അപ്പൊ കല്യാണം കഴിഞ്ഞാലും ഞാൻ കുക്കിംഗ്‌ ചെയ്യരുത്, അവൾ നിഷ്കളങ്കമായി ചോദിച്ചു..

ഇടിച്ചക്കത്തോരൻ
(രചന: Ammu Santhosh)

“ഇതെന്താ?”

“ഇത് പടവലങ്ങ അച്ചാർ “

ഈശ്വര.. പടവലങ്ങ കൊണ്ട് അച്ചാറും ഉണ്ടാക്കാമോ?

“നോക്ക് നോക്ക് രുചി നോക്ക് ” നീട്ടിപ്പിടിച്ച കയ്യിലേക്ക്  അച്ചാർ വീഴുന്നു.

ബ്ലും…

“കഴിക്ക് കഴിക്ക്. ഇനിം കുറെ ഉണ്ട് കഴിക്കാൻ. എല്ലാം ഓരോന്നായി തരാമെ” ആവേശത്തോടെ അവൾ

അച്ഛനും അമ്മയും ഏട്ടന്മാരും  ഒരു കല്യാണത്തിന് പോകുന്നു വീട്ടിൽ ഞാൻ മാത്രം ഉള്ളു വരണം എന്ന് അവൾ പറഞ്ഞപ്പോൾ  എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു…

ചെന്നപ്പോൾ തുടങ്ങിയതാ തീറ്റ.

“നിനക്ക് കുക്കിംഗ്‌ ഒക്കെ അറിയാം എന്ന് എനിക്ക് അറിഞ്ഞൂടായിരുന്നു ട്ടാ ” ഞാൻ പടവലങ്ങ അച്ചാർ കുറച്ചു കടിച്ചിറക്കി പറഞ്ഞു.

ഇത് പാവയ്ക്കാ ആണോ ദൈവമേ.. എന്തൊരു കയ്പ്.

“ഇത് പടവലങ്ങ തന്നെ അല്ലെ?”

“പിന്നല്ലാതെ.ഇന്ന് യു  ട്യൂബിൽ കണ്ട് ഉണ്ടാക്കിയതാ.. എന്തോരം ടൈപ്പ് ഫുഡ് ആണെന്നറിയുമോ യു  ട്യൂബിൽ… ഞാൻ മിക്കവാറും പരീക്ഷിക്കും. ഈ ഡിഷു  പക്ഷെ ഫസ്റ്റ് ടൈം ആണ് എങ്ങനെ കൊള്ളാമോ?” അവൾ മുഖത്ത് ഇന്ത്യ റോക്കറ്റ് വിട്ട് കഴിഞ്ഞു ഉള്ള ഭാവം.

“കുറച്ചു കയ്പ് ഉണ്ടൊ?”ഞാൻ

“അതല്ലേ അതിന്റ ബ്യുട്ടി.. ആ കയ്പ് ആണ് രുചി.”
അവൾ

“പടവലങ്ങ ബാക്കി ഉണ്ടൊ?.ഈ അച്ചാർ ഇട്ടതിന്റെ ബാക്കി “ഇനി ഇവൾ പറയുന്ന പടവലങ്ങ വേറെ വല്ല വെജിറ്റബിൾ ആയിരിക്കുമോ?

“ദേ ഇരിക്കുന്നു “അവൾ മേശപ്പുറത്തേക്ക് കൈ ചൂണ്ടി

എന്നെ നോക്കി കിണിക്കുന്ന പാവയ്ക്ക.

“എടി മരമാക്രി ഇത് പാവയ്ക്ക അല്ലെ?””

“ആ പാവയ്ക്ക… . ശ്ശോ  ഏതോ ഒരു “പാ “എന്നേ ഓർമ ഉള്ളായിരുന്നു.. പാവയ്ക്ക ആണേലെന്താ പടവലങ്ങ ആണേലെന്താ?സംഭവം കിടു അല്ലെ?”

.  … ..  ….  … വിളിക്കാൻ ഉദേശിച്ചതും അതിൽ കൂടുതലും മനസ്സിൽ പറഞ്ഞു ഞാൻ മെല്ലെ അടുക്കളയിൽ നിന്നു പുറത്ത് കടക്കാൻ ഒരു ശ്രമം നടത്തി

“പോവല്ലേ..മഷ്‌റൂമിന്റെ ഒരു ഡിഷുണ്ട് “

“അത് എവിടെ നിന്നു കിട്ടി?”കരഞ്ഞ ഒച്ച പോലെ ഒന്ന് എന്റെ ഉള്ളിൽ നിന്നല്ലേ വന്നേ

“ഞാൻ ഉണ്ടാക്കിയതാന്ന് .. നമ്മുടെ പറമ്പിൽ ഉണ്ട് മഷ്‌റൂം.. നീ വരുന്നത് കൊണ്ട് ഞാൻ സ്പെഷ്യൽ ആയി ഉണ്ടാക്കിയതാ ‘

ഈശ്വര വല്ല വിഷക്കൂണും ആയിരിക്കും.. ഇവളാരാ ജോളി ചേച്ചിയുടെ  മരുമോളോ?എന്നെ വിഷം വെച്ചു കൊല്ലാൻ കൊണ്ട് വന്നതാവോ..
എങ്ങനെയും രക്ഷപ്പെടണം

“എടി അതേ എനിക്ക് കൂൺ ഇഷ്ടം അല്ല..”

“ശ്ശോ അല്ലെ?പിന്നെ എന്താ നിന്റെ favourite?”

പെട്ട്…

“എനിക്ക്.. അങ്ങനെ..പ്രത്യേകിച്ച്… “

ഇവിടെ ഇല്ലാത്ത വല്ലോം പറയാം.എന്താ പറയുക..

അവളുടെ മുഖം ആണെങ്കിൽ വിസിൽ കേട്ടലുടനെ ഓടാൻ നിൽക്കുന്ന ഓട്ടക്കാരെ പോലെ ഉണ്ട്

“പറ “

“ഇടിച്ചക്ക തോരൻ ” ഞാൻ ജനലിലൂടെ പറമ്പിലേക്ക് നോക്കി.പ്ലാവ് കാണുമോ.? ഉണ്ടെങ്കിൽ തന്നെ ചക്ക കാണരുതേ.

“ഇത്രേ ഉള്ളു.വാ “അവൾ എന്റെ കൈ പിടിച്ചു നടന്നു

“എങ്ങോട്ട്? “എനിക്കൊരു പിൻ വലിവ്

” ഇവിടെ ചക്ക ഉണ്ട്..വാ “

അവൾ കൊല്ലാൻ കൊണ്ട് പോകുന്ന ആടിനെ വലിച്ചു കൊണ്ട് പോകുമ്പോലെ എന്നെ കൊണ്ട് പ്ലാവിന്റ മുന്നിൽ നിർത്തി.

പ്ലാവിന്റ കുറച്ചു മുകളിൽ  എന്നെ നോക്കി പല്ല് ഇളിച്ചു നിൽക്കുന്ന  വിവിധ തരം ചക്കകൾ.

“ഇച്ചിരി മുകളിൽ  ഉണ്ട്. ദേ നിൽക്കുന്നു.ആ കൊമ്പിൽ ചവിട്ടിക്കൊ.”അവൾ

പണിയൊന്നും കിട്ടിയില്ലെങ്കിൽ തേങ്ങ, ചക്ക ഇത്യാദി ഇട്ടു കൊടുത്തു ജീവിക്കാനുള്ള ഒരു എക്സ്പീരിയൻസ് ആയിക്കോട്ടെ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ കയറി. ആദ്യത്തെ കൊമ്പിൽ ചവിട്ടി രണ്ടാമത്തെ കൊമ്പിൽ ചവിട്ടി ഇടതു മാറി വലതു ചരിഞ്ഞു.. കമ്പു ഒടിയുന്ന ശബ്ദം അല്ലെ ആ കേൾക്കുന്നേ?

ആഞ്ജനേയാ..

പൊത്തോന്ന് … ഞാൻ നിലത്ത്

ബോഡിയിൽ മണ്ണ് പറ്റി കിടക്കുമ്പോൾ അവളുടെ ഉറക്കെ ഉള്ള ചിരി

“അയ്യേ മരത്തിൽ കേറാൻ പോലുമറിഞ്ഞൂടെ?”

ദുഷ്ട

അവളുടെ കയ്യിൽ തൂങ്ങി അകത്തേക്ക്.. നടു അനക്കാൻ വയ്യ എങ്കിലും അവളെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഇപ്പൊ ലേശം സുഖം ഒക്കെ തോന്നുന്നുണ്ട്

“നടു ഉളുക്കിയെടി “

“അയ്യോ ഞാൻ ബാം പുരട്ടി തരാട്ടോ..”

ഇപ്പൊ ചിരിയില്ല.. കണ്ണ് നിറഞ്ഞ പോലെ.. പാവം…

ബാം പുരട്ടുമ്പോൾ ആ കണ്ണ് നിറഞ്ഞൊഴുകുന്ന കണ്ടു ഞാൻ ആ കയ്യിൽ പിടിച്ചു

“അത്രക്ക് വേദന ഇല്ല കൊച്ചേ “

“ഞാൻ കാരണമല്ലേ?”

“സാരോല്ല..”ഞാൻ ആ കയ്യിൽ ഒരു ഉമ്മ കൊടുത്തു

അവളുടെ മുഖത്ത് ഒരു നാണം. ഒരു കുണുങ്ങൽ. ഈശ്വര ഇത് പോലെ ഒരവസരം ജന്മത്തിൽ കിട്ടുല.
ഞാൻ അവളെ ആവേശത്തോടെ വലിച്ചു   അടുപ്പിച്ചതും.. അതിഭീകര വേദന ഉളുക്കിയ നടു അനങ്ങുന്നില്ല. എഴുനേൽക്കാൻ വയ്യ.

“എടിയേ മിക്കവാറും ഞാൻ ഷാജിപാപ്പൻ ആകും കേട്ടോ. നീ എന്നെ ഇട്ടേച്ചു പോകുമോടി?”

“മിണ്ടാതിരിക്ക് ചെക്കാ.. “

“ഞാൻ എങ്ങനെ എന്റെ വീട്ടിൽ പോകും? ദൈവമേ ബൈക്ക് ഓടിക്കാൻ പറ്റൂല”

“അയ്യോ അമ്മയും അച്ഛനുമൊക്ക ഇപ്പൊ  വരും “

“എടി എനിക്ക് നടക്കണം ന്നുണ്ട് പറ്റുന്നില്ല..”

അവളുടെ അച്ഛൻ അമ്മ ഏട്ടന്മാർ വരുന്നത്, ഞങ്ങളെ കാണുന്നത് പിന്നെ എന്റെ പതിനാറടിയന്തിരം. ഒക്കെ ഭാവനയിൽ കണ്ടപ്പോൾ ഞാൻ മൊബൈൽ എടുത്തു കൂട്ടുകാരൻ സോജനെ  വിളിച്ചു നടന്നു വരണം എന്ന് പ്രത്യേകം പറഞ്ഞു. എന്നേം ബൈക്കിനേം കൊണ്ട് പോകണ്ടേ?

അവൾ എന്നെ ഇമ വെട്ടാതെ നോക്കിയിരുന്നു

പിന്നെ കുനിഞ്ഞു എന്റെ നെറ്റിയിൽ, കവിളിൽ ചുണ്ടിൽ ഓരോ ഉമ്മ..

“വേദന വേഗം മാറട്ടെ ട്ടോ “

നടുവല്ല കയ്യും കാലും ഒടിഞ്ഞാലും സാരോല്ല എന്ന് തോന്നിപ്പോയി..

എനിക്ക് തിരിച്ചു പലതും ആഗ്രഹമുണ്ടാരുന്നു. സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് അല്ലെ പോയിക്കിടക്കുന്നെ എന്നാ ചെയ്യാനാ?

ദൈവം.. ഒരു വല്ലാത്ത പഹയൻ തന്നെ..പണി പല വിധത്തിലാ വരുന്നേ.

“എന്നാലും എനിക്ക് നിന്റെ ഒരു ആഗ്രഹം സാധിക്കാൻ പറ്റിയില്ല ” വാടിയ മുഖത്തോടെ അവൾ…

“അതെന്താ പൊന്നേ?”ഞാനാ മുഖത്ത് തൊട്ടു

“ഇടിച്ചക്ക തോരൻ”

“ഇടിച്ചക്ക… നിന്റെ അപ്പന്റെ… മിണ്ടരുത് ഇനി നീ കുക്കിംഗ്‌ ചെയ്‌തെന്ന് ഞാൻ അറിഞ്ഞാൽ… അന്ന് ഡിവോഴ്സ്  ആണ് നോക്കിക്കോ “

“അതിന് നമ്മൾ കല്യാണം കഴിച്ചില്ലല്ലോ “

“ഹോ എന്റെ ദൈവമേ ..”ഞാൻ തലയിൽ കൈ വെച്ചു

“അപ്പൊ കല്യാണം കഴിഞ്ഞാലും ഞാൻ കുക്കിംഗ്‌
ചെയ്യരുത്..?”അവൾ നിഷ്കളങ്കമായി ചോദിച്ചു

“അത് ചെയ്യണം… കല്യാണം  കഴിഞ്ഞു ഇമ്മാതിരി സാധനം ഉണ്ടാക്കി എന്റെ അമ്മയ്ക്കും അനിയത്തിക്കും കൊടുക്കണം.. പിന്നെ ഒരിക്കലും അമ്മായിയമ്മ പോരോ നാത്തൂൻ പോരോ ഉണ്ടാകില്ല. ഒരിക്കലും അടുക്കളയിൽ കേറാൻ പോലുമവർ പറയുകേല. നീ രക്ഷപ്പെട്ടില്ലേ? “

“അപ്പൊ ഞാൻ ഉണ്ടാക്കിയ ഒന്നും കൊള്ളില്ല അല്ലെ? “ആ കണ്ണ് നിറയുന്നു

“അളിയോ “വെളിയിൽ സോജന്റെ ശബ്ദം. ഇവനിന്നു നാട്ടുകാരെ അറിയിക്കും.

ഞാൻ അവളുടെ കൈയിൽ പിടിച്ചു എഴുനേറ്റു വാതിൽക്കലേക്ക് നടന്നു..

“വേദന ഉണ്ടൊ നല്ലോണം?” ഞാൻ പുഞ്ചിരിച്ചു. പിന്നെ മെല്ലെ അവളെ ചേർത്ത് പിടിച്ചു

“പലവിധ ആശകളുമായ് വീട്ടിൽ വന്ന ഒരു പാവം കാമുകനെ പ്ലാവിന്റ മണ്ടയിൽ കയറ്റി നടുവൊടിച്ച ലോകത്തിലെ ആദ്യത്തെ കാമുകി…. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി… കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ട്ടോ “

അവളുടെ മുഖത്തു ചിരി..

“നാളെ കോളേജിൽ വരുമ്പോൾ ഇടിച്ചക്ക തോരൻ ഉണ്ടാക്കി കൊണ്ട് വരാം ട്ടോ “

“ആയിക്കോട്ടെ, പ്ലാവിൽ നിന്റെ അച്ഛനെ തന്നെ കയറ്റണം. അങ്ങേര് നടു ഒടിഞ്ഞു കിടക്കട്ടെ.. അനുഭവിക്കട്ടെ “

“അതിന് എന്തിനാ അച്ഛൻ? ഞാൻ കയറുമല്ലോ?”

“ങ്ങേ നിനക്ക് അറിയുമോ?”

“പിന്നേ.ഞാൻ അല്ലെ സ്ഥിരം കയറുന്നെ?”

“പിന്നെ എന്തിനാടി  മഹാപാപി എന്നെ കയറ്റിയത്?”

“അതിന് എനിക്കറിയാരുന്നോ നീ മരത്തിൽ പോലും കേറാൻ അറിയാത്ത മണുകുണാഞ്ചൻ ആണെന്ന്?”

“മണുകുണാഞ്ചൻ നിന്റെ അച്ഛൻ..എടി… നിന്നെ ഞാൻ..”അയ്യോ എന്റെ നടു…

ഈശ്വര ശത്രുക്കൾക്കു പോലുമീ ഗതി വരുത്തല്ലേ..

കാമുകന്മാരുടെ ശ്രദ്ധക്ക്…

കാമുകി വിളിച്ചാലുടനെ വലിഞ്ഞു കയറി പോയേക്കരുത്. നമ്മൾ പരീക്ഷണ വസ്തു ആകാനും ബലിയാട് ആകാനുമൊക്കെ കുറച്ചു സമയം മതി.. പിന്നെ നടന്നു പോയിട്ട് കിടന്നു വരാനും അധികം സമയം വെണ്ട.

നേരെ ചൊവ്വേ നടക്കാൻ കഴിയും വരെ ഈ നിലയത്തിൽ നിന്നും വിക്ഷേപണമൊന്നും ഉണ്ടായിരിക്കുന്നതല്ല..എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു

എന്ന്

ഒരു മണുകുണാഞ്ചൻ
കാമുകൻ.

ഒപ്പ്

Leave a Reply

Your email address will not be published. Required fields are marked *