അമ്മയെന്നാൽ അവന് ജീവനാണ്, ആ കുട്ടി അവന് നന്നായി ചേരും അവൾക്ക് ആരുമില്ല എന്നൊരു..

ഒരു ചെറിയ കല്യാണം
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

അമ്മേ അമ്മേ…

എന്താ ഗൗരി നീയിങ്ങനെ രാവിലേ കിടന്നു ഒച്ച വെയ്ക്കുന്നത്.. .. ആരെങ്കിലും കേട്ടാൽ എന്ത് വിചാരിയ്ക്കും..

അമ്മേ ഉണ്ണ്യേട്ടനെ കാണാനില്ല..

അതിനാണോ നീ കിടന്നിങ്ങനെ തൊണ്ണ തുറക്കുന്നത് അവൻ ഇവിടെ എവിടെയെങ്കിലും കാണും.

ചിലപ്പോൾ അമ്പലക്കുളത്തിൽ കുളിയ്ക്കാൻ പോയിക്കാണും. നീയൊന്നു ഒച്ച വെയ്ക്കാതിരിയ്ക്കൂ ഇന്നലേ കല്യാണം കഴിഞ്ഞ ഒരു വീടാണ് ഇത്

അതിനു എന്താ കുഴപ്പം.

ഒരു കുഴപ്പവുമില്ല വേറേ ഒരു വീട്ടിൽ നിന്നും വന്ന പെൺകുട്ടി അകത്തുണ്ട് നിന്റെ ഏട്ടത്തി  അവളെന്താ വിചാരിയ്ക്കുക.. എന്റെ വളർത്തു ദോഷം എന്ന് പറയില്ലേ. ..

അതാണോ പ്രശ്നം ഏട്ടത്തി അങ്ങനെ
ഒന്നും വിചാരിയ്ക്കില്ല. അമ്മയേ പോലേയൊരു  പഴഞ്ചൻ അല്ല ഏട്ടത്തി.

ആയിക്കോട്ടെ… പക്ഷേ നീയെന്തിനാ ഇങ്ങനെ ബഹളം വെയ്ക്കുന്നത്…നിന്റെ ഏട്ടൻ കുട്ടിയൊന്നും അല്ലല്ലോ അവൻ വരും.. ഞാൻ പറഞ്ഞില്ലേ അവന്  ഇടയ്ക്ക് അമ്പലക്കുളത്തിൽ നീരാടുക പതിവല്ലേ… എന്നിട്ട് അമ്പലത്തിൽ കൂടി കയറിയേ
വരൂ നീ വിഷമിക്കേണ്ടാ….

അതൊക്കെ ശരിയാണ് പക്ഷേ ഏട്ടൻ അമ്പലത്തിൽ പോകുമ്പോൾ വണ്ടി കൊണ്ടു പോകാറില്ലല്ലോ . അത് ശരിയാണല്ലോ ഈ വണ്ടിയുമെടുത്തു ഇവൻ രാവിലേ എങ്ങോട്ടാ പോയത്.. ഞാൻ പറഞ്ഞപ്പോളാണ് അമ്മയ്ക്ക് ഗൗരവം തോന്നിയത്….

അമ്മേ എന്തോ കുഴപ്പമുണ്ട്.

എന്ത് കുഴപ്പം..?

ഇന്നലെ വൈകുന്നേരം മുതൽ ഏട്ടൻ മൂഡ് ഓഫായിരുന്നു  … ആരെയോ വിളിക്കുന്നു ഫോണിൽ   എന്നിട്ട് മാറി നിന്നു സംസാരിയ്ക്കുന്നു  .. എന്തോ പ്രശ്നമുണ്ട്..

എന്ത് പ്രശ്നം ഇന്നലെ രാത്രിയിൽ അവൻ സന്തോഷത്തോടെ എല്ലാവരുടെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചതാണ്.

അതിന്…

അതിനു ഒന്നുമില്ല   ഇനി “. നീ ആയിട്ട് പറഞ്ഞു അവനേ നാട് കടത്തേണ്ടാ എന്റെ കുഞ്ഞിന് ഒരു കുഴപ്പവുമില്ല പാവം എത്ര കിടന്നു ഓടിയതാണ് ഈ കല്യാണത്തിന്..

ഞാൻ ഒന്നും പറയുന്നില്ല പക്ഷേ എന്റെ ഏട്ടന്റെ മുഖം കണ്ടാൽ എനിക്കറിയാം എന്തോ ടെൻഷൻ ഉണ്ടായിരുന്നു ആ മനസ്സിൽ.. അമ്മ ഒരു കാര്യം ചെയ്യൂ വല്യേട്ടനോട് ഒന്ന് പറയൂ പുറത്ത് പോയി അന്വേഷിച്ചു വരാൻ .

ദാ ഇതാ ഇപ്പൊ നല്ല കഥ ഇന്നലെ അവന്റെ കല്യാണ രാത്രി ആയിരുന്നു അവൻ എണീറ്റു പോലുമുണ്ടാകില്ല എനിക്കൊന്നും വയ്യാ വേണമെങ്കിൽ നീ ചെന്നു പറ അവനോട്.

അമ്മയ്ക്ക് ഒരു ടെൻഷനുമില്ലേ ഇക്കാര്യത്തിൽ. എന്തിനു എന്റെ കുഞ്ഞു എങ്ങും പോകില്ല എനിയ്ക്കുറപ്പാണ് അവനിങ്ങു വന്നോളും നീ രാവിലേ വേറേ പണി വല്ലതും നോക്കു
പെണ്ണേ..

എന്താ അമ്മേ രാവിലേ രണ്ടാളും കൂടി ഒരു ഒച്ചപ്പാട്… ഞങ്ങളുടെ ശബ്ദം കേട്ടിട്ട് ഏട്ടത്തി
അങ്ങോട്ട്‌ വന്നു…

ആ മോൾ എണീറ്റു കുളിച്ചോ.. അവൻ എണീറ്റില്ലേ…

ഉവ്വല്ലോ അമ്മേ ഞാൻ ചായ കൊടുത്തു അത് കുടിച്ചു കൊണ്ട് ഉമ്മറത്തു ഇരുന്നു പേപ്പർ വായിക്കുന്നു……

അല്ല ഇവിടെ എന്താണ്‌ സംസാരം.. ഉണ്ണ്യേ പറ്റിയാണോ..?

അതേ ഏട്ടത്തി ഉണ്ണ്യേട്ടനെ കാണാൻ ഇല്ല….

അതാണോ കാര്യം നിങ്ങൾ  വിഷമിക്കേണ്ടാ ഉണ്ണിയിപ്പോൾ വരും .  . …

അവൻ മോളോട് പറഞ്ഞിട്ടാണോ പോയത്     …

മ്മ് എന്നോട് മാത്രമല്ല ഏട്ടനോടും അച്ഛനോടും പറഞ്ഞിട്ടാണ് പോയത്.

എങ്ങോട്ടാ അവൻ പോയത്..

നീയൊന്നു ക്ഷമിക്കൂ വാസന്തി അവരിപ്പോൾ വരും..

അവരോ.. ആര്..?

അമ്മയൊന്നു ക്ഷമിയ്ക്കമ്മേ വല്യേട്ടനും അവിടെയെത്തി…

നിങ്ങളെല്ലാം കൂടി എന്തോ നാടകം കളിയ്ക്കുന്നുണ്ട്.. കാര്യം പറയൂ. ഞാനും അറിയട്ടേ .. എന്നാൽ പിന്നേ മോൾ തന്നേ പറഞ്ഞോളൂ അച്ഛൻ ഏട്ടത്തിയോട് ആവശ്യപ്പെട്ടു… അമ്മേ അമ്മയ്ക്ക് ദേഷ്യം വരരുത് ഒരിയ്ക്കൽ ഉണ്ണി ഒരു ഇഷ്ടം ഇവിടേ പറഞ്ഞതാണ്   .

അന്ന് അമ്മ അതിനു സമ്മതിച്ചില്ല.. അവനത് ശരിയ്ക്കും വിഷമമായിരുന്നു.. അമ്മയോടുള്ള സ്നേഹം കാരണം അവൻ ആ കുട്ടിയേ ഇങ്ങോട്ട് കൂട്ടി കൊണ്ടു വരാതെ ഇരുന്നത്…

പക്ഷേ ഏട്ടനുമായി എന്റെ വിവാഹം ഉറപ്പിച്ച ശേഷം അവൻ എന്നേ വന്നു കണ്ടു ഒരുപാട് സങ്കടപ്പെട്ടു.. മാത്രമല്ല അവളേ എനിയ്ക്ക് പരിചയപ്പെടുത്തി. ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ആ കുട്ടിയാകുമെന്നു ഉറപ്പിച്ചു പറഞ്ഞിരുന്നു…

എന്റെ അടുത്ത് അവൻ ഒന്നേ ആവശ്യപ്പെട്ടുള്ളൂ അവളേ കല്യാണം കഴിയ്ക്കാൻ കൂടേ നിൽക്കണമെന്ന്.. എനിയ്ക്ക് സ്വന്തം അനിയനില്ല ഭർത്താവിന്റെ അനിയൻ എന്റെ സ്വന്തം അനിയനല്ലേ…..

അതേ അമ്മേ ഇവൾ എന്നോട് എല്ലാം പറഞ്ഞിരുന്നു.. വിവാഹത്തിന് മുൻപേ.. അത് കൊണ്ട് ഞാനും ഇവൾക്കൊപ്പം നിന്നു…

അങ്ങനെ ഇന്ന് രാവിലേ നമ്മുടെ ഉണ്ണിയുടെ കല്യാണം കഴിഞ്ഞു അമ്പലത്തിൽ വെച്ചിട്ട് അമ്മ അവരെ ഇങ്ങോട്ടു സ്വീകരിയ്ക്കണം..

ഓഹോ അപ്പോൾ നീയും പങ്കെടുത്തു ഈ നാടകത്തിൽ അല്ലേ മോനേ..

ഞാൻ മാത്രമല്ല അമ്മയുടെ ഈ മോളും
ഈ നാടകത്തിൽ പങ്കാളിയായിരുന്നു… അല്ലെടി…… പിന്നേ ഇതൊരു നാടകമല്ല അമ്മേ നമ്മുടെ ഉണ്ണിയുടെ ജീവിതമാണ്.. ഇതല്ലാതെ വേറേ വഴിയില്ലായിരുന്നു അമ്മേ അത്രയും മോശമായിരുന്നു ആ പെൺകുട്ടിയുടെ അവസ്ഥ

മ്മ് അതേ അമ്മേ.. ഞാനും വല്യേട്ടനെ സപ്പോർട്ട് ചെയ്തു..

അപ്പോൾ നിങ്ങൾ എല്ലാവരും ചേർന്ന്
എന്നേ പൊട്ടിയാക്കിയല്ലേ..

ഒരിയ്ക്കലും ഇല്ല അമ്മേ.. അവൻ നമ്മുടെ ഉണ്ണിയല്ലേ ഈ കുടുംബത്തിന് വേണ്ടിയല്ലേ അവൻ ജീവിയ്ക്കുന്നത് ..

അമ്മയെന്നാൽ അവന് ജീവനാണ്… ആ കുട്ടി അവന് നന്നായി ചേരും…. അവൾക്ക് ആരുമില്ല എന്നൊരു കുറവ് മാത്രമെയുള്ളൂ നമ്മൾ എല്ലാവരുമില്ലേ  അമ്മേ ഇവിടേ അങ്ങനെയൊരു പെണ്ണിനെ അല്ലേ നമ്മൾ സംരക്ഷിയ്ക്കേണ്ടത്…

അതേ അമ്മേ നമ്മുടെ ഉണ്ണി നല്ലവനാണ്  അവൻ ആ കുട്ടിയേ ഉപേക്ഷിച്ചില്ലല്ലോ….ഏട്ടത്തി പറഞ്ഞു നിർത്തി..

പെട്ടെന്ന് വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്നും ഉണ്ണ്യേട്ടനും പെണ്ണും ഇറങ്ങി വന്നു…

അപ്പോൾ വാസന്തി ദാ അവരിങ്ങു എത്തി മടിച്ചു നിൽക്കേണ്ടാ നീ പോയി നിലവിളക്കു എടുത്തോളൂ.. അച്ഛൻ പറഞ്ഞു.. അമ്മ അകത്തു പോയി  കത്തിച്ചു വെച്ച നിലവിളക്കുമായി പുറത്തേയ്ക്ക് വന്നു ഉണ്ണ്യേട്ടന്റെ പെണ്ണിന്റെ കൈയ്യിൽ കൊടുത്തു…

വലതു കാൽ വെച്ചു കയറിക്കോളൂ മോളേ ഇനി ഇത് നിന്റെ കൂടി വീടാണ്.. പുതിയ ഏട്ടത്തി ആ കുട്ടിയേ
അകത്തേയ്ക്ക് കൂട്ടി..

എന്നാലും ഉണ്ണ്യേ  നിനക്ക്  അവളേ ഇത്രയും ഇഷ്ടമായിരുന്നുവെങ്കിൽ അമ്മ എതിര് നിൽക്കുമായിരുന്നോ..

അമ്മ വെറുതെ ദേഷ്യം കാണിയ്ക്കുന്നതല്ലേ എന്റെ മോനേ വിഷമിപ്പിക്കാൻ എനിയ്ക്ക് പറ്റോ…. അമ്മയ്ക്ക് വിഷമം ആയി അല്ലേ  ഞാൻ ഇങ്ങനെ ഒരു സാഹസം കാണിച്ചതിൽ.. ആ മുഖം കണ്ടാൽ അറിയാം..

എന്തിനു രണ്ടു ദിവസം കൊണ്ട് രണ്ടു മരുമക്കളെ കൈപിടിച്ച് കുടുംബത്തു കയറ്റാൻ പറ്റിയതിന്റെ സന്തോഷമാണ് മോനേ നിന്റെ അമ്മയുടെ മുഖത്തു.. അല്ലേ വാസന്തി…..

പിന്നേ ഉണ്ണി അച്ഛൻ ഒരു കാര്യം പറയാം മകന്റെ വിവാഹത്തിന് സാക്ഷിയാകാൻ എല്ലാ അച്ഛനമ്മമാരും ആഗ്രഹിയ്ക്കും പക്ഷേ ഇവിടേ സാഹചര്യം അതിനു അനുവദിച്ചില്ല അതിൽ അച്ഛന് ചെറിയ വിഷമമുണ്ട്..

ഒന്ന് പോ മനുഷ്യാ.. അവൻ ആകേ വിഷമിച്ചു ഇരിയ്ക്കുവാണ്.

കണ്ടില്ലേ ഇന്നലേ മുതലുള്ള ടെൻഷനാണ് മുഖത്തൊക്കെ എന്തൊരു ക്ഷീണം… മോൻ ഒന്ന് കൊണ്ടും വിഷമിയ്ക്കേണ്ടാ അമ്മയ്ക്ക് ഒരു സങ്കടവുമില്ല.. മോൻ ചെയ്തതാണ് ശരി……

ആഹാ അപ്പോൾ അമ്മയും മോനും ഒന്നായി അല്ലേ ഇത്ര വേഗം.

അത് പിന്നേ ഇവൻ എന്റെ സ്വത്തല്ലേ..

മോനേ നിനക്കറിയാമോ ഈ അമ്മ ആഗ്രഹിച്ചിരുന്നത് എന്താണെന്ന്.. അത് ഒരിയ്ക്കലും നീ അവളേ ഉപേക്ഷിയ്‌ക്കരുതെന്നായിരുന്നു. നിനക്ക് യോജിച്ച കുട്ടിയാണ് അവൾ അവളേ നീ തന്നേ സ്വന്തമാക്കണം അതിനുള്ള വാശി നിനക്കുണ്ടാകണം അതിനാണ് ഞാൻ ഈ ബന്ധത്തിൽ എതിർത്തത്….

കാരണം എനിയ്‌ക്കവളെ അത്രയും ഇഷ്ടമാണ്…. നിനക്കറിയാമോ ഇന്നലേ അവൾ നിന്നേ ഫോൺ ചെയ്തപ്പോൾ ഞാൻ ആയിരുന്നു എടുത്തത്.. അവളുടേ സങ്കടം മുഴുവനും കേട്ടിട്ട് സന്തോഷത്തോടെ ഞാൻ ആയിരുന്നു അവളേ അനുഗ്രഹിച്ചയച്ചത് നിന്റെ താലി അണിയാൻ.

എന്നിട്ടും  നീ ഈ അമ്മയേ  മനസ്സിലാക്കിയില്ലല്ലോ മോനേ. നിനക്കറിയാമോ ഇന്നലേ ഇവിടേ ഒരു വലിയ കല്യാണം നടന്നിരുന്നു ആർഭാടമായി പക്ഷേ അമ്മയ്ക്ക് ഏറെ സന്തോഷം തരുന്നത് നിന്റെ ഈ ചെറിയ കല്യാണമാണ്.

ഈ കാര്യങ്ങളൊക്കെ നിന്റെ പെണ്ണിന് അറിയാം നീ അവളോട്‌ ചോദിച്ചോളൂ

അമ്മ എന്നോട് ക്ഷമിയ്ക്കണം.. എനിക്കിതൊന്നും അറിയില്ലായിരുന്നു

സാരമില്ല മോനേ.

പക്ഷേ ഉണ്ണി എനിയ്ക്ക് നീ ഒരു വാക്കു തരണം…

എന്താ അമ്മേ..

നിന്നേ വിശ്വസിച്ചു കൂടേ വന്ന കുട്ടിയാണ് അവൾ നീ അവളേ കരയിക്കരുത് ഒരിയ്ക്കലും…

ഇല്ല അമ്മേ വാക്കു തരുന്നു ഞാൻ അവളേ സംരക്ഷിയ്ക്കും മരണം വരേ.. അത് മതി ഇനി കൂടുതൽ അവളേ വിഷമിപ്പിക്കേണ്ടാ പാവം നിന്നേ കാത്തിരിയ്ക്കുന്നുണ്ടാവും അകത്തേയ്ക്ക് ചെന്നോളൂ..

അകത്തേയ്ക്ക് കടന്നു വന്ന ഏട്ടനേ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.. അങ്ങനെ എനിയ്ക്ക് രണ്ടു ദിവസങ്ങൾ കൊണ്ടു രണ്ടു നാത്തൂന്മാരെ കിട്ടി ഏട്ടന്മാരായാൽ ഇങ്ങനെ വേണം..

താങ്ക്സ് ഏട്ടാ…

ഏട്ടൻ എന്നേ നോക്കി ചിരിച്ചു കൊണ്ടു മുറിയിലേയ്ക്ക് പോയി… മുറിയിൽ അവൾ കാത്തിരിപ്പുണ്ടായിരുന്നു

മാളു..

എന്താ. ഏട്ടാ..

ഞാൻ തോറ്റു പോയെടോ എന്റെ അമ്മയുടെ  സ്നേഹത്തിന്റെ മുന്നിൽ..

അതേ ഏട്ടാ  ഈ ജീവിതത്തിൽ നിങ്ങൾക്ക്  കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അമ്മ. ഇങ്ങനെ ഒരു അമ്മയേ എനിയ്ക്ക് തന്നതിൽ ഒരുപാട് നന്ദിയുണ്ട്.. അവൾ മെല്ലേ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *