പുച്ഛത്തോടെ മകൾ പറഞ്ഞു നിർത്തിയപ്പോൾ അവൾക്കു മുന്നിൽ താൻ വല്ലാതെ ചെറുതായി പോയതു പോലെ ശ്രീക്ക് തോന്നി..

(രചന: ആർദ്ര)

“ശ്രീയേട്ടാ ഒരു 500 രൂപ തരാമോ..? എനിക്കൊരു ബാഗ് വാങ്ങണം.”

ഹിമ മുന്നിൽ വന്നു പറയുന്നത് കണ്ടപ്പോൾ ശ്രീ അവളെ തറപ്പിച്ചു നോക്കി.

” എനിക്ക് ഇവിടെ നോട്ട് അടിക്കുന്ന മെഷീൻ ഒന്നുമില്ല. നീ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പൈസ എടുത്തു തരാൻ എന്റെ കൈയിൽ എവിടുന്നാ.. ”

അവൻ ദേഷ്യപ്പെട്ടു. പിന്നീട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ,വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

ഇതൊക്കെ കണ്ടുകൊണ്ടിരുന്ന നന്ദു, അമ്മയെ ഒന്നു നോക്കി. ആകെ വിഷമിച്ചു തലതാഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് വിഷമം തോന്നി.

“അമ്മേ.. അമ്മയ്ക്ക് ജോലിക്ക് പോണ്ടേ..?”

അവൾ ചോദിച്ചപ്പോഴാണ് ഹിമ സമയത്തെക്കുറിച്ച് ബോധവതിയായത്.

” അയ്യോ സമയം വൈകി.. ”

ക്ലോക്കിലേക്ക് നോക്കി തിടുക്കപ്പെട്ടു കൊണ്ട് തന്റെ കീറി തുടങ്ങിയ ബാഗും എടുത്ത് പുറത്തേക്ക് നടന്നു. അതിനിടയിൽ വണ്ടിക്കൂലിക്ക് കയ്യിൽ പൈസയുണ്ടോ എന്ന് ഒരിക്കൽ കൂടി അവർ ഉറപ്പു വരുത്തി.

ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അവരുടെ ഉള്ളിൽ തന്റെ ജീവിതമായിരുന്നു. ആരോടൊക്കെയുള്ള ദേഷ്യവും വാശിയും വെറുപ്പും ഒക്കെ അവരുടെ മുഖത്ത് മിന്നി മായുന്നുണ്ടായിരുന്നു.

വൈകുന്നേരം ഹീമ ജോലി കഴിഞ്ഞു വന്നപ്പോൾ തന്നെയാണ് ശ്രീയും ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയത്.

” ഹിമ ഒരു ഗ്ലാസ് ചായ എടുക്ക്..”

സിറ്റൗട്ടിൽ കയറി ഇരുന്നു കൊണ്ട് ശ്രീ പറഞ്ഞപ്പോൾ ഹിമ തിടുക്കത്തിൽ അകത്തേക്ക് പോയി.

നടക്കുന്നതിനിടയിൽ കൈക്കും നടുവിനും ഒക്കെയുള്ള വേദന അവർ അറിഞ്ഞില്ലെന്ന് നടിച്ചു.

ചായ കൊണ്ട് കൊടുത്തതിന് പിന്നാലെ അത്താഴത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിനിടയിൽ ഒരിക്കൽ പോലും എവിടെയെങ്കിലും ഒരിടത്ത് ഒന്ന് ഇരിക്കാനോ വിശ്രമിക്കാനോ ഉള്ള അവസരം ഹിമയ്ക്ക് കിട്ടിയില്ല.

അത്താഴം ഒക്കെ വിളമ്പി കഴിച്ചു വന്നപ്പോഴേക്കും 10 മണിയായിരുന്നു.

രാവിലെ ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒന്നും തന്നെ ശ്രീ രാത്രിയിലേക്ക് കഴിക്കാറില്ല. രാത്രി അവനു ചപ്പാത്തിയും കറിയും നിർബന്ധമാണ്.അതും ഹാഫ് ചപ്പാത്തി വാങ്ങിയാൽ കഴിക്കില്ല.

ഹിമ ജോലി കഴിഞ്ഞു വന്നു കുഴച്ചുണ്ടാക്കി കൊടുക്കുക തന്നെ വേണം.

അത്താഴം കഴിച്ച പാത്രങ്ങളെല്ലാം ഒതുക്കി വച്ച് വന്നപ്പോൾ പത്തു മണിയായി.

അപ്പോഴും ടിവിയും കണ്ട് ശ്രീ ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.

” കിടക്കാറായില്ലേ ശ്രീയേട്ടാ..?”

അവൾ അന്വേഷിച്ചപ്പോൾ അവൻ പെട്ടെന്ന് ക്ലോക്കിലേക്ക് നോക്കി. സമയം 10 മണിയായി എന്ന് കണ്ടപ്പോൾ ടിവിയും ഓഫ് ചെയ്ത് അവൻ മുറിയിലേക്ക് നടന്നു.

അവന്റെ പിന്നാലെ മുറിയിലേക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് ഹിമ ഒരു കാര്യം ആലോചിച്ചത്.

“അയ്യോ.. നാളത്തേക്കുള്ള മാവ് അരച്ചു വെച്ചിട്ടില്ല.”

അതും ഓർത്തുകൊണ്ട് അവർ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് നടന്നു.ആ പണി കൂടി കഴിഞ്ഞ് വരുമ്പോഴേക്കും സമയം ഏകദേശം 11 മണിയായിട്ടുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ നാലു മണിക്ക് തന്നെ എഴുന്നേറ്റ് അവർ ഒരു യുദ്ധം തുടങ്ങി. എട്ടര മണിയാകുമ്പോൾ അവർക്ക് വീട്ടിൽ നിന്ന് ജോലിക്ക് പോകാൻ ഇറങ്ങേണ്ടതാണ്.

അതിനു മുൻപ് രാവിലെത്തേതും ഉച്ചയ്ക്ക് വേണ്ടതുമായ എല്ലാവിധ ആഹാരങ്ങളും തയ്യാറാക്കി വച്ചാലേ പോകാൻ കഴിയൂ.

ഓട്ട പാച്ചിലിനിടയിൽ എങ്ങനെയോ ആഹാരം തയ്യാറാക്കി.അവർ കുളിച്ച് റെഡിയായി വരുന്നതിനിടയ്ക്ക് പലവട്ടം ശ്രീ അവരെ പല കാര്യത്തിനായി അന്വേഷിച്ചു.

അവന്റെ ഡ്രസ്സ് അയൺ ചെയ്തു കൊടുക്കാനും ആഹാരം എടുത്തു കൊടുക്കാനും ബെൽറ്റും പേഴ്സും ഉൾപ്പെടെ കയ്യിലെടുത്തു കൊടുക്കാനും എന്ന് വേണ്ട അവന്റെ എല്ലാ കാര്യത്തിനും അവൾ തന്നെ ചെല്ലണമെന്ന് അവന് നിർബന്ധമായിരുന്നു.

എല്ലാം കഴിഞ്ഞ് അവർക്ക് ഇറങ്ങാൻ ആയ സമയം ആയപ്പോഴാണ് അവർക്ക് ഒന്ന് ശ്വാസം വിടാനുള്ള സമയമെങ്കിലും കിട്ടിയത്. അപ്പോഴും ആഹാരം കഴിക്കാനുള്ള സമയം അവർക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല.

ആഹാരം കഴിക്കാതെ തിടുക്കപ്പെട്ട് ഇറങ്ങി ഓടുന്ന അമ്മയെ കണ്ടപ്പോൾ നന്ദുവിന് സങ്കടം തോന്നി. അപ്പോഴും ശ്രീ ആസ്വദിച്ച് ആഹാരം കഴിക്കുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരം ഹിമ വീട്ടിലെത്തുമ്പോൾ അവരുടെ കാലിൽ ചെരുപ്പ് ഉണ്ടായിരുന്നില്ല.മുറ്റമടിച്ചു കൊണ്ട് നിൽക്കുകയായിരുന്ന നന്ദു അത് ശ്രദ്ധിക്കുകയും ചെയ്തു.

“അമ്മയുടെ ചെരുപ്പ് എവിടെ..?”

അവൾ അന്വേഷിച്ചു.

“വരുന്ന വഴിക്ക് ബസിൽ നിന്ന് ഇറങ്ങിയപ്പോൾ അത് പൊട്ടിപ്പോയി.നാളെ ഇനി വേറെ ഒരു ജോഡി വാങ്ങിയാലേ ഇട്ടോണ്ട് പോകാൻ പറ്റൂ..”

നെടുവീർപ്പോടെ അത്രയും പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി.

പണി ഒതുങ്ങി കഴിഞ്ഞു നന്ദു അകത്തേക്ക് ചെല്ലുമ്പോൾ, അച്ഛന് മുന്നിൽ തലകുനിച്ചു നിൽക്കുകയാണ് അമ്മ. ആ കാഴ്ച കണ്ടപ്പോൾ നന്ദുവിന് ഒരു വല്ലായ്മ തോന്നി. ശ്രീയെ നോക്കിയപ്പോൾ അവൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അവൾ ഇരുവർക്കും അടുത്തേക്ക് ചെന്നു.

“ഞാൻ ചോദിച്ചത് നീ കേട്ടില്ല എന്നുണ്ടോ..? നിനക്ക് പൈസ വേണമെന്ന് പറയുമ്പോൾ എടുത്തു തരാൻ എന്റെ കയ്യിൽ എവിടുന്നാണെന്നാണ് നീ കരുതുന്നത്..

ഇന്നലെ ചോദിക്കുന്നത് കേട്ടു 500 രൂപ ബാഗ് വാങ്ങാൻ വേണമെന്ന്. ഇന്ന് ഇപ്പോൾ പറയുന്നു ചെരുപ്പ് പൊട്ടിപ്പോയി അത് മാറ്റി വാങ്ങാൻ പൈസ വേണമെന്ന്.

ഇതിന് രണ്ടിനും കൂടി തന്നെ ആയിരം രൂപ ആകുമല്ലോ. ഇതൊന്നും പോരാഞ്ഞിട്ട് ഡെയിലി ഉള്ള വണ്ടിക്കൂലിയും ഞാൻ തന്നെ നിനക്ക് തരണം.

ഇത്രയും കഷ്ടപ്പെട്ട് നീ ജോലിക്ക് പോയിട്ട് ഇവിടെ എന്ത് സാധിക്കാനാണ്..? വെറുതെ എനിക്ക് അധിക ചെലവ് ഉണ്ടാക്കി വയ്ക്കാം എന്നല്ലാതെ നിന്നെ കൊണ്ട് എന്ത് ലാഭമാണ് ഇവിടെയുള്ളത്..?”

അച്ഛന്റെ ആ ചോദ്യങ്ങൾ കേട്ടപ്പോൾ നന്ദുവിന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. അമ്മയെ നോക്കിയപ്പോൾ അപ്പോഴും മറുപടിയൊന്നും പറയാതെ തലകുനിച്ചു നിൽക്കുകയായിരുന്നു.

“അച്ഛൻ ഇതെന്താ അമ്മയോട് ചോദിക്കുന്നത്.? അമ്മ അച്ഛനോട് പണം ചോദിച്ചെങ്കിൽ അത് അച്ഛന്റെ കയ്യിൽ നിന്ന് എടുത്തു കൊടുക്കണം എന്നല്ലല്ലോ പറഞ്ഞത്..

നേരത്തെ അച്ഛൻ അമ്മയോട് ചോദിച്ചില്ലേ അമ്മ ജോലിക്ക് പോയിട്ട് ഇവിടെ എന്ത് സാധിക്കാൻ ആണെന്ന്..

അമ്മ ജോലിക്ക് പോയാൽ കിട്ടുന്ന ശമ്പളം കൃത്യമായും ശമ്പളം കിട്ടുന്ന ദിവസം തന്നെ അച്ഛനെ ഏൽപ്പിക്കുന്നില്ലേ..? അതിൽ നിന്ന് ഒരു രൂപ പോലും എടുക്കാതെ എല്ലാ മാസവും അത് അച്ഛനെ കൊണ്ടുവന്ന് ഏൽപ്പിക്കുന്നത് ഞാൻ കാണുന്നതാണ്.

അഥവാ അമ്മ അത് തന്നില്ലെങ്കിൽ അച്ഛൻ ഇവിടെ എന്തുമാത്രം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് അമ്മ അത് അച്ഛന് തരുന്നത്. അമ്മ അധ്വാനിച്ചു ഉണ്ടാക്കുന്ന പണം തന്നെയാണ് അത്.

അമ്മയുടെ ആവശ്യങ്ങൾക്ക് വേണ്ടി അത് ചെലവാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അമ്മ എന്തിനാണ് ജോലിക്ക് പോകുന്നത്..?

അമ്മ ജോലിക്ക് പോകുന്നത് അച്ഛന് അധിക ചെലവാണെന്ന് അച്ഛൻ പറയുന്നില്ലേ..? അമ്മയ്ക്ക് കിട്ടുന്ന ശമ്പളം മുഴുവൻ കൊണ്ടുനടന്ന് ചെലവാക്കുന്നത് അച്ഛനാണ്.

അത് എപ്പോഴെങ്കിലും അമ്മ ചോദ്യം ചെയ്തിട്ടുണ്ടോ..? എന്നിട്ട് അമ്മയ്ക്ക് ഒരു ആവശ്യം വരുമ്പോൾ അതിൽ അച്ഛന് പറയാൻ ഒരു 100 ന്യായങ്ങൾ ഉണ്ടാകും. കഷ്ടം തന്നെയാണ് അച്ഛാ..”

പുച്ഛത്തോടെ മകൾ പറഞ്ഞു നിർത്തിയപ്പോൾ അവൾക്കു മുന്നിൽ താൻ വല്ലാതെ ചെറുതായി പോയതു പോലെ ശ്രീക്ക് തോന്നി.

ദേഷ്യത്തോടെ മകളെ തുറിച്ചു നോക്കിയിട്ട് ശ്രീ അകത്തേക്ക് കയറിപ്പോയി.

“അമ്മേ.. ഇങ്ങനെ എന്തിനും ഏതിനും അച്ഛന്റെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വരുന്നത് അമ്മ കാരണം തന്നെയാണ്.

അമ്മ ജോലി ചെയ്തു കൊണ്ടുവരുന്ന പണം അമ്മയ്ക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല എങ്കിൽ അമ്മ എന്തിനാണ് ജോലിക്ക് പോകുന്നത്..?

രാവിലെ തന്നെ ഈ വീട്ടിലെ സകല പണിയും ഒതുക്കി ഓടി ബസ്സ് പിടിച്ച് ജോലിക്ക് പോയി അവിടെയും കഷ്ടപ്പെട്ട് തിരികെ ഈ വീട്ടിൽ വന്ന് അച്ഛന്റെ ഇഷ്ടത്തിന് ഓരോന്ന് ചെയ്ത് ഉണ്ടാക്കി രാത്രിയിൽ കിടന്നുറങ്ങുന്നത് ഏതെങ്കിലും ഒരു നേരത്ത് ആയിരിക്കും.

റസ്റ്റ് എന്ന് പറയുന്ന സാധനം അമ്മയുടെ ജീവിതത്തിൽ അമ്മയ്ക്ക് കിട്ടിയിട്ടില്ല എന്ന് എനിക്കറിയാം.

ഇത്രയും കഷ്ടപ്പെട്ട് അമ്മ ഉണ്ടാക്കുന്ന ഓരോ പൈസയ്ക്കും അവകാശം അമ്മയ്ക്കു മാത്രമാണ്. അച്ഛനെ സഹായിക്കേണ്ട എന്നൊന്നും ഞാൻ പറയില്ല.

എന്നുവച്ച് അമ്മയ്ക്ക് കിട്ടുന്ന ശമ്പളം മുഴുവൻ അച്ഛനെ കൊണ്ടുവന്ന് ഏൽപ്പിക്കണം എന്നൊന്നും അതിന് അർത്ഥമില്ല. ഞാൻ പറഞ്ഞത് ഇനിയെങ്കിലും അമ്മയ്ക്ക് മനസ്സിലാവും എന്നാണ് എനിക്ക് തോന്നുന്നത്.”

അതും പറഞ്ഞു നന്ദു അകത്തേക്ക് കയറി പോകുമ്പോൾ ഹീമയുടെ മനസ്സിലും ആ ചിന്തകൾ തന്നെയായിരുന്നു.

‘ താൻ ജോലി ചെയ്യുന്ന പണം തനിക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ താൻ എന്തിനു ജോലി ചെയ്യണം..?”

ആ ചോദ്യം അവളുടെ ഉള്ളിൽ വല്ലാതെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു…