കറുമ്പൻ
(രചന: Raju Pk)
പോയ കാര്യം എന്തായി മോനേ എന്ന അമ്മച്ചിയുടെ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം ഞാൻ നിശബ്ദനായി…
“എന്താവാൻ, ഞാൻ മടുത്തു അമ്മച്ചി ഈ കരി ഓയിൽ എഡ്‌വിന് മംഗല്യ യോഗം ഇല്ലെന്നാണ് തോന്നുന്നത് ആ പെൺകുട്ടിക്കും എന്നെ ഇഷ്ടമായില്ല.
സ്തീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞല്ലേ നമ്മുടെ ഇടവകയിലെ തലചായ്ക്കാൻ സ്വന്തമായി ഒരിടം പോലും ഇല്ലാത്ത കൂട്ടുകാരിയുടെ മകൾ ആനിയെ എനിക്കായി അമ്മ ആലോചിച്ചത് ഇന്നവൾ എന്നെ നേരിൽ കണ്ടപ്പോൾ പറഞ്ഞതെന്താണെന്നറിയാമോ..”
“ഈ കരി ഓയിലിന്റെ കളറുള്ള തന്നെ ഏത് പെണ്ണ് ഇഷ്ടപ്പെടാനാണെന്ന് കല്യാണത്തിന് ഒരു ഫോട്ടോ പിടിക്കണമെങ്കിൽ പന്തലിടാതെ പള്ളി മുറ്റത്ത് കല്യാണം നടത്തണമെന്ന് പിന്നെ ഉണ്ടാവുന്ന കുട്ടികൾക്ക് ഈ കളറെങ്ങാനും കിട്ടിയാൽ എന്താവും സ്ഥിതി എന്ന്…”
“വല്ലാത്തൊരു ചിരിയോടെ അവൾ നടന്നകന്നപ്പോൾഞാൻ എന്റെ ഈ രൂപത്തെ ആദ്യമായി വെറുത്തു അമ്മച്ചി.”
“അങ്ങനെ പറയരുത് മോനേ ശാരീരിക പരിമിതിക്കുള്ളിൽ തനിയെ നടക്കാൻ പോലും കഴിയാത്ത എത്രയോ പേരാണ് നമ്മുടെ കണ്മുന്നിലൂടെ ജീവിക്കുന്നത്…
നമ്മൾ നമ്മളേക്കാൾ ഉയരത്തിൽ ജീവിക്കുന്നവരുടെ ജീവിതം കണ്ട് പഠിക്കരുത് താഴോട്ട് നോക്കി വേണം ജീവിക്കാൻ മനുഷ്യരായാൽ കറുത്തും വെളുത്തും ഇരിക്കും പുറം വെളുത്തും മനസ്സ് കറുത്തും ഇരുന്നിട്ട് എന്ത് കാര്യം.”
അല്ലെങ്കിലും അമ്മമാരുടെ കൈയ്യിൽ മനസ്സിലെ തീയണക്കാൻ ഉള്ള മരുന്ന് ആവശ്യത്തിൽ അധികമാണ് ചെറിയ ചിരിയോടെ ഞാൻ അകത്തേക്ക് നടന്നു.
പിറ്റേന്ന് ബസിലെ ഡ്രൈവിഗ് സീറ്റിലേക്ക് കയറുമ്പോൾ പതിവു പോലെ ഇടതു വശത്ത് ഒരു പുഞ്ചിരിയും നൽകി ലിസിയുണ്ട്
“എന്നാ ഇച്ചയാ ഇന്ന് വല്ലാത്തൊരു ഗൗരവം”
ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു നാട്ടിലെ പ്രമാണിയായ ജോസിന്റെ രണ്ട് പെൺകുട്ടികളിൽ മുത്തവളാണ് ലിസി മദാമ്മ എന്നാണ് ഓമനപ്പേര് ആളൊരു നേഴ്സാണ് കാണാൻ അതി സുന്ദരിയും
“നാട്ടിലെ ചെറുപ്പക്കാർ ശരിക്കും മാതൃകയാക്കേണ്ടതാണ് ഇച്ചായനെ,എന്ത് ജോലിയും ചെയ്യാനുള്ള ഈ ചങ്കൂറ്റം എനിക്ക് ഒത്തിരി ഇഷ്ടമാണ് കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം”
“എങ്കിൽ നിന്നെ ഞാൻ കല്യാണം കഴിക്കട്ടെ”
തമാശ രൂപേണ ചോദിച്ചതാണെങ്കിലും ആ കണ്ണുകളും മുഖവും വല്ലാതെ വിടർന്നിരുന്നു.
ആദ്യത്തെ ട്രിപ്പ് ആയതുകൊണ്ട് ബസ്സിൽ വളരെ കുറച്ച് പേർ മാത്രം…
ഇറങ്ങാൻ നേരം അടുത്ത് വന്ന് അവൾ എന്നോട് പറഞ്ഞു. “എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ കറുമ്പന്നെ എന്നാ വീട്ടിലേക്ക് വരുന്നത്”
പിന്നീടെല്ലാം പെട്ടന്നായിരുന്നു മനസ്സു ചോദ്യവും വിവാഹവും വിവാഹത്തിനെത്തിയ കൂട്ടുകാരും ബന്ധുക്കളും രഹസ്യമായി ചോദിച്ചു
“നീ എങ്ങനെ വളച്ചെടുത്തു ഇവളെ”
മറുപടി ഒരു പുഞ്ചിരിയിൽ ഞാൻ ഒതുക്കി…
വർഷങ്ങൾക്ക് ശേഷം പള്ളിപ്പെരുന്നാളിന് ആൾത്താരയിൽ നിറഞ്ഞ കണ്ണുകളോടെ കർത്താവിനോട് പരിഭവം പറയുന്ന ആനിയെ കണ്ടു കണ്ണുകൾ തുടച്ച് എന്റെ അടുത്തെത്തി അവൾ
ചോദിച്ചു.
“സുഖമല്ലെ”
“അതെ നിനക്കോ”
“സുന്ദരനായ ഭർത്താവിനെ എനിക്ക് കർത്താവ് നൽകി പക്ഷെ മക്കളെ മാത്രം നൽകിയില്ല”
ഇതാരാ പപ്പാ” ആന്റി എന്തിനാകരയുന്നത് എന്ന ചോദ്യവുമായി മക്കൾ ഓടിയെത്തി അവരെ ചേർത്ത് പിടിച്ചു കൊണ്ട് ആനി പറഞ്ഞു.
“നിങ്ങടെ പപ്പ എന്റെ… വിതുമ്പുന്ന ചുണ്ടുകൾ ആനി കടിച്ചമർത്തി
“അന്ന് ഞാൻ പറഞ്ഞ വാക്കുകൾ ഇച്ചായന്റെ മനസ്സിൽ വലിയ മുറിവുണ്ടാക്കിയിട്ടുണ്ടാവും എന്നെനിക്കറിയാം തെറ്റായിപ്പോയി എന്നോട് പൊറുക്കണം ലിസിയുടെ ജന്മസുകൃതമാണ് ഇച്ചായൻ.”
“കാലം മായ്ക്കാത്ത മുറിവുകളില്ല ആനി ഞാൻ അതെല്ലാം എന്നേ മറന്നു”
ഞാനും പ്രാർത്ഥിക്കാം ആനിക്കു വേണ്ടി, പ്രാർത്ഥനയും കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ വേദനയോടെ ഓർത്തു പലപ്പോഴും നമ്മൾ കൊതിക്കുന്നതാവില്ല ഈശ്വരൻ നമുക്ക് വിധിക്കുന്നത്..