ചിലങ്കയുടെ ഓർമ്മയ്ക്ക്
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)
ഏട്ടാ.. ഇതാരുടെയാണ് ഈ ചിലങ്കകൾ..?
അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ അമ്പരന്നു പോയി..
പറയ് ഏട്ടാ ഇതാണോ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ളതായി ഏട്ടൻ സൂക്ഷിയ്ക്കുന്ന ആ രഹസ്യം……
തനിയ്ക്ക് ഇത് എവിടുന്നു കിട്ടി അനു..
മ്മ് കിട്ടി…
താൻ പറയടോ എവിടുന്നു കിട്ടി..?
അതൊക്കെ പറയാം ഇതല്ലേ . ഞാൻ ചോദിയ്ക്കുമ്പോളെല്ലാം ഒരിയ്ക്കൽ നിന്നോട് വെളിപ്പെടുത്താമെന്നു പറഞ്ഞു ഏട്ടൻ ഒഴിഞ്ഞു മാറി നടന്ന ആ രഹസ്യം…. ഇതാ കുട്ടിയുടെ അല്ലേ അമ്മുവിന്റെ.. ഏട്ടന്റെ സ്വന്തം അമ്മുവിന്റെ..
അതെ ഇത് തന്നെ ജീവിതത്തിൽ ഞാൻ തന്നോട് പറയാതെ ഒളിച്ചു വെച്ച ആ രഹസ്യം….പക്ഷെ അനുവിനറിയുമോ താൻ ഇന്നിത് കണ്ടു പിടിയ്ക്കാനും കാരണം ഞാൻ തന്നെയാണ്..
എങ്ങനെ..
ഈ ചിലങ്കകൾ എനിക്ക് വേണമെങ്കിൽ ഇനിയും ഒളിച്ചു വെയ്ക്കാമായിരുന്നു.. പക്ഷെ ഇനിയും തന്നിൽ നിന്നും ഇത് മറച്ചു വയ്‌ക്കേണ്ട എന്ന് തീരുമാനിച്ചു കാരണം തന്നെയാണ് ഞാൻ ഈ ജീവിതത്തിൽ കൂടുതൽ സ്നേഹിയ്ക്കുന്നതു…
ഞാൻ കണ്ടു പിടിക്കാൻ വേണ്ടിയാണല്ലേ
ഇത് ബെഡ്റൂമിലെ അലമാരയിൽ
കൊണ്ട് വെച്ചത്…….
അതെ… നീ അറിയണം ഈ ചിലങ്കയുടെ ഉടമയെ ഇനിയും ഒളിച്ചു വെയ്‌ക്കേണ്ട കാര്യമല്ല……
ഏട്ടൻ ഒരിയ്ക്കൽ പറഞ്ഞതല്ലേ
അമ്മുവിനെപ്പറ്റിയും അവളുടെ നൃത്തത്തെപ്പറ്റിയും… അത് വെച്ചു ഞാൻ ഊഹിച്ചു ഇതവളുടെ ചിലങ്കയാകുമെന്നു.. കറക്റ്റ് ആയില്ലേ… പിന്നെ ഞാൻ അവളുടെ ഫോട്ടോയും കണ്ടു ഏട്ടന്റെ ഡയറിയിൽ എന്നേക്കാൾ സുന്ദരിയാട്ടോ ആ കുട്ടി..
പിന്നെ എന്തും ചികഞ്ഞെടുക്കാൻ നീയും മിടുക്കിയല്ലേ…. അതാകും അവൾക്കാണ് കൂടുതൽ സൗന്ദര്യം എന്ന് കണ്ടു പിടിച്ചത് അല്ലേ..
മ്മ് .. സത്യമാണ് ഞാൻ പറഞ്ഞത് എനിക്ക് അതിൽ അസൂയയുമില്ല പക്ഷെ ഈ ചിലങ്കകൾ എനിക്ക് കണ്ടുപിടിയ്ക്കാൻ കഴിഞ്ഞില്ലല്ലോ
എന്നൊരു സങ്കടമുണ്ട്…
താൻ അത് കളയടോ… എന്നിട്ട് ഇവിടെയിരിയ്ക്കൂ…..
അവൾ എന്റെ അരികിലായി ഇരുന്നു..
എന്നാൽ ഇനി ചിലങ്കയുടെ ബാക്കി കഥ പറയൂ ഇതെങ്ങനെ ഏട്ടന്റെ കൈയ്യിലെത്തി നിങ്ങൾ പിരിയാൻ നേരം അവൾ നൽകിയ സമ്മാനമാണോ ഈ ചിലങ്കകൾ ….
അല്ല ഒരിയ്ക്കലുമല്ല… ഇത് ഞാൻ അവൾക്ക് നൽകിയ സമ്മാനമായിരുന്നു…
ആ കുട്ടിയിപ്പോൾ നൃത്തം തുടരുന്നുണ്ടോ ഏട്ടാ……
നൃത്തമോ കൊള്ളാം.. നിനക്കറിയാമോ അനു അന്നവൾ ഈ ചിലങ്കൾക്കൊപ്പം അവളുടെ സ്വപ്നങ്ങളും എന്റെ കൈയ്യിൽ വെച്ചു തന്നാണ് പടിയിറങ്ങിയത്…..
അത്രയും ഇഷ്ടമായിരുന്നു അവൾക്ക്
ഏട്ടനെ അല്ലേ ശരിയ്ക്കും നിങ്ങളായിരുന്നു ഒരുമിയ്ക്കേണ്ടിയിരുന്നത്.. ഇതിപ്പോൾ എനിക്കും സങ്കടമാകുന്നു…
എന്തിനു ഞങ്ങൾ വേർപിരിയണമെന്നു ദൈവം തീരുമാനിച്ചിട്ടുണ്ടാകാം..
പിന്നെ താൻ അല്ലെങ്കിൽ മറ്റൊരു പെൺകുട്ടി എന്റെ ജീവിതത്തിൽ കടന്നു വരുകയും ചെയ്തേനെ അന്ന് ഞാൻ അനുഭവിച്ച ഏകാന്തതയ്ക്കു വിവാഹം മാത്രമായിരുന്നു പരിഹാരം..
എന്നാലും ആ കുട്ടി നൃത്തം ഉപേക്ഷിച്ചു എന്ന് കേട്ടപ്പോൾ എനിക്കെന്തോ സങ്കടം തോന്നുന്നു…. വലിയ നർത്തകി ആകേണ്ടവളല്ലേ….
നിനക്കറിയുമോ.. അവൾ വേദികൾ തേടി പോയിട്ടില്ല..ആരാധകർ അവളെ അനുഗമിച്ചിട്ടില്ല എനിക്ക് വേണ്ടി മാത്രമാണവൾ നൃത്തം പഠിച്ചത്..
ഞാനായിരുന്നു അവളുടെ നൃത്തത്തിന്റെ ആരാധകനും.. വിധി കർത്താവും എല്ലാം.. എന്നേക്കാൾ വലുതല്ലായിരുന്നു അവൾക്കീ ചിലങ്കകൾ….
ഞാൻ ഇല്ലെങ്കിൽ അവളുടെ സ്വാപ്നങ്ങൾക്കു പൂർണതയില്ല എന്ന് അവൾക്കു തോന്നിയിരിയ്ക്കാം അതാണ് ഈ ചിലങ്കകൾ എനിക്ക് തിരിച്ചു നൽകിയത്..
ഏട്ടാ മനോഹരമായിരിയ്ക്കുന്നു നിങ്ങളുടെ പ്രണയം ലോകത്തിൽ ഒരു ഭാര്യയും ഭർത്താവിന്റെ കാമുകിയെ ഇത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല ഞാൻ അവളെ ഒരുപാടു ഇഷ്ടപ്പെടുന്നു ……..
എവിടെയുണ്ട് ആ പെൺകുട്ടി എനിക്കൊന്നു കാണാൻ പറ്റുമോ..?
അവൾ ദാ ഇവിടെയുണ്ട് എന്റെ മുന്നിൽ തന്റെ രൂപത്തിൽ.. ഇനി ഈ ചിലങ്കകൾ താൻ അണിയണം നൃത്തം ചെയ്യണം ഒരിയ്ക്കൽ എന്നോട് താൻ ഈ ആഗ്രഹം പറഞ്ഞതല്ലേ …….
അതേ ഏട്ടാ പക്ഷേ ആ കുട്ടിയുടെ ചിലങ്കകൾ ഞാൻ അണിഞ്ഞാൽ അവളുടെ മനസ്സ് സങ്കടപ്പെടില്ലേ…..
ഏയ് ദൂരെയെവിടെയോ ഇരുന്നവൾ സന്തോഷിയ്ക്കുന്നുണ്ടാവുമിപ്പോൾ….. ഇനി എനിയ്ക്ക് ഒരു കാമുകിയും ഒരു ഭാര്യയും മാത്രമുള്ളൂ.. എല്ലാം എന്റെ അനു മാത്രം…..
വേഗം ഈ ചിലങ്കകൾ കെട്ടി വരൂ.. ഞാൻ ഒന്ന് കാണട്ടേ..
അവളുടെ മുഖത്ത് സന്തോഷം വിടർന്നു…
“അമ്മു” ദൂരെയേതോ ലോകത്തിരുന്നു നീ കാണുന്നുണ്ടോ,, നിനക്ക് പകരം എന്റെ ജീവിതത്തിൽ കടന്നു വന്നവൾ രൂപത്തിലും ഭാവത്തിലും നീ തന്നെ ആയി മാറുന്നു..
പക്ഷേ അവൾക്കിനിയും അറിയില്ലല്ലോ നിന്നെ ഒരിയ്ക്കലും കാണുവാൻ കഴിയില്ലെന്നും മരണമെന്ന വിധിയാണ് നമ്മളെ വേർപിരിച്ചതെന്നും…ആ രഹസ്യം അങ്ങനെ തന്നെ നിൽക്കട്ടെ…
കാരണം ഇന്ന് ഞാൻ അവളിലൂടെ നിന്നെ അറിയുന്നു ..
“എന്നെ തോൽപ്പിച്ച് വിധി നിന്നെയും കൊണ്ട് കടന്നു പോയെങ്കിലും എനിക്കറിയാം നീ ഇപ്പോൾ ഏറെ സന്തോഷിയ്ക്കുന്നുവെന്ന്….
ആ ചിലങ്കകൾ അർഹതപ്പെട്ട പാദങ്ങൾക്ക് തന്നെ അലങ്കാരമാകട്ടെ.. അവളിലൂടെ നീ വീണ്ടും പുനഃജനിച്ചീടട്ടെ…..
ഇതല്ലേ നിനക്കായി എനിയ്ക്ക് ചെയ്യാൻ കഴിയുന്ന സമർപ്പണം……