ഇന്നെന്റെ ചേച്ചിയുടെ വിവാഹമാണ്, പക്ഷെ കതിർമണ്ഡപത്തിൽ ഇരിക്കേണ്ട ചേച്ചി ഒരു കത്തും എഴുതി..

(രചന: അച്ചു വിപിൻ)

ഇന്നെന്റെ ചേച്ചിയുടെ വിവാഹമാണ് പക്ഷെ കതിർമണ്ഡപത്തിൽ ഇരിക്കേണ്ട ചേച്ചി ഒരു കത്തും എഴുതി വെച്ച ശേഷം  അവൾക്കിഷ്ടമുള്ള ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.

കൊണ്ടുപോയ മനുഷ്യൻ വേണ്ട എന്നു പറഞ്ഞത് കൊണ്ടാവാം  ചേച്ചിയുടെ സ്വർണമെല്ലാം  ഊരിവെച്ചിട്ടാണവൾ പോയത്.

ചെക്കനും വീട്ടുകാരും പന്തലിൽ വന്നാകെ ബഹളം…. പെണ്ണ് കാരണം അവർക്കു മാനക്കെടുണ്ടായി, അതിനാൽ നഷ്ടപരിഹാരം വേണം എന്നൊക്കെ പറഞ്ഞു ചെക്കന്റെ അമ്മാവൻ അച്ഛനുമായി  വല്യ തർക്കം നടത്തുന്നുണ്ട്.

ചേച്ചി ഇറങ്ങിപ്പോയി എന്നറിഞ്ഞപ്പോൾ പോയ അമ്മയുടെ ബോധം ഇതുവരെ തിരിച്ചു വീണിട്ടില്ല.

സംസാരത്തിനും തർക്കത്തിനുമൊടുവിൽ ചെക്കന്റെ അമ്മാവൻ ഒരു ബോംബിട്ടു. പെണ്ണിനൊരനിയത്തി ഉണ്ടല്ലോ തല്ക്കാലം മാനക്കേടൊഴിവാക്കാൻ അവളെ ചെറുക്കൻ കെട്ടട്ടെ അതല്ലേ നല്ലത്?

എന്റെ അച്ഛനും ബന്ധുക്കളും അവരുടെ തീരുമാനം അംഗീകരിച്ച മട്ടിൽ തലകുലുക്കി.അപ്പൊ എന്റെ സമ്മതത്തിനവിടെ പുല്ല് വില,എന്നോടെന്താ അഭിപ്രായം ചോദിക്കാത്തതെന്നു ഞാൻ മനസ്സിൽ ഓർത്തു.

പെണ്ണിനെ കെട്ടാൻ ഇഷ്ടമാണോ എന്നു ചെറുക്കനോട് ചോദിച്ചപ്പോൾ അയാൾക്കും സമ്മതം. എങ്ങനെ സമ്മതിക്കാതിരിക്കും? ചേച്ചിയെക്കാൾ സുന്ദരിയാണല്ലോ അനിയത്തി മാത്രല്ല  21വയസ്സ് പ്രായം എഞ്ചിനീയറിങ്ങിനു പഠിക്കേം ചെയ്യുന്നു, ചെറുക്കന് ഒന്നും നോക്കാതെ ഒരു എഞ്ചിനീയർ പെണ്ണ് ഫ്രീ.

ആഹാ അതാണപ്പോ എല്ലാരുടെയും മനസ്സിലിരിപ്പല്ലെ, ശരിയാക്കിത്തരാം. അപ്പൊ ഇന്നത്തെ നേർച്ചക്കോഴി ഞാനാണ്, എന്നെ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചു കല്യാണം നടത്തി മാനക്കേടൊഴിവാക്കാനാണു എല്ലാവരും കച്ചകെട്ടി നിൽക്കുന്നത്.

സത്യം പറഞ്ഞാൽ  ഇതിനൊക്കെ സമ്മതം മൂളിയ അച്ഛനെയും ബന്ധുക്കളെയും കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നിപ്പോയി .

അച്ഛനാണെങ്കിൽ എനിക്കീ  വിവാഹത്തിന് സമ്മതമാണോ എന്നു പോലും ചോദിക്കാതെ വേഗം ചേച്ചിയുടെ സാരിയെടുത്തുടുത്തെന്നോട് പോയി റെഡിയാകാൻ പറഞ്ഞു…

“ക്ഷമിക്കണം അച്ഛാ എനിക്കീ വിവാഹത്തിന് സമ്മതമല്ല”….

അച്ഛൻ ഞെട്ടി…

മോളെ എന്റെ മാനമാണോ അതൊ നിന്റെ ഇഷ്ടമാണോ ഇപ്പൊ നിനക്ക് വലുത്? നിന്റെ നന്മക്കു വേണ്ടിയാണച്ചൻ പറയുന്നത്.

ഇല്ലെങ്കി ഒളിച്ചോടി പോയ ചേച്ചി കാരണം നിനക്കൊരു നല്ല വിവാഹം പോലും വരില്ല. ഇവരാകുമ്പോ നല്ല തറവാട്ടുകാർ  എല്ലാം അറിഞ്ഞു കൊണ്ട് നിന്നെ സ്വീകരിക്കും നീ ഇതങ്ങു സമ്മതിച്ചേക്കു..

ഇല്ലച്ചാ..എനിക്കിപ്പോ അച്ഛന്റെ മാനമല്ല എന്റെ ഇഷ്ടമാണ് വലുത്.

അച്ഛന്റെ മാനം സംരക്ഷിക്കാൻ ഇഷ്ടമല്ലാത്ത ഒരാളുടെ ഭാര്യയായി ജീവിക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട്.

കെട്ടിത്തൂങ്ങും വിഷം കഴിച്ചു മരിക്കും എന്നൊക്കെയുള്ള ഭീഷണി അച്ഛൻ വെറുതെ എന്റെ നേരെ ഉയർത്തി സമയം കളയണ്ട ചേച്ചിയെ പോലെ ആ ഭീഷണിയിൽ ഞാൻ വീഴില്ല. ചേച്ചിയെ കിട്ടിയില്ലെങ്കിൽ അനിയത്തി എന്ന രീതി ദയവായി എന്റെ മേലാരും അടിച്ചേൽപ്പിക്കരുത്.

ശരിക്കും ഇതിനൊക്കെ ഉത്തരവാദി അച്ഛൻ തന്നെയാണ്. ചേച്ചിക്ക് ഒരാളെ ഇഷ്ടമാണെന്നവൾ ഈ വിവാഹമുറപ്പിക്കുന്നതിനു മുന്നേ തന്നെ അച്ഛനോട് പറഞ്ഞതല്ലെ?

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളായത് കൊണ്ടച്ഛനവളുടെ ഇഷ്ടത്തെ എതിർത്തു.

അച്ഛാ അയാൾക്ക്‌ സമ്പത്തിനല്ലേ  കുറവുണ്ടായിരുന്നുള്ളൂ നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നില്ലേ?

വീട്ടുകാരെയും കൂട്ടി ചേച്ചിയെ മാന്യമായി  പെണ്ണാലോചിച്ചു വന്ന ആ മനുഷ്യനെ അച്ഛൻ അപമാനിച്ചിറക്കി വിട്ടില്ലേ?.അച്ഛന് ചേച്ചിയുടെ സന്തോഷമല്ല മറിച്ചു പണവും സാമ്പത്തുമായിരുന്നു വലുത്. എന്നിട്ടിപ്പോ എന്ത് സംഭവിച്ചു അവൾ അവൾക്കിഷ്ടമുള്ള ആളുടെ കൂടെ ഇറങ്ങി പോയി.

ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ അച്ഛൻ തല കുനിച്ചു നിന്നു.

എന്താ കുട്ടി ഈ പറയുന്നത് നിന്റെ നന്മക്കു വേണ്ടിയല്ലേ നിന്റെ അച്ഛൻ പറയുന്നത്. നീ ഈ വിവാഹത്തിന് സമ്മതിചേക്കു, ഇപ്പൊ ഇഷ്ടമല്ലെങ്കിലും പിന്നീട് നീ പൊരുത്തപ്പെട്ടോളും. നിന്റെ ചേച്ചി കാരണം മാനക്കേടുണ്ടായത് എന്റെ മരുമകനാണ് അത് നീ ഓർക്കുക.

എങ്ങനെയെങ്കിലും ഈ കല്യാണം നടത്തിയാൽ മതി എന്ന തത്രപ്പാടിൽ ഓരോന്ന് വിളിച്ചു പറയുന്ന ചെറുക്കന്റെ അമ്മാവന്റെ നേരെ നോക്കി ഞാൻ പറഞ്ഞു…

അമ്മാവാ ചെറുക്കനൊരു നാണക്കേടുമില്ല, കാരണം ചെറുക്കൻ പെണ്ണ് കാണാൻ വന്നപ്പോ തന്നെ എന്റെ  ചേച്ചി അയാളോട്  പറഞ്ഞതാണ് അവൾക്ക്  വേറെ ഒരാളുമായി ഇഷ്ടമുണ്ടെന്നു,

അത് വകവെക്കാതെ എന്റെ അച്ഛൻ വാഗ്ദാനം ചെയ്ത  സ്ത്രീധനം മനസ്സിൽ കണ്ട ശേഷം   പെണ്ണിനെ എനിക്കിഷ്ടമായി എന്നു പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി പോയ നിങ്ങടെ മരുമോൻ എന്ന പോങ്ങനെന്ത്‌ മാനക്കേടുണ്ടായെന്നാണ്  നിങ്ങൾ പറയുന്നത്.

നിങ്ങടെ മരുമോൻ  അറിഞ്ഞു കൊണ്ടാണ് ഇതൊക്കെ ഇവിടെ നടന്നത്.വേറെ ഒരാളെ മനസ്സിൽ വെച്ചോണ്ട് നടക്കുന്ന പെണ്ണിനെ കെട്ടാൻ വന്ന നിങ്ങടെ മരുമോന് മാനം ഉണ്ടെന്നു മാത്രം നിങ്ങൾ പറയരുത്.ഇതൊക്കെ അയാൾ സ്വയം ഇരന്നു വാങ്ങിയതാണ്.

അയാളോടത്രയും പറഞ്ഞ ശേഷം ഞാൻ അച്ഛന്റെ നേരെ നോക്കി പറഞ്ഞു.. അച്ഛാ,അച്ചൻ പറഞ്ഞല്ലോ എന്റെ ചേച്ചി ഇഷ്ടമുള്ള ഒരുത്തന്റെ കൂടെ  ഇറങ്ങി പോയത് കൊണ്ട് അനിയത്തിയായ എനിക്ക്  നല്ലൊരു വിവാഹബന്ധം വരില്ലെന്ന്,
വേണ്ട… അങ്ങനൊരു വിവാഹബന്ധം  എനിക്ക് വേണ്ടച്ചാ..

ഏതെങ്കിലും ഒരുകാലത്തു പണത്തിനോടാർത്തി ഇല്ലാത്ത ഒരാൾ എന്നെ വിവാഹം കഴിക്കാൻ വരുന്നെങ്കിൽ അങ്ങനെ ഒരാളിനെ മതിയെനിക്ക്.

അയാൾക്ക്‌ ഗവൺമെന്റ് ജോലി വേണമെന്നോ വല്യ തറവാട്ടുകാരൻ ആവണമെന്നോ എനിക്ക് യാതൊരു നിർബന്ധവുമില്ല.മാന്യമായി കുടുംബം പുലർത്തുന്ന എന്നെ സ്നേഹിക്കാൻ മനസ്സ് കാണിക്കുന്ന ഒരുത്തനായാൽ മതി.

അച്ഛൻ ഇനിയെങ്കിലും മനസിലാക്കുക ഒരു  പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന  ലക്ഷ്യം എന്നത് കല്യാണമല്ല.കല്യാണം കഴിക്കാതെയും ഒരു പെണ്ണിന് ജീവിക്കാം.

അച്ഛന്റെ കൈയിൽ കുറെ പണം ഉണ്ടെങ്കിൽ അതുകൊണ്ടെന്നെ  നല്ലോണം പഠിപ്പിക്കു അല്ലാതെ സ്വർണമായി അതൊക്കെ എന്റെ കഴുത്തിൽ കെട്ടിതൂക്കി ഇട്ടു  വല്ല വീട്ടിലേക്കും പറഞ്ഞു വിട്ടാൽ  ആ സ്വർണം കൊണ്ടെനിക്കെന്ത് പ്രയോചനം?

അതെ സമയം എനിക്കിഷ്ടമുള്ള പോലെ അച്ഛനെന്നെ പഠിപ്പിച്ചാൽ അതുകൊണ്ടൊരു ജോലി നേടി ഞാൻ സ്വന്തം കാലിൽ നിൽക്കും.

വല്ലവരുടെയും വീടിന്റെ അടുക്കളയിൽ ഒതുങ്ങുന്നതല്ലച്ഛാ ഒരു പെണ്ണിന്റെ ജീവിതം. അവൾക്കും സ്വപ്നങ്ങളുണ്ട്.

അച്ഛൻ ഒന്നും പറയുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ തുടർന്നു…

പിന്നീട് ശരിയാവും എന്നു പറഞ്ഞു കൊണ്ടൊരുത്തന്റെ കൂടെ എന്നെ വിവാഹം കഴിപ്പിച്ചു വിട്ടാൽ എന്റെ  ജീവിതം ശരിയാകുമെന്ന് അച്ഛന് വല്ല ഉറപ്പുമുണ്ടോ?ഇല്ലല്ലോ? അപ്പോൾ കൂടുതലൊന്നും എനിക്ക്  പറയാനില്ല ഇവർക്കെന്ത് നഷ്ടപരിഹാരം ആണെന്ന് വെച്ചാൽ അച്ഛൻ കൊടുത്തോളു..

എന്തായാലും ഉറപ്പില്ലാത്ത ഒരു ജീവിതം അറിയില്ലാത്ത ഏതോ ഒരുത്തന്റെ കൂടെ കഷ്ടപ്പെട്ട് ജീവിച്ചു  തീർക്കാൻ എനിക്കല്പം  ബുദ്ധിമുട്ടുണ്ട് അത് കൊണ്ട് ഞാൻ പോകുന്നു.

ഇത്രയും പറഞ്ഞു കൊണ്ടു ഞാനവിടെ നിന്നും ഇറങ്ങിപ്പോരുമ്പോൾ ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ “നോ “എന്നു പറയാനുള്ള ധൈര്യം ഞാൻ നേടിയെടുത്തിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *