ഇന്ന് തന്റെ വിവാഹമാണ്, ഒരിക്കലും നടക്കില്ല എന്ന് കരുതിയ കർമ്മമാണ് ഇപ്പോൾ നടക്കുന്നത് തന്റെ താൽപര്യത്തോടെ..

താലി
(രചന: ആവണി)

ഇന്ന് തന്റെ വിവാഹമാണ്. ഒരിക്കലും നടക്കില്ല എന്ന് കരുതിയ കർമ്മമാണ് ഇപ്പോൾ നടക്കുന്നത്. തന്റെ താൽപര്യത്തോടെ അല്ല ഒന്നും. മാതാപിതാക്കളുടെ സന്തോഷം മാത്രമാണ് ഇപ്പോൾ കണക്കിലെടുക്കുന്നത്.

വേദനയോടെ നിള ചിന്തിച്ചു.

തന്റെ കഴുത്തിൽ താലി മുറുക്കുമ്പോൾ വെറുതെയെങ്കിലും അവൾ മനുവിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് നിറഞ്ഞ ചിരിയാണ്. അത് കണ്ടപ്പോൾ നിളയുടെ കണ്ണ് നിറഞ്ഞു. അവൻ കാണാതെ അവൾ കണ്ണുകൾ തുടച്ചു.

അച്ഛൻ അവന് കൈപിടിച്ചു ഏൽപ്പിക്കുമ്പോൾ അച്ഛന്റെ മുഖത്തേക്ക് നോക്കി. ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷം ആ മുഖത്ത് കാണുന്നുണ്ട്.

പക്ഷേ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടാവില്ല എന്ന് അച്ഛൻ മനസ്സിലാക്കുന്നില്ലല്ലോ..!

എല്ലാ മുഖങ്ങളിലും സന്തോഷമാണ്. എല്ലാവരും ആഗ്രഹിച്ചിരുന്നതാണ് തന്റെ വിവാഹം. പക്ഷേ തനിക്ക് മാത്രം എന്താണ് സന്തോഷിക്കാൻ കഴിയാത്തത്..?

അവൾ വേദനയോടെ ചിന്തിച്ചു.

സദ്യ കഴിച്ചു കഴിഞ്ഞ് മനുവിന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ, അവൻ വീൽചെയർ ഉരുട്ടി കൊണ്ടുപോകാൻ തുനിഞ്ഞെങ്കിലും, അവൾ സ്വയം അതിനു തയ്യാറായി.

അത് നോക്കി ഒന്ന് ചിരിച്ചിട്ട് മനു അവളുടെ അച്ഛന്റെ കൈപിടിച്ച് യാത്ര പറഞ്ഞു.

അതിൽ നന്ദി പ്രകടനം ആയിരുന്നു ഏറ്റവും കൂടുതൽ. അവൻ ഒരുപാട് ആഗ്രഹിച്ച അവന്റെ പെണ്ണിനെ അവനെ തന്നെ ഏൽപ്പിച്ചതിൽ അവൻ മനസ്സു നിറഞ്ഞ നന്ദി പറഞ്ഞു.

കാറിൽ അടുത്ത സീറ്റുകളിൽ ഇരുന്നെങ്കിലും നിള അവന്റെ മുഖത്തേക്ക് നോക്കിയില്ല. ഒരു വാശി പോലെ പുറം കാഴ്ചകളിലേക്ക് കണ്ണു നട്ടു.

ആ നിമിഷം അവന്റെ ഓർമ്മകൾ പുറകിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.

നിള..അമ്മാവന്റെ മകളാണ്.. കുറുമ്പും കുസൃതികളുമായി പണ്ട് തനിക്ക് പിന്നാലെ നടന്ന പെൺകുട്ടി. പിന്നീട് എപ്പോഴോ അവളുടെ സ്വഭാവത്തിൽ ഒരു മാറ്റം വരുന്നത് താൻ അറിഞ്ഞിരുന്നു.

അവളുടെ ഉള്ളിൽ തനിക്ക് ഒരു പ്രധാനപ്പെട്ട സ്ഥാനമുള്ളത് താൻ തിരിച്ചറിഞ്ഞു. കൗമാര പ്രായത്തിലുള്ള അവളുടെ മനസ്സിൽ തോന്നുന്നതൊക്കെ വെറും ചാപല്യമാണെന്ന് താൻ കരുതി.

അവളെ പറഞ്ഞു തിരുത്താൻ ഒരുപാട് ശ്രമിച്ചിരുന്നു. അത് ഫലം കണ്ടില്ല എന്ന് മാത്രമല്ല അന്നു വരെ മുഖത്തു നോക്കി ഇഷ്ടം പറയാത്തവൾ അന്ന് മുതൽ പിന്നാലെ നടന്ന ഇഷ്ടം പറയാൻ തുടങ്ങി. അത് തനിക്ക് വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു.

ആ ഒരു സംഭവത്തോടെ പിന്നീട് അവളെ കണ്ടാൽ സംസാരിക്കാതെയായി. പൂർണ്ണമായും അവഗണിക്കുകയാണ് പതിവ്.

അത് അവൾക്കും തനിക്കും വേദനയാണ് എന്ന് അറിയാം.പക്ഷേ അവളുടെ ഭാവിക്ക് അതാണ് നല്ലത് എന്ന് തോന്നി.

അങ്ങനെയിരിക്കെ കോളേജിൽ അഡ്മിഷൻ ആയി. എന്റെ ആഗ്രഹം പോലെ പട്ടണത്തിലുള്ള കോളേജിൽ ആണ് അഡ്മിഷൻ കിട്ടിയത്.

നാട്ടിൽ നിന്ന് പോയി വരാൻ ബുദ്ധിമുട്ട് ആയതു കൊണ്ട് തന്നെ ഹോസ്റ്റലിലേക്ക് എന്റെ ജീവിതം പറിച്ചു നട്ടു. അതോടെ അവളുടെ കൺവെട്ടത്ത് നിന്ന് ഒഴിവായി കിട്ടി എന്ന് പറയുന്നതാണ് സത്യം.

അതിനു വേണ്ടി കൂടിയായിരുന്നു ദൂരെയുള്ള കോളേജിൽ അപ്ലൈ ചെയ്തത്. കുറെ നാളുകൾ കാണാതിരിക്കുമ്പോൾ അവളുടെ ഇഷ്ടം ഒരു കുട്ടിക്കളി ആണെങ്കിൽ അവൾ അത് മറന്നു പോകും എന്ന് തനിക്ക് അറിയാമായിരുന്നു.

പക്ഷേ ഹോസ്റ്റലിലേക്ക് മാറിക്കഴിഞ്ഞപ്പോഴാണ് ഒരു കാര്യം താൻ മനസ്സിലാക്കിയത്. എപ്പോഴൊക്കെയോ അവൾ തന്റെ മനസ്സിൽ കൂടിയേറി പാർത്തിരുന്നു എന്ന കാര്യം.

വഴിവക്കിൽ വച്ച് എല്ലാ ദിവസവും ഒരു തവണയെങ്കിലും അവളെ കാണാറുണ്ട്.

അവളെ അവഗണിച്ച് കടന്നു പോവുകയാണ് പതിവെങ്കിലും, ആ കാഴ്ച എല്ലാ ദിവസവും താൻ ആസ്വദിച്ചിരുന്നു എന്ന് ഹോസ്റ്റലിൽ എത്തിയ ആദ്യ ദിനങ്ങളിൽ ആണ് മനസ്സിലായത്.

ഓരോന്നും പറഞ്ഞ് തന്നെ ശല്യം ചെയ്ത് അവൾ പിന്നാലെ നടന്നപ്പോൾ അവളുടെ വിലയറിഞ്ഞില്ല. ഹോസ്റ്റലിൽ എത്തിക്കഴിഞ്ഞപ്പോൾ അവളുടെ ശബ്ദം ഒന്നു കേൾക്കാൻ വല്ലാത്ത കൊതി തോന്നി.

പിന്നീട് ഓരോ അവധി ദിനങ്ങളും വരാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു. ഓരോ അവധിയ്ക്കും നാട്ടിലേക്ക് ഓടിപ്പോകാറുണ്ട്. അവളെ ഒരു നോക്ക് കാണുക എന്നത് തന്നെയാണ് ഉദ്ദേശം.

താൻ എത്തിയിട്ടുണ്ട് എന്ന് അറിയുമ്പോൾ തന്നെ അവൾ ഓടി എത്താറുണ്ട്. അപ്പോഴും അവളെ അവഗണിക്കാറാണ് പതിവ്. കാരണം അവളുടെ ഉള്ളിലുള്ളത് യഥാർത്ഥ ഇഷ്ടമാണോ എന്ന് അറിയണമായിരുന്നു.

തന്റെയുള്ളിൽ അവൾ ഉള്ളതു പോലെ അവളുടെ ഉള്ളിൽ സ്ഥാനമുണ്ടെങ്കിൽ എങ്ങനെയാണെങ്കിലും അവൾ തന്റേതായി മാറുമെന്ന് ഉറപ്പായിരുന്നു. ആ ഒരു വിശ്വാസം കൊണ്ട് തന്നെയാണ് അവളെ അവഗണിച്ചത്.

എത്രയൊക്കെ അവഗണിച്ചാലും ദേഷ്യപ്പെട്ടാലും അവൾ തന്നിലേക്ക് തന്നെ മടങ്ങിയെത്തുമായിരുന്നു.

വർഷങ്ങൾ കടന്നു പോയപ്പോൾ എന്റെ ഉള്ളിൽ ഇഷ്ടവും അതിന്റെ പാരമ്യത്തിൽ എത്തി. ആ സമയമായപ്പോഴേക്കും അവളും ഡിഗ്രിക്ക് ചേരാനുള്ള പ്രായമായിരുന്നു.

ഞാൻ പിജി ആദ്യവർഷം പഠിക്കുന്ന സമയത്ത് തന്റെ കോളേജിൽ തന്നെ അവൾ ഡിഗ്രിക്ക് അഡ്മിഷൻ എടുത്തു.

എല്ലായിപ്പോഴും തന്നെ കണ്ടുകൊണ്ടിരിക്കാൻ അതല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലാ എന്ന് എന്റെ മുഖത്ത് നോക്കി തന്നെ അവൾ പറഞ്ഞു.

അന്ന് എനിക്ക് ഉറപ്പായി അവൾക്ക് എന്നോട് ഉള്ളത് ആത്മാർത്ഥമായ ഇഷ്ടം തന്നെയാണെന്ന്. അവളുടെ നാവിൽ നിന്ന് അത് പറഞ്ഞു കേട്ടപ്പോൾ വല്ലാതെ സന്തോഷിക്കുന്നുണ്ടായിരുന്നു താൻ.എങ്കിലും അത് പുറമെ പ്രകടിപ്പിച്ചില്ല.

ദിവസങ്ങൾ കടന്നു പോകവേ, കോളേജിൽ വച്ച് അവളെ കാണാറുണ്ട്. ഞാൻ ഏതെങ്കിലും പെൺകുട്ടികളോടൊപ്പം സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ കുശുമ്പ് കൊണ്ട് വീർക്കുന്ന അവളുടെ മുഖം ചിരിയോടെയാണ് ഞാൻ കണ്ടിട്ടുള്ളത്.

അവളെ പറ്റിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ കുശുമ്പ് ഞാൻ കണ്ടില്ലെന്ന് നടിച്ചു.

ഒരിക്കൽ കോളേജിനു മുന്നിൽ വച്ച് ഒരു പെൺകുട്ടിയോട് സംസാരിച്ചു നിൽക്കുമ്പോൾ അവൾ അടുത്തേക്ക് വന്നു.

എന്റെ ക്ലാസിലെ വീണയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. എന്തൊക്കെയോ സംശയങ്ങൾ ചോദിച്ച് അവൾ നിൽക്കുന്നതിനിടയിൽ ഞാൻ നിളയെ ശ്രദ്ധിച്ചില്ല.

ഒന്ന് രണ്ട് തവണ അവൾ എന്റെ കൈപിടിച്ചു കുലുക്കി എന്നെ വിളിച്ചിരുന്നു. അത് അസഹനീയമായപ്പോൾ അവളെ ദേഷ്യത്തോടെ നോക്കി.

” നിനക്ക് എന്താ നിള ..? എന്നെ ശല്യം ചെയ്യരുതെന്ന് എത്രയൊക്കെ പറഞ്ഞാലും മനസ്സിലാവില്ല..

ഞാനിവിടെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സംസാരിച്ചുകൊണ്ട് നിൽക്കുന്നത് എന്ന് നിനക്ക് ഇത്രയും സമയം ആയിട്ട് മനസ്സിലായില്ലേ.? വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്. ഇനി മേലിൽ എന്റെ മുന്നിൽ കണ്ടു പോകരുത്. ”

പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു നിന്നതുകൊണ്ടുതന്നെ അവളുടെ സാമീപ്യം എനിക്ക് ദേഷ്യമാണ് തന്നത്.

ആ ദേഷ്യത്തിന് പുറത്താണ് അവളോട് അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞത്. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ സങ്കടം തോന്നിയെങ്കിലും പിന്നീട് പിണക്കം മാറ്റാം എന്ന് കരുതി.

പിണക്കം മാറുമ്പോൾ തന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ തീരാവുന്നതേയുള്ളൂ അവളുടെ പരിഭവങ്ങൾ ഒക്കെ. അത് ചിന്തിച്ചുകൊണ്ട് വീണയോട് വീണ്ടും സംസാരിക്കാൻ തുടങ്ങി.

കുറച്ചു നിമിഷങ്ങൾക്കപ്പുറം റോഡിലേക്ക് ആളുകൾ ഓടിക്കൂടുന്നത് കണ്ടപ്പോഴാണ് അവിടേക്ക് ശ്രദ്ധിച്ചത്.

ഏതോ ഒരു പെൺകുട്ടിക്ക് ആക്സിഡന്റ് ആയി എന്ന് ആരോ പറഞ്ഞു കേട്ടു. എന്റെ കണ്ണുകൾ തിരഞ്ഞത് നിളയെ ആയിരുന്നു. ആൾക്കൂട്ടത്തിൽ എവിടെയും അവളെ കാണാതായപ്പോൾ വല്ലാത്ത ഒരു പരിഭ്രമം പിടികൂടി.

അവൾ ആവരുതേ എന്നൊരു പ്രാർത്ഥനയിലാണ് അവിടേക്ക് ചെന്ന് നോക്കിയത്. പക്ഷേ എന്റെ പ്രതീക്ഷകളെ തകിടം മറച്ചുകൊണ്ട് അവളായിരുന്നു ആക്സിഡന്റ് ആയ പെൺകുട്ടി.

ആരുടെയൊക്കെയോ സഹായം കൊണ്ട് അവളെ ആശുപത്രിയിൽ എത്തിച്ചു. കുറ്റബോധം കൊണ്ട് നീറുകയായിരുന്നു താൻ.

അവളോട് അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല. അങ്ങനെ പറഞ്ഞതു കൊണ്ടാണല്ലോ ബോധമില്ലാതെ അവൾ വണ്ടിക്കിടയിലേക്ക് ചെന്ന് കയറിയത്..!

ആക്സിഡന്റ് പരിണിത ഫലമായി അവളുടെ അരയ്ക്ക് താഴേക്ക് തളർന്നു പോയി. അതോടെ അവളുടെ കളിയും ചിരിയും ഒക്കെ നിലച്ചു. ആരോടും ഒന്നും മിണ്ടാതെ, പൂർണ്ണമായും അവൾ തന്നിലേക്ക് തന്നെ ഉൾവലിഞ്ഞു.

ഒരുപാട് ചികിത്സകൾ ചെയ്തെങ്കിലും അവൾ വീൽചെയറിൽ തന്നെ തുടർന്നു.ആ ഒരു സംഭവത്തിന് ശേഷം അവൾ തന്റെ മുഖത്തേക്ക് നോക്കി മിണ്ടിയിട്ടു പോലുമില്ല.

പക്ഷേ അന്ന് മുതൽ കുറ്റബോധം കൊണ്ട് ആരുടെയും മുന്നിൽ ചെന്ന് നിൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. അവളെ കാണുന്ന ഓരോ നിമിഷവും അവളുടെ അവസ്ഥയ്ക്ക് കാരണക്കാരൻ എന്നായിരുന്നു ചിന്ത.

അവൾക്ക് വിവാഹപ്രായം എത്തിയപ്പോൾ, അവളെ തനിക്ക് വേണമെന്ന് തുറന്നു പറഞ്ഞത് ഉള്ളിലുള്ള ഇഷ്ടം കൊണ്ടായിരുന്നു.

സഹതാപം കൊണ്ടാണോ എന്ന് 100 തവണയെങ്കിലും അമ്മാവൻ ചോദിച്ചിട്ടുണ്ടാവും. പക്ഷേ അങ്ങനെയല്ല എന്ന് ബോധ്യപ്പെടുത്താൻ ആദ്യം മുതലുള്ള കഥകൾ പറയേണ്ടി വന്നു.

അത് കേട്ടപ്പോൾ അമ്മാവനും അമ്മായിക്കും ഉൾപ്പെടെ എല്ലാവർക്കും സന്തോഷം. അപ്പോഴും അവൾ മാത്രമാണ് പിണങ്ങി നിന്നത്.

അറിയാം..അവൾക്കുള്ളിൽ ചെറിയൊരു പരിഭവമാണ് ബാക്കിയുള്ളത്.

അതോർത്തുകൊണ്ട് അവളെ നോക്കിയപ്പോൾ പുറത്തേക്ക് നോക്കിയിരിക്കുന്നുണ്ട്.

മറ്റൊന്നും ചിന്തിക്കാതെ അവളെ വലിച്ചു നെഞ്ചോട് ചേർത്തു. കുതറി മാറാൻ അവൾ ആവുന്നതും ശ്രമിക്കുന്നുണ്ട്.

” നീ ചിന്തിക്കുന്നതു പോലെ സഹതാപം കൊണ്ടൊന്നുമല്ല നിന്നെ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കൂട്ടിയത്.ഒരുപാട് ഇഷ്ടമുണ്ടായിട്ടാണ്.

അതും വർഷങ്ങളുടെ പഴക്കമുള്ള ഇഷ്ടം.. കഥകളൊക്കെ വീട്ടിൽ ചെന്നിട്ട് ഞാൻ പറഞ്ഞു തരാം. പക്ഷേ എന്നോട് പിണങ്ങി നടക്കരുത്.. ”

അവളെ ചേർത്തുപിടിച്ച് അത്രയും പറയുമ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ തന്നിലേക്ക് ചേർന്നിരുന്നു അവളും..