ഇപ്പോ നല്ലൊരു ജീവിതം കിട്ടേണ്ടത് ഏട്ടനാണ് വീട്ടിൽ അതിനുള്ള കാര്യങ്ങൾ..

(രചന: Aneesh Anu)

‘സിദ്ധുവേട്ടാ എന്താ ഒന്നും മിണ്ടാത്തെ വർക്ക് അറ്റ് ഹോം എന്ന് പറഞ്ഞു ചടഞ്ഞു കൂടിയിരിക്കാൻ തുടങ്ങിട്ട് അഞ്ചാറ് മാസം ആയി.

അതിനിടെക്ക് ഇന്നാണ് സ്വസ്ഥം ആയി ഒന്ന് പുറത്ത് ചാടിയെ. അതിവിടെ ഈ തിര എണ്ണികളിക്കാൻ ആണോ പ്ലാൻ’

“ആ അവടെ കൂട്ടിലിട്ട വെരുകിനെ പോലെ കിടന്ന് വട്ടം കറങ്ങുന്നു കണ്ട് വിളിച്ചോണ്ട് പോന്നതയോ കുറ്റം”

‘മിസ്റ്റർ സിദ്ധുവേട്ടാ ചുമ്മാ എന്നേ ഇത്രേം റിസ്ക് എടുത്തു ഇവിടെ കൊണ്ട് വരില്ലെന്ന് എനിക്ക് ഉറപ്പാ കാര്യം പറ മോനെ’

“അത് പിന്നെ”

‘ആ പോരട്ടെ’

“നിനക്ക് ഒന്ന് കെട്ടിപോയ്ക്കൂടെ”

‘അതെന്താ ഞാൻ കെട്ടിയില്ലേൽ പ്രശ്നം’

“പ്രശ്നം ഒന്നുണ്ടായിട്ട് അല്ല പഠിച്ചു നല്ലൊരു കമ്പനിയിൽ ജോലി ആയി സെറ്റിൽ ആണ് പിന്നെ എന്തിനാ വൈകിക്കണേ”

‘നിനക്ക് അറിയില്ലേ എന്ത് കൊണ്ടാണ്ന്ന്. ഒരിക്കൽ പ്രാണനെ പോലെ കൊണ്ട് നടന്നിട്ട് ഒരു ദിവസം വലിച്ചെറിയുന്ന പോലെ നീയങ്ങു പോയി.

മനസ്സും ശരീരവും തളർന്നു മാസങ്ങളോളം കൗൺസിലിംഗ് മറ്റുമായി തിരികെ വരാൻ പറ്റാതെ ഞാൻ കിടന്നു. ഒടുവിൽ എങ്ങനെയൊക്കെ തിരികെ ലൈഫിലേക്ക്, അന്ന് മുതൽ സകലതിനോടും വാശി.

നിനക്ക് തന്ന വാക്കിന്റെ പേരിൽ നല്ലൊരു കമ്പനിയിൽ കേറി നന്നായി വർക്ക് ചെയ്തു. എനിക്ക് മുന്നോട്ടും ഇതൊക്കെ തന്നെ മതി.’

“പോരാ നീ നല്ലൊരു ലൈഫിലേക്ക് മാറണം.”

‘എന്നാൽ നീ ആദ്യം മാറ് വേഗം പോയി പെണ്ണ് കെട്ട് എന്നേക്കാൾ പ്രായം നിനക്കാണ് കൂടുതൽ’.

“എന്നേ കൊണ്ട് കഴിയില്ല.” അവൻ പതിയെ ഒരു സി ഗ ര റ്റ് എടുത്തു കത്തിച്ചു.

‘എന്നേ കൊണ്ടും പറ്റില്ല, ആ സ്ഥാനത്തേക്ക് വേറെ ഒരാളെ സങ്കൽപിക്കാൻ എനിക്ക് കഴിയില്ല.’

“അങ്ങനെ പറഞ്ഞാൽ ശെരിയാവില്ല ആദി, നിനക്കൊരു ലൈഫ് വേണം നിന്റെ വീട്ടുകാർ അത്‌ ആഗ്രഹിക്കുന്നു”.

‘വീട്ടുകാരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ജീവിച്ചിരുന്ന കാലം ഉണ്ടായിരുന്നു ഇപ്പോ അതില്ല.

ഒരിക്കൽ ഇല്ലാത്തൊരു കാര്യത്തിന് എന്നേ തള്ളിപ്പറഞ്ഞവർ അന്ന് വിശ്വസിക്കാനും കൂടെ നിക്കാനും ഉണ്ടായിരുന്നത് സിദ്ധുവേട്ടൻ മാത്രമാണ്.

പിന്നീട് എന്തിനെന്നു അറിയാതെ അതും നഷ്ടമായി, ഒരിക്കലും കാണില്ല എന്ന് പ്രതീക്ഷിച്ചവർ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കണ്ടുമുട്ടൽ.

പഴയ ഓർമ്മകളുടെ നീറ്റലുകൾ ഉള്ളിലുണ്ടായിട്ടും നിങ്ങളെ എനിക്ക് വെറുക്കാൻ കഴിയുന്നില്ല. ഇപ്പോ നല്ലൊരു ജീവിതം കിട്ടേണ്ടത് ഏട്ടനാണ് വീട്ടിൽ അതിനുള്ള കാര്യങ്ങൾ നോക്കാൻ പറയൂ.’

“അതൊന്നും ഇനി നടക്കില്ലെടോ, നിന്നെ മനഃപൂർവം നഷ്ടമാക്കിയതാണ്. എന്നിലെ കുറവുകൾ തിരിച്ചറിഞ്ഞുള്ള ഒളിച്ചോട്ടം തിരികെയെത്തും എന്ന് ഒരുറപ്പും ഇല്ലാത്ത യാത്ര”.

‘നഷ്ടങ്ങൾ നമുക്ക് മാത്രം, പലരും ചോദിക്കുന്നുണ്ട് ഇപ്പോ പഴയ അധ്യായം പൊടി തട്ടിയെടുക്കുവാണോ എന്ന്’.

“അതിന്റെ ഭാഗമാണെടോ ഈ കൂടി കാഴ്ച പോലും, നിന്റെ അമ്മ വിളിച്ചിരുന്നു എന്നേ സംശയങ്ങൾ തീർക്കാൻ. നിന്നെ ഒന്ന് ഉപദേശിച്ചു വേറേ കെട്ടിക്കാൻ ഒക്കെ പറഞ്ഞു.”

‘അതാണോ ഇന്ന് ഈ തിരക്കിട്ടു കണ്ടുമുട്ടൽ, എന്ത് മറുപടി കൊടുത്തു എന്നിട്ട്.’

“അങ്ങനെയും പറയാം, ഞാൻ എന്നും നിന്റെ കൂടെ കാണും എന്ന് ഉറപ്പ്‌ ഉണ്ടായിരുന്നേൽ എന്നേ നീ എന്റെ ആയേനെ എന്ന് പറഞ്ഞു.

പിന്നെ ഇതൊരു രണ്ടാം ഊഴം അല്ല ഏച്ചുകെട്ടിയാൽ അത്‌ മുഴച്ചിരിക്കും അത്‌ കൊണ്ട് തന്നേ എന്നേ ഓർത്ത് പേടിക്കണ്ട പറഞ്ഞിട്ടുണ്ട്.”

‘അന്നും ഇന്നും ചിലരുടെ ചിന്തകൾ മാത്രം മാറ്റമില്ലല്ലേ. സമൂഹത്തിൽ അവരുടെ സ്റ്റാറ്റസ് ആണ് ഇപ്പോഴും ഇവരുടെയൊക്കെ പ്രശ്നം അല്ലാതെ എന്നേ കെട്ടിച്ചു വിടണം എന്ന ചിന്തയല്ല.’

“ആയിരിക്കാം എന്നാലും അവരും ഒരമ്മയല്ലേ ആഗ്രഹങ്ങൾ കാണും.”

‘ഇത്‌ പോലൊരു അമ്മ വീട്ടിലും ഉണ്ടല്ലൊ അപ്പോ കൂടുതൽ സൈക്കളോടിക്കൽ മൂവ് വേണ്ടാ.

ഒരു പകരക്കാരനെ കണ്ടെത്തി മുന്നോട്ട് പോവാൻ ആയിരുന്നേൽ എന്നേ ആവാമായിരുന്നു അത്‌ കഴിയില്ലെന്ന് എനിക്ക് ഉറപ്പുള്ള കാലം വരെ ഞാൻ തനിച്ചു മതി.’

“നിന്റെ തീരുമാനം പോലെ തന്നേയാവട്ടെ മറ്റാരും അംഗീകരിച്ചു തരില്ലായിരിക്കും. പക്ഷെ സാഹചര്യം എനിക്ക് മനസിലാവും.”

‘നമുക്ക് കൈവിട്ട് പോയ ജീവിതം കൈയ്യെത്തും ദൂരെ ഉണ്ടെന്ന് അറിഞ്ഞിട്ടും അതിനെ ഉൾകൊള്ളാൻ കഴിയാതിരിക്കുക. വല്ലാത്തൊരു അവസ്ഥയാണ് ലെ, വാ കുറച്ച് ദൂരം നടക്കാം’.

“ഹ ഹ അങ്ങനെ ഒരവസരം വന്നാൽ പോലും കൂടുതൽ എതിർക്കുന്നത് ഞാനായിരിക്കും.

മാറി നിന്ന് പരസ്പരം നോക്കികാണം, ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്നു എന്നത് കൊണ്ട് വെറുക്കാൻ കഴിയുന്നില്ലാ എന്നത് അംഗീകരിക്കാം. അത്‌ പോലല്ല ഒരുമിച്ചൊരു ജീവിതം.”

‘അതേ അപ്പോ ഈ വിഷയം വിട്ടേക്ക്, നേരം ഒരുപാട് ആയി നമുക്ക് തിരിച്ചു പോകാം’

“ആം പോകാം” അവർ പതിയെ തിരികെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *