വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ തന്നെ ഒരു കുഞ്ഞാണ് എന്ന പരിഗണന പോലും തരാതെ തന്നെ കടിച്ചു കീറിയ മനുഷ്യനെ..

(രചന: ആവണി)

” ഈ വയസ്സ് കാലത്ത് അമ്മയ്ക്ക് ഇത് എന്തിന്റെ കേടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. ഇവിടെ അമ്മയ്ക്ക് എന്തിന്റെ കുറവുണ്ടായിട്ടാണ്..? ”

മകൻ ചോദ്യശരവുമായി മുന്നിലേക്ക് എത്തിയപ്പോൾ അത് പ്രതീക്ഷിച്ച മുഖഭാവം തന്നെയായിരുന്നു ദേവികയുടേത്.

” അമ്മയ്ക്ക് ഞങ്ങളെക്കുറിച്ച് എങ്കിലും ഓർത്തു കൂടെ..? എനിക്ക് ഇനി അരുണേട്ടന്റെ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കാൻ കഴിയും..? അതെങ്കിലും അമ്മയ്ക്ക് ഒന്ന് ചിന്തിച്ചു കൂടെ.. ”

മകന്റെ ഊഴം കഴിഞ്ഞപ്പോൾ മകൾ രംഗത്തേക്ക് വന്നു. അത് കേൾക്കുമ്പോഴും ദേവിക മൗനം തന്നെയായിരുന്നു.

അമ്മയുടെ മൗനം മക്കളെ കൂടുതൽ ദേഷ്യപ്പെടുത്തുകയാണ് ചെയ്തത്.

” ഞങ്ങൾ അമ്മയോട് ആണ് സംസാരിക്കുന്നത്. ഞങ്ങളുടെ ചോദ്യത്തിന് ഒന്നും അമ്മയ്ക്ക് മറുപടിയില്ലെങ്കിൽ മൗനം പാലിക്കുകയല്ല ചെയ്യേണ്ടത്.

പറയാനുള്ള കാര്യം പറയുക തന്നെ വേണം. ഇപ്പോൾ ഈ വയസ്സുകാലത്ത് ഡിവോഴ്സ് വേണമെന്ന് പറയാനുള്ള ചങ്കുറപ്പ് അമ്മയ്ക്ക് ഉണ്ടായിരുന്നല്ലോ.. ആ സ്ഥിതിക്ക് എന്തുകൊണ്ട് അങ്ങനെയൊരു തീരുമാനമെടുത്തു എന്നുകൂടി പറയണം. ”

മകൻ ദേഷ്യത്തിന്റെ മൂർത്തി ഭാവത്തിലാണ് എന്ന് തോന്നി.

അല്ലെങ്കിലും പണ്ടു മുതൽക്കേ അവൻ അങ്ങനെയാണ്. അച്ഛന്റെ എല്ലാ ശീലങ്ങളും അതുപോലെ കിട്ടിയ മകനാണ് അവൻ. അതിൽ പെട്ടത് തന്നെയാണ് ഈ ദേഷ്യവും.

മക്കൾ തന്നോട് ഇങ്ങനെ പെരുമാറുന്നത് അവരുടെ അച്ഛന്റെ പെരുമാറ്റം കൊണ്ടു തന്നെയാണ് എന്ന് 100% വും ഉറപ്പാണ്. പക്ഷേ അത് പറയാനോ തിരുത്താനോ ആരും ഇല്ലായിരുന്നു എന്ന് മാത്രം.

” അമ്മ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുത്തത് അയാളെ കണ്ടിട്ടാണോ..? അനിലിനെ… അതാണ് അമ്മയുടെ ഉദ്ദേശമെങ്കിൽ അത് ഒരുകാലത്തും നടക്കില്ല. നടക്കാൻ ഞങ്ങൾ ആരും സമ്മതിക്കുകയുമില്ല. ”

ഉറച്ച ശബ്ദത്തിൽ തന്നെ മകൾ പറയുന്നുണ്ട്.

” അതിന് നിന്റെ സമ്മതം എനിക്ക് ആവശ്യമില്ലെങ്കിലോ..? ”

ദേവികയുടെ ആ മറുപടി ആരും പ്രതീക്ഷിച്ചതായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു പകപ്പോടെയാണ് മകനും മകളും മരുമക്കളും അവരെ നോക്കിയത്.

” ശരിക്കും അമ്മയുടെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. ”

ഒരു നിമിഷത്തെ പകപ്പ് വിട്ടു ഒഴിഞ്ഞപ്പോൾ മകൾ വീണ്ടും പറഞ്ഞു.

” എനിക്ക് പ്രത്യേകിച്ച് ഒരു ഉദ്ദേശവും ഇല്ല. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കണം എന്നുണ്ട്. അതുതന്നെയാണ് എന്റെ ഉദ്ദേശം. ”

ഗൗരവത്തോടെ ദേവിക അതു പറയുമ്പോൾ മക്കളെല്ലാവരും പരസ്പരം നോക്കുന്നുണ്ടായിരുന്നു.

” അമ്മയ്ക്ക് ഇപ്പോൾ സമാധാനത്തിന് എന്താണ് ഒരു കുറവ്..? മക്കൾ രണ്ടാളെയും കല്യാണം കഴിപ്പിച്ചു വിട്ടു. അവർക്ക് രണ്ടാൾക്കും കുടുംബം ഉണ്ടായി. ചെറു മക്കൾ ഉണ്ടായി. എല്ലാംകൊണ്ടും അമ്മയ്ക്ക് സന്തോഷവും സമാധാനവും തന്നെയല്ലേ..? ”

മകൻ ചോദിച്ചപ്പോൾ ദേവിക പുച്ഛത്തോടെ ചിരിച്ചു.

” മക്കളെ കല്യാണം കഴിപ്പിച്ചു വിട്ടു എന്നുള്ളതുകൊണ്ട് എനിക്ക് സന്തോഷവും സമാധാനവും ആണ് എന്ന് പറയുന്നത് ഒരു ശരിയായിരിക്കാം. പക്ഷേ നിങ്ങളുടെ ജീവിതം നന്നായി പോകുന്നതു കൊണ്ട് എനിക്കെന്തു സമാധാനം കിട്ടാനാണ്..

എന്റെ ജീവിതം നന്നായാൽ അല്ലേ എനിക്ക് മനസ്സമാധാനം കിട്ടൂ. നിങ്ങളൊക്കെ നന്നായി ജീവിക്കുന്നു എന്നുള്ളത് ഒരു അമ്മ എന്ന നിലയ്ക്ക് എനിക്ക് സന്തോഷം തന്നെയാണ്.

പക്ഷേ അതിലപ്പുറം ഞാൻ എന്നൊരു മനുഷ്യനുണ്ട്. എനിക്ക് എന്റേതായ ഇഷ്ടങ്ങളും സന്തോഷങ്ങളും ഒക്കെയുണ്ട്. ഇനിയെങ്കിലും എനിക്ക് അതിനു വേണ്ടി ശ്രമിക്കണ്ടേ..?”

ദേവിക ചോദിച്ചപ്പോൾ അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവർക്കാർക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

” അമ്മയ്ക്ക് ഇപ്പോൾ അച്ഛനെ വേണ്ടെന്നു വച്ചു പോകാൻ എന്തെങ്കിലും ഒരു കാരണം കണ്ടുപിടിക്കണം. അതിനു വേണ്ടിയുള്ള പറച്ചിൽ ആയിരിക്കും ഈ സമാധാനക്കേട്.. അല്ലെങ്കിൽ പിന്നെ കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ ഇല്ലാത്ത എന്ത് സമാധാനക്കേടാണ് ഇപ്പോഴുള്ളത്..? ”

മകന് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇപ്പോഴും താൻ പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കാതെ തന്നെ രൂക്ഷമായി നോക്കുന്ന മകനെ അവർ ദയനീയതയോടെ നോക്കി.

“വേണ്ട.. അമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കും. ആ കാരണം എന്താണെന്ന് നമുക്ക് അമ്മയോട് തന്നെ ചോദിക്കാം.

അത് എപ്പോഴാണെങ്കിലും അമ്മ തുറന്നു പറയും. അതിനു പകരം ഇങ്ങനെ ദേഷ്യപ്പെടുന്നതു കൊണ്ടോ അമ്മയെ കുറ്റപ്പെടുത്തുന്നത് കൊണ്ടോ ഒരു ഉപയോഗവുമില്ല.”

മരുമകൾ അത് പറഞ്ഞപ്പോൾ അവർ നന്ദിയോടെ അവളെ നോക്കി.

അല്ലെങ്കിലും ഈ വീട്ടിൽ തന്നെ കുറച്ചെങ്കിലും മനസ്സിലാക്കിയിട്ടുള്ളത് അവൾ ഒരുത്തി മാത്രമാണ് എന്ന് ദേവിക ഓർത്തു.

” നിങ്ങൾക്ക് എന്റെ ജീവിതത്തിനെ കുറിച്ച് എന്തെങ്കിലും അറിയാമോ..? ”

കുറച്ചു നിമിഷത്തെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ദേവിക അത് ചോദിച്ചപ്പോൾ മകൾ അവരെ തുറിച്ചു നോക്കി.

അവർ പറയുന്നതൊന്നും കേൾക്കാൻ താല്പര്യം ഇല്ലാത്തതു പോലെയാണ് മകൻ അവിടെ ഇരുന്നത്.

” ഒന്നും അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം. വളരെ ചെറിയ പ്രായത്തിലാണ് എന്റെ വിവാഹം നടന്നത്. 18 വയസ്സ് പ്രായം.

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ജോയിൻ ചെയ്യണം എന്ന് സന്തോഷത്തോടെ വീട്ടിൽ പറഞ്ഞ എന്റെ മുന്നിലേക്ക് നിങ്ങളുടെ അപ്പൂപ്പൻ വച്ച് നീട്ടിയത് നിങ്ങളുടെ അച്ഛന്റെ ഫോട്ടോ ആയിരുന്നു. അന്നു മുതൽ ആ ഫോട്ടോയായിരുന്നു എന്റെ ജീവിതം.

പെണ്ണുകാണാൻ വന്നപ്പോൾ പോലും നിന്റെ അച്ഛൻ എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചിട്ട് പോലും ഇല്ല.അന്നൊന്നും പിന്നെ ഇന്നത്തെ പോലെയല്ലല്ലോ.

ഫോൺ സൗകര്യങ്ങളോ ഒന്നും എല്ലാ വീട്ടിലും കിട്ടുന്നതല്ല. അഥവാ ഉണ്ടെങ്കിൽ തന്നെ കല്യാണത്തിന് മുൻപ് ചെക്കനും പെണ്ണും ഇങ്ങനെ സംസാരിക്കുന്നതും ഒക്കെ എന്തോ ഒരു കുറ്റം പോലെയാണ്.

വിവാഹത്തിനു ശേഷമാണ് അന്നൊക്കെ ചെറുക്കനും പെണ്ണും തമ്മിൽ എന്തെങ്കിലും ഒരു അടുപ്പം ഉണ്ടാവുക.”

അത്രയും പറഞ്ഞു അവർ ഒന്നു നെടുവീർപ്പിട്ടു.

” ഇനിയുള്ള എന്റെ ജീവിതം ഈ മനുഷ്യനോടൊപ്പം ആണ് എന്നറിയുന്നതു കൊണ്ട് തന്നെ അയാളെ സ്നേഹിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.

വിവാഹം എന്നതിനെക്കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഉണ്ടായിരുന്നു.

പക്ഷേ വിവാഹം കഴിഞ്ഞ് നിങ്ങളുടെ അച്ഛനോടൊപ്പം ആ തറവാട്ടിൽ ചെന്ന് കയറിയപ്പോൾ മുതൽ എന്റെ തലവിധി തന്നെ മാറിപ്പോയി.

അവിടെ എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കാനുള്ള ഒരു പാവ മാത്രമായിരുന്നു ഞാൻ.കല്യാണം കഴിഞ്ഞ സമയത്ത് ഞാൻ പാചകത്തിൽ അത്ര എക്സ്പർട്ട് ഒന്നുമായിരുന്നില്ല.

അതിന്റെ പേരിൽ ഞാൻ അവിടെ എത്രയോ സദസ്സുകളിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് പാചകം പഠിക്കണം എന്നുള്ളത് എന്റെ വാശിയായിരുന്നു. അത് നടക്കുക തന്നെ ചെയ്തു.

ആറുമാസം കൊണ്ട് തന്നെ എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വച്ചു വിളമ്പാൻ ഞാൻ പഠിച്ചിരുന്നു. അല്ലെങ്കിൽ ആ വീട്ടിലെ ജീവിതം എന്നെ പഠിപ്പിച്ചു എന്നു പറയുന്നതാണ് ശരി.

എന്തായാലും അതിനിടയിൽ തന്നെ എനിക്ക് വിശേഷം ഉണ്ട് എന്നൊരു സന്തോഷവാർത്ത കൂടി ഞാനറിഞ്ഞു. പക്ഷേ എനിക്ക് ഒരുതരം മരവിപ്പാണ് തോന്നിയത്.

വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാത്ത പ്രായത്തിൽ ഒരു കുഞ്ഞിന്റെ അമ്മയാവുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധി തന്നെയായിരുന്നു.

പക്ഷേ ഉള്ളിൽ മൊട്ടിട്ട ജീവനെ കളയാനോ ഉപദ്രവിക്കാനോ ഞാൻ ശ്രമിച്ചില്ല. എന്റേതായി കണ്ട് സ്നേഹിച്ച് പരിപാലിച്ച് അവനെ പ്രസവിച്ചു.

യാന്ത്രികമായി ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ മകളും ജനിച്ചു. പിന്നീട് ഇന്നുവരെയുള്ള എന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുള്ളതായി നിങ്ങൾക്കറിയാമോ..?

നേരം പുലരുമ്പോൾ തന്നെ എഴുന്നേൽക്കുക, അടുക്കളപ്പണികൾ ചെയ്യുക, വീടുപണികൾ ചെയ്യുക,

നിങ്ങളെയൊക്കെ സമയാസമയം ജോലിക്കും സ്കൂളിലേക്കും ഒക്കെ പറഞ്ഞു വിടുക, തിരികെ നിങ്ങൾ വരുമ്പോഴേക്കും നിങ്ങൾക്ക് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി വയ്ക്കുക.. പിന്നെ രാത്രിയോളം റസ്റ്റ് ഇല്ലാത്ത ജോലി.

ഇതിനിടയിൽ എപ്പോഴെങ്കിലും എനിക്ക് എന്റേതായി ഇത്തിരി സമയം കിട്ടിയിട്ടുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? അമ്മ ഹാപ്പിയാണോ എന്നൊരു ചോദ്യം നിങ്ങൾ ആരെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ..?

നിങ്ങൾക്ക് നിങ്ങളുടെ സന്തോഷത്തിന് അനുസരിച്ച് എല്ലാം കിട്ടുന്നുണ്ട് അതുകൊണ്ട് മാത്രം അമ്മയും ഹാപ്പി ആയിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചു.

നിങ്ങൾ ജനിച്ചു കഴിഞ്ഞതിനു ശേഷം നിങ്ങളുടെ അച്ഛൻ എന്നോട് സന്തോഷത്തോടെ ഒന്ന് സംസാരിച്ചിട്ട് പോലുമില്ല.

ഇപ്പോഴും ഗൗരവത്തോടെ ഓരോ ആജ്ഞകൾ തരുന്നു, ഞാൻ അത് അനുസരിക്കുന്നു. ഇതാണോ ദാമ്പത്യജീവിതം..?

പ്രാണൻ ഒടുങ്ങും വരെയും താങ്ങായും തണലായും നൽകണം എന്നാണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

പക്ഷേ നിന്റെ അച്ഛനോടൊപ്പം ഉള്ള എന്റെ ജീവിതം വല്ലാത്ത ഒരു ശ്വാസംമുട്ടലാണ്. അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.

കാരണം ഇത്തരം ഒരു ജീവിതം നിങ്ങൾ ആരും അനുഭവിക്കുന്നില്ല എന്നത് തന്നെ.. ഇനി എനിക്ക് ഇങ്ങനെ പറ്റില്ല. ഇത്രയും കാലം ഞാൻ സഹിച്ചും ക്ഷമിച്ചും ഒക്കെ ഇവിടെ നിന്നത് നിങ്ങളുടെ ഭാവിയെ കരുതിയിട്ടാണ്.

ഇനി എനിക്ക് അങ്ങനെ ഒരു ചിന്തയുടെ ആവശ്യമില്ലല്ലോ. നിങ്ങൾ നേരത്തെ പറഞ്ഞതുപോലെ മക്കളൊക്കെ സ്വന്തം കുടുംബമായി സമാധാനത്തോടെ ജീവിക്കുന്നുണ്ട്.

ഇതിനിടയിൽ ഞാനെന്തിന് എന്റെ സന്തോഷങ്ങൾ ഇല്ലാതാക്കണം..? അതുകൊണ്ടാണ് എനിക്ക് ഇപ്പോൾ ഡിവോഴ്സ് വേണമെന്ന് ഞാൻ പറയുന്നത്.. ”

അത്രയും പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടക്കുമ്പോൾ അവർ കസേരയിൽ തലകുനിച്ചിരിക്കുന്ന പ്രസാദിനെ ഒന്ന് നോക്കി. അവരെ നോക്കിയ അയാളുടെ കണ്ണുകളിൽ കുറ്റബോധമായിരുന്നോ എന്ന് അവർക്ക് നേരിയ സംശയം തോന്നി.

വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ തന്നെ ഒരു കുഞ്ഞാണ് എന്ന പരിഗണന പോലും തരാതെ തന്നെ കടിച്ചു കീറിയ മനുഷ്യനെ അവൾ ഒന്നോർത്തു പോയി.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ തീരുമാനം തന്നെയാണ് ശരി.. അതിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല..!

മനസ്സിൽ ഒരിക്കൽ കൂടി അത് ഉറപ്പിച്ചു കൊണ്ട് അവർ അകത്തേക്ക് നടന്നു.