ഏടത്തി
(രചന: Athulya Sajin)
വഴുക്കലുള്ള പായൽ മൂടിയ കുളപ്പടവുകൾ കയറുമ്പോൾ നനഞ്ഞ ഒറ്റമുണ്ടിന്റെ തുമ്പ് കാലിടുക്കിൽ കുടുങ്ങി ശബ്ദമുണ്ടാക്കി…
മാറിൽ കെട്ടിയ മുണ്ട് താഴ്ന്നപ്പോൾ ഒന്നു നേരെയാക്കി വേഗത്തിൽ കയറി… പെട്ടന്നാണ് ഈണത്തിൽ മൂളിപ്പാട്ടും പാടി ഒരു കയ്യിൽ മഞ്ഞൾകൂട്ടും മറുകയ്യിൽ തുണികളുമായി ഇറങ്ങി വരുന്ന ഉമയെ കണ്ടത്…
തന്നെ കണ്ടപ്പോൾ ആണ് ഭംഗിയുള്ള പുഞ്ചിരി മാഞ്ഞു ആ ചൊടികൾ വെറുപ്പ് കൊണ്ട് വികൃതമായത്….
തല കുനിച്ചു അവിടെ നിന്നും കിഴക്കേ മുറിയിലേക്ക് നടന്നു.. കുളിച്ചിട്ട് ദിവസങ്ങളായി…. അതുകൊണ്ടാണ് ഉമ കുളിക്കുന്ന നേരമാണ് ഇതെന്ന് ഓർക്കാതെ അവിടേക്കു ചെന്നത്…. ആരുടേയും മുന്നിൽ പോവാൻ ആഗ്രഹമില്ല ഇപ്പോൾ…
പണ്ടെല്ലാം പുലരും മുൻപേ കുളിച്ചു കയറിയിരുന്നു… പതിവെല്ലാം തെറ്റിയിട്ട് ദിവസങ്ങളായി…
ചുമരിന്റെ ഒരു കോണിൽ ആണിയടിച്ചു തൂക്കിയ നിലകണ്ണാടിക്ക് മുന്നിൽ പോയി നിന്നു… എണ്ണ പുരണ്ട മുടിയിലേക്കും കറുപ്പ് മാഞ്ഞ കണ്ണുകളിലേക്കും നോക്കി…
പണ്ട് താനും മഞ്ഞൾ പുരട്ടി മുഖം നിറം കൂട്ടിയതും താളി തേച്ച് നീണ്ട മുടി മിനുസപ്പെടുത്തിയതുമെല്ലാം വെറുതെ ഓർത്തു…
മുടിയിൽ നിന്നും വെള്ളം വീണ് തറ നനഞ്ഞു… മുണ്ട് മാറ്റി നേര്യേത് ഉടുത്തു…
വയറു ഭാഗത്തെ തുണി മാറ്റി അവിടെ അങ്ങിങായി അവശേഷിച്ച വെളുത്ത വരകളെ തഴുകി….
ഉണ്ണി വയറിൽ കിടന്നു അനങ്ങിയപ്പോൾ ഒരിക്കൽ ഇതുപോലെ ഈ കണ്ണാടിക്കു മുന്നിൽ വന്നു നിന്നത് അവളോർത്തു….
അന്നെല്ലാം പൊക്കിൾ ചുഴിയുടെ ആഴത്തിൽ നിന്ന് ഒരു കുഞ്ഞു കൈ പുറത്തേക്കു വന്ന് അവളുടെ കവിളിൽ നുള്ളുന്നത് സങ്കൽപ്പിക്കുമായിരുന്നു.. അപ്പോൾ ആ സന്ദോഷത്തിൽ അവളുടെ മുഖത്ത് പതിവിലേറെ വെണ്മ പടരുന്നത് അവൾ അത്ഭുതത്തോടെ നോക്കിയിരുന്നു…
ഇന്ന് ആ മുഖത്തു നിർവികാരതയുടെ കരിനിഴൽ മാത്രമാണ്….
കാലുകൾ പതിയെ ജനലരികിലേക്ക് ചലിച്ചു…. കിഴക്കെ തൊടിയിൽ മുരിക്ക് മരത്തിനു കീഴെ പച്ചപ്പ് പൊതിഞ്ഞു തുടങ്ങിയ രണ്ടു മൺ കൂനകളിലേക്ക് കണ്ണു നട്ടു… ചുവന്ന മുരിക്കിൻ പൂക്കൾ അങ്ങിങായി വീണു കിടക്കുന്നു..
അവിടെ അവയ്ക്ക് തൊട്ടടുത്തായി ഒരു നനഞ്ഞ മൺകൂന അവൾ മെനഞ്ഞു….
നേരിയ ഒരാശ്വാസം അപ്പോൾ തോന്നി….
താഴെ നിന്നും കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു… നിമിഷങ്ങൾ കഴിഞ്ഞും നിർത്താതെ ഇരുന്നപ്പോൾ ആണ് ഉമ കുളിക്കാണല്ലോ എന്നവൾ ഓർത്തത്…
കുഞ്ഞിനെ നോക്കാനും മറ്റു സഹായത്തിനുമായി നിൽക്കുന്ന ആയമ്മ ഇന്നലെ വീട്ടിലേക്ക് പോയതുമാണ്… അച്ഛൻ ആണെങ്കിൽ ഉച്ചയുറക്കത്തിനായി മുറിയിൽ കയറിക്കാണും….
കുഞ്ഞിക്കരച്ചിൽ കേട്ട് ഇരിക്കപൊറുതി ഇല്ലാതെ താഴേക്കു ചെന്നു…
നടുമുറിയുടെ വാതിൽക്കൽ എത്തി ഒന്ന് ചെരിഞ്ഞു നോക്കി… തൊട്ടിലിൽ കിടന്ന് ഇളകുകയാണ് ഉണ്ണി…
അടുത്ത് ചെന്ന് ഒന്ന് നോക്കിയപ്പോൾ കരച്ചിൽ ഉച്ചത്തിൽ ആയി..
കുറച്ചു നേരം മടിച്ചു നിന്നു…
കണ്ണിൽ ഒരു കുടം കണ്ണീരുമായി വിതുമ്പിക്കരയുന്ന അവനെ കണ്ടപ്പോൾ മുഖം തിരിക്കാൻ ആയില്ല… .. ഉറക്കം വിട്ടു മാറാത്ത കണ്ണുകളിൽ പരിഭവം നിറച്ച് അവൻ തന്നെത്തന്നെ നോക്കുന്നു..
കുഞ്ഞിനെ എടുത്തപ്പോൾ ഉടുപ്പിച്ച വെള്ളമുണ്ട് നനഞ്ഞിരുന്നു… അവൾ അതു മാറ്റി വേറെ ഒരു തുണി എടുത്തു കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു….
അവൻ തന്റെ ഇളം ചുണ്ടുകൾ വിടർത്തി ചിരിച്ചു…. അവൾ എത്രയോ നാളായി മറന്നു പോയ ചിരി ചുണ്ടുകൾ വിടർന്നപ്പോൾ വലിഞ്ഞു മുറുകിയ കവിളുകൾ കാണിച്ചു തന്നു..
അവന്റെ മുഖത്തു മിന്നിയ ചിരിയിൽ സ്വയം മറന്നു പോയി… മുഖത്തേക്ക് വീണ് കിടന്ന മുടിയിഴകൾ മാടിയൊതുക്കി ആ കുഞ്ഞു നെറ്റിയിൽ ഒരു മുത്തം നൽകി…
കണ്ണുകൾ പാതി ചിമ്മി അവൻ അവളുടെ മാറിൽ മുഖം പൂഴ്ത്തി… എന്തിനോ വേണ്ടി പരതി…
എവിടെയോ മുറിവേറ്റു… എവിടെ എന്ന് അറിയില്ല… ഒരുപക്ഷെ ഹൃദയഭിത്തിയിൽ ഒരു നനഞ്ഞ ഓർമ്മയുടെ സൂചിമുന വരഞ്ഞു കീറിയതാവാം… ഹൃദയം ഒരു നിമിഷം പിടച്ചു… പിന്നെ ശാന്തമായി..
അവൾ നടുമുറിയിലേക്ക് കയറുന്ന പടികൾ ഇറങ്ങി നടന്നു.. കുഞ്ഞിനെ ചേർത്തു പിടിച്ചപ്പോൾ എന്തിനോ അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു…
കിഴക്കേ കെട്ടിലേക്കുള്ള പടികൾ കയറിയപ്പോൾ കാലുകൾ വിറച്ചു… കൈകൾ വിയർപ്പിൽ കുതിർന്നു… നുണക്കുഴി മിന്നിമായുന്ന കവിളിൽ തുരുതുരെ മുത്തം നൽകാൻ അവൾക്ക് തോന്നി..
കുഞ്ഞുങ്ങളുടെ കവിളിൽ ഉമ്മ വെച്ചാൽ അവ തൂങ്ങി ഭംഗി നഷ്ട്ടമാവുമെന്ന് കേട്ടിട്ടുണ്ട്…..
ഒന്നുകൂടി അവനെ ചേർത്തു പിടിച്ചു….
കട്ടിലിൽ ഇരുന്നപ്പോൾ അവൻ ഒന്നനങ്ങി.. പിന്നെ കണ്ണു മിഴിച്ചു ഒന്നു ചിണുങ്ങി… പാതി തുറന്ന മിഴികളോടെ ചുണ്ടുകൾ വിടർത്തി അവൻ വീണ്ടും പാലിനായി അവളുടെ മാറിൽ തടവി… ചുണ്ട് പിളർത്തി കാണിച്ചു … പെട്ടന്ന് അതൊരു കരച്ചിലായി…
മറുത്തൊന്നും ചിന്തിക്കാതെ അവൾ നേര്യേത്തിന്ടെ തുമ്പ് മാറ്റി കുപ്പായകുടുക്കുകൾ ഓരോന്നായി അഴിച്ചു… ശോഷിച്ച മുലകൾ എടുത്തു അവന്റെ ചുണ്ടിനോട് ചേർത്തു…
രാത്രികളിൽ തന്റെ കണ്ണുനീരിനോടൊപ്പം അവയും വേദന ചുരത്തിയിരുന്നു… ദിവസങ്ങളോളം…. നുകരാൻ ഉണ്ണിയില്ലാതെ അവ എന്നോ വരണ്ടുണങ്ങി പോയതാണ്. …
ഇളം ചുണ്ടുകൾ മു ല ക്കണ്ണിനെ പൊതിഞ്ഞപ്പോൾ ഒരു നേർത്ത നിലവിളി നെഞ്ചിൽ നിന്നും വന്നു തൊണ്ടക്കുഴിയിൽ തങ്ങി നിന്നു… എങ്ങലുകൾ പുറത്തു വരാതിരിക്കാൻ അവൾ മുഖം പൊത്തിപ്പിടിച്ചു….
കണ്ണുനീരിനെ തടയാൻ മാത്രം അവൾ മിനക്കെട്ടില്ല… വറ്റിയില്ല എന്ന് തെളിയിച്ചു അവ ഒഴുകിക്കൊണ്ടിരുന്നു… വേദനയുടെ ശേഷിപ്പ് പോലെ..
കുഞ്ഞു ചുണ്ടുകളുടെ തണുപ്പ് ഒരു മഴമേഘം പോലെ അരിച്ചിറങ്ങി വരണ്ട ഗർഭപാത്രത്തെ നനയിച്ചു…. അവിടെ മരിച്ചെന്നു കരുതിയ വാത്സല്യത്തിന്റെ ഉറവ പുനർജനിച്ചു….
നിമിഷങ്ങൾ കൊണ്ട് ശോഷിച്ച മാറിടങ്ങൾ പാലു കൊണ്ട് വിങ്ങുന്നത് അവളറിഞ്ഞു….
താളത്തിൽ ശബ്ദമുണ്ടാക്കി അവൻ
മൊത്തിക്കുടിച്ചുകൊണ്ടിരുന്നു….
അതു കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തിളങ്ങി….
ജീവാംശം പകർന്നു നൽകുന്ന മാതൃത്വമല്ലാതെ മറ്റെന്താണ് ഒരുവളെ പൂർണ്ണയാക്കുന്നത്. .. ഒരു സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വലിയ സന്തോഷം ഈ ഭാഗ്യദോഷിക്കും ലഭിച്ചല്ലോ…
അവളുടെ മടിത്തട്ട് നനഞ്ഞു…
“എടാ കള്ളകണ്ണാ നീ പണി പറ്റിച്ചല്ലേ…. ”
അവൾ തടിപ്പെട്ടി തുറന്ന് ഒരേ വലുപ്പത്തിൽ മുറിച്ചു മടക്കിവെച്ചിരുന്ന മല്ലു മുണ്ടിൽ നിന്നും ഒന്നെടുത്തു അവനെ ഉടുപ്പിച്ചു….വീണ്ടും പാലു കൊടുത്തു തുടങ്ങി…
ദേവേട്ടന്റെ ഇടംകൈ കോർത്ത് പടിപ്പുര കയറിവന്നഅന്ന് മുതലുള്ള ഓരോ ഓർമ്മകളും പല നിറമുള്ള മുത്തുകളാക്കി അടുക്കി കോർത്തു വെക്കുകയായിരുന്നു അവളപ്പോൾ.. ആ നല്ല നാളുകളുടെ പ്രഭ അവളുടെ കരുവാളിച്ച മുഖത്തിനും മാറ്റേകി….
മൂന്ന് ആണുങ്ങൾ ഉള്ള വീട്ടിലേക്ക് കയറി വന്നപ്പോൾ എല്ലാവരേക്കാളും ഭയമായിരുന്നു. .. അപ്പു ആണ് എനിക്ക് എപ്പോളും കൂട്ടായിരുന്നത്.. ഏടത്തി ന്നും വിളിച്ചു എപ്പോളും ഉണ്ടാകും കൂടെ ..
രണ്ടു വയസ്സിനിളപ്പം മാത്രം… എന്നാലും അവൻ എനിക്കെന്റെ മോനായിരുന്നു…. ഞാൻ മരിച്ചു പോയ അവന്റെ അമ്മക്ക് പകരവും….
ഓർമ്മകൾ വർണ്ണങ്ങൾ തരിമ്പു പോലും അവശേഷിക്കാത്ത ആ നരച്ച മുത്തിൽ എത്തി നിന്നു അവസാനം… അതെപ്പോഴും അങ്ങനെ ആണ് എവിടെ തുടങ്ങിയാലും അവസാനിക്കുക ആ ദിവസത്തിലാണ്..
ജീവിതത്തിന്റെ എല്ലാ തിളക്കവും മങ്ങി വികൃതമായ ആ ഒരൊറ്റ ദിവസം…
നീണ്ട പതിനൊന്നു വർഷത്തെ കാത്തിരിപ്പ്… പ്രാർത്ഥന…. കുറ്റപ്പെടുത്തലുകൾ.. അടക്കംപറച്ചിലുകൾ.. ദേവേട്ടന്റെ ഇട നെഞ്ചിൽ ഒഴുക്കിയ പരിഭവപ്പുഴകൾ… കണ്ണീർപ്പെയ്ത്ത്…
എല്ലാം അവസാനിപ്പിച്ചുകൊണ്ടാണ് എന്റെ ഉണ്ണി വരവറിയിച്ചത് ….. ലോകത്തിലെ എല്ലാ സൗഭാഗ്യവും സന്തോഷവും എന്നിൽ വന്നു നിൽക്കുന്ന പോലെ തോന്നി… ജീവിതം ഇത്രയും മധുരമുള്ളതാണ് എന്നറിഞ്ഞ കാലം. …….
അപ്പുവിന്റെയും ഉമയുടെയും വിവാഹം കഴിഞ്ഞു… അവളും ഗർഭിണി… തമ്മിൽ മൂന്നു മാസത്തെ വ്യത്യാസം മാത്രം….
മാസം തികയുന്നതിനു മുൻപേ നോവ് തുടങ്ങി….പുഴ കടക്കണം ആശുപത്രിയിൽ എത്താൻ…
നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴയും നാഭിയിൽ നിന്നുയർന്നു മൂർദ്ധാവിൽ തൊടുന്ന വേദനയും തമ്മിലുള്ള മൽപ്പിടുത്തം..
തോണി ചെരിഞ്ഞപ്പോൾ ഏട്ടന്റെ കയ്യിൽ മുറുകെ പിടിച്ച പിടി അയഞ്ഞു… ബോധം മറഞ്ഞപ്പോൾ ഉയരുന്ന നിലവിളികൾ മാത്രം കേട്ടു…
ഉണർന്നപ്പോൾ വയറു തൊട്ട് നോക്കി… ശൂന്യത… കുഞ്ഞിനെ ചുറ്റും തിരഞ്ഞു… ആ ശൂന്യത അവളുടെ ജീവിതം തന്നെ അർത്ഥശൂന്യമാക്കിയത് അവളറിഞ്ഞിരുന്നില്ല…
പിന്നീടറിഞ്ഞു പ്രസവിച്ചത് ചാപിള്ളയായിരുന്നു എന്ന്… മനസ് കൈ വിട്ടപ്പോൾ പണ്ടെങ്ങോ വന്ന് മാഞ്ഞു പോയ ദീനത്തിന്റെ സൂചന എന്നോണം പിടഞ്ഞു വീണു…കണ്ണു തുറിച്ചു.. ആരോ കയ്യിൽ ചേർത്തു വെച്ച ഒരിരുമ്പിന് കഷ്ണത്തിലൂടെ ശാന്തമായി….
ഒന്ന് ചാഞ്ഞു കരയാൻ പാതിയുടെ ഇടനെഞ്ഞു തിരഞ്ഞപ്പോൾ അതും നിശ്ചലമായെന്നറിഞ്ഞു അലമുറയിട്ട് കരഞ്ഞു അവൾ… ഭ്രാന്ത് എന്ന് എല്ലാരും പറഞ്ഞപ്പോളും…. എല്ലാ ദുഖങ്ങളും മറക്കുന്ന ആ അനുഗ്രഹം പോലും തിരിഞ്ഞു നോക്കിയില്ല അവളെ…
വിധിയുടെ തുലാസിൽ പൊന്തി നിന്ന ദുഖത്തിന്റെ തട്ട് താഴാൻ മരണത്തിന്റെ നേരിയ കനം മാത്രമേ വേണ്ടിവന്നുള്ളു…..
ഏട്ടത്തി….
ഓർമ്മ മുത്തുകൾ ഊർന്നു വീണ് അങ്ങിങായി ചിതറിതെറിച്ചു….
അപ്പുവും ഉമയും അമ്പരപ്പോടെ നോക്കുന്നു.. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി…എന്താ ഏടത്തി ഇത്.. ഞങ്ങടെ കുഞ്ഞിനെ നിങ്ങൾ എന്തു ചെയ്യാ ഇവിടെ..
മോനെ അപ്പു… അവൻ വിശന്നു കരഞ്ഞപ്പോൾ ഞാൻ….
വേണ്ട എനിക്കൊന്നും കേൾക്കണ്ട.. അവന്റെ വിശപ്പ് മാറ്റാൻ അവന്റെ അമ്മയുണ്ട്.. ഉമ വന്ന് കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു..
ഞാൻ കുളിക്കാൻ പോയ തക്കത്തിന് ആരും കാണാതെ കുഞ്ഞിനെ എടുത്തുകൊണ്ടു വന്നിരിക്കുന്നു..
ഇവർക്ക് നമ്മളോട് അസൂയയാ അപ്പേട്ടാ.. കുഞ്ഞിനെ കൊല്ലില്ലെന്ന് ആര് കണ്ടു…
അല്ലെങ്കിൽ കുഞ്ഞുണ്ടായി ഇത്രയും ദിവസത്തിനിടയിൽ ഒന്ന് കാണാൻ പോലും ഇവര് വന്നോ…
മോളെ ഉമേ ഏടത്തി സ്വന്തം മോനെ പോലെ….
മിണ്ടരുത് നിങ്ങൾ.. ഇനി എനിക്ക് നിങ്ങളെ കാണണ്ട.. നിങ്ങൾ എന്റെ ആരുമല്ല…
മോനെ…??
അവൾ കുഞ്ഞിനെ എടുക്കാൻ തുനിഞ്ഞതും അവൻ ഊക്കോടെ വന്ന് അവളെ തട്ടി മാറ്റി… അവൾ വേച്ചു നിലത്തു വീണു… അവർ കുഞ്ഞുമായി താഴേക്ക് പോയി…
മക്കളെ മോന് കുഴപ്പം ഒന്നുല്ലല്ലോ…
ഇല്ല അച്ഛാ.. ആ സ്ത്രീ എന്താ ചെയ്തതെന്ന് അച്ഛനറിയോ….???
അവൻ എല്ലാം അച്ഛനോട് പറഞ്ഞു…
ഏതെങ്കിലും ഒരു സ്ത്രീ വേറൊരു കുഞ്ഞിനെ മു ല യൂട്ടുമോ.. അതും അവന്റെ അമ്മ ജീവിച്ചിരിക്കെ… കുഞ്ഞിനെ അപായപ്പെടുത്താനായിരുന്നോ ഉദ്ദേശമെന്നു സംശയണ്ട് നിക്ക്…
വിട്ട് കള മോനെ കുഞ്ഞു മരിച്ചു പോയ ഒരു പെണ്ണിന്റെ ആഗ്രഹായി കണ്ടാ മതി .
അങ്ങനെ വിടാൻ പറ്റില്ല അച്ഛാ.. അവർക്ക് മുഴുത്ത ഭ്രാന്താ… അവരെ ഇനിയും ഇവിടെ നിർത്തിയാൽ ഇന്നൊഴിഞ്ഞു പോയ ആപത്ത് ഏതു നിമിഷവും വരും….
നീ തന്നെ ഇത് പറയണം മോനെ…സ്വന്തം മോനാണെന്ന് എപ്പോഴും പറയുന്ന.. നിന്നെ അമ്മയുടെ സ്ഥാനത്തു നിന്ന് വളർത്തി വലുതാക്കിയ അവളെക്കുറിച്ച്
നീ പറയണം…
അവള് കുഞ്ഞിനെ ഉപദ്രവിച്ചില്ലല്ലോ അതിന് കുറച്ചു പാല് കൊടുത്തല്ലേ ഉള്ളു… അവളിലെ നന്മ കണ്ടില്ലേലും വെറുതെ അതിനെ പഴിക്കരുത് നീയ്… ഏഴു ജന്മം നിനക്ക് മോക്ഷം കിട്ടില്ല….
അച്ഛാ….. .മോനെ കാണാതായപ്പോൾ ഞാൻ പേടിച്ചു .. ആ ദേഷ്യത്തിൽ എന്ധോക്കെയോ പറഞ്ഞും പോയി …..
മോൻ പോയി ഏട്ടത്തിയോട് ക്ഷമ ചോദിക്ക്.. ചെല്ലു…
അതേ വലിയ പാപമാണ്…നെഞ്ചിൽ ചോര പൊടിഞ്ഞു… കുട്ടികൾ ഇല്ലാതെ ഇരുന്നപ്പോളും ഒരിക്കലും ഏടത്തി ആ സങ്കടം പുറത്ത് കാണിച്ചില്ല..
ചോദിക്കുമ്പോൾ പറയും…
നീയില്ലേടാ എനിക്ക് ഉണ്ണിയായി.. ഇനി ഒരു കുഞ്ഞുണ്ടായാലും നീ തന്ന്യാ ഏടത്തിടെ പൊന്നുമോൻ… താൻ എന്ധോക്കെയോ പറഞ്ഞുവല്ലോ.. ആ പാവത്തിന് ഇനി ഞാൻ അല്ലാതെ വേറെ ആരാ ഉള്ളത്…
നെഞ്ചിൽ കുറ്റബോധം നിറഞ്ഞു… അവൻ ഏടത്തിടെ അടുത്തേക്ക് നടന്നു… ഉമയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി…
ആ കാലിൽ വീണ് മാപ്പ് പറയണം… കുഞ്ഞിനെ ആ കൈകളിലേക്ക് വെച്ച് കൊടുത്ത് ചേർത്തു പിടിച്ചു എന്നും കൂടെ ഉണ്ടാകും എന്ന് പറയണം. …
മുറിയിലേക്ക് ചെന്നപ്പോൾ നിലത്ത് കമിഴ്ന്നു കിടക്കുന്ന ഏടത്തിയെ കണ്ടു ഉള്ളു കാളി…
പുറം തിരിച്ചു കിടത്തിയപ്പോൾ കണ്ണിൽ വെളുത്ത പാട…. ചുണ്ടിന്റെ ഇരുവശത്തു കൂടിയും ഒലിച്ചിറങ്ങിയ നുര… വിറച്ചു കൊണ്ടിരിക്കുന്ന ശരീരം.. ഓടിച്ചെന്നു വാതിലിൽ നിന്നും താക്കൊൽക്കൂട്ടമെടുത്തു വന്നപ്പോളേക്കും ആ ശരീരം നിശ്ചലമായി….
ആരാ കർമ്മങ്ങളൊക്കെ ചെയ്യണേ…
എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചപ്പോൾ ഒന്നും ആലോചിക്കാതെ തന്നെ അവൻ അങ്ങോട്ട് ചെന്നു…
ഞാൻ ചെയ്യാം ന്ന് പറഞ്ഞു….
സേതുട്ടി ചെയ്തോളും അപ്പുവേ.. അവളുടെ അനിയത്തീടെ മോനല്ലേ…
വേണ്ട അച്ഛാ ഞാൻ…. എനിക്കാ അതിനുള്ള അവകാശം… ഞാൻ… ഏടത്തിടെ സ്വന്തം മോനാ….
ഓരോന്ന് ചെയ്തപ്പോളും കൈവിറച്ചു… കണ്ണടച്ചു.. നെറ്റിയിൽ വലിയൊരു ഭസ്മക്കുറി നീട്ടിവരച്ചു നിറഞ്ഞ പുഞ്ചിരിയോടെ മൂർദ്ധാവിൽ തലോടി കൊണ്ട് ഏടത്തി പറയാണ്….
നീയില്ലേടാ എനിക്ക് ഉണ്ണിയായി…?? നീയല്ലേ എന്നും ഏടത്തിടെ പൊന്നുമോൻ… ഉള്ളിൽ ആ ശബ്ദം ചിലമ്പിച്ചു കൊണ്ടിരുന്നു അപ്പോഴും…..