സ്വന്തം അടിവസ്ത്രം എങ്കിലും കഴുകി ഇടുന്നത് മര്യാദയാണെന്നും, അത്യാവശ്യം പാചകം പഠിച്ചിരിക്കേണ്ടത് നിലനിൽപ്പി…

(രചന: അംബിക ശിവശങ്കരൻ)

അടുക്കളയിൽ നിന്നും അവളുടെ വരവും കാത്ത് അയാൾ അക്ഷമനായി കിടന്നു.

ചെറുതായി ഉറക്കം വരുന്നുണ്ടെങ്കിലും ഉള്ളിലെ വികാരങ്ങളെ തൃപ്തിപ്പെടുത്താതെ കിടന്നുറങ്ങാൻ അയാൾക്ക് മനസ്സ് വന്നില്ല. ബെഡിന് അരികിലിരുന്ന ഫോൺ എടുത്തു നോക്കിക്കിടന്ന് വെറുതെ സമയം കളഞ്ഞു.

ഇന്ന് കുറച്ച് ബന്ധുക്കൾ വിരുന്നു വന്നിരുന്നതുകൊണ്ടുതന്നെ അടുക്കളയിൽ നല്ലപോലെ പണികൾ ഉണ്ടാകുമെന്ന് അയാൾക്കറിയാമായിരുന്നു. എങ്കിലും അവിടെ വരെ ചെന്ന് അവളെ ഒന്ന് നോക്കുവാൻ അയാൾ തയ്യാറായില്ല.

ഫോണിൽ മുഴുകി കൊണ്ടിരിക്കെയാണ് അവൾ വന്ന് അരികെ കിടന്നിരുന്ന മകനെ നേരെ കിടത്തിയതും അവന്റെ കൈ കാലുകളൊക്കെ ശരിയാം വണ്ണം ഒതുക്കി വെച്ചതും.

ഫോണിലെ നെറ്റ് ഓഫ് ചെയ്തു അയാളത് ബെഡിനരികിലെ ടേബിളിലേക്ക് വെച്ചു. അവൾക്ക് കിടക്കാൻ പാകത്തിൽ മകന്റെ അരികിലേക്ക് നീങ്ങി കിടന്നു.

പാത്രങ്ങൾ കഴുകിയത് കൊണ്ടാവാം നൈറ്റിയിൽ അവിടെവിടെയായി അനുഭവപ്പെട്ട ജലാംശം അയാളിൽ വെറുപ്പുളവാക്കി. അത് കാര്യമാക്കാതെ പതിവുപോലെ അവളെ ചുംബിക്കാൻ ഒരുങ്ങിയതും രണ്ട് കൈ കൊണ്ടും ബലംപ്രയോഗിച്ചവൾ അയാളെ കുടഞ്ഞു മാറ്റി.

അവളിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ഇന്നുവരെ നേരിട്ടിട്ടില്ലാത്തത് കൊണ്ടാവാം അയാൾ ഒന്നു പകച്ചു. കൈ എത്തിച്ചു ലൈറ്റിന്റെ സ്വിച്ച് ഇട്ടതും തന്റെ മുട്ടുകളിൽ മുഖമമർത്തി അവളിരിക്കുകയായിരുന്നു.

” എന്താ വീണേ… എന്താ നിനക്ക് പറ്റിയത്? നീ ഇങ്ങനെയൊന്നും പെരുമാറാത്തതാണല്ലോ.. ”

കൈകളിൽ കോരിയെടുത്ത അവളുടെ മുഖം കത്തിജ്വലിക്കുന്നുണ്ടായിരുന്നു.

” എന്താടീ.. വെറുതെ മുഖോം കേറ്റിപിടിച്ചോണ്ടിരിക്കാതെ കാര്യം പറ.. എനിക്ക് ഉറങ്ങണം.നിനക്ക് താല്പര്യം ഇല്ലെങ്കിൽ അത് പറ.. ”

അലസമായുള്ള തല ചൊറിയലിലൂടെ അയാൾ തന്റെ നീരസം വ്യക്തമാക്കി.

” എന്റെ താൽപര്യമോ…? ഈ അഞ്ചു വർഷത്തിനിടയ്ക്ക് അങ്ങനെയൊരു കാര്യം ഉണ്ടായിട്ടുണ്ടോ പ്രഭേട്ടാ..?

എല്ലാം നിങ്ങളുടെ ഇഷ്ടപ്രകാരമല്ലേ നടക്കാറുള്ളൂ… ഒരിക്കലെങ്കിലും എന്റെ സമ്മതം നിങ്ങൾ ചോദിച്ചിട്ടുണ്ടോ??

” നിന്റെ സമ്മതം ചോദിക്കാൻ നീ അന്യസ്ത്രീ ഒന്നുമല്ലല്ലോ വീണേ എന്റെ ഭാര്യ അല്ലേ..?
അയാൾക്ക് അരിശം മൂത്തു.

” ഞാൻ നിങ്ങളുടെ ഭാര്യ മാത്രമല്ല പ്രഭേട്ടാ.. ഒരു സ്ത്രീ കൂടിയാണ്.. എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയാറില്ല എന്ന് കരുതി എനിക്ക് അങ്ങനെയൊന്നും ഇല്ലെന്ന് നിങ്ങൾ കരുതരുത്.

ഈ വീട്ടിലെ മുഴുവൻ ജോലികളും ചെയ്ത് കഴിഞ്ഞ് വരുമ്പോ ഞാൻ മനസ്സുകൊണ്ട് ok ആണോ?,എനിക്കെന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടോ എന്നെങ്കിലും നിങ്ങൾ ഇന്നുവരെ ചോദിച്ചിട്ടുണ്ടോ???

എത്ര വയ്യെങ്കിലും നിങ്ങളുടെ ഇഷ്ടത്തിനേ ഞാൻ മുൻതൂക്കം തന്നിരുന്നുള്ളൂ. എന്താ അങ്ങനെയല്ലെന്ന് പറയാൻ കഴിയോ പ്രഭേട്ടാ നിങ്ങൾക്ക്…?

അവളുടെ ചോദ്യത്തിനുമുന്നിൽ അയാൾ മൗനം പാലിച്ചു.

” ഇന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മ എന്നെ വഴക്ക് പറഞ്ഞപ്പോൾ നിങ്ങൾ ഒരു വാക്കെങ്കിലും എനിക്ക് വേണ്ടി സംസാരിച്ചോ പ്രഭേട്ടാ??

മുഖമുയർത്താതെ അവൾ ചോദിച്ചു.

“ഓഹോ… അതായിരുന്നോ കാര്യം? ഇത്ര നിസ്സാരകാര്യത്തിന് വേണ്ടിയാണോ നീ ഇത്രയൊക്കെ സംസാരിക്കുന്നത്?”

അയാളുടെ നിസ്സാരഭാവം അവളെ കൂടുതൽ പ്രകോപിതയാക്കി.

” നിങ്ങൾക്ക് നിസ്സാര കാര്യമായിരിക്കും. പക്ഷേ എല്ലാവരുടെയും മുന്നിൽവച്ച് ക്ഷതമേറ്റത് എന്റെ ആത്മാഭിമാനത്തിനാണ്.

നമ്മുടെ മോൻ വെള്ളം തട്ടി കളഞ്ഞത് കാണാതിരുന്ന എന്നോട് മനപ്പൂർവം ഞാനത് വൃത്തിയാക്കിയില്ല എന്നുള്ള രീതിയിലല്ലേ അമ്മ സംസാരിച്ചത്. അതും എല്ലാവരുടെയും മുന്നിൽവെച്ച്.

അതിനർത്ഥം ഞാനിവിടെ ഒന്നും ചെയ്യുന്നില്ലെന്ന് അല്ലേ? ഇവിടെ ആദ്യം ഉണരുന്നതും അവസാനം ഉറങ്ങുന്നതും ഞാനല്ലേ? അന്നേരം വരെ ഞാൻ വെറുതെ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ??

വാക്കുകൾ ഇടറിയതും അവൾ ദീർഘനിശ്വാസമെടുത്തു.

” അമ്മയ്ക്ക് പ്രായമായതല്ലേ വീണേ.. നീയതങ്ങ് കണ്ടില്ലെന്നു വെച്ചാൽ പോരെ? ”

“നിങ്ങളുടെ ഈ വാക്ക് കേട്ട് ഇത്രനാളും ഞാൻ എല്ലാം കണ്ടില്ല കേട്ടില്ലെന്ന് തന്നെയല്ലേ കരുതിയിട്ടുള്ളൂ.. ഒരു തുണിയെടുത്ത് നിലക്ക് വീണുകിടന്നിരുന്ന വെള്ളം തുടയ്ക്കാൻ ആർക്കും കഴിയുമായിരുന്നില്ലേ…

ദൈവം സഹായിച്ച് അമ്മയ്ക്ക് വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. ആ ഒരു നിസ്സാര കാര്യത്തിനും എന്റെ കൈ തന്നെ വേണം എന്നുള്ള വാശിയിൽ മനസ്സിലാക്കി കൂടെ എനിക്ക് ഇവിടെ എന്താണ് സ്ഥാനമെന്ന്.

അമ്മയ്ക്ക് വയ്യെങ്കിൽ പോട്ടെ പ്രഭേട്ടനെങ്കിലും ഒരു തുണിയെടുത്ത് അതൊന്നു തുടച്ചു കളയാമായിരുന്നല്ലോ..”

അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“ആ.. കൊള്ളാം.. ഇനി അത് അമ്മ കണ്ടിട്ട് വേണം അടുത്ത പുകിൽ ഉണ്ടാക്കാൻ.”

” അപ്പോൾ നിങ്ങൾക്കറിയാം പ്രഭേട്ടാ നിങ്ങളുടെ അമ്മ ആവശ്യത്തിനും അനാവശ്യത്തിനും പുകിലുണ്ടാക്കുന്ന കാര്യം പക്ഷേ ആ തെറ്റ് നിങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന മാത്രം. ”

” അമ്മ ആയിപ്പോയില്ലേ വീണേ നീയൊന്ന് കണ്ണടക്ക് ”

വീണ്ടും അയാളുടെ വാക്കുകൾ അവളിൽ അഗ്നി പടർത്തി.

” അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഭാര്യ എന്ന വാക്കിന് ഒരു അർത്ഥവുമില്ലേ പ്രഭേട്ടാ? കിടപ്പുമുറിക്ക് അപ്പുറത്തേക്ക് ആർക്കും എന്തും പറയാൻ പാകത്തിൽ എറിഞ്ഞു കൊടുക്കപ്പെട്ടവളാണോ ഞാൻ?

ആരുമില്ലാത്ത സമയത്തെ സ്നേഹപ്രകടനം അല്ല എല്ലാവരുടെയും മുന്നിൽ വെച്ചുള്ള അംഗീകാരമാണ് എനിക്ക് വേണ്ടത്..

എന്റെ അമ്മ നിങ്ങളെ കുറിച്ച് ഒരു മോശം വാക്ക് പറയുന്നത് ഞാൻ കേട്ടു നിൽക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഞാൻ മാത്രമല്ല ലോകത്ത് ഒരു ഭാര്യയ്ക്കും തന്റെ ഭർത്താവിനെ പറ്റി ആരും മോശം പറയുന്നത് സഹിക്കാനാവില്ല. ”

” അതൊക്കെ എനിക്കറിയാം ഭാര്യേ.. നീ ഒരു കാര്യം ചെയ്യ് നമുക്കും ഒരു മകനല്ലേ..

നാളെ അവൻ കല്യാണം കഴിക്കുന്ന പെൺകുട്ടിയോടും നീ നല്ലപോലെ പോരെടുത്തോ.. ഇപ്പോ അനുഭവിക്കുന്നതിന് അങ്ങനെ നീ പ്രതികാരം ചെയ്യ്.. ”

അയാളുടെ പൊട്ടിച്ചിരിയിൽ അവൾക്ക് അങ്ങേയറ്റം ദുഃഖം അനുഭവപ്പെട്ടു. ഇപ്പോൾ പോലും തന്റെ അവസ്ഥയെ നോക്കി പരിഹസിക്കുന്ന അയാളോട് അവൾക്ക് വല്ലാതെ പുച്ഛം തോന്നി.

” ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദനകൾക്ക് ഒരു തെറ്റും ചെയ്യാത്ത ഒരു പെൺകുട്ടിയെ ഞാൻ ബലി കൊടുക്കണം അല്ലേ പ്രഭേട്ടാ??

ഈ വീട്ടിലെ ജോലികൾ ചെയ്യാനും അവന്റെ ദാസ്യപ്പണി ചെയ്യാനുമല്ല ഞാൻ അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. മറിച്ച് അവന് ഒരു കൂട്ടിന് വേണ്ടിയാണ്..

നമ്മുടെ കാലശേഷവും അവന്റെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിൽക്കാനാണ്. അതും അവൻ തെരഞ്ഞെടുക്കുന്ന കുട്ടിയാണെങ്കിൽ അത്രയും നല്ലത്. ഒരു മകളായി തന്നെ സ്വീകരിക്കും ഞാൻ.

പിന്നെ ചില കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു തന്നെ ഞാനവനെ വളർത്തും.

ഉറക്കം എഴുന്നേറ്റാൽ കിടക്കവിരിപ്പ് മടക്കി വൃത്തിയാക്കി വെക്കാൻ മറ്റൊരാളെ കാത്തിരിക്കേണ്ട എന്നും… അടുക്കളയിൽ വന്നു ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചാൽ ആണത്തം നശിച്ചു പോകില്ലെന്നും..

കഴിച്ച പാത്രം കഴുകി വയ്ക്കുന്നത് അന്തസ്സിന്റെ ലക്ഷണമാണെന്നും.. സ്വന്തം അടിവസ്ത്രം എങ്കിലും കഴുകി ഇടുന്നത് മര്യാദയാണെന്നും.. അത്യാവശ്യം പാചകം പഠിച്ചിരിക്കേണ്ടത് നിലനിൽപ്പിനാധാരമാണെന്നും…

ചൂല് കൈകൊണ്ട് തൊട്ടാൽ പുരുഷൻ അല്ലാതായി മാറില്ലെന്നും.. അടുക്കളയിൽ ഭാര്യയേയോ അമ്മയെയോ സഹായിക്കുന്നത് കൊണ്ട് അന്തസ്സ് തേഞ്ഞുമാഞ്ഞു പോകില്ലെന്നും..

പിന്നെ ഏതൊരു സ്ത്രീയെയായാലും ബഹുമാനിക്കാൻ പഠിക്കണമെന്നും.. ആർത്തവം എന്നത് ഒരു തെറ്റായ അവസ്ഥ അല്ലെന്നും ഞാനവനെ പഠിപ്പിക്കും..

അങ്ങനെ വളരുന്ന അവന് തീർച്ചയായും അവന്റെ അമ്മയെ മാത്രമല്ല ഭാര്യയെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയും എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല . ”

പിന്നീട് ഒരു വാക്കുപോലും ശബ്ദിക്കാൻ നിൽക്കാതെ ലൈറ്റണച്ചവൾ കിടന്നു. നിശബ്ദതയിലും അവളുടെ വാക്കുകൾ അയാളുടെ കാതുകളിൽ തുളഞ്ഞുകയറി.

രാവിലെ എഴുന്നേറ്റ് പതിവുപോലെ ചായയുമായി റൂമിലേക്ക് വന്ന അവൾ ഒരു നിമിഷം അമ്പരന്നു. എന്നും കുഴഞ്ഞുമറിഞ്ഞ കിടക്കാറുള്ള ബെഡ്ഷീറ്റുകൾ വൃത്തിയായി മടക്കി വച്ചിരിക്കുന്നു.

” ചിലപ്പോഴൊക്കെ മൗനം ത്യജിക്കേണ്ടത് അത്യാവശ്യമാണ്. വാക്കുകളുടെ അർത്ഥം അറിയാത്തവർക്ക് എങ്ങനെയാണ് മൗനത്തിന്റെ അർത്ഥമറിയാൻ ആവുക? “