എന്റെ അച്ഛനെ ബുദ്ധിമുട്ടിച്ചു കൊണ്ട് എനിക്ക് ഒരു കല്യാണം ആവശ്യമില്ല, നിങ്ങൾ ആവശ്യപ്പെടുന്ന..

സ്ത്രീധനം
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

“നിനക്ക് ഈ വീട്ടിൽ നിന്നേ പെണ്ണ്
കിട്ടിയുള്ളു.” ആ ചെറിയ വീടിന്റെ മുറ്റത്ത്‌ വണ്ടി വന്നു നിന്നപ്പോൾ അമ്മായിയുടെ പരിഹാസം..

“മറു നാട്ടിൽ രണ്ട് നില ബംഗ്ലാവിൽ ജീവിയ്ക്കുന്ന അവർക്കെങ്ങനെ ഒരു സാധാരണ കുടുംബത്തെ ഉൾക്കൊള്ളാൻ പറ്റും… ആ ചോദ്യം എനിയ്ക്ക് തീരേ ഇഷ്ടമായില്ല…

“എന്റെ മുഖത്തേ തീക്ഷ്ണത കണ്ടപ്പോൾ അച്ഛൻ ഇടപെട്ടു…

“അതിനിപ്പോൾ നമ്മൾ വീട് കാണാനല്ലല്ലോ വന്നത് ആ പെൺകുട്ടിയെ കാണാൻ അല്ലേ….. ആദ്യം ആ ചടങ്ങ് കഴിയട്ടേ എന്നിട്ട് പറയാം ബാക്കി…

അല്ലെങ്കിലും എന്റെ മനസ്സ് അറിയാവുന്നവർ രണ്ട് പേർ അതാണ് എന്റെ അച്ഛനും അമ്മയും… ഏറെ തേടി നടന്നിട്ട് ഒത്തു വന്ന ആലോചനയാണ് പൊരുത്തങ്ങളും ഉത്തമം…

അതിനിടയിൽ വേറേ പ്രശ്നങ്ങൾ വേണ്ടാ എന്ന് അച്ഛൻ തീരുമാനം എടുത്തു കാണും…. ചെറിയ വീടിനുള്ളിൽ കടന്നു ചെല്ലുമ്പോൾ കുട്ടിയുടെ അച്ഛൻ ഞങ്ങളെ സ്വീകരിച്ചിരുത്തി…

ഞാൻ ചുറ്റുപാടുകൾ ഒന്ന് നോക്കി… അകത്തേ മുറിയിൽ രണ്ട് ചെറിയ പെൺകുട്ടികൾ നിൽപ്പുണ്ടായിരുന്നു…  അവളുടെ അനിയത്തിമാരാകാം.. അവളേ ഫോട്ടോയിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ… ഇന്ന് ആദ്യമായി കാണുവാണ്…

“എനിക്ക് തിടുക്കം ഏറിയിരിയ്ക്കുന്നു…

അധികം താമസിയ്ക്കാതെ ചായയുമായി അവൾ എന്റെ അരികിൽ വന്നു എല്ലാവർക്കും ചായ നൽകിയ ശേഷം അവൾ മുറിയിലേക്ക് മടങ്ങി…

അവിടേ വീണ്ടും ബന്ധുക്കളുടെ ഇടപെടൽ…

അപ്പോൾ മറ്റുള്ള കാര്യങ്ങൾ എല്ലാം എങ്ങനെയാണ്… നാട്ടു നടപ്പ് അനുസരിച്ചു കൊടുക്കുമോ… അല്ല ഇവൻ ഒരു സർക്കാർ ജോലിക്കാരനാണ്..

കുട്ടിയുടെ അച്ഛൻ പെട്ടെന്ന് ഒന്ന് നിശബ്ദനായി… എന്നിട്ട് തുടർന്നു..

“എന്റെ അവസ്ഥ അത് ഞാൻ ബ്രോക്കറോട് പറഞ്ഞതാണല്ലോ ഒരുപാട് ഒന്നും തരാൻ എനിക്ക് കഴിയില്ല നിങ്ങൾ പ്രതീക്ഷിയ്ക്കുന്നത് പോലേ..

നിങ്ങൾ ഒരുപാട് കടുംപിടുത്തം എടുത്താ ഈ ആലോചന ഒഴിയാനേ നിവൃത്തിയുള്ളൂ

അത് പറയുമ്പോൾ ആ അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… പെട്ടെന്നാണ് അകത്തു കയറിപ്പോയവൾ പുറത്തേക്ക് വന്നത്….

എല്ലാവരും ക്ഷമിക്കണം… മുതിർന്നവരോട് എതിർത്ത് സംസാരിയ്ക്കരുതെന്നാണ് എന്റെ അച്ഛൻ എന്നേ പഠിപ്പിച്ചത്… എന്നാലും എനിയ്ക്ക് സംസാരിക്കണം കാരണം എന്റെ അച്ഛന് വേണ്ടി സംസാരിക്കാൻ ഇവിടെ ഞാനേയുള്ളൂ

എന്റെ അമ്മ ജീവിച്ചിരുന്നേൽ എനിയ്ക്ക് സംസാരിയ്‌ക്കേണ്ടി വരുമായിരുന്നില്ല..

അവൾ തുടർന്നു… എന്റെ അച്ഛൻ വളരേ ദരിദ്രനാണ് ആകെയുള്ള സമ്പാദ്യം ഈ വീടും ഞങ്ങൾ മൂന്ന് പെൺ കുട്ടികളുമാണ്…

എന്റെ അച്ഛന്റെ കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്നവളാണ് ഞാൻ പഠിക്കാൻ മോശമല്ലാഞ്ഞിട്ടും എന്റെ അനിയത്തിമാരുടെ പഠനത്തിനായി ഡിഗ്രീ കൊണ്ട് പഠനം നിർത്തേണ്ടി വന്നു…

എന്റെ അച്ഛനെ ബുദ്ധിമുട്ടിച്ചു കൊണ്ട് എനിക്ക് ഒരു കല്യാണം ആവശ്യമില്ല. നിങ്ങൾ ആവശ്യപ്പെടുന്ന സ്വർണവും പണവും ഞങ്ങൾക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയൂ..

“ഇത് എല്ലാരുടെയും മുന്നിൽ വെച്ച് പറഞ്ഞതിൽ ഞാൻ ഒരു അഹങ്കാരിയാണെന്നു കരുതരുത്….

ഇത് ഒരു അച്ഛന്റെ കഷ്ടപ്പാടുകൾ അറിയാവുന്ന ഒരു മകളുടെ വാക്കുകൾ ആണ്.. ഇനി നിങ്ങൾക്ക് എന്തു തീരുമാനവും എടുക്കാം പക്ഷേ എനിക്ക് എന്റെ അച്ഛനെ വേദനിപ്പിച്ചു കൊണ്ട് ഒന്നും നേടേണ്ട… അവൾ നിറകണ്ണുകളോടെ അകത്തേക്ക് മറഞ്ഞു..

ഞാൻ അച്ഛനെ നോക്കി… “എന്റെ നോട്ടത്തിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ അച്ഛൻ സമ്മതം മൂളി…

അവനു കുട്ടിയോട് ഒന്ന് സംസാരിയ്ക്കണം വിരോധമില്ലല്ലോ… അതിനെന്താ അകത്തേക്ക് ചെന്നോളൂ അവളുടെ അച്ഛൻ അനുവാദം നൽകി..

ഞാൻ അകത്തു ചെല്ലുമ്പോൾ നിറകണ്ണുകളോടെ അവൾ ഇരിയ്ക്കുന്നു… അടുത്ത് ചെന്നതും അവൾ എഴുന്നേറ്റു ജനലിനരികിലേയ്ക്ക് നടന്നു..

പുറകേ ചെന്ന ഞാൻ സംസാരം തുടർന്നു…

ഇയാൾ ഇത്രയും സില്ലി ആണോ…

കുറച്ച് മുന്നേ വളരേ ബോൾഡ് ആയിട്ട് സംസാരിച്ച ആളല്ലേ ഇത്…

അവൾ ഒന്നും മിണ്ടിയില്ല…

ഞാൻ കുറച്ചു കൂടി അടുത്തേക്ക് ചേർന്ന് അവളുടെ മുഖം കാൺകെ നിന്നു… എന്നേ കുറിച്ച് തനിക്കെന്തറിയാം ഞാൻ ഒരു സാധാരണക്കാരനാണ്…

ഒരു സാധാരണ തൊഴിലാളിയുടെ മകൻ പാടത്തും പറമ്പിലും പണിയെടുത്തു കല്ലും മണ്ണും ചുമന്നാണ് എന്നേ അച്ഛൻ വളർത്തിയത്… അത് കൊണ്ട് തന്നേ തന്റെ ദുഃഖങ്ങളും കഷ്ടപ്പാടുകളും എനിയ്ക്ക് മനസ്സിലാക്കാൻ കഴിയും…

സ്ത്രീധനവും സ്വർണവും കണക്കു പറഞ്ഞു മേടിച്ചു കെട്ടാൻ മാത്രം ഞാൻ ഒരു  മൂരാച്ചി അല്ല…

പിന്നേ താൻ പറഞ്ഞില്ലേ തന്റെ അച്ഛനൊരു ദരിദ്രനാണെന്നു… ഒരിയ്ക്കലുമല്ല ജീവിതത്തിൽ ആ അച്ഛന് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യമാണ് നിങ്ങൾ മൂന്ന് പെൺകുട്ടികൾ…

ഞാൻ എവിടേയോ വായിച്ചിട്ടുണ്ട് ഒരുപാട് ഭാഗ്യം ചെയ്തവർക്കേ പെൺകുട്ടികളെ മക്കളായി കിട്ടുകയുള്ളൂവെന്ന്..

ആ അർത്ഥത്തിൽ തന്റെ അച്ഛൻ ഏറെ ഭാഗ്യവാനാണ് നല്ല സ്വഭാവമുള്ള മൂന്ന് പെണ്കുട്ടികളെയല്ലേ കിട്ടിയത്… ഇനിയും ഒരുപാട് സംസാരിക്കാൻ എനിയ്ക്ക് ആഗ്രഹമുണ്ട് തന്റെ ഈ ജീവിതം എനിയ്ക്കായി മാറ്റി വെയ്ക്കുമെങ്കിൽ…

ഞാൻ തിരിഞ്ഞു നടക്കാൻ നേരം അവൾ വിളിച്ചു…

മാഷേ..

എന്തേ ഇനി തനിക്ക് എന്തെങ്കിലും എതിർപ്പുണ്ടോ…

ഏയ് അതല്ല എന്നോട് പിണക്കമുണ്ടോ…

എന്തിനു  .

അല്ല മാഷിന്റെ ബന്ധുക്കളുടെ മുമ്പിൽ വന്നു അത്രയും സംസാരിച്ചതിന്…

ഒരിയ്ക്കലുമില്ല അതിലൂടെ എനിക്ക് തന്നോടുള്ള ഇഷ്ടം കൂടിയേ ഉള്ളൂ… ഞാൻ ഇങ്ങോട്ട് വന്നത് തന്നേ എന്റെ സ്വന്തമാക്കാൻ തന്നെയാണ്…  പിന്നേ ക്ഷമ ഞാൻ അങ്ങോട്ടാണ് ചോദിയ്ക്കേണ്ടത്…

സർക്കാർ ജോലി അത് സ്ത്രീധനം വാങ്ങാനുള്ള മാനദണ്ഡമായി കാണുന്ന എന്റെ ബന്ധുക്കളുടെ നിലപാടുകൾ തന്നേയും അച്ഛനേയും വേദനിപ്പിച്ചതിൽ…. ഞാൻ ക്ഷമ ചോദിയ്ക്കുന്നു.  …

ശരിക്കും ഞാൻ എന്തു പറയണം എന്ന് ആഗ്രഹിച്ചു അതാണ് താൻ അവിടേ പറഞ്ഞത് …

പിന്നേ അവിടേ എന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്ന രണ്ട് പേർ ഉണ്ടായിരുന്നു അത് എന്റെ അച്ഛനും അമ്മയുമാണ്.

“അവരുടെ അനുഗ്രഹം മാത്രം മതി എനിയ്ക്ക് ബാക്കി ആരും എനിക്ക് വിഷയമല്ല ജീവിതത്തിൽ…..

ഇപ്പോൾ ഞാൻ പോകുന്നു ഉടനേ തിരിച്ചു വരും തന്നേ കൂടേ കൂട്ടാൻ… ഞാൻ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അവളുടേ അച്ഛൻ എന്റെ അരികിൽ വന്നു……..

മോൻ എന്നോട് ക്ഷമിയ്ക്കണം എനിയ്ക്ക് ഒന്നും തരാൻ കഴിയാത്തതിൽ…. ഇതൊരു അച്ഛന്റെ യാചനയാണ്…

അച്ഛൻ ഇനി വിഷമിക്കണ്ടാ… അങ്ങനെയൊന്നും കരുതുകയും വേണ്ടാ…

ദാ ഈ നിൽക്കുന്ന എന്റെ അച്ഛന് എല്ലാ കാര്യങ്ങളും മനസ്സിലാകും.. കാരണം എനിയ്ക്കും ഒരു പെങ്ങളുണ്ട്…

എന്റെ തീരുമാനങ്ങൾ എന്റെ അച്ഛനും അമ്മയും അംഗീകരിക്കുന്നു അത് മാത്രം മതി എനിയ്ക്ക്..

അച്ഛൻ  ഇനിയും എനിയ്ക്കായി എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടെങ്കിൽ അത് ആ അനിയത്തി ക്കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ ജീവിതത്തിനുമായിട്ട്    ഉപയോഗിയ്ക്കണം… ..

അതാകണം എനിക്കുള്ള സ്ത്രീധനം…
എന്നിട്ട് അച്ഛന്റെ മോളേ എനിയ്ക്ക് തരണം….

ഞങ്ങൾ വീട്ടിൽ നിന്നും യാത്ര തിരിയ്ക്കുമ്പോൾ ആ ജനലിനരികിൽ രണ്ടു കണ്ണുകൾ എനിക്ക് യാത്രമൊഴി നല്കുന്നുണ്ടായിരുന്നു….

സ്ത്രീകൾ തന്നെയാണ് യഥാർത്ഥ ധനം അല്ലാതെ പണവും പണ്ടവും വിലപേശി വാങ്ങാനുള്ള ഒരു മാധ്യമമല്ല സ്ത്രീകൾ…

അതിനുള്ള ഒരു കരാറുമല്ല വിവാഹം. അത് രണ്ടു മനസ്സുകൾ തമ്മിൽ അതിലുപരി രണ്ട് കുടുംബങ്ങൾ തമ്മിൽ കൂടിച്ചേരുന്ന പവിത്രമായ ബന്ധമാണ്…

Leave a Reply

Your email address will not be published. Required fields are marked *