ഗതിയില്ലാത്ത ഒരു ഉപ്പയ്ക്ക് ജനിച്ചത് എന്റെ കുട്ടിയുടെ തെറ്റല്ലല്ലോ, അവൾ പഠിക്കാൻ നല്ല മിടുക്കിയായിരുന്നു അവളുടെ ആഗ്രഹം..

(രചന: അംബിക ശിവശങ്കരൻ)

“മിസ്സേ.. മിസ്സിനെ ഒരാൾ കാണാൻ വന്നിട്ടുണ്ട്.”

എന്നത്തേയും പോലെ കുട്ടികളുടെ പഠന കാര്യങ്ങൾ വീക്ഷിച്ചുകൊണ്ട് ഓരോ മുറിയും കയറിയിറങ്ങുമ്പോഴാണ് ദേവിക എന്ന വിദ്യാർത്ഥിനി വന്നു പറഞ്ഞത്.

ഹോസ്റ്റൽ വാർഡനായ ചിത്രയെ കുട്ടികൾ മിസ്സ് എന്നാണ് വിളിക്കുന്നത്.

“ആരാണാവോ ഈ സമയത്ത് ഞായറാഴ്ച മാത്രമേ വിസിറ്റിംഗ് പാടുള്ളൂ എന്ന് എത്ര പറഞ്ഞാലും എന്താ ഇവർക്ക് മനസ്സിലാകാത്തത്?”

ഇങ്ങനെ ഇടയ്ക്കിടയ്ക്കുള്ള രക്ഷിതാക്കളുടെ വരവും പോക്കും കുട്ടികളുടെ പഠനത്തെയാണ് ബാധിക്കുന്നത്. ”

മനസ്സിൽ വന്നു കൂടിയ അനിഷ്ടം പ്രകടമാക്കാതെ ചിത്ര പ്രസന്നമായ മുഖത്തോടെ താഴേക്ക് ഇറങ്ങിച്ചെന്നു.

താഴെ ഓഫീസ് ഏരിയയിൽ അവൾക്കായി കാത്തിരുന്ന മധ്യവയസ്കനെ കണ്ടതും മനസ്സിൽ തോന്നിയ ചിന്തകളെ ഓർത്തവൾക്ക് പശ്ചാത്താപം തോന്നി.

അല്പം ഉയർത്തിപ്പിടിച്ച മുഖവും അല്പം അടഞ്ഞ കണ്ണുകളും കൈയിലെ വടിയും കണ്ടപ്പോൾ തന്നെ അവൾക്കു മനസ്സിലായി അയാൾക്ക് കാഴ്ചയില്ലെന്ന്.

അയാൾക്ക് അഭിമുഖമായി വന്നു നിന്നതും ശബ്ദം തിരിച്ചറിഞ്ഞോണം അയാൾ രണ്ട് കൈയും കൂപ്പിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.

“വേണ്ട വേണ്ട ഇരുന്നോളൂ….”

അയാളെ എഴുന്നേൽക്കാൻ അനുവദിക്കാതെ അയാൾക്ക് അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരിക്കുമ്പോൾ അവൾ അയാളെ അടിമുടി ഒന്ന് നോക്കി.

നിറം മങ്ങി ഒരു വെള്ളമുണ്ടും നരച്ചു തുടങ്ങിയ ഷർട്ടും കയ്യിൽ ഒരു സഞ്ചിയും കഴുത്തിലൂടെ ഇട്ട കറുത്ത തോൾ ബാഗും ഉണ്ട്.ആ ബാഗിൽ അയാൾ മുറുകെ പിടിച്ചിട്ടുമുണ്ട്.

“ആരാ എനിക്ക് മനസ്സിലായില്ലല്ലോ?”

അവൾ വിനയപൂർവ്വം ചോദിച്ചു.

“ടീച്ചറെ… ഞാൻ ഫൗസിയുടെ ഉപ്പയാണ്. ഞാൻ ടീച്ചറെ കാണാൻ വന്നതാ.”

ആ കുട്ടിയുടെ രൂപഭാവങ്ങളിൽ നിന്നൊ പെരുമാറ്റത്തിൽ നിന്നോ അത് അവളുടെ പിതാവാണെന്ന് ചിന്തിക്കാൻ പോലും ചിത്രയ്ക്ക് കഴിഞ്ഞില്ല.

“എന്താ വിശേഷിച്ച്?”

“കഴിഞ്ഞദിവസം ഫൗസി എന്നെ വിളിച്ചിരുന്നു. ഫീസ് എത്രയും വേഗം അടയ്ക്കണം എന്ന് ഓഫീസിൽ നിന്നും അറിയിച്ചെന്ന് പറഞ്ഞു. ഫീസ് അടക്കാത്ത വരെ ഹോസ്റ്റലിൽ നിൽക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞെന്നു പറഞ്ഞു.

അവൾ വളരെ സങ്കടത്തോടെയാണ് എന്നോട് സംസാരിച്ചത്. എന്റെ മോന് കൂലിപ്പണിയാണ് ടീച്ചറെ… അവൻ കുറച്ചു പൈസ ആരോടോ കടം ചോദിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അത് കിട്ടിയാൽ ഉടനെ ഫീസ് കുടിശ്ശിക തീർത്തോളാം.

കുട്ടിക്കാലം മുതലേ അവൾക്ക് ഡോക്ടർ ആവാൻ വലിയ മോഹമായിരുന്നു അവളുടെ ആഗ്രഹം കണ്ട് ഞങ്ങളും ആ സ്വപ്നം നെഞ്ചിലേറ്റി തുടങ്ങി.

” ഞാൻ പഠിച്ച് വലിയ ഡോക്ടർ ആയിട്ട് ഉപ്പാടെ കണ്ണ് ചികിത്സിച്ച് നേരെയാക്കും എന്ന് അവൾ ചെറുപ്പത്തിൽ പറയാറുണ്ടായിരുന്നു.

ആ ഒരു ആഗ്രഹം കൊണ്ടാണ് അവൾ ഡോക്ടർ ആവണമെന്ന സ്വപ്നം വിടാതെ മുറുകെ പിടിച്ചത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം എന്റെ കുട്ടിക്ക് എന്നെ അത്രയ്ക്ക് ജീവനാണ്. ”

സംസാരിക്കുന്നതിനിടയ്ക്ക് വാക്കുകൾ ഇടറി അയാളുടെ കണ്ണുകൾ നിറഞ്ഞപ്പോൾ അവളുടെയും നെഞ്ചു പിടഞ്ഞു.

“എനിക്കറിയാം ടീച്ചറെ എൻട്രൻസ് ഒന്നും ഞങ്ങളെപ്പോലുള്ളവർ കൂട്ടിയാൽ കൂടുന്ന കാര്യമല്ലെന്ന്…

ഗതിയില്ലാത്ത ഒരു ഉപ്പയ്ക്ക് ജനിച്ചത് എന്റെ കുട്ടിയുടെ തെറ്റല്ലല്ലോ? അവൾ പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. അവളുടെ ആഗ്രഹം അറിഞ്ഞ് അവളെ പഠിപ്പിച്ച രമേശൻ മാഷാ ഫൗസിയെ എൻട്രൻസിന് ചേർക്കണമെന്ന് നിർബന്ധം പിടിച്ചത്.

കുറച്ച് പൈസ മാഷ് തരികയും ചെയ്തു അതുകൊണ്ട ആദ്യത്തെ വട്ടമൊക്കെ ഫീസ് അടച്ചത്.”

“ടീച്ചർക്ക് അറിയാലോ ഇത് എത്രമാത്രം പ്രധാനപ്പെട്ട മത്സര പരീക്ഷയാണെന്ന്..

വീട്ടിലിരുന്ന് പഠിക്കാം എന്ന് വെച്ചാൽ അവളുടെ മൂത്ത പെൺകുട്ടി ഭർത്താവ് ഉപേക്ഷിച്ച് ഒരു വർഷമായി വീട്ടിൽ തന്നെയാണ്. രണ്ടു കുട്ടികൾ ഉള്ളതുകൊണ്ട് കുട്ടിയുടെ പഠിപ്പ് ഒന്നും നടക്കില്ല.

അതുകൊണ്ടാണ് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും മോളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാം എന്ന് കരുതിയത്. അതാവുമ്പോൾ വീട്ടിലെ പ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ മനസ്സ് വിട്ടുനിൽക്കുമല്ലോ?”

“എന്നാൽ കഴിഞ്ഞ ദിവസം മോളു വിളിച്ചിട്ട് അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്ന് പറഞ്ഞ് കരയുകയായിരുന്നു. അവൾക്ക് ഇവിടെ നിന്നിട്ട് പഠിക്കാൻ പറ്റുന്നില്ല ത്രെ നാണക്കേട് കൊണ്ടേ…..”

അയാൾ ഒരു നിമിഷം മൗനമായിരുന്നതിനു ശേഷം വീണ്ടും തുടർന്നു.

“വീട്ടിലേക്ക് അവൾ വന്നാൽ പിന്നെ എത്ര കഷ്ടപ്പെട്ടതൊക്കെയും വെറുതെയാകും ടീച്ചറെ….ടീച്ചറെ അവൾക്ക് വലിയ കാര്യമാ…

മറ്റു കുട്ടികൾ ഒന്നും അറിയാതെ ടീച്ചർ അവളെ കണ്ടൊന്ന് സംസാരിക്കണം. വീട്ടിലേക്ക് വരാൻ ഒരു കാരണവശാലും അവളെ അനുവദിക്കരുത്. കുറച്ചുദിവസം കൂടി ഒന്ന് ക്ഷമിക്കാൻ ടീച്ചർ ഒന്ന് സാറിനോട് പറയണം…

ഫീസ് മുഴുവൻ ഞങ്ങൾ അടച്ചു തീർത്തോളാം. എന്റെ മോളെ ഇവിടുന്ന് ഇറക്കി വിടരുതെന്ന് പറയണം എന്റെ മകളെപ്പോലെ കണ്ട് ഞാൻ ടീച്ചറുടെ മുന്നിൽ അപേക്ഷിക്കുകയാണ്.”

തൊഴുതു പിടിച്ചുകൊണ്ട് അയാൾ അത് പറഞ്ഞതും അവളുടെ തൊണ്ടയിലെ വെള്ളം മുഴുവനും വറ്റിപ്പോയതായി അവൾക്ക് തോന്നി.

ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ അവൾ കുഴഞ്ഞു.കാരണം മുൻപിൽ ഇരിക്കുന്ന മനുഷ്യന്റെ വാക്കുകൾ ഓർമ്മിപ്പിച്ചത് മരിച്ചുപോയ തന്റെ അച്ഛനെയാണ്.

ഇന്ന് താൻ ഈ ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് പാവം അച്ഛന്റെ വിയർപ്പിന്റെ ഫലം ഒന്നു മാത്രമാണ്. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. തൊഴുതു പിടിച്ച അയാളുടെ കയ്യിൽ അവൾ മുറുകെ പിടിച്ചു.

“ഉപ്പ വിഷമിക്കാതെ അവൾ ഇവിടെ നിന്നു തന്നെ പഠിക്കും. ഞാൻ സംസാരിക്കാം സാറിനോട്.”

അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. തുടർന്ന് തന്റെ ശരീരത്തോട് ചേർത്തുവച്ചിരുന്ന ബാഗിൽ നിന്നും നൂറിന്റെയും അമ്പതിന്റെയും ഒക്കെ എണ്ണി തിട്ടപ്പെടുത്തി വെച്ച കുറച്ചു നോട്ടുകൾ അവൾക്ക് നേരെ നീട്ടി.

“ഞാൻ ലോട്ടറി വിറ്റതിൽ നിന്ന് മിച്ചം പിടിച്ച കുറച്ച് കാശ ടീച്ചറെ… എന്റെ മോനെ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തി വെച്ചതായിരുന്നു.

ടീച്ചർ ഇത് ഇപ്പോ വാങ്ങിയിട്ട് ഫീസ് അടച്ചു എന്ന് എന്റെ മോളോട് ഒന്ന് പറയണം.ബാക്കി പൈസ എത്രയും വേഗം എത്തിക്കാം.”

തനിക്ക് നേരെ നീട്ടിയ നോട്ടുകൾ നോക്കുമ്പോൾ അവളുടെ നെഞ്ചു പിടഞ്ഞു കൊണ്ടിരുന്നു.

” സാരമില്ല….ഫീസ് ഒരുമിച്ച് അടച്ചാൽ മതി. ഈ പൈസ ഉപ്പ തിരികെ കൊണ്ടുപോയി കൊള്ളൂ… ”

അയാളുടെ അധ്വാനത്തിൽ നിന്നും ഊറ്റിയെടുത്ത ഒരംശമാണത് അത് തൊടാൻ പോലും അവളുടെ മനസ്സ് അനുവദിച്ചില്ല.

“ടീച്ചർ ഇത് വാങ്ങണം ടീച്ചറെ…എന്റെ ഒരു മനസ്സമാധാനത്തിനു വേണ്ടി. ഇതുകൊണ്ട് ഒന്നും ആകില്ലെന്ന് എനിക്കും അറിയാം.

പക്ഷേ ഇതെങ്കിലും ഞാൻ എന്റെ മോൾക്ക് വേണ്ടി ചെയ്യേണ്ടേ… ഇല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ഒരു ഉപ്പയാണെന്ന് പറഞ്ഞ് ജീവിക്കുന്നത്?”

അയാളുടെ നിർബന്ധപ്രകാരം അവളത് വാങ്ങുമ്പോൾ എന്തുകൊണ്ടോ ഉള്ളു പിടഞ്ഞു കൊണ്ടിരുന്നു.

” ഞാൻ വന്നെന്ന് മോൾ അറിയേണ്ട കേട്ടോ ടീച്ചറെ..അവൾക്ക് അത് സങ്കടവും”

അതും പറഞ്ഞ് യാത്രയാകാൻ ഒരുങ്ങിയ അയാളെ അവൾ തന്നെയാണ് പിടിച്ചു ഓട്ടോയിൽ കയറ്റിയത്. തിരികെ വന്ന് മേശമേൽ ഇരുന്ന പൈസയുടടുത്ത് ഡ്രോയറിലേക്ക് വെച്ചവൾ കസേരയിൽ തലചായ്ച്ച് കുറച്ച് സമയം കണ്ണുകൾ അടച്ചിരുന്നു.

സാമ്പത്തികമായ ഒരടിത്തറ ഇല്ലെങ്കിൽ സ്വപ്നങ്ങൾക്ക് പോലും ഒരു ബലം ഉണ്ടാകില്ലെന്ന് എത്ര സത്യം.

പലപ്പോഴും തോന്നിയിട്ടുണ്ട് പൈസയുള്ളവരുടെ മക്കൾക്കേ ഡോക്ടർ ആകാനും എഞ്ചിനീയർ ആകാനും ഒക്കെ സാധിക്കുകയുള്ളൂ എന്ന്.

കാരണം പഠിത്തത്തിൽ എത്ര മിടുക്കൻ ആണെങ്കിലും എൻട്രൻസ് എന്ന വലിയൊരു ബാധ്യത താങ്ങുക എന്നത് സാധാരണക്കാരെ കൊണ്ട് എളുപ്പമല്ല.

ഒരു വർഷത്തെ കോഴ്സ് ഫീസ്, ഹോസ്റ്റൽ ഫീസ് കൂടാതെ വിലകൂടിയ ഗൈഡുകൾ അടക്കം ചെലവ് വരുന്നത് ഒന്നരലക്ഷം രൂപയുടെ അടുത്താണ്.

പണമുള്ളവർക്ക് ഈ തുക വളരെ നിസ്സാരമായിരിക്കും. പക്ഷേ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഇതുപോലെയുള്ള പാവങ്ങൾക്കോ?

പല കുട്ടികളും ചെറുപ്പം മുതൽ കാണുന്ന പല സ്വപ്നങ്ങളും ഉപേക്ഷിക്കാറുള്ളത് സാമ്പത്തികം ഒരു വില്ലൻ ആകുമ്പോഴാണ്.

അവൾ വേദനയോടെ ഓർത്തു പിറ്റേന്ന് കുട്ടികൾ എല്ലാം ക്ലാസിൽ കയറിയ ശേഷമാണ് അവൾ ഡയറക്ടറുടെ ക്യാബിനിനുള്ളിലേക്ക് ചെന്നത്.

“ഇരിക്ക് ചിത്ര….എങ്ങനെ പോകുന്നു കുട്ടികളുടെ ഹോസ്റ്റലിലെ പെർഫോമൻസ് ഒക്കെ? എപ്പോഴും കുട്ടികളുടെ കാര്യത്തിൽ വിജിലന്റ് ആയിരിക്കണം… നമ്മുടെ കണ്ണ് ഒന്ന് തെറ്റിയാൽ മതി ചിലർ ഉഴപ്പാൻ…

അറിയാലോ റിസൾട്ട് ഇല്ലാതെ ഈ ഫീൽഡിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്. നല്ല റിസൾട്ട് ഉള്ളിടത്തെ രക്ഷിതാക്കൾ അവരുടെ കുട്ടികളെ ചേർക്കുകയുള്ളൂ..

ഹോസ്റ്റൽ ഇത്ര സ്ട്രിക്ട് ആയി തന്നെ മുന്നോട്ടു പോകുന്നതുകൊണ്ട് മാത്രമാണ് ഇത്ര വർഷം നമ്മൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. ചിത്രയോട് ഞാൻ ഒന്നും പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ?”

” അറിയാം സാർ കുട്ടികൾ നന്നായി തന്നെയാണ് പെർഫോം ചെയ്യുന്നത്. ഞാനിപ്പോൾ വന്നത് സാറിനോട് മറ്റൊരു കാര്യം സംസാരിക്കാനാണ്. ”

“എന്താ ചിത്ര ലീവ് എടുക്കുന്ന കാര്യം വല്ലതുമാണോ?”

അയാൾ തെല്ലൊരു ആശങ്കയോടെ ചോദിച്ചു. അവൾ ലീവെടുത്താൽ ഹോസ്റ്റലിലെ കാര്യം അവതാളത്തിൽ ആകുമെന്ന് അയാൾക്ക് അറിയാമായിരുന്നു.

“ഏയ് അല്ല സാർ… ഇന്നലെ സി വണ്ണിൽ പഠിക്കുന്ന ഫൗസിയുടെ ഫാദർ എന്നെ കാണാൻ വന്നിരുന്നു. ഹി ഈസ്‌ എ ബ്ലൈൻഡ്…

ഫീസ് അടക്കാത്തത് ഓഫീസിൽ നിന്ന് ആരോ ഇൻഫോം ചെയ്തതിന്റെ പേരിൽ നേരിട്ട് കണ്ട് സംസാരിക്കാൻ വന്നതാണ്.”

“സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഫാമിലിയാണ് അവരുടേത് ബ്രദർ സമ്പാദിച്ചിട്ട് വേണം ആ കുടുംബം കഴിയാൻ.

അവർ എവിടെ നിന്നോ കുറച്ചു പൈസ ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞു അതുവരെ ഒരു അവധി കൊടുക്കണം എന്നു പറയാനാ അദ്ദേഹം വന്നത്… പിന്നെ ലോട്ടറി വിറ്റതിൽ നിന്നും ഒരു ചെറിയ തുക ആ ഉപ്പ എന്നെ ഏൽപ്പിച്ചിട്ടുണ്ട്.”

ബാഗിൽ നിന്നും ആ പണം എടുത്ത് ടേബിളിൽ വയ്ക്കുമ്പോഴും അയാൾ ഒന്നും തന്നെ സംസാരിച്ചില്ല പകരം കൈ രണ്ടും പരസ്പരം ബന്ധിച്ചുകൊണ്ട് അവളെ നോക്കിയിരുന്നു.

” സാർ പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് തൊണ്ണൂറ്റിഎട്ട് ശതമാനത്തോടെ പ്ലസ് ടു പാസായ കുട്ടിയല്ലേ അവൾ പഠിത്തത്തിലും മിടുക്കിയാണ് സോ അവളുടെ ഫീസിൽ എന്തെങ്കിലും കൺസഷൻ അനുവദിച്ചൂടെ? ”

അത് കേട്ട് അയാൾ ഒന്ന് ചിരിച്ചു പിന്നെ തുടർന്നു.

“തൊണ്ണൂറ്റിഎട്ട് അല്ല ചിത്ര നൂറു ശതമാനം മാർക്ക് കിട്ടിയ കുട്ടികളും ഇവിടെയുണ്ട്. അവർക്ക് നൽകാത്ത കൺസഷൻ ഈ കുട്ടിക്ക് എങ്ങനെയാണ് കൊടുക്കുന്നത്? മാത്രമല്ല പ്ലസ്ടുവിന്റെ മാർക്ക് അല്ല ഇവിടെ ഒരു കുട്ടിയുടെ പെർഫോമൻസ് തീരുമാനിക്കുന്നത്.

നൂറു ശതമാനം മാർക്ക് കിട്ടിയ കുട്ടിയേക്കാൾ ഒരുപക്ഷേ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്നത് തൊണ്ണൂറ് ശതമാനം മാർക്ക് കിട്ടിയ കുട്ടി ആയിരിക്കും.

എൻട്രൻസിന്റെ ട്രാക്ക് ഇതുവരെ പഠിച്ചതിൽ നിന്നും എന്റെയർലി ഡിഫറെന്റ് ആയിരിക്കും. അത് ഫോളോ ചെയ്യാൻ പറ്റുന്നവർക്കേ ഈ നീറ്റ് എക്സാം ഈസിയായി ക്രാക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.”

അയാളുടെ സംസാരം കേട്ട് അവൾ ഒരു നിമിഷം ആശയക്കുഴപ്പത്തിൽ ആയി

“നമ്മൾ നടത്തുന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനമാണെങ്കിലും ചെറിയൊരു ബിസിനസ് മൈൻഡോടുകൂടി സമീപിക്കാതെ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയില്ല.

ചിത്രയ്ക്ക് അറിയാലോ ഇവിടെ ക്ലാസ് എടുക്കുന്ന ഫാക്കൽറ്റീസ് മണിക്കൂറിന് എണ്ണി വാങ്ങുന്നത് എത്രയാണെന്ന്?”

അതും പറഞ്ഞുകൊണ്ട് അയാൾ തന്റെ മുൻപിൽ ഇരുന്ന ഫയലിലെ റാങ്ക് ലിസ്റ്റുകൾ സസൂക്ഷ്മം നിരീക്ഷിച്ചു.

” ചിത്ര ഇത്ര കാര്യമായി പറഞ്ഞതുകൊണ്ടും ഇവിടത്തെ പെർഫോമൻസിൽ ആ കുട്ടി മികച്ച നിലവാരം പുലർത്തുന്നത് കൊണ്ടും ഫീസിന്റെ കാര്യത്തിൽ നമുക്ക് കൺസഷൻ അനുവദിക്കാം.

എല്ലാ എക്സാമിലും ആ കുട്ടി പത്തിനു ഉള്ളിലെ റാങ്കിൽ ഉണ്ട്. അതിനർത്ഥം നമുക്ക് ഒരു മെഡിക്കൽ സീറ്റ് ഉറപ്പിക്കാം എന്നാണ്. ”

മുന്നിലിരുന്ന പേപ്പറിൽ എന്തൊക്കെയോ കണക്ക് കൂട്ടി അയാൾ അവളെ നോക്കി

“പതിനായിരം രൂപ ഞാൻ കൺസഷൻ അനുവദിച്ചിട്ടുണ്ട്. അത് മൈനസ് ചെയ്തിട്ട് ബാക്കി അടച്ചാൽ മതിയെന്ന് പറയൂ. കോഴ്സ് കമ്പ്ലീറ്റ് ആകുന്നതിനു മുന്നേ അടച്ചുതീർത്തൽ മതി”

അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
അയാളോട് താങ്ക്സ് പറഞ്ഞ് ഹോസ്റ്റലിൽ എത്തിയതും രജിസ്റ്റർ തപ്പിയെടുത്ത് ഫൗസിയുടെ ഉപ്പയെ വിളിച്ചു പറയുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത മനസ്സമാധാനം തോന്നി.

” ഒരുപാട് നന്ദിയുണ്ട് ടീച്ചറെ ടീച്ചർ ഇല്ലെങ്കിൽ എന്റെ മോളുടെ പഠിത്തം പാതിവഴിയിൽ ആയി പോയേനെ”

അപ്പുറത്തെ വാക്കുകൾ ചെറിയ തേങ്ങലായി മാറിയപ്പോൾ അവൾ അയാളെ ആശ്വസിപ്പിച്ചുകൊണ്ട് ഫോൺ വെച്ചു.

പിന്നീട് ഫൗസിക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും കൂടെ നിൽക്കുവാനും അവൾ മറന്നില്ല അവളെ കാണുമ്പോഴൊക്കെ ആ ഉപ്പയെയാണ് ചിത്രയ്ക്ക് ഓർമ്മവന്നത്.

എക്സാം ആകുവോളം സാമ്പത്തികമായ വിഷയങ്ങളും വീട്ടിലെ ചിന്തകളോ അവളുടെ മനസ്സിനെ സ്പർശിക്കാതെ ചിത്ര പ്രത്യേകം ശ്രദ്ധിച്ചു.

എക്സാമിന് കൂടെ പോയതും എക്സാം കഴിയുവോളം കൂട്ടിയിരുന്നതും അവൾ തന്നെയായിരുന്നു എക്സാം കഴിഞ്ഞ് അവൾ ഓടി വന്ന് കെട്ടിപ്പിടിക്കുവോളം ചിത്രയുടെ മനസ്സ് ഒരമ്മയുടെ മനസ്സ് എന്നപോലെ പിടഞ്ഞു കൊണ്ടിരുന്നു.

“ടിക് ടിക് ”

ഫോണിൽ നിർത്താതെ വന്ന മെസ്സേജിന്റെ ശബ്ദമാണ് അവളെ മയക്കത്തിൽ നിന്നുണർത്തിയത് ഫോൺ എടുത്ത് ഓപ്പൺ ചെയ്തു നോക്കിയപ്പോൾ ഫൗസിയുടെ മെസ്സേജ് ആണ്!

മെസ്സേജ് തുറന്നു നോക്കിയതും വെളുത്ത കോട്ടണിഞ്ഞു കഴുത്തിൽ സ്റ്റെതസ്കോപ്പുമായി നിൽക്കുന്ന ഫൗസി. കൂടെയോരടിക്കുറിപ്പും.

“താങ്ക്യൂ സോ മച്ച് മിസ്സ്…യു ആർ ദി റീസൺ വൈ ഐ ആം ഹിയർ.”

തൊട്ടരികിൽ അവളുടെ ഉപ്പയും ഉണ്ട്.

അത് കണ്ടതും അറിയാതെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

കാഴ്ചയിലെങ്കിലും ഉൾക്കാഴ്ച കൊണ്ട് ആ അച്ഛൻ ഈ നിമിഷം കണ്ട് സന്തോഷിക്കുന്നുണ്ടാകും. അവൾ ആ ഫോട്ടോ ഇമ വെട്ടാതെ നോക്കിയിരുന്നു.