താലി കെട്ടാനുള്ള മുഹൂർത്തത്തിന് മുൻപേ അവരോട് പറഞ്ഞ കാര്യങ്ങൾക്കും ഒരു വ്യവസ്ഥയുണ്ടാക്കണം..

വധു
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

“ശ്രീധരേട്ടാ… താലി കെട്ടാനുള്ള മുഹൂർത്തത്തിന് മുൻപേ അവരോട് പറഞ്ഞ കാര്യങ്ങൾക്കും ഒരു വ്യവസ്ഥയുണ്ടാക്കണം…..ചെറുക്കന്റെ അച്ഛൻ പ്രേത്യേകം പറഞ്ഞതാണ് ഈ കാര്യം…

“വാസു നീ ഒന്ന് കൂടി ചെറുക്കന്റെ കൂട്ടരോട് സംസാരിയ്ക്കണം പറഞ്ഞ തുക റെഡിയായിട്ടില്ല ഒരാഴ്ചയ്ക്കുള്ളിൽ അത് കൊടുത്തോളാം..

നിങ്ങൾ എന്ത് വർത്തമാനമാണ് പറയുന്നത് ശ്രീധരേട്ടാ അവർ ചോദിച്ചത് കൊടുക്കാം എന്ന് സമ്മതിച്ചിട്ടല്ലേ ഈ കല്യാണം ഉറപ്പിച്ചത് പോരാത്തതിന് ചെറുക്കന് വിദേശത്ത് സ്വന്തമായി ബിസിനസ്‌….

ഒക്കെ ശരിയാണ് വാസു..അവരുടെ നിർബന്ധത്തിന് എനിയ്ക്ക് വഴങ്ങേണ്ടി വന്നു..

നിനക്കറിയാലോ ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് ഈ കല്യാണത്തിനുള്ള തുക ഉണ്ടാക്കിയതെന്നു  ഒരു പെൺകുട്ടിയെ ഇറക്കി വിടുക എന്നത് ഒട്ടും നിസ്സാരമല്ല..

അവൾക്ക് താഴെ ഒരെണ്ണം കൂടിയുണ്ട് പെണ്ണായിട്ട്.. അവൾക്ക് വേണ്ടി ഞാൻ ഇനി ഒന്നിൽ നിന്നും തുടങ്ങണം….

ഇതൊക്കെ ഇപ്പോൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ശ്രീധരേട്ടാ .

തനിക്കറിയാമോ വാസു  വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് കല്യാണത്തിന് ഉള്ള സ്വർണവും മറ്റു ചിലവുകൾക്കുള്ള തുകയും കണ്ടെത്തിയത്..

എങ്ങനെയെങ്കിലും ഒരാളുടെയെങ്കിലും കാര്യം കഴിഞ്ഞു പോകുമല്ലോ എന്നാ കരുതിയത്..

ഇതിൽ ഞാൻ എന്ത് ചെയ്യാനാണ് ശ്രീധരേട്ടാ….. വാക്കു പറയുമ്പോൾ ആലോചിയ്ക്കണമായിരുന്നു…

താൻ ഒന്ന് സഹായിച്ചേ പറ്റൂ വാസു . എന്നേ സഹായിക്കാൻ വേറേ ആരുമില്ല.. അവർ പറഞ്ഞ സ്വർണം മുഴുവനും ഉണ്ടല്ലോ കാശിന്റെ കാര്യത്തിൽ ഇത്തിരി സാവകാശം തരണം എന്ന് പറയണം….

ഞാൻ എന്തായാലും ചെറുക്കന്റെ അമ്മാവനെ ഇങ്ങോട്ട് പറഞ്ഞു വിടാം ശ്രീധരേട്ടൻ നേരിട്ട് സംസാരിച്ചോളൂ.

മേലേടത്തു കുടുംബക്കാർ അന്തസ്സ് ഉള്ളവരാണ് പറഞ്ഞ വാക്കു തെറ്റിച്ചാൽ അവർ ക്ഷമിയ്ക്കില്ല….

ശ്രീധരൻ മാഷിന്റെ വിഷമം കണ്ടിട്ടാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത്…

എന്ത് പറ്റി മാഷേ..?

ഏയ് ഒന്നുമില്ല ഗോപി.

അതല്ല മാഷ്  ബ്രോക്കറുമായി സംസാരിയ്ക്കുന്നത് ഞാൻ കേട്ടു.. അവർക്ക് കൊടുക്കാനുള്ള കാശ് റെഡി ആയില്ല അല്ലേ….

അതേ മോനേ..

എന്തിനാണ് മാഷ്  വീടിന്റെ ആധാരം പണയം വെച്ചിട്ട്  പണം വാങ്ങി ഈ കല്യാണം നടത്തുന്നത്.. ഗൗരി ഇതറിഞ്ഞാൽ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ… പണം കൊടുത്തു തന്നേ കെട്ടിയ്ക്കേണ്ടാ എന്ന് അവൾ പലവട്ടം പറഞ്ഞിട്ടുള്ളതാണ്..

എന്ത് ചെയ്യാനാണ് മോനേ അങ്ങനെയൊക്കെ ചിന്തിച്ചാൽ പെൺകുട്ടി വീട്ടിൽ നിൽക്കുകയേയുള്ളൂ…

എന്തായാലും മാഷ് വിഷമിക്കേണ്ട അവരോടു സംസാരിക്കാൻ ഞാനും വരാം ഇത്രയും മുന്നോട്ട് പോയ കല്യാണം  നടന്നില്ലെങ്കിൽ എല്ലാവർക്കും നാണക്കേടാണ്  ..

ഗൗരിയ്ക്കും വിഷമമാകും.. അത്..

ഇതിനിടയിൽ. ചെറുക്കന്റെ അമ്മാവനും അച്ഛനും കൂടി  അങ്ങോട്ട് വന്നു…

എന്താ ശ്രീധരൻ മാഷേ മുഹൂർത്തമായി വേഗം പറഞ്ഞ കാശിന്റെ കാര്യത്തിൽ വ്യവസ്ഥ വരുത്തൂ . മാഷ് ഞങ്ങളെ തിരക്കുന്നു എന്ന് ബ്രോക്കർ വാസു പറഞ്ഞു. ഇനി കൂടുതൽ താമസിയ്ക്കേണ്ടാ….

അതേ രാമൻ നായരേ പറഞ്ഞ കാര്യത്തിൽ ഒരു ചെറിയ മാറ്റമുണ്ട് കാശ് പറഞ്ഞത് അത്രയും റെഡിയായിട്ടില്ല…..  എന്താ ശ്രീധരൻ മാഷേ നിങ്ങൾ ഈ പറയുന്നത് മേലേടത്തുകാർ അഭിമാനികളാണ് വാക്കു തെറ്റിയ്ക്കുന്ന ഒരു കുടുംബവുമായി ഞങ്ങൾക്ക് ബന്ധം വേണ്ടാ….

ഞാൻ ഇടപെട്ടു…

“അമ്മാവാ ..,  …

ശ്രീധരൻ മാഷ് വാക്ക് തെറ്റിച്ചിട്ടൊന്നുമില്ലല്ലോ പറഞ്ഞ തുക താമസിയ്ക്കാതെ തന്നു തീർക്കും.. കല്യാണം നടക്കട്ടേ..

അത് നടക്കില്ല ആദ്യം പറഞ്ഞ വാക്കുകൾ പാലിക്കൂ എന്നിട്ടാകാം കല്യാണം .

നിങ്ങളുടെ മകന്റെയും അഭിപ്രായം ഇത് തന്നെയാണോ..?

അവനും ഞങ്ങളുടെ തീരുമാനമാണ് പ്രാധാന്യം… എന്നാൽ ഈ കാര്യത്തിൽ എനിക്ക് ഒരഭിപ്രായം പറയാനുണ്ട് …

എന്താ….

ഇതാണ്‌ നിങ്ങളുടെ നിലപാട് എങ്കിൽ നിങ്ങളുടെ മകന് തരാൻ ഇവിടെ പെണ്ണില്ല.. വില പേശി വിൽക്കാനുള്ളതല്ല ഞങ്ങളുടെ ഗൗരിയേ.അവൾ മാഷിന്റെ സമ്പത്താണ്.

ഇപ്പോൾ പണത്തിന്റെ പേരിൽ നിങ്ങൾ കല്യാണത്തിന് തടസ്സം നിൽക്കുന്നു. ഇനി ഞങ്ങൾ പണം തന്നാലും അവളുടെ ജീവിതം അത്രയും സുഖകരമാകില്ല അവിടേ..

പിന്നേ നിങ്ങൾ നേരത്തേ പറഞ്ഞില്ലേ അന്തസ്സിനെപ്പറ്റി. അത് പറയാൻ നിങ്ങൾക്കൊക്കെ എന്താണ്‌ യോഗ്യത

ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചയക്കാൻ അവളുടെ കുടുംബം എത്ര കഷ്ടപ്പാടുകൾ സഹിയ്ക്കണം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ . .

ആ കഷ്ടപ്പാടിന്റെ അവസാന വിഹിതവും ചോദിച്ചു വാങ്ങാൻ വന്ന നിങ്ങൾക്ക് എവിടെയാണ് മാന്യത..

എന്താ ശ്രീധരൻ മാഷേ   ഞങ്ങളെ
വിളിച്ചു വരുത്തി അപമാനിയ്ക്കുവാണോ മാഷിന്റെ അഭിപ്രായം ഇത് തന്നെയാണോ……..

ഒരു സംശയവുമില്ല മാഷിന്റെ മനസ്സ് എനിക്കറിയാം അദ്ദേഹം പറയാനുള്ള കാര്യം ഞാൻ പറഞ്ഞു . നിങ്ങൾക്ക് പോകാം..

മാഷേ.. മറുപടി പറഞ്ഞോളു..

അതേ രാമൻ നായരേ നിങ്ങളുടെ മോനേ എൻ്റെ മോൾക്ക്‌ വേണ്ടാ കാരണം എൻ്റെ മോൾക്ക്‌ വേണ്ടത് ഒരു ഭർത്താവിനെയാണ് അല്ലാതെ അവളുടെ സമ്പാദ്യത്തിൽ മാത്രം നോട്ടമുള്ള ഒരു ബിസ്സിനെസ്സ്കാരനെയല്ല.. നിങ്ങൾക്ക് പോകാം….

മാഷേ ഇപ്പോൾ എടുത്ത ഈ തീരുമാനം നേരത്തേ എടുത്തിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു..

അതേ മോനേ ഞാൻ ശരിയ്ക്കും വൈകി പോയി… പക്ഷേ എൻ്റെ മോളുടെ കല്യാണം മുടങ്ങില്ലേ…

ഒട്ടും വൈകിയില്ല ശ്രീധരൻ മാഷേ ഗോപി എന്നോട് എല്ലാം പറഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്.. നിങ്ങളുടെ സംസാരം എല്ലാം ഞാൻ കേട്ടു അമ്മ അങ്ങോട്ട് കടന്നു വന്നു പറഞ്ഞു

ഒരിയ്ക്കൽ ഞാൻ ഇവന് വേണ്ടി മാഷിനോട് പെണ്ണ് ചോദിയ്ക്കാൻ വന്നതാണ് അന്ന് മാഷ് സമ്മതിച്ചില്ല പക്ഷേ അതിനു ഞാൻ മാഷിനെ കുറ്റപ്പെടുത്തുന്നില്ല…

ഇവന് അന്നൊരു നല്ല ജോലി ഇല്ലായിരുന്നു പക്ഷേ ഇന്നിവൻ ഒരു ഗവണ്മെന്റ് ജോലിക്കാരനാണ്…
രണ്ടു പേരുടെയും മനസ്സിൽ ആ പഴയ ഇഷ്ടം ഇപ്പോഴും നിൽക്കുന്നുണ്ട് .

ഞാൻ ഗൗരിയോട് സംസാരിച്ചു മാഷേ അച്ഛന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ അവൾ ഈ കല്യാണത്തിന് തയ്യാറാകൂ എന്ന് പറഞ്ഞു…. സ്വന്തം മോളെ പോലേ നോക്കിക്കോളാം ഞാൻ അവളേ..

അവളേ വേണ്ടാത്ത പയ്യനെ അവൾക്കെന്തിനാ മാഷേ…

ശരിയാണ് മാഷേ അമ്മ പറഞ്ഞത് ഇനിയെങ്കിലും എനിക്ക് തന്നൂടെ മാഷേ അവളേ ഈ പന്തലിൽ വെച്ചു തന്നെ അവളേ വിവാഹം ചെയ്യാൻ ഞാൻ തയ്യാറാണ്.

എനിക്ക് തെറ്റ് പറ്റി ശാരദാമ്മേ കണ്മുന്നിൽ നല്ലൊരു പയ്യനുണ്ടായിട്ടും പണക്കാരന്റെ പുറകേ പോയില്ല. മോനേ നിന്നോട് ഞാൻ എങ്ങനെ നന്ദി പറയും..

അതൊന്നും സാരമില്ല മാഷേ എനിയ്ക്കും  മനസ്സിലാക്കാൻ കഴിയും  ഒരച്ഛന്റെ മനസ്സ്.. അവളേ ഞാൻ ഒരിയ്ക്കലും വേദനിപ്പിക്കില്ല…

ഒരുപാട് സന്തോഷമായി എനിയ്ക്ക് അവൾക്ക് മനസ്സിൽ ആഗ്രഹിച്ച പയ്യനെ തന്നേ കിട്ടിയല്ലോ ജീവിതത്തിൽ..

ഇതാണ്‌ ദൈവം വിധിച്ചത് നമുക്ക് മാറ്റിയെഴുതാൻ കഴിയില്ല എന്ന് പറയുന്നത്…. അന്ന് ആ കല്യാണപ്പന്തലിൽ വെച്ചു ഞാൻ അവളുടെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുമ്പോൾ മാഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *