ഏട്ടൻ ഉറങ്ങിയോ മടിയിൽ തലവെച്ച് കിടക്കുന്ന ഏട്ടന്റെ തലമുടിയിൽ തഴുകികൊണ്ട് ചോദിച്ചു..

(രചന: ശ്രീജിത്ത്‌ കൊച്ചുപുരക്കൽ)

ഏട്ടൻ ഉറങ്ങിയോ മടിയിൽ  തലവെച്ച് കിടക്കുന്ന ഏട്ടന്റെ തലമുടിയിൽ തഴുകികൊണ്ട് ചോദിച്ചു..
ഇല്ലെടി പെണ്ണെ നീ കുറച്ച് നേരം കൂടി മസ്സാജ് ചെയ്യ്..

ഇനി രണ്ടു വർഷം കഴിയണ്ടേ എന്റെ പെണ്ണിന്റെ കയ്യ് കൊണ്ട് മസ്സാജ് ചെയ്യണങ്കിൽ  കുറച്ച് നേരം കൂടി. ഏട്ടൻ എന്റെ കയ്യ് എടുത്തു വീണ്ടും തലയിൽ വെച്ചു.

നാളെ ഏട്ടൻ തിരിച്ചുപോകും അത് ആലോചിക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ.. ഏട്ടൻ വന്നിട്ട് മൂന്ന് മാസം ആയി. എത്ര പെട്ടന്ന് ആണ് ദിവസങ്ങൾ പോയത്. മൂന്ന്  മാസങ്ങൾ മൂന്ന്  ദിവസങ്ങൾ പോലെയാണ് കഴിഞ്ഞ് പോയത്

പ്രാണന്റെ പാതി നാളെ വീണ്ടും തിരിച്ചു പോകും
അതെല്ലാം ആലോചിച്ചപ്പോൾ അറിയാതെ
കണ്ണ് നിറഞ്ഞു..

എന്റെ സംസാരം ഒന്നും കേൾക്കാത്തകൊണ്ട
തിരിഞ്ഞുനോക്കിയ ഏട്ടൻ കാണുന്നത്.. കണ്ണുനീർ പൊഴിക്കുന്ന എന്റെ മുഖം ആണ് ഏട്ടൻ എഴുന്നേറ്റിരുന്ന എന്റെ കൈപിടിച്ചിട്ട് പറഞ്ഞു..

കരയുവാ നീ…

എന്തിനാ മോളെ  ഇതെല്ലാം എല്ലാ പ്രവാസികളും
അനുഭവിക്കേണ്ടതാണ്..

നിന്നോടൊപ്പം ഇ നാട്ടിൽ ഉള്ളത് കൊണ്ട്
കഴിഞ്ഞുകൂടാൻ എനിക്ക് ആശ ഇല്ലാത്ത കൊണ്ടല്ല…

പക്‌ഷേ നിനക്ക് അറിയാമല്ലോ രണ്ടു പെങ്ങന്മാരെ കെട്ടിച്ചയച്ചതിന്റെ കടം വീട്ടി കഴിഞ്ഞതേ ഉള്ളു,
ബാങ്കിൽ ഇരിക്കുന്ന ഇ വീടിന്റെ ആധാരം തിരിച്ചു എടുത്തു കഴിയുമ്പോൾ, ഞാൻ നിർത്തും ഇ പ്രവാസം.. എന്ത് ജോലിചെയ്യാനുള്ള മനസ്സും ധൈര്യവും ഉണ്ട്, പിന്നെ നാട്ടിൽ നിനക്കൊപ്പം ഉള്ളത് കൊണ്ട് സ്വസ്ഥമായി ജീവിക്കണം എനിക്ക് .. നിന്റെ മാത്രമായി.

എനിക്ക് മടുത്തു ഏട്ടാ ഏട്ടൻ ഇല്ലാതെ
ഒറ്റക്ക്..

എനിക്ക് അറിയാം മോളെ ആ മരുഭൂമിയിൽ
കിടന്നു കഷ്ടപെടുമ്പോളും, മനസ്സിൽ നിന്റെയും, വേണ്ടാപെട്ടവരുടെയും മുഖംമാത്രമാണ് അതാണ്. അവിടുത്തെ 50° ചൂടിലും പണിയെടുക്കാനുള്ള ധൈര്യം..

ഞാൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചിട്ട് പറഞ്ഞു കാത്തിരിപ്പ് ആണ് പെണ്ണെ ഓരോ പ്രവാസിയുടെയും ജീവിതം, പക്‌ഷേ ഇങ്ങനെ ഒരാൾ, കാത്തിരിക്കാൻ ഉള്ളത് കൊണ്ട്.. ആ കാത്തിരിപ്പിനും ഒരു സുഖമുണ്ട്.. പെണ്ണെ

ഞാൻ കഴിക്കാൻ എടുത്തു വെക്കാം ഏട്ടാ എന്നും പറഞ്ഞു അവൾ ചാടി എഴുന്നേറ്റു.. ഞാൻ പറഞ്ഞു എടി മോളെ പതുക്കെ, വയറിനു ഉള്ളിൽ എന്റെ മോളു ഉറങ്ങുന്നുണ്ട് അത് മറക്കരുത്…

മോളുആണെന്ന് ഏട്ടൻ ഉറപ്പിച്ചോ..?? അതെ മോളു തന്നാണ്.ഞാൻ പറഞ്ഞു ചോർ എടുത്തു വെക്കാം എന്നും പറഞ്ഞു അവൾ അകത്തേക്ക് പോയി..

പാവം ഒത്തിരി കഷ്ടപ്പെടുന്നഉണ്ട്… അവൾക്ക് ഇപ്പോൾ പ്രെഗ്നന്റ് ആണ് ഇ അവസ്ഥയിൽ കൂടെ കാണേണ്ടത് ആണ് ഞാൻ പക്‌ഷേ തിരിച്ചു പോയല്ലേ പറ്റു..

ഈറൻ അണിഞ്ഞ കണ്ണ് തുടച്ചു കൊണ്ട്
ഞാൻ ആലോചിച്ചു..

പ്രവാസം തുടങ്ങിയിട്ട് 10 കൊല്ലം ആയി… പെങ്ങന്മാരെ കെട്ടിച്ചു വിട്ടതിന്റെ കടം തീർക്കാൻ തിരഞ്ഞു എടുക്കേണ്ടി വന്ന വഴിയാണ് പ്രവാസം..

നാട്ടിൽ ചെയ്തുകൊണ്ടിരുന്ന പണി തന്നെ
ആണ് അവിടെയും  ഡ്രൈവർ… മനസ്സിൽ കാൽക്കുലേറ്റർ കൊണ്ട് നടക്കുന്ന ഒരു പ്രവാസി അതാണ് ഞാൻ അല്ലങ്കിൽ എന്നെ പോലെ ചിലരും.. എന്നും എന്തിനും ഒരു പരിമിതി നിശ്ചയിക്കുന്നവർ, ഒരു ഷർട്ട്‌ വാങ്ങുമ്പോൾ പോലും നാട്ടിലെ പൈസയുമായി തട്ടിച്ചു നോക്കുന്നവർ…

ഒരു പനിക്ക് ഒരു പെനഡോൾ എന്ന് എണ്ണം നിശ്ചയിക്കുന്നവർ.. ലീവ് കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോൾ തുടങ്ങും പ്രിയപ്പെട്ടവർക്ക് വേണ്ടി  കിട്ടുന്ന ശമ്പളത്തിൽ നിന്ന് വാങ്ങി കൂട്ടുന്ന സാധനങ്ങൾ ഒരു കുഞ്ഞു പെട്ടിക്കുള്ളിൽ അടുത്ത ലീവ് മുൻപിൽ  കണ്ടു

എങ്കിലും എന്റെ പ്രാരാബ്ധങ്ങൾക്കു ഒരു പരിധിവരെ സഹായിച്ചത് ഇ നാടാണ് പിന്നെ ഇവിടുത്തെ ചൂടും.. പക്‌ഷേ സ്വദേശി വൽക്കരണം ശക്തം ആകുന്ന ആ നാട്ടിൽ ഇനി എത്ര നാൾ നിൽക്കാൻ പറ്റും അറിയില്ല..

വീട്ടിൽ എന്ത് നല്ലകാര്യം നടന്നാലും മുൻപന്തിയിൽ ഉണ്ടാവേണ്ട താൻ കിലോമീറ്റർകൾക്ക് അപ്പുറം ഒരു മൊബൈലിൽ എല്ലാംകണ്ട്  സന്തോഷിക്കേണ്ടി വരുന്നു

നാളെ വീണ്ടും യാത്രയാകും പിറന്ന നാടിനെ ഉപേക്ഷിച്ചു, അന്നം തരുന്ന നാട്ടിലേക്ക്..

വാ ഏട്ടാ കഴിക്കാം എന്നും പറഞ്ഞു അവൾ വിളിക്കുമ്പോൾ ആണ് ഓർമകളിൽ നിന്ന്
തിരിച്ചു വരുന്നത്..

കഴിച്ചു കഴിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നില്ല,
എന്ത് പറ്റി ഏട്ടാ ഉറക്കം വരുന്നില്ലേ അവൾ
ചോദിച്ചു.. ഞാൻ അവളുടെ കയ്യ് എടുത്തു എന്റെ നെഞ്ചിൽ വെച്ചിട്ട് ചോദിച്ചു.. എന്നെ കെട്ടിയത് ഒരു തെറ്റായ തീരുമാനം ആയിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ..

എന്താണ് ഏട്ടാ ഇങ്ങനെ ഒക്കെ പറയുന്നത്
അതിന് ഇപ്പോൾ എന്താണ് സംഭവിച്ചത്..
ഏട്ടൻ വെറുത എന്നെ കരയിപ്പിക്കാൻ ഓരോന്ന് പറയുവാ..

ഇല്ല മോളെ അതുകൊണ്ട് പറഞ്ഞതല്ല..
നിനക്ക് എന്നെ ആവിശ്യമായ സമയത്ത്
ഒന്നും ഞാൻ ഇവിടേ ഇല്ലായിരുന്നു.

നിന്റെ അനിയത്തിയുടെ  കല്യാണത്തിന് പോലും
നിനക്ക് ഒറ്റക്ക് അല്ലെ പോകേണ്ടി വന്നത്
ജീവിതത്തിന്റെ നല്ല മുഹൂർത്തങ്ങളിൽ  ഒന്നും
എനിക്ക് നിന്നോടൊപ്പം.. നിൽക്കാൻ സാധിച്ചിട്ടില്ല, രണ്ടു മാസത്തെ ലീവിന് വരുമ്പോൾ, ബന്ധുവീട്ടിലും മറ്റും കയറി ഇറങ്ങി അതങ്ങ് തീരും.. നമുക്ക് നമ്മുടേതെന്നു പറയാൻ എന്ത് ഓർമ്മകൾആണ് ഇത് വരെ ഉണ്ടായിട്ടുള്ളത്..

എനിക്ക് ഏട്ടനെ വെറുക്കാൻ ഇ ജന്മത്തിൽ
സാധിക്കുമോ, സ്ത്രീധനം കൊടുക്കാൻ പണം
ഇല്ലാത്തതിന്റെ പേരിൽ മകളുടെ കല്യാണം നീണ്ടു പോകുന്നത് കണ്ട് സങ്കടപെട്ട മരിച്ച
അച്ഛന്റെ മോളാണ് ഞാൻ..

ആ  കുടുംബത്തിലേക്ക് കടന്ന് വന്നു സ്വന്തം പ്രശ്നങ്ങൾ വക വെക്കാതെ എനിക്ക് ഒരു
ജീവിതം തന്ന ഏട്ടനെ ഞാൻ വെറുക്കുകയോ
എങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ
എന്ത് അർത്ഥമാണ് ഉള്ളത്…

എന്റെ അനിയത്തിയുടെ കല്യാണം പോലും ഏട്ടന്റെ വിയർപ്പിന്റെ ഭലം അല്ലെ.. ഒരുമിച്ച് കെട്ടിപിടിച്ചു കിടക്കുന്നത് മാത്രം അല്ലല്ലോ ഏട്ടാ ജീവിതം.. എനിക്കും എന്റെ വീട്ടിലും ഒരു കുറവും ഏട്ടൻ വരുത്തിയിട്ടില്ല..

ഇതിന് എല്ലാം പകരം തരാൻ എന്റെ കയ്യിൽ
കളങ്കം ഇല്ലാത്ത മനസ്സും ശരീരവും മാത്രമേ
ഉള്ളു.. ഇനി എന്റെ ഏട്ടൻ എന്നോട് ഇങ്ങനെ സംസാരിക്കരുത് അത് എനിക്ക് സഹിക്കില്ല

ഒരു കയ്യ്കൊണ്ട് അവളെ കെട്ടിപിടിച്ചു കൊണ്ട്
അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട്
പറഞ്ഞു നീ ഉറങ്ങിക്കോ..

നാളെ വീണ്ടും തിരിച്ചു പോകണം, ഇ ഒരു അവസ്ഥയിൽ സ്വന്തം ഭർത്താവ് കൂടെ വേണം
എന്ന് ഏതൊരു പെണ്ണും ആഗ്രഹിക്കും പക്‌ഷേ എനിക്ക് അത് സാധിച്ചു കൊടുക്കാൻ സാധിക്കില്ലല്ലോ.

എന്ന് ആലോചിക്കുംപോൾ മനസ്സിൽ ഒരു നീറ്റൽ
സ്വന്തം കുഞ്ഞിന്റെ മുഖം ഒന്ന് നേരിൽ  കാണാൻ ഒന്ന് വാരി എടുക്കാൻ ഇനി രണ്ടു വർഷം കഴിയണം, സ്വന്തം കുഞ്ഞിന്റെ വളർച്ച ഇനി മൊബൈലിൽ കാണേണ്ടി വരും..എന്നെ പോലുള്ളവരുടെ അവസ്ഥ..

ഒടുവിൽ ആ മണ്ണിൽ കിടന്ന് മരിക്കുവാണെങ്കിൽ മറ്റുള്ളവരുടെ കാരുണ്യം കൊണ്ട് എംബാം ചെയ്ത് പെട്ടിയിൽ  എയർപോർട്ടിലേക്കു… എയർപോർട്ടിൽ തൂക്കി നോക്കുന്ന ആ പെട്ടിക്ക് കിലോക്ക് റിയാൽ കണക്ക് ആക്കി ഫ്ലൈറ്റ് ചാർജും കൊടുത്ത് തിരിച്ചു സ്വന്തം നാട്ടിലേക്ക് പ്രിയപ്പെട്ടവർക്ക് അവസാനമായി കാണാൻ…

പ്രവാസത്തിൽ വന്നു സമ്പാതിച്ചു കൂട്ടിയവരെക്കൾ കൂടുതൽ കാണും വര്ഷങ്ങളോളം ഇ മരുഭൂമിയിൽ കഷ്ടപെട്ടിട്ടുഉം ഒന്നും നേടാതെ എങ്ങും എത്താതെ പോയവരുടെ കഥകൾ.എന്നെ പോലെ

അത് അങ്ങനെ ആണ് മറ്റുള്ളവർ തഴച്ചു വളരാൻ സ്വയം വളം ആകെണ്ടി വരുന്നവർ  അതാണ് പ്രവാസി.

Leave a Reply

Your email address will not be published. Required fields are marked *