സ്വന്തം ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ചപ്പോൾ കിട്ടിയ പേരായിരുന്നു ഭ്രാന്തൻ. സ്വന്തം തെറ്റ് മറയ്ക്കാൻ അവൾ…

(രചന: ദേവൻ)

” മോൾക്ക് സുഖമില്ലേ? ”

അടുത്ത വീട്ടിലെ ബാബുച്ചേട്ടനെ പെട്ടന്ന് അടുത്ത് കണ്ടപ്പോൾ പെട്ടന്നവൾ സോഫയിൽ നിന്നും എഴുനേറ്റു.

വീട്ടിലാരുമില്ലെന്നത് അവളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. എപ്പഴും നാല് കാലിൽ മാത്രം കണ്ടിട്ടുള്ള ബാബുവേട്ടനെ കുടിക്കാതെ ശാന്തനായി മുന്നിൽ കണ്ടപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു, അതോടൊപ്പം ഒരു പേടിയും.

” ചെറിയ ഒരു തലവേദന. അങ്ങനെ കിടന്നപ്പോൾ മയങ്ങിപ്പോയി. അല്ലെ, ബാബുവേട്ടനെന്താ ഇപ്പോൾ…. ”

സരിത സംശയത്തോടെ അയാളിൽ നിന്ന് ഒരകാലമിട്ടോണ്ട് മാറിയിരിക്കുമ്പോൾ അവളുടെ ചോദ്യം കേട്ട് അയാളൊന്ന് തല ചൊറിഞ്ഞു.

മോൾക്ക് ചെറിയ മാനസികപ്രശ്നം ഉള്ളത് അറിയാവുന്നത് കൊണ്ട് തന്നെ അയാൾ അവളെ കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ കാര്യം അവതരിപ്പിച്ചു,

“അത് പിന്നേ… മോളെ…. ഞാൻ അച്ഛനെ ഒന്ന് കാണാൻ വന്നതാ. ഒരു ചെറിയ ആവശ്യം ഉണ്ടായിരുന്നു. പുറത്ത് നിന്ന് കുറെ വിളിച്ചു, ആരും വിളികേൾക്കാത്തിരുന്നപ്പോൾ പോവാൻ നിന്നതാ, അപ്പഴാ മോളിവിടെ കിടക്കുന്നത് കണ്ടത്. ഇങ്ങനെ ഒന്നും മോളു വെറുതെ ഇരിക്കുന്നത് കാണാത്തൊണ്ട എന്തോ പന്തികേട് തോന്നി കേറിയത്. ശരി മോൾക്ക് വയ്യെങ്കിൽ കിടന്നോ. ഞാൻ അച്ഛൻ വരുമ്പോൾ വരാം ”

അയാൾ ചിരിയോടെ പതിയെ അവളുടെ മുടിയിൽ ഒന്ന് തഴുകികൊണ്ട് പുറത്തേക്ക് നടന്നപ്പോൾ ആണ് അവൾക്കും ശരിക്കും ശ്വാസം വീണത്.

പുറമെ കാണുന്ന പരുക്കൻ സ്വഭാവമല്ല അയാളുടെ ഉള്ളിൽ എന്നവൾക്ക് തോന്നി. എപ്പഴും കുടിച്ചും വഴക്കിട്ടും നടക്കുന്ന അയാളെ അവൾക്ക് ഭയമായിരുന്നു. അവൾക്കെന്നല്ല, ആ നാട്ടിലെ പലർക്കും. പക്ഷേ, അയാൾക്ക് ഇങ്ങനെ ഒരു മുഖമുണ്ടെന്ന് അവളെ വല്ലാതെ ആശ്ചര്യപ്പെടുത്തി.

പിറത്തേക്കിറങ്ങിയ ബാബു ഗെറ്റ്‌ കടന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ അത് കണ്ടുകൊണ്ട് ആയിരുന്നു ദേവൻ വന്നത്.
അവന്റ ചിരിയോടെ ഉള്ള പോക്ക് കണ്ടപ്പോൾ അയാളുടെ ഉള്ളൊന്ന് പിടഞ്ഞു.
വീട്ടിൽ മോൾ മാത്രമാണെന്ന ചിന്ത അയാളുടെ നടത്തതിന്റെ വേഗത കൂട്ടി.
വീട്ടിലെത്തുമ്പോൾ ഇടയ്ക്ക് മുറിഞ്ഞ മയക്കത്തിൽ ആയിരുന്നു സരിത.
പാതി കയറിയ മിഡ്‌ഡിയും മാസമായി കിടക്കുന്ന ടോപ്പൂമെല്ലാം കണ്ടപ്പോൾ ദേവന്റെ നെഞ്ചിലൊരു കൊള്ളിയാന് മിന്നി.

മാനസികമായി ചില പ്രശ്നങ്ങൾ ഉള്ള കുട്ടി ആയത്കൊണ്ട് പലപ്പോഴും മരുന്നിന്റെ ഡോസിൽ മയക്കം പതിവാണ് അവൾ.

“മോളെ…”

ആധി പിടിച്ച അയാളുടെ വിളി കേട്ടായിരുന്നു അവൾ കണ്ണുകൾ തുറന്നത്.

” അച്ഛൻ വന്നോ ” എന്നും ചോദിച്ചവൾ എഴുനേൽക്കുമ്പോൾ അച്ഛന്റെ കണ്ണുകൾ അവളെ ആകമാനം ശ്രദ്ധിക്കികയായിരുന്നു.

” മോളേ, അവനെന്തിനാ ഇവിടെ… ”

” ആര് ബാബുച്ചേട്ടനോ? അവര് അച്ഛനെ കാണാൻ വന്നതാ, വന്നപ്പോൾ ഞാൻ കിടക്കുവായിരുന്നു. ”

അതും പറഞ്ഞവൾ പോയത് ആ അച്ഛന്റെ നെഞ്ചിൽ നൂറായിരം സംശയങ്ങളുടെ കനൽ കോറിയിട്ടായിരുന്നു.

” ഈശ്വരാ.. അവൾ ഇങ്ങനെ മയങ്ങുന്ന സമയത്താണ് അവൻ വന്നതെങ്കിൽ അവന്റ കണ്ണുകൾ മോളെ കൊത്തിവലിച്ചിരിക്കില്ലേ….
അലസമായ അവളുടെ കിടപ്പ് അവൻ ആസ്വദിച്ചിട്ടുണ്ടാകില്ലേ…
ചിലപ്പോൾ തൊട്ടിരിക്കാം…
ഇതുപോലെ മയങ്ങുന്ന പെണ്ണ് ചിലപ്പോൾ ഒന്നും അറിഞ്ഞിട്ടുണ്ടാകില്ല.”

അയാളുടെ കണ്ണുകൾ കുറുകി.
ഇതുപോലെ ഒരു മോളുള്ളത് അവന്റ കുടിയും കുത്താട്ടവും കാരണം അമ്മയോടൊപ്പം അവരുടെ വീട്ടിലാണ്. സ്വന്തം മോളെ പോലും സ്നേഹിക്കാതെ ഇങ്ങനെ നടക്കുന്ന അവനെ വിശ്വസിച്ചു വീട്ടിൽ പോലും ആരും കയറ്റാറില്ല.

ദേവൻ ആസ്വസ്തനായിരുന്നു. അമ്മയില്ലാതെ വളർന്ന കുട്ടിയ. ഒരു കുറവും വരുത്താതെ ആണ് വളർത്തുന്നത്. അവൾക്ക് എന്തേലും സംഭവിച്ചാൽ…..

അയാൾ വേഗം അടുക്കളയിലേക്ക് നടന്നു. പിന്നേ കൂജയിൽ നിന്നും വെള്ളമെടുത്തു വായിലേക്ക് കമിഴ്ത്തി. എത്ര കുളിച്ചിട്ടും ദാഹം മാറുന്നില്ല. ആകെ ഒരു പരവേശം.ഒരച്ഛന്റെ ചങ്കിടിപ്പ് അയാളുടെ ആസ്വസ്തമായ മുഖത്ത്‌ ഉണ്ടായിരുന്നു.

പലപ്പോഴും ബാബുവിനോട് ചോദിക്കണമെന്ന് കരുതിയതാണ്. പക്ഷേ, കാണുമ്പോൾ ഒന്നും അവന് സ്വബോധം ഇല്ലായിരുന്നു. ആ സമയങ്ങളിൽ അവനോട്‌ സംസാരിക്കുന്നത് ശരിയല്ല എന്ന് അറിയാവുന്നത് കൊണ്ട് ദേവൻ ദേഷ്യത്തോടെ പിൻവലിഞ്ഞു.

അന്ന് വീണ്ടും ഒരാവശ്യമെന്നോണം ബാബു ദേവന്റെ വീട്ടിലേക്ക് വരുമ്പോൾ പതിവ് പോലെ മയക്കത്തിൽ ആയിരുന്നു സരിത.

ദേവൻ അവിടെ ഇല്ലെന്ന് മനസ്സിലായപ്പോൾ അയാൾ മയക്കത്തിലുള്ള സരിതയെ വെറുതെ ഉണർത്തേണ്ടെന്ന് കരുതി.

മയങ്ങികിടക്കുന്ന അവളെ അവളെ സ്നേഹത്തോടെ അയാളോന്ന് നോക്കി. തന്റെ മകളും ഇതേ പ്രായമല്ലേ എന്നോർക്കുമ്പോൾ അയാളുടെ ഉള്ള് വിങ്ങിയിരുന്നു.
സ്വന്തം മകളെ കൊഞ്ചിക്കാൻ കഴിയാത്ത അച്ഛന്റെ വേദന ആ മുഖത്തുണ്ടായിരുന്നു.
എല്ലാവർക്കും താൻ കള്ളുകുടിയനാണ്. പക്ഷേ, അങ്ങനെ ആയത് എന്ത് കൊണ്ടാണെന്ന് ആരും ചോദിച്ചില്ല. പറഞ്ഞപ്പോൾ ഭ്രാന്ത് ആണെന്ന് മുദ്രകുതി.

സ്വന്തം ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ചപ്പോൾ കിട്ടിയ പേരായിരുന്നു ഭ്രാന്തൻ. സ്വന്തം തെറ്റ് മറയ്ക്കാൻ അവൾ എല്ലാ കുറ്റങ്ങളും ഭർത്താവിന്റെ തലയിൽ കെട്ടിവെച്ചു മോളെയും പിടിച്ചു പടിയിറങ്ങി.
കരഞ്ഞു പറഞ്ഞിട്ടും മോള് പോലും അച്ഛനെ വിശ്വസിച്ചില്ല. അല്ലെങ്കിൽ വിശ്വസിക്കാൻ കഴിയാത്തവണ്ണം അവളുടെ മനസ്സിലേക്ക് കുടിയനും ആഭാസനും ഭ്രാന്തനുമായ അച്ഛന്റെ ചിത്രം വരച്ചിട്ടിരുന്നു അമ്മയെന്നു പറയുന്ന പൂതന.

ഓരോന്നും ഓർക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണുകൾ തുടച്ചുകൊണ്ട് ബാബു പതിയെ ഉറങ്ങുന്ന സരിതയുടെ മുടിയിലൂടെ ഒന്ന് തലോടി. പിന്നേ കണങ്കാൽ വരെ കയറികിടന്ന പാവാട നേരെ പിടിച്ചിട്ടു.

ആ നിമിഷത്തിൽ ആയിരുന്നു ദേവൻ അകത്തേക്ക് കയറിയത്.
ഉറങ്ങുന്ന മകളുടെ പാവാടയിൽ പിടിച്ചു നിൽക്കുന്ന ബാബുവിനെ ആയിരുന്നു അയാൾ കണ്ടത്. ആ നിമിഷം മോളുടെ മാനത്തിന് കാവൽ നിൽക്കുന്ന അച്ഛനായി മാറി അയാൾ, മകളെ സ്നേഹിച്ചു കൊതിതീരാത്ത ഒരച്ഛനെ മരണത്തിലേക്ക് വിട്ടുകൊണ്ട്.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയാത്ത ഒരച്ഛനായി ബാബു നിശ്ചമാകുമ്പോൾ സ്നേഹത്തിന്റെ അവസാനവാക്കായ അച്ഛനാകുകയായിരുന്നു ദേവൻ.

സ്നേഹത്തിന്റെ രണ്ട് അർത്ഥങ്ങൾപോലെ അവരങ്ങനെ ആവർത്തനങ്ങളാക്കും….അതാണ് ലോകം!!