ഞാൻ വന്നത് നിനക്ക് നാണക്കേടായൊ ഉണ്ണിയെ, ആ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല..

മർമ്മരം
(രചന: Anandhu Raghavan)

കരിമ്പനടിച്ച ഒരു മുണ്ടും മുഷിഞ്ഞ ഒരു ഷർട്ടും ധരിച്ച് അച്ഛൻ എന്റെ അടുത്തേക്ക് വന്നപ്പോൾ

അവജ്ഞയോടെ അവർ അച്ഛനെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…

എന്റെ കണ്ണുകൾ നിറഞ്ഞെങ്കിലും അച്ഛൻ ആ വേഷത്തിൽ വന്നതിൽ എനിക്ക് വെറുപ്പോ ദേഷ്യമോ തോന്നിയിരുന്നില്ല..

കാരണം എനിക്കായ് ആണ് അച്ഛൻ ജീവിക്കുന്നത് , എനിക്കായ് ആണ് അച്ഛൻ കഷ്ടപ്പെടുന്നത്..

ഞാനെന്ന മകനിൽ അച്ഛന് നേടിയെടുക്കാൻ കഴിയാത്ത ചില സ്വപ്നങ്ങളാണ് എന്നിലൂടെ അച്ഛൻ സഭലമാക്കാൻ കൊതിക്കുന്നതും…

ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഞാൻ അറിയുന്നുണ്ടെങ്കിലും മനപ്പൂർവം അച്ഛനായി എന്നെ അതറിയിക്കാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല…

ഞാൻ നല്ല വേഷത്തിൽ നടക്കണം.. നന്നായ് പഠിക്കണം.. എന്നും അച്ഛന്റെ അരുകിൽ ഉണ്ടാവണം എന്നു മാത്രേ അച്ഛൻ ആഗ്രഹിച്ചിരുന്നുള്ളൂ…

ക്യാമ്പസിലെ ആളൊഴിഞ്ഞൊരിടത്തേക്ക് ഞാൻ അച്ഛനെയും കൂട്ടിപ്പോയ് സംസാരിച്ചിരുന്നപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു…

” ഞാൻ വന്നത് നിനക്ക് നാണക്കേടായൊ ഉണ്ണിയെ.. ”

ആ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.. പകരം അച്ഛനെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരുമ്മ നൽകി ഞാൻ…

അച്ഛന്റെ മനസ്സിനോടൊപ്പം കണ്ണുകളും നിറഞ്ഞിരുന്നു.. ഇതാണ് എന്റെ മോൻ , ഇതായിരിക്കണം എന്റെ മോൻ. ആ അച്ഛന്റെ മനസ്സിലപ്പോൾ മകനോടുള്ള സ്നേഹം ആർത്തലച്ചു നിന്നിരുന്നു…

നീയിനി എന്നാ ഉണ്ണിയെ വീട്ടിലേക്ക് വരിക..? നിന്നെ കാണാഞ്ഞിട്ട് അമ്മക്കവിടെ ഇരുപ്പുറക്കണില്ലാട്ടോ ,

കാര്യം പറഞ്ഞാൽ നീ അവിടുന്നിങ്ങട്ട് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞതെ ഉള്ളു എങ്കിലും രണ്ട് വർഷം പോലെയാണ് അവൾക്ക്…

അത്രക്ക് സ്നേഹമാണ് നിന്നോട്…

ഇനിയിപ്പോ ഉടനെ പരീക്ഷയാണച്ചാ… അത് കഴിഞ്ഞാൽ ഉടനെ ഞാനങ്ങ് എത്തില്ലേ… അമ്മയോട് സന്തോഷമായി ഇരിക്കാൻ പറ…

പരീക്ഷയിൽ ഒന്നാമൻ അവണമെന്നൊന്നും അച്ഛൻ വാശിപിടിക്കണില്ല.. പക്ഷെ തോൽക്കരുത്..

ഒരിക്കലുമില്ലച്ചാ… അച്ഛന്റെ ഉണ്ണി ഇതുവരെ തോറ്റിട്ടില്ലല്ലോ , ഇനിയും അത് അങ്ങനെ തന്നെയായിരിക്കും…

ഫീസ് കെട്ടറായില്ലേ ഉണ്ണിയെ.. അച്ഛൻ കൊണ്ടുവന്നിട്ടുണ്ട്… പറഞ്ഞുകൊണ്ട് കയ്യിൽ കരുതിയിരുന്ന ഒരു കെട്ട് നോട്ട് എടുത്ത് അവന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു അച്ഛൻ…

ഇത് ധൃതി പിടിച്ച് കൊണ്ടുവരേണ്ടിയിരുന്നില്ലല്ലോ അച്ഛാ.. ഇനിയും സമയമുണ്ടായിരുന്നു…

ഇത് അവിടെയിരുന്നാൽ നഷ്ടപ്പെടുമോ എന്നൊരു ഭയമാണ് മോനെ.. ഇവിടെ വന്ന് നിന്നെ ഏൽപ്പിച്ച് കഴിഞ്ഞാൽ എനിക്കും അമ്മക്കും ഒരു സമാധാനമാണ്….

ആ പണം വാങ്ങി ഞാൻ കയ്യിൽ പിടിക്കുമ്പോൾ അറിയുന്നുണ്ടായിരുന്നു ഒരുപാട് ദിവസത്തെ അച്ഛന്റെയും അമ്മയുടെയും അധ്വാനത്തിന്റെ വിയർപ്പ് മണം…

എത്ര ഇല്ലായ്മയിലും ഒരിക്കൽ പോലും തന്റെ ഫീസിന് മുടക്കം വരുത്തിയിട്ടില്ല അച്ഛൻ…

ഒരു ദിവസം മുൻപേ എങ്കിലും തന്റെ കയ്യിൽ അത് ഭദ്രമായി എത്തിച്ചിരിക്കും..

അച്ഛൻ പോകാനായി മെല്ലെ എഴുന്നേറ്റ് പിൻ വശത്തെ ഗേറ്റിന് അരികിലേക്ക് നടന്നു..

അച്ഛൻ എന്താ ഇതിലെ പോകുന്നത്.. മെയിൻ ഗേറ്റ് വഴി പോയാൽ ബസ് സ്റ്റോപ്പിലേക്കണല്ലോ എത്തുക…

അത് വേണ്ട ഉണ്ണിയെ.. മറ്റുള്ളവരുടെ മുൻപിൽ നീ ചെറുതാവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല…

എന്റെ അച്ഛാ.. അച്ഛനിങ്ങ് വന്നേ.. അച്ഛന്റെ കയ്യും പിടിച്ച് ഞാൻ ഗേറ്റിന്റെ മുൻ വശം ലക്ഷ്യമാക്കി നടന്നു തുടങ്ങി…

ഇതെന്റെ അച്ഛൻ ആണെന്ന് നാലാടുടെ മുൻപിൽ പറയാൻ എനിക്ക് അഭിമാനം മാത്രേ ഉള്ളു…

മുഷിഞ്ഞ വസ്ത്രങ്ങൾക്ക് പകരം പുതു വസ്ത്രങ്ങളണിഞ്ഞ് പരിഹസിച്ചവരുടെ ഇടയിലൂടെ അവജ്ഞയോടെ നോക്കിയവരുടെ ഇടയിലൂടെ

അച്ഛന് അഭിമാനമായി ഈ നാട്ടർക്ക് അഭിമാനമായി ഒരിക്കൽ അച്ഛന്റെ കൈ പിടിച്ച് ഇതുവഴിയെ നടക്കണമെന്ന് ഞാൻ നിശ്ചയിച്ചുറപ്പിച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *