എന്റെ വീട്ടുകാർ കൊണ്ടുവന്ന ഈ വിവാഹത്തിൽ എന്റെ ഭാവി നിന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ..

മധുരപ്രതികാരം
(രചന: Mejo Mathew Thom)

രാവിന്റെ പുഞ്ചിരി പോലെ മിഴിചിമ്മിത്തുറക്കുന്ന പലവർണ്ണ ദീപങ്ങളാൽ അലംകൃതമായ കല്യാണ വീടും പരിസരവും കല്യാണത്തലെ രാത്രിയുടെ ആഘോഷങ്ങളിൽ മതിമറന്നൊഴുകുന്നു….

കഥപറച്ചിലും….കുറ്റപറച്ചിലും അരങ്ങുവാഴുന്ന പെൺകൂട്ടങ്ങളും..

നുരഞ്ഞുപൊന്തുന്നതും നുരയാത്തതുമായ പലനിറത്തിലും പേരിലുമുള്ള ലഹരിയെ വെള്ളം ചേർത്തും ചേർക്കാതെയും അകത്താക്കി കല്യാണം കൊഴുപ്പിക്കുന്ന പുരുഷകൂട്ടങ്ങളും….

അങ്ങോട്ടുമിങ്ങോട്ടു കമന്റടിച്ചും കളിയാക്കിയും കണ്ണുകകളാൽ കഥകൾ പറഞ്ഞു പ്രണയത്തിന്റെ വിത്തുപാകുന്ന കൗമാരക്കൂട്ടങ്ങളും…

വരുന്നവരിലധികം പേരുടെയും വായിൽ വെള്ളമൂറിക്കുന്ന എല്ലും കപ്പയുടെയും മറ്റ് പലവിഭവങ്ങളുടെ മാസ്മരികഗന്ധവും നിറഞ്ഞു നിൽക്കുന്ന ആഘോഷരാവിൽ…

കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും ഒപ്പമിരുന്നു തമാശപറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ മനസൊന്നു പിടഞ്ഞു….

കുറച്ചുനാൾ മുൻപുവരെ ‘നിന്റൊപ്പമല്ലാത്തൊരു ജീവിതം എനിക്ക് ആലോചിയ്ക്കാൻ കൂടെ വയ്യ ‘ എന്ന് അവൾ പറയാറുള്ളത് അവന്റെ ഓർമ്മയിൽ തികട്ടിവന്നു…

ഉള്ളിലെ വേദന പുറത്തു കാണിക്കാത്ത അവളുടെ അടുത്തേയ്ക്കു നടക്കുമ്പോൾ അവന്റെ മനസ്സിൽ ചില ഉറച്ച തീരുമാനങ്ങൾ ഉണ്ടായിരുന്നു….

അവനെ കണ്ടമാത്രയിൽ അവളുടെ മുഖത്തെ സന്തോഷവും ചിരിയും മാഞ്ഞു പകരം സംശയവും ഭയവും തെളിഞ്ഞു എങ്കിലും കപട സന്തോഷത്തിന്റെ മുഖം മൂടിയണിഞ്ഞ് അവൾ അവനെ സ്വീകരിച്ചു..

“ഹായ്.. ഡാ.. നീ ഒറ്റയ്‌ക്കെയൊള്ളോ ബാക്കിയാരും വന്നില്ലേ..?”

അവളുടെ ചോദ്യത്തിനുത്തരം അവനിൽനിന്ന് ലഭിയ്ക്കില്ല എന്നു മനസിലാക്കിയ അവൾ അഭിനയത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു

“ഇത്.. കിരൺ.. എന്റെ കൂടെ വർക്ക്‌ ചെയ്യുന്നു..”

“സൗമ്യ..എനിക്ക് തന്നോട് ഒന്ന് തനിച്ചു സംസാരിക്കണം.. ”

അവളുടെ പരിചയപെടുത്തലിനിടയിൽ അവൻ അവളുടെ അടുത്ത്ചെന്ന് മറ്റാരും കേൾക്കാതെ പറഞ്ഞു.. അത്കേട്ടു അവൾ സംശയത്തോടെ ഒന്ന് നോക്കിയശേഷം എല്ലാവരോടുമായ്

“കിരണിന് നാളെ വേറൊരു ഫങ്ങ്ഷൻ ഉള്ളതുകൊണ്ട് നാളെ വരാൻപറ്റില്ല അതുകൊണ്ട് കല്യാണഡ്രസ്സും ഒർണമെന്റ്സും ഒക്കെ കാണിച്ചിട്ടുവരാം ”

എന്നുപറഞ്ഞു അവൾ അവനെയുംകൂട്ടി അവളുടെ മുറിയിലേയ്ക്കു പോയി..

മുറിയിലേയ്ക്കു കയറി അകത്തുനിന്നും കുറ്റിയിട്ടുകൊണ്ടു…

“നമ്മൾ എല്ലാം പറഞ്ഞവസാനിപ്പിച്ചതല്ലേ പിന്നെയെന്താ തനിച്ചുസംസാരിക്കാനുള്ളത്.. ?”

അവളുടെ ചോദ്യത്തിൽ അവൻ വന്നതിലുള്ള അതൃപ്‌തി തെളിഞ്ഞുനിന്നു.. പക്ഷെ അതൊന്നും വകവയ്ക്കാതെയായിരുന്നു അവന്റെ മറുപടി

“എനിക്ക് പറയാനുള്ളത് കേൾക്കാൻ ഇതുവരെ നീ തയാറായില്ല..അതിനുള്ള ഒരവസരം നീയെനിക്ക് തന്നുമില്ല..

ഇന്നെകിലും അത് നിന്നോട് പറഞ്ഞില്ലെങ്കിൽ നീ പറഞ്ഞതെല്ലാം വിശ്വസിച്ച ഒരു പൊട്ടനാണ് ഞാൻ എന്ന് നീ കരുതും ”

“അതിനു ഞാൻ നിന്നോട് പറഞ്ഞതൊക്കെ സത്യമാണ്.. നമ്മുടെ ബന്ധത്തിന്റെ കാര്യതിൽ ഞാൻ വീട്ടുകാരോട് കുറെ വാശിപിടിച്ചതാ പക്ഷെ ആരും സമ്മതിയ്ക്കുന്നില്ല പിന്നെ ഞാൻ എന്താ ചെയ്യുക…?”

അവൾ സ്വയം ന്യായികരിച്ചുകൊണ്ടു ചോദിച്ചു

“നിന്റെ മാതാപിതാക്കളെ ഞാൻ കുറ്റംപറയില്ല കാരണം നിന്റെ ഭാവി സുരക്ഷിതമാകാൻവേണ്ടിയാണ് അവർ ചെയ്യുന്നതെല്ലാം

പക്ഷെ നീ നമ്മുടെ കാര്യം ഉറപ്പിച്ചു അവരോട് പറഞ്ഞിരുന്നെങ്കിൽ അവർക്ക് സമ്മതമല്ലെങ്കിൽ അതിന്റെ റിയാക്ഷൻ ആരെങ്കിലും വഴി ഏതെങ്കിലും വിധത്തിൽ എനിക്ക് കിട്ടിയേനെ

ഒന്നുങ്കിൽ ഉപദേശത്തിന്റെ രൂപത്തിലോ അല്ലെങ്കിൽ ഭീഷണിയോ….

ഇപ്പോൾ മനസ്സിലായോ നീ പറഞ്ഞത് വിശ്വസിച്ച പൊട്ടനല്ല ഞാൻ എന്ന് പറഞ്ഞതിന്റെ അർത്ഥം..”

വളരെ ശാന്തമായായിരുന്നു അവന്റെ സംസാരമെങ്കിലും വാളിനേക്കാൾ മൂർച്ചയിൽ അത് അവളുടെ മനസ്സിൽ തുളച്ചുകയറി

“അതെ നിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞില്ല കാരണം എന്റെ വീട്ടുകാർ കൊണ്ടുവന്ന ഈ വിവാഹത്തിൽ എന്റെ ഭാവി നിന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ സുരക്ഷിതമാണെന്ന് എനിക്ക് തോന്നി..

ഇപ്പോൾ മനസിലായില്ലേ എല്ലാം ഇനിയെങ്കിലും ഒന്നുപോയിതരാമോ ഇവിടുന്നു” മുഖമൂടിയൊന്നുമില്ലാതെ തനിസ്വരൂപത്തിലായിരുന്നു അവളുടെ സംസാരം

“ഇപ്പോഴേലും നീ സത്യം പറഞ്ഞല്ലോ ഇനി നിന്നെ കെട്ടാൻ പറ്റാത്തത് നന്നായി എന്ന് സമാധാനിക്കാം

എങ്കിലും കുറച്ചു കാലത്തേയ്ക്കാണെങ്കിലും മധുരകരമായ നിമിഷങ്ങൾ നിറഞ്ഞ ഒരു യാത്ര തന്നതിന് ഒത്തിരി നന്ദി ” ഒരു ആക്കിയ ചിരിയോടെയാണ് അവൻ പറഞ്ഞത്

“എന്ത് യാത്ര ?മനസിലായില്ല.. .”
സംശയഭാവത്തിൽ നെറ്റി ചുളിച്ചു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് പുഞ്ചിരിതൂകി ശാന്തമായായിരുന്നു അവന്റെ മറുപടി

“മനസിലാക്കിത്തരാം നിനക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ എനിക്കെന്താ ഒരു സന്തോഷം… അതായത് കല്യാണത്തിന് മുൻപുള്ള പ്രണയം ഒരുതരത്തിൽ.

നല്ല തിരക്കുള്ള ട്രെയിനിൽ ജനറൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യുന്ന പോലെയാ സീറ്റ്‌ കിട്ടുമായിരിക്കും എന്നുള്ള പ്രതീക്ഷമാത്രം ഭാഗ്യമുണ്ടെങ്കിൽ സീറ്റ്‌ കിട്ടും

പക്ഷെ വിവാഹം എന്നുപറയുമ്പോൾ അതെ തിരക്കുള്ള ട്രെയിനിൽ സ്ലീപ്പർ ക്ലാസ്സിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തു യാത്ര ചെയ്യുന്നപോലെയാ

നമുക്ക് മാത്രമായി ഒരു സീറ്റ്‌ ഉറപ്പായും ഉണ്ടാകും നമുക്കതിൽ ഇരുന്നും കിടന്നും ആസ്വദിച്ചു യാത്ര ചെയ്യാം…

നമ്മുടെ കഴിവുകേടുകൊണ്ടു വേറാരും കേറിയിരിക്കാതെ നോക്കിയാൽ മതി..

എന്നാൽ ചില വിരുതുള്ളവർ എത്ര തിരക്കുണ്ടെലും ഈ ജനറൽ കമ്പാർട്ട്മെന്റിൽ എങ്ങനേലും ഒരു സീറ്റൊപ്പിച് ഇരുന്നും പറ്റിയാൽ കിടന്നും മൊതലാക്കും…

അത്കൊണ്ട് എന്റെ യാത്രയിൽ കിടക്കാൻ പറ്റിലേലും കുറച്ചൊക്കെ ഇരുന്നു ആസ്വദിയ്ക്കാൻപറ്റി അതിനാണ് നിന്നോട് നന്ദി പറഞ്ഞത്.. ഇപ്പോൾ മനസ്സിലായോ.. ?”

അവൻ പറഞ്ഞത് കേട്ട് മറുപടിയില്ലാതെ വിളറിവെളുത്തുനിന്ന അവൾക്ക് ഒരു വിവാഹ ആശംസയും നേർന്നുകൊണ്ട് തിരിഞ്ഞുനടക്കുമ്പോൾ

ഒരു തേപ്പുകാരിക്ക് നല്ലൊരു സമ്മാനംകൊടുത്തതിന്റെ ആശ്വാസമായിരുന്നു അവന്റെമുഖത്ത്… .

Leave a Reply

Your email address will not be published. Required fields are marked *