ശരിയാണ് അമ്മ പറഞ്ഞത് അവളിപ്പോൾ വേറൊരാളുടെ ഭാര്യയാണ്, പക്ഷേ എൻ്റെ മനസ്സിൽ നിന്നും..

അഷ്ടപദി
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

അഭി നിന്നോട് ഒരു കാര്യം ചോദിയ്ക്കാനുണ്ട്..

എന്താ അമ്മേ…?

ഈ മാസം 29 തീയതി എന്താ വിശേഷം എന്നറിയാമോ..

അന്ന് ഞായറാഴ്ച അല്ലേ പ്രേത്യേകിച്ചു എന്താ വിശേഷം…

നിന്നോട് ഇതൊക്കെ പറയാൻ വന്ന എന്നേ പറഞ്ഞാൽ മതിയല്ലോ..

എൻ്റെ മീനാക്ഷിയമ്മേ പിണങ്ങാതെ കാര്യം പറയൂ…

അന്ന് നിന്റെ ജന്മ നക്ഷത്രമാണ്.. കാർത്തിക..

അതേയോ ഞാൻ ഈ ദുരന്ത ദിനങ്ങളൊന്നും ഈയിടെയായി ഓർക്കാറില്ല… നീ ജനിച്ച ശേഷം ഈ വീട്ടിൽ എന്താടാ ദുരന്തമുണ്ടായത് നീ അതൊന്നു
പറഞ്ഞേ…

വേണ്ട.. വെറുതെ ഓരോന്നും പറഞ്ഞു അവസാനം മീനാക്ഷിയമ്മ എൻ്റെ കല്യാണ കാര്യത്തിലേക്കു വരും.. ഞാൻ ദേഷ്യപ്പെടും നമ്മൾ തമ്മിൽ തെറ്റും ഇത് തന്നെയല്ലേ പതിവ്……….

അത് കൊണ്ട് മീനാക്ഷി അമ്മ അടുക്കളയിൽ പോയി എനിയ്ക്കുള്ള സ്പെഷ്യൽ ഇലയടയും ചുക്ക് കാപ്പിയും ഉണ്ടാക്കി വെയ്ക്കൂ.. ഞാനൊന്നു കുളത്തിൽ മുങ്ങി കുളിച്ചു വരാം..

വേണ്ടാട്ടോ അഭി ഈ സന്ധ്യാ സമയത്തു കുളത്തിൽ കുളിയ്ക്കേണ്ടാ കുളിമുറിയിൽ കുളിച്ചാൽ മതി.. അമ്മ ഒന്ന് പോയേ ആ ഹോസ്റ്റലിലെ കുളിമുറിയിലെ വെള്ളത്തിന്റെ നാറ്റം ഒന്ന് മാറട്ടെ….

ഇതാണ് ഞാൻ പറയുന്നത് പെണ്ണ്
കെട്ടാൻ അപ്പോൾ നിനക്ക് ഒരു ചെറിയ വാടക വീടെടുത്തു അവളേയും കൂട്ടി താമസിക്കാലോ.. അല്ലെങ്കിൽ ഇങ്ങോട്ട് ട്രാൻസ്ഫർ മേടിയ്ക്കാമല്ലോ ഒരു ബുദ്ധിമുട്ടും സഹിക്കേണ്ടല്ലോ..

എന്നും ഞാൻ കാണില്ല ഇങ്ങനെ ഓരോന്നു ചെയ്യാൻ.. ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല ഞാൻ കുളിച്ചിട്ടു വരാം അമ്മ സ്പെഷ്യൽ ഇലയട ഉണ്ടാക്കി വെച്ചേക്കൂ..

സൂക്ഷിയ്ക്കണം കേട്ടോ കുളത്തിന്റെ പടവുകൾ ഇളകി കിടക്കുവാണ്.. ഞാൻ കുളക്കടവിലേയ്ക്ക് നടന്നു… പതിവുള്ള ശീലമാണ് തറവാട്ടിൽ എത്തിയാൽ ഈ കുളത്തിൽ മുങ്ങിക്കുളി..

കുഞ്ഞു നാളിൽ തറവാട് കുളത്തിൽ ഇറങ്ങാൻ തന്നേ പേടിയായിരുന്നു.. മുത്തശ്ശൻ ആയിരുന്നു പേടി മാറ്റിയത്.. നീന്തൽ പഠിപ്പിച്ചതും മുത്തശ്ശനാണ്…

ഏട്ടൻ ട്രാൻസ്ഫർ കിട്ടി ഫാമിലിയുമായി താമസം മാറിയ  ശേഷം ഇപ്പോൾ തറവാട്ടിൽ അച്ഛനും അമ്മയും മാത്രം കൃഷിയും രാഷ്ട്രീയ പ്രവർത്തനവുമായി അച്ഛൻ എപ്പോഴും തിരക്കിലാണ് പകൽ അമ്മ മാത്രം വീട്ടിൽ….

പാവം ഒറ്റയ്ക്കിരുന്ന് മടുക്കുന്നുണ്ടാവും ഞാൻ ചിന്തിച്ചു.. ഒന്ന് ആലോചിച്ചാൽ അമ്മ പറഞ്ഞത് വളരേ ന്യായമായ ആവശ്യമാണ്. ഏതൊരു അച്ഛനും അമ്മയും ആഗ്രഹിയ്ക്കുമല്ലോ മക്കൾക്ക്‌ ഒരു കുടുംബമുണ്ടായി കാണാൻ…..

അച്ഛനും ഇതൊക്കെ തന്നെയാവും മനസ്സിൽ കൊണ്ട് നടക്കുന്നത് പക്ഷേ എന്നോടൊന്നും പറയില്ല പറഞ്ഞിട്ട് കാര്യമില്ല എന്ന് വിചാരിച്ചിട്ടാവാം…..

ഞാൻ ഒരു സിഗരറ്റു ചുണ്ടിൽ വെച്ചു കത്തിയ്ക്കാൻ തുടങ്ങി.. പെട്ടെന്ന് പുറകിൽ നിന്നൊരു വിളി അഭിയേട്ടാ….. വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി… ആരതി… അടുത്ത വീട്ടിലെ വാര്യരുടെ മോളാണ്… ക്ഷേത്രത്തിൽ അഷ്ടപദി ആലപിയ്ക്കുന്നതു വാര്യരായിരുന്നു.. പാവം ഇപ്പോൾ കിടപ്പിലാണ്..

ഇവളാണ് അമ്മയ്ക്ക് ആകെയൊരു ആശ്വാസം…

ആ എന്താടി അമ്പലവാസി.

അമ്പട കള്ള അപ്പോൾ ഇതാണ്‌ പണിയല്ലേ എന്ന് തുടങ്ങി ഈ ശീലം.. ഏയ് അങ്ങനെ സ്ഥിരമായി ഒന്നുമില്ല പെണ്ണേ അല്ല  ഇന്ന് നീ അമ്പലത്തിൽ പോയില്ലേ..

പോയല്ലോ.. തിരികേ വരും വഴി ഇവിടേ കയറും.. അമ്മയെക്കാണാൻ.. വന്നു എന്ന് അമ്മ പറഞ്ഞു അതാണ് ഇങ്ങോട്ട് ഓടി വന്നത്… ജോലി എല്ലാം എങ്ങനെയുണ്ട്..

കുഴപ്പമില്ല അല്ല എന്തായി നിന്റെ പഠനമൊക്കെ..?

എന്ത് ചെയ്യാനാണ് അഭിയേട്ടാ ഡിഗ്രി കഴിഞ്ഞു  പി. ജി ചെയ്യാം എന്നൊക്കെ വിചാരിച്ചതാണ്.. അന്നേരമല്ലേ അച്ഛൻ തളർന്നു വീണത്….. നിന്റെ നൃത്ത പഠിപ്പിക്കൽ ഇപ്പോഴും ഉണ്ടോ….. ഉണ്ടല്ലോ അതൊക്കെ കൊണ്ടാണ് വീട് പട്ടിണിയില്ലാതെ മുന്നോട്ട് പോകുന്നത്..

പിന്നേ അമ്മ അമ്പലത്തിൽ മാല കെട്ടാൻ പോകുന്നുണ്ട് എനിയ്ക്കു സമയം കിട്ടുമ്പോൾ സഹായിക്കാൻ പോകാറുണ്ട്… .. അച്ഛൻ എപ്പോഴും അഭിയേട്ടനെ തിരക്കും.. വന്നില്ല എന്ന് പറഞ്ഞു ഞാൻ മടുത്തു..

എന്നാൽ നീ പൊക്കോളൂ.. ഞാൻ
വരുന്നുണ്ട് വാര്യത്തേയ്ക്ക്.. അച്ഛനെക്കാണാൻ….. അതേ ഒന്ന് ചോദിയ്ക്കാൻ മറന്നു ഞാൻ ഇങ്ങോട്ട് വരുമ്പോൾ കണ്ടു എന്താ ഒരു ആലോചന..

ഏതെങ്കിലും പെൺകുട്ടിയെ പറ്റിയാണോ   ആണെങ്കിൽ നമുക്ക് അമ്മയോട് പറയാം. പാവം കല്യാണം ആലോചിയ്ക്കാൻ കാത്തിരിയ്ക്കുവാ…..

നീ ഒന്ന് പോയേ . .

ഞാൻ പോയേക്കാം അധികം സമയം
പുകച്ചു കൊണ്ട് ഇവിടേ ഇരിയ്‌ക്കേണ്ട.. സന്ധ്യാ നേരമാണ് വേഗം കുളിച്ചിട്ട് പൊക്കോളൂ അല്ലെങ്കിൽ വല്ല യക്ഷികളും കണ്ടു മോഹിയ്ക്കും നിങ്ങളെ…

എനിയ്ക്ക് ഒരു യക്ഷിയേയും പേടിയില്ല
നീ ഒന്ന് പോയേ.. ഞാൻ പറഞ്ഞെന്നേയുള്ളൂ അപ്പോൾ വാര്യത്തേക്കു വരാൻ മറക്കണ്ടാ ട്ടോ .

ഇല്ല…

അവൾ  തൊടിയിലൂടെ ഓടി വീട്ടിലേയ്ക്ക് പോയി..

ഇങ്ങനെയൊരു പൊട്ടിപ്പെണ്ണ്…. ഞാൻ കുളി കഴിഞ്ഞു വീട്ടിലേയ്ക്ക് വന്നു….. അമ്മ ഞാൻ പറഞ്ഞതൊക്കെ ഉണ്ടാക്കി വെച്ചിരുന്നു.. എന്താ മീനാക്ഷി അമ്മേ മുഖത്ത് ഇത്രയും ഗൗരവം . ഒന്ന് ചിരിയ്ക്കൂ അതല്ലേ മുഖത്തിന്റെ അഴക്..

നീ ഇപ്പോൾ എൻ്റെ മുഖത്തിന്റെ അഴക് നോക്കേണ്ടാ അതിനു ഒരാളേ കൊണ്ട് വാ.. ഇതിങ്ങനെ എത്ര നാളാണ് ഓരോന്നു പറഞ്ഞു മുടക്കുന്നത്…….

അതിന്റെ കാരണം അമ്മയ്ക്കും അറിയാമല്ലോ..?

എന്തിനാ അഭി നീ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്…. നീ ഇത് വരേ മറന്നില്ലേ ആ കുട്ടിയേ അവളിപ്പോൾ മറ്റൊരാളുടെ ഭാര്യയാണ് ….

ശരിയാണ് അമ്മ പറഞ്ഞത്.. അവളിപ്പോൾ വേറൊരാളുടെ ഭാര്യയാണ്.. പക്ഷേ എൻ്റെ മനസ്സിൽ നിന്നും അവൾ പോകുന്നില്ല.. അതാണ് കാരണം….

അല്ലാതെ എനിയ്ക്ക് വിവാഹത്തിന് മടിയുണ്ടായിട്ടല്ല എല്ലാം അറിയുന്ന ഒരു കുട്ടിയേ കിട്ടിയാൽ ഞാൻ സമ്മതിയ്ക്കാം.. അങ്ങനെ ഒരാൾ വരും അമ്മ ധൈര്യമായി ഇരിയ്ക്കൂ…. ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം…

എങ്ങോട്ടാ ഈ രാത്രിയിൽ   ..

വാര്യത്തേയ്ക്ക്…

വാര്യർ എന്റെ ഗുരുവാണ് കുഞ്ഞു നാളിൽ ഇടയ്ക്ക പഠിപ്പിച്ചു തന്നത് വാര്യരായിരുന്നു…….. ജോലി കിട്ടും വരേ അമ്പലത്തിൽ കൊട്ടി പാടുമായിരുന്നു….

ആരിത് അഭിയേട്ടനോ… അകത്തേയ്ക്ക് വരൂ അച്ഛൻ കാത്തിരിക്കുന്നു.. ഞാൻ വാര്യരുടെ മുറിയിലേയ്ക്ക് ചെന്നു . ആ മുഖം കണ്ടാൽ അറിയാം അദ്ദേഹം വല്ലാണ്ട് അവശനാണ്… ആ അഭിയോ ഇങ്ങോട്ടിരിയ്ക്കൂ അദ്ദേഹം എന്നേ കൈപിടിച്ചു അടുത്തിരുത്തി…. മോളെ അഭിയ്ക്ക് കുടിയ്ക്കാൻ എന്തെങ്കിലും എടുത്തോളൂ…. ആരതി അകത്തേയ്ക്ക് പോയി..

ഇപ്പോൾ എങ്ങനെയുണ്ട് അസുഖം…

ഇനി പഴയ ആരോഗ്യം ഒന്നും കിട്ടില്ല കുട്ട്യേ  … ഇങ്ങനെ കിടന്നങ്ങു തീരും..

അല്ല തനിയ്ക്ക് സുഖമല്ലേ.. എത്ര ദിവസം ലീവ് ഉണ്ട് …..

കുറച്ചു ദിവസം ഞാൻ ഇവിടെയുണ്ടാകും..

താൻ ഇടയ്ക്ക ഇപ്പോൾ കൊട്ടാറേയില്ല ല്ലേ.. എവിടുന്നാ സമയം  ജോലി തിരക്കല്ലേ…… എന്നാലും പഠിച്ച കല മറക്കരുത്  ഇടയ്ക്ക് തേവരുടെ നടയിൽ ഒന്ന് കൊട്ടി പാടിക്കൂടേ..

ആഗ്രഹമുണ്ട്..

അതേയോ. എന്നാൽ എൻ്റെ ഇടയ്ക്ക
താൻ എടുത്തോളൂ . ഇനി അതിൽ തന്റെ താളം മുഴങ്ങട്ടെ… കുഞ്ഞിലേ ഒരുപാട് ആഗ്രഹിച്ചതല്ലേ ഇത്..

മ്മ്…

ഇത് തനിയ്ക്ക് നൽകാനാണ് ഇങ്ങോട്ടു വിളിച്ചത് .. ഇനി തന്റെ അഷ്ടപദി വിരിയട്ടെ ഇതിൽ..

എനിക്ക് ഇനി അധികം നാളില്ല കുഞ്ഞേ ആകെയുള്ള ഒരാഗ്രഹം മോളെ ആരുടെയെങ്കിലും കൈയ്യിൽ ഏൽപ്പിക്കണം എന്നിട്ട് കണ്ണടച്ചാലും വേണ്ടീല്യ… അപ്പോഴേക്കും അവൾ ചായയുമായി
വന്നു …

എന്തായി തന്റെ കല്യാണം വല്ലതും ആയോ എന്തിനാണ് ഈ പിടിവാശി . എല്ലാം മറക്കൂ എന്നിട്ട് ഒരു പെൺകുട്ടിയേ കൂടേ കൂട്ടൂ..  വാര്യരെ ഞാൻ ഒരു കാര്യം കൂടി ചോദിയ്ക്കാനാണ് വന്നത്… ഇഷ്ടമാകുമോ അങ്ങേയ്ക്കു…

താൻ ധൈര്യമായി പറഞ്ഞോളൂ…

ഇവിടെ എല്ലാവർക്കും സമ്മതമാണെങ്കിൽ എനിയ്ക്ക് തന്നൂടെ ഇവളെ കുഞ്ഞു നാൾ മുതൽ പരസ്പരം തമ്മിൽ അറിയുന്നവരല്ലേ ഞങ്ങൾ…

പൊന്നു പോലേ നോക്കിക്കോളാം ഞാൻ  എന്റെ അമ്മയ്ക്കും. അച്ഛനും ഇവളെ ഒരുപാട് ഇഷ്ടമാണ്….  ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്തായാലും പറഞ്ഞോളൂ മറുപടി..

ഞാൻ എന്താ പറയുക മോനേ എൻ്റെ മോളുടെ ഭാഗ്യം അല്ലേ ഇത് ഇതിലും നല്ലൊരു പയ്യനെ അവൾക്ക് കിട്ടാനില്ല…  ഞാൻ അവളേ നോക്കി.. ആ മുഖത്തും സന്തോഷം നിറഞ്ഞിരുന്നു

ആരതി ഒരുപാട് തവണ നിന്നോട് എൻ്റെ ഇഷ്ടം തുറന്നു പറയണം എന്ന് കരുതിയതാണ്…
പക്ഷേ നിന്റെ മനസ്സിൽ എന്താണെന്നു അറിയാതെ എങ്ങനെയാണു.. പറയുക

എനിയ്ക്ക് അങ്ങനെ പ്രേത്യേകിച്ചു ഇഷ്ടം ഒന്നുമില്ല മാഷേ എൻ്റെ അച്ഛൻ തീരുമാനിയ്ക്കുന്ന ആരെയും ഞാൻ വിവാഹം ചെയ്യും…

പക്ഷേ ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് മാഷേ പോലേ ഒരാളേ കിട്ടുവാൻ.. ഇപ്പോൾ തേവർ എന്റെ ആഗ്രഹം സാധിച്ചു തന്നു അങ്ങനെയേ കാണുന്നുള്ളൂ ഞാൻ ഇതിനെ… എന്നാൽ നീ കാത്തിരുന്നോളൂ അധികം താമസിയ്ക്കാതെ ഞാൻ എന്റെ അമ്മയേ ഇങ്ങോട്ട് പറഞ്ഞു വിടും   നിന്നേ എനിയ്ക്ക് ഉറപ്പിക്കാൻ…

പിന്നേ ഒട്ടും വൈകില്ല നിന്നേ കൂടേ കൂട്ടാൻ ഇപ്പോൾ ഞാൻ പോകുന്നു . രാത്രിയിൽ യാത്രയില്ല എന്നല്ലേ   .. അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു നിന്നു   … വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും ഉമ്മറത്തു ഉണ്ടായിരുന്നു .

നീ എവിടായിരുന്നു അഭി.. അല്ല ഇതാരുടെയാണ് ഇടയ്ക്ക..?

അതോ വാര്യർ എനിയ്ക്ക് തന്നതാണ്.. അധികം താമസിയ്ക്കാതെ ഒരു സമ്മാനം കൂടി ഇങ്ങോട്ട് കൊണ്ട് വരും ഞാൻ.. നീയൊന്നു തെളിച്ചു പറയൂ അഭി.. അമ്മ ആകാംഷയോട് ചോദിച്ചു… അച്ഛനും എന്റെ ഉത്തരം കേൾക്കാൻ കാതോർത്തു.. അമ്മേ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം അല്ലേ എൻ്റെ കല്യാണം..

അതേല്ലോ..

എന്നാൽ അമ്മയ്ക്ക് അറിയാവുന്ന അമ്മയ്ക്ക് ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനെ ഞാൻ കണ്ടെത്തി.. ഇനി അമ്മ പോയി എല്ലാം പറഞ്ഞു ഉറപ്പിക്കണം..

ഏതാണ് മോനേ ആ പെൺകുട്ടി..?

നമ്മുടെ വാര്യരുടെ മോൾ ആരതി.. അവളേ ഞാൻ ജീവിതത്തിലേയ്ക്ക് കൂടേ കൂട്ടാൻ തീരുമാനിച്ചു  .. ഇനി അമ്മയുടെ സമ്മതം വേണം…

മോനേ അഭി ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ച പെൺകുട്ടി ആണ് അവൾ അത്രയും നല്ല കുട്ടിയാണ്.. നിനക്ക് ചേരും.. പരസ്പരം അറിയാവുന്നവരല്ലേ നിങ്ങൾ . അപ്പോൾ പിന്നേ ആ ദാമ്പത്യം നന്നായി മുന്നോട്ട് പോകും…

എല്ലാം ഞാൻ അമ്മയ്ക്ക് വിട്ടിരിക്കുന്നു.. നിങ്ങൾ എല്ലാവരും കൂടി ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിച്ചോ..

അത് പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മയുടെ മുഖത്തേ തെളിച്ചം ഞാൻ കണ്ടു. ഒരമ്മയുടെ മനം നിറയാൻ ഇതിൽ കൂടുതൽ എന്താണ് മകന് ചെയ്യാൻ കഴിയുക..

മുറിയിലേക്കുള്ള കോണിപ്പടികൾ കയറുമ്പോൾ എൻ്റെ ഉള്ളിൽ അഷ്ടപദി മുഴങ്ങിയിരുന്നു…. ഇനി എന്നും എൻ്റെ ചിന്തകളിൽ അവൾ മാത്രം…

Leave a Reply

Your email address will not be published. Required fields are marked *