തന്റെ അച്ഛനേക്കാൾ പ്രായമുള്ളയാളെ കല്യാണം കഴിക്കാൻ പോകുന്ന തന്നെ എല്ലാരും..

നിനക്കായി മാത്രം
(രചന: Bibin S Unni)

ഒരു പെൺകുട്ടിയ്ക്ക് അവളുടെ ജീവിതത്തിൽ വെച്ച് ഏറ്റവും സന്തോഷം തോന്നുന്ന/ അനുഭവിക്കുന്ന ഒരു ദിവസമാണ് അവളുടെ കല്യാണദിവസം…

സർവ്വാഭരണ വിപൂഷിതയായി എല്ലാവരുടെയും മുന്നിൽ അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ നിൽക്കാനും കുട്ടുകാരുടെയും ബന്ധുക്കളുടെയും നാണം കളർത്തുന്ന വാക്കുകൾ കേട്ട് നാണത്തോടെ മുഖം താഴ്ത്തി ചിരിക്കാനും…

നിറഞ്ഞ സദസ്സിന് മുന്നിൽ വെച്ചു ജന്മം തന്ന അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി ഇഷ്ടപെട്ടയാളുടെ താലി ഏറ്റുവാങ്ങനും അയാളുടെ കൈകളാൽ സിന്ദൂരം തിലകമണിയാനും നിറഞ്ഞ മനസാലെ അച്ഛൻ തന്റെ കൈ പിടിച്ചു കൊടുക്കുമ്പോൾ…

ഇഷ്ട്ടപെട്ടയാളുടെ കൈ പിടിച്ചു അയാളുടെ ഭാര്യയായി പുതിയ ഒരു വീടിന്റെ നാഥായായി മാറാന്നതുമൊക്കെ…

എന്നാൽ ഇന്ന് ഇവിടെ… തന്റെ കല്യാണത്തിന് കല്യാണമണ്ഡപം നിറച്ചാളുകളുണ്ട്… അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും മുഖത്ത് ചിരിയുണ്ട്… സന്തോഷമുണ്ട്….

കൂട്ടുകാരുടെയും ബന്ധുക്കളുടെയും നാണം കലർത്തുന്ന സംസാരങ്ങൾ ചെവിയിൽ മുഴങ്ങുന്നുണ്ട്… പക്ഷെ അത്‌ കേട്ട് സന്തോഷിക്കാനോ നാണിച്ചു തല താഴ്ത്താനോ തനിക്കു പറ്റുന്നില്ല…

അല്ലേൽ തന്നെ താൻ ഏറ്റവും വെറുക്കപെടുന്നയാളുടെ താലി ഏറ്റുവാങ്ങി അയാളുടെ ഭാര്യയാകാൻ പോകുമ്പോൾ ഏത് പെണ്ണിനാണ് സന്തോഷിക്കാൻ കഴിയുക…

മനസ് കൊണ്ട് മറ്റൊരാളെ സ്നേഹിക്കുകയും അയാളോടൊപ്പം ഒന്നിച്ചൊരു ജീവിതവും കൊതിച്ചു അവസാനം വീട്ടുകാരുടെ ആത്മഹത്യാ ഭീഷണിയ്ക്കു മുന്നിൽ സ്നേഹിച്ചവനെ മറന്നു നിൽക്കുന്ന  ഒരു പെണ്ണിന് എവിടെന്നു സന്തോഷം വരും?… നാണം കലർത്തുന്ന വാക്കുകൾ കേട്ട് എങ്ങനെ നാണിച്ചു തല താഴ്ത്തും….

” ദേ ചെറുക്കനും കൂട്ടരും എത്തി.. “

എന്ന് ആരോ പറഞ്ഞതും തന്റെ ഒപ്പം കൂടി നിന്നവരെല്ലാം മണ്ഡപത്തിന് മുന്നിലായി വന്നു നിന്ന കാറിലിൽ നിന്നുമിറങ്ങുന്നയാളെ കാണാനായി ഒരു ചിരിയോടെ ഓടി…

പക്ഷെ കാറിൽ നിന്നുമിറങ്ങിയ ആ ആളെ കണ്ടതും എല്ലാവരുടെയും ചുണ്ടിലെ ചിരിമാഞ്ഞു ഞെട്ടലോടെ തന്നെ നോക്കുന്നത് ഒരു മിന്നായം പോലെ കണ്ടു…  എങ്ങനെ ഞെട്ടാതിരിക്കും.. നാട്ടിലെ ഏറ്റവും വല്യ താന്തോന്നിയും പെണ്ണ് പിടിയനും അതിലുപരി പണക്കാരനുമായൊരാളല്ലേ ചെറുക്കൻ…

ഹ്മ്മ്… അയാളുടെ ഇളയ മകളുടെ കല്യാണം കഴിഞ്ഞ മാസമായിരുന്നു…

തന്റെ അച്ഛനേക്കാൾ പ്രായമുള്ളയാളെ കല്യാണം കഴിക്കാൻ പോകുന്ന തന്നെ എല്ലാരും അത്ഭുത ജീവിയെ പോലെ നോക്കിയില്ലങ്കിലെ അത്ഭുതമുള്ളു…

മുഹൂർത്തമായതും അവളുടെ അച്ഛൻ മുറിയിലെക്ക് ഒരു ചിരിയോടെ കടന്നു വന്നു മകളുടെ ചുണ്ടിൽ വിരിഞ്ഞ പുച്ഛചിരികണ്ടതും അയാളുടെ ചുണ്ടിലെ ചിരി എങ്ങോ മാഞ്ഞു… എങ്കിലും അയാൾ പെട്ടന്ന് തന്നെ അവളെയും കൂട്ടി മണ്ഡപത്തിലേക്ക് നടന്നു….

അച്ഛന്റെ കൈ പിടിച്ചു വരുന്ന അവളെ കണ്ടതും കല്യാണം കൂടാനെത്തിയവർ പലരും അടക്കം പറഞ്ഞു…

ചിലർ പെണ്ണിന്റെ ദൗർഭാഗ്യമോർത്തു സങ്കടപെട്ടപ്പോൾ മറ്റുചിലർ അവൾക്കു വന്നു ചേരാൻ പോകുന്ന സൗഭാഗ്യമോർത്ത് നെടുവീർപ്പിട്ടു…

മണ്ഡപത്തിലേക്ക് കയറിയപ്പോൾ തന്നെ അയാളുടെ ചുണ്ടിൽ വിരിഞ്ഞ ക്രൂരതനിറഞ്ഞ ചിരിയും തന്റെ ശരിരത്തിലേക്കുള്ള നോട്ടം കണ്ടതും അവൾ അറപ്പോടെ മുഖം തിരിച്ചു… അപ്പോഴും അവളുടെ അമ്മയുടെയും അച്ഛന്റെയും ചുണ്ടിൽ നിറഞ്ഞ ചിരി മാത്രമായിരുന്നു…

” നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ലാ… “

” അതിന് നിന്റെ സമ്മതം ആർക്കു വേണം… നിന്നെ ഇത്രത്തോളമാക്കാനറിയാമെങ്കിൽ നിന്റെ കല്യാണം നടത്താനും എനിക്കറിയാം…

പിന്നെ… ഞാൻ മുതലാളിയ്ക്കു വാക്ക് കൊടുത്തു… ഇനി ആ വാക്ക് മാറ്റണമെങ്കിൽ ഞാൻ മരിക്കണം…”

50 കഴിഞ്ഞ തന്റെ മുതലാളിയ്ക്കു വേണ്ടി 20 വയസ് മാത്രമുള്ള സ്വന്തം മകളെ കല്യാണ കഴിപ്പിച്ചു കൊടുക്കാമെന്ന് ഏറ്റു വന്ന അവളുടെ അച്ഛൻ അവളോടായി പറഞ്ഞു…

” എങ്കിൽ അത് തന്നെയാ നല്ലത്.. അച്ഛനിനി മരിച്ചാലും ശെരി ഞാനീ കല്യാണത്തിന് സമ്മതിക്കില്ലാ.. “

അവൾ വീണ്ടും തറപ്പിച്ചു പറഞ്ഞു…

” ഓഹ്.. പിന്നെ നിനക്ക് ആ പെലയ ചെക്കന്റെ കൂടെ പോകാനായിരിക്കും ഇഷ്ട്ടം… “

അവിടെയ്ക്കു വന്ന അമ്മ അവളോട്‌ ദേഷ്യത്തോടെ പറഞ്ഞതും…

” ഡീ…. “

” അവനെ ഞാനിഷടപെട്ടത്.. ഒരു മനുഷ്യനാണെന്ന് മനസിലായത് കൊണ്ടാ… അപ്പോൾ അവൻ ചോവനാണോ പെലയനാണോ നായരാണോന്നു നോക്കിയല്ല ഞാൻ…

പിന്നെ ഒരു കല്യാണം എനിക്കുണ്ടേൽ അന്ന് എന്റെ കഴുത്തിൽ താലി കെട്ടുന്നത് എന്റെ അഭി മാത്രമായിരിക്കും.. “

” അങ്ങനെയൊക്കെയങ്ങു ഒറ്റയ്ക്ക് തീരുമാനിക്കാറായോ മോളെ നീ… ” അവൾ പറഞ്ഞത് കേട്ട് അച്ഛൻ ചോദിച്ചതും…

” ആയിന്നു കൂട്ടിയ്ക്കോ.. ” അവളും അതേ ദേഷ്യത്തോടെ പറഞ്ഞു…

” ടി നിന്നെ ഞാൻ.. “

” സുലു വേണ്ടാ…”

അവൾ പറഞ്ഞത് കേട്ട് അവളെ അടിക്കാനായി ഓങ്ങിയ അമ്മയെ അച്ഛൻ തടഞ്ഞുകൊണ്ടു പറഞ്ഞു…

” അല്ലേട്ടാ… ഇവൾ…. ഇവൾ പറഞ്ഞത് കെട്ടില്ലേ.. “

അമ്മ അയാളോട് ചോദിച്ചതും…

“മ്മ്… അങ്ങനെയെങ്കിൽ… അവൾ….
അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ… “

” ദേ നിങ്ങൾ.. “

അമ്മ എന്തോ പറയാനായി തുടങ്ങിയതും അയാൾ കൈ നീട്ടി അമ്മയെ വിലക്കി…

” വേണ്ടാ… അവൾ, അവൾക്കിഷടമുള്ളയാളുടെ കൂടെ ജീവിക്കട്ടെ….

പിന്നെ… ഇവളെ പഠിപ്പിക്കാനായി ഞാൻ മുതലാളിയോട് കുറച്ചു കാശ് മേടിച്ചിരുന്നു… അതിന് ഈടായി അന്ന് എന്നോട് ഒരു മുദ്രപത്രത്തിൽ ഒപ്പിട്ടു മേടിക്കുകയും ചെയ്തു…

ഈ കല്യാണം നടന്നില്ലേൽ മുതലാളി ഈ വീട് സ്വന്തമാക്കും… അപ്പോൾ ഇവിടെന്നു എല്ലാവർക്കും ഇറങ്ങേണ്ടി വരും… അങ്ങനെ വന്നാൽ നിങ്ങൾ പിന്നെ എന്നേ നോക്കേണ്ട…

നിങ്ങളെ സംരക്ഷിക്കാൻ കഴിയത്ത ഞാൻ പിന്നെ ജീവിക്കുന്നതിൽ അർത്ഥമില്ലാ… നിങ്ങൾ എവിടെലും പോയി സ്വസ്ഥമായി ജീവിച്ചോണം… “

അയാൾ വിഷമത്തോടെ പറഞ്ഞു നിർത്തിയതും…

” അങ്ങനെ ഇവിടെന്നു ഇറങ്ങേണ്ടി വന്നാൽ.. എല്ലാവർക്കും വിഷം കൊടുത്തു ഞങ്ങളും നിങ്ങളുടെ കൂടെ വരും… ഇവൾ പിന്നെ ഇവളുടെ ഇഷ്ടമുള്ളത് പോലെ ചെയ്യട്ടെ… ആരെ വേണേലും കെട്ടി ജീവിച്ചോട്ടെ… ഞാനും കൂടെ മരിച്ചാൽ  പിന്നെ അവളുടെ ഇഷ്ട്ത്തിന് ആരും തടസ്സം നിൽക്കാനുമില്ലല്ലോ….”

അമ്മ ഇതും പറഞ്ഞു കണ്ണും തുടച്ചു മുറിക്കുള്ളിലേക്കു കയറി പോയതും അവൾ ഒന്നും പറയാൻ കഴിയാതെ നിന്ന് കണ്ണീർവാർത്തു… തന്റെ സഹോദരങ്ങളുടെ മുഖം ഓർമയിൽ തെളിഞ്ഞതും മറ്റൊന്നും ചിന്തിക്കാതെ അവൾ കല്യാണത്തിന് സമ്മതം പറഞ്ഞു…

അവളുടെയാ സമ്മതം കേട്ടതും അച്ഛനുമമ്മയും അവളെ സ്നേഹം കൊണ്ട് മൂടി… അത് കണ്ടതും അവൾക്കു  അവരോടു പുച്ഛമാണ് തോന്നിയത്….

” മോളേ ഇങ്ങോട്ടിരിക്ക്.. “

അച്ഛൻ ഇതു പറഞ്ഞപ്പോഴാണ് അവൾ പഴയ ഓർമ്മകളിൽ നിന്നും തിരിച്ചു വന്നത്…

അവൾ അച്ഛനെയൊന്നു നോക്കിയ ശേഷം മണ്ഡപത്തിൽ കയറി വരന്റെ വമാഭാഗത്തായിയിരിക്കുന്നതിന് മുൻപും ഇരുന്ന ശേഷവും അവൾ തനിക്കു മുന്നിൽ നിരന്നു നിൽക്കുന്നയാളുകളുടെ ഇടയിൽ തന്റെ പ്രിയപെട്ടവനെ തിരിഞ്ഞു… പക്ഷെ അവളെ നിരാശയാക്കികൊണ്ട് അവൻ അവിടെയില്ലായിരുന്നു…

അല്ലെങ്കിലും അവൻ വരാഞ്ഞത് നന്നായിയെന്ന് അവൾക്കും തോന്നി….

” എന്താണ് എന്റെ ഭാവി ഭാര്യ ചുറ്റും നോക്കുന്നത്… നിന്റെ മറ്റവനെയാണോ…

അന്ന് നിന്നെയൊന്നു തൊട്ടതിന് എന്നേ എന്റെ ഓഫീസിൽ കേറി അടിച്ചവനെ… “

അയാൾ അവളുടെ കാതോരം ചെന്നു ചോദിച്ചതും അവൾ പെട്ടന്നയാളെ ദേഷ്യത്തോടെ തിരിഞ്ഞു അയാളെ നോക്കി…

” നീ ഇങ്ങനെ നോക്കണ്ടാ…. ഞാൻ അവനെ ഇതുവരെ ഒന്നും ചെയ്തിട്ടില്ല… പക്ഷെ അവൻ ഇന്നിവിടെ വരില്ല… അല്ല ഇനി വന്നാലും നീ അവന്റെ കൂടെ പോകില്ലാന്നറിയാം… എന്നാലും ഈ പ്രായത്തിൽ…. ഇനി ഒരു റിസ്ക് എടുക്കാൻ മേലാ അതുകൊണ്ടാ… “

അയാൾ അവളോടായി പറഞ്ഞതും അതു കേട്ടവൾ സങ്കടത്തോടെ മുഖം താഴ്ത്തി… അപ്പോഴും മണ്ഡപത്തിൽ കല്യാണത്തിന് മുൻപുള്ള ചടങ്ങുകൾ നടക്കുവായിരുന്നു…

” നിങ്ങൾ എന്ത് ചെയ്തു… “

അവൾ സങ്കടത്തോടെ അയാളോട് ചോദിച്ചതും…

” അങ്ങനെ ചോദിച്ചാൽ… അവന്റെ അമ്മയില്ലേ.. അവർക്ക് കുറച്ചു കാശ് കൊടുത്തു… “

അത് കേട്ടതും അവളൊന്നു ഞെട്ടി അയാളെ  നോക്കി…

” വേറൊന്നിനുമല്ല… അവനെ ഈ കല്യാണം കഴിയുന്നത് വരെ വീടിന് പുറത്തിറക്കരുതെന്ന്…

അത് കേട്ട് എന്റെ കൈയിൽ നിന്നും കാശും എണ്ണിമേടിച്ചു ഇന്നലെ വൈകുന്നേരം തന്നെ അവർ അവനെ അവന്റെ മുറിയിലിട്ടടച്ചു വാതിലും പുറത്തു നിന്നും പൂട്ടി….  ആ മുറിയ്ക്കു പുറത്തു അവർ കാവൽ നിൽക്കുവാണ്…

ഇനി അവൻ അവിടെ നിന്ന് പുറത്തേക്കിറങ്ങിയാലും ഇവിടെയ്ക്കു വരില്ല… അവന്റെ വീടിന് മുൻപിൽ കുറച്ചു പേരെ ഞാൻ നിർത്തിയിട്ടുണ്ട്… അവർ നോക്കികോളും ബാക്കി… പിന്നെ അന്ന് എന്നേ അടിച്ച ഒരു കടം കൂടിയുണ്ട്…  അഹ്.. അത് ഞാൻ വൈകിട്ട് നിന്നിൽ തീർത്തോളാം…

നമ്മുടെ ഫസ്റ്റ് നൈറ്റിൽ…

അവൻ കുറെ കാലം നിന്നെയും കൊണ്ട് നടന്നെങ്കിലും ഒന്നുടയുകപോലും ചെയ്യാത്ത മുതലല്ലേ നീ….”

അയാൾ അവളെ നോക്കിയൊരു വഷളൻ ചിരിയോടെ പറഞ്ഞതും അവൾക്ക് അത്രയും പേരുടെ മുന്നിൽ തൊലിയുരിഞ്ഞുപോകുന്ന പോലെ തോന്നി… അവൾ അറപ്പോടെ മുഖം തിരിച്ചതും തിരുമേനി മുഹൂർത്തമായെന്ന് പറഞ്ഞു താലി എടുത്തു അയാളുടെ കൈയിലെക്ക് കൊടുത്തു….

അയാൾ ആ താലി വാങ്ങി, അവളുടെ കഴുത്തിന് നേരെ കൊണ്ടുവന്നതും അവൾക്കു മാത്രം കേൾക്കാനായി…

” നീയല്ലെ അന്ന് നിന്റെ മറ്റവന്റെ മുൻപിൽ വച്ചു വീമ്പിളക്കിയത്… നിങ്ങൾ എന്റെ ശവത്തിലേ താലി കെട്ടുവുള്ളെന്നു…

എന്നാ നീ കണ്ണ് തുറന്നുകൊണ്ടു തന്നെ കണ്ടോ നിന്റെ കഴുത്തിൽ ഞാൻ… ഈ കിഴവൻ താലികേട്ടാൻ പോകുന്നത്… “

അയാൾ അവളെ നോക്കിയൊരു പുച്ഛ ചിരിയോടെ പറഞ്ഞതും… അത് കേട്ട് അവളുടെ ചുണ്ടിലൊരു ചിരിവിരിഞ്ഞു… അത് കണ്ടു അയാൾ അവളുടെ കഴുത്തിൽ താലികെട്ടാൻ തുടങ്ങിയതും അവൾ പെട്ടന്ന് പുറകിലേക്ക് മറിഞ്ഞു വീണു…

ഒപ്പം അവളുടെ കണ്ണുകൾ അടയുകയും വായിൽ നിന്നും പതയും വരാൻ തുടങ്ങി… അപ്പോഴും അവളുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു… അവസാന നിമിഷമെങ്കിലും എല്ലാവരുടെയും മുന്നിൽ ജയിക്കാൻ പറ്റിയതോർത്ത്‌…

” അച്ചു….. അച്ചു.. “

അൽപ്പ സമയം കഴിഞ്ഞതും ആരോ തന്നെ വിളിക്കുന്നത് കേട്ട് വളരെ ആയാസപെട്ടവൾ കണ്ണ് തുറന്നു.. തനിക്ക് മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അഭിയെ കണ്ടതും അവൾ എണീറ്റു അവന്റെ അടുത്തേക്കൊടി ചെന്നു അവന്റെ നെഞ്ചിലേക്കു തല ചേർത്തു…

അവളുടെ സങ്കടങ്ങൾ മുഴുവൻ കണ്ണുനീരായി അവൾ അവൻറെ നെഞ്ചിലെക്കിറക്കി വച്ചു…. അതു കണ്ടു അവൻ അവളുടെ തലയിൽ പതിയെ തഴുകികൊണ്ടിരുന്നു….

” എല്ലാം കഴിഞ്ഞില്ലേ പെണ്ണെ… ഇനി എന്തിനാ എന്റെ അച്ചു കരയുന്നത്.. ഏഹ്.. “

അഭി അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റികൊണ്ടു ചോദിച്ചു…

” സന്തോഷം കൊണ്ടാ… ഭൂമിയിൽ വച്ചു നമുക്കൊന്നിക്കാൻ പറ്റിയില്ലേലും ഇവിടെ വച്ചു നമുക്ക് ഒരുമിക്കാൻ പറ്റിയല്ലോ… “

അവൾ അവളുടെ കണ്ണുകൾ തുടച്ചൊരു ചിരിയോടെ പറഞ്ഞു അവനെ ആഞ്ഞുപുണർന്നതും… അവനും അതേ ചിരിയോടെ അവളെ തിരികയും പുണർന്നു…

ആ സമയം കല്യാണമണ്ഡപത്തിൽ മരിച്ചു കിടക്കുന്ന സ്വന്തം മകളെ തന്റെ മടിയിലേക്ക് എടുത്തു കിടത്തി അലമുറയിടുന്ന  ഒരു അച്ഛനുമമ്മയും അവരുടെ അരികിലായി അവളുടെ രണ്ടു സഹോദരങ്ങളുമുണ്ടായിരുന്നു …

അവരുടെയാ സങ്കടം മകൾ മരിച്ചതിലാണോ തങ്ങൾക്ക് വന്നു ചെരേണ്ട സൗഭാഗ്യം നഷ്ടപെട്ടതോർത്താണോന്ന് വെക്തമല്ല….

മകൻ സ്നേഹിച്ച പെണ്ണ് കല്യാണമണ്ഡപത്തിൽ വച്ചു ആത്മഹത്യാ ചെയ്തതറിഞ്ഞു ആ വിവരം മകനോട് പറയാനായി മുറി തുറന്ന ആ അമ്മ….

തന്റെ പ്രണയിനിയെ നഷ്ടപെട്ട ദുഃഖത്തിൽ അവൾ അവസാനമായി സമ്മാനിച്ച വെള്ളമുണ്ട് കൊണ്ടു ഫാനിൽ കുരുക്കിട്ട് തൂങ്ങി നിൽക്കുന്ന സ്വന്തം മകനെയാണ് അവർ കാണുന്നത്…

ആ കാഴ്ച കണ്ടു സങ്കടത്തോടെയും കുറ്റബോധത്തോടെയുമവർ നിൽക്കുമ്പോൾ….  മറ്റൊരു ലോകത്ത് അവർ അവരുടെ പ്രണയനിമിഷങ്ങളിൽ മുഴുകിയിരിക്കുവായിരുന്നു….

മനസിൽ തോന്നിയൊരു ആശയം പെട്ടന്ന് എഴുതിയതാണ്… ഇങ്ങനെയൊക്കെ ഒരച്ഛനുമമ്മയും ചെയ്യുവോന്നു ചോദിച്ചാൽ… അറിയില്ല… ചിലയിടത്ത് പണത്തിന് മുന്നിൽ സ്നേഹബന്ധങ്ങൾക്കൊന്നും ഒരു വിലയും കാണില്ല…

Leave a Reply

Your email address will not be published. Required fields are marked *