പെങ്ങളെ പോലെ സ്നേഹിച്ച ഒരാളോട് പ്രണയം തോന്നിയ നീയൊക്കെ ചത്തു പോകുന്നത് തന്നെയാ..

(രചന: Nitya Dilshe)

തിരുന്നാവായിൽ കർമ്മം കഴിഞ്ഞു മുങ്ങി നിവരുമ്പോൾ ഒഴുകി വീഴുന്ന ജലത്തോടൊപ്പം എന്റെ കണ്ണുനീരും ആ പുഴയിൽ അലിഞ്ഞു ചേർന്നിരുന്നു ..ഈ പാപത്തിൽ നിന്നാണെനിക്കൊരു മോചനമുണ്ടാവുക ???

ചെവിയിൽ അപ്പോഴും ആര്യയുടെ   ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു

“”ആദിയേട്ടൻ എന്റേത് മാത്രാ.. ആർക്കും വിട്ടു തരില്ല അവനെ ഞാൻ ..””

പുതുതായി ജോയിൻ ചെയ്ത ഞങ്ങളുടെ സെക്ഷൻ മാനേജർ ‌ആദിത്യ അജിത് .. ചിരിക്കുമ്പോൾ ചെറുതാകുന്ന കുറുമ്പ്  നിറഞ്ഞ ആരെയും ആകർഷിക്കുന്ന കണ്ണുകൾ ..ഓഫീസ്  പാർട്ടിയിൽ ഒരൊഴിഞ്ഞ കോറിഡോറിൽ വച്ചു  പ്രണയം പറഞ്ഞപ്പോൾ ഒരുമിച്ചൊരായിരം വസന്തം കണ്ടപോലെ മനസ്സ് തുള്ളിച്ചാടി ..

എപ്പോഴും  ബെസ്ററ് ഫ്രണ്ട് ആയ അച്ഛനോട് തന്നെ ആദ്യം കാര്യം പറഞ്ഞു … തടസ്സങ്ങൾ ഒന്നുമില്ലായിരുന്നു .. പ്രായ പൂർത്തിയായവർ.. സ്വന്തമായി ജോലിയുള്ളവർ ..ഇരുവീട്ടിലും പൂർണ്ണ സമ്മതം …അച്ഛൻ കുവൈറ്റിലായിരുന്നു .. വന്നാൽ ഉടൻ എൻഗേജ്മെന്റ് എന്ന് തീരുമാനമായി ..

നിന്നെ കാണാൻ ഒരാൾക്ക് വലിയ ആഗ്രഹം എന്ന് പറഞ്ഞു ഒരിക്കൽ ആദി വന്നപ്പോൾ സുന്ദരിയായൊരു പെൺകുട്ടി കൂടി ഒപ്പമുണ്ടായിരുന്നു …

“”ഇത് എന്റെ ..””

“”മുറപ്പെണ്ണാണ് ..”” പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് മറുപടി. വന്നു …

ആളെക്കുറിച്ചു മുൻധാരണ തന്നത് കൊണ്ട്  പ്രേത്യേകിച്ചൊന്നും തോന്നിയില്ല ..ആര്യ…ആദിയുടെ കസിൻ ..കുട്ടിക്കാലം തൊട്ടേ ആദിയുടെ കുസൃതികൾക്കു കൂട്ടുള്ളവൾ …ഒരേ വീട്ടിൽ കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞവർ ..ആദിയുടെ പല വിവാഹാലോചനകളും മുടക്കാൻ കൂട്ടുനിന്നവൾ …

സ്നേഹത്തോടെ കൈ കൊടുക്കുമ്പോൾ എന്നെ ഉറ്റുനോക്കുന്ന കണ്ണുകളിലെ ഭാവം തിരിച്ചറിയാൻ കഴിഞ്ഞില്ല ..

ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ആ മുഖം അസ്വസ്‌ഥമാവുന്നത് തോന്നലാണെന്നാണ് വിചാരിച്ചു ..

ഒരുമിച്ചൊരു ഔട്ടിങ് എന്ന് ആദി പറഞ്ഞപ്പോൾ പിന്നീടാവാം സമയമില്ലെന്ന് പറഞ്ഞു വാശിയോടെ ആദിയുടെ കൈപിടിച്ചു വലിച്ചു കൊണ്ടുപോയവൾ ..

“” എല്ലാവരും ലാളിച്ചു വഷളാക്കി പെണ്ണിനെ.. “” എന്ന് പറഞ്ഞു ആദി അവളുടെ ചെവിക്കു പിടിച്ചു ..എന്നെ നോക്കി കുസൃതിയോടെ കണ്ണിറുക്കി ..പിന്നീടാവാം എന്നവൻ  കൈ കാണിച്ചു …

ഓഫീസ്  ടൈം അല്ലാത്ത ഞങ്ങളുടെ പ്രിയ നിമിഷങ്ങളിൽ ആദിയുടെ ഫോണിലേക്കു വിളിച്ചു ആ ശബ്ദം പലപ്പോഴും അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു ..

ഉള്ളിൽ ഉയരുന്ന നീരസം ആദിയുടെ വാത്സല്യം നിറഞ്ഞ അനിയത്തിയോടെന്ന പോലുള്ള  സമീപനം കാണുമ്പോൾ അവിടെ തന്നെ കുഴിച്ചുമൂടും ..

എൻഗേജ്മെന്റിനു ആര്യയുടെ അസാന്നിധ്യം ശ്രദ്ധിച്ചിരുന്നു ..ആദിയോടു ചോദിച്ചപ്പോൾ കോളേജിലെ എന്തോ ഒഴിച്ച് കൂടാനാവാത്ത തിരക്കെന്നു പറഞ്ഞു …

ഒരാഴ്ച കഴിഞ്ഞതും ആര്യയെന്നെ വിളിച്ചിരുന്നു .. അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു ..ആദിയോടു പറയരുതെന്നും ..

അപ്പോഴേ അപകടം മണത്തു .. ചിലത് കേൾക്കുമ്പോഴേ നമുക്ക് ആറാമിന്ദ്രിയം തരുന്ന സിഗ്നൽ പോലെ  ..

പിറ്റേന്നു ഓഫീസ്  ടൈം കഴിയുന്നതിനും ഒരു മണിക്കൂർ മുന്പിറങ്ങി … ഇല്ലെങ്കിൽ ആദിയുടെ ചോദ്യങ്ങൾ വരുമെന്ന് ഉറപ്പായിരുന്നു ..

പറഞ്ഞപോലെ അടുത്തുള്ള പാർക്കിലെ ഒരൊഴിഞ്ഞ കോണിൽ അവൾ കാത്തിരിപ്പുണ്ടായിരുന്നു ..

സ്വതവേയുള്ള വീർത്ത കവിൾ  ഒന്നുകൂടി വീർത്തിരിക്കുന്നു ..കുറെ കരഞ്ഞതിന്റെ ആവണം കണ്ണുകൾ  വീർത്തു ചുവന്നിരിപ്പുണ്ട് ..എന്നെ കണ്ടതും മുഖം ഒന്നുകൂടി കനത്തു …അടുത്ത് ചെന്നിരുന്നതും മുഖവുരയില്ലാതെ പറഞ്ഞുതുടങ്ങി ..

“”ആദിയേട്ടനെ എനിക്ക് തരണം .. അല്ലാതെയെനിക്ക് ജീവിക്കാൻ കഴിയില്ല…നിങ്ങൾ തന്നെ അത് പറഞ്ഞു മനസ്സിലാക്കണം ..ഇല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല .. രണ്ടാളും അതോർത്തോ ..””

പതിയെ തുടങ്ങിയ സംസാരം അവസാനം എത്തിയപ്പോഴേക്കും ശബ്ദം വല്ലാതുയർന്നു.. കിതക്കുന്നുണ്ട് …കണ്ണുനീർ ഒഴുകുന്നുണ്ടെങ്കിലും പോര് കോഴിയുടെ മുഖഭാവമായിരുന്നു ..

ആദി ആര്യയെ അങ്ങനെ കാണുന്നില്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കുന്നതൊന്നും അവൾ ശ്രദ്ധിക്കുന്നുപോലുമില്ല ..തലോടാൻ ചെന്ന കൈകൾ തട്ടിത്തെറിപ്പിച്ചു ..

“” നിങ്ങൾ ഒരാൾ കാരണമാണ് ഇതെല്ലം ഉണ്ടായത് ..ആദിയേട്ടൻ എന്റേത് മാത്രാ.. ആർക്കും വിട്ടു തരില്ല അവനെ ഞാൻ …അല്ലെങ്കിൽ ഞാൻ ചത്ത് പോകും ..”” ഞാൻ പറയുന്നത് കേൾക്കാതെ അവൾ വീണ്ടും ശബ്ദമുയർത്തി …

ഏതോ ഒരു നിമിഷത്തിൽ എന്റെയും ക്ഷമ നശിച്ചു ..

“” പെങ്ങളെ പോലെ സ്നേഹിച്ച ഒരാളോട് പ്രണയം തോന്നിയ നീയൊക്കെ ചത്തു  പോകുന്നത് തന്നെയാ ഭൂമിക്കു നല്ലത് ..'””

കേട്ടതും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്ന അവൾ പൊടുന്നെനെ നിശ്ശബ്ദയായി… എന്നെയൊന്നു തുറിച്ചു നോക്കി ചാടിയെഴുന്നേറ്റു… പറഞ്ഞു പോയ വാക്കുകൾ മനസ്സിലേക്ക് വീണ്ടും ഓടിയെത്തി ..ഞെട്ടലോടെ അവളെ സാന്ത്വനിപ്പിക്കാൻ നോക്കിയെങ്കിലും എന്നെ തള്ളിമാറ്റി അവൾ നടന്നകന്നു ..

അന്ന് ആദി പലതവണ വിളിച്ചെങ്കിലും ഞാൻ അറ്റൻഡ് ചെയ്യാതെ സൈലന്റ് മോഡിലാക്കി . .. മനസ്സാകെ അസ്വസ്ഥമായിരുന്നു .. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നതെന്ന തോന്നൽ ..

അതിനിടെ ആര്യയെ കുറെയേറെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു ..

പിറ്റേന്ന് വൈകിയാണെണീറ്റത്..’ അമ്മ ഓഫീസിൽ പോകാൻ തിരക്കിട്ടു നില്പുണ്ട് ..എന്റെ മുഖഭാവം കണ്ടാവും നെറ്റിയിൽ കൈ വച്ചു  നോക്കി ..

“” എന്തേ വയ്യേ ?? നീയിന്നു ഓഫീസിൽ പോണില്ലേ ? പിന്നെ ആദി വിളിച്ചിരുന്നു .. നിന്നെ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന് പറഞ്ഞു .. അവര്ടെ ആ കസിൻ ഇല്ലേ..ആര്യ .. ആ കുട്ടി സൂയിസൈഡ് ചെയ്തുത്രെ ..””

കണ്ണിൽ ഇരുട്ട് കയറി ..ചെവിയിലെന്തോ മൂളുന്ന പോലെ ..എന്തിലോ പിടിക്കാനാഞ്ഞതും ഒരു  ചുഴിക്കകത്തെ  ആഴങ്ങളിലേക്കു ഞാൻ വീണുപോകുന്ന പോലെ …

അച്ഛനോടെല്ലാം തുറന്നു പറഞ്ഞപ്പോൾ കുറച്ചൊരു ആശ്വാസം തോന്നി ..പിന്നീടെനിക്കെല്ലാം ഭയമായിരുന്നു .. ആര്യയുടെ മുഖവും പറഞ്ഞവാക്കുകളും എന്നെ വല്ലാതെ കുത്തിനോവിച്ചുകൊണ്ടിരുന്നു ..

ഞാൻ കാരണം ഒരു ജീവൻ പൊലിഞ്ഞു  പോവുക .. ഓർക്കുംതോറും തലക്കകത്തൊരു പെരുപ്പ് പോലെ ..ആദി എല്ലാം അറിഞ്ഞുകാണുമോ ..മനസ്സ് കൈപ്പിടിയിൽ നിന്നും ഊർന്നു പോകുന്നപോലെ …

ആർക്കും മുഖം കൊടുക്കാതെ ഉണ്ണാതെ… ഉറങ്ങാതെ ..മുറിക്കു പുറത്തിറങ്ങാതെ.. എങ്ങോട്ടെങ്കിലും ഓടിയൊളിക്കാനാണ് തോന്നിയത് ..ആര്യയുടെ മുഖവും ശബ്ദവും ഓരോ നിമിഷവും ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു ….

അച്ഛൻ  അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ..അമ്മയും ലോങ്ങ് ലീവെടുത്തു ….. ഡിപ്രഷനിലേക്കു പോയിക്കൊണ്ടിരുന്ന എനിക്ക് കൗസിലിംഗുകൾ  ..അങ്ങനെ ആരുമായും കോൺടാക്ട് ഇല്ലാത്ത കുറെ നാളുകൾ ..

ഒരുനാൾ ഏതോ മാഗസിനിൽ കണ്ട ബലികർമ്മങ്ങൾ .. അത് കണ്ടപ്പോൾ തോന്നിയതാണ് ആര്യയ്ക്ക് വേണ്ടി അങ്ങനെയൊന്നു ചെയ്യണമെന്ന് ..

അവളുടെ ആത്മാവെങ്കിലും എന്നോട് പൊറുക്കട്ടെ  അതിനായാണ് നാട്ടിലേക്കു വന്നത് തന്നെ ..പിറ്റേന്ന് തന്നെ തിരിച്ചു പോകാം എന്നച്ഛൻ ഉറപ്പു തന്നിരുന്നു ..

മാസങ്ങൾക്കു ശേഷം വീണ്ടും നാട്ടിൽ ….
“” എണീക്കു മോളെ .. വീടെത്തി ..”” മടിയിൽ കിടന്ന എന്നെ ‘അമ്മ പതിയെ തട്ടി …

മനസ്സ് വീണ്ടും അസ്വസ്ഥമാകുന്നത് പോലെ .. കണ്ണടച്ചു സീറ്റിൽ ചാരിയിരുന്നു ..അമ്മ ഇറങ്ങിക്കഴിഞ്ഞിരുന്നു ..

പതിയെ ഡോർ തുറന്നു നോക്കിയതും ഞെട്ടലോടെ തിരിച്ചടച്ചു .. സീറ്റിലേക്ക് കുനിഞ്ഞിരുന്നു ..എന്താണോ ഭയന്നത് അതിതാ മുന്നിൽ…

ഭയത്തോടെ ഞാൻ മുന്നിലിരിക്കുന്ന അച്ഛന്റെ ചുമലിലേക്ക് ചായ്ഞ്ഞു .. കൈകൾ ഇറുക്കിപ്പിടിച്ചു …

അച്ഛൻ മറുകൈ കൊണ്ടെന്നെ തലോടി … ഒന്നുമില്ലെന്ന്‌ കണ്ണ് കാണിച്ചു ..

എന്റെ വശത്തെ ഡോർ തുറന്നു .. ഒരു കൈ മുന്നിലേക്ക് നീണ്ടു ..അച്ഛൻ എന്റെ കൈ എടുത്ത് ആ കൈകളിൽ വച്ചു ….

“” ഇറങ്ങു ..””  മാസങ്ങൾക്കു ശേഷം വീണ്ടും ആ ശബ്ദം .. എന്റെ ആദിയുടെ .. ഞാൻ അച്ഛന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി ..

“” അവനെല്ലാം അറിയാം ..നീ ഒന്ന് ഓക്കേ ആവാൻ ഞാനാണ് കുറച്ച്  സമയം ചോദിച്ചത് ..””

മുറ്റത്തെ മാവിൻചുവട്ടിൽ നിൽക്കുമ്പോൾ ആ കാലിലേക്ക് വീണു മാപ്പു ചോദിക്കാനാണ് തോന്നിയത് .. കുനിഞ്ഞതും എന്നെയവൻ ചേർത്തു പിടിച്ചു ..

“” തെറ്റ് നിന്റേതു മാത്രമല്ല ദക്ഷ .. ഞാനും കുറ്റക്കാരനാണ് ..ആര്യ .. അവൾ നിന്നോട് പറഞ്ഞതൊക്കെ എല്ലാവരോടും  പറഞ്ഞിരുന്നു .. നീയത് അറിയേണ്ടെന്നു വിചാരിച്ചു ഞാനാണൊളിപ്പിച്ചത് ..

അവളുടെ അറിവില്ലായ്മ .. കുസൃതി .. പറഞ്ഞുതിരുത്തിയതാണ്  എല്ലാവരും.. പലകുറി . ..വിചാരിച്ചതെല്ലാം വാശിയോടെ നേടിയെടുത്തു ശീലിച്ചു അവൾ  ..

എന്റെ കാര്യത്തിലും അതേ  വാശി തന്നെയായിരുന്നു ..അല്ലാതെ അത് എന്നോടുള്ള പ്രണയമൊന്നുമല്ല …അവളുടെ ഭീഷണിയുണ്ടായിരുന്നെങ്കിലും അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല …അവളുടെ വിധി അങ്ങനെയാണ് ..””

നെടുവീർപ്പോടെ പറഞ്ഞു തീർന്നപ്പോൾ ചുണ്ടുകൾ എന്റെ നെറ്റിയിലമർന്നിരുന്നു  ..ആ കണ്ണുകളും നിറഞ്ഞിരുന്നു ..

പതിയെയൊരു കാറ്റ് ഞങ്ങളെ തലോടി കടന്നുപോയപ്പോൾ മനസ്സിലെ സങ്കടങ്ങളെക്കൂടി അത് കവർന്നെടുത്ത് കൊണ്ടുപോയെന്നു തോന്നി ..

പൂമുഖത്തു എല്ലാവരുമുണ്ടായിരുന്നു ..
രണ്ടുപേരുടെയും അച്ഛനുമമ്മമാർ  .. എല്ലാ മുഖങ്ങളിലും ആശ്വാസമാണ് ..സന്തോഷമാണ് ..

എന്നെ ഒന്നുകൂടി ചേർത്തുപിടിച്ചു ആദിയും അവർക്കടുത്തേക്കു നടന്നു .. വരാനിരിക്കുന്ന ഞങ്ങളുടെ വസന്തത്തെ വരവേൽക്കാൻ …

Leave a Reply

Your email address will not be published. Required fields are marked *