നിനക്കു എന്നെ ഇഷ്ട്ടല്ലേ ആനി, നീഎന്നെ കെട്ടത്തില്ലേ കണ്ണുകൾ പെയ്തപ്പോൾ അവൾ തിരിഞ്ഞു..

പ്രണയകുടീരം
(രചന: Athulya Sajin)

കുന്തിരിക്കത്തിന്റെ വെളുത്ത പുക  എരിവ് പടർത്തിയപ്പോൾ മാത്രം  അവന്റെ കണ്ണൊന്നു നീറി..  ഒരിറ്റ് വെള്ളം വന്നു…… പുകച്ചുരുളുകൾ ഉയർന്നു പൊങ്ങുന്നയിടത്തു അവൾ കിടക്കുകയാണ്…

ഇത്രയും സുന്ദരി ആയി ആദ്യമായാണ് അവൻ  അവളെ കാണുന്നതു……

കണ്ണേടുക്കാൻ തോന്നുന്നേ ഇല്ല….. ഏതായാലും ഈ ഉടുപ്പ് അവൾക്ക് നന്നായി ചേരുന്നുണ്ട്……
കോട്ടയത്തു പോയപ്പോൾ കല്യാണത്തിനു ള്ള എല്ലാതും വാങ്ങി….. മിന്നു അവൾക്ക് ഇഷ്ട്ടാവും ……

ഉടുപ്പ് പാകം ആവുമോ എന്നായിരുന്നു പേടി……. എന്ധായാലും അവൾക് നന്നായി ചേരുന്നുണ്ട്……  നന്നായി ചേരുന്നുണ്ട്……അവൻ പിറു പിറുത്തുകൊണ്ടിരുന്നു

അവളുടെ ചാരെ ചെന്നിരുന്നു.. തല പൊക്കി മടിതട്ടിലേക്ക് എടുത്തു വെച്ചു… കൈകൾ കോർത്തു പിടിച്ചു… അവൾക് ഒരുപാട് ഇഷ്ട്ടാണ് അത്.  . അടുത്ത് ഉണ്ടാവുമ്പോൾ എല്ലാം ആ കൈ എടുത്തു അവന്റെ രണ്ടു കൈക്കുള്ളിൽ
ചേർത്തു വെക്കും..

ആ നെറ്റിയിൽ മെല്ലെ അധരങ്ങൾ ചേർത്തു…

എടാ തെമ്മാടി.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കുരുത്തക്കേടുമായി എന്റെ അടുത്ത് വന്നേക്കരുത് എന്ന്… പിന്നിലൂടെ ചെന്ന് കഴുത്തിൽ മുഖമുരസുമ്പോൾ എല്ലാം കപട ഗൗരവം എടുത്തണിഞ്ഞ് അടർന്നു മാറി നിന്ന് കൊണ്ട് അവൾ പറയാറുണ്ടായിരുന്നു…

നീ എന്റെതല്ലേ ആനി…??

നീ എന്റെ നെറ്റിയിൽ ഉമ്മ വെച്ചോടാ ചെറുക്കാ…

ഓ പിന്നെ നെറ്റിയിൽ അല്ലെ എല്ലാരും ഉമ്മ വെക്കാ…

നീ അതിനു ആര് ഉമ്മ വെക്കുന്നത കണ്ടേക്കുന്നെ…?

ഒന്നും അറിയാത്ത ചെറുക്കനായിരുന്നു… എവിടുന്നാ നീയിതൊക്കെ പഠിക്കുന്നെ???

ആ എബിയുടെ പണിയാ… ഇവനെ ഇങ്ങനെ ഓരോന്ന് പറഞ്ഞു തിരിക്കുന്നതു…

ആനി… എന്നതാടാ നിനക്കു വേണ്ടേ??

പാപ്പിക്ക് ഒരുമ്മ തരോഡീ..??

അവൾ തിരിഞ്ഞു നിന്നു… നാണം കൊണ്ട് ചുവന്ന ആ കവിൾതടങ്ങൾ അവനിൽ  നിന്നും മറച്ചു വെച്ച് കൊണ്ടവൾ ചിരിക്കുകയാണ്..

നിനക്കു എന്നെ ഇഷ്ട്ടല്ലേ ആനി… നീഎന്നെ കെട്ടത്തില്ലേ… കണ്ണുകൾ പെയ്ത പ്പോൾ അവൾ തിരിഞ്ഞു നോക്കി… അവൾ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി… വെറുതെയല്ല എല്ലാരും നിന്നെ പൊട്ടാന്നു വിളിക്കുന്നെ… നീ ശരിക്കുമൊരു പൊട്ടൻ തന്നെയാ…

ഓ നിനക്കും ഇപ്പൊ ഞാൻ പൊട്ടൻ ആയി അല്ലെ.. എല്ലാരും അങ്ങനെ വിളിച്ചപ്പോളും അവഗണിച്ചു… നിന്റെ മുന്നിൽ മാത്രം എനിക്ക് ഞാൻ ആവാം എന്ന് കരുതി… ഇപ്പൊ നീയും…

എടാ ചെക്കാ…?  അവൾ ഓടി വന്നു അവന്റെ നെഞ്ചിൽ വീണു.. പെരുവിരലിൽ എഴുന്നു നിന്ന് അവന്റെ  നെറ്റിയിൽ ആർദ്രമായി ചുംബിച്ചു… എന്നിട്ട് പറഞ്ഞു… നിനക്കല്ലേ എന്നെ ഇങ്ങനെ സഹിക്കാൻ പറ്റൂ.. നിന്നെ വിട്ട് ഞാൻ വേറെ ആരെയാട പാപ്പി കെട്ടാ..?? നിന്നെയെ കെട്ടത്തു ള്ളൂ. . ഈ ആനി…

എടാ പാപ്പി… സ്നേഹത്തിനു അതിരുകൾ ഉണ്ട്… എന്റെ നെഞ്ചിൽ നിന്റെ മിന്നു തിളങ്ങുന്നതു വരെ മാത്രം നില നിൽക്കുന്ന ചില  അതിരുകൾ…

എന്റെ മാത്രം തോന്നൽ ആവും ചിലപ്പോൾ…
നിന്റെ ചുംബനങ്ങൾ പതിയെണ്ടത് എന്റെ നെറ്റിയിൽ ആണ്..  അപ്പോൾ നീ എന്റെ ഹൃദയത്തിലാണ് ചുംബിക്കുന്നതു…. മറ്റു വികാരങ്ങൾ കൊണ്ട് പങ്കിലമാവാത്ത സ്നേഹം അനുഭവിച്ചറിയാൻ അവിടെയെ കഴിയൂ…

മറ്റിടങ്ങൾക്ക് ഒരു പക്ഷെ എന്റെ ശരീരതെ കോരിതരിപ്പിക്കാൻ ആയേക്കും..  എന്നാൽ മനസ്സിനെ ഉണർത്താൻ ആവില്ല…

മിന്നുകെട്ടി കഴിഞ്ഞേ ഇതൊക്കെ പാടുള്ളു എന്ന് നിന്റെ എബിച്ചായാൻ പറഞ്ഞു തന്നില്ലേ???

അവൾ അവന്റെ നെഞ്ചിൽ ഒരിടി വെച്ചു  ഓടി. .
മെല്ലെ കൈ നെഞ്ചിൽ വെച്ചു…. അവളുടെ സ്പർശം ഇപ്പോളും അവിടെ വിങ്ങുന്ന പോലെ തോന്നി…… പിന്നെ അവളുടെ ഇഷ്ടം പോലെ നെറ്റിയിലെ ചുംബിച്ചുള്ളു. അവൻ… ….

ഒരു മാലാഖയെ പോലെ ഒരു കുന്നു പൂക്കളുടെ നടുവിൽ അവൾ കിടക്കാണ്…

അവനെ  കഴിഞ്ഞാൽ അവൾക്ക് ഏറ്റവും ഇഷ്ടം പൂക്കളോടാ …

മഞ്ഞു വീഴുന്ന ഡിസംബർ മാസങ്ങളിലെ വെളുപ്പാൻ കാലങ്ങളിൽ കൈകൾ കൊരുത്തു പിടിച്ചു കൊണ്ട് അവർ  മലഞ്ചേരുവുകളിൽ ചെന്നിരിക്കും… നിറയെ പൂത്ത താഴ്വാരങ്ങളിലേക്ക് നോക്കി അവളവന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് പറയും….

എടാ… പാപ്പി..  നമ്മൾക്ക് ഇവിടെ ഒരു കൊച്ചു കൂര വെക്കണം….അതിനു ചുറ്റും നിറയെ പനിനീർ പൂക്കൾ വെച്ചു പിടിപ്പിക്കണം  എന്നും ഈ മഞ്ഞു പൊഴിഞ്ഞ താഴ്വാരങ്ങളിൽ കൈ കോർത്തു പിടിച്ചു നടക്കണം…നമ്മൾ മാത്രം… . അവസാനം ഈ മണ്ണിൽ തന്നെ അലിഞ്ഞു ചേരണം….  ഒരുമിച്ചു…..

ആർക്കും അറിയില്ല… അവൾക് ഏറ്റവും ഇഷ്ടം ചുവന്ന പനിനീർ പ്പൂക്കൾ ആണ് .. എനിക്കെ അറിയൂ….

അവൻ വെപ്രാളപ്പെട്ടു കൊണ്ട് ആ പൂക്കളുടെ ഇടയിൽ തിരഞ്ഞു കൊണ്ടിരുന്നു…. ആരൊക്കെയോ അവനെ തടയുന്നു…. പെട്ടന്ന് അവൻ എഴുന്നേറ്റ് പുറത്തേക്കു ഓടി… എല്ലാവരും അന്ധാളിച്ചു പോയി…

കൈ നിറയെ പനിനീർ പൂക്കൾ ഒടിച്ചു കൊണ്ട് ചിരിയോടെ അവളുടെ അടുത്ത് വന്നിരുന്നു… കയ്യിൽ അവിടവിടെയായി ചെറിയ പോറലുകളിൽ നിന്നും രക്തം പൊടിഞ്ഞു…

ആനി നോക്കിക്കേ.. നിനക്ക് ഏറ്റവും ഇഷ്ടം ഈ പൂക്കൾ അല്ലെ…?? ഇവരൊക്കെ പൊട്ടൻമാര… ഇവർക്കൊന്നും അറിയില്ല… ഇവർക്കൊന്നും അറിയില്ല…  അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു…

അവൻ ആ പൂക്കൾ അവളുടെ നെഞ്ചോടു ചേർത്തു വെച്ചു…. നിറുകയിൽ വീണ്ടും ചുംബിച്ചു… എല്ലാവരെയും നോക്കി കളിയാ ക്കുന്ന പോലെ പറഞ്ഞു   …

കണ്ടോ എന്റെ ആനി ചിരിക്കൂന്നേ.. കണ്ടോ നിങ്ങൾ ഒക്കെ കണ്ടോ. … നിങ്ങൾ എത്ര പൂക്കൾ കൊടുത്തു..ഒരുപാട് നിറത്തിൽ ഉള്ള പൂക്കൾ…

കണ്ടോ എന്റെ പൂക്കളാ അവൾക് ഇഷ്ടം… അവളുടെ ഇഷ്ടം എനിക്കെ അറിയതൊള്ളൂ….

ആരൊക്കയോ വന്നു പറഞ്ഞു… പള്ളിയിൽ അടക്കാൻ പറ്റത്തില്ല എന്ന്… പെടുമരണം അല്ലെ… വേറെ സ്ഥലം നോക്കണം ഇനി. .

പള്ളിയിൽ പോവുന്നത് ആനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു…  നേർത്ത വെളുത്ത ഒരു ഷാൾ തലയിൽ ഇട്ട് നനുത്ത പുഞ്ചിരിയോടെ പള്ളിയിലെ ഗായകസംഘത്തിനു നടുവിൽ നിന്ന് അവൾ ഈണത്തിൽ മൂളും…. ഇത്രയും കാലം പള്ളിയിൽ അവൻ പോയിട്ടില്ല….അവനു വാശിയായിരുന്നു…

ആ ഗീതങ്ങൾ അവൾ അവനു വേണ്ടി മാത്രം പിന്നെയും പാടുമായിരുന്നു….

അവന്റെ അപ്പൻ മരിച്ച അന്ന് അമ്മച്ചി കരഞ്ഞു പറഞ്ഞതാ ഒന്ന് അടക്കാൻ അവിടുത്തെ സ്മശനത്തിൽ…. ആരും കേട്ടില്ല… തൂങ്ങി ചത്തവനെ പള്ളിയിൽ അടക്കാൻ പറ്റത്തില്ല ന്ന്….

എല്ലാരും പോയി… അവനും അമ്മച്ചിയും എന്താ ചെയ്യാ എന്നറിയാതെ നിന്നു…കരഞ്ഞു…

കത്തിയും എടുത്തു അമ്മച്ചി കാടിന്റെ ഇരുളിനെ തുരന്നു കൊണ്ട് പോവുന്നത് അവൻ നോക്കി നിന്നു..  ആ ഇരുട്ടിൽ നിന്നും വെളുത്ത ഒരു പൂക്കുല അവർ ഒടിച്ചു കൊണ്ട് വന്നു….  അതിനിടയിൽ മൂപ്പെത്തറായ രണ്ടു മൂന്നു കായ്കൾ അവർ അവനു നേരെ നീട്ടി…..

പാപ്പിക്കുഞ്ഞെ ആദ്യം ഇച്ചിരി കൈപ്പാവും കേട്ടോ… ചമക്കും തോറും തേൻ മധുരാവും….

അമ്മച്ചി കാണിച്ചരാ.അവർ മുണ്ടിന്റെ തലപ്പിൽ തിരുകി വെച്ച പാകമായ രണ്ടു കായ എടുത്തു വായിലിട്ടു.. .. അമ്മച്ചിടെ മുഖത്തു കണ്ട ഭാവം അവനിൽ കൊതി ഉണ്ടാക്കി… അവനും വായിൽ ഇട്ടു…

അമ്മച്ചിയുടെ കണ്ണുകൾ നിറയുന്നതു മാത്രം അവൻ കണ്ടില്ല… അവൻ കൈപ്പു കാരണം ആഞ്ഞു തുപ്പി… അപ്പോളേക്കും അമ്മച്ചി  കുഴഞ്ഞു വീണു….

അന്ന് പാതിരാ നേരം രണ്ടു ജീവനറ്റ ശരീരങ്ങൾക്ക് നടുവിൽ അവരെ ചേർത്ത് പിടിച്ചു കിടന്നു അവൻ ഉറങ്ങി. ആരൊക്കെയോ ചേർന്ന് രണ്ടാം നാൾ ആ ശരീരങ്ങളിൽ നിന്നു അവനെ വേർപെടുത്തി…ആ ശരീരങ്ങൾ   മണ്ണോടു ചേർത്തു. .

അതിനു ശേഷം അവൻ ആ നാട്ടിൽ അലഞ്ഞു… മനസ് തകർന്ന്  ഓരോന്ന് പുലമ്പിക്കൊണ്ട് നടന്ന അവനു വട്ടാണ് എന്ന് എല്ലാവരും പറഞ്ഞു… ഒരാൾ ഒഴികെ… ആനി… അവൾക്കു മറ്റുള്ളവരെ പോലെ അവനോട് വെറുപ്പ് തോന്നിയില്ല..

ആനി എന്നും അവനെ കാണും… അവൾക്കും അപ്പനില്ല .. അമ്മച്ചിക്കണേങ്കിൽ ഏതോ വലിയ ദീനവും…

പള്ളിക്കൂടത്തിൽ പോണ വഴി അവൾ പാപ്പിയെ കാണും…. കൈ കാട്ടി വിളിക്കും…. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ഒരു പൊതിയവനു നീട്ടും… അവൻ അത് വാങ്ങും… അപ്പോൾ മാത്രം… അവളുടെ മുൻപിൽ മാത്രം അവനൊന്ന് ചിരിക്കും .  …

ചായക്കട നടത്തുന്ന മത്തായിച്ഛൻ കനിഞ്ഞൽ അന്തി നേരം അവൻ വയറു  പൊരിയാതെ കഴിയും … അങ്ങനെ വർഷങ്ങൾ പോയി… ദിവസത്തിൽ  ഒരിക്കൽ മാത്രം.. അവളോട്‌ മാത്രം അവൻ ചിരിച്ചു… അതി ൽ കൂടുതൽ ഒന്നും അവർ തമ്മിൽ സംസാരിചില്ല….

ഒരിക്കൽ അവൻ ആനിയെ കണ്ടില്ല… വൈകുന്നേരം വരെ കാത്തു… പിന്നെ വഴി തേടി പോയി… ചുറ്റും ആളുകൾ തിങ്ങി നിറഞ്ഞ ഒരു കൂരയിലേക്കാണ് എത്തിയത്… കരഞ്ഞു തളർന്നു കിടക്കുന്ന അവളെ ഒന്ന് നോക്കി… ഉള്ളിൽ എവിടെയോ അവളുടെ നോട്ടം ഒരു വിങ്ങലായി തങ്ങി നിന്നു. . അവിടുന്ന് പോരാൻ തോന്നിയില്ല…

അമ്മയുടെ അടക്കം കഴിഞ്ഞു പെട്ടന്ന് തന്നെ ആളുകൾ ഒഴിയാൻ തുടങ്ങി… തന്നെ ഊട്ടിയവളുടെ വയറു പൊരിയാതിരിക്കാൻ ആദ്യമായി അവൻ പണിക്കു പോയി….

അവൾ പിന്നെ പള്ളിക്കൂടത്തിൽ പോയില്ല…
അവൻ തിണ്ണയിൽ വെക്കുന്ന പൊതിഎടുക്കാൻ മാത്രം അവൾ പുറത്തു വരും… അവൻ മറഞ്ഞു നിന്ന് അവളുടെ മുഖം മനസ്സിൽ ഒപ്പിയെടുക്കും…

പുറത്ത് അവൻ കാവൽ നിൽപ്പുണ്ട് എന്നറിയാതെ

രാത്രിയിൽ അമ്മച്ചി തലയിണക്ക് അടിയിൽ വെക്കാറുള്ള വാക്കത്തി എടുത്തു അവൾ കയ്യിൽമുറുകെ പിടിച്ചു രാ വെളുക്കുവോളം ഉറങ്ങാതെ ഇരിക്കും…. വാതിലിൽ ഇടയ്ക്കിടെ കേൾക്കുന്ന മുട്ട് അവളെ പേടിപ്പിച്ചു….

അടുപ്പിച്ച രണ്ടു ദിവസം പതിവ് മുട്ട് കേൾക്കാതെ ഇരുന്നപ്പോൾ അവൾ വാതിൽപ്പഴു ത്തിലൂടെ പുറത്ത് നോക്കി…

ഒരാൾ പുറത്തു ചുരുണ്ടു കൂടി കിടക്കുന്നു… അന്ന് വാക്ക ത്തിയിൽ അവൾ പല നിറങ്ങളിൽ ഉള്ള നൂല്കൾ ചുറ്റി ഭംഗിയാക്കി….  അത് മാറ്റി വെച്ച് സുഖമായി ഉറങ്ങി….

അവൻ ഉണരുന്നതിന് മുന്നേ എഴുന്നേറ്റു കട്ടൻ വെച്ചു…

അവനെ തട്ടിയുണർത്തി. .. അവൻ അത് വാങ്ങി കുടിച്ചു… അവർ പരസ്പരം ചിരിച്ചു…. ആദ്യമായി സംസാരിച്ചു…..  അവൾ ആ കത്തി അവനു നേരെ നീട്ടി…. അവൾക്ക് ജീവിക്കാൻ മോഹം തോന്നി… അവളും ചെറിയ പണിക്കു പോയി തുടങ്ങി… കിട്ടുന്നത് എന്തുo അവർ പകുത്തു… സ്നേഹവും പങ്കു വെച്ചു…..

പൊട്ടൻ എന്ന് പറഞ്ഞു പുച്ഛിച്ചു ചിരിക്കുന്നവർക്ക്‌ ചുട്ട മറുപടി അവൾ കൊടുത്തു…

അവളുടെ മാനത്തിനു വിലയിടുന്നവർക്ക് ചുമടെടുത്ത്‌ തഴമ്പ് വന്ന കൈ കൊണ്ട് ചുട്ട അടി അവനും കൊടുത്തു…. അവർ അങ്ങനെ പ്രണയം പറയാതെ പറഞ്ഞു…. വർഷങ്ങൾ കഴിഞ്ഞു.. ഒരു ക്രിസ്തുമസ്തലേന്ന്  അവർ ഒരുമിച്ചു ഉണ്ണി യേശുവിനെ പുൽക്കൂട്ടിൽ വെച്ചു…

അവൻ ഓടി പോയി അകത്തു നിന്നും ഒരു തകരപ്പെട്ടി എടുത്തു കൊണ്ട് വന്നു അവൾക്ക് നീട്ടി… അവൾ അത് തുറന്നു നോക്കി…

കുറേ നാണയതുട്ടുകൾ… ചുരുട്ടി വെച്ച കുറച്ചു നോട്ടുകൾ…

എന്നാത്തിനാ പാപ്പി ഇത്രേം രൂപ…??

ആനിക്ക് എന്നാ വേണം ഈ ക്രിസ്മസ് ന്??
എന്ത് പറഞ്ഞാലും തരോ..??

എന്നെക്കൊണ്ട് ഒക്കുന്നതാന്നേ ൽ… തരും…

ദേ ഈ കഴുത്തിൽ ഒരു മിന്നു കെട്ടി തരാവോ….

അവന്റെ കണ്ണുകൾ നിറഞ്ഞു… അവളെ എടുത്തു കറക്കി….

അവർ ഒന്നാവാൻ തീരുമാനിച്ചു…

എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ആനി മൗനമാവാൻ തുടങ്ങി. . മൂക്കിൽ നിന്നും വന്ന രണ്ടു തുള്ളി രക്തം അവളുടെ അമ്മയുടെ ദീനത്തിന്റെ അടയാളം അവളിലും കാണിച്ചു…
മരി ച്ചു കൊണ്ടിരിക്കുന്ന ജീവന്റെ അടയാളം….

പിന്നെ ആനിക്ക് എല്ലാത്തിനും ദേഷ്യം… പാപ്പിയോട് അകൽച്ച…

അവന്റെ നെഞ്ച് പിടഞ്ഞു….  അവൻ ഒന്നും അറിഞ്ഞില്ല… പറഞ്ഞാലും അത് മനസ്സിലാക്കാൻ ഉള്ള അറിവ് അവനില്ല….  കല്യാണക്കാര്യം അവൻ അവളോട്‌ ചോദിച്ചു… അപ്പോളും മൗനം…

ഒരിക്കൽ അവൾ ഇതുവരെ അവൻ  കാണാത്ത അത്രയും സന്ദോഷത്തോടെ അവനോട് ഒരു കാര്യം പറഞ്ഞു…  കോട്ടയതു എബിചായന്റെ മില്ലിൽ നിനക്കു ഒരു നല്ല ജോലി ശരിയാക്കി എന്ന് പറഞ്ഞു…
ഇന്ന് തന്നെ നീ പോണം പാപ്പി….

അവനു സന്തോഷം തോന്നിയില്ല…  ഞാൻ നിന്നെ ഒറ്റയ്ക്ക് ആക്കി പോവത്തില്ല ആനി… അവൾ അവന്റെ ചെവിയിൽ മെല്ലെ പറഞ്ഞു… നീ പോയി വരുന്നതിന്ടെ പിറ്റേന്ന് നമ്മുടെ മിന്നുകെട്ട്….

അവൻ പോയി വരുന്നതിന്നു  മുന്നേ മിന്നു തിളങ്ങേണ്ട ആ കഴുത്തിൽ അവളൊരു കുരുക്കിട്ടാടി….

അല്ലാ എത്ര നേരാന്ന് വെച്ചാ ഇങ്ങനെ വെക്കാ…??
അടക്കേണ്ടായോ…???

എല്ലാവരും പാപിയെ നോക്കി…

പള്ളിയിൽ ഒക്കത്തില്ല ന്ന് ഇടവകക്കാർ ഒന്നടങ്കം പറഞ്ഞു… ഒരാൾ പറഞ്ഞു…

വേണ്ട.. പള്ളിയിൽ വേണ്ട… ഞാൻ…  എനിക്ക് അറിയാം…

ഇലകൾ കൊഴിഞ്ഞ റബ്ബർ കാടുതാണ്ടി അവളെയും തോളിൽ ഏറ്റി അവൻ കുന്നിൻ മുകളിലേക്ക് നടന്നു കയറി….

പുറകെ സഹായത്തിനു ഒന്ന് രണ്ടു പേര് ചെന്നു…

കുഴി വെട്ടി അവർ അവളെ താങ്ങി എടുത്തു കിടത്തി… അവൻ അവളുടെ നിറുകയിൽ അന്ത്യചുംബനം നൽകി…

അവളുടെ മേനിയെ മണ്ണ് വിഴുങ്ങുന്നത് കാണാൻ ആവാതെ അവൻ തിരിഞ്ഞു നിന്നു…  എല്ലാവരും പോയി ആനി… ഇപ്പൊ നമ്മൾ മാത്രം ഉള്ളു…. നിന്റെ ഇഷ്ടം പോലെ തന്നെ ഞാൻ ചെയ്തിട്ടുണ്ട്….

അവൻ ആ കുഴിമാടത്തിനടുതു കിടന്നു കൊണ്ട് പറഞ്ഞു… അവളുടെ നെഞ്ചിൽ മുഖം പൂഴ്ത്തി…. പിറ്റേന്ന് ഉണർന്നു… വെപ്രാളപ്പെട്ടു അവൻ മണ്ണ് മാറ്റാൻ നോക്കി…

ആനി നീയില്ലാതെ ഒക്കത്തില്ല കേട്ടോ… എന്നെക്കൊണ്ട് ജീവിക്കാൻ…. അവൻ ഓടി വീട്ടിൽ എത്തി…. ഇറയത്ത് നിന്നും ആ വർണ്ണ നൂല് ചുറ്റിയ വാ കത്തി വലിചൂരി….

പനിനീർ കൊമ്പുകൾ ഓരോന്ന് ആയി വെട്ടി എടുത്തു…  പിന്നീട് വള്ളികൾ മൂടിയ ആ വഴി… വീണ്ടും വെട്ടി തെളിയിച്ചു… അവന്റെ ഓർമ്മ അവനു ആ വെളുത്ത പൂക്കുലകൾ ഉള്ള മരം കാട്ടികൊടുതു…..

കായ പറിച് മടികുത്തിൽ തിരുകി അവൻ മൺവെട്ടിയും എടുത്തു മലഞ്ചേരുവിലെക്ക് ഓടി…

പനി നീർ കൊമ്പ്കൾ അവിടെ വെച്ചു പിടിപ്പിച്ചു… പതിയെ മണ്ണ് മാറ്റി… ആനിയെ കെട്ടി പിടിച്ചു… ഉമ്മകൾ കൊണ്ട് മൂടി…

അവൾക്ക് തൊട്ടായി നീളത്തിൽ ഒരു കുഴി വെട്ടി അവൻ…. മിന്നു എടുത്തു അവളുടെ കഴുത്തിൽ ചാർത്തി… അവളെ ചേർത്തു പിടിച്ചു കുറേ നേരം കിടന്നു…

നിന്നെ കാണാതെ എത്ര വിഷമിച്ചു എന്നോ പാപ്പി…

പാപ്പിയും വരാ ആനിന്റെ കൂടെ…

അവൻ ആ കായ പൊട്ടിച്ചു വായിൽ ഇട്ടു… വല്ലാത്ത കൈപ്പു തോന്നി… ചമക്കും തോറും കൈപ്പു മാറി മധുരമാവുന്നത് അറിഞ്ഞു… മരണത്തെ കൊതിക്കുന്നവർക്ക് മാത്രം രുചിക്കാൻ കഴിയുന്ന തേൻ മധുരം….

പിറ്റേന്ന് അന്വേഷിച്ചു വന്നവർ വിറങ്ങലിച്ച ആ ശരീരങ്ങൾ കണ്ടു കരഞ്ഞു… മണ്ണ് മൂടി തിരിച്ചു പോയി… അവർ ആ മലഞ്ചേരുവുകളിൽ പുണർന്നു കിടന്നു പ്രണയിക്കുകയാണ്…

ആരും അവർക്കു വേണ്ടി ആ കുഴിമാടത്തിൽ പൂക്കൾ വെച്ചില്ല… പ്രാർത്ഥിചില്ല…

എന്നാൽ മണ്ണിൽ നിന്നും  അവരുടെ പ്രണയത്തിന്റെ ശ്വാസം വലിച്ചെടുത്ത്  അവർക്കു വേണ്ടി എന്നും ആ പനിനീർ ചെടികൾ പൂവിട്ടു കൊണ്ടേയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *