സ്നേഹപൂർവ്വം മാഷിന്
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)
ജോലി കഴിഞ്ഞു വൈകുന്നേരം റൂമിൽ ചെന്നപ്പോൾ പതിവുപോലെ ബിനോയ് റൂമിലുണ്ടായിരുന്നു….
“അശോക്… നിന്റെ അമ്മ വിളിച്ചിരുന്നു.. നാട്ടില് നിന്നും..
നിന്റെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു റൂമിലേയ്ക്ക്
വിളിച്ചതാണ്. അന്നേരം ഞാൻ മാത്രമേ
ഇവിടേയുണ്ടായിരുന്നുള്ളൂ.
എന്താടാ ബിനോയ് കാര്യം. വല്ലതും
അമ്മ പറഞ്ഞോ നിന്നോട് ..?
വേറെയൊന്നുമില്ല വന്നയുടനേ
നിന്നോട് തിരിച്ചു വിളിക്കാൻ പറഞ്ഞു…
എന്തു പറ്റി അശോക് നിനക്കൊരു
ടെൻഷൻ പോലേ.. അല്ലടാ സാധാരണ ഓഫീസ് ടൈമിൽ വീട്ടിൽ നിന്നും വിളിക്കാറില്ല…. രാത്രിയിലേ പതിവുള്ളൂ..
ഇതിപ്പോൾ പതിവില്ലാതെ ഇങ്ങനെ വിളിക്കാൻ കാരണം എന്താ..?
നാട്ടില് പ്രളയം ബാധിച്ചിട്ടുണ്ട് ഇനി ആർക്കെങ്കിലും അപകടം
പറ്റിക്കാണുമോടാ.. വല്ലാത്തൊരു പേടി..
ഏയ്യ് അങ്ങനെയൊന്നുമുണ്ടാവില്ല
നീ ധൈര്യമായിരിയ്ക്കൂ..
എന്തായാലും അടുത്തയാഴ്ച നീ ലീവിന്
നാട്ടിലേയ്ക്ക് പോകുവല്ലേ. എന്തായാലും അങ്ങോട്ട് വിളിച്ചു
നോക്കൂ കാര്യമറിയാല്ലോ.. അതേടാ … എന്തായാലും ഞാൻ അമ്മയേയൊന്ന് വിളിക്കട്ടേ എന്നാലേ സമാധാനമാകൂ..
ഞാൻ മൊബൈലെടുത്തു വീട്ടിലേ
നമ്പർ ഡയൽ ചെയ്തു….. അങ്ങേത്തലയ്ക്കൽ അമ്മ ഫോണെടുത്തു..
ആരാ ഉണ്ണിയാ..
അതേ..
മം. ഞാൻ മോന്റെ വിളിയും കാത്തിരിയ്ക്കുവായിരുന്നു…. എന്താ അമ്മേ കാര്യം…അവിടേ എല്ലാവരും സുരക്ഷിതരല്ലേ… ഇപ്പോൾ എന്താണ് അവിടുത്തെ സ്ഥിതി…
ടീവി യിൽ മുഴുവനും നാട്ടിലേ പ്രളയത്തേക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന വാർത്തകളാണ്… ഇവിടെ എല്ലാവരും സുരക്ഷിതരാണ് മോനേ…….
പക്ഷേ നമ്മുടെ മുത്തിമലയിൽ ഇന്നലെ ഉരുൾ പൊട്ടലുണ്ടായി മലയിടിഞ്ഞു… താഴ്‌വരയിൽ താമസിച്ചിരുന്ന പന്ത്രണ്ടു
കുടുംബങ്ങളെ കാണാതായി….
ഒരുപാട് ആൾക്കാർക്കു വീടും മറ്റും നഷ്ടമായി.. കുറച്ചു പേർക്ക് നമ്മുടെ വീട്ടിൽ താമസിക്കാൻ അഭയം കൊടുത്തിട്ടുണ്ട്… അത് നന്നായി അമ്മേ അവർക്കൊന്നും ഒരു കുറവും വരാതെ നോക്കണം.. പിന്നേ ഒരു ദുഃഖ വാർത്തയുണ്ട് മോനേ..
എന്താമ്മേ..?
രക്ഷാപ്രവർത്തനങ്ങൾക്ക് പോയ നമ്മുടെ ശ്രീധരൻ മാഷിനേയും കൂട്ടുകാരേയും മലവെളളപ്പാച്ചിലിൽ കാണാതായി……..
ആ വാർത്ത എനിക്കൊരു
ഷോക്കായിരുന്നു.. ശ്രീധരൻ മാഷിനെ കാണാതായിരിയ്ക്കുന്നു…എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടാതെയായി……
അമ്മയെന്താണമ്മേ പറയുന്നത് സത്യമാണോ ഇതൊക്കെ..?
അതേ മോനേ .. സത്യമാണ്. മഴയായതു കൊണ്ട് തിരച്ചിൽ നിർത്തി.. നാളെ വീണ്ടും തുടങ്ങും..
അപ്പോൾ പാർവ്വതി.. ആ കുട്ടി എവിടെ…. അവൾക്കാരാണ് ആശ്രയം.. അതൊക്കെ നീ നാട്ടിൽ വരുമ്പോൾ സംസാരിയ്ക്കാം.. ഇപ്പോൾ മോൻ പോയി കിടന്നുറങ്ങിക്കോളൂ.. മഴ കൂടുന്നു എനിക്ക് നീ പറയുന്നത് ഒന്നും ഇവിടേയ്ക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല….
അമ്മ സംസാരം അവസാനിപ്പിച്ചു..
“കേട്ട വാർത്തകൾ സത്യമാകരുതേ
എന്നുള്ള പ്രാർത്ഥനയായിരുന്നു മനസ്സിലപ്പോൾ…..
ഇന്ന് രാത്രിയിൽ ഇനി എനിക്കുറങ്ങാൻ കഴിയില്ല….. എന്താ അശോക് നീ അമ്മയേ വിളിച്ചോ എന്താണ് കാര്യം…. ബിനോയ് താൻ ആ ടി വി ന്യൂസ് ഒന്നു വെച്ചേ ..
നാട്ടിൽ ഭയങ്കര മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തുടരുവാണ്. വീടിനടുത്തുള്ള താഴ്‌വരയിൽ
പന്ത്രണ്ടു കുടുംബങ്ങളേ കാണാതായി….
ബിനോയ് ഞങ്ങൾക്ക് അഭിമുഖമായി ഭിത്തിയിൽ വെച്ചിരുന്ന
ടി വി ഓണാക്കി…. എന്റെ മുഖത്ത് അസ്വസ്ഥത പടർന്നു ..അത് കണ്ടിട്ടാവാം ബിനോയിയുടെcചോദ്യം വന്നത്….
എന്താടാ നിനക്കെന്തു പറ്റി..?
നാട്ടിൽ നിന്നും ഒരു ദുഃഖ
വാർത്തയുണ്ടടാ.. ബിനോയ്..
എന്താടാ…
ഞാൻ നിന്നോട് പറയാറില്ലേ എന്നേ ഞാനാക്കിയ ശ്രീധരൻ മാഷിനെ പറ്റി.. അദ്ദേഹത്തേ വെള്ളപ്പൊക്കത്തിൽ കാണാതായി….. ഒരു നാടിന്റെ മുഴുവനും സ്വത്തായിരുന്നു ആ നല്ല മനുഷ്യൻ…. അതിലുപരി സ്നേഹനിധിയായ അധ്യാപകൻ….cപ്രകൃതി സ്‌നേഹിയായ കർഷകൻ…
അശോക് പ്രകൃതി താണ്ഡവമാടുമ്പോൾ അതിൽ നല്ലവരെന്നോ മോശക്കാരെന്നോ ഇല്ല.. എല്ലാ മനുഷ്യരും അതിൽ ബലിയാടാകും.. ഒരു കണക്കിന് നമ്മൾ മനുഷ്യരുടേ പ്രവർത്തികൾക്കുള്ള മറുപടിയാണ്.. ഇതൊക്കെ അനുഭവിച്ചേ തീരൂ….
അവന്റെ ഫിലോസഫി കേൾക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല
ഞാൻ….. കണ്മുന്നിൽ ടീവിയിൽ ഫ്ലാഷ്
ന്യൂസുകൾ മിന്നിമാഞ്ഞു…..അതിൽ ഞാൻ ഒരു പ്രാവശ്യം കണ്ടു മരിച്ചവരുടെ പേരുകൾക്കിടയിൽ ശ്രീധരൻ മാഷിന്റെ പേരും….
ഹൃദയം നിന്ന് പോകുന്ന അവസ്ഥ.. ഞാൻ ടി വി ഓഫ് ചെയ്തു
റൂമിലേയ്ക്ക് ചെന്നു…. ബിനോയ് കൂർക്കം വലിച്ചു ഉറങ്ങുന്നു.. ജന്മം കൊണ്ട് മലയാളിയാണെങ്കിലും നാട് അവന് എന്നേ അന്യമായി തീർന്നിരിയ്ക്കുന്നു…
അവൻ വർഷങ്ങളായി ഈ മണലാരണ്യത്തിലാണ് താമസം നാട് അവന് അന്യം.. അല്ലെങ്കിൽ തേടി ചെല്ലാൻ വിശേഷിച്ചു അവന് നാട്ടിലാരുമില്ലായെന്നു പറയാം…. പക്ഷേ എന്റെ സുഖങ്ങളിലും ദുഃഖങ്ങളിലും എന്നും അവൻ പങ്കു
ചേരും . ..
ജീവിയ്ക്കാൻ വേണ്ടി പകലന്തിയോളം അധ്വാനിയ്ക്കുന്നവൻ ഉറങ്ങട്ടേ അവനെങ്കിലും സ്വസ്ഥമായി….. ഞാൻ പതിവുപോലെ എഴുത്തു മേശയ്ക്ക് അരികിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു… ഡയറിയിൽ നിന്നും ഇന്നലേ എഴുതി പൂർത്തിയാക്കാൻ കഴിയാതിരുന്ന കത്ത് പുറത്തെടുത്തു.. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു…..
“സ്നേഹപൂർവ്വം മാഷിന് “….
‘സ്വന്തം അശോക് എഴുതുന്നു…. അതേ ഈ കത്തിന് ഇനി അവകാശി ഇല്ലാതായിരിയ്ക്കുന്നു…..
ഈ പുതിയ ലോകത്തിലും എന്റെ
കത്തുകൾ മാഷ് അത്രയധികം ഇഷ്ടപ്പെട്ടിരുന്നു.. ഒരു പക്ഷേ ഇത് ദൈവത്തിന്റെ തീരുമാനമാകാം. അതാവാം ഈ കത്ത് എഴുതി തീർക്കാൻ എനിക്ക് സാധിക്കാഞ്ഞത്..,, ഞാൻ ഡയറി മടക്കി വെച്ചു… മെല്ലെയൊന്നു കണ്ണടച്ചു… ആരാണ് ഈ ശ്രീധരൻ മാഷ്..
“. വെറും ഒരു വാക്ക് കൊണ്ടോ രണ്ടു തുള്ളി കണ്ണീരുകൊണ്ടോ തീർക്കാവുന്ന
കടമാണോ എനിക്ക് മാഷിനോടുള്ളത്.. ?
അവൾ മാഷിന്റെ പാറു…
ഒറ്റ രാത്രി കൊണ്ടവൾ അനാഥയായി പാവം…. അവൾക്കിനി ആര് തുണയാകും….?
ചോദ്യങ്ങൾ ഏറെയുയരുകയാണ് മനസ്സിൽ…
“എന്റെ ഓർമ്മകളിൽ നാടുണരുകയാണ്…..
അഞ്ചു വർഷങ്ങൾക്ക് മുൻപുള്ള ഒരു ദിവസം…….. രാവിലേ മൊബൈലിൽ നിമിഷയുടെ ചിരിയ്ക്കുന്ന മുഖം…..
എന്നും രാവിലേ ഇവൾക്കിത് പതിവാണ് ഈ വിളി.. എന്നേ കുത്തിപ്പൊക്കാൻ പുതിയ ഓരോ കാരണങ്ങൾ തേടുന്നവൾ…. എന്നേ സ്വപ്നം കണ്ടു നടക്കുന്നവൾ.. നാട്ടിലേ ഒരു പൂത്ത പണക്കാരന്റെ മകൾ …… ഞാനോ ഒരു വട്ടപ്പൂജ്യം.. വേലയും കൂലിയുമില്ലാത്തവൻ…. ഉറക്കവും ആൽത്തറ വാസവും തന്നേ ജോലി….
ഇടയ്ക്ക് ചില ചെറിയ ജോലികൾക്കെല്ലാം പോയിരുന്നു ഒന്നിലും ഉറച്ചു നിന്നില്ല…ഡിഗ്രീ പഠനം തന്നേ പാതിവഴിയിൽ ഉപേക്ഷിച്ചു…. അതിന്റെയൊക്കെ ശകാരം
അമ്മയിൽ നിന്നും ദിവസവും
കേൾക്കാറുമുണ്ട്…..
ഞാൻ എവിടെയെങ്കിലും വീണു പോയാൽ ഈ പെൺകൊച്ചിന്റെ കാര്യമെന്താവും.. നീയത് ചിന്തിയ്ക്കുന്നുണ്ടോ.. ഇതാണ് അമ്മയുടെ പരിഭവം…. നിമിഷയുമായുള്ള ബന്ധം
അമ്മയ്ക്കറിയില്ലയെന്നാണ് തോന്നുന്നത്.. അത് കൂടി അറിഞ്ഞാൽ പിന്നേ ബാക്കി കാര്യങ്ങൾ പറയേണ്ടതില്ല…
ഞാൻ പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട് . എന്തിനാണ് ഒരു ജോലിയുമില്ലാത്ത എന്നേ അവൾ പ്രണയിക്കുന്നത്…… വിടാതെ പിറകിന് കൂടിയിരിയ്ക്കുന്നത്..?
നാട്ടിൽ വേറേ ആൺകുട്ടികളില്ലേ.. ആർക്കറിയാം പെണ്ണിന്റെ മനസ്സിൽ എന്താണെന്നു.. എന്തായാലും അവളുടെ താളത്തിനൊപ്പം തുള്ളിയാൽ ഗുണമുണ്ട്.. നന്നായി ഫുഡും കഴിയ്ക്കാം..വണ്ടിയിൽ എണ്ണയും പോകും..
മം.. എന്നെങ്കിലും എനിക്കുമൊരു നല്ല കാലം വരാതിരിയ്ക്കില്ല… ചങ്കുകൾ പറയുന്നത് കടമെടുത്തു പറഞ്ഞാൽ…
“.. മ്മ്‌ടെ മാവും പൂക്കുമെടാ..
ഞാൻ അവളുടെ കാൾ അറ്റൻഡ് ചെയ്തു.. എന്താ ആലോചിയ്ക്കുന്നത് മിണ്ടാട്ടം ഒന്നുമില്ലല്ലോ… സ്വപ്നം കാണുവാണോ
നീ എന്തിനാ രാവിലേ വിളിച്ചത്..?
എന്തിനാ ഈ ദേഷ്യം സാറിന് കളക്ടർ
ഉദ്യോഗമൊന്നുമില്ലല്ലോ.. ഉവ്വോ..
ഇല്ലെന്ന് നിനക്കറിയാല്ലോ..
പിന്നെന്താ.. വെറുതെ മൂടി പുതച്ചു കിടക്കാതെ വണ്ടിയെടുത്തു ജംഗ്‌ഷനിലേയ്ക്ക് വരണം വേഗം… ഞാൻ കാത്തു നിൽക്കും..
“ഇന്നെന്താ പ്രോഗ്രാം ..?
അതൊക്കെ വരുമ്പോൾ പറയാം വേഗം വരണം അവൾ കാൾ കട്ട് ചെയ്തു.. എന്റെ ഉറക്കം കളഞ്ഞപ്പോൾ
അവൾക്ക് സമാധാനമായിട്ടുണ്ടാവും.. അടുക്കളയിൽ അനിയത്തിയുണ്ടാവും ഒരു ചായ കുടിയ്ക്കാം.. അമ്മ അമ്പലത്തിൽ പോയിക്കാണും.. ഞാൻ മെല്ലേ അടുക്കളയിലേയ്ക്ക് നടന്നു……..
“ഡീ കല്ലു ഒരു ചായ ഇങ്ങെടുത്തോ
കുടിച്ചിട്ട് കുളത്തിലേയ്ക്ക്
പോകണം…… കല്ലു… “കല്യാണി.”…, എന്റെ അനിയത്തിക്കുട്ടി വീട്ടിൽ അതാണ് അവളുടേ ചെല്ലപ്പേര്.. ഈ സമയത്ത് അവളാണ് അടുക്കളയിൽ ഭരണം…… രാവിലത്തെ ചായ അവളുടെ ഡ്യൂട്ടിയാണ് ഞാൻ എണീക്കുമ്പോൾ മേശപ്പുറത്തു ചായയുണ്ടാവും….
ഇന്നെന്താ ഏട്ടൻ നേരത്തേ എണീറ്റോ,. സാധാരണ ഞാൻ ചായ കൊണ്ട് വെച്ചു വിളിച്ചാലും എണീക്കാറില്ലല്ലോ എന്തു പറ്റിയിന്ന് …?
നീ പഴം പുരാണം വിളമ്പാതെ..
ചായയെടുക്ക് എന്നിട്ട് വേണം കുളത്തിൽ പോയൊന്നു മുങ്ങാൻ..
ഏട്ടനേ നിമ്മി ചേച്ചി വിളിച്ചിരുന്നു ല്ലേ…
ഇന്ന് ചേച്ചിയുടെ കൂടേ എങ്ങോട്ടോ പോകുവാല്ലേ. രാവിലേ എണീറ്റു പതിവില്ലാതെയീ കുളിയും മറ്റും.. കണ്ടപ്പോൾ തന്നേ എനിക്ക് മനസ്സിലായി…. അതിപ്പോൾ നീയെങ്ങനെ അറിഞ്ഞു….
എന്നോട് വേണോ ഏട്ടാ ഈ ഒളിച്ചു
കളി എനിക്കറിയാം കാര്യങ്ങൾ.. അല്ലേലും ആങ്ങളമാരുടെ പ്രണയം രഹസ്യമായി കണ്ടു പിടിക്കാൻ പെങ്ങളുമാർക്കു പ്രേത്യേക മിടുക്കാണ്…. പക്ഷേ ഇവൾ കുഴപ്പമില്ല കേട്ടോ. എല്ലാത്തിനും സപ്പോർട്ടാണ്. നിമിഷയേയും ഞങ്ങൾ തമ്മിലുള്ള ബന്ധവുമെല്ലാം അവൾക്കറിയാം……
എല്ലാത്തരത്തിലും ഒരു കട്ട സപ്പോർട്ട്
അനിയത്തിക്കുട്ടി……. അതാണെന്റെ
“കല്ലു. ”
ഇതാ ഏട്ടാ ചായ..
മം..
ഏട്ടൻ എന്താണ് ആലോചിയ്ക്കുന്നത്..
ഏയ്യ് ഒന്നുമില്ല ” കല്ലു.”
ഏട്ടാ നിമ്മി ചേച്ചി നല്ല കുട്ടിയാണ് നമ്മളെക്കാൾ സമ്പത്തുണ്ടെങ്കിലും
അതിന്റെ ഒരു അഹങ്കാരവുമില്ല ഒരു പാവം കുട്ടി…
“എനിക്കറിയാം “മോളു “അവൾ നല്ല
കുട്ടിയാണ്…… ഈ വീടിനു ചേരുന്ന
മരുമകൾ… എനിക്ക് ഒരുപാട് ഇഷ്ടമാണ് അവളേ… പക്ഷേ എനിക്കൊരു ജോലി റെഡിയാകാതെ എങ്ങനെയാണ്..
“എല്ലാം നല്ലതായി വരും ഏട്ടാ..
പിന്നേ ഇതൊന്നും ഇപ്പോൾ
അമ്മ അറിയേണ്ട.. സമയാകുമ്പോൾ പറയാം.. നിന്റെ മനസ്സിൽ സൂക്ഷിച്ചാൽ മതി ഈ കാര്യങ്ങൾ.. കേട്ടോ…
“മം” ശരി…
നിമ്മി ചേച്ചിയേ നഷ്ടമാക്കരുത് ഏട്ടന് ചേരുന്ന കുട്ടിയാണ്.. നിങ്ങൾ പിരിയരുത്…… അതേയുള്ളൂ പ്രാർത്ഥന… ഏട്ടൻ കുളിച്ചിട്ട് വാ ഞാൻ
കാപ്പിയെടുക്കാം.. അമ്മ വരാൻ നേരമാകുന്നു….
ഞാൻ തോർത്തുമെടുത്തു
കുളത്തിലേയ്ക്ക് നടന്നു….. കുളി കഴിഞ്ഞു വന്നപ്പോൾ.. ഏട്ടാ കാപ്പിയെടുക്കട്ടെ.. കഴിച്ചിട്ട്
പോയാൽ മതി…
സമയം പോയി കല്ലു.. അവൾ ഇപ്പോൾ കാത്തു നിൽക്കുന്നുണ്ടാവും.. അതുമല്ല അമ്മ വരുന്നതിനു മുമ്പേ ഇറങ്ങുന്നതാണ് നല്ലത് അല്ലെങ്കിൽ
തുടങ്ങും കരച്ചിലും പരാതികളും.. വെറുതെയെന്തിനാ…
ഓഹ് അപ്പോൾ ഞാൻ പറയുന്നതിനായി കുറ്റം… നീ കാണിക്കുന്നതെല്ലാം നല്ലതാണ്…
ആഹാ.. അമ്മ വന്നോ അമ്പലത്തിൽ പോയിട്ട്…
പിന്നേ നിനക്ക് അങ്ങനെയെങ്കിലും നല്ല ബുദ്ധി തെളിയട്ടെ എന്ന് കരുതിയാണ്
ഞാൻ അമ്പലത്തിൽ പോകുന്നത്..
ഇനി ഈശ്വരൻ മാത്രമേ ശരണമുള്ളൂ….
അമ്മ രാവിലേ എന്തിനാ
ഏട്ടനുമായി വഴക്കുണ്ടാക്കുന്നതു.. എന്നെങ്കിലും ഏട്ടനും നല്ല നിലയുണ്ടാവും…
നീ പോടീ അവിടുന്ന്.. അവൾ ചേട്ടനെ താങ്ങാൻ വന്നിരിയ്ക്കുന്നു..
എന്റെ വിഷമം എനിക്കേ അറിയൂ.. നിങ്ങളുടെ അച്ഛൻ മരിച്ച ശേഷം ഞാൻ കഷ്ടപ്പെട്ടാണ് നിങ്ങളെ വളർത്തിയത്.. തുണി തുന്നിയും. പാടത്തു പണിയെടുത്തും നിങ്ങളെ വളർത്തി. ഇതൊക്കെ എനിക്കറിയാവുന്ന
കാര്യമല്ലേ അമ്മേ പിന്നേയും പിന്നേയും പറയണോ… ഞാൻ ജോലി
നോക്കുന്നുണ്ടല്ലോ… നിനക്കറിയാമോ..ഉണ്ണി.. എനിക്കിപ്പോൾ ആ പഴയ ആരോഗ്യമല്ല. എവിടെയെങ്കിലും വീണു പോയാൽ ഇവളുടെ കാര്യമെന്താകും.
മൂന്ന് വർഷം കഴിഞ്ഞാൽ കെട്ടിച്ചു വിടണം….. അത്രയൊക്കെ പഠിച്ചാൽ മതി.. ഇതൊക്കെ എങ്ങനെ നടക്കും… നിന്റെ കൂടേ കറങ്ങി നടന്ന പാച്ചുവും പോത്തനും ( സുമേഷും, രമേശും ) നാട്ടുകാർ എല്ലാവരും അവരെ അങ്ങനെയാണ് വിളിക്കുക.. )..
വരേ പണിക്കു പോയി തുടങ്ങി…….
സുമേഷിന്റെ കല്യാണവും കഴിഞ്ഞു..
അത് ശരിയാണ് എന്റെ രണ്ടു ചങ്കുകൾ ആയിരുന്നു അവന്മാർ.. ഒരുത്തൻ ഓട്ടോ ഓടാൻ തുടങ്ങി, മറ്റവൻ പെയിന്റ്
പണിക്കും പോയി.. ഇപ്പോൾ ഞാൻ
ഒറ്റയായി… ഇതിനിടയിൽ സുമേഷ് അവന്റെ പ്രണയിനിയെ വിളിച്ചിറക്കിക്കൊണ്ടു വന്നു രജിസ്റ്റർ മാര്യേജ് ചെയ്തു.. ഞാനായിരുന്നു ഒന്നാം സാക്ഷി…..
നീ എന്താ ഒന്നും മിണ്ടാത്തെ… കൂടുതലൊന്നും വേണ്ടാ മോനേ നീ ആ ഡിഗ്രീ എഴുതിയെടുക്കൂ എന്നിട്ട് എവിടെയെങ്കിലും നല്ല ഒരു ജോലി വാങ്ങിക്കൂ. നീ രക്ഷപ്പെട്ടാൽ നമ്മുടെ കുടുംബം നന്നാകും നിന്റെ അനിയത്തിയ്ക്ക് ഒരു നല്ല ജീവിതം വേണ്ടേ.. നിനക്കും നല്ല ഒരു ഭാവിയുണ്ടാകും……
ഞാൻ ഒന്നും മിണ്ടാതെ പടിയിറങ്ങി…
“ഏട്ടാ ഒന്നും കഴിയ്ക്കണില്ലേ…
ഇപ്പോൾ വയറു നിറഞ്ഞു മോളൂ
ഒന്നും വേണ്ടാ… അമ്മ പറയുന്നതിലും കാര്യമില്ലേ ഞാൻ ഇങ്ങനെ നടന്നാൽ മതിയോ,,?
വണ്ടിയുമെടുത്തു നിമിഷയുടെ അടുത്തെത്തി…
രാവിലേ എങ്ങോട്ടാ യാത്ര.?
അശോക് നീ എന്റെ കൂടേ കോളേജിൽ
വരേ ഒന്നു വരണം.. അതിനാണോ നീ രാവിലേ എന്നേ വിളിച്ചുണർത്തിയത്.. നീ ശ്രീധരൻ മാഷിന്റെ കോളേജിലല്ലേ പഠിയ്ക്കുന്നത്..
ഇവിടുന്ന് പത്തു മിനിറ്റ് നടന്നാൽ പോരേ.. അതിനാണോ ഞാൻ കൂടേ വരേണ്ടത്.. അതു പറ്റില്ല നിന്നേ ഒന്നു കാണണമെന്ന് മാഷ് ആവശ്യപ്പെട്ടു.. കൂട്ടി ചെല്ലാമെന്നു ഞാൻ വാക്ക് കൊടുത്തതാണ്..
നീ വന്നില്ലെങ്കിൽ മാഷിന് വിഷമമാകും….
ഞാൻ എന്തിനാണ് വരുന്നത്..?
നിനക്കറിയില്ല അശോക്. മാഷ് നന്മയുള്ള
ഒരു മനുഷ്യനാണ്. എല്ലാവർക്കും നല്ലത് മാത്രം വരണമെന്ന് ചിന്തിയ്ക്കുന്നയാൾ..
നീ കൂടേ വന്നേ പറ്റൂ.. അശോക്..
ഞാൻ വരാം.. കാര്യമെന്താണെന്നു മാഷ് പറഞ്ഞോ നിന്നോട്.. അതൊക്കെ മാഷ് പറയും സമയം കളയണ്ടാ നമുക്ക് പോകാം..
ശരി ഞാൻ വരാം മാഷിനേ വിഷമിപ്പിക്കാൻ കഴിയില്ലല്ലോ..
ഞങ്ങൾ കോളേജിൽ
എത്തിയപ്പോൾ എനിക്ക് മാഷിന്റെ മുറി കാണിച്ചു തന്നിട്ട് അവൾ ക്ലാസ്സിലേക്ക്
പോയി…
അശോക് തനിക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയാമോ…?
അതെന്താ മാഷേ അങ്ങനെ
ചോദിച്ചത്…
ഏയ്യ് ഒന്നുമില്ല..
മാഷ് വിളിപ്പിച്ചത് എന്തിനാണ്..
തനിയ്ക്ക് പോയിട്ട് തിരക്കുണ്ടോ..?
ഇല്ല …
എന്നാൽ കുറച്ചു സംസാരിക്കാനുണ്ട്. താൻ ഇരിയ്ക്കൂ..
മാഷ് കാര്യം പറഞ്ഞോളൂ….
ഇന്നലെ തന്റെ അമ്മ എന്നേ വന്നു കണ്ടിരുന്നു… തന്നേ പറ്റി കുറേ കാര്യങ്ങൾ പറഞ്ഞു കരഞ്ഞു..
അവർക്ക് തന്റെ കാര്യത്തിൽ
വല്ലാത്ത പ്രയാസമുണ്ട്…. കുഞ്ഞേ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.. നിന്റെ അച്ഛന്റെ മരണ ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ നിങ്ങളെ വളർത്തിയത്..
നീയാണ് ആ കുടുംബത്തിന്റെ പ്രതീക്ഷ. ആ പ്രതീക്ഷകൾക്കൊത്തു നീ ഉയരണം.. അമ്മയ്ക്ക് തണലാകണം നിനക്ക് അധികം പ്രായമായിട്ടില്ല
ഇനിയും നിനക്ക് സമയമുണ്ട്…… നല്ലൊരു ജീവിതം വെട്ടിപ്പിടിക്കാൻ.. നിനക്കതിനു കഴിയണം അതു നിന്റെ കുടംബത്തിനു ഒരുപാട് സന്തോഷം
നൽകും.. പിന്നേ നിനക്ക് നിമിഷയേ
ഇഷ്ടമാണെന്നും എനിക്കറിയാം..
അവളുടെ അച്ഛൻ എന്റെ ശിഷ്യനായിരുന്നു നിങ്ങളുടെ കാര്യം ഞാൻ അയാളോട് സംസാരിച്ചിട്ടുണ്ട്. നിനക്ക് നല്ലൊരു ജോലിയുണ്ടെങ്കിൽ അയാൾക്ക് ഈ ബന്ധത്തിൽ സമ്മതമാണ്.. അവൾക്ക് നീയെന്നു വെച്ചാൽ ജീവനാണ്
നിനക്ക് നേടണ്ടേ ആ കുട്ടിയേ…
“വേണം മാഷേ …
ഞാൻ എന്തു ചെയ്യണം മാഷ് പറഞ്ഞോളൂ…..?
നീ തയ്യാറാണെങ്കിൽ ഞാൻ നിന്നേ സഹായിക്കാം…
ഞാൻ തയ്യാറാണ് മാഷേ എനിക്കെന്റെ കുടുംബം സംരക്ഷിയ്ക്കണം….
എങ്കിൽ നിന്നേ ഞാൻ ഒരിടത്തു
കൊണ്ട് ചെന്നാക്കാം എന്റെ കൂടേ
പോരേ…
മാഷ് എന്നേ കൊണ്ട് പോയത് മജീദ് ഇക്കയുടെ വണ്ടി വർക്ക്
ഷോപ്പിലാണ്… മജീദ് ഇതാണ് ഞാൻ പറഞ്ഞ പയ്യൻ. ഇവൻ നാളെ മുതൽ ഇവിടേ നിൽക്കട്ടെ പണി പഠിയ്ക്കട്ടേ…..
ശരി മാഷേ…
അശോക് താൻ വിഷമിക്കണ്ട ഇവൻ ഉസ്കൂളിൽ എന്റെ ശിഷ്യനായിരുന്നു.
നിനക്ക് ഇവിടേ നിന്നും ഗുണം മാത്രമേയുണ്ടാകൂ…. നീ ഇവിടേ നിന്നും ഒരു കൈത്തൊഴിൽ പഠിയ്ക്കൂ.. ഒപ്പം ഡിഗ്രീ പഠനം പൂർത്തിയാക്കണം. . എന്റെ കോളേജിൽ ജോലിക്കാർക്കായി വൈകുന്നേരം ക്ലാസ്സുണ്ട്…. നാളെ മുതൽ നിനക്കൊരു പുതിയ ലക്ഷ്യം ഉണ്ടാകട്ടേ…….. നന്നായി വരും..
ആ വാക്കുകൾ എനിക്കൊരു ഊർജ്ജമായിരുന്നു .പുതിയ ഒരു ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് ഞാൻ തീരുമാനമെടുത്തു…
അന്ന് രാത്രിയിൽ നിമിഷയുടെ കാൾ..
അശോക് നീ എന്തു തീരുമാനമെടുത്തു മാഷിന്റെ ഉപദേശം
അനുസരിയ്ക്കുമോ…..? എങ്കിൽ മാത്രം ഇനിയെന്നേ വിളിച്ചാൽ മതി…
തീർച്ചയായും ഞാൻ മാഷ് പറയുന്നത് അനുസരിച്ചു മുന്നോട്ട് പോകുമെടി..
എനിക്ക് കുടുംബം നോക്കണം.. പെങ്ങളുടെ ഭാവി ചിന്തിയ്ക്കണം.. നിന്നേ നേടണം.. അങ്ങനെ ഒരുപാട് ലക്ഷ്യങ്ങളുണ്ട്.. നിന്നോട് ഒരുപാട് നന്ദിയുണ്ട്.. മാഷിന്റെ അടുത്ത് എന്നേ എത്തിച്ചതിൽ..
നന്ദി എന്നോടല്ല അശോക് നിന്റെ അമ്മയോട് പറയണം.. നീയെടുത്ത ഈ തീരുമാനം ആദ്യം പറയേണ്ടത് അമ്മയോടാണ്.. നിന്റെ പെങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയാം ഞാൻ രാവിലേ അവളേ വിളിച്ചിരുന്നു….
നീ അമ്മയോട് കാര്യങ്ങൾ ചെന്നു പറയൂ..പാവത്തിന് സന്തോഷമാകട്ടെ
ഞാൻ പിന്നേ വിളിക്കാം…. അന്ന് അമ്മയോട് ഇതിനെക്കുറിച്ചു പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അന്ന് തുടങ്ങിയ ബന്ധമാണ് മാഷുമായി. ഇതിനിടയിൽ ഞാൻ പണി നന്നായി പഠിച്ചു .. ഒപ്പം ഡിഗ്രീയും പൂർത്തിയാക്കി….
ഒരു ദിവസം മാഷ് എന്നേ വീട്ടിലേയ്ക്ക് വിളിച്ചു
അന്നാണ് ശ്രീധരൻ മാഷിന്റെ മോൾ
പാർവ്വതിയെ ഞാൻ പരിചയപ്പെടുന്നത്…
മാഷെന്തിനാണ് വിളിച്ചത്.?
അശോക് നിനക്കൊരു ജോലി റെഡിയായിട്ടുണ്ട്.. എന്റെ ഒരു ശിഷ്യൻ ദുബായിലുണ്ട് അവൻ അവിടേ ഒരു വാഹനവില്പന കമ്പനിയിലാണ്.
അവിടുത്തെ മാനേജരാണ്.. നിനക്ക് അവിടേ വർക്ക് ഷോപ്പ് സെഷനിലയ്ക്ക് ജോലി തരപ്പെടുത്തിയിട്ടുണ്ട്.. ഒരു കൈത്തൊഴിൽ പഠിച്ചത് ഉപകാരമായില്ലേ….
വളരേ സന്തോഷം മാഷേ…
തല്ക്കാലം നീ അവിടേ നിൽക്കൂ അവൻ വിചാരിച്ചാൽ ഓഫീസിലേയ്ക്ക് മാറ്റം
കിട്ടും ഞാൻ അവന് എഴുതാം… വേഗം പോകാൻ തയ്യാറായിക്കോളൂ…. അങ്ങനെ മാഷിനോട് യാത്ര പറഞ്ഞു
ഞാൻ അവിടേ നിന്നുമിറങ്ങി.. വളരേ പെട്ടെന്ന് തന്നേ എനിക്ക് വിദേശത്തേയ്ക്ക് പോകാൻ കഴിഞ്ഞു… അവിടുത്തെ ജീവിതം എന്നിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കി..
ഓരോ രൂപയും സമ്പാദിയ്ക്കുമ്പോൾ മനസ്സിൽ മുഴുവനും വീടും അമ്മയും, അനിയത്തിയുമായിരുന്നു.. ഒപ്പം എന്റെ പ്രിയപ്പെട്ട മാഷും.. നിമ്മിയും… അങ്ങനെ എന്റെ ജീവിതം പതുക്കെ പുരോഗതി പ്രാപിച്ചു.. ഒരുപാട് കമ്പനികളിൽ ജോലി ചെയ്തു.
ഇപ്പോൾ ഒരു മെച്ചപ്പെട്ട കമ്പനിയിൽ സെയിൽസ് മാനേജരാണ്…. ഇതിനിടയിൽ രണ്ടു തവണ നാട്ടിൽ
വന്നു. പുതിയ വീട് വെച്ചു. പെങ്ങളുടെ കല്യാണം നടത്തി… എല്ലാത്തിനും എന്റെ മാഷിനോട് ഞാൻ കടപ്പെട്ടിരുന്നു…
ഇപ്പോൾ മൂന്നാമത്തെ തവണയാണ് നാട്ടിലേയ്ക്ക് പോകാൻ തയ്യാറാകുന്നത്.. അതും നിമ്മിയെ ജീവിതത്തിലേയ്ക്ക് കൂട്ടാൻ… അതിനായി മുൻകൈ എടുത്തതും മാഷ് തന്നെയായിരുന്നു..
തന്റെ അടുത്ത വരവിന് നമുക്കിത് നടത്തിക്കളയാം കഴിഞ്ഞ ലീവിന് വന്നു പോകുമ്പോൾ മാഷ് പറഞ്ഞ വാക്കുകളായിരുന്നു… വളരേ സന്തോഷത്തോടെ നാട്ടിലേയ്ക്ക് യാത്ര തിരിയ്ക്കാനിരുന്നതാണ്… അതിനിടയിലാണ് ഇങ്ങനെയൊരു ദുരന്തം വന്നു ചേർന്നത്..
ഞങ്ങൾ ഒത്തു ചേരുന്നത് കാണാൻ
ഏറെ ആഗ്രഹിച്ച മാഷ് ഈ ലോകം വിട്ടു പോയിരിക്കുന്നു…. എന്തായാലും നാട്ടിലേയ്ക്ക് പോയേ പറ്റൂ ഉത്തരവാദിത്വങ്ങൾ കൂടുന്നു
പാർവ്വതി… അവളുടെ ഭാവി അതിപ്പോൾ എന്റെ ഉത്തരവാദിത്വമാണ് അതു
നിറവേറ്റണം.. ഇടയ്ക്ക് മാഷ് പറഞ്ഞിരുന്നു അവൾക്ക് വിവാഹം ആലോചിയ്ക്കുന്നുവെന്നു .
മാഷിന്റെ ആഗ്രഹം സാധിയ്ക്കണം അവൾക്കൊരു ജീവിതം തേടിക്കൊടുക്കണം ..
എന്നിട്ട് മതി എന്റെ ജീവിതം.
അതാണ് എനിക്ക് മാഷിന് കൊടുക്കാൻ കഴിയുന്ന ഗുരു ദക്ഷിണ…. നാട്ടിലെത്തി ആദ്യം അന്വേഷിച്ചത് പാർവ്വതിയെയാണ്…. അതിനുത്തരം അമ്മ കണ്ടിരുന്നു. അവൾ സുരക്ഷിതയായി എന്റെ വീട്ടിലുണ്ടായിരുന്നു..
മോനേ.. പ്രളയത്തിൽ തകർന്ന വീട്ടിൽ ഇതിനെയെങ്ങനെയാണ് ഒറ്റയ്ക്ക്
കഴിയാൻ വിടുക.. ഞാൻ ചെന്നു വിളിച്ചു കൊണ്ടു പോന്നു… .. ഇവൾക്കായി ശ്രീധരൻ മാഷ് കരുതി വെച്ചതെല്ലാം നഷ്ടമായി ഉടുത്ത തുണിയല്ലാതെ ഒന്നുമില്ലായിരുന്നു മിച്ചം. .. അന്ന് ഇവൾ കോളേജു ഹോസ്റ്റലിൽ ആയിരുന്ന കാരണം ജീവൻ തിരിച്ചു കിട്ടി ..
ഇനി ഇവൾക്ക് നമ്മൾ രക്ഷയാകണം…… മോനേ.. നന്നായി അമ്മേ ഞാൻ കണ്ടത്
അമ്മ പ്രവർത്തിച്ചു.. ഇവൾ എന്റെ അനിയത്തിക്കുട്ടിയാണ് മാഷിന്റെ കുറവ് അറിയാതെ ഇവൾക്ക് ഒരു ജീവിതം കണ്ടെത്തണം..
അതു കഴിഞ്ഞു മതി എന്റെ കല്യാണം..
എല്ലാം നിന്റെ ഇഷ്ട്ടം പോലേ.. നടക്കട്ടേ മോനേ
വിവാഹം കഴിഞ്ഞു പാർവ്വതിയെ യാത്രയാക്കുമ്പോൾ ദൂരേ ഒരു കോണിൽ ഏകയായി അവൾ നിൽപ്പുണ്ടായിരുന്നു.. നിമ്മി നിനക്ക് എന്നോട് ദേഷ്യമുണ്ടോ ഇന്ന് നമ്മുടെ വിവാഹം നടക്കേണ്ടിയിരുന്നതല്ലേ.
ഒരിക്കലുമില്ല അശോക് എന്റെ മുന്നിൽ എല്ലാ യോഗ്യതയോടും നിൽക്കാൻ നിനക്ക് സാധിച്ചത് ആ മനുഷ്യൻ കാരണമാണ്.. നമ്മുടെ സ്വന്തം ശ്രീധരൻ മാഷ്.. അപ്പോൾ നീയെടുത്ത തീരുമാനത്തിൽ എന്തെങ്കിലും തെറ്റുണ്ടാകുമോ. ഇത് ദൈവ നിയോഗമാണ് അശോക് അതു നടന്നേ പറ്റൂ
മാഷിന് കിട്ടാവുന്ന ഏറ്റവും നല്ല ശിഷ്യനാണ് നീ.. നിനക്ക് നൽകാവുന്ന ഏറ്റവും നല്ല ഗുരുദക്ഷിണ നീ മാഷിന് നൽകി കഴിഞ്ഞു.. അതേ നിമ്മി ഇപ്പോൾ മനസ്സ് നിറഞ്ഞു..
കടമയും . കടപ്പാടുകളും എല്ലാം
തീർന്നില്ലേ അശോക്….. മനസ്സുകൾ
കൊണ്ടു നമ്മൾ ഒന്നായി കഴിഞ്ഞു.. ആർഭാടങ്ങൾ ഒന്നും വേണ്ട ഒരു താലി
ചരട് ചാർത്തി എന്നേ കൂടേകൂട്ടിക്കൂടെ.. ഇനിയും കാത്തിരിയ്ക്കാൻ എനിക്ക്
കഴിയില്ല… അവൾ എന്നിലേയ്ക്ക് ചാഞ്ഞു..