കുടുംബം കുഞ്ഞുങ്ങൾ ഒക്കെ പെണ്ണിന്റെ മാത്രം ചുമതലകൾ ആകുന്നതെങ്ങനെ എന്നവൾക്ക്..

അരികിൽ
(രചന: Ammu Santhosh)

“ഇന്നും പോവണോ? മോൾക്ക് ലേശം ചൂടുണ്ട്. ഹോസ്പിറ്റലിൽ ഒന്ന് പോകണം. മോന്റെ ഒപ്പം ഒന്നിരിക്ക് അച്ചുവേട്ട “

മീര മോളുടെ നെറ്റിയിൽ വീണ്ടും തൊട്ട് നോക്കി. ചെറിയ ചൂടാണ് പക്ഷെ പേടിയാണ്.

“കുഞ്ഞുങ്ങൾക്ക് ഇടക്ക് ചൂട് വരും അതൊക്കെ സ്വാഭാവികം അല്ലെ.. അത്ര ചൂട് ഒന്നുമില്ലല്ലോ. നീ കുട്ടികളെ പറഞ്ഞു സ്കൂളിൽ വിട്ടേ “

മീര അയാളെ രൂക്ഷമായി ഒന്ന് നോക്കി.

“ഇന്ന് സ്കൂൾ അവധി ആണ്. അത് പോലും ഓർമയില്ലേ? “

“ഓ മറന്നു. എടി ഇന്ന് സൗരവിന്റ പ്രൊമോഷന്റെ ട്രീറ്റ്‌ ആണ്. ഞങ്ങൾ മൂന്നാർ പോകാൻ നേരെത്തെ പ്ലാൻ ഇട്ടത് ആണ്. നിനക്ക് അറിയാല്ലോ.. നീ അപ്പുറത്തെ ഫ്ലാറ്റിൽ മോനെ ആക്കിയിട്ടു മോളെ ഡോക്ടറെ കാണിക്കു.. എന്റെ ചക്കരയല്ലേ? “

അവൾ ആ കൈ തട്ടി മാറ്റി. ഇത്തരം പുന്നാരങ്ങൾ തുടക്കത്തിൽ അവൾക്കിഷ്ടമായിരുന്നു. പക്ഷെ അത് തന്നെ മുതലെടുക്കുന്ന ഒന്നായി മാറിയപ്പോൾ അവൾ വെറുത്തു തുടങ്ങി.

കുടുംബം കുഞ്ഞുങ്ങൾ ഒക്കെ പെണ്ണിന്റെ മാത്രം ചുമതലകൾ ആകുന്നതെങ്ങനെ എന്നവൾക്ക് മനസിലാകുന്നില്ലായിരുന്നു. അശ്വിൻ നല്ല ഭർത്താവല്ലേ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാൻ മറ്റുള്ളവർ ചൂണ്ടി കാണിക്കുന്ന കാര്യങ്ങൾ ഇല്ല.

അമിത മ ദ്യപാനം, പരസ്ത്രീ ബന്ധങ്ങൾ, തന്നെ ഉപദ്രവിക്കുക, സംശയിക്കുക ഒന്നുമില്ല. തന്നെ വലിയ ഇഷ്ടം ആണ് താനും. അത് കൊണ്ട് നല്ല ഭർത്താവ് ആകുമോ?

കൂട്ടുകാർക്കൊപ്പം കൂടുതലും സമയം ചിലവഴിക്കുന്നതാണ് അശ്വിന് ഇഷ്ടം. ചിലപ്പോൾ രാത്രിയിൽ അവിടെ തന്നെ കിടന്നുറങ്ങി പിറ്റേന്ന് ഉച്ച ആകുമ്പോൾ എഴുന്നേറ്റു വരും.

വർക്ക്‌ ഫ്രം ഹോം ആയത് കൊണ്ട് കൃത്യമായി ചിട്ടകൾ ഇല്ല. പക്ഷെ തനിക്ക്  ഓഫീസിൽ പോകണം. കുറച്ചു തുണികൾ അയൺ ചെയ്തു വെച്ചേക്കണേ എന്ന് പറഞ്ഞാൽ പറയും ആ ജോലി മാത്രം പറയല്ലേ പൊന്നേ എന്ന്.

കുറച്ചു പാത്രങ്ങൾ  സിങ്കിലുണ്ട് ഒന്ന് വൃത്തിയാക്കി വെച്ചേക്ക് എന്ന് പറഞ്ഞിട്ടും കാര്യമില്ല വൈകുന്നേരം വരുമ്പോൾ ആൾ കഴിച്ചതും  കൂടി ഇട്ടേക്കും.

വീട്ടിലുണ്ടെങ്കിലും കാര്യമില്ല. കൂട്ടുകാരുടെ ഫോൺ വന്നാൽ മണിക്കൂറുകൾ നീളുന്ന സംഭാഷണങ്ങൾ ആവും. തന്നോട് അങ്ങനെ ഒന്ന് സംസാരിച്ചിട്ട് ഏറെ നാളായി ആദ്യമൊക്കെ പരാതി പറയുമായിരുന്നു ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ നിർത്തി.

നമുക്കൊന്ന് പുറത്തു പോകാം അച്ചുവേട്ടാ മോൻ എത്ര ദിവസം ആയി ചോദിക്കുന്നു. അപ്പൊ പറയും നീ ഫ്രണ്ട്സിനൊപ്പം പോ മീര എനിക്കിന്നൊരു ഫങ്ക്ഷന് പോകണം.

മോനെയും മോളേയും കൂട്ടി ഒറ്റയ്ക്ക് പോകും ബീച്ചിൽ, ഹോട്ടലിൽ, പാർക്കിൽ ഒക്കെ.. തങ്ങളെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചാൽ ഇഷ്ടം ഉണ്ട് പക്ഷെ കരുതൽ ഇല്ല എന്നതാണ് ഉത്തരം. മീര ഭാഗ്യവതി ആണ് അശ്വിൻ ഒന്നിനും നിയന്ത്രിക്കില്ലല്ലോ.

ഫ്രണ്ട്സ് പറയും. ഒപ്പം ഉണ്ടാകേണ്ട ആൾ ഒറ്റയ്ക്ക് ആക്കുമ്പോൾ അത് എങ്ങനെ ഭാഗ്യം ആകും? കല്യാണങ്ങൾക്ക് എല്ലാം താൻ ഒറ്റയ്ക്ക്, ഷോപ്പിംഗ് ഒറ്റയ്ക്ക്, പേരെന്റ്സ് ടീച്ചേർസ് മീറ്റിംഗിന് ഒറ്റയ്ക്ക്.. മീരയ്ക്ക് മടുത്തു തുടങ്ങി

അശ്വിൻ പതിവ് പോലെ ഉച്ചക്ക് എഴുന്നേറ്റു വന്നു അടുക്കളയിൽ നോക്കിയപ്പോൾ എല്ലാ പാത്രങ്ങളും കാലി. ഇവളിന്നു ഒന്നും ഉണ്ടാക്കിയില്ലേ? വന്നപ്പോൾ ഓഫീസിൽ പോകുകയും ചെയ്തു മക്കൾ സ്കൂളിൽ പോയി.

അവൻ ബ്രെഡ് ഉണ്ടൊന്നു നോക്കി. ഇല്ല. സ്വിഗ്ഗി വഴി ഒരു മസാലദോശ ഓർഡർ ചെയ്തിട്ട് അവളെ വിളിച്ചു. മൊബൈൽ പരിധിക്കു പുറത്ത്.  മേശയിൽ  ഒരു കടലാസ്. അവൻ അത് എടുത്തു നോക്കി

“അച്ചുവേട്ടാ ഞാൻ ചിലപ്പോൾ രണ്ടു ദിവസം കഴിഞ്ഞു വരികയുള്ളു. സ്കൂൾ റീയൂണിയൻ ആണ് പഴയ ഫ്രണ്ട്സ് ഒക്കെ വരുന്നുണ്ട്. ചിലപ്പോൾ ഞങ്ങൾ ഊട്ടി ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നുണ്ട്. മക്കളെ ശ്രദ്ധിച്ചോണേ.. “

പെട്ട്. അവൻ തലയിൽ കൈ വെച്ച് കട്ടിലിൽ ഇരുന്നു പോയി. സ്കൂൾ റീയൂണിയൻ എന്നോ മറ്റൊ ഇടക്ക് പറഞ്ഞിരുന്നു പോകുമെന്നു ഓർത്തില്ല. ഈശ്വര…

മക്കൾ വന്നു ഒരാൾക്ക് ഹോർലിക്സ്, ഒരാൾക്ക് കോഫി.. അവൻ അത് ആദ്യം അറിയുകയായിരുന്നു. കോഫി പോരെ എന്ന് ചോദിച്ചപ്പോൾ മോൻ ഒന്ന് നോക്കി.

നല്ല ഉഗ്രൻ നോട്ടം. രാത്രി സ്വിഗ്ഗി ഓർഡർ ചെയ്യാൻ വിചാരിച്ചപ്പോൾ രണ്ടു പേർക്കും കഞ്ഞിയും പയറും മതി. അതെവിടെ കിട്ടാൻ. അയാൾ അരയും തലയും മുറുക്കി അടുക്കളയിൽ കയറി
പയർ കരിഞ്ഞു പോയെങ്കിലും മക്കൾ അഡ്ജസ്റ്റ് ചെയ്തു

“രാവിലെ ചപ്പാത്തി മുട്ട മതി കേട്ടോ അച്ഛാ.  ഉച്ചക്ക് ചോറും കൂട്ടാനും തന്നെ വേണം  അല്ലെങ്കിൽ മിസ്സ് വഴക്ക് പറയും “

അയാൾ തലയാട്ടി.. ഉറക്കമില്ല. രണ്ടു മണിക്ക് എഴുനേറ്റു. ജോലി തുടങ്ങി. ഒരു വിധത്തിൽ എല്ലാം ശരിയാക്കി. മക്കളെ യൂണിഫോം അയൺ ചെയ്തു ധരിപ്പിച്ചു.  ഷൂ ഇട്ടു കൊടുത്തു.

സ്കൂൾ ബസിൽ വിട്ടു. അമ്മ എവിടെ എന്ന് അവരും ചോദിച്ചില്ല. അവരോടു പറഞ്ഞു കാണും അയാൾ ഓർത്തു. തിരിച്ചു വന്നപ്പോൾ വീട് കുരുക്ഷേത്ര ഭൂമിയെക്കാൾ  കഷ്ടം. അത് വൃത്തി ആക്കി കിടക്കയിൽ വീണു.

ഫോൺ ചെയ്ത ഫ്രണ്ട്സിനോട്, വൈകുന്നേരം കൂടണ്ടേ എന്ന് ചോദിച്ചവരോട് സുഖമില്ല എന്ന് ഒരു കള്ളം പറഞ്ഞു. വൈകുന്നേരം വീണ്ടും അടുക്കളയിൽ യുദ്ധം. മക്കളുടെ തുണി കഴുകൽ. ഇടക്ക് അവൾ വിളിച്ചു. നാളെ പേരെന്റ്സ് മീറ്റിംഗ് ആണ് പോകണേ. അവളോട്‌ ദേഷ്യപ്പെടാൻ  തോന്നിയില്ല.

താൻ എപ്പോഴും ഇങ്ങനെ ആണല്ലോ. അച്ഛനെ ഞങ്ങൾ ഇത് വരെ കണ്ടിട്ടില്ല കേട്ടോ എന്ന് ടീച്ചർമാരുടെ ചിരിയോടെ ഉള്ള പറച്ചിൽ. അയാൾ വെറുതെ ചിരിച്ചു. നല്ല കുട്ടികൾ ആണ് കേട്ടോ നന്നായി പഠിക്കും ഒരു കംപ്ലയിന്റ് ഇല്ല.

അയാൾ തലയാട്ടി. തിരിച്ചു വരുമ്പോൾ മോൻ പറഞ്ഞതനുസരിച്ചു. അവർ ബീച്ചിൽ പോയി.. അവളെ മിസ്സ് ചെയ്തു തുടങ്ങി. അയാൾക്ക്. കുട്ടികൾ അയാളുടെ രണ്ടു കൈകളിൽ പിടിച്ചു വലിച്ചു തിരകളിലേക്ക്..

ഹോട്ടലിൽ ചെന്നപ്പോൾ മോന് ഏതാ ഇഷ്ടം എന്ന് ചോദിക്കേണ്ടി വന്ന ഗതികേട് ഓർത്തു അയാൾക്ക് വേദന തോന്നി.

മക്കൾ ഐസ്ക്രീം കഴിക്കുന്നത് നോക്കിയിരുന്നപ്പോ  ഉള്ളിൽ തണുപ്പ് നിറഞ്ഞു. വാശിയോ വഴക്കോ ഇല്ലാത്ത നല്ല കുട്ടികൾ ആണ് മക്കൾ എന്ന് അയാൾ മനസിലാക്കി. മോൻ തന്നെ പോലെ തന്നെ ആണല്ലോ എന്ന് പുഞ്ചിരി യോടെ ഓർത്തു. ഇതൊക്കെ താൻ കണ്ടില്ലല്ലോ എന്നും..

“മീര…. എനിക്ക് നിന്നേ ഒന്ന് കാണണം വീഡിയോയിൽ ഒന്ന്  വരാമോ? “രാത്രി അയാൾ അവളോട് ചോദിച്ചു

തൂവെള്ള നൈറ്റ്‌ ഡ്രെസ്സിൽ അവൾ അതീവ സുന്ദരി ആയി തോന്നി അയാൾക്ക്.

“ഫ്രണ്ട്സ് ഉണ്ട് ഊട്ടിയിൽ ആണ് ” അവൾ ചിരിച്ചു

“സോറി.. “അയാൾ ഇടറിയ ഒച്ചയിൽ പറഞ്ഞു
അവൾ നിശബ്ദയായി

“സത്യമായും മിസ്സ് ചെയ്യുന്നു നിന്നേ. ഒരു പാട്. പക്ഷെ നീ നിന്റെ ട്രിപ്പ്‌ കഴിഞ്ഞു വന്നാൽ മതി.. ഞാൻ നോക്കിക്കൊള്ളാം എല്ലാം… കുറെ വര്ഷങ്ങളുടെ പെൻഡിങ്‌സ് … “അയാൾ ചിരിച്ചു

മീര പുഞ്ചിരിയോടെ അയാളെ നോക്കി

അയാളിനി  ഒരിക്കൽ പോലും പഴയ പോലെ ആവില്ല എന്നതിന് ഉറപ്പില്ല. പക്ഷെ മീര പഴയ പോലെ ആവില്ല. അവളുടെ സന്തോഷങ്ങൾ അവൾ ഒപ്പം കൂട്ടും.

എല്ലാം ത്യജിച്ചു ജീവിച്ച് സീത ആകണ്ട സ്ത്രീ. അവൾക്കും ഒരു ലോകമുണ്ട്. അത് മനസിലാകാത്ത ഭർത്താക്കന്മാർക്ക് ഇങ്ങനെ ചില നിമിഷങ്ങൾ ഇട്ടു കൊടുത്താൽ ചിലപ്പോൾ മനസിലാകും. ഭാഗ്യം പോലിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *