ഇപ്പോൾ മോൾക്ക്‌ ഇരുപത്തിയൊന്ന് വയസ്സു തികഞ്ഞു, നല്ലൊരു ബന്ധം വന്നിട്ടുണ്ട്..

അദൃശ്യസംരക്ഷണം
(രചന: Mejo Mathew Thom)

“നിന്നെ ഒരു സുരക്ഷിതമായ കൈകളിൽ ഏൽപിക്കുമ്പോഴാ അച്ഛന്റെ ജീവിതത്തിനു കുറച്ചെങ്കിലും സാധനമാകൂ… അതുതന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും…. ”

ഉറക്കംവരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അച്ഛന്റെ വാക്കുകൾ അവളുടെ മനസ്സിൽ അശരീരിപോലെ മുഴങ്ങിക്കൊണ്ടിരുന്നു..

ഏതൊക്കെ ചിന്തകളെ ഉണർത്തിയിട്ടും അച്ഛന്റെ വാക്കുകൾ മനസ്സിന്നു പോകുന്നില്ല….

അച്ഛൻ അവരെ വിട്ടുപിരിഞ്ഞു സ്വർഗവാസംപൂകിയിട്ടു വർഷം നാലുകഴിഞ്ഞു…

അവൾക്കു പതിനേഴുവയസ്സുതികഞ്ഞു മൂന്നുദിവസംകഴിഞ്ഞപ്പോൾ ചെറിയൊരു നെഞ്ചുവേദന എന്നുപറഞ്ഞു ഒന്നുകിടന്നതാ പിന്നെ അച്ഛൻ ഉണർന്നില്ല…

അവളുടെ ചിന്തകൾ അച്ഛനടുത്തേക്കു സഞ്ചരിച്ചു തുടങ്ങി….

പെൺകുട്ടിയായിരുന്നിട്ടു പോലും വലുതായിക്കഴിഞ്ഞും അമ്മയെക്കാളും തന്നോടടുപ്പം അച്ഛനായിരുന്നു എന്തുകാര്യത്തെക്കുറിച്ചും തനിക്കു തുറന്നു സംസാരിയ്ക്കാൻ സ്വതന്ത്ര്യമുള്ള ഒരു സുഹൃത്തായിരുന്നു അച്ഛന്റെ….

തന്റെ വസ്ത്രധാരണത്തിന്റെ കാര്യത്തില്പോലും തനിക്കുവേണ്ട തിരുത്തലുകൾ തരുന്ന മാർഗദർശി… അച്ഛന്റെ ഏറ്റവും വലിയ സ്വപ്നവും ആഗ്രഹവുമായിരുന്ന തന്റെ വിവാഹം..

ആ സ്വപ്നം പൂവണിയാൻ ഇനി രണ്ടു ദിവസംകൂടിയേയുള്ളു പക്ഷെ അത് തന്റെ ചേട്ടനോ അമ്മയ്ക്കോ ബന്ധുക്കാർക്കോ കൂട്ടുകാർക്കോ ഒന്നും അറിയില്ല…

തനിക്കും പ്രാണനേക്കാൾ താൻ സ്നേഹിക്കുന്ന തന്റെ അച്ചു എന്ന അർജുനും മാത്രമറിയുന്ന രഹസ്യം….

അച്ഛന്റെ വേർപാടിനുശേഷം തന്റെ കാര്യത്തിൽ അമ്മയ്ക്ക് ആധിയായിരുന്നു.. ആ ആധി അമ്മയെ കൂടുതൽ കർക്കശക്കാരിയും അന്തർമുഖിയുമാക്കി…

ഏട്ടന്റെ കാര്യവും ഏകദേശം അതുപോലെതന്നെ അച്ഛനില്ലാത്തതിന്റെ കുറവ് കുടുംബത്തിൽ ഉണ്ടാവാതിരിക്കാൻ പരമാധി ശ്രെമിക്കുന്നു…

ഉള്ളിലുള്ള സ്നേഹം പുറത്തുകാണിക്കാതെ സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും പോലും വേണ്ടന്നുവച്ചു അനിയത്തിയുടെ കാര്യത്തിൽ അമിത ശ്രെദ്ധ പുലർത്തുന്നു…

അച്ഛനില്ലാത്ത കുട്ടി എന്നുള്ള ബന്ധുക്കളുടെ അമിത പരിഗണനകൂടിയായപ്പോൾ ആകെ വീർപ്പുമുട്ടുന്ന അവസ്ഥ…

എല്ലാവരും തനിക്ക് അച്ഛന്റെ കുറവ് നികത്താൻ ശ്രെമിക്കുമ്പോൾ താൻ അനുഭവിച്ചറിഞ്ഞ അച്ഛനെ നഷ്ടപെട്ടുകൊണ്ടിരിക്കുകയായിരുന്നു…

അങ്ങനെയിരിക്കുമ്പോഴാണ് മുഖപുസ്തകത്തിൽ നിന്നും അർജുനെ പരിചയപ്പെടുന്നത്..

ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിചെയ്തു കുടുംബം പുലർത്തുന്ന ഒരു സാധാരണക്കാരൻ..

ആ പരിചയം സൗഹൃദമാകാനും പിന്നീട് പ്രണയത്തിലേക്ക് വഴിമാറാനും അധികം സമയം വേണ്ടിവന്നില്ല കാരണം താനെന്ന പെൺകുട്ടി ആഗ്രഹിച്ചതു പോലുള്ള സ്നേഹവും കരുതലും മാന്യതയും അവനിനിന്നു ലഭിച്ചു…

അതിരുകടന്ന സംസാരമോ പെരുമാറ്റമോ ഒരിയ്ക്കലും അവന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല..

തന്റെ ഒരു ഫോട്ടോപോലും ഇതുവരെ അവൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല അവന്റെ ഒരു ഫോട്ടോ ചോദിച്ചപ്പോൾ ‘എന്തിനാ ഫോട്ടോ നേരിട്ടുകാണാലോ’ എന്നുപറഞ്ഞു ഇവിടെ അമ്പലത്തിൽ വന്ന് കണ്ടിട്ടുപോയതാ…

തന്റെ ചേട്ടനെയും വീട്ടുകാരെയും പേടിച്ചിട്ടാ അവൻ തങ്ങളുടെ ബന്ധത്തെക്കുറിച്ചും അവനെക്കുറിച്ചും ആരോടും പറയണ്ടാന്നു പറഞ്ഞത്

കാരണം സാമ്പത്തികമായി തങ്ങളെക്കാളും ഏറെ പുറകിൽനിൽക്കുന്ന കുടുംബമായിരുന്നു അവന്റേതു..

കല്യാണം കഴിഞ്ഞ് ഒരുമിച്ചുവന്നു എല്ലാവരോടും മാപ്പുചോദിയ്ക്കാം എന്നാണ് അവൻപറയുന്നത്….

പെട്ടന്നാണ് അവളുടെ മുറിയുടെ വാതിലിൽ മൃദുവായൊരു തട്ടൽ കേട്ടത്… അത് അവളെ ചിന്തകളിൽനിന്നുണർത്തി…

“മോളെ….അനൂ… ഏട്ടനാ.. .”

പതിഞ്ഞ സ്വരത്തിൽ ഏട്ടന്റെ വിളിയും കൂടെകേട്ടപ്പോൾ പിന്നെ അവൾക്കധികം ചിന്തിയ്ക്കേണ്ടിവന്നില്ല.. അവൾ എഴുനേറ്റുചെന്ന് വാതിൽ തുറന്നു

“എന്താ ഏട്ടാ ഈ രാത്രിയിൽ.. എന്തുപറ്റി…?” ഏട്ടന്റെ മുഖത്തുണ്ടായിരുന്നു ടെൻഷൻ കണ്ട് അല്പം സംശയത്തോടെ അവൾ ചോദിച്ചു

“മോള് പേടിക്കണ്ട ഒരുകാര്യം മോളോട് ചോദിക്കണം എന്നുകരുതിയിട്ടു കുറച്ചു നാളായി പക്ഷെ ഇനി വൈകരുത് ഇപ്പോൾ തന്നെ ചോദിയ്ക്കണം എന്ന് ഉള്ളിൽ ആരോ പറയുംപോലെ”

മുറിയ്ക്കകത്തേയ്ക്കു കയറി വാതിൽ അടച്ചുകൊണ്ടായിരുന്നു ഏട്ടൻ പറഞ്ഞത്..അവൾ മറുപടി ഒന്നും പറഞ്ഞില്ല.. അവളുടെ ഉള്ളിലും ഒരു ആധി കയറിക്കൊണ്ടിരുന്നു

“അനൂ .. നമ്മുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു നിന്റെ വിവാഹം..

ഇപ്പോൾ മോൾക്ക്‌ ഇരുപത്തിയൊന്ന് വയസ്സു തികഞ്ഞു.. നല്ലൊരു ബന്ധം വന്നിട്ടുണ്ട് മോൾക്ക്‌ സമ്മതമാണെങ്കിൽ ഏട്ടൻ അത് ആലോചിയ്ക്കാം ”

ഏട്ടൻ പറഞ്ഞത്കേട്ട് അവൾ ഷോക്കേറ്റ പോലെ തരിച്ചുനിന്നു.. രണ്ടുദിവസം കഴിഞ്ഞു കൂടെവരാമെന്നു അർജുനു കൊടുത്ത വാക്കു അവളുടെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു

“മോള് ടെൻഷൻ ആകേണ്ട.. ആലോചിച്ചു പറഞ്ഞാമതി.. അച്ഛന്റെ ആഗ്രഹമല്ലേ ഇനി വൈകിപ്പിക്കണ്ടല്ലോ.. മോള് കിടന്നോ… ”

അവളുടെ മുഖത്തെ ടെൻഷൻ കണ്ട് അവളെ തന്നിലേക്ക് ചേർത്തു നിറുത്തി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞശേഷം ഏട്ടൻ പുറത്തേയ്ക്കു പോകാനൊരുങ്ങി..

അച്ഛൻ മരിച്ചശേഷം ആദ്യമായിട്ടാണ് ഏട്ടന്റെ ഭാഗത്തുന്നും ഇങ്ങനൊരു പെരുമാറ്റം ഒരുനിമിഷത്തേയ്ക്ക് അച്ഛന്റെ സാമിപ്യം അവൾ അടുത്തറിഞ്ഞു

“ഏട്ടാ.. ”

അവൾ വിളിച്ചപ്പോഴേയ്കും ഏട്ടൻ വാതിൽ തുറക്കാൻ തുടങ്ങുവാരുന്നു

“എന്താ മോളേ…”

അവളുടെ വിളികേട്ട് വാതിൽ തുറക്കാതെ തിരിഞ്ഞുകൊണ്ടു ഏട്ടൻ ചോദിച്ചു അല്പനേരത്തെ മൗനത്തിനുശേഷം അവൾ അർജുനെക്കുറിച്ചും

തങ്ങളുടെ ബന്ധത്തെക്കുറിച്ചും രണ്ടുദിവസംകഴിഞ്ഞു ഒളിച്ചോടിപ്പോയി കല്യാണം കഴിയ്ക്കാം എന്നുള്ള തിരുമാനത്തെക്കുറിച്ചും എല്ലാം ഏട്ടനോട് പറഞ്ഞു…

എല്ലാം കേട്ടശേഷം അൽപ്പനേരം ആലോചിച്ചശേഷം ഏട്ടൻ അവളുടെ അടുത്തുവന്നു തോളത്തു പിടിച്ചു കൊണ്ടു പറഞ്ഞുതുടങ്ങി

“മോള് ഒളിച്ചോടാനൊന്നും പോകണ്ട… അവനോട് നാളെ എന്നെവന്നു കാണാൻപറ…

നിങ്ങളുടെ കല്യാണത്തിന് അവന്റെ സാമ്പത്തികം ഒരു തടസമാകില്ല… മോൾക്കെന്നെ വിശ്വസിയ്ക്കാം… ഇപ്പോൾ മോള് സമാധാനമായി കിടന്നുറങ്ങിക്കോ ”

അത്രയും പറഞ്ഞു നിറുത്തിയ ശേഷം ഏട്ടൻ ദൃതിയിൽ പുറത്തേയ്ക്കു പോയി…

അപ്രതീക്ഷിതമായി ഏട്ടൻ പറഞ്ഞതു വിശ്വസിക്കാനാകാതെ അവൾ കട്ടിലിൽവന്നുകിടന്നു… സന്തോഷാധിക്യത്താൽ അവളുടെ മനസ് കടിഞ്ഞാണില്ലാത്ത കുതിച്ചുപാഞ്ഞു..

ആ രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല അവളുടെ ചിന്തകളിൽ അവരുടെ ആദ്യരാവുവരെയെത്തി നേരംപുലരുന്നതിനായ് അവൾ മണിക്കൂറുകളെണ്ണികാത്തിരുന്നു…

ഒടുക്കം ക്ഷമ നശിച്ചവൾ അവനെ വിളിച്ചു.. .അഞ്ചാറു റിങ്ങുകൾക്കു ശേഷമാണ് അവൻ കാൾ അറ്റന്റ് ചെയ്തത്

“എന്താ അനു ഇത്ര നേരത്തെ.. .?” ഉറക്കപിച്ചോടെയുള്ള അവന്റെ ചോദ്യത്തിന് മനസ്സുനിറഞ്ഞ സന്തോഷത്താലുള്ള മറുപടിയായിരുന്നു അവളുടെ

“അച്ചൂ.. .. നമ്മുടെകല്യാണത്തിന് എന്റെ ഏട്ടൻ സമ്മതിച്ചു.. ഞാൻ ഇതുവരെയുള്ള നമ്മുടെയെല്ലാക്കാര്യവും ഏട്ടനോടു പറഞ്ഞു..

നിന്റെ സാമ്പത്തികം നമ്മുടെ കല്യാണത്തിനു ഒരു തടസ്സമാകില്ലെന്നു ഏട്ടൻ ഉറപ്പുതന്നിട്ടുണ്ട് ”

ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തശേഷം അവൾ നിന്നുകിതച്ചു പക്ഷെ അല്പനേരത്തേക്കു അവന്റെ ഭാഗത്തുനിന്നും മറുപടിയൊന്നുമുണ്ടായില്ല കുറച്ചു നേരത്തിനു ശേഷം ഒരു പൊട്ടിത്തെറിയാനുണ്ടായത്

“അനൂ.. . നീ ചതിച്ചു.. എന്നെക്കുറിച്ചോ നമ്മുടെ ബന്ധത്തെക്കുറിച്ചോ ഇപ്പോൾ ആരോടും പറയരുത് കല്യാണത്തിനു ശേഷം പറഞ്ഞാല് മതിയെന്നു പറഞ്ഞതല്ലേ.. .?

അതുകൊണ്ട് നമ്മുടെ ബന്ധം ഇവിടെ അവസാനിപ്പിക്കുകയാണ് ഇനി നിയെന്നെ അന്വേഷിക്കുകയോ വിളിക്കുകയോ ചെയ്യരുത് ”

എന്നുംപറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തു.. അവൾക്ക് പെട്ടന്നൊന്നും മനസിലായില്ല ഒരുതരം മരവിച്ചുപോയ അവസ്ഥ..

ഇതുവരെകാണാത്ത അവന്റെ പുതിയഭാവം ഉൾകൊള്ളുവാനാകാതെ അവൾ വിറങ്ങലിച്ചുനിന്നു.. ഏതാനും നിമിഷങ്ങൾക്കകമാണ് അവൾക്കു സ്ഥലകാലബോധം വന്നത്..

പെട്ടന്നുതന്നെ അവൾ വീണ്ടും അവന്റെ നമ്പറിലേക്കുവിളിച്ചു അത് സ്വിച്ച്ഓഫ് ആണെന്നായിരുന്നു മറുപടി അവളുടെ ഭാവം മാറിത്തുടങ്ങി ഭ്രാന്തുപിടിച്ചപോലെ അവന്റെ വാട്ട്സാപ്പിലെയ്ക്കും ഫേസ്ബുക്കിലേക്കുമൊക്കെ

പക്ഷെ അപ്പോഴേക്കും അതിലെല്ലാം അവൻ അവളെ ബ്ലോക്ക്ചെയ്ത് കഴിഞ്ഞിരുന്നു അവൾക്കു സമനില തെറ്റിത്തുടങ്ങി അവൾ നേരെ ഏട്ടന്റെ അടുത്തേക്കോടി

രാവിലെ സംഭവിച്ചകാര്യങ്ങളെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ട് ഏട്ടനോടു പറഞ്ഞു.. എല്ലാംകേട്ടശേഷം അവളെ സമാധാനിപ്പിച്ചു തന്നിലേക്കു ചേർത്തു നിറുത്തി പറഞ്ഞു തുടങ്ങി

“മോളെ.. .ഇതോർത്തു നീ വിഷമിക്കരുത് വലിയൊരു ചതിയിൽനിന്നും നീയും നമ്മുടെ കുടുംബവും രക്ഷപെട്ടുന്നു കരുതിയാൽമതി

കാരണം അവൻ നിന്നോടുകാണിച്ച സ്നേഹം ആത്മാര്തമായുള്ളതായിരുന്നെങ്കിൽ എന്ത് പ്രശ്നമായിരുന്നാലും ഇപ്പോൾ ഇങ്ങനെ ചെയ്യില്ലാരുന്നു..

ഇപ്പോൾ മോളുപറഞ്ഞ അവന്റെ ഫേസ്ബുക് അക്കൗണ്ട്പോലും നിലവിലില്ല..

പെൺകുട്ടികളെ പ്രണയംനടിച്ചു കടത്തികൊണ്ടുപോകുന്ന ഏതെങ്കിലും സെ ക് സ് മാഫിയയിലെ കണ്ണിയായിരിക്കണം അവനും

അതിനുവേണ്ടിയായിരുന്നു നിന്നോടുള്ള അമിതമാന്യതയും ആരോടും പറയാതെ ഒളിച്ചോടിപ്പോയി കല്യാണം കഴിക്കാമെന്നുള്ള നിർബന്ധവും”

ഒന്നുനിറുത്തിയശേഷം ഏട്ടൻ വീണ്ടും പറഞ്ഞുതുടങ്ങി

“ഞാൻപറഞ്ഞതൊന്നും പെട്ടന്നുൾക്കൊള്ളാൻ നിനക്കാവില്ലന്നു എനിക്കറിയാം പക്ഷെ മോള് ഒരുകാര്യം ഉറച്ചു വിശ്വസിച്ചോളു. ..

വിട്ടുപിരിഞ്ഞെങ്കിലും നമ്മുടെ നന്മ്മയ്ക്കായി അച്ചന്റെ സാന്നിധ്യം എന്നും നമ്മോടൊപ്പമുണ്ടാകും

അതുകൊണ്ടാണ് അവസാന നിമിഷത്തിലെങ്കിലും എല്ലാം എന്നോടു തുറന്നു പറയാൻ മോൾക്കുതോന്നിയതു

ഇങ്ങനെ പല പെൺകുട്ടികൾക്കും തോന്നിയിരുന്നെങ്കിൽ അവരുടെ ജീവിതം ഒരു ദുരന്തമാകില്ലാരുന്നു”

അവൾ മറുപടിയൊന്നും പറയാതെ ഏട്ടന്റെ മാറിലേയ്ക്ക്ചാഞ്ഞു.. ആ മാറിലവളറിഞ്ഞു അച്ഛന്റെ വാത്സല്യവും കരുതലും…

Leave a Reply

Your email address will not be published. Required fields are marked *