തൂണുകൾ കൊണ്ട് നിർമ്മിതമായ ഭംഗിയേറിയ
ഇടനാഴിയിലൂടെ കുറേ നേരം നടന്നു.

അപ്പോഴും മനസ് മാപ്പ് ഉരുവിട്ടു
കൊണ്ടിരുന്നു .തിരിച്ച് പോകാൻ തോന്നിയില്ല രാമേശ്വരം അമ്മയുറങ്ങുന്ന മണ്ണ് ,മകന്റെ ചിന്തകൾ എല്ലാം കൂടി ഓടി ഒളിയ്ക്കാനാണ് തനിക്ക് തോന്നിയത് . അവിടെ തന്നെയുള്ള രാമേശ്വരം ഗ്രാൻഡ് എന്ന ഹോട്ടലിൽ മുറിയെടുത്തു. ഫോൺ ഓഫ് ആയിരുന്നു. വന്നിട്ട് ഒരാഴ്ചയിലേറെയായി .

മകനെ കുറിച്ചുള്ള അരുതാത്ത വാർത്ത കേൾക്കാൻ ശേഷിയില്ലാത്തതിനാൽ
ഫോൺ ഓൺ ചെയ്യാൻ ഇത് വരെ തോന്നിയില്ല . രണ്ടും കല്പിച്ച് ഫോൺ ചാർജിൽ വെച്ചു. കുറേ നേരം റൂമിൽ കിടന്നു വീണ്ടും പുറത്തേക്ക് ഫോൺ ഓണാക്കി കാറുമെടുത്തിറങ്ങി. ധനുഷ് കോടി വരെയെത്തി. വണ്ടി ഒതുക്കി ആരും ശല്യപ്പെടുത്താൻ ഇല്ലാത്ത തീരത്തു നിന്നു .

ജീവിതം
അമ്മയുറങ്ങുന്ന ഈ മണ്ണിൽ അവസാനിക്കട്ടെ എല്ലാം തീരട്ടെ
ആഴിയിലേക്ക് ഇറങ്ങാൻ അയാൾ തീരുമാനിച്ചു. ജീവിക്കാൻ അർഹതയില്ല ഈ ആഴങ്ങളിലേക്ക് താൻ ആഴ്ന്നിറങ്ങട്ടെ പെട്ടന്ന് അയാളുടെ ഫോൺ ബെല്ലടിച്ചു. ഭാര്യയാണെന്ന് കണ്ടു ….പെട്ടന്നുണ്ടായ പ്രേരണയാൽ അവസാനമായി അവളുടെ ശബ്ദം കേൾക്കാമെന്ന മോഹത്താൽ അയാൾ കോൾ എടുത്തു. അവൾ ഒറ്റ ശ്വാസത്തിൽ കരച്ചിലോടെ പറഞ്ഞു.

“നിങ്ങൾ എവിടെയാ ? വിളിച്ചിട്ട്
എടുക്കാത്തതെന്താ ?ഒരാഴ്ചയിൽ കൂടുതൽ ആയില്ലേ പോയിട്ട് മോന് കുഴപ്പമില്ല റൂമിലേക്ക് മാറ്റി. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണ്. കുറ്റപ്പെടുത്തിയതിന് സോറി. മടങ്ങി വാ “…. ഏങ്ങലടികൾക്കിടയിൽ അവൾ വീണ്ടും ചോദിച്ചു
“അമ്മയെ കിട്ടിയോ ”

എല്ലാം വന്നിട്ട് പറയാം എന്ന് പറഞ്ഞ്
അവളെ ആശ്വസിക്കുമ്പോൾ അവൾ സ്വയം സമാധാനിപ്പിക്കാൻ എന്ന വണ്ണം പറയുന്നുണ്ടായിരുന്നു
“മക്കൾ അമ്മമാർക്ക് അത്രയ്ക്ക് പ്രിയപ്പെട്ടതാണ് സ്വന്തം ജീവനെക്കാൾ …

അത് കൊണ്ടല്ലേ നമ്മുടെ മോന് അപകടം പറ്റിയപ്പോൾ ഞാൻ കുറ്റപ്പെടുത്തിയത് …. അത് പോലെ ഏട്ടന്റെ അമ്മയും ക്ഷമിക്കും …. മാപ്പ് തരും …. അവൾ ഫോൺ വെച്ച് കഴിഞ്ഞു കരയിലേക്ക് കയറിയ
അയാൾ ആ മണൽപ്പരപ്പിൽ ഊർന്നി രുന്നു. സൂര്യൻ കടലിലേക്കു മുങ്ങിതാണു ചുവപ്പു പടർത്തിയിരുന്നു. ദൂരെ നിന്നും തന്റെ അമ്മ ചിരിയ്ക്കുന്നതായി അയാൾക്കു തോന്നി. തണുത്ത ഒരു തിര വന്നു അയാളുടെ പാദങ്ങളെ കുളിരണിയിച്ചു കടന്നു പോയി.