ആരാണ് ആ വൃദ്ധ, എന്നേക്കാൾ നിന്റെ ജോലിയെക്കാൾ പ്രാധാന്യം കൊടുക്കാൻ ആരാണ്..

തെരുവിന്റെ അമ്മ
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

“സിദ്ധാർഥ് തന്നേക്കാണാൻ ആ സ്ത്രീ വന്നിട്ടുണ്ട് വീണ്ടും   …

ആരാണ് റിൻസി..?

കഴിഞ്ഞ കുറേ മാസങ്ങളായി നിന്നേ കാണാൻ വരുന്ന ആ വൃദ്ധ…

ഓഹ് അവർ വന്നുവോ.. ഇപ്പോൾ ഇവിടെയുണ്ട്..

നിന്നേ അന്വേഷിച്ചു സെക്യൂരിറ്റിയുടെ അടുത്തു നില്ക്കുന്നത് കണ്ടാണ് ഞാൻ ഗേറ്റിന് അടുത്ത് ചെന്നത്….

അകത്തു കയറ്റി വിടാമായിരുന്നില്ലേ…

ഞാൻ പറഞ്ഞതാണ് സിദ്ധു.. പക്ഷേ അവർ എന്നത്തേയും പോലേ ആ മരച്ചുവട്ടിൽ ഇരിപ്പുണ്ട്……

ഞാനിപ്പോൾ വരാം റിൻസി.. നീ ക്യാബിൻ
ഒന്ന് ഹാൻഡിൽ ചെയ്തേയ്ക്കൂ.. അവൻ പുറത്തേയ്ക്ക് ഓടി

ഓഫീസിന്റെ ജനൽ ഗ്ലാസ്സുകൾക്കിടയിലൂടെ ഞാൻ ആ പതിവ് കാഴ്ച കണ്ടു.. അവൻ ആ സ്ത്രീയേ ആശ്വസിപ്പിക്കുന്നതും പഴ്സിൽ നിന്നും നോട്ടുകൾ എടുത്തു കൈയ്യിൽ വെച്ചു കൊടുക്കുന്നതും..

അവർ ആ നോട്ടുകൾ തോളിൽ തൂക്കിയ ബാഗിൽ വെച്ചു  വടിയിലൂന്നി മെല്ലേ നടന്നു നീങ്ങി….

അവർ കണ്ണിൽ നിന്നും മറയുന്നതു
വരേ അവൻ നോക്കി നിന്നു…. അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.. അതാരാകും.. സിദ്ധു അവന്റെ ജോലി പോലും ഒഴിവാക്കി പ്രാധാന്യം കൊടുക്കാൻ അവർ ആരാണ്….

അവനോട് തന്നേ ചോദിയ്ക്കണം.. കഴിഞ്ഞ ആറു തവണയും അവൻ എന്നോട് അത് പറയാതെ ഒഴിഞ്ഞു മാറി..

ഇനി അത് പറ്റില്ല അവന്റെ ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലാൻ പോകുന്ന പെൺകുട്ടിയാണ് ഞാൻ. . അവൻ സൂക്ഷിയ്ക്കുന്ന ആ രഹസ്യം എനിയ്ക്ക് അറിയണം..

റിൻസി നീ എന്താ ആലോചിയ്ക്കുന്നത്……

സിദ്ധു ഞാൻ നിന്റെ ജീവിതത്തിലേയ്ക്ക് വന്നിട്ട് എത്ര നാളായി..

അതിപ്പോൾ എന്തിനാണ് അറിയുന്നത്
റിൻസി..

നീ പറയൂ..

റിൻസി എട്ട് വർഷമായി നീ എന്റെ ജീവിതത്തിൽ വന്നിട്ട്.. എന്റെ ഉയർച്ചയ്ക്ക് കാരണം തന്നേ നീയാണ്…

ശരിയാണ്.. നമ്മൾ പരസ്പരം പ്രണയിക്കാൻ കാരണം.. അത് നിനക്കോർമ്മയില്ലേ….

പക്ഷേ  നീ ഒരിയ്ക്കൽ പറഞ്ഞത്..ഞാൻ ഇന്നും ഓർക്കുന്നുണ്ട്  സിദ്ധു…

യെസ് റിൻസി.. നമ്മൾ രണ്ടാളും അനാഥർ എന്നതല്ലേ ഞാൻ പറഞ്ഞത്…

അതേ നിനക്ക് ഓർമ്മയുണ്ടല്ലേ…

തീർച്ചയായും പക്ഷേ അതിലിപ്പോൾ മാറ്റമെന്താണ് വന്നത്..?.

ആരാണ് ആ വൃദ്ധ. എന്നേക്കാൾ നിന്റെ ജോലിയെക്കാൾ പ്രാധാന്യം കൊടുക്കാൻ ആരാണ് നിനക്കവർ….. കഴിഞ്ഞ പലതവണ അവർ ഇവിടേ വന്നപ്പോഴും ഞാനിതു ചോദിച്ചതാണ് നീ അന്നൊന്നും എനിയ്ക്ക് കൃത്യമായി  ഉത്തരം നൽകിയില്ല..

ഇനിയും ഒളിച്ചു വെയ്ക്കേണ്ടാ എനിയ്ക്കതറിയണം. സിദ്ധു.. നീ അത് പറഞ്ഞേ പറ്റൂ..

റിൻസി അവർ എന്നെക്കാണാൻ വരുന്നതും ഞാൻ അവർക്ക് പണം കൊടുക്കുന്നതിലും നിനക്കെന്താണ് തെറ്റ് പറയാനുള്ളത്..

ആരോരുമില്ലാത്ത എത്രയോ പേർക്ക് നമ്മൾ തെരുവിൽ ഭക്ഷണവും വെള്ളവും, വസ്ത്രങ്ങളും പണവും നൽകുന്നു..അതുപോലെ ഒരാൾ മാത്രമാണ് ആ അമ്മയും….

ശരിയാണ്. സിദ്ധു അവർക്ക് നീ പണമോ മറ്റുള്ള സഹായങ്ങളോ ചെയ്യുന്നതിൽ എനിയ്ക്കൊരു പരാതിയുമില്ല..

പക്ഷേ “അവർ” നീ പറയുന്നത് പോലേ  തെരുവിലെ വെറുമൊരു സ്ത്രീ അല്ല അവർക്ക് നീയുമായി എന്തോ ബന്ധമുണ്ട്.. അതെനിക്കറിയാം.. നിന്റെ മുഖത്ത് അത് വായിക്കാം..

ശരിയാണ് റിൻസി നീ പറഞ്ഞത്. അവരോടു എനിക്ക് ഈ ജീവിതത്തിൽ തീർത്താൽ തീരാത്ത കടപ്പാടുണ്ട്.. എന്റെ അമ്മയാണ് അത്.

എന്താ സിദ്ധു നീ പറയുന്നത് നിന്റെ
അമ്മയോ നീ കുഞ്ഞായിരിയ്ക്കുമ്പോൾ തന്നേ നിന്റെ അമ്മയേ നഷ്ടമായതല്ലേ…

നീ തെറ്റിദ്ധരിയ്ക്കണ്ടാ.. ജന്മം നൽകിയാൽ മാത്രമേ ഒരാൾ അമ്മയാകുവെന്നുണ്ടോ..
ഒരിയ്ക്കലുമില്ല.. നീ അറിയാതെ പോയ ഒരു സത്യമുണ്ട് എന്റെ ജീവിതത്തിൽ..

വേറേ ഏതോ ഗർഭ പാത്രത്തിൽ ജനിച്ചു തെരുവിലെറിയപ്പെട്ടവനാണ് ഞാൻ. എന്റെ അമ്മയേ എനിയ്ക്ക് നഷ്ടമായതല്ല അവരെന്നെ ഉപേക്ഷിച്ചതാണ്…

പക്ഷേ എനിയ്ക്കവരോട് ദേഷ്യമൊന്നുമില്ല സാഹചര്യമാവാം അവരെകൊണ്ടത് ചെയ്യിച്ചത്…..

എന്തായാലും എന്നേ കല്ലിൽ അടിച്ചോ കടലിൽ മുക്കിയോ കൊല്ലുകയോ വിഷം തന്നോ കൊന്നില്ലല്ലോ…

അപ്പോൾ ഈ സ്ത്രീ ആരാണ്..?

അവരാണ് എന്റെ അമ്മ എന്റെ മാത്രമല്ല എന്നേപ്പോലെ ഒരുപാട് കുട്ടികളുടെയും..  “തെരുവിന്റെ അമ്മ.. ഒരു നാടോടി സ്ത്രീ

നീ ഇന്ന് ഈ കാണുന്ന സിദ്ധാർത്ഥിന് ഇത്രയും വലിയ ജീവിതം ഉണ്ടാകാൻ കാരണക്കാരിയാ എന്റെ അമ്മ..

നാലു വയസ്സിൽ ഒഴിഞ്ഞ വയറുമായി തെരുവിൽ കരഞ്ഞു നടന്ന എന്നേ അവർ കൂടേ കൂട്ടി.. അവരുടെ കൂടാരത്തിലേയ്ക്ക്..

പ്രതിമകൾ വിറ്റു ജീവിച്ചിരുന്ന അവരെനിയ്ക്ക് ആഹാരം തന്നു ഉടുപ്പുകൾ തന്നു….  എന്നേ പഠിപ്പിച്ചു.. ഡിഗ്രി വരേ

സ്വന്തം കാലിൽ നിൽക്കുവാൻ കഴിവും ആരോഗ്യവും നേടി കഴിഞ്ഞപ്പോൾ ഞാൻ സ്വയം പിന്മാറിയതാണ്. എന്റെ താഴെയുള്ള കുരുന്നുകൾക്ക് ബുദ്ധിമുട്ട് ആകരുതെന്ന് ചിന്തിച്ചു….

എന്റെ ലക്ഷ്യങ്ങൾ വലുതായിരുന്നു ഒപ്പം എന്റെ കുഞ്ഞു സഹോദരങ്ങളുടെ നല്ല ഭാവിയും സ്വപ്നം കണ്ടിരുന്നു..

ജോലി തേടി എല്ലാം നഗരങ്ങളിലും അലഞ്ഞു. ഒരുപാട് കഷ്ടപ്പെട്ടു. പല ജോലികൾ ചെയ്തു കൂട്ടത്തിൽ പഠിച്ചു  എം. ബി. എ ബിരുദം നേടി…….

ഒടുവിൽ നാട്ടിലെത്തി ചെറിയ ബിസ്സിനസ്സ് സ്ഥാപനം തുടങ്ങി. അതിന്നു വളർന്നു നീ  കാണുന്ന ഈ  വലിയ കമ്പനിയായി.. ഇതാണ്‌ നീ മനസ്സിലാക്കാത്ത സിദ്ധുവിന്റെ ഭൂതകാലം……….

അപ്പോൾ നീ  തിരിച്ചു വന്നിട്ട് അമ്മയേ തേടിയില്ലേ..

ഒരുപാട് തവണ അന്വേഷിച്ചു നടന്നു.. ഭരണകൂടം  അപ്പോഴേക്കും തെരുവുകളിൽ നിന്നും അന്തേവാസികകളെ ഒഴിപ്പിച്ചിരുന്നു… എന്റെ അന്വേഷണത്തിന് നിരാശ മാത്രമായിരുന്നു….

ഒടുവിൽ നീയെങ്ങനെ അമ്മയേ കണ്ടെത്തി.?

മാസങ്ങൾക്കു മുൻപ് ഒരു ദിവസം നിന്നേയും
കാത്തു ഞാൻ ബീച്ചിൽ നിന്നപ്പോൾ ഞാൻ തേടി നടന്ന മുഖം എന്റെ കണ്മുന്നിൽ.. കൂടേ രണ്ടു കുഞ്ഞനിയന്മാരും…

അടുത്ത് ചെന്നു അമ്മേ എന്ന് വിളിച്ചപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു…. എന്നേ അന്വേഷിച്ചു വരാഞ്ഞത് എന്താണെന്നു ഞാൻ ചോദിച്ചു…

അതിനുള്ള മറുപടി എന്നേ വേദനിപ്പിച്ചു..

എന്തായിരുന്നു ആ മറുപടി..?

നിന്റെ വളർച്ചകൾ എല്ലാം ഈ അമ്മ അറിഞ്ഞിരുന്നു മോനേ ദൂരേ നിന്നു പലതവണ നിന്നേ കണ്ടിരുന്നു.. പക്ഷേ നിന്റെ ജീവിതത്തിൽ കൂടുതൽ ബാധ്യതകൾ ഉണ്ടാക്കാൻ ഈ അമ്മ ആഗ്രഹിയ്ക്കുന്നില്ല ഇതായിരുന്നു എനിയ്ക്ക് തന്ന മറുപടി…

അത് എന്നേ വല്ലാതെ വേദനിപ്പിച്ചു പക്ഷേ അവരെ കൈയ്യൊഴിയാൻ എനിക്കാകില്ലല്ലോ… പിന്നേ അമ്മയേയും എന്റെ സഹോദരങ്ങളെയും തേടിയുള്ള അന്വേഷണമായിരുന്നു….

ഒടുവിൽ അത് എത്തിയത് നഗരത്തിന്റെ തിരക്കിൽ നിന്നും മാറിയുള്ള ഒരു ചേരിയിലായിരുന്നു….

അവിടെ അമ്മയുടേയും സഹോദരങ്ങളുടെയും ജീവിതം കണ്ടപ്പോൾ എന്റെ ഹൃദയം നുറുങ്ങിപ്പോയി.. അത്രയും മോശമായിരുന്നു അവരുടെ അവസ്ഥ…

എന്നിട്ടും നീയെന്തേ സിദ്ധു  അവരെ
കൂടേ കൂട്ടിയില്ല…

ഞാൻ പരമാവധി പറഞ്ഞു നോക്കിയതാണ് റിൻസി അമ്മ വഴങ്ങിയില്ല.. ഒടുവിൽ എന്റെ നിർബന്ധം കാരണമാണ് ഈ ചെറിയ തുക മാസത്തിൽ വാങ്ങാമെന്നു സമ്മതിച്ചത് അതും സഹോദരങ്ങൾക്കായി…..

ഇത് കൊണ്ട് നിന്റെ കടമ തീരുമോ സിദ്ധു..?

ഒരിയ്ക്കലുമില്ല അവർക്കായി എനിയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ സഹായമാണ് ഇതെന്ന് അറിയാഞ്ഞിട്ടല്ല.. പക്ഷേ ഇതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ എന്ന മകന്  എന്ത് പ്രസക്തി..

എനിയ്ക്കിപ്പോൾ നിന്നോടുള്ള ഇഷ്ടവും ബഹുമാനവും കൂടുന്നു സിദ്ധു.. നീയൊരു നല്ല വ്യക്തിയാണ്. ഒപ്പം ഒരു നല്ല മകനും..

ഇല്ല റിൻസി എന്റെ ജോലി തീർന്നില്ല എന്റെ അനിയന്മാരെയും, അനിയത്തിമാരെയും പഠിപ്പിക്കണം.. മികച്ച ഒരു ഭാവി അവർക്ക് നേടി കൊടുക്കണം…

ഒപ്പം അമ്മയേയും സംരക്ഷിയ്ക്കണം. അതിന് നീ എന്നും എന്റെ കൂടേ വേണം..

നിന്റെ രണ്ടമ്മമാരും നല്ലവരാണ് സിദ്ധു.. സ്വന്തം കുഞ്ഞുങ്ങളെപ്പോലും തന്റെ ഇഷ്ടങ്ങൾ നേടിയെടുക്കാൻ വേണ്ടി കൊന്നു തള്ളുന്ന അമ്മമാരുള്ള ഈ ലോകത്ത് ഈ രണ്ടമ്മമാരും നന്മയുള്ളവരാണ്….

ഒരാൾ സാഹചര്യം കാരണം നിന്നേ ഉപേക്ഷിച്ചു .. മറ്റൊരാൾ സ്വന്തം ചോരയെന്നു കരുതി നിന്നേ സ്നേഹിച്ചു…. അതാണ് ഈ ലോകം.. നമുക്ക് അർഹതപ്പെട്ട സ്നേഹം എവിടുന്നാണെങ്കിലും ലഭിച്ചിരിയ്ക്കും..

ഞാനുണ്ടാകും എന്നും നിന്റെ ഇടതു കൈയ്യിൽ പിടിച്ചു കൊണ്ട് നിന്നോടൊപ്പം…നിന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി..

Leave a Reply

Your email address will not be published. Required fields are marked *