ഇടയ്ക്കിടെ അവളിലെ നേർത്ത പുഞ്ചിരി എന്നിലേക്ക് നീളുമ്പോൾ ആരും അറിയാതെ എന്നിലേക്കു..

പറയാതെ
(രചന: Athulya Sajin)

സാർ പറഞ്ഞ സ്ഥലം എത്തി ഇവിടുന്ന് ഇനി എങ്ങോട്ടാ തിരിയെണ്ടത്??

യാത്രക്ഷീണം കാരണം ഒന്ന് മയങ്ങിപോയി…
അത്യധികം സന്ദോഷത്തോടെ കണ്ണു തുറന്നപ്പോൾ കുരുത്തോലതോരണങ്ങൾ ആണ് നിറയെ വഴിക്ക് ഇരുവശവും…

മൂന്നും കൂടിയ ഇടത്തെ ബസ്സ് സ്റ്റോപ്പ്‌ എത്തിയപ്പോൾ ആണ് ഡ്രൈവർ ചോദിച്ചത്…

എത്ര നാളുകൾക്കു ശേഷമാണ് കാവിലെ ഉത്സവം കൂടാൻ പോവുന്നത്… പണ്ടത്തെ ഓർമ്മകൾ എല്ലാം ഒരു നിമിഷതെക്ക് ഇരമ്പിഎത്തി ഉള്ളിൽ തിമിർത്തു പെയ്തു കുളിരു നിറച്ചു…..

ജനിച്ചു വളർന്ന നാട്… എത്ര ദൂരം പോയാലും സ്വയം ഇവിടെ മറന്നു വെക്കുന്നു ഓരോരുത്തരും.. ഈ മണ്ണിൽ അത്രത്തോളം തന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു എന്ന് ഓരോ തിരിച്ചു വരവിലും പിന്നെയും ഹൃദയത്തിൽ എഴുതിനിറക്കുന്നു…

സാർ…??

വലത്തോട്ട് തിരിയുന്ന വഴി ചൂണ്ടി കാണിച്ചുകൊടുത്തു… വീട്ടിൽ എത്തിയപ്പോൾ മുന്നിൽ തന്നെ അമ്മ നിൽപ്പുണ്ട്..

കുഞ്ഞിയാണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളപ്പെട്ടു നടക്കുന്നുണ്ട്…

എന്നെ കണ്ടതും ഓടി വന്നു അവൾ… കയ്യിൽ ഉള്ള ബേഗ് ഒക്കെ വാങ്ങി അകത്തേക്ക് ഓടി…

അപ്പൊ ന്നേ കാണണ്ടേ ഏട്ടന്റെ കുഞ്ഞിക്ക്??

ഇവൾക്ക് ഒരു മാറ്റവും ഇല്ലല്ലോ.. അമ്മേ…?? കുറച്ചു ദിവസം കഴിഞ്ഞാൽ മറ്റൊരു വീട്ടിൽ ചെന്നു കേറണ്ട പെണ്ണാ… കുട്ടിക്കളിക്ക് ഒരു കുറവുമില്ല…

അവൾ അങ്ങനെ തന്നെയാ മോൻ വാ…

അമ്മ കെട്ടിപ്പിടിച്ചു ഒരുപാട് നേരം അങ്ങനെ നിന്നു… കണ്ണുകൾ നിറയുന്നതു തുടച്ചു മാറ്റി.. നിറഞ്ഞ ചിരിയോടെ എന്നെ നോക്കി…

ന്റെ കുട്ടിക്ക് ബുദ്ധിമുട്ട് ആണോ അവിടെ?? മുഖത്തു നല്ല ക്ഷീണണ്ട്…

ഇല്ലമ്മേ… എനിക്ക് അവിടെ കുഴപ്പം ഒന്നുല്ല…

നിങ്ങൾ ഇവിടെ സന്തോഷത്തോടെ കഴിയുന്നു എന്നറിയുമ്പോൾ എല്ലാ ബുദ്ധിമുട്ട്കളും മാറും… അമ്മക്ക് സന്തോഷം ആയി മോനെ.. ഇനി നിന്റെ കയ്യ് പിടിച്ചു ഒരു പെണ്ണ് കൂടി ഈ പടി ചവിട്ടിയാ മതി…

ഒക്കെ ഈ വരവിൽ തന്നെ നടത്താം അമ്മേ.. അതിനു വേണ്ടത് എല്ലാം കരുതിട്ടുണ്ട്…

നീ ആരേലും കണ്ടു വെച്ചിട്ടുണ്ടോ..?

മ്മ്മ്…. അതൊക്കെ ഞാൻ വഴിയേ പറയാം…

അങ്ങനാച്ചാ കുഞ്ഞീടേം നിന്റെo ഒരു പന്തലിൽ വെച്ച് നടത്താം… അച്ഛന് ഒരുപാട് സന്തോഷാവും… പാവം…

അമ്മ പൂമുഖത്തു പൂമാലയിട്ട് വെച്ച അച്ഛൻടെ ചിത്രത്തിലെക്ക് നോക്കി പറഞ്ഞു…

മോൻ അച്ഛനോട് പ്രാർത്ഥിക്കു.. അമ്മ ചായ എടുക്കാം… ചായ കുടിച്ചു കൊണ്ട് നിന്നപ്പോൾ ആണ് കുഞ്ഞി വന്നത്… അവളുടെ കയ്യിൽ വെച്ച പെട്ടി കണ്ടു ഉള്ളോന്നു പിടച്ചു..

ഇത് എനിക്കാണോ ശിവേട്ടാ…

അവൾ അത് തുറന്നു അതിലെ വള എടുത്തു നീട്ടി കാണിച്ചു കൊണ്ട് ചോദിച്ചു…??

ഞാൻ ഒന്ന് പരുങ്ങി…

അവൾക്കുള്ള സ്വർണം ഒരുമിച്ചു പോയി എടുക്കാം ന്നാണല്ലോ നീ അന്ന് വിളിച്ചപ്പോൾ പറഞ്ഞത്…

ആ അത്… അതെ.. അമ്മേ…

നിനക്കു ഇഷ്ട്ടായെങ്കിൽ നീ എടുത്തോ..

അപ്പൊ എനിക്ക് വാങ്ങിയത് അല്ലെ??

കുഞ്ഞി നിനക്കുള്ളത് നമ്മൾ ഒരുമിച്ചു പോയി എടുക്കും.. അത് അവിടെ കൊണ്ട് പോയി വെക്ക്…

കുഞ്ഞി അകത്തേക്ക് പോയപ്പോൾ അമ്മ ഒന്ന് ഇരുത്തി നോക്കി.. എന്നിട്ട് പറഞ്ഞു…

അപ്പൊ എല്ലാം ഉറപ്പിച്ചു അല്ലെ ടാ കള്ളാ.. എന്നിട്ട് എന്താ ആരാ എന്ന് മാത്രം പറയാത്തതു..??

സമയം ആവട്ടെ അമ്മാ…

കുളി കഴിഞ്ഞു വന്നപ്പോൾ മേശമേൽ ആ പെട്ടി ഇരിപ്പുണ്ട്.. കുഞ്ഞിക്ക് കൂടെ ഒന്ന് വാങ്ങായിരുന്നു.  അവൾക്ക് വിഷമായോ എന്ധോ..

ചുവന്ന കല്ലുകൾ പതിച്ച ആ വളയിലേക്ക് നോക്കുമ്പോൾ നിലാവിനെ ഒളിപ്പിച്ച രണ്ടു കണ്ണുകൾ തെളിഞ്ഞു വന്നു…. അവളുടെ നിറഞ്ഞ പുഞ്ചിരിയുടെ അലകൾ പ്രധിധ്വനിച്ചു…

ഇന്ദു.. എന്നിലെ പ്രണയത്തെ വെളിപ്പെടുത്തിയവൾ… ചെറുതിലെ അവളെ ഞാൻ ശ്രദ്ധിക്കുമായിരുന്നു.. പ്രായത്തിൽ കവിഞ്ഞ പക്വത അവൾക്ക് ഓരോരുത്തരോട്മുള്ള പെരുമാറ്റത്തിൽ നിന്ന് തന്നെ അറിയാം…

അവളുടെ മുഖത്തു സദാ കാണുന്ന പുഞ്ചിരിയിൽ ഈ ലോകത്തെ മുഴുവൻ അവൾ സ്നേഹിക്കുന്നു എന്ന് തോന്നും…

അച്ഛൻ മാധവൻ മാഷിൽ നിന്നും പകർന്നു കിട്ടിയതാണ് അവളിലെ എല്ലാ നല്ല ഗുണങ്ങളും…

മാഷിനോട്‌ എന്ന പോലെ തന്നെ അവളോടും ബഹുമാനമായിരുന്നു. …

എങ്ങിനെ എന്ന് ഇപ്പോളും അറിയില്ല.. അവളെ ഞാൻ പ്രണയിച്ചു പോയിരുന്നു… ആരും കൊതിച്ചു പോവും അങ്ങനെ ഒരുവളെ സ്വന്തമാക്കാൻ…. അർഹതയില്ല എന്നറിഞ്ഞിട്ടും പിന്നെയും അഗാധമായി പ്രണയിക്കാനേ കഴിഞ്ഞുള്ളു…. സ്വന്തം എന്ന് മനസ്സിൽ കൊത്തിവെക്കാനെ തോന്നിയുള്ളൂ …

ഇടയ്ക്കിടെ അവളിലെ നേർത്ത പുഞ്ചിരി എന്നിലേക്ക് നീളുമ്പോൾ… ആരും അറിയാതെ എന്നിലേക്കു ഒളികണ്ണാലെ കടാക്ഷമെറിയുമ്പോൾ അവളിലും ഇത്തിരി പ്രണയം ഇല്ലേ എന്ന് സംശയിച്ചു…

ഒരിക്കൽ അമ്മയോട് സൂചിപ്പിച്ചു…

മോനെ അർഹതയില്ലാത്തതു ആഗ്രഹിക്കപോലുമരുത്.. മാഷിനോട് നമുക്കുള്ള കടപ്പാട് മോൻ മറക്കരുത്…  അമ്മ അതു മാത്രം പറഞ്ഞു….

പിന്നീട് മറക്കാൻ ശ്രമിച്ചു… പല വട്ടം… കഴിഞ്ഞില്ല എന്നു മാത്രമല്ല കൂടുതൽ തീവ്രമായി പ്രണയിച്ചു അവളെ…

അച്ഛൻ പോയതിനു ശേഷം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു… നാട്ടിൽ തന്നെ ചെറുത് എങ്കിലും ഒരു ജോലിക്ക് ശ്രമിച്ചു പരാജയപ്പെട്ടു… അങ്ങനെ ഇരിക്കെ വിദേശത് ഒരു ജോലി ശരിയായി…നല്ല ജോലി ആയിരുന്നിട്ടും മനസ്സിൽ വേദന തോന്നി നാട് വിട്ടു മാറി നിൽക്കുന്നതോർത്തപ്പോൾ….

പോവുന്നതിനു തലേ ദിവസം ഇന്ദുവിന്റെ വീട്ടിലേക്ക് പോയി മാഷിന്റെ അനുഗ്രഹം വാങ്ങാൻ…

എവിടെ ആയിരുന്നാലും നന്നായി വരും.. എന്ന് പറഞ്ഞു അദ്ദേഹം നിറുകയിൽ കൈ വെച്ച് അനുഗ്രഹിച്ചു..

ഇനി എന്നാടോ ഇങ്ങോട്ട്???

മൂന്നു  വർഷം കഴിയണം മാഷേ ഒരു തിരിച്ചു വരവിനു..

എല്ലാ നന്മകളും ഉണ്ടാകും മോനെ…

കതകിന് പിന്നിൽ നിന്നും എന്നെ തന്നെ ഇമ വെട്ടാതെ നോക്കുന്ന ആ നിറമിഴികൾ ഒരിക്കൽ കൂടെ അവളിലെ പ്രണയം എന്നോട് പറയാതെ മൊഴിഞ്ഞു..   അവൾ എന്നെ പ്രണയിക്കുന്നു എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു…

പടിപ്പുര കടന്നപ്പോൾ ഒന്നു തിരിഞ്ഞു നോക്കി… മിഴിനീരിൽ കുതിർന്നതെങ്കിലും പ്രണയതുരമായ അവളുടെ നോട്ടം ഇന്നും കെടാത്ത ഒരു നാളമായി തങ്ങി നിൽക്കുന്നു…

ആ നിമിഷം… അവളൊരു കുടമുല്ല വള്ളിയായി എന്നിലേക്ക്‌ പടർന്നു കയറി നറു വെള്ളപ്പൂക്കൾ വിരിയിച്ചു സുഗന്ധം പരത്തി…
ആ അനുഭൂതി ഇന്നും അങ്ങനെ തന്നെ നില്ക്കാണ്…

ഏട്ടാ ഇതുവരെ റെഡി ആയില്ലേ.. കാവിൽ പോണ്ടേ… കലശം കൊണ്ടുള്ള എഴുന്നള്ളത്തു തുടങ്ങി ട്ടോ.. വേഗം ഒരുങ്ങു…

ചെണ്ട മേളത്തിന്റെ താളം അടുത്ത് വരുന്നത് കേൾക്കാം..

ഇതൊരു ദേവി ക്ഷേത്രമാണ്..  കുറച്ചു അകലെ ഉള്ള ശിവ ക്ഷേത്രത്തിൽ നിന്ന് കലശം കൊണ്ട് കാൽനടയായി ചെണ്ടക്കാരും കോമരത്താൻമാറും കുറച്ചു ജനങ്ങളും ഒരു ഘോഷയാത്ര പോലെയാണ് വരവ്… അതിനു ശേഷമാണ് പൂജ തുടങ്ങുക… നാട്ടിലുള്ള എല്ലാവരും ജാതിമത ഭേദമന്യേ അവിടെ അണിനിരക്കും…

ഇന്ദുവിനെ മതിവരുവോളം കാണാൻ കിട്ടുന്ന ഒരു അവസരമാണ്… ഏറ്റവും സുന്ദരിയായി….

പൂജ കഴിഞ്ഞാൽ പിന്നെ രാ വെളുക്കുവോളം കലാപരിപാടികൾ ആണ്… അപ്പോൾ അവൾ എവിടെ ആണോ.. ആ ഇടങ്ങളിൽ ചുറ്റി പറ്റി ഞാനും ഉണ്ടാകും…

എന്റെ കൂട്ടുകാർക്കുപോലും സംശയം തോന്നാത്ത രീതിയിൽ എന്നാൽ അവൾക്കു മനസ്സിലാവുന്ന പോലെയാണ് അവളെ നോക്കുക…

അവളും അങ്ങനെ തന്നെ… പുറകിൽ ഇരിക്കുന്ന കൂട്ടുകാരിയോട് സംസാരിക്കുന്നത് പോലെ തിരിഞ്ഞു നോക്കുന്നത് കാണാം.. മറഞ്ഞു നിന്നു നോക്കിയാൽ ആ കണ്ണുകൾ എന്നെ തിരയുന്നതു കാണാം….

ആ അന്യ നാട്ടിൽ ആയിരുന്നപ്പോളും ഇവയെല്ലാമാണ് എന്നെ സന്തോഷിപ്പിച്ചിരുന്ന ഓർമ്മകൾ…

വേഗം റെഡി ആയി അമ്പലപ്പറമ്പിലേക്ക് നടന്നു…
കണ്ണുകൾ അവളെ തിരഞ്ഞു…
കൂട്ടുകാർ എല്ലാവരും വന്നു ചുറ്റും കൂടി…
വിശേഷം പറഞ്ഞു…

എല്ലാവരോടും ചിരിച്ചു സംസാരിക്കുമ്പോളും ഉള്ള് മിടിക്കുന്നത് അറിയുന്നുണ്ട്… പേടിയാണോ.. ഒരുപാട് നാളുകൾക്കു ശേഷം അവളെ കാണുന്നതിൽ ഉള്ള സന്ദോഷമാണോ എന്നു തിരിച്ചറിയാൻ കഴിയാത്ത സുഖമുള്ള ഒരു വിമ്മിഷ്ടം….

പിന്നെയും കണ്ണുകൾ അവൾക്ക് വേണ്ടി പരതി…

ഇരുട്ട് കൂടി വന്നു.. കാവിൽ പെട്രോമാക്സിന്റെ വെട്ടം സ്ഥാനം നേടി….

അവളെ കാണാത്തതിൽ ഉള്ളം വിങ്ങുന്ന പോലെ തോന്നി… പിന്നെയും ആ ദാവണിക്കാരിയെ തിരഞ്ഞു . ..

പല ചിന്തകളും ഉള്ളിലേക്ക് കയറി വന്നു… ഇനി വരാൻ കഴിയാത്ത എന്ധെങ്കിലും സാഹചര്യം . ??.. ആരോടും ചോദിക്കാനും പറ്റാത്ത അവസ്ഥ…

അവളുടെ വീട് വരെ ഒന്ന് പോയി നോക്കാ ന്നു വെച്ചാൽ കൂട്ടുകാരുടെ കണ്ണു വെട്ടിച്ചു അനങ്ങാൻ പോലും പറ്റില്ല….

എല്ലാ പ്രതീക്ഷയും നശിച്ചു ആൽതറയിൽ ചെന്നിരുന്നു….

ഓരോന്നിലേക്കും വൃഥാ കണ്ണുകൾ പാഞ്ഞു ..

കൽവിളക്കിന്റെ മുന്നിൽ തൊഴു കയ്യോടെ നിൽക്കുന്ന അവളിൽ മിഴികൾ തങ്ങി… ഇടയ്ക്കിടെ എന്നിലേക്കു  പാളി വീഴുന്ന ആ നോട്ടത്തിൽ നിന്നും അവൾ മുന്നേ എന്നെ കണ്ടെന്നു മനസ്സിലായി…

ചുവന്ന ദീപശോഭയിൽ തിളങ്ങുന്ന അവളുടെ മുഖത്തെ മനോഹാരിതയിൽ ഒരു നിമിഷം മതിമറന്നു…  കൂടുതൽ മാറ്റം ഒന്നും തന്നെയില്ല അവൾക്കു… പറയത്തക്ക മാറ്റം എന്ധെന്നാൽ ധാവണിയിൽ നിന്ന് മാറി   കസവു വേഷട്ടിയും മുണ്ടും ആണ്.. … കുസൃതിയും പ്രണയവും തിളങ്ങുന്ന കണ്ണുകളിൽ പരിഭവത്തിന്റെ ഒരു നെരിപ്പോട് തിളങ്ങി…

ഇല്ലാതിരിക്കുമോ…??  മൂന്നു വർഷതെ പരിഭവം ഒരുമിച്ചു തെളിഞ്ഞു ആ നോട്ടത്തിൽ.

കണ്ണേടുക്കാൻ തോന്നിയില്ല ആ മുഖത്തു നിന്നും…

പ്രധക്ഷിണം വെക്കുമ്പോളും ആ കണ്ണുകൾ എന്നിലേക്ക്‌ വരുന്നത് അറിഞ്ഞു… ഹൃദയം പൂത്തുലയുകയാണ്…

നിന്റെ പരിഭവങ്ങൾ എല്ലാം എന്റെ താലിചെരടിൽ ഞാൻ ഇല്ലാതെയാക്കും…

പൂജാരി കൊണ്ടുവന്ന ഇലചീന്തു അവൾ വാങ്ങി… ഒരിക്കൽ കൂടെ കണ്ണുകൾ അടച്ചു ദേവിയെ കൈ കൂപ്പി… ഞാനും കണ്ണുകൾ പതിയെ അടച്ചു.. എന്റെ മുന്നിൽ അവളാണ് തെളിഞ്ഞു വന്നത്… കൈകൾ കൂപ്പി എന്റെ താലിയെ ഏറ്റുവാങ്ങാൻ നിൽക്കുന്ന  ഇന്ദുവിന്റെ രൂപം….

ഇവിടുത്തെ ദേവിയുടെ പ്രത്യേക പ്രസാദമാണ് രക്തചന്ദനം… സുമംഗലിമാർ അതു ചാർത്തുന്നത് ഭർത്താവ്നു നല്ലതാണ് എന്ന് വിശ്വാസം.

ഈ ദിവസം ഇവിടെ വെച്ച് അവളുടെ തിരുനെറ്റിയിൽ എന്റെ പ്രണയത്തിന്റെ ചുവപ്പ് പരത്തുന്നതു എത്ര സ്വപ്നം കണ്ടിരിക്കുന്നു താൻ… വൈകി… ലീവ് കിട്ടാൻ…

ഇല്ലേൽ ഈ ദിവസം ഇവള് എന്നോട് ചേർന്നു നിന്നേനെ.. എന്റെ അധരസിന്ദൂരം ഏറ്റുവാങ്ങിയേനെ…  കണ്ണുകൾ തുറന്നപ്പോൾ അവളുടെ വിരലുകൾ  പ്രസാദo നെറ്റിയിൽ ചാർത്തി നിൽക്കുന്നു… ആ വിരലുകൾ സീമന്ത രേഖയിലേക്ക് ചലിച്ചു… അവിടം ചുവന്നു… ആ  നിമിഷം ഞാൻ വേച്ചു പോയി…

അവൾ ഇടനെഞ്ചിൽ നിന്നും താലിമാല വലിചെടുത്ത് ഒരു നുള്ള് ചന്ദനം അതിൽ തൊട്ടു…  എന്നിട്ട് അത് കയ്യിൽ എടുത്തു ഇരു കണ്ണുകളിലും തൊടീച്ചു..

അവൾ എന്റെ നേരെ നോക്കി ഒരു വേദന നിറഞ്ഞ ചിരി  തന്നു. എന്റെ കണ്ണുകൾ നിറഞ്ഞത് പുറം കയ്യാലെ തുടച്ചു മാറ്റി ഒന്ന് ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു  തിരിച്ചു നടന്നു…  പുതുപ്പെന്ണ് കല്യാണം കഴിഞ്ഞു പിറ്റേന്ന് തന്നെ വന്നോ… എന്തായാലും നന്നായി… ദേവിടെ അനുഗ്രഹം ഉണ്ടാകും….

പുറകിൽ നിന്നും ആരോ പറയുന്നത് കേൾക്കായി…

അവിടെ കൂടിയവരിൽ എല്ലാവരിലും നിറഞ്ഞു നിന്ന സന്തോഷം എനിക്ക് മാത്രം അന്യമാകുന്നത് അറിഞ്ഞു… എന്നാലും അവൾക്ക് കാത്തിരിക്കാമായിരുന്നില്ലേ… കുറച്ചു നാളുകൾ കൂടി…

അല്ലെങ്കിൽ തന്നെ താൻ ഒരിക്കലും അവൾക്ക് പ്രണയവാഗ്ദാനങ്ങൾ നൽകിയിട്ടില്ല… കാത്തിരിക്കാൻ പറഞ്ഞിട്ടില്ല..  എന്തിനു…?? പിന്നെ എങ്ങനെ അവൾ കാത്തിരിക്കും… എന്തിനേറെ ഇഷ്ട്ടമാണ് എന്നു പോലും പറഞ്ഞില്ല… പിന്നെ എന്തുറപ്പിന്റെ മേലാണ് അവൾ കാത്തിരിക്കാ ..??

ഉള്ളിൽ മുള പൊന്തിയ ഒരൊറ്റ ചോദ്യത്തെ ഒരുപാട് മറുചോദ്യങ്ങൾ അരിഞ്ഞു വീഴ്ത്തി… തന്റെ മൗനം… മൗനം മാത്രമാണ് ഇതിന് കാരണം…

മൗനം ചിലപ്പോളെല്ലാം ഒരു വിഡ്ഢിത്തമാണ് … പറയാതെ മാറ്റി വെക്കുന്നത് ഒരു പക്ഷെ എന്നെന്നേക്കുമായി ഹൃദയത്തിൽ നിന്നും പിഴുതു മാറ്റാൻ ആവും….

രാവിലെ എല്ലാവരും നേരത്തെ ഒരുങ്ങി… ഇന്ന് ലീവ് കഴിഞ്ഞു  തിരിച്ചു പോവുകയാണ്. ഞാൻ ആ പെട്ടി കുഞ്ഞിയുടെ കയ്യിൽ വെച്ച് പറഞ്ഞു… ഇത് ഇനി നിനക്കാണ് മോളെ…

അമ്മ എന്നെ സംശയത്തോടെ നോക്കി..
എന്തു പറ്റി മോനെ..??

ഒന്നുല്ല അമ്മേ..

അപ്പൊ നിന്റെ വിവാഹം ഇനി ?

അത് ഇനി അടുത്ത വരവിലാവാം അമ്മാ..

ഒരു നിറം മങ്ങിയ ചിരി നല്കാനെ കഴിഞ്ഞുള്ളു…

ജീവിതത്തിലെ നിറങ്ങൾ എല്ലാം അന്ന് അവിടെ ഉപേക്ഷിച്ചതാണ്… ഇനി മുന്നിൽ എന്താണ് എന്നറിയില്ലെങ്കിലും ദൂരെയുള്ള ആ പച്ചത്തുരുത്തിൽ പ്രതീക്ഷയർപ്പിച്ചു വീണ്ടും പ്രവാസത്തിലേക്കുള്ള മടക്കം…

Leave a Reply

Your email address will not be published. Required fields are marked *