എന്റെ വീട് എന്റെ മുറി എന്റെ കെട്ട്യോൻ പിന്നെ ഞാൻ ആരെ പേടിക്കണം, ഉം വീണാൽ..

കൊച്ചു കൊച്ചു സന്തോഷങ്ങൾ
(രചന: Kannan Saju)

” ഹാ സ്വന്തം ഭാര്യ ഒഴിച്ച് തരുന്ന മദ്യം കുടിക്കാൻ ഭാഗ്യം ചെയ്ത എന്നെ പോലെ വേറാരുണ്ട് ഈ ഭൂമിയിൽ “

നിമിഷ ഒഴിച്ച് കൊടുത്ത മദ്യം നുണഞ്ഞു കൊണ്ടു കട്ടിലിനു താഴെ നിലത്തു അവൾക്കരുകിൽ ഇരുന്നുകൊണ്ട് സണ്ണിച്ചൻ അവളെ ഒന്ന് പുകഴ്ത്തി…

” അല്ലിച്ചായ, എന്നും ഈ ഒഴിച്ച് തന്നാ മാത്രം മതിയോ?  ” സണ്ണി ഞെട്ടലോടെ അവളെ ഒന്ന് നോക്കി

” പിന്നെ?  “

” ഇടയ്ക്കു രണ്ടെണ്ണം ഞാനും അടിച്ചാൽ എന്നതാ കുഴപ്പൊന്നാ ” നിമിഷ സണ്ണിയുടെ റിയാക്ഷൻ ശ്രദ്ധിച്ചു..

” ഇവളിനി പരീക്ഷിക്കുന്ന ആയിരിക്കുവോ ?  ഉം… കുടിച്ചോളാൻ പറയാം.. കുടിക്കില്ലായിരിക്കും ” മനസ്സിൽ പറഞ്ഞു കൊണ്ടു സണ്ണി അവളെ അടിമുടി നോക്കി

” അതിനെന്ന… ഇച്ചായന്റെ കൂടെ അല്ലേ.. മോൾക്ക് വേണേൽ മോളും കുടിച്ചോ…. “

” റിയലി?  ” അവൾ ആകാംഷയോടെ ചോദിച്ചു…

” പിന്നല്ലാതെ…  എന്റെ പൊന്നിനോട് ഇച്ചായൻ വേണ്ടാന്ന് പറയുന്നു തോന്നുന്നുണ്ടോ “

സണ്ണി അവളുടെ കവിളിൽ ഒന്ന് നുള്ളിക്കൊണ്ടു പറഞ്ഞു..  നിമിഷ തന്റെ പിന്നിൽ ഒളിപ്പിച്ചിരുന്ന ഗ്ലാസ് മുന്നിലേക്ക് വച്ചു… ആ കാഴ്ച്ച കണ്ടു ഇറക്കിയ ബീഫിന്റെ കഷ്ണം തൊണ്ടയിൽ തങ്ങിയ സണ്ണി കണ്ണുകൾ മിഴിച്ചിരുന്നു…

” കർത്താവേ.. ഇവള് കരുതി കൂട്ടി ആണല്ലോ.. സ്ഥിരം അടിക്കാരി ആയിരുന്നിരിക്കുവോ… അതോ ആദ്യായിട്ടാണോ… ചേട്ടായിയും ചേട്ടത്തിയും താഴെ ഒണ്ടു… ഇവള് ഒരെണ്ണം അടിച്ചെങ്ങും വട്ടോളി ആയ തീർന്നു “

” ഇച്ചായൻ എന്നതാ ഈ ആലോചിക്കുന്നേ?  “

” ഏയ്‌ ഒന്നുല്ലല്ലോ “

” എന്നാ നോക്കി നിക്കാതെ ഒരെണ്ണം ഒഴിക്കിച്ചായ ” അവൻ കുറച്ചു മദ്യം ഒഴിച്ചു

” ഇതെന്നതാ?  എനിക്ക് മണപ്പിക്കാൻ അല്ലാ കുടിക്കാൻ ആണ്.. ഒരു ഒന്നര അങ്ങോടു ഒഴിഞ്ഞു മനുഷ്യാ… “

സണ്ണിയുടെ വെള്ളാരം കിളികൾ ചെവിയിൽ നിന്നും പറക്കാൻ തയ്യാറായി നിന്നു… ഒറ്റ വലിക്കു കുടിച്ച നിമിഷ അവനു നേരെ കൈ നീട്ടി.. അവൻ പ്രതികരിക്കാത്തത് കണ്ട നിമിഷ…

” ടച്ചിങ്‌സ് താടാ മത്തങ്ങാ മോറാ ” സണ്ണിയുടെ കണ്ണ് തള്ളി…  അവൻ ബീഫ് രണ്ട് കഷ്ണം കയ്യിൽ വെച്ചു കൊടുത്തു….

” ഈ ബീഫിന് ഒരു ടേസ്റ്റ് ഇല്ലല്ലോ..?  “

” എടി ഇത് നീ ഉണ്ടാക്കിയതാണ്… “

” ആരുണ്ടാക്കിയാൽ എന്നാ… ബീഫായ ടെസ്റ്റ്‌ വേണം… ഒഴി സണ്ണി ഒന്നൂടെ “

” ഒഴിച്ചതൊന്നു തലയ്ക്കു പിടിക്കട്ടേടി ” അവൾ അവനെ ഒന്ന് ഇരുത്തി നോക്കി

” ഇങ്ങു വാ… വാ ” സണ്ണി അവളുടെ അടുത്തേക്ക് ചേർന്നിരുന്നു

” എടി പോടീന്നൊക്കെ വിളിക്കാൻ ഞാനാര് നിന്റെ വേലക്കാരിയോ?  ” സണ്ണിയുടെ ചെവിയിൽ പിടിച്ചു തിരിച്ചു കൊണ്ടു അവൾ ചോദിച്ചു

” ആഹാ.. വേദനിക്കണു വേദനിക്കണു… വിട് വിട് വിട്.. വിളിക്കില്ല… വിളിക്കില്ല ” അവൾ പിടുത്തം വിട്ടു…

” ഒഴിയെടാ സണ്ണിക്കുട്ടാ ഒന്നൂടെ “

” നീ ഇരുന്നാടുന്നു.. ഒന്നൂടെ ഒഴിച്ചാൽ വീഴും പെണ്ണെ” സണ്ണി വേവലാതിയോടെ പറഞ്ഞു

” ശ് ” അവൾ ചുണ്ടത്തു വിരൽ വെച്ചു…

” എന്റെ വീട്.. എന്റെ മുറി.. എന്റെ കെട്ട്യോൻ
. പിന്നെ ഞാൻ ആരെ പേടിക്കണം..?  ഉം… വീണാൽ പിടിക്കാൻ നിങ്ങളില്ലേ ഇവിടെ?  “

” കർത്താവെ ഇവള്ടെ കിളി പോയീന്നാ തോന്നണേ”

” സണ്ണിക്കുട്ടാ ഒഴിക്കട മോനേ “

അവൻ ഒന്നൂടെ ഒഴിച്ച്.. അതും ഒറ്റ വലിക്കു കുടിച്ചു…. സണ്ണി അവളുടെ മുഖത്തേക്കും നോക്കി ഇരുന്നു..

” എന്നാ ഇങ്ങനെ നോക്കുന്നെ?  ” അവൾ ചിരിച്ചോണ്ട് ചോദിച്ചു…

” ഏയ്‌ ചുമ്മാ “

” നിന്റെ അപ്പനെടുത്തു തരുവോ ടച്ചിങ്‌സ് “

” ദേ എന്റെ അപ്പനെ പറഞ്ഞ എന്റെ സ്വഭാവം മാറുവെ ” സണ്ണി അവൾക്കു നേരെ കൈ ചൂണ്ടി…

” ആഹാ… അടിച്ചു പറ്റായി വന്നു നിനക്ക് എന്റെ അപ്പനെ വിളിക്കാം.. ഞാൻ വിളിച്ചാൽ നിനക്ക്… അവൾ സണ്ണിയുടെ ദേഹത്തേക്ക് കയറി അവനേം വീഴ്ത്തിക്കൊണ്ടു നിലത്തേക്ക് വീണു

” നിനക്ക് പ്രാന്തായോടി… അനങ്ങാണ്ടിരി.. എടി അനങ്ങാണ്ടിരിക്കാൻ “

” എന്നതാ.. എന്നതാ അവിടെ ഒരു ബഹളം.. സണ്ണി കുട്ട്യേ.. എടാ സണ്ണി കുട്ട്യേ… “

അമ്മച്ചി വാതിൽ തള്ളി തുറന്നു… ആ കാഴ്ച്ച കണ്ട അമ്മച്ചി ഞെട്ടി…

സണ്ണിക്കുട്ടിയുടെ പുറത്തു കയറി ഇരിക്കുന്ന നിമിഷ… അമ്മച്ചിയെ കണ്ട അവൾ ആടി ആടി എഴുന്നേറ്റു.. പിന്നാലെ സണ്ണിയും…

” ചേട്ടനാണെന്നും പറഞ്ഞു.. ഒരു മര്യാദ ഒക്കെ കാണിക്കണം കെട്ടോ… ഒരു മുറിയിലേക്ക് ഇങ്ങനെ സംസ്കാരം ഇല്ലാതെ കടന്നു വരാൻ നിങ്ങടെ അമ്മ പഠിപ്പിച്ചതാണോ?  “

നിമിഷയുടെ ചോദ്യം കേട്ടു അമ്മച്ചി വായിൽ കൈ വെച്ചു നിന്നു…

” എടി പിത്തക്കാളി അത് ചേട്ടായി അല്ല അമ്മച്ചി ആണ് ” സണ്ണി ചെവിയിൽ പറഞ്ഞു

” എനിക്കറിയാം മനുഷ്യ.. ഇങ്ങനെ അല്ലേ നിങ്ങടെ തള്ളക്കു രണ്ട് പറയാൻ പറ്റു “

” ഏഹ് ” ചേട്ടായീം ചേട്ടതീം ഓടി വന്നു…

” എന്നതമ്മേ കിടന്നു കൂവുന്ന കേട്ടെ?  “

” ഒന്നുല്ല ദേ നോക്ക്.. നിന്റെ അനിയനും അനിയത്തിയും അടിച്ചു കോൺ തെറ്റി നിക്കണ കാണണം എങ്കിൽ ” ചേട്ടായി അവരെ നോക്കി…

” എന്നതാടാ ഇത്.. ?  ഇവിടെ കുടുംബായിട്ടു ജീവിക്കണ്ടേ?  മാന്യന്മാര് താമസിക്കുന്ന വീടാ ഇത് “

നിമിഷ പൊട്ടി ചിരിച്ചു.. ” മാന്യൻ…  ഇങ്ങേരു….  ( പൊട്ടിച്ചിരി )” എല്ലാരും അവളെ നോക്കി…

” കഴിഞ്ഞ ആഴ്ച്ച ഇങ്ങേരുടെ കണ്ണിനു എന്ന പറ്റിയതാന്നാ നിങ്ങളോടു പറഞ്ഞെ?  “

” അമ്മച്ചിക്ക് ഇത് എന്നതിന്റെ കേടാ… ഈ പാതി രാത്രിയിൽ… ആ പിള്ളേര് എന്നാന്നു വെച്ചാ ചെയ്യട്ടെ.. നിങ്ങള് വന്നേ ” പെട്ടന്ന് റൂട്ട് മാറ്റിക്കൊണ്ട് ചേട്ടായി പറഞ്ഞു..

” നിക്കട അവിടെ.. അങ്ങനെ ഇപ്പോ പോണില്ല.. നീ പറ കൊച്ചെ ഇവന്റെ കണ്ണിനു എന്നാ പറ്റിയതാ?  ” അമ്മച്ചി പിടുത്തം ഇട്ടു… നിമിഷ അവനെ നോക്കി ചിരിച്ചു… ചേട്ടായി നിന്നു പരുങ്ങി…

” നിങ്ങള് പെരുന്നാളിന് പോയ അന്ന് രാത്രി ഞാൻ മുളകരച്ചോണ്ടിരിക്കുമ്പോ ഈ ചേട്ടായി വന്നു എന്റെ… ( ചിരിക്കുന്നു ) എന്റെ ചന്തിക്കൊരു തോണ്ടു… ഒന്നും നോക്കില്ല കയ്യിലിരുന്ന മുളകെടുത്തു നേരെ കണ്ണിലങ്ങു പൊത്തി “

വീണ്ടും ചിരി…

” ചേട്ടായിടെ എക്സ്പ്രെഷൻ കാണാനായിരുന്നു വിറ്റായിരുന്നു കെട്ടോ “

” എടാ നാറി ചേട്ടാ…. നീ അതിന്റെ ഇടയ്ക്കു.. ” സണ്ണി മനസ്സിൽ പറഞ്ഞു…

” നേരാന്നോടാ ആ കൊച്ചു പറഞ്ഞത്?  “

” അതമ്മച്ചി ഞാൻ ഇവളാണെന്നു കരുതി അറിയാതെ ” അവൻ ന്യായം പറഞ്ഞു…

ചേട്ടത്തി കരഞ്ഞു കൊണ്ടു ഓടി… അമ്മ അവന്റെ ചന്തിക്കു പിടിച്ചു നുള്ളിക്കൊണ്ടു തിരിച്ചു…

” ഇനി മേലാ ഇമ്മാതിരി പോക്കിരിത്തരം കാണിക്കുവോ… എടാ കാണിക്കുവൊന്നു “

” അഹ്.. ആഹാ.. ഇല്ലാ… ഇല്ലാ.. അമ്മച്ചി കാണിക്കത്തില്ല… “

” ഓട്ര.. മുറിയിലേക്ക് ഓട്ര ” അമ്മച്ചി പിടുത്തം വിട്ടതും അവൻ ഓടി..

” ഈ വാതിലിനു കുറ്റീം കൊളുത്തും ഉണ്ടാക്കിയേക്കുന്നതെ നിന്റമ്മച്ചിക്കു തുണി ഉണങ്ങാൻ അല്ല… അതിട്ടേച്ചും എന്നാ പേക്കൂത്തു വേണേലും കാണിക്ക്…  ” അമ്മച്ചി ഇറങ്ങി.. സണ്ണി വാതിലടച്ചു… അവൻ തിരിഞ്ഞപ്പോഴേക്കും നിമിഷ അടുത്തത് ഒഴിച്ചടിച്ചു

” എടീ ” സണ്ണി നീട്ടി വിളിച്ചു…  ചുവന്നു കലങ്ങിയ കണ്ണുകളോടെ അവൾ സണ്ണിയെ നോക്കി…

” മോളേ… “

” ഉം.. ഇവിടെ വന്നിരി ” സണ്ണി അടുത്തു വന്നിരുന്നു…

” ചേർന്നിരിക്ക് ” അവൻ കുറച്ചൂടെ അടുത്തിരുന്നു… അവൾ തോളിലേക്ക് ചാരി…

” ഇച്ചായ… ‘

” ഉം ‘

” ഇച്ചായന്‌ ഞാനൊരു ഭാര്യ മാത്രം ആണോ?  “

” അല്ല ചെറിയൊരു കുരിശും കൂടി ആണെ “

” ശരിക്കും?  “

” നീ എന്റെ എല്ലാം അല്ലേടി?  ” അവളെ പിടിച്ചു സണ്ണി മടിയിലേക്കു കിടത്തി.. മങ്ങുന്ന കണ്ണുകളോടെ അവൾ സണ്ണിയുടെ മുഖത്തേക്ക് നോക്കി…

” ഉം… എന്നതാ പെണ്ണെ നോക്കണേ?  “

” ഇച്ചായൻ എന്നെങ്കിലും എന്നെ വെറുക്കുവോ?  ”
” എന്നതാടി തലയ്ക്കു പിടിച്ചോ….?  ” അവൾ കണ്ണ് ചിമ്മിക്കൊണ്ട് ചിരിച്ചു…

” സ്ത്രീധനം ഇല്ലാതെ എന്നെ കെട്ടിയതു സിമ്പതി കൊണ്ടാണോ ഇച്ചായ?  “

” ഇപ്പൊ സംസാരിക്കുന്നതു എന്റെ കൊച്ചല്ല… ഇത് മദ്യമാണ്… കണ്ണടച്ച് ഉറങ്ങാൻ നോക്ക് പെണ്ണെ ” അവൾ കൈ കൊണ്ടു അവന്റെ കവിളിൽ തിരുമ്മാൻ തുടങ്ങി…

” നിമിഷക്ക് ഇച്ചായനോട് സംസാരിക്കണം എന്നുണ്ട്.. കേക്കുവോ ?  “

” കേക്കാലോ “

” ഇച്ചായൻ കിട്ടുമ്പോ നിക്ക് ഇച്ചായനെ ഇഷ്ടല്ലായിരുന്നു ” സണ്ണിയുടെ മുഖം വാടി

” ഉം “

” എന്ത് കും?  “

“പറ “

” പിണങ്ങിയോ?  “

” ഇല്ലെടി പെണ്ണെ.. പറ “

” എനിക്കൊരാളെ ഇഷ്ടായിരുന്നു ഇച്ചായ… പക്ഷെ അവൻ എന്നെ പറ്റിച്ചു “

” സ്വാഭാവികം “

” കൊയപ്പില്ലേ?  “

” ഒരു കൊഴപ്പോം ഇല്ല ! “

” താനെന്തു കെട്ട്യോനാടോ?  “

” ഇനി കുഴപ്പം ഉണ്ടാക്കണോ?  “

” വേണ്ട “

” പിന്നെ ഇച്ചായ….. അവൾ ഒന്ന് നിർത്തി

” എന്നതാടി പൊന്നു.. പറ “

” ഞാൻ അത് പറഞ്ഞാ ഇച്ചായൻ എന്നെ വെറുക്കുവോ?  “

” നീ പറയുന്ന കാര്യം എന്നെ വേദനിപ്പിക്കുന്നതാണോ?  “

” ഉം “

” അത് പറഞ്ഞതുകൊണ്ട് നിനക്ക് ഭാവിയിൽ എന്തെങ്കിലും ഗുണം ഉണ്ടാവാൻ പോവുന്നുണ്ടോ?  “

” ഇല്ല “

” പിന്നെ ഇപ്പോ എന്തിനാ അത് പറയുന്നേ?  “

” എന്നാലും എനിക്കു ഉള്ളിലൊരു കുറ്റബോധം “

” എന്തിനു?  “

” അറിയൂല.. ഇച്ചായൻ എന്നെ സ്‌നേഹിക്കുമ്പോൾ ഒക്കെ ഞാൻ ഇച്ചായനെ ചതിക്കുന്ന പോലൊരു തോന്നൽ  ” സണ്ണി അവളുടെ നെറ്റിയിൽ തലോടാൻ തുടങ്ങി..

” നമ്മുടെ കല്ല്യാണം കഴിഞ്ഞു പൊന്നു ആരേലും സ്നേഹിച്ചിട്ടുണ്ടോ?  “

” ഇല്ല “

”  ആരുടേലും കൂടെ കിടന്നിട്ടുണ്ടോ?  “

അവൾ കലിപ്പിച്ചു അവനെ നോക്കി

” ഇച്ചായ “

” പറ… കിടന്നിട്ടുണ്ടോ?  “

” ഇല്ല “

” ഇനി കിടക്കാൻ വെല്ല ഉദേശോം ഉണ്ടോ?  “

” ഇല്ലെടാ പൊട്ടാ ” സണ്ണി ചിരിച്ചു…

” സ്നേഹിക്കാനോ?  “

” എനിക്ക് സ്നേഹിക്കാൻ എന്റെ സണ്ണിക്കുട്ടൻ ഇല്ലേ?  “

” പിന്നെ ഇപ്പൊ എന്നതാ പെണ്ണെ നിന്റെ പ്രശ്നം?. “

” നാളെ എനിക്ക് പരിപ്പുവട വാങ്ങിച്ഛ് തരുവോ?  “

” ആനക്കാര്യത്തിന്റെ ഇടക്കാ അവള്ടെ ചേനക്കാര്യം “

” എനിക്കിതു ആനക്കാര്യം തന്ന ഇച്ചായ.. പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ കുമാരേട്ടന്റെ ചായക്കടയിലെ പലഹാരങ്ങൾ നോക്കാതെ തിരിഞ്ഞു നടക്കുവായിരുന്നു.  കണ്ടാൽ കൊതിയാവും.. വാങ്ങാൻ പൈസ ഇല്ല.. വാങ്ങി തരാൻ ആരും ഇല്ല ” അവളുടെ കണ്ണുകൾ നിറഞ്ഞു….

” ഏറ്റവും കൊതിച്ചത് സ്നേഹിക്കപ്പെടാനാ… അതെ സ്നേഹം തന്നു ഒരുത്തൻ എന്നെ പറ്റിച്ചു… അതോടെ എന്തെങ്കിലും മോഹിക്കാൻ പേടിയായി…. ആ സമൂഹ വിവാഹത്തിൽ ഇച്ചായനെ ദൈവം ആയിട്ട് കൊണ്ടോന്നതാണ് “

” നീ ഓവറായി….  മതി.. മ്മക്ക് കിടക്കാം “

” വേണ്ട.. എനിക്കീ മടിയിൽ കിടന്നുറങ്ങണം…  ഇവിടെ എനിക്ക് എല്ലാം ഫീൽ ചെയ്യണ്ടു… പറ ഞാൻ നിങ്ങള്ക്ക് ഭാര്യ മാത്രാണോ ?  “

” എന്നതാ എന്റെ പൊന്നു.. ഈ കട്ട മീശേം വെച്ചു ഞാൻ പൈങ്കിളി ആയാൽ ഒരു ഭംഗിയും ഉണ്ടാവില്ല.. ഞാൻ പറഞ്ഞില്ലേ നീ എനിക്ക് എല്ലാം ആണ്… ” അവൾ മെല്ലെ കണ്ണുകൾ അടച്ചു…..

അവളുടെ മുഖത്ത് സണ്ണി തട്ടി വിളിച്ചു…. നിമിഷ കണ്ണുകൾ തുറന്നു…. അവൾ തലയ്ക്കു കൈകൊടുത്തു ചുറ്റും നോക്കി.. നേരം വെളുത്തിരുന്നു…

” അയ്യോ ഇച്ചായൻ ഇന്നലെ എപ്പോഴാ വന്നേ?  ‘

” ഞാൻ ദേ ഇപ്പൊ വന്നേ ഉള്ളൂ.. നീ ഒറക്കം ആയോണ്ട് വിളിച്ചില്ല.. ഇന്നാ ഈ ചായ കുടിക്ക് ” അത്ഭുദത്തോടെ അവനെ നോക്കിക്കൊണ്ടു അവൾ ചായ വാങ്ങി..

”  ചായ മതിയോ.. അതോ രാവിലെ തന്നെ രണ്ടെണ്ണം അടിക്കണോ?  ” അവക്ക് മെല്ലെ ഓരോന്നും ഓർമ വരാൻ തുടങ്ങി…. നിമിഷയുടെ മുഖം ചമ്മലുകൊണ്ടു മൂടി

” തെരി സിനിമയിലെ സാമന്ത വിജയോട് ചോദിക്കുന്ന സീൻ തന്നേം പിന്നേം ഇരുന്നു കാണുന്ന കണ്ടപ്പോഴേ എനിക്ക് തോന്നി എന്തോ തലയിൽ കയറിയിട്ടുണ്ടന്നു “

” ഈ.. താൻ പോടോ… അൺറൊമാന്റിക് മൂരാച്ചി “

” ഹ. ഹ… ഹ…  ഉം.. എന്തായാലും ഒന്ന് കുളിച്ചു റെഡി ആവു.. ഇന്ന് പരിപ്പുവട  കഴിച്ചിട്ട് തന്നെ ബാക്കി കാര്യം “

ഇരുവരുടെയും മുഖത്ത് ചിരി വിടർന്നു….. ഒരു പുഞ്ചിരിയോടെ അവൾ സണ്ണിയുടെ നെഞ്ചിലേക്ക് ചാഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *