മാലതിക്ക്‌ ഈ വിവാഹത്തിന് ഇഷ്ടമല്ലാരുന്നല്ലേ എനിക്കറിയാം, അത് പക്ഷെ..

പെയ്തു തീരാത്ത ഒരു മഴയുടെ ഓർമ്മക്കായ്
(രചന: Ahalya Sreejith)

പുറത്ത് തകർത്ത് പെയ്യുന്ന മഴയിലേക്ക് കണ്ണും നട്ടിരിക്കുകയുമാണ് മാലതിയമ്മ നീണ്ട എഴുപത്തിയഞ്ചു വർഷങ്ങൾ ഈ മഴയൊക്കെ കണ്ടിട്ടും കൊതി തീരാത്തപോലെ.

ജനാലയിലൂടെ വീശിയടിക്കുന്ന കാറ്റിന്റെ തണുത്ത സ്പർശങ്ങൾ അവരുടെ മേനിയിൽ വിറയൽ വിതറി. സാരീ തലപ്പ് പുതച്ചു ആ തണുപ്പിനെ മറികടക്കുമ്പോളാണ് ദീപയുടെ വിളി വന്നത്.

” അമ്മേ അമ്മൂട്ടി ഇപ്പോൾ വരും കേട്ടോ ”

” നേരോ? ” മാലതിയമ്മയുടെ കണ്ണുകൾ വിടർന്നു.

” അതേയമ്മേ ഇപ്പോൾ എത്തും ഞാൻ അവൾക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കട്ടെ ” ദീപ തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി.

മാലതിയമ്മയുടെ മകൻ സുരേഷിന്റെ മകളാണ് അമ്മു എന്ന അമൃത. സുരേഷ് നു ഇരട്ടയായി ഒരു സഹോദരി കൂടുണ്ട് സുമ.

മാലതിയമ്മ മുറിയിൽ നിന്നിറങ്ങി ഉമ്മറത്തെ ചാരു കസേരയിൽ വന്നിരുന്നു . പഴയ തറവാടാണ് ഇപ്പോഴും പഴമയുടെ തനിമയും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന
പൂർവികാരാൽ നിർമ്മിക്കപ്പെട്ട തറവാട്.

ചാരു കസേരയുടെ കൈയിൽ പിടികളിൽ കൈകൾ വെച്ചിരുന്നപ്പോൾ എപ്പോളോ തനിക്കു നഷ്ട്ടമായ തനിക്കു പ്രിയപ്പെട്ട ഒരു സ്പർശം മാലതിയമ്മക്ക് അനുഭവപെട്ടു.

ഒരു ചെറു നെടു വീർപ്പോടെ ചുമരിൽ തൂക്കിയിട്ട ഫോട്ടോയിലേക് മാലതിയമ്മയുടെ കണ്ണുകൾ ചെന്നുടക്കി “തന്റെ ജീവന്റെ പാതിയായിരുന്ന കൃഷ്ണേട്ടൻ തന്റെ സ്വന്തം കൃഷ്ണേട്ടൻ തന്നെ വിട്ടുപിരിഞ്ഞിട് കൊല്ലം അഞ്ചാകുന്നു

ഇപ്പോഴും ഈ തൊടിയിലും പറമ്പിലും എല്ലാം കൃഷ്ണേട്ടന്റെ സാന്നിധ്യം തനിക്കു മാത്രം തിരിച്ചറിയാൻ പറ്റുന്നുണ്ട് ഈ ചാരു കസേരയിൽ പോലും കൃഷ്ണേട്ടന്റെ സാമിപ്യം ഉണ്ട് “.

ചുണ്ടിൽ വിടർന്ന ചെറു പുഞ്ചിരിയോടെ മാലതിയമ്മ കസേരയുടെ കൈപ്പിടിയിൽ തലോടി.

” കൃഷ്ണേട്ടൻ പോയതോടെ ഏട്ടന് പ്രിയപ്പെട്ടയെല്ലാം താൻ സൂക്ഷിച്ചു വെച്ചു അതിലൂടെ എങ്കിലും ഏട്ടനെ വീണ്ടും തിരിച്ചറിയാൻ ”

തനിക്കു പ്രിയപ്പെട്ട ഓർമകളെ അയവിറക്കി കൊണ്ടിരുന്നപ്പോളാണ് സുരേഷിന്റെ കാർ മുറ്റത് വന്നു നിന്നത് അതിൽ നിന്നും അമ്മൂട്ടി ചാടി ഇറങ്ങി ഓടി വരുന്നു.

മാലതിയമ്മ കസേരയിൽ നിന്നും പതുകെ എണീറ്റു തൊട്ടടുത്തു നിന്ന ദീപയെ പോലും വക വയ്ക്കാതെ അമ്മൂട്ടി മാലതിയമ്മയെ ഓടി വന്നു കെട്ടി പിടിച്ചു.

” എന്റെ സുന്ദരി മുത്തശ്ശിയെ കണ്ടിട്ട് എത്ര നാളായി ” അവളുടെ സന്തോഷം ചുംബനങ്ങളായി മാലതിയമ്മയുടെ കവിളുകളിൽ വീണു.

” എന്റെ അമ്മൂട്ടി നീ വല്ലാണ്ട് ക്ഷീണിച്ചല്ലോ എന്റെ കുട്ട്യേ ” മാലതിയമ്മ അമ്മുനെ നോക്കി നെടു വീർപ്പിട്ടു.

” എന്റെ മുത്തശ്ശി എനിക്കവിടെ ഇവിടുത്തെ പോലെ രുചിയുള്ള ഫുഡൊന്നും കിട്ടില്ല എനിക്ക് മുത്തശ്ശിയുടെ പുളിശേരിയും, എരിശ്ശേരിയും അമ്മയുടെ സ്പെഷ്യൽ ഐറ്റംസ് ഒക്കെയേ പിടിക്കൂ ”

” എങ്കിൽ അമ്മൂട്ടി പോയി വല്ലതും കഴിക്കു ” മാലതിയമ്മ അമ്മുനെ ചേർത്ത നിർത്തി കൊണ്ട് പറഞ്ഞു

” ഇപ്പോൾ വേണ്ട മുത്തശ്ശി ”

” അങ്ങനെ പറഞ്ഞാൽ പറ്റില്ല നീ വന്നു ഡ്രസ്സ്‌ മാറി ആഹാരം കഴിക്കു ” ദീപ ശഠിച്ചു.

” ഉം ശെരി അമ്മേ വിളമ്പിക്കോ ദ ഞാൻ വരുന്നു ”

ബാഗും എടുത്ത് അകത്തേക്ക് കയറും വഴി അമ്മൂട്ടി മാലതിയമ്മയുടെ ചെവിയിൽ ആരും കേൾക്കാതെ മന്ത്രിച്ചു

” മുത്തശ്ശി എനിക്ക് പറഞ്ഞു തരാമെന്നു പറഞ്ഞ മുത്തശ്ശിയുടെ കഥ ഇന്ന് പറഞ്ഞു തരണം അത് കേൾക്കാനുള്ള പ്രായവും പക്വതയും ഒക്കെ എനിക്കിപ്പോളായി ”

” ശെരി ശെരി ഞാൻ പറഞ്ഞു തരാം എന്റെ കുട്ടി ആദ്യം പോയി കുളിച്ചു ആഹാരം കഴിക്കു ഈ ക്ഷീണം ഒകെ പോകട്ടെ ” മാലതിയമ്മ അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു.

തിരിച്ചു മുറിയിലെത്തി നാമം ജപിക്കാൻ പുസ്തകം എടുക്കുമ്പോളാണ് അമ്മൂട്ടി ഓടി മുറിയിലേക്കു വരുന്നത്.

” എന്താ കുട്ടിയെ ഇത്ര വേഗം നീ കുളിച്ചു ആഹാരം കഴിച്ചോ? ” മാലതിയമ്മ അച്ഛര്യത്തോടെ ചോദിച്ചു.

” ഉം കഴിഞ്ഞു മുത്തശ്ശി വാ എനിക്ക് വേഗം കഥ പറഞ്ഞു താ ” അവൾ തിടുക്കം കൂട്ടി.

” ശോ ഈ കുട്ടീടെ ഒരു കാര്യം ” മാലതിയമ്മ തലയിൽ കൈ വെച്ച ചിരിച്ചു

” പറ മുത്തശ്ശി ”

” നിനക്ക് എന്താ അറിയേണ്ടത് അമ്മൂട്ടി? ” മാലതിയമ്മ ഒരു വിളറിയ ചിരിയോടെ ചോദിച്ചു.

” മുത്തശ്ശി പറയാറില്ലെ മുത്തശന്റെം മുത്തശ്ശിടേം ജീവിതം സിനിമ കഥ പോലെയായിരുന്നു എന്ന് ആ കഥ എനിക്ക് കേട്ടാൽ മതി ” അമ്മൂട്ടിയുടെ ജിജ്ഞാസ കണ്ട് മാലതിയമ്മക്ക് കൗതുകം തോന്നി.

” മൊബൈലും ഇന്റർനെറ്റും മറ്റു അനവധി സൗകര്യങ്ങൾ ഉള്ള ഈ കാലത്ത് മുത്തശ്ശി കഥ കേൾക്കാൻ കൊതിക്കുന്ന കുട്ടികൾ തീരെ കുറവാണു അത്തരം സാഹചര്യങ്ങളിൽ ജീവിച്ചിട്ട് പോലും തന്റെ കുട്ടിക്ക് തന്റെ കഥ കേൾക്കാനാണ് താല്പര്യം ” മാലതിയമ്മ സ്വയം മനസ്സിൽ മന്ത്രിച്ചു.

” മുത്തശ്ശി എന്താ ആലോചിച്ചു കൂട്ടുന്നെ? പറ വേഗം ”

” ഉം പറയാം ” മാലതിയമ്മ കഥ പറയാൻ തുടങ്ങി കൈപ്പും അതിലിലേറെ മധുരവും നിറഞ്ഞു നിന്നിരുന്ന അവരുടെ ജീവിത കഥ

” കൃഷിപ്പണിക്കാരനായ വേലായുധൻ കുട്ടിയുടെയും ദേവകിയമ്മയുടേം മൂത്തമോളായിരുന്നു ഞാൻ എനിക്ക് താഴെ രണ്ടു അനിയത്തിമാർ അതായത് നിന്റെ മാധവി ചെറിയമ്മേം, മോഹനവല്ലി ചെറിയമ്മേം”

” അതെനിക് അറിയാവുന്നതല്ലേ ബാക്കി പറ ” അമ്മൂട്ടിക് ആകാംഷ കൂടി.

മാലതിയമ്മ തുടർന്നു

“പ്രീഡിഗ്രിക് പഠിക്കുന്ന കാലം അപ്പോഴാണ് അച്ഛന് ഒരു നെഞ്ച് വേദന വന്നത് പെട്ടെന്ന് തന്നെ ബേധമായെങ്കിലും അച്ഛന്അന്ന് തൊട്ട് മരണഭയം കൂടി വന്നു.

എന്നെ എങ്കിലും ഒരു നിലയിൽ എത്തിച്ചാൽ ബാക്കി രണ്ടു പേരേം ഞാൻ കൈ പിടിച്ചു മുന്നോട്ട് കയറ്റും എന്ന തോന്നൽ അച്ഛനുണ്ടായി തുടങ്ങി. അതിനു വേണ്ടി അച്ഛൻ എനിക്ക് വിവാഹാലോചനകൾ തുടങ്ങി വെച്ചു.

” ആഹാ എന്നിട് എന്നിട്ട്? ” അമ്മൂട്ടിക് ആകാംഷ കൂടി കൂടി വന്നു.

” എനിക്ക് വിവാഹം കഴിക്കാൻ സമ്മതമല്ലാരുന്നു പഠിക്കണം എന്ന ഒരു ലക്ഷ്യേമേ എനിക്ക് ഉണ്ടായിരുന്നൊള്ളു പക്ഷെ അച്ഛന്റെ ശാഠ്യത്തിനു മുൻപിൽ എനിക്ക് പിടിച്ചു നിൽക്കാനായില്ല.

അങ്ങനെ ഒരു ദിവസം അച്ഛൻ അച്ഛന്റെ ഒരു സുഹൃത്തുമായി വീട്ടിൽ വന്നു അച്ഛനെക്കാൾ ഏതാണ്ട് അഞ്ചു വയസ്സ് മാത്രം ഇളപ്പമുള്ളൊരാൾ.

അച്ഛൻ അയാളെ എനിക്ക് പരിചയപ്പെടുത്തി നാട്ടിലെ ഒരു ധനികനാണത്രെ, ആഢ്യത്തംവും പാരമ്പര്യവുമൊക്കെ ഉള്ള തറവാട്ടിലെയാണെന്നും ഒക്കെ അച്ഛൻ അമ്മയോട് പറയുന്നുമുണ്ടായിരുന്നു.

അയാൾ പോയ പിറകെ അച്ഛൻ എന്റടുത്തു വന്നു പറഞ്ഞു

” മോളെ ഞാൻ നിന്റെ വിവാഹം ഉറപ്പിച്ചു മോളു എതിരൊന്നും പറയരുത് ചെറുക്കൻ ഇപ്പോൾ ഇവിടെ നിന്നും പോയ ആ മനുഷ്യൻ ആണ് ഒറ്റാന്തടിയാ മോളെ പൊന്നു പോലെ നോക്കിക്കോളും

ഞാൻ പോയാലും നിങ്ങളുടെ കാര്യത്തിൽ ഒരു കുറവും വരില്ല അനിയത്തിമാരെ കരുതി എങ്കിലും എന്റെ പൊന്നു മോളിത് സമ്മതിക്കണം ”

ഒരു വെള്ളിടി എന്റെ നെഞ്ചിലൂടെ വെട്ടുന്നത് പോലെ അപ്പോൾ എനിക്ക് തോന്നി. എന്റെ അച്ഛന്റെ പ്രായമുള്ളൊരാളെ ഭർത്താവായിട്ടു കാണാൻ എനിക്ക് ആകില്ല. പക്ഷെ അച്ഛന്റെ വാക്കുകളെ ധിക്കരിക്കാൻ കഴിയാതെ ഞാൻ സമ്മതം മൂളി അതും ഒരു ജീവച്ഛവമായിട്ട്.

അങ്ങനെ ആ മൂഹുർത്തം വന്നെത്തി.

എനിക്കായ് ഒരുക്കിയ കതിര്മണ്ഡപം കണ്ടു തലപെരുക്കുന്നതായി തോന്നി എങ്കിലും അച്ഛന്റെയും സഹോദരിമാരുടേം മുഖം മനസ്സിൽ ഓർത്തപ്പോൾ എല്ലാം മനസ്സിൽ ഒതുക്കി കീ കൊടുത്ത് ചലിപ്പിക്കുന്ന ഒരു പാവകണക്കെ ഞാൻ കതിർമണ്ഡപത്തിൽ ഇരുന്നു.

കൊട്ടും കുരവയുമായി ആ മനുഷ്യൻ എന്റെ കഴുത്തിൽ താലി ചാർത്തി. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എനിക്ക് മാത്രം നൊമ്പരങ്ങളുടെ നിമിഷങ്ങളായി മാറി.

താലി കെട്ടു കഴിഞ്ഞു അദ്ദേഹത്തിന്റെ വീട്ടിലേക് എന്നെ കൊണ്ട് പോന്നു. വലതുകാൽ വെച്ച കയറാൻ അദ്ദേഹത്തിന്റെ അമ്മ പറഞ്ഞപ്പോൾ ശരിക്കും ഇടത് കാൽ ചവിട്ടി കയറാൻ എനിക്ക് തോന്നി”

” എന്നിട്ട് മുത്തശ്ശി ഇടത് കാലു കുത്തിയാണോ കയറിയെ? ” അമ്മൂട്ടിയുടെ ഇടക്ക് കയറിയുള്ള ചോദ്യം കെട്ടു മാലതിയമ്മക്ക് ചിരി വന്നു.

” അല്ല കുട്ട്യേ ഞാൻ അങ്ങനൊന്നും ചെയ്തില്ല വലതുകാൽ കുത്തി തന്നെ കയറി”

” എന്നിട്ട്??? ” അമ്മൂട്ടിയുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു തുളുമ്പി.

” രാത്രി ആകുന്നതിനെ കുറിച് എനിക്ക് ഓർക്കാൻ കൂടി വയ്യാരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കൾ പലരും ആദ്യരാത്രിയെ പറ്റി എന്നോട് പറഞ്ഞു
ചിരിക്കുന്നുണ്ടാരുന്നു

അത് കേട്ടപ്പോൾ തന്നെ എനിക്ക് അടിമുടി പെരുത്ത് കയറി അപ്പോഴാണ് അമ്മ ഒരു പാൽ ഗ്ലാസ്‌ എന്റെ കൈയിൽ തന്നിട് മുറിയിലേക്കു പൊയ്ക്കോളാൻ പറഞ്ഞത്”

” എന്നിട്ട്??? ” അമ്മുട്ടി ഒരു കള്ള ചിരിയോടെ ചോദിച്ചു. അവളുടെ മനസ്സിൽ എന്താണ് ഓടി കളിക്കുന്നതെന്നു മനസിലായ മാലതിയമ്മ ചിരി ഒതുക്കാൻ നന്നേ പാട് പെട്ടു.

” പാൽ ഗ്ലാസ്സുമായ്‌ പോകുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ ഭയവും ദേഷ്യവും സങ്കടവും ഒക്കെ സമ്മിശ്ര ഭാവങ്ങളായി വന്നു.

എനിക്ക് സങ്കൽപ്പിക്കാൻ പോലും ആകാത്ത ആ നിമിഷങ്ങളെ ശപിച്ചു കൊണ്ട് ഞാൻ മുറിയിലേക്ക് കയറി ചെന്നു. കട്ടിലിൽ ഇരുന്ന അദ്ദേഹം എണീറ്റു വന്നു വാതിൽ കുറ്റിയിട്ടപ്പോൾ എന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി.

അദ്ദേഹത്തെ ഒന്ന് നോക്കാൻ പോലും എനിക്കായില്ല. എന്റെ മനസ് കണ്ടിട്ടാണെന്നവണ്ണം അദ്ദേഹം എന്നോട് ചോദിച്ചു ” മാലതിക്ക്‌ ഈ വിവാഹത്തിന് ഇഷ്ടമല്ലാരുന്നല്ലേ എനിക്കറിയാം

അത് പക്ഷെ നിന്റെ കുടുംബത്തെ ഓർത്ത ഞാൻ സമ്മതിച്ചേ അല്ലാതെ നിന്നെ പോലൊരു കൊച്ചു പെണ്ണിനെ സ്വന്തമാക്കാനുള്ള കൊതികൊണ്ടൊന്നുമല്ല

പിന്നെ നീ പേടിക്കുന്നപോലെ നിന്റെ സമ്മതമില്ലാതെ നിന്റെ ശരീരത്തിൽ ഞാൻ അറിയാതെപോലും സ്പർശിക്കില്ല അതോർത്തു നീ ഭയക്കേണ്ട ” ഇത്രയും പറഞ്ഞു അദ്ദേഹം കട്ടിലിന്റെ ഒരറ്റത്ത് കിടന്നു മറു വശത്തു ഞാനും.

ഉള്ളിൽ മുള പൊട്ടിയ ഭയം കൊണ്ടാകാം ഒന്ന് കണ്ണടക്കാൻ പോലും എനിക്കായില്ല. പിന്നീടുള്ള ദിവസങ്ങളിലും എന്റെ പ്രതികരണം അദ്ദേഹത്തെ അസ്വസ്ഥനാക്കി ഒന്ന് മിണ്ടാൻ പോലും എനിക്ക് ഇഷ്ടമല്ലാരുന്നു എന്നതായിരുന്നു സത്യം.

അങ്ങനെ ഒരു വർഷം കഴിഞ്ഞു അങ്ങനെ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മയും മരിച്ചു വീട്ടിൽ ഞങ്ങൾ രണ്ടും മാത്രമായി. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു

” നാളെ മുതൽ മാലതിക്ക്‌ കോളേജിൽ പോകാം അഡ്മിഷൻ ഒക്കെ സെരിയാക്കി വെച്ചിട്ടുണ്ട് ഞാൻ ” കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത് കോളേജിൽ പോകാൻ തന്നെ തീരുമാനിച്ചു ഞാൻ.

അങ്ങനെ ഞാൻ കോളേജിൽ പോയി തുടങ്ങി. കോളേജിൽ പോകുന്ന എനിക്കായ് അദ്ദേഹം എല്ലാ സഹായവും ചെയ്തു തന്നു എനിക്ക് വേണ്ടി ആഹാരം വരെ വെച്ചു തന്ന അദ്ദേഹത്തോട് ഒരു ചെറു അനുകമ്പ എന്റെ ഉള്ളിൽ മൊട്ടിട്ടു തുടങ്ങി

എന്നാൽ അദ്ദേഹവും ഞാനും പേരിനു മാത്രം ഭാര്യ ഭർത്താക്കന്മാരാണെന്നു മണത്തറിഞ്ഞ നാട്ടിലെ ചില വൃത്തികെട്ടവന്മാർ എനിക്ക് നേരെ കണ്ണ് വെച്ചു തുടങ്ങി കോളേജ് വിട്ട് വരുന്ന എനിക്ക് അവന്മാരൊരു തല വേദനയായിരുന്നു എന്നാൽ അവിടെയും അദ്ദേഹം എന്റെ സംരക്ഷകനായി.

എനിക്ക് താങ്ങായും തണലായും ജീവിക്കുന്ന അദ്ദേഹത്തോടുള്ള ആരാധന ദിനം പ്രതി കൂടി കൂടി വരുന്നതായി എനിക്ക് തോന്നി. അപ്പോഴേക്കും വർഷം അഞ്ചു കഴിഞ്ഞിരുന്നു.

” നിർത്തു നിർത്തു മുത്തശ്ശി ” അമ്മൂട്ടി ഇടക് കയറി.

” എന്താ അമ്മൂട്ടി? “”

മുത്തശ്ശി ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ” ഒരു കുസൃതി ചിരി പാസ്സാക്കി അവൾ ചോദിച്ചു.

” ഉം ചോദിക് കുട്ട്യേ ”

” മുത്തശ്ശി ഡിഡ് യൂ ലവ് വിത്ത്‌ ഹിം? ”

” ഒന്ന് പോടീ ” മാലതിയമ്മ ലജ്ജമുഖയായ്

” എങ്കിൽ ബാക്കി പറ ” അമ്മൂട്ടി പറഞ്ഞു

” അമ്മൂട്ടി നീ പറഞ്ഞപോലെ എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. അങ്ങനെ ഒരു മഴയുള്ള രാത്രിയിൽ അദ്ദേഹത്തെയും കാത്തിരുന്ന എന്റെ മുൻപിൽ ഒരു വിടർന്ന ചിരിയോടെ അദ്ദേഹം എത്തി എന്നിട്ട് എന്നോടായി പറഞ്ഞു ” ഇന്ന് തന്റെ റിസൾട്ട്‌ വന്നു് ഡിസ്റ്റിംക്ഷനോടെ പാസ്സായിട്ടുണ്ട് “.

എനിക്ക് വിശ്വസിക്കാനായില്ല.
അപ്പോഴാണ് അദ്ദേഹം കൈയിൽ ഇരുന്ന ഒരു പൊതി എന്റെ നേരെ നീട്ടിയത് വർണ്ണ കടലാസ് കൊണ്ട് അതിമനോഹരമായി അലങ്കരിച്ചിരുന്നു അത്.

” ദ ഇത് വാങ്ങു തനിക്കുള്ള ഒരു കൊച്ചു സമ്മാനമാണ് ” എന്നും പറഞ്ഞത് എന്നെ ഏൽപ്പിച്ചു. അത്ഭുതത്തോടെ ആ പൊതി വാങ്ങി ഞാൻ തുറന്നു നോക്കി. വീണ്ടും അത്ഭുതം കൊണ്ട് എന്റെ കണ്ണുകൾ വിടർന്നു.

അതിൽ ഒരു നെക്‌ലേസ് ആരുന്നു വജ്രങ്ങൾ എണ്ണി പതിപ്പിച്ച മനോഹരമായ ഒരു നെക്‌ലേസ്. അവയുടെ തിളക്കം എന്റെ കണ്ണുകളിൽ പ്രതിഭലിച്ചുകൊണ്ടിരുന്നു.

ആ മാലയുടെ മനോഹാരിതയിൽ അല്ല ഞാൻ മതി മറന്നത് മറിച് അത് സമ്മാനിച്ച ആളിന്റെ സ്നേഹത്തിൽ ആയിരുന്നു. അപ്പോഴാണ് അദ്ദേഹം ഒരു പേപ്പർ എനിക്ക് നേരെ നീട്ടിയത്. ഞാൻ അത് വാങ്ങിച്ചു.

” ഇത് ഞാൻ തനിക്കു തരാവുന്നതിലും വെച്ച ഏറ്റവും വല്യ സമ്മാനമാ താൻ വായിച്ചു നോക്ക് “. അദ്ദേഹം ആ പേപ്പർ നീട്ടികൊണ്ട് പറഞ്ഞു.. ഞാൻ ആ പേപ്പർ വാങ്ങി തുറന്നു നോക്കുന്നതിനടയിൽ അദ്ദേഹം പറഞ്ഞു.

” ഞാൻ നിനക്ക് എന്റെ ഒരു സുഹൃത്തിന്റെ ചെന്നൈയിലുള്ള ഒരു കമ്പനിയിൽ ഒരു ജോലി ശെരിയാക്കിയിട്ടുണ്ട് ഇനി നിനക്കും കുടുംബത്തിനും അങ്ങോട്ട് പോകാം ”
ഞാൻ ഒന്നും മനസിലാകാതെ അദ്ദേഹത്തെ നോക്കി.

അപ്പോൾ അദ്ദേഹം തുടർന്നു. ” താൻ ആ പേപ്പർ ഒന്ന് നോക്ക് ഇങ്ങനെ നോക്കി നിൽക്കാതെ ”

ഞാൻ ആ പേപ്പർ വയ്ക്കാൻ തുടങ്ങി. അത് വായിച്ച എന്റെ നെഞ്ച് ഇടി വെട്ടേറ്റതുപോലെയായി . കൈകൾ വിറച്ചു തുടങ്ങി ആകെ ഒരു മരവിപ്പ്.

” എന്താ മുത്തശ്ശി ആ പേപ്പറിൽ? ” അമ്മൂട്ടി ആകാംഷാഭരിതയായി.

” ഡിവോഴ്സ് നോട്ടീസ് ” മാലതിയമ്മ തെല്ലു സങ്കടത്തോടെ പറഞ്ഞു.

“, അയ്യോ അപ്പോൾ മുത്തശ്ശി എന്ത് ചെയ്തു? ” അമ്മൂട്ടി ചോദിച്ചു
സമനില തെറ്റിയ ഞാൻ ആ പേപ്പർ നാലായി വലിച്ചു കീറി കരഞ്ഞു കൊണ്ട് ഓടി വന്നു അദ്ദേഹത്തിന്റെ നെഞ്ചിൽ വീണു. എന്നിട് പറഞ്ഞു ”

എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ഇദ്ദേഹമാ അതിലും വലുതൊന്നും എനിക്ക് വേണ്ട എന്നെ ഉപേക്ഷിക്കരുത് “.

അദ്ദേഹവും അതാകും ആഗ്രഹിച്ചത് പെട്ടെന്ന് തന്നെ ആ കൈകൾ എന്നെയും പുണർന്നു. ആ നെഞ്ചിൽ ഞാൻ എന്റെ സ്നേഹത്തെ കണ്ടെത്തി.

അപ്പോഴും പുറത്ത് തോരാതെ മഴ തകർത്തു പെയ്യുകയായിരുന്നു. ഞങളുടെ പ്രണയം എല്ലാ അർത്ഥതലങ്ങളിലും എത്തിയതിനു ആ മഴ അങ്ങനെ സാക്ഷിയായി.

അന്ന് മുതൽ ഞങ്ങളുടെ പ്രണയം അതിന്റെ യാത്ര ആരംഭിച്ചു. പിന്നീട് ഞങ്ങൾക്കു ഇരട്ട കുട്ടികൾ ജനിച്ചു അതായത് നിന്റെ അച്ഛനും ചെറിയമ്മയും. പിന്നീടുള്ള ജീവിതം ഞങ്ങൾക്കു ഒരു ഉത്സവമായിരുന്നു.

മക്കൾ വളർന്നു വിവാഹിതരായി ജോലിക്കായി പുറത്ത് പോയപ്പോളും ഞങൾ ഒരിക്കലും ഒറ്റ പെട്ടിരുന്നില്ല. എനിക്ക് അദ്ദേഹവും അദ്ദേഹത്തിന് ഞാനും ഒരിക്കലും പിരിയാത്ത കൂട്ടായിരുന്നു. പക്ഷെ അതിനെല്ലാം കൊടിയിറങ്ങീട്ടു ഇപ്പോൾ അഞ്ചു വർഷം.

എന്നെ തനിച്ചാക്കി കാണാമറയത്തേക്കു അദ്ദേഹം ഓടി ഒളിച്ചു. മാലതിയമ്മയുടെ കണ്ണുകളിൽ നിന്നു കണ്ണുനീർ പൊടിഞ്ഞു. കഥ കേട്ടിരുന്ന അമ്മൂട്ടിയുടെ കണ്ണുകളും അപ്പോഴേക്കും നിറഞ്ഞു തുളുമ്പിയിരുന്നു.

കണ്ണുനീർ തുടച്ചു അമ്മൂട്ടിയെ നോക്കി ചിരിച്ചു കൊണ്ട് മാലതിയമ്മ പറഞ്ഞു ”

അദ്ദേഹത്തിന്റെ ആ സ്നേഹ സമ്മാനം ഞാൻ ഇന്നും എന്റെ ആമാട പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട് അത് എന്റെ അമ്മൂട്ടിക്കുള്ളതാ ലീവ് കഴിഞ്ഞു പോകുന്നതിനു മുൻപ് മുത്തശ്ശി അത് മോളുടെ കഴുത്തിൽ അണിയിക്കും ”

” വേണ്ട മുത്തശ്ശി അത് മുത്തശ്ശി തന്നെ ഇട്ടാൽ മതി എനിക്ക് മുത്തശ്ശിടെ സ്നേഹം മാത്രം മതി ” അമ്മൂട്ടി മാലതിയമ്മയെ കെട്ടി പിടിച്ചു.

” എന്നാലും എന്റെ മോളു ആ മാല ഒന്നിട്ടു മുത്തശ്ശിക്ക് കാണണം മോളു ബാംഗ്ലൂർക്ക് പോകുന്നതിനു മുൻപ് ”

” ഇട്ടോളാം മുത്തശ്ശി ” അവൾ പറഞ്ഞു

” എങ്കിൽ എന്റെ പൊന്നു മോളു ചെല്ല് പോയി അച്ഛന്റേം അമ്മേടേം കൂടെ കുറച്ചു നേരം ഇരിക്ക് മുത്തശ്ശി അൽപ്പം കിടക്കട്ടെ “മാലതിയമ്മ കട്ടിലിലേക്ക് ചാഞ്ഞു കിടന്നു. അമ്മൂട്ടി അച്ഛന്റേം അമ്മയുടേം അടുത്തേക്ക് പോയി.

സമയം 9. മണി ആയിട്ടും അത്താഴം കഴിക്കാൻ എത്താതിരുന്ന മാലതിയമ്മയെ തിരക്കി ദീപ മുറിയിൽ എത്തി. പുറത്ത് മഴ തകർത്ത് പെയ്യുകയാണ് ജനാല ആണേൽ തുറന്നും കിടക്കുന്നു. മുറിയിലെത്തിയ ദീപ കട്ടിലിൽ കിടക്കുന്ന മാലതിയമ്മയെ നോക്കി പറഞ്ഞു

“ആഹാ പറ്റിയ പാർട്ടിയാ ഇന്ന് ഊണ് കഴിക്കാൻ അങ്ങോട്ട് വന്നില്ലല്ലോ ”
മാലതിയമ്മ ഒന്ന് മറുപടി പറഞ്ഞില്ല. അപ്പോഴാണ് തുറന്നിട്ട്‌ ജനാല ദീപയുടെ കണ്ണിൽ പെട്ടത്.

“ആഹാ ഈ ജനാല ഇത് വരെ അടച്ചില്ലേ തണുത്ത കാറ്റു അകത്തു വരുലോ അത് കൊണ്ടാൽ അമ്മക് വല്ല പനിയും വരും ”

ദീപ ജനാല ചില്ലകൾ അടച്ചു. എന്നിട്ടും മാലതിയമ്മക്ക് യാതൊരു അനക്കവും ഉണ്ടായില്ല. സംശയം തോന്നിയ ദീപ മാലതിയമ്മയുടെ അടുത്തെത്തി കുലുക്കി വിളിച്ചു.

പെട്ടെന്നു ചരിഞ്ഞു കിടന്നിരുന്ന മാലതിയമ്മ മറു വശത്തേക്ക് മറിഞ്ഞു വീണു. ഇത് കണ്ട ദീപ അലറി വിളിച്ചു. സുരേഷും അമ്മൂട്ടിയും ഓടി വന്നു. സുരേഷ് മാലതിയമ്മയുടെ അടുത്തെത്തി.

നിറകണ്ണുകളോടെ വിക്കി വിക്കി അയാൾ പറഞ്ഞു ” നമ്മുടെ അമ്മ പോയി ” ഇത് കെട്ട് അമ്മൂട്ടി വാ പൊത്തി കരഞ്ഞുകൊണ്ട് മുത്തശ്ശിയുടെ കൈ കളിൽ തലചേർത്തു

അപ്പോഴാണ് ചുരുട്ടി പിടിച്ചിരുന്ന മുത്തശ്ശിയുടെ കൈ അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ അത് തുറന്നു.

അവളുടെ നിറ കണ്ണുകളിൽ എന്തോ ഒരു പ്രകാശം വന്നു തിളങ്ങി നിന്നു. അമ്മൂട്ടിക്കായി മുത്തശ്ശി കാത്തു വെച്ചിരുന്ന സ്നേഹോപഹാരം അതിന്റെ മനോഹാരിത അപ്പോഴും ആ കൈകളിൽ ഭദ്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *