രാത്രി ഏറെ വൈകിയും ജോണിയ്ക്ക് ഉറക്കം വന്നില്ല, മുറ്റത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു..

മൂൺ ബാത്ത്
(രചന: രാവണന്റെ സീത)

രാത്രി ഏറെ വൈകിയും ജോണിയ്ക്ക് ഉറക്കം വന്നില്ല, മുറ്റത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു ..

കാണുന്നവർക്ക് എന്തോ കാര്യമായി ആലോചിക്കുന്നെന്നു  തോന്നിയാലും എന്താണ് ആലോചിക്കേണ്ടത് എന്നാണ് അവൻ ആലോചിക്കുന്നത്.. അത് അവനു പോലും അറിയില്ല.. എന്ത് ചെയ്യാനാ

അവൻ നടന്നു നടന്നു നിലം തേഞ്ഞുപോകുമെന്ന് തോന്നിപ്പോയി അന്നാമ ചേട്ടത്തിയ്ക്ക്, (ജോണിയുടെ അമ്മച്ചിയാണ്… പോത്ത് പോലെ വളർന്നെന്നും നോക്കില്ല .

കന്നംതിരിവ് കാണിച്ചാൽ കയ്യിൽ കിട്ടയത് എടുത്തു തല്ലും അമ്മച്ചി..അക്കാര്യത്തിൽ കോംപ്രമൈസ് ഇല്ല )അപ്പച്ചനില്ല ജോണിക്ക്,ഒറ്റ മോനാണ്, അമ്മച്ചിയോടു സ്നേഹവും ബഹുമാനവുമാണ് (പേടി പിന്നെ പറയേം വേണ്ട, ഒന്നമർത്തി വിളിച്ചാൽ അവന്റെ മുട്ടുകാലിടിക്കും )

അമ്മച്ചി അവനോട് ചോദിച്ചു, എന്താടാ ജോണി ഇത്ര ആലോചന, അമ്മച്ചിയോടു എന്ത് പറയുമെന്നറിയാതെ ഒരു നിമിഷം ആലോചിച്ചു അവൻ പറഞ്ഞു .. അത് അമ്മച്ചി, ഞാൻ മൂൺബാത്ത് എടുക്കുവാ

അമ്മച്ചീടെ കണ്ണൊന്നു പുറത്തേക്ക് വന്നെന്ന് തോന്നുന്നു.. അതെന്തോന്നാടാ .

അത് പിന്നെ അമ്മച്ചി ഈ വെള്ളക്കാര് കറുക്കാൻ സൺബാത്ത് എടുക്കും.. ഞാനൊന്ന് വെളുക്കാൻ മൂൺബാത്ത് എടുക്കുവാ .. അവൻ വിശദീകരണം കൊടുത്തു .

ഒന്നും മനസിലായില്ല എങ്കിലും അമ്മച്ചി മിണ്ടാതെ പോയി .കിളി പോയെന്ന് തോന്നുന്നു. ശരിക്കും ജോണിയുടെ പ്രശ്നം ജാനുവാണ് നോക്കേണ്ട നിങ്ങള് വിചാരിക്കുന്നത് പോലെ വേലക്കാരി ജാനു അല്ല, അവന്റെ പ്രണയിനി ജാനവി എന്ന ജാനു..

എല്ലാവരും അവളെ ജാനി എന്ന് വിളിക്കും,അവൻ സ്നേഹം കൂടുമ്പോൾ എന്നല്ല, എപ്പോഴും സ്നേഹം ആയതു കൊണ്ട് ജാനു എന്ന് വിളിക്കുന്നു..

അപ്പോൾ പറഞ്ഞു വന്നത്, അവന്റെ ജാനു നാട്ടിലെ ഭയങ്കര പണക്കാരന്റെ ഒറ്റ മോളാ… കൂടെ രണ്ടു മോനും. അവളുടെ അച്ഛനും ആങ്ങളമാരും അവളെ ഒരു ന സ്രാ ണിക്ക് കല്യാണം കഴിച്ചു കൊടുക്കില്ലെന്ന് ..

അപ്പച്ചൻ ഇല്ലേലും നന്നായി തന്നെയാ അമ്മച്ചി ജോണിയെ വളർത്തിയത്… അത്യാവശ്യം നല്ല ചുറ്റുപാടാണ്..

പറഞ്ഞിട്ട് കാര്യമില്ല. പഠിക്കാൻ നല്ല ഇന്ട്രെസ്റ് ഉള്ളത് കൊണ്ട് പത്താം ക്ലാസ്സ്‌ എക്സാം  നാലു പ്രാവശ്യം എഴുതി തോറ്റപ്പോൾ ആ പരിപാടി നിർത്തിയ, ജോണിയെ അവർക്കങ്ങോട്ട് പിടിച്ചില്ല. അല്ലേലും ഇവർക്കൊക്കെ എന്തും ആവാലോ ..

ഇന്നലെ കവലയിൽ വെറുതെ ഇരുന്ന പൂച്ചയെ നോക്കി പേടിപ്പിച്ചു നില്കുമ്പോൾ അവളുടെ അച്ഛനും ആങ്ങളമാരും ചേർന്ന് അവനെ കെട്ടിപിടിച്ചു…

അതിലവന്റെ വാരിയെല്ല് നാലെണ്ണം പൊട്ടിയെന്നു തോന്നുന്നു… പിന്നെ നിലത്തു നിർത്തിയില്ല,വായുവിൽ നിർത്തി സ്നേഹിച്ചു .. ഭാഗ്യത്തിന് ഒടിവില്ല  ചതവ് മാത്രം,

നാട്ടുകാർക്ക് ഒരുപാട് സ്നേഹം ഉള്ളത് കൊണ്ട് അടി മുഴുവൻ വാങ്ങുന്നത് വരെ ആരും തടഞ്ഞില്ല, ജാനുവിന്റെ അച്ഛന് മതിയായപ്പോൾ  അവർ വിട്ടിട്ട് പോയി, നാട്ടുകാർ അവനെ വാരിക്കൂട്ടി ആശുപത്രിയിൽ എത്തിച്ചു .

ബില്ല് തലയിലാവാതിരിക്കാൻ ഓരോരുത്തരായി മുങ്ങി….ഇൻജെക്ഷൻ പേടിയായത് കൊണ്ട് വൈകുന്നേരം തന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി ജോണി … അമ്മച്ചിയ്ക്ക് ഭയങ്കര ധൈര്യം ആയതു കൊണ്ട് കരഞ്ഞില്ല…

എന്തോ ഭാഗ്യം  അമ്മച്ചി കൈ വെച്ചില്ല … കിട്ടാനിനി ശരീരത്തിൽ സ്ഥലം ബാക്കിയില്ലെന്നത് കൊണ്ടാണെന്നു തോന്നുന്നു.. അമ്മച്ചി മിണ്ടാതെ പോയി ..

ഇനിപ്പോ എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുവാണ് ജോണി, അപ്പോഴുണ്ട് അപ്പുറത്തെ ചെടിക്കിടയിൽ ഒരു അനക്കം, അപ്പുറത്തെ പട്ടി,ആളെ വിളിച്ചു കൊണ്ട് വന്നതാണെന്ന് തോന്നുന്നു,

ഇവിടെ എന്റെ ജീവിതം കട്ടപൊഹ നിനക്ക് പ്രണയമോ എന്ന് മനസ്സിൽ കരുതി ജോണി ഒരു മുട്ടൻ കല്ലെടുത്തു എറിഞ്ഞു .

ആ എന്റെ തല… നിലവിളി കേട്ട് ജോണിയുടെ  ആത്മഗതം .. പട്ടി മലയാളം സംസാരിക്കാൻ തുടങ്ങിയോ,

ഉടൻ വന്നു മറുപടി  അല്ലേടാ പട്ടീ,നിന്റെ. … …..
കർത്താവെ പിന്നെ കേട്ടത് ഇവിടെ പറയാൻ പറ്റില്ല .. നമ്മുടെ.. അയ്യോ അല്ല ജോണിയുടെ ജാനു ആയിരുന്നു..

ഹോ ഇവൾക്ക് ഇത്രയും നന്നായി മലയാളം അറിയുമോ അവനും കരുതി… ദുഷ്ട ഒടുക്കത്തെ ഉന്നം അവൾ ദേഷ്യപ്പെട്ടു പറഞ്ഞു അവനടുത്തേക്ക് വന്നു .. എന്തേലും പറയുന്നതിന് മുന്നേ അമ്മച്ചി ഹാജർ ..

എന്തുവാടാ അവിടെ ..

എന്ത് പറയണമെന്നറിയാതെ പരസ്പരം നോക്കി നിന്നു ജോണിയും ജാനുവും .. അമ്മച്ചിക്ക് കാര്യം മനസ്സിലായി,

മകനോടുള്ള സ്നേഹം അവർ കാണിച്ചു, അവന്റെ കവിളിൽ ഒന്ന് തലോടി .. പൊതുവെ നിറം കുറഞ്ഞ ജോണിയുടെ കവിളൊന്നു തുടുത്തു. സത്യം, അമ്മച്ചീടെ അഞ്ചു വിരലും നന്നായി പതിഞ്ഞിട്ടുണ്ട് .

എന്നിട്ടു ജാനുവിന്റെ നെറ്റിയിൽ കുരിശ് വരച്ചു അവളെ അകത്തോട്ടു കൂട്ടീട്ട് പോയി .. പിന്നാലെ ചുവന്ന കവിൾതടത്തിൽ കൈ വെച്ചു ജോണിയും .

അപ്പോൾ മതിലിനു അപ്പുറത്ത് നിന്നും മൂന്നു തലകൾ പതിയെ പൊങ്ങി… കൂടെ ദേഹവുമുണ്ട്  പ്രേതമൊന്നുമല്ല .. ജാനുവിന്റെ അച്ഛനും ഏട്ടന്മാരും ..

ഒരു പുഞ്ചിരിയോടെ മൂന്ന് പേരും നടന്നു പോകുമ്പോൾ അച്ഛൻ പറഞ്ഞു, നമ്മുടെ രാജകുമാരി അല്ലേടാ അവൾ, അവൾക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിച്ചോട്ടെ, നാട്ടുകാരെ പേടിച്ചു ഒരിക്കലും ജോണി അവളെ കൂടെ കൂട്ടില്ല അങ്ങനെ ഒരു പൊട്ടൻ ..

വാ ഇനിയവൾ സന്തോഷത്തോടെ ജീവിക്കും .. കുറച്ചു ദിവസം കഴിഞ്ഞു അവരോടുള്ള പിണക്കം മാറിയത് പോലെ കാണിച്ചു നമുക്കും പോകാം ..

അവർ ഇരുളിലേക്ക് മറഞ്ഞു .

ഇപ്പോഴും എനിക്ക് മനസിലായില്ല ജോണി എന്തിനാ അടി വാങ്ങിയേ … പാവം…

Leave a Reply

Your email address will not be published. Required fields are marked *